നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇണ!


ഇണ!
അതിരാവിലെ എഴുന്നേറ്റപ്പോൾ നല്ല ചുമ . ഡിസംബർ ആയതിനാൽ മഞ്ഞുണ്ട് .നോക്കിയപ്പോൾ ലക്ഷ്മി നല്ല മയക്കം . പാവത്തിന് രാത്രി പനിയായിരുന്നു. കിടന്നോട്ടെ.
അയാൾ മെല്ലെ അടുക്കളയിലേക്കു നടന്നു. രണ്ടു ഗ്ലാസ് ചുക്ക് കാപ്പി ഉണ്ടാക്കി വന്നപ്പോഴേക്കും ലക്ഷ്മി ഉണർന്നിരുന്നു. അത് എപ്പോഴും അങ്ങിനെ തന്നെയാണല്ലോ ?ഊണിലും ഉറക്കത്തിലും കഴിഞ്ഞ അമ്പത് വർഷമായി കൂടെ തന്നെ ഉള്ളവൾ .
ഇന്ന് അയാളുടെയും ലക്ഷ്മിയുടെയും അമ്പതാം വിവാഹ വാർഷികമാണ് . രണ്ടു ദിവസം മുന്നേ മൂന്ന് മക്കളെയും വിളിച്ചറിയിച്ചു . എല്ലാവരും ദൂരെയാണ് ആര്ക്കും എന്നാലും അച്ഛനെയും അമ്മയെയും വിളിച്ചു ഒന്ന് സംസാരിക്കുകയെങ്കിലും ചെയ്യട്ടെ. ലക്ഷ്മിക്ക് വലിയ ആശ്വാസമാകും- പ്രത്യേകിച്ച് ഗീതുമോൾ വിളിച്ചാൽ..
മൂത്ത രണ്ടു ആൺകുട്ടികൾക്ക് ശേഷം ഉണ്ടായ പുന്നാരമകൾ ആണ് . ആൺകുട്ടികൾ നോക്കിയില്ലെങ്കിലും പെൺകുട്ടി കൂടെ ഉണ്ടാവും എന്ന് ലക്ഷ്മി എപ്പോഴും പറയുമായിരുന്നു. ബാംഗളൂരിൽ എംബിഎ പഠിക്കാൻ പോയ ഗീതു ഒരു കന്നഡക്കാരനെ വിവാഹം കഴിച്ചു. അവന്റെ കൂടെ സുഖമായി താമസിച്ചിരുന്നെങ്കിൽലക്ഷ്മിയുടെ മനസ് ഇത്ര വേദനിക്കില്ലായിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞു അയാളെ ഉപേക്ഷിച്ചു ഇപ്പോൾ ഡൽഹിയിൽ ജോലിയായി, ഒറ്റയ്ക്ക് താമസിക്കുകയാണ് . വല്ലപ്പോഴും അമ്മയെ വിളിച്ചാലായി .
മൂത്തവന് ബാങ്കിൽ ജോലിയുണ്ട് .നല്ലൊരു കുട്ടിയെ വിവാഹം കഴിച്ചു മദ്രാസിൽ സുഖജീവിതം. അവന്റെ ഭാര്യ മാസത്തിലൊരിക്കൽ വിളിക്കും. രണ്ടു നാൾ മുന്നേ അയാൾ വിളിച്ചപ്പോഴും അവളാണ് ഫോൺ എടുത്തത്.
രണ്ടാമത്തവൻ ഗീതുവിനെ പോലെ തന്നെ. ആർഭാടമായി വിവാഹം കഴിച്ചു കൊണ്ടുപോയ കുട്ടിയെ ഉപേക്ഷിച്ചു ഇപ്പോൾ ഒരു അമേരിക്കകാരിയുമായി അവിടെ താമസം എന്ന് കേൾക്കുന്നു. വിളിയും ഇല്ല പറയലും ഇല്ല .. ഇവിടെ നിന്ന് വിളിച്ചാൽ തിരക്കോടു തിരക്ക് തന്നെ. സംസാരിക്കാൻ പോലും സമയമില്ല മക്കളുടെ കാര്യം പറയുമ്പോൾ ലക്ഷ്മിക്ക് കണ്ണ് നിറയും ..പാവം പെറ്റ വയറല്ലേ?
കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ ലക്ഷ്മി പറഞ്ഞു –“കുട്ടികൾ വിളിക്കാതിരിക്കില്ല”
അയാൾ മൂളി .എന്തിനാ പാവത്തിന് വെറുതെ ആശ കൊടുക്കുന്നു ?
സദ്യ വെക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ് . വിവാഹ ജീവിതത്തിന്റെ അമ്പതാം വിവാഹ വാർഷികം വളരെ അപൂർവം പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യമല്ലേ ?. അടുക്കളയിൽ സഹായിക്കാൻ വരുന്ന ലത കാലത്തേ എത്തി .. അയാളും അടുക്കളയിൽ സഹായത്തിനു കൂടി.
അവിയലിനു അയാൾ നുറുക്കിയ കഷണങ്ങൾ കണ്ടു ലക്ഷ്മി ലതയോടു കളിയായി പറഞ്ഞു "കേട്ടോ ലതേ, ഇവിടത്തെ ആൾക്ക് വെയ്പ് പണിയായിരുന്നു പണ്ടേ.. "
അയാളും വിട്ടില്ല "ഇതിനു കുറച്ചു ക്ഷമ മതിയെന്റെ ലക്ഷ്മി .അതല്ലേ നിനക്ക് ഇല്ലാത്തതു "
മൂന്ന് പേരും കൂടെ ഉച്ചക്ക് ഇലയിട്ട് ഊണ് കഴിച്ചു . “ലേശം പായസം കൂടി ആവാമായിരുന്നു “എന്ന് ലത പറഞ്ഞപ്പോൾ “അല്ലേൽ തന്നെ ഷുഗർ കൂടുതലാ” എന്ന് പറഞ്ഞു ലക്ഷ്മി അയാളെ ഒന്ന് നോക്കി . അയാളുടെ ഹൃദയത്തിൽ ഒരു കൊള്ളിയാൻ മിന്നി . ലക്ഷ്മിയെ പെണ്ണ് കാണാൻ പോയത് പെട്ടെന്ന് ഓര്മ വന്നു
അന്ന് നോക്കിയ അതെ നോട്ടം .. കണ്ണുകളിൽ അതെ കുസൃതി!
ലത പോയിക്കഴിഞ്ഞപ്പോൾ പതിവുള്ള ഉച്ചമയക്കത്തിന് അയാൾ കിടന്നു .
മനസ്സിൽ പതഞ്ഞു പൊങ്ങിയ ഗാനം മൂളലിൽ ഒതുക്കി . പഴയ പോലെ പാടാൻ കഴിയുന്നില്ല . ലക്ഷ്മിയുടെ കവിളിലെ നുണക്കുഴി നോക്കി പാടിയിരുന്ന ഗാനം " നുണക്കുഴി കവിളിൽ .. നഖം ചിത്രമെഴുതും ..
അത് കേൾക്കുമ്പോൾ ലക്ഷ്മിയുടെ മുഖത്ത് വിരിയുന്ന നാണം കാണാൻ നൂറഴക്!
ഇന്ന് പാടുന്നത് കേട്ടാൽ അവള് കളിയാക്കും.
ലക്ഷ്‌മി എന്നെ ആദ്യമായി കണ്ടത് നിനക്ക് ഓർമ്മയുണ്ടോ- അയാൾ ചോദിച്ചു
ഇതാ നല്ല കഥ എനിക്കെന്താ ഓര്മ കുറവ് ? ഇളം പച്ച നിറമുള്ള ഷർട്ടിട്ടു ദാ ഇപ്പോഴും മുന്നിൽ തന്നെയുണ്ട്- ലക്ഷി ചിരിച്ചു
നമ്മുടെ ആദ്യരാത്രിഓർമ്മയുണ്ടോ?-അയാൾ വീണ്ടും ചോദിച്ചു
ലക്ഷ്മിയുടെ ഒട്ടിയ കവിളുകൾ നാണത്തിൽ ചുവന്നു - പിന്നെ .. പാല് കുടിക്കാത്ത എന്നെ കൊണ്ട് നിർബന്ധിച്ചു കുടിപ്പിച്ചതല്ലേ ?
അതെ -ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. “അതെ ഒരിക്കലും പിരിയാതിരിക്കാൻ .കണ്ടില്ലേ നമ്മൾ അമ്പത് വര്ഷം കടന്നില്ലേ ?”
ലക്ഷ്മിയുടെ ചുളിവ് വീണ കൈകൾ പിടിച്ചു അയാൾ പറഞ്ഞു
സന്ധ്യക്ക് ലക്ഷ്‌മിക്കു പനി വീണ്ടും കൂടി . “ഇങ്ങിനെയും ഉണ്ടോ ഒരു കള്ള പനി” വിളക്ക് കത്തിക്കുമ്പോൾ ലക്ഷ്മിയുടെ ആത്മഗതം.
നാമം ജപിച്ചു കഴിഞ്ഞപ്പോൾ ഇടറിയ ശബ്ദത്തിൽ ലക്ഷ്മി ചോദിച്ചു -കുട്ടികൾ വിളിച്ചില്ലലോ?
“അവർക്കു നൂറു തിരക്കാവും .നാളെ വിളിക്കും” അയാൾ സമാധാനിപ്പിച്ചു
രാത്രി കഞ്ഞി കുടിച്ചു കിടന്നപ്പോൾ അയാളുടെ കൈകളിൽ അമർത്തി കണ്ണുകളിൽ നോക്കി ലക്ഷ്മി ചോദിച്ചു " നമ്മുടെ മക്കൾക്ക് നമ്മളെ വേണ്ട അല്ലെ ?
അയാൾ പല്ലു കൊഴിഞ്ഞ മോണ കാട്ടി നിഷ്കളങ്കമായി ചിരിച്ചു .
" ഇവിടെ വിഷമം ഇല്ലേ ?" വീണ്ടും ചോദ്യം
“നീ എന്റെ അടുത്ത് ഉള്ളിടത്തോളം കാലം എനിക്ക് ആരും വേണ്ട. ഒന്നും വേണ്ട.നമുക്ക് പങ്കു വെക്കാൻ ഒരു നൂറായിരം ഓർമകൾ കൂട്ടിനു ഇല്ലേ ? “-
“ന്നാലും ഞാൻ പോയാൽ ഒറ്റക്കാവില്ലേ ?” ലക്ഷ്മി പാതി കരച്ചിലിന്റെ വക്കത്തു എത്തി .
“ഞാനും കൂടെ വരും”- തുളുമ്പി വന്ന മിഴിനീർ ലക്ഷ്മി കാണാതിരിക്കാൻ പനിച്ചൂടിൽ പൊള്ളുന്നഅവളെ അയാൾ മാറോടു ചേർത്തു.... സാനി ജോണ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot