Slider

----- ഉള്ളിവട (കൊച്ചുകഥ)------

0

----- ഉള്ളിവട (കൊച്ചുകഥ)------
---------------------------------
അഞ്ചരക്ക് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ ഭാര്യ ഉള്ളിവടയും മസാലച്ചായയും അയാളുടെ മുന്നിലേക്ക് നീട്ടിവെച്ചു. വസ്ത്രം പോലും മാറാതെ അയാളുടെ കൈ പ്ലേറ്റിലേക്ക് നീണ്ടു. അന്നത്തെ പത്രം അവിടെ ടീപ്പോയിൽ അവൾ വെച്ചിരുന്നു. അതെന്നും അങ്ങിനെയാണ്. രാവിലെ പത്രം വായിക്കാൻ അയാൾക്ക്‌ സമയമില്ല. ഓഫീസിൽ പോകുന്നതിന് ഇരുപത് മിനിറ്റ് മുമ്പാണ് എന്നും ഉണരാറ്.
അവൾ അന്ന് ഏറ്റവും ആകര്ഷണീയമായി ഉടുത്തൊരുങ്ങിയിരുന്നു - തളിരിലപ്പച്ചയിൽ മഞ്ഞപ്പൂക്കളുള്ള ചുരിദാർ, കഴുത്തിൽ മിന്നുന്ന നാഗത്താലി, മുടിയിൽ മുല്ലപ്പൂ........
പക്ഷെ അയാൾ അതൊന്നും കണ്ടില്ല. അവളങ്ങിനെ ആഗ്രഹിച്ചതായി തോന്നുന്നുമില്ല.
വാർത്തകളിലൂടെ അയാൾ കണ്ണോടിച്ചു:
- ബാഗ്ദാദിൽ സ്ഫോടനം: 50 മരണം
- ഫ്ലോറിഡ സ്‌കൂളിൽ വെടിവെപ്പ്: 5 മരണം
- പോഷകാഹാരക്കുറവ്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
അവജ്ഞയോടെ അടുത്ത പേജിലേക്കയാൾ നീങ്ങി:
- - കാമുകിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ച യുവാവ് അറസ്റ്റിൽ
കരിഞ്ഞ ഉള്ളിയുടെയും കടലമാവിന്റെയും മാദക രുചിയിൽ അയാൾ റിപ്പോർട്ട് മുഴുവൻ വായിച്ചു
കൈ പ്ലേറ്റിലേക്ക് നീളുമ്പോഴേക്ക് ഉള്ളിവട കഴിഞ്ഞിരുന്നു
അയാൾ ഭാര്യയെ വിളിച്ചു
"ഉള്ളിവടക്ക് നല്ല രുചി. മസാലച്ചായയുടെ കയ്പ്പ് പോലും അറിഞ്ഞില്ല"
അവൾ പതുക്കെ ചിരിച്ചുകൊണ്ട് ചിലന്തിവലകൾ എമ്പാടുമുള്ള അടുക്കളയിലേക്ക് പോയി ബാക്കിയുണ്ടായിരുന്ന വട എടുത്ത് അയാളുടെ പ്ലേറ്റിൽ ഇട്ടുകൊടുത്തു
“മക്കൾ എവിടെ?" അയാൾ ചോദിച്ചു
"ഇന്നലെ എൻറെ വീട്ടിൽ കൊണ്ടാക്കി"
അയാൾ സന്തോഷിച്ചു. രാവിലെ ഒച്ചയും ബഹളവുമില്ലാതെ ഉറങ്ങാമല്ലോ
അയാൾക്ക്‌ യാതൊരു താല്പര്യവുമില്ലാത്ത കുറെ വാർത്തകൾ വീണ്ടും
- ബില്ലടയ്ക്കാൻ കാശ് തികഞ്ഞില്ല, ആശുപത്രി അധികൃതർ മൃതദേഹം വിട്ടുകൊടുത്തില്ല
- അമ്മയെ നടുറോഡിൽ ഉപേക്ഷിച്ചു മക്കൾ കടന്നുകളഞ്ഞു
… ……
അടുത്ത പേജിലെ നീണ്ട കോളം വാർത്തയിൽ അയാളുടെ കണ്ണുടക്കി:
- ഭർതൃമതി അയൽവാസിയോടൊപ്പം ഒളിച്ചോടി.
ആർത്തിയോടെ ചായ വലിച്ചുകുടിച്ചപ്പോൾ കയ്പുള്ള ചായപ്പിണ്ടി അയാളുടെ നാവിലുടക്കി. റിപ്പോർട്ട് വായിച്ചു കഴിയുമ്പോഴേക്കും ബാക്കിയുള്ള ഉള്ളിവടയും തീർന്നിരുന്നു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അയാൾ ഭാര്യയെ നീട്ടിവിളിച്ചു.
എന്നാൽ വിളി കേൾക്കാൻ അപ്പോൾ ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
പിറ്റേന്ന് കാലത്ത് പത്രമിടാൻ വന്ന പയ്യനാണ് ഇറയത്തെ സോഫയിൽ മരിച്ചു കിടക്കുന്ന അയാളെ കണ്ടത്.
---------------
By ഹാരിസ് കോയ്യോട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo