Slider

കുറ്റബോധം (ചെറുകഥ):

0

കുറ്റബോധം (ചെറുകഥ):
<<<<<<<<<<<>>>>>>>>>
റിൻഹ മോളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസ് സഫ മൻസിലേക്ക് പുറപ്പെട്ടപ്പോൾ തുടങ്ങിയ മഴയാണ്.കബറടക്കം കഴിഞ്ഞ് ഇന്ന് മൂന്നാം നാൾ , തോരാ കണ്ണീരു പോലെ നിർത്താതെ പെയ്യുകയായിരുന്ന മഴ തോർന്നിരിക്കുന്നു.
റിൻഹ മോൾക്ക് വേണ്ടിയുള്ള ഖുർആൻ പാരായണവും ദുആ ഇരക്കലും കഴിഞ്ഞു.
സ്വന്തക്കാര്യം ബന്ധുക്കളും അയൽവാസികളുമൊക്കെയായി ധാരാളം പേർ സഫ മൻസിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഏറ്റവും അടുത്ത സ്വന്തക്കാരായ റിൻഹ മോളുടെ അമ്മാവനും ഭാര്യയും മക്കളുമല്ലാതെ മറ്റെല്ലാവരും പോയിക്കഴിഞ്ഞിരിക്കുന്നു.
വീട് നിശബ്ദമായി.ആ വീട്ടിലിപ്പോൾ ഒരു പെൺകിടാവിന്റെ കളി വർത്തമാനങ്ങളില്ല, നറുംപാൽ ചിതറുന്ന പൊട്ടിച്ചിരിയില്ല, എല്ലാം ഒരു മൗനത്തിലമർന്നു പോയിരിക്കുന്നു. കിളി ഒഴിഞ്ഞ കൂടു പോലെ വീട് ശൂന്യമായിരിക്കുന്നു.
മൗനത്തിന്റെ ചതുപ്പിൽ പുതഞ്ഞു കിടക്കുന്ന ജീവികളായിരുന്നു ആ വീട്ടിലെ ഓരോ അംഗവും. തല ഉള്ളിലേക്ക് വലിച്ച് സ്വയം ചുരുങ്ങിക്കൂടാനാണ് എല്ലാവരും ഇഷ്ടപ്പെട്ടത്. സഹജീവികളുടെ മുഖത്ത് നോക്കാൻ ഒന്നുരിയാടാൻ ആർക്കും വയ്യ. പരസ്പരം ഒന്നു നോക്കിപ്പോയാൽ പോലും പൊട്ടിക്കരഞ്ഞു പോയേക്കാവുന്ന വിമ്മിട്ടാവസ്ഥ.
മഹാവിജനതയുടെ നടുവിലെ നിശ്ശബ്ദതയുടെ നിശ്ശബ്ദത പോലെ സഫാ മൻസിൽ ഇരുളിലും പകലിലും നൊമ്പരമടക്കി തേങ്ങി നിന്നു.
റിൻഹ മോളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റും, മനസ്സുരുക്കുന്ന കാഴ്ചകളായി, അനാഥമായി മുറികളിലൊക്കെ ചിതറിക്കിടന്നിരുന്നു.
അവളുടെ ഉമ്മ സൗദ തോരാ മിഴികളുമായി ഇപ്പോഴും കിടപ്പിലാണ്. സൗദയുടെ ഒരേ ഒരു സഹോദരനായ അഷറഫിന്റെ ഭാര്യ ഹസീനയും മകൾ ജന്നയുമാണ് വീട്ടുജോലികൾ ചെയ്തിരുന്നത്.ജന്നയുടെ അതേ പ്രായം തന്നെയായിരുന്നു റിൻഹ മോൾക്കും, പതിനഞ്ച് വയസ്സ്.
അനുദിനം മൗനത്തിലേക്കാണ്ടു പോകുന്ന സഫാ മൻസിലിന്റെ ദുഃസ്ഥിതി കണ്ട് ഒരു ദിവസം സന്ദർശനത്തിനിടെ മഹല്ലിലെ പള്ളിമുക്രി മമ്മത്ക്ക പറഞ്ഞു:
" ബഷീറേ....ഞമ്മളെക്കാ സങ്കടം അനുഭവിക്കണ എത്രയോ മനുഷ്യന്മാര് ഈ ദുനിയാവിലുണ്ട്. എല്ലാ മക്കളും മയ്യത്തായിട്ട് പോലും ജീവിക്കണ മനുഷ്യന്മാര്... ഇഷ്ടമുള്ളോരെ പടച്ചോൻ നേരത്തേയങ്ങ് വിളിക്കും...."
ഏതോ സ്മരണയിൽ മുങ്ങി സ്വീകരണമുറിയിലെ സോഫയിൽ ഇരിക്കുകയായിരുന്ന റിൻഹയുടെയും റയ്ഹാന്റെയും ബാപ്പ ബഷീർ ഒരു ദീർഘനിശ്വാസമുതിർത്തു.
മുക്രിക്ക സോഫയിൽ ഒന്നിളകിയിരുന്നു.
" ഞമ്മളൊക്കെ ഈ ദുനിയാവില് ജനിച്ചത് സുഖിക്കാൻ വേണ്ടീട്ടാണെന്നാ നിങ്ങടെ വിചാരം...ങേ... അങ്ങനത്തെ വല്ല വു ചാരോണ്ടെങ്കി ബഷീറേ.... മോന് തെറ്റി.ഉമ്മാന്റെ വയറ്റീന്ന് പിറന്ന് വീഴണതു തന്നെ ഞമ്മ നെലോളിച്ചോണ്ടല്ലേ.. ആ നെലോളി മയ്യത്താവണ വരേക്കുംണ്ടാവും...."
ഒന്നു നിർത്തി അൽപം ആഴമുള്ള സ്വരത്തിൽ മുക്രിക്ക തുടർന്നു.
"ഓരോ മനുഷനും ഓരോ തലവിധിണ്ട്.അതുമാറ്റാൻ ഞമ്മക്കാവില്ല... കാരണം അത് പടച്ചോൻ എഴ്തണതാ... ഒക്കെ അനുഭവിച്ച് തീരാണ്ട് ഞമ്മക്കീ ദുനിയാവ് വിട്ട് പോകാനും പറ്റില്ല... മരിച്ച് ചെല്ലുമ്പോ സ്വർഗ്ഗത്തിലേക്ക് ങ്ങടെ കൈപിടിക്കാനായിട്ട് മോള് ണ്ടാവും.... ങ്ങള് വെഷമം മാറ്റി ദുആരിക്കി ഓക്ക് വേണ്ടീട്ട്... നുമ്മളും ദുആർക്കാ..."
ഫാത്തിഹാ ഓതിത്തുടങ്ങി മുക്രിക്ക ഒരു ദുആയിലേക്ക് കടന്നു.
അകത്ത് കിടക്കുകയായിരുന്ന സൗദയും മുക്രിക്കായുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു. മകൾ നഷ്ടപ്പെട്ട തീവ്ര ദുഃഖത്തിന്റെ അഗ്നിയിലുരുകുന്ന, ഹൃദയം തകർന്നു പോയ ആ ഉമ്മയ്ക്ക് ,ആ വാക്കുകളിലെ ആത്മീയതയോ സ്വാന്തനമോ ഒന്നും ആശ്വാസം പകരുന്നതായിരുന്നില്ല.
കുഞ്ഞു നഷ്ടപ്പെട്ട തള്ള പക്ഷിയെപ്പോലെയായിരുന്നു റെയ്ഹാന്റെ അവസ്ഥ.മനസ്സിന്റെ കൂടിനുള്ളിൽ കിടന്ന് അവന്റെ ആത്മാവ് തലയും ചിറകും തല്ലി നിരന്തരം നിലവിളിച്ചുകൊണ്ടിരുന്നു.
അവൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. കുറ്റബോധത്തിന്റെ കഠിന വേദനയിൽ സ്വയം ഉരുകിത്തീരവേ അവന്റെ പീഡിതമായ ആത്മാവ് മന്ത്രിച്ചു:
ശരിയാണ് തന്റെ അശ്രദ്ധയും വിവരക്കേടുമാണ് ഈ ദുരന്തം വരുത്തിവെച്ചത്.
താനും റിൻഹ മോളും മാമന്റെ വീട്ടിൽ പോയി തിരികെ വരികയായിരുന്നു. ടൂ വീലറിലായിരുന്നു യാത്ര. അവൾ പുറകിലിരിക്കുമ്പോൾ സ്പീഡിൽ വണ്ടി വിടാൻ സ്വതവേ അവൾ സമ്മതിക്കാറില്ല. അവളെ പേടിപ്പിക്കാനായി അൽപം സ്പീഡ് കൂട്ടി.
"അള്ളോ ...ഇക്കാക്കാ... സ്പീഡ് വേണ്ട.. എനിക്ക് പേടിയാവുന്നു.. മെല്ലെപ്പോയാ മതി...."
റിൻഹ മോൾ തന്നെ ഇറുകെ പിടിച്ച് കരയും പോലെ പറഞ്ഞതാണ്.
"നിന്റെയൊരു ഒടുക്കത്തെപ്പേടി... ഇന്നത്തോടെ ഞാൻ മാറ്റിത്തരാം..."
എന്നു പറഞ്ഞ്‌ താൻ വണ്ടിയുടെ സ്പീഡ് വീണ്ടും കൂട്ടുകയായിരുന്നു.
പെട്ടെന്ന് മുന്നിലെ വളവ് തിരിഞ്ഞ്, റോങ്ങ് സൈഡിൽ കയറി കുതിച്ചു വരികയായിരുന്ന ടിപ്പർ ലോറിയിൽ നിന്നും രക്ഷ നേടാൻ വെട്ടിച്ച വണ്ടി നിയന്ത്രണം വിട്ട് റോഡ് സൈഡിലെ കൺമതിലിൽ ഇടിച്ചു നിന്നു. റിൻഹ മോൾ പുറകിൽ നിന്നും തെറിച്ച് കൺമതിലിന് തലയടിച്ച്...
ആശുപത്രിയിലെത്തുന്നതിനും മുമ്പേ...
ഒരു പോറൽ പോലുമേൽക്കാതെ താൻ രക്ഷപ്പെട്ടു. വേണ്ടായിരുന്നു. താനും റിൻഹ മോളുടെ കൂടെ....
എല്ലാ കുറ്റങ്ങളും താനേറ്റു വാങ്ങാം.
ഏത് നരകാഗ്നിയിൽ വേണമെങ്കിലും കിടന്നു പീഡനങ്ങളേറ്റുവാങ്ങാം.പക്ഷേ, ബാപ്പയും ഉമ്മയും... ഉമ്മയുടെ ആ കിടപ്പു കാണുമ്പോൾ തന്റെ നെഞ്ച് തകരുകയാണ്.
പുറത്ത്, കണ്ണീർ കണങ്ങളിറ്റി വീഴുന്നത് പോലെ വീണ്ടും മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. പൊടുന്നനെ കാതടപ്പിക്കുന്ന ഒരിടിമുഴക്കമുണ്ടായി. പ്രകൃതിയുടെ ഭാവം മാറുകയാണ്.ജനലിനുള്ളിലൂടെ ഇടക്കിടെ ഇടിമിന്നലിന്റെ തെളിച്ചം.
രാത്രി ഭക്ഷണം വെറുതെ, കഴിച്ചെന്നു വരുത്തി വന്നു കിടന്ന റയ്ഹാന് ചാരി വച്ച വാതിൽ ഒന്നു ഞരങ്ങിയതു പോലെ തോന്നി.തല തിരിച്ചു നോക്കിയ അവൻ കണ്ടു ഉമ്മയാണത്. വാതിലിൽ പിടിച്ച് ഉമ്മ തന്നെ തന്നെ നോക്കി നിൽക്കുകയാണ്. ആ മുഖത്തെ ഭാവം വ്യക്തമല്ല.
പടപടാ മിടിക്കുന്ന ഹൃദയത്തോടെ റയ്ഹാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. പുറത്ത് മഴ കരുത്താർജ്ജിക്കുകയാണ്.
ഉമ്മ വാതിൽ കടന്ന് മെല്ലെ മെല്ലെ മുന്നോട്ട് വരികയാണ് ഇടറുന്ന കാൽവയ്പുകളോടെ.
ശരീരം തളരുന്നത് പോലെ തോന്നി റയ്ഹാന്. ഉമ്മ തന്നെ കുറ്റപ്പെടുത്തുമോ ശപിക്കുമോ..?
ഒരു കുറ്റവാളിയെപ്പോലെ തല കുനിച്ചു നിൽക്കുകയായിരുന്ന റയ്ഹാൻ തന്റെ തൊട്ടടുത്തെത്തി നിൽക്കുന്ന ഉമ്മയുടെ മുഖത്തേക്ക് കാതരമായ മിഴികളോടെ മെല്ലെ തലയുയർത്തി.
"മോനേ.... "
ആർദ്രമായ ആ വിളിയിൽ റയ്ഹാൻ ഒരു മൺകട്ട പോലെ കുതിർന്നലിഞ്ഞു പോയി. മറുവിളി കേൾക്കാൻ അവനു ശബ്ദമില്ലായിരുന്നു.
ഉമ്മയുടെ വിറയാർന്ന വിരലുകൾ ദേഹത്തു സ്പർശിച്ചതും റയ്ഹാൻ ഒരു തേങ്ങലോടെ ഉമ്മയുടെ പാദങ്ങളിലേക്ക് കുഴഞ്ഞു വീണു.
ആ മാതൃ പാദങ്ങളിൽ മുഖം ചേർത്ത് വെച്ച് കൊണ്ട് അവൻ പൊട്ടിപൊട്ടിക്കരഞ്ഞു.
"ഉമ്മാ....മാപ്പ്.... ഉമ്മാ...മാപ്പ്... മാപ്പ്...."
ആ രംഗങ്ങൾ കണ്ടുകൊണ്ടാണ് ബഷീർ മുറിയുടെ വാതിൽക്കലെത്തിയത്. അയാൾ അവരുടെ അടുത്തേക്ക് ചെന്ന് മകനെ പിടിച്ചെഴുന്നേൽപ്പിച്ച് നേഞ്ചോട് ചേർത്ത് പുറത്ത് തടവി.മറുകൈയ്യാൽ ഭാര്യയെയും തങ്ങളിലേക്ക് ചേർത്തു.
അണ പൊട്ടിയ ദുഃഖം പോലെ പുറത്തപ്പോഴും മഴ നിർത്താതെ പെയ്യുകയായിരുന്നു.
**************************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo