Showing posts with label Maya Dinesh. Show all posts
Showing posts with label Maya Dinesh. Show all posts

കുട്ടന്റെ അച്ഛൻ I Kavitha I Maya Dinesh


കള്ളിമുണ്ടും ചുറ്റി,കള്ളും മോന്തി
കണ്ടോരോടൊക്കെ കവലേല്
കയ്യാങ്കളികാട്ടി നടക്കുന്ന
കുറ്റിത്തലമുടിയുള്ള,കറുത്ത
കണ്ണനെ അവന്റെച്ഛനായിട്ടും
കുട്ടനിഷ്ടമല്ലാത്തതുകൊണ്ടാണ്
കരൾരോഗം മൂർച്ഛിച്ചയാളെന്നേക്കുമായി
കണ്ണടച്ചിട്ടും കരയാനാവാതെ
കല്ലു പോലെ കുട്ടനിരുന്നത്.
അച്ഛൻ മരിച്ച് മൂന്നാംപക്കം
കുളിപ്പുരയുടെ പുറത്തൊര-
നക്കം കേട്ടെന്നു
പെങ്ങൾ പേടിച്ചു കരഞ്ഞത്
കേട്ടപ്പോഴാണ്
കുട്ടനച്ഛന്റെ മുറിയിൽ ചെന്ന്
അച്ഛന്റെ കള്ളിമുണ്ടാദ്യമായുടുത്തത്.
കൈയ്യിലൊരു കൊടുവാളുമെടുത്ത്
അമ്മയ്ക്കും,പെങ്ങൾക്കും
രാപ്പകൽ കാവലാളായപ്പോഴാണ്
കുട്ടന് അച്ഛനെയോർമ്മ വന്നത്.
കണ്ണിലൂടെ കണ്ണീരായി അച്ഛൻ
പെയ്തു തോരുമ്പോഴാണ്
കുട്ടനച്ഛനോട് മനസ്സുകൊണ്ട്
മാപ്പു പറഞ്ഞത്.
കള്ളുകുടിയനാണെങ്കിലും,
കുടുംബത്തെ മറക്കാനാവാത്ത-
വനായതുകൊണ്ടാണ്
കുട്ടനെയുമ്മവെച്ച
കാറ്റിനപ്പോ അച്ഛന്റെ
മണമായിരുന്നത്.
Written by Maya Dinesh

നീയില്ലായ്മയിൽ


നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു പൂവാകാറുണ്ട്
സുഗന്ധമില്ലാത്ത,
കാറ്റിനോടൊത്തു ചിരിക്കാത്ത,
വെറുതെ വിടർന്നു കൊഴിയുന്ന
ഒരു പാവം പൂവ്.
നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു മഴമുകിലാകാറുണ്ട്
ശ്യാമവർണ്ണത്തോടെ,
പെയ്തു തോരാനായി
വിതുമ്പി നിൽക്കുന്ന
മഴമുകിൽ.
നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു പുഴയാകാറുണ്ട്
ഒഴുകുവാൻ മറന്ന,
കളകളാരവം പൊഴിക്കാത്ത,
വരണ്ടുണങ്ങിയ പുഴ.
നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു കാറ്റാകാറുണ്ട്
ഇലകളേയും പൂക്കളേയും
തഴുകാത്ത,
നാശം വിതയ്ക്കുന്ന,
ഒരു കൊടുങ്കാറ്റ് .
നീയില്ലായ്മയിൽ
ചിലപ്പോൾ
ഞാനൊരു മഴയാകാറുണ്ട്
വെറുതേ മിഴികളെ നനയിച്ച്,
എന്നിലേക്കു തന്നെ
പെയ്തു തോരുന്ന ,
ഒരു പെരുമഴ.
നീയില്ലായ്മയിൽ ചിലപ്പോൾ
ഞാനൊരു ഭ്രാന്തിയാകാറുണ്ട്
ആ നേരങ്ങളിലൊക്കെയും
ഓരോ പൂവിലും,
ഓരോ മഴമുകിലിലും,
ഓരോ പുഴയിലും,
ഓരോ കാറ്റിലും,
ഓരോ മഴയിലും
ഞാൻ പിന്നെയും, പിന്നെയും
നിന്നെ തിരയാറുണ്ട്.
Written by Maya DInesh

അപൂർവ്വം ചിലർ


അവർ മായാജാലക്കാരത്രേ!
ചിലപ്പോൾ ചില നിമിഷങ്ങളിൽ
വാക്കുകളാലഗ്നി പകർന്ന്
നമ്മെ പൊള്ളിക്കുമവർ
പിന്നെ ചില നേരങ്ങളിൽ
വാക്കുകളിലമൃതം നിറച്ച്
ഒരു മഞ്ഞുതുള്ളിയായ്
നമ്മുടെ നീറ്റലുകളെ
തണുപ്പിക്കുമവർ.

അവർ കള്ളൻമാരത്രേ!
നമ്മുടെ സന്തോഷങ്ങളെ
കട്ടെടുത്തു കടന്നു കളയുമവർ
ചിലപ്പോൾ ചില ഓർമ്മകളിലൂടെ
വന്നെത്തി നോക്കി
നമ്മിലൊരു പുഞ്ചിരിയായ്
വിരിയുമവർ.

അവർ മന്ത്രവാദികളത്രേ!
സ്നേഹമെന്ന മന്ത്രപ്രഭയിൽ
നമ്മെ അന്ധരാക്കുമവർ
അനശ്വര പ്രണയത്താൽ
നമ്മെ ബന്ധനസ്ഥരാക്കുമവർ.

അവർ നർത്തകരത്രേ!
ലാസ്യനടനമാടി
നമ്മുടെ കാഴ്ചകളിൽ
വിസ്മയനടനം തീർക്കുമവർ
ഒരു മായക്കാഴ്ചയായ്
മിന്നി മറയുമവർ.

അവർ ഗായകരത്രേ!
ഗന്ധർവ്വവീണമീട്ടി
ഹൃദയതന്ത്രികളെ
വാചാലരാക്കുമവർ
ഒരു മൂളിപ്പാട്ടായ് നമ്മുടെ
ചിന്തകളിൽ വിരുന്നു വരുമവർ.

അവരത്രേ
നമ്മുടെ ചിന്തകളെ
ആവാഹിക്കുന്നവർ
പ്രാർത്ഥനകളിൽ ,സ്വപ്നങ്ങളിൽ
നിറഞ്ഞു നിൽക്കുമവർ.

അവരത്രേ
സൂര്യതേജസ്സായ്
അകക്കാഴ്ചയിൽ തെളിയുന്നവർ,
ഒരായിരം വാക്കുകളാലും
വർണ്ണിക്കാൻ കഴിയാത്തവർ
അവർ... അവരെന്ന അപൂർവ്വം ചിലർ.


Written by Maya Dinesh

ഒറ്റനക്ഷത്രം



  ഒരു ഞായറാഴ്ച്ച ഉച്ചമയക്കം കഴിഞ്ഞെഴുന്നേറ്റപ്പോഴാണ് അടുത്ത വീട്ടിൽ ഉപ്പയുടെ അകന്ന ബന്ധുക്കളിലാരോ താമസത്തിന് വന്നിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞത് .
തലയിലെ തട്ടം നേരേയിട്ട് , അവിടെ വരെ ഒന്നു പോയി വരാമെന്നുമ്മ പറഞ്ഞപ്പൊ ഞാനും പിന്നാലെ കൂടി.

 നിറയെ ചെടികളും,
വലിയ പേരമരവും ,മുറ്റത്ത് ഒരു കുഞ്ഞു ആമ്പൽക്കുളവുമൊക്കെയുള്ള ആ വീട് എനിക്കൊരുപാടിഷ്ടമായിരുന്നു.
ഗേറ്റ് കടന്ന് ഞാനും ഉമ്മയും അകത്തേക്ക് കടന്നപ്പൊ നിറയേ ചിരിയുമായി ജമീലത്താത്ത ഞങ്ങളെ സ്വീകരിച്ചു.ജമീലത്താത്തയുടെ ഭർത്താവ് അഞ്ചാറ് വർഷം മുന്നെ മരിച്ചു പോയതിനുശേഷം തറവാട്ടു വക വീതം കിട്ടിയ ആ വീട്ടിലിനി താമസിക്കാൻ പോകുന്നത് ജമീലത്താത്തയും, അവരുടെ ഭർത്താവിന്റെ ഉമ്മയും ,പിന്നെ ജമീലത്താത്തയുടെ മകൻ അയാനുമാണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി. ഭർത്താവിന്റെ മരണത്തേയും മോന് വേണ്ടി മാത്രം ഉഴിഞ്ഞു വെച്ച തന്റെ ജീവിതത്തേയും കുറിച്ച് പറയുമ്പൊ സാരിത്തുമ്പുകൊണ്ട് പലപ്രാവശ്യം അവർ കണ്ണീരൊപ്പുന്നുണ്ടായിരുന്നു.

 അയാൻ എന്റെ സമപ്രായക്കാരനാണ്.
മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു ചെക്കൻ. വെളുത്ത നിറവും നെറ്റിയിലേക്ക് 
വീണു കിടക്കുന്ന അനുസരണയില്ലാത്ത കോലൻമുടിയിഴകളും,മുഖത്തെ ആ വട്ടക്കണ്ണടയുമൊക്കെ അവനൊരു ഹാരിപോട്ടർ ഛായ തോന്നിച്ചു.അവനേയും എന്റെ അതേ കോളേജിലാണ് ഡിഗ്രി കോഴ്സിന് ചേർത്തിട്ടുള്ളതെന്ന് കേട്ടപ്പൊ ഉമ്മക്ക് ഒരുപാടാശ്വാസമായി .വീട്ടിൽ നിന്നും കുറച്ച് ദൂരെയായിരുന്ന കോളേജിലേക്ക് എന്നെ തനിയെ വിടാൻ ഉമ്മയ്ക്കെന്നും ഭയമായിരുന്നു.ഇത്രയും ദൂരെ യാത്ര ചെയ്യുമ്പൊ കൂട്ടിനൊരാളുണ്ടെന്നത് എനിക്കും നല്ല സന്തോഷമായിരുന്നു.

 ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായിത്തീർന്നു.വളരെ പതിയെ, ആവശ്യത്തിനു മാത്രം സംസാരിക്കുന്ന അയാനും,ആവശ്യത്തിനും,അനാവശ്യത്തിനും ഒരുപാട് ബഹളം വെച്ച് സംസാരിക്കുന്ന ഞാനും ഇത്ര വേഗം എങ്ങനെ കൂട്ടായെന്ന് ജമീലത്താത്ത എന്നും അതിശയപ്പെടാറുണ്ട്.
എത്ര സംസാരിച്ചാലും പറഞ്ഞു തീരാത്ത വിശേഷങ്ങളും ,ഇടയ്ക്ക് മാത്രം ഉണ്ടാകുന്ന കുഞ്ഞുപിണക്കങ്ങളുമായി നമ്മുടെ സൗഹൃദം വളരുകയായിരുന്നു.നമ്മുടെ പിണക്കങ്ങൾക്ക് ഒന്നോ,രണ്ടോ മണിക്കൂർ നേരത്തെ ദൈർഘ്യം മാത്രമേ ഉണ്ടാകാറുള്ളൂ. 

  രണ്ടു വർഷം പെട്ടെന്നു കടന്നുപോയി. ഫൈനൽ ഇയറിനു പഠിക്കുമ്പോ,
ഒരു വൈകുന്നേരം കോളേജ് ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കുകയായിരുന്നു ഞങ്ങൾ കൂട്ടുകാരെല്ലാവരും.
ബസ്സ് വന്ന് മുന്നിൽ നിർത്തിയതും കയറാൻ എല്ലാവരും തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.
കാലിന് സ്വാധീനക്കുറവുള്ള കൂട്ടുകാരി ഇന്ദുവിനെ ബസ്സിലേക്ക് കയറാൻ സഹായിച്ച ശേഷമേ ഞാനെന്നും കയറാറുള്ളൂ. അന്നും പതിവുപോലെ ബസ്സിലേക്ക് കയറാനാഞ്ഞ അവൾ സ്റ്റെപ്പിലേക്ക് കാലെടുത്തു വെച്ചതും,
ബസ്സ് മുന്നോട്ടെടുത്തു. 
റോഡിലേക്ക് വീണു പരിക്കു പറ്റിയ അവളെ ഞാനെഴുന്നേൽപ്പിക്കുമ്പോഴേക്കും കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞു കൊണ്ട് ആ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും വന്നു.

"ചട്ടുകാലിയൊക്കെ വീട്ടിലിരുന്നാപ്പോരേ..
ഓ പഠിച്ചിട്ട് നീയൊക്കെ വെല്യ കളക്ടറാവാനല്ലേ ...
വെറുതേ മനുഷ്യനെ മെനക്കെടുത്താൻ..ഓരോ നാശങ്ങള്..."
പറഞ്ഞു തീരും മുന്നെ എന്റെ കൈ അയാളുടെ മുഖത്ത് പതിഞ്ഞിരുന്നു.
"നിന്റെ ചിലവിലല്ല അവൾ പഠിക്കുന്നത്. വയ്യാത്ത ഒരു കുട്ടിയെ അപകടപ്പെടുത്തീട്ട് പിന്നെയും നിന്ന് ചിലയ്ക്കുന്നോ ..."
ദേഷ്യത്തിനിടയിൽ വേറെയും എന്തൊക്കെയോ ഞാൻ വിളിച്ചു പറഞ്ഞു.
അവിടെ കൂടിയ ആൾക്കൂട്ടത്തിലെല്ലാവരും എന്നെ ന്യായീകരിച്ച് അഭിപ്രായങ്ങൾ പറഞ്ഞു.ജനക്കൂട്ടം ബസ്സ് പോലീസ് സ്റ്റേഷനിലേക്കെടുപ്പിച്ചു.അതോടെ 
ആ സംഭവം പോലീസ് കേസ്സായി.

  എല്ലാ പ്രശ്നവും കഴിഞ്ഞ് രണ്ടുമണിക്കൂർ വൈകിയാണ് അന്ന് ഞാനും, അയാനും വീട്ടിലെത്തിയത്.ദൂരെ നിന്നേ കണ്ടിരുന്നു ഉപ്പ ഗേറ്റിനരുകിൽ കാത്തു നിൽക്കുന്നത്.വീട്ടിലെത്തിയപ്പൊ ഒന്നും മിണ്ടാതെ മുഖം കുനിച്ച് ഞാൻ അകത്തേക്ക് കയറിപ്പോയി.
ഉപ്പ അയാനോടെന്തോ സംസാരിച്ചു നിൽക്കുകയായിരുന്നു.ഞാനകത്തുചെന്ന് വേഷം മാറി വരുമ്പോഴേക്കും അവനവിടെത്തന്നെയുണ്ടായിരുന്നു.

"രഹനാ...ഇവിടെ വാ.."

അതൊരലർച്ചയായിരുന്നു.ഞാനടുത്തേക്ക് ചെല്ലുമ്പോഴേക്ക് കാതു പൊട്ടുമാറുച്ചത്തിൽ മുഖമടച്ചൊരടി തന്നു ഉപ്പ.

"നിന്നെ ഞാൻ കോളേജിലേയ്ക്കയക്കുന്നത് പഠിക്കാനാണ്. നാട്ടുകാരെ നിയമം പഠിപ്പിക്കാനും, പോലീസ് സ്റ്റേഷൻ കയറാനുമല്ല...മനസ്സിലായോ?
നാളെ മുതൽ നീയിനി കോളേജിലും പോകുന്നില്ല..മതി പഠിപ്പും ,പത്രാസും.
ഇനി നീയീ പടികടക്കണമെങ്കിലെന്റെ അനുവാദം വേണം.. കേട്ടല്ലോ. "

   ഉപ്പയുടെ തീരുമാനവും,ശിക്ഷയും അതായിരുന്നു.
അയാൻ എന്തോ പറയാനാഞ്ഞെങ്കിലും ഉപ്പയുടെ ഭയാനകമായ മുഖം കണ്ട് പേടിച്ചൊന്നും മിണ്ടിയില്ല. നിറഞ്ഞുതൂവിയ കണ്ണുകൾ മറച്ചു പിടിച്ചുകൊണ്ട് ഞാനകത്തേക്ക് നടക്കുമ്പോഴും അവിനവിടെ തലയും താഴ്ത്തി ശില പോലെ നിൽപ്പുണ്ടായിരുന്നു.

    പിറ്റേന്ന് രാവിലെ ജമീലത്താത്തയേയും കൂട്ടിയാണ് അവൻ വന്നത്.എന്നെ കോളേജിലേയ്ക്കയക്കാൻ ജമീലത്താത്തയും ഉമ്മയും കേണുപറഞ്ഞിട്ടും ഉപ്പയുടെ മനസ്സലിഞ്ഞില്ല.അധികം പുരോഗമനചിന്താഗതിയില്ലാത്ത, തികച്ചും യാഥാസ്ഥിതികനായ എന്റെ ഉപ്പയ്ക്ക് എന്റെ ശരിയൊരു വലിയ തെറ്റായിരുന്നു.
കുറേ നാളുകൾ കരഞ്ഞും,ഭക്ഷണം കഴിക്കാതേയും കോളേജിൽ പോയി പഠനം തുടരാൻ ഞാൻ വാശിപിടിച്ചെങ്കിലും ഉപ്പ ലവലേശം കുലുങ്ങിയില്ല.
എന്റെ ദേഷ്യം മുഴുവൻ അയാനോടായിരുന്നു.
അന്ന് ബസ് സ്റ്റോപ്പിലുണ്ടായ സംഭവം ഉപ്പയെ അറിയിക്കരുതെന്ന് ഞാൻ പറഞ്ഞതാണ്. ഉപ്പയോട് പറയാനായി ബസ് ബ്രേക്ക് ഡൗണായതു കൊണ്ട് ലേറ്റായതാ എന്നൊരു കള്ളക്കഥ ഞങ്ങൾ മെനഞ്ഞുണ്ടാക്കിയതുമാണ്.
എന്നിട്ടും വീട്ടിലെത്തിയിട്ട് ഉപ്പയുടെ മുന്നിൽ 
നല്ലപിള്ള ചമയാനായി അവൻ സത്യം തുറന്നു പറഞ്ഞപ്പൊ പൊലിഞ്ഞു പോയത് എന്റെ സ്വപ്നങ്ങളാണ്. സൗഹൃദത്തിലുള്ള വിശ്വാസവും സ്നേഹവുമാണ്.അതിനു ശേഷം ഞാൻ അയാന്റെ വീട്ടിലേക്കു പോകാനോ , അവനോട് സംസാരിക്കാനോ നിന്നില്ല.ഇതിനിടയിൽ പലതവണ അയാൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും എനിക്കാ പഴയ സ്നേഹം അവനോട് തോന്നിയില്ല.എന്നെ സംബന്ധിച്ച് അവനെന്റെ സൗഹൃദത്തിൽ നിന്നും ഒരുപാട് അകന്നു പോയിരുന്നു.ഉമ്മയും ജമീലത്താത്തയും എന്റെ മനസ്സ് മാറ്റാൻ ശ്രമിച്ചെങ്കിലും ഞാനൊന്നും ചെവിക്കൊണ്ടില്ല. അവനോടും ,ഈ ലോകത്തോടു തന്നെയും എനിക്ക് വെറുപ്പായിരുന്നു.

      വീട്ടിൽ വെറുതേയിരുന്ന് മടുക്കുമ്പൊ 
ഞാനെന്നും അവനെ പ്രാകിക്കൊണ്ടിരുന്നു.
മൂന്ന് നാല് മാസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി.പെട്ടെന്നൊരു ദിവസമാണ് ഉച്ചയ്ക്കുശേഷം എന്നെക്കാണാൻ ആരൊക്കെയോ വരുന്നുണ്ടെന്നും, ഒരുങ്ങി നിൽക്കണമെന്നും ഉപ്പ പറഞ്ഞത്.ഏകദേശം നാലുമണിയോടെ അവരെത്തി.
ഉമ്മ പറഞ്ഞതുപോലെ ചായയും,പലഹാരവുമവർക്കു കൊടുത്തതിനുശേഷം ഞാൻ റൂമിലേക്കു വന്നു.
പ്രത്യേകിച്ച് ഒരു സന്തോഷവും തോന്നിയില്ല.
ജനാലയിലൂടെ മുറ്റത്തെ മാവിൻ ചില്ലയിൽ കലപില കൂട്ടിക്കൊണ്ടിരുന്ന അണ്ണാരക്കണ്ണനെ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ കാൽപ്പെരുമാറ്റം കേട്ടത്.അപ്പോഴാണ് ആളെ ശരിക്കും നോക്കിയത്.കറുത്ത നിറമുള്ള ഷർട്ടും,ബ്ലൂ ജീൻസുമിട്ട് മുഖത്തൊരു ചെറുചിരിയുമായി അയാൾ.
പേര് സഹീർ എന്നാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയതിനുശേഷം അടുത്ത ചോദ്യം എന്തേ പഠനം നിർത്തിക്കളഞ്ഞതെന്നായിരുന്നു.
ഒന്നും മിണ്ടാതെ നിലത്ത് നോക്കി നിന്നപ്പൊ വിഷമിക്കേണ്ട എന്നെ ഇഷ്ടായോന്ന് പറഞ്ഞാ മതിയെന്ന് പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ചു.
മുഖമുയർത്തി തലയാട്ടിയപ്പൊ ശരി..എന്നാ ഞാനിറങ്ങുവാന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി.

 അവർ പോയി കുറച്ചു കഴിഞ്ഞതിനു ശേഷം ഉമ്മ അകത്തേക്ക് വന്നു.സഹീറിക്കയ്ക്ക് ഗൾഫിലെ ഒരു നല്ല കമ്പനിയിൽ മാനേജർ ജോലിയാണത്രെ.നല്ല കുടുംബമാണെന്നും,
ലീവ് തീരാനിനി പതിനഞ്ച് ദിവസങ്ങളേയുള്ളൂവെന്നും അതിനിടയിൽ കല്ല്യാണം വേണമെന്നുമൊക്കെ പറഞ്ഞു.
എന്റെ സമ്മതം അറിയാൻ ഉപ്പ അയച്ചതായിരുന്നു ഉമ്മയെ. 
എനിക്ക് സമ്മതമാണെന്ന് അറിഞ്ഞതിനു ശേഷം കാര്യങ്ങൾ പിന്നെ പെട്ടെന്നായിരുന്നു.
എല്ലാറ്റിനും ഉമ്മയെ സഹായിക്കാൻ ജമീലത്താത്തയും ഉണ്ടായിരുന്നു.ഒറ്റമകളായതിനാൽ ഉപ്പ ആർഭാടമൊട്ടും കുറച്ചിരുന്നില്ല.
ഒടുവിൽ കല്ല്യാണദിവസമായി.

 പുതുപ്പെണ്ണിന്റെ മോടിയിൽ അണിഞ്ഞൊരുങ്ങിയിരുന്ന എന്റെ മുന്നിലേക്ക് 
അയാൻ വന്നു.എന്തോ പറയാനാഞ്ഞ അവനെ ശ്രദ്ധിക്കാതെ ഞാൻ മുഖം തിരിച്ചു നിന്നു.
കുറച്ചു നേരം നിന്നശേഷം തലയും താഴ്ത്തി അവനാ മുറിയിൽ നിന്നും പോകുന്നത് ഗൂഢമായ ഒരാനന്ദത്തോടെ ഞാൻ നോക്കി നിന്നു.

  കല്ല്യാണവും ,വിരുന്നുമൊക്കെയായി ദിവസങ്ങൾ കടന്നുപോയതറിഞ്ഞില്ല.
പുതിയ വീടും,വീട്ടുകാരും ഒരുപാട് സ്നേഹമുള്ളവരായിരുന്നു.സ്വന്തം വീട്ടിലേക്കാൾ സ്വാതന്ത്ര്യമുള്ള ഭർതൃ വീട്.കുറച്ചു നാൾ ഉപ്പയേയും, ഉമ്മയേയും പിരിഞ്ഞു നിൽക്കുമ്പോഴേക്കും ഉപ്പയോടുള്ള പിണക്കമൊക്കെ മാറിയിരുന്നു.എനിക്ക് നല്ലൊരു ജീവിതം കിട്ടിയതിൽ അവരും നല്ല സന്തോഷത്തിലായിരുന്നു.

  ലീവ് കഴിഞ്ഞ് സഹീർക്ക പോയതിനുശേഷം ഒരു മാസത്തിനുള്ളിൽ എന്നേയും കൊണ്ടു പോയി.പുതിയ സ്ഥലവും,പുതിയ ജീവിതവും...
നല്ല സന്തോഷത്തിലായിരുന്നു ഞാൻ. അതിനിടയിലാണ് മുടങ്ങിപ്പോയ പഠനം തുടർന്നു കൂടേയെന്ന് സഹീർക്ക ചോദിക്കുന്നത്.
ഇപ്പൊ ഗൾഫിലിരുന്നും പരീക്ഷ എഴുതാനുള്ള സംവിധാനമുണ്ടത്രെ. അതു കേട്ടപ്പൊ ഒരുപാടൊരുപാട് സന്തോഷം തോന്നി.
പഠനം തുടങ്ങി, പരീക്ഷകളെഴുതി നല്ല മാർക്കോടെ പാസ്സായപ്പൊ 
ആരെയൊക്കെയോ തോൽപ്പിച്ച സന്തോഷമായിരുന്നു.
പഠനത്തോടൊപ്പം കംപ്യൂട്ടർ പഠനവുമുണ്ടായിരുന്നതിനാൽ നല്ലൊരു കമ്പനിയിൽ ജോലി നേടാനും സാധിച്ചു.മുടങ്ങിപ്പോയ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുന്നതും ജീവിതം കൂടുതൽ നിറമുള്ളതാകുന്നതും
ഞാനറിയുകയായിരുന്നു.
സ്നേഹത്തിന്റെയു, സ്വാതന്ത്ര്യത്തിന്റെയും വാതിലുകൾ തുറന്നുതന്ന് എന്നും എന്റെ ഏറ്റവും നല്ല കൂട്ടുകാരനായി കൂടെയുണ്ടായിരുന്നു സഹീറിക്ക. 

  മനോഹരമായ ഒരു ഗാനം പോലെ ജീവിതം മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുമ്പോഴാണ് 
ഒരു കുഞ്ഞതിഥി കൂടി ഞങ്ങളുടെ ഇടയിലേക്ക് വരികയാണെന്നറിഞ്ഞത്.
ഏഴാം മാസത്തിൽ നാട്ടിലേക്ക് പ്രസവത്തിനായി പോയി.ചെക്കപ്പും,പലഹാരക്കൊതിയും,
വയ്യായ്കയുമൊക്കെയായി ദിവസങ്ങൾ പോയതറിഞ്ഞില്ല.

  അതിനിടയിലെപ്പൊഴോ അയാൻ പുതിയ ജോലി നേടി ബാംഗ്ലൂരിലാണെന്നും രണ്ടാഴ്ച്ചയിലൊരിക്കൽ നാട്ടിലേക്ക് വരാറുണ്ടെന്നും ഉമ്മ പറയുന്നത് കേട്ടു.കൂടുതലറിയാൻ താൽപ്പര്യം കാണിക്കാത്തതുകൊണ്ട് ഉമ്മ അധികം പറഞ്ഞില്ല.ഒടുവിൽ ഡോക്ടർ അഡ്മിറ്റാകാൻ പറഞ്ഞ ദിവസമെത്തി. ടൗണിലെ വലിയ ആശുപത്രിയിൽ അഡ്മിറ്റായി. 
ഡോക്ടർ പറഞ്ഞ സമയം കഴിഞ്ഞിട്ടും വേദന വരാത്തതിനാൽ സിസേറിയനുള്ള ഒരുക്കങ്ങളായി.ഉപ്പയും,ഉമ്മയും നല്ല ടെൻഷനിലായിരുന്നു.എനിക്കും എന്തോ പേടി തോന്നിത്തുടങ്ങി.അനസ്തേഷ്യ തരുന്ന ഡോക്ടറെന്തോ ചോദിക്കുമ്പൊ പകുതി മറുപടി പറഞ്ഞ് ഞാൻ മയക്കത്തിലേക്ക് വഴുതിപ്പോയി.

    മയക്കം വിട്ടുണരുമ്പൊ എന്നോട് 
പറ്റിച്ചേർന്നു കിടക്കുന്ന പൊന്നുമോനെയാണ് കണ്ടത്.
ആ കുഞ്ഞുമുഖത്ത് നോക്കിയപ്പൊ വേദനയൊക്കെ ഞാൻ മറന്നിരുന്നു.
ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജായി ഞങ്ങൾ 
വീട്ടിലേക്ക് പോയപ്പോ കുഞ്ഞിനെക്കാണാനായി അവൻ വന്നു.അവനന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുകയാണത്രേ.
എനിക്കെന്തോ അവനെ കാണേണ്ടായെന്ന് തോന്നി.കുഞ്ഞിനെ എടുത്ത് പുറത്തേക്കിറങ്ങുന്ന ഉമ്മയോട് അല്പം ഉറക്കെയാണ് ചോദിച്ചത്.
"എന്റെ മോനെ അവനെന്തിനാ കാണുന്നേ..അവനാരാ എന്റെ..?"
ഒന്നും മിണ്ടാതെ കുഞ്ഞിനേയുമെടുത്ത് ഉമ്മ പുറത്തേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞ് തിരിച്ചു വന്നപ്പൊ ഉമ്മയുടെ കൈയ്യിലൊരു ജ്വല്ലറി ബോക്സുണ്ടായിരുന്നു.അത് തുറന്ന് നോക്കിയപ്പോ അതിലൊരു കുഞ്ഞു വളയും.
"എന്റെ കുഞ്ഞിന് വേണ്ട അവന്റെ സമ്മാനം..
ഉമ്മ വേഗം ഇത് തിരിച്ചു കൊടുത്തോ. "

 ഞാൻ ബഹളമുണ്ടാക്കാൻ തുടങ്ങുമ്പോഴേക്കും, മുറ്റത്ത് ഗേറ്റടയുന്ന ശബ്ദം കേട്ടു.
"പാവം അവൻ ഒക്കെ കേട്ടു കാണും..
ഒരു ഗ്ലാസ് ചായ പോലും കുടിക്കാതെയാ അവനിറങ്ങിയേ.."
ഉമ്മ പറയുമ്പോഴേക്കും പലതും പറഞ്ഞ് ഞാൻ ഉമ്മയുടെ വായടപ്പിച്ചു. 
നിസ്സംഗതയോടെ നിന്ന ഉമ്മ മെല്ലെ എന്നോട് പറഞ്ഞു 
"എന്റെ മോളൊരു കാര്യം അറിയ്യോ..
അന്ന് നിന്നെ പ്രസവത്തിന് കൊണ്ടു പോയ സമയത്ത് അത്യാവശ്യമായി നിനക്ക് രണ്ടുകുപ്പി രക്തം ആവശ്യമായി വന്നു.ഡോക്ടർ പെട്ടെന്ന് പറഞ്ഞപ്പൊ എന്തു ചെയ്യണമെന്നറിയാതെ നിന്ന നമുക്കു മുന്നിൽ ദൈവത്തെപ്പോലെയെത്തിയത് അവനാ.അന്ന് ബാംഗ്ലൂരിൽ നിന്ന് വീട്ടിലെത്തിയ ഉടനെ നീ അഡ്മിറ്റാണെന്നറിഞ്ഞ് ആശുപത്രിയിലേക്ക് ഓടി വരികയായിരുന്നവൻ.അവന്റെ ചോരയാ ഇപ്പൊ നിന്നിലൂടൊഴുകുന്നതും,നിന്റെ ജീവൻ രക്ഷിച്ചതും."
ഉമ്മ പറഞ്ഞിട്ടും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.ഇതൊക്കെ സാധാരണ മനുഷ്യസ്നേഹികളായ എല്ലാവരും ചെയ്യുന്ന പ്രവൃത്തിയായേ ഞാനതിനെ കണ്ടുള്ളൂ.മൂന്നു മാസം നാട്ടിൽ നിന്നതിനുശേഷം ഞാൻ സഹീർക്കയുടെ അടുത്തേക്ക് തിരിച്ചു പോയി.മോന്റെ കുസൃതികളിലും, ജോലിത്തിരക്കിലും പിന്നെയും ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി.
അതിനിടയിലെപ്പൊഴോ 
ഓഫീസ് അഡ്രസ്സിൽ അയാന്റെ കല്ല്യാണക്ഷണക്കത്ത് വന്നു.
താമസിയാതെ അവന്റെ ഒരു കോളും. 
ഫോണെടുത്ത് അവന്റെ ശബ്ദം കേട്ട ഉടനെ ഞാൻ കോൾ കട്ട് ചെയ്തു.

  വീട്ടിലെത്തിയപ്പൊ സഹീർക്ക അന്ന് ആദ്യമായി എന്നോട് ദേഷ്യപ്പെട്ടു.
"ഒരാള് കല്ല്യാണം ക്ഷണിക്കാൻ വിളിക്കുമ്പൊ ഇങ്ങനെയാണോ പെരുമാറുന്നേ..തനിക്ക് ഇത്തിരി സംസ്ക്കാരമുണ്ടെന്നാ ഞാൻ 
കരുതിയത്.
ഇത് വല്ലാത്ത അഹങ്കാരമായിപ്പോയെടോ.
തനിക്ക് വേണ്ടി അവനിത്രയൊക്കെ ചെയ്തിട്ടും..താൻ....ച്ഛെ...ഇത്ര ദേഷ്യം ഉണ്ടാകാൻ മാത്രം അവനെന്തു തെറ്റു ചെയ്തിട്ടാ.."

  ഞാനൊന്നിനും മറുപടി പറഞ്ഞില്ല.മനസ്സിൽ പുഴുക്കൾ നുരയുന്നതുപോലെ അവനോടുള്ള ദേഷ്യവും,വെറുപ്പും നിറയുന്നത് ഞാനറിഞ്ഞു.അതുവരെ എന്നെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാത്ത സഹീർക്കയും കൂടി അവന്റെ കാര്യത്തിൽ എന്നെ വഴക്കു പറഞ്ഞപ്പൊ അത് കൂടിയതേയുള്ളൂ.

 അന്ന് രാത്രി വീട്ടിൽ വിളിച്ചപ്പോ ആരോടെന്നില്ലാതെ ഉമ്മ പറഞ്ഞത് കേട്ടു അയാൻ കല്ല്യാണം കഴിക്കുന്നത് ഒരു അനാഥപ്പെൺകുട്ടിയെ ആണത്രേ.
ഒട്ടും ആർഭാടമില്ലാതെ അനാഥാലയത്തിൽ വെച്ചാണ് ചടങ്ങ്.അപ്പോഴാണോർത്തത്.അവന്റെ ക്ഷണക്കത്തിൽ 'അയാൻ വെഡ്സ് നാദിയ' എന്ന വാക്കല്ലാതെ അതിൽക്കൂടുതലൊന്നും ഞാൻ വായിച്ചിരുന്നില്ലല്ലോ എന്ന്.

  നാളുകൾ പിന്നെയും കടന്നുപോയി.
ഒരു ദിവസം ഓഫീസ് സമയത്ത് തുടരെത്തുടരെ ഫോൺ റിംഗ് ചെയ്തു. അത്യാവശ്യമില്ലാതെ ഉമ്മ ഈ സമയം വിളിക്കില്ല.ഇനി ഉപ്പയ്ക്ക് വയ്യായ്ക എന്തെങ്കിലും...?
ഓർത്തപ്പൊ വേവലാതിയായി..
കോൾ കട്ടാക്കി മെല്ലെ സീറ്റിൽ നിന്നെഴുന്നേറ്റു.പുറത്തെ കോറിഡോറിലേക്കു ചെന്നു ഉമ്മയെ വിളിച്ചു.
"എന്തേ ഉമ്മ ഇത്ര അത്യാവശ്യമായിട്ട്...എന്തിനാ വിളിച്ചേ?"
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി..
"മോളെ....അയാൻ..."

"അയാൻ..അയാന് എന്തു പറ്റി.."

 എന്റെ സ്വരത്തിൽ അറിയാതെ ഒരു വിറയൽ കടന്നു വന്നു.
"അവനെ ഇന്നലെ രാത്രി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
എന്തോ കിഡ്നി ഫെയില്യർ ന്നൊക്കെ ഉപ്പ പറയുന്നതു കേട്ടു.കുറച്ചു സീരിയസ് ആണത്രേ.എനിക്ക് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല മോളെ.മോളോട് പറയരുതെന്ന് ഉപ്പ പറഞ്ഞതാണ്..
പക്ഷെ നിന്നോട് പറയാതെങ്ങനെയാ..ഇനിയെന്റെ പൊന്നുമോൾ മനസ്സിലൊന്നും വെച്ചേക്കരുത്... 
അവനു വേണ്ടി പ്രാർത്ഥിക്കണം."

  പിന്നീട് ഉമ്മ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.
ഫോൺ കട്ടായതും അറിഞ്ഞില്ല.
കണ്ണിലിരുട്ട് കയറിയ പോലെ.
എങ്ങനെയോ തപ്പിത്തടഞ്ഞ് അകത്തേക്കു കയറിയതേ ഓർമ്മയുള്ളൂ.ലോകം മുഴുവൻ കീഴ്മേൽ മറിയുന്ന പോലെ.കണ്ണു തുറക്കുമ്പൊ ഓഫീസിലെ സഹപ്രവർത്തകരെല്ലാവരും ചുറ്റുപാടുമുണ്ടായിരുന്നു.

 ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് സഹീർക്ക എന്നെ കൊണ്ടുപോകാൻ ഓഫീസിൽ വന്നിരുന്നു.
വീട്ടിലെത്തിയ എനിക്ക് എത്ര ശ്രമിച്ചിട്ടും കരച്ചിൽ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
ചെയ്തു പോയ വലിയ തെറ്റ് എന്നെ കുത്തിനോവിച്ചു .
അവനോട് കാണിച്ച അവഗണനയുടെ ഓർമ്മകൾ ഓരോ നിമിഷവും
എന്നെ പൊള്ളിച്ചു കൊണ്ടേയിരുന്നു.
ഇതിനിടെ സഹീർക്ക ആരെയൊക്കെയോ ഫോണിൽ വിളിച്ച് വിവരങ്ങളറിയുന്നുണ്ടായിരുന്നു.
ഒന്നിനുമാവാതെ പ്രതിമ പോലെ ഞാനിരുന്നു.അതിനിടയിൽ സഹീർക്ക പറയുന്നത് കേട്ടു.
"കിഡ്നി മാറ്റി വെച്ചാൽ ചിലപ്പൊ രക്ഷപ്പെടും.അവന്റെ ഉമ്മ അത് നൽകാൻ തയ്യാറാണത്രെ.പടച്ചോനോട് പ്രാർത്ഥിക്കാം ..എല്ലാം ശരിയാകുമെടോ."
പിറ്റേന്ന് തന്നെ ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും നല്ലൊരു തുക സഹീർക്ക അവന്റെ ഭാര്യയുടെ പേരിൽ അയച്ചു കൊടുത്തു.എന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ആ മനുഷ്യനോട് ഒരുപാടാദരവ് തോന്നിപ്പോയി.പിന്നെ പ്രാർത്ഥനയുടെ നാളുകളായിരുന്നു.

 ഐ സി യു വിലുള്ള അവൻ ഫോണിൽ സംസാരിക്കാൻ പറ്റാത്തത്രയും ക്ഷീണിതനായിരുന്നു.നാട്ടിലേക്ക് പോയി അവനെ കെട്ടിപ്പിടിച്ചു മാപ്പിരക്കാനെന്റെ മനസ്സൊരുപാട് കൊതിച്ചു.
പക്ഷേ വിസ പുതുക്കാനായി പാസ്പോർട്ട് കൊടുത്തിട്ടുള്ളതിനാൽ എനിക്കു പോകാൻ പറ്റിയില്ല.ദിവസവും ഉമ്മയെ വിളിച്ച് ആശുപത്രിയിലെ വിവരങ്ങളന്വേഷിച്ചറിയും.
ഒടുവിൽ ഒരു വെള്ളിയാഴ്ച്ച രാത്രി 
ഓപ്പറേഷൻ തീയ്യതിക്കു മൂന്നു ദിവസം മുന്നെ എല്ലാവരേയും തനിച്ചാക്കി ഒരു യാത്ര പോലും പറയാതെ അവൻ പോയി.

കേട്ടപ്പൊ ഒരു നിമിഷം...വിശ്വസിക്കാൻ പറ്റിയില്ല.അന്നു മുഴുവൻ ബഹളം വെച്ച് കരഞ്ഞു കൊണ്ടിരുന്ന എന്നെ സമാധാനിപ്പിക്കാൻ സഹീർക്ക കുറേ പണിപ്പെട്ടു.
കുറ്റബോധവും,സങ്കടവുമൊരുപോലെ
എന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.
ജീവിതത്തിലാദ്യമായിട്ടായിരുന്നു അത്ര വലിയ വേദന ഞാനനുഭവിച്ചത്. 

 അവന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാമത്തെ ദിവസം എന്റെ പാസ്പോർട്ട് തിരിച്ചു കിട്ടി.അന്നു തന്നെ ഞങ്ങൾ നാട്ടിലേക്കു പുറപ്പെട്ടു.തോരാത്ത കണ്ണീരോടെ ഞാൻ നാട്ടിലെത്തി.നേരെ ജമീലത്താത്തയുടെ വീട്ടിലേക്കാണ് പോയത്.എത്രയോ കാലങ്ങളായി ഞാനാ വീടിന്റെ പടി ചവിട്ടിയിരുന്നില്ല.വല്ലാത്ത കുറ്റബോധം തോന്നി.എന്നെ കണ്ടതും കിടന്നിരുന്ന ജമീലാത്ത എന്റെ പൊന്നു മോളേയെന്ന് പറഞ്ഞ് കരയാനാരംഭിച്ചു.
നിയന്ത്രണമില്ലാതെ ഞാനും കരഞ്ഞു പോയി.
അവനില്ലാത്ത അവന്റെ ഓർമ്മകളുറങ്ങിക്കിടക്കുന്ന ആ വീട്..വിശ്വസിക്കാൻ പറ്റുന്നേയില്ലായിരുന്നു അവൻ പോയെന്ന്.

 കുറേ നേരം സംസാരിച്ച് ഞാൻ പോകാനെഴുന്നേറ്റപ്പൊ ജമീലത്താത്ത എനിക്കവന്റെ ഭാര്യയെക്കാട്ടിത്തന്നു.
ഒരു ചെറിയ പെൺകുട്ടി.അവളാകെ വാടിത്തളർന്നു പോയിരുന്നു.
'ഇത് '...ജമീലത്താത്ത എന്നെ പരിചയപ്പെടുത്തുമ്പോഴേക്കും ,അവൾ പറഞ്ഞു..
"എനിക്കറിയാം..ഇക്ക ഒരുപാട് പറഞ്ഞിട്ടുണ്ട്.അല്ല എന്നും പറയുമായിരുന്നു.
അവസാന ദിവസം വരെ വാശിപിടിച്ചതാ ഇത്തയോടു സംസാരിക്കാൻ.
ശ്വാസം മുട്ടലുണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർമാർ സമ്മതിച്ചില്ല.ഇക്കയ്ക്കത് വല്യ സങ്കടാര്ന്നു...പറയുമ്പോഴേക്കും അവൾ വിതുമ്പിപ്പോയി.എനിക്കെന്റെ ദേഹമാകെ ചുട്ടുപൊള്ളുന്നതുപോലെ തോന്നി.

 ഇത് ഇക്ക ഇത്തയ്ക്ക് തരാൻ ഏൽപ്പിച്ചതാ;അസുഖം കൂടിയപ്പോ...
തലയിണക്കീഴിൽ നിന്നും ഒരു കവറവളെന്നെ ഏൽപ്പിച്ചു.അവളുടെ ഉന്തിനിൽക്കുന്ന വയറിലെ അവന്റെ ജീവന്റെ തുടിപ്പിനെ ഒന്നു തലോടി,
ഒന്നും മിണ്ടാതെ ഞാൻ വീട്ടിലേക്ക് നടന്നു

      വീട്ടിലെത്തിയതിനുശേഷം ഞാനാ കവർ പൊട്ടിച്ചു.
നാലായി മടക്കിയ ഒരു പേപ്പറിൽ കുനുകുനെ എഴുതിയ അവന്റെ അക്ഷരങ്ങളായിരുന്നു.
എഴുത്തിലൂടെ ഞാൻ കണ്ണോടിച്ചു.

  പ്രിയപ്പെട്ടവളെ...
എന്തോ എനിക്ക് നിന്നെ പേര് ചൊല്ലി വിളിക്കാൻ തോന്നുന്നില്ല.
ചിലപ്പൊ മനസ്സിലത്രയ്ക്ക് ചേർത്തു വച്ചതു കൊണ്ടാകാം.

ഇനിയെനിക്ക് ചുരുങ്ങിയ സമയം മാത്രമേ ഉള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു കഴിഞ്ഞു.
ഇപ്പൊ ഈ സമയം
വെറുതേ ആഗ്രഹിച്ചു പോവുകയാണ് നിന്നെയൊന്നു കാണാൻ. 
വെറുതേ നിന്റെ കൂടെ കൊതിതീരെ സംസാരിച്ചിരിക്കാൻ...ഒന്നു യാത്ര പറയാൻ...

  നിനക്കറിയാമോ 
കിലുക്കാംപെട്ടി പോലെ സംസാരിക്കുന്ന 
 ആ നിന്നെ നീ പോലുമറിയാതെ ഞാൻ 
പ്രണയിച്ചിരുന്നു;ഒരുപാടൊരുപാട് ..
നിന്നോടത് തുറന്നു പറഞ്ഞാൽ ഒരുപക്ഷേ നമ്മുടെ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് ഞാനത് പറയാതെ ഉള്ളിൽ വെച്ചത്.
ഇനിയുമത് പറഞ്ഞില്ലെങ്കിൽ ഞാൻ നിന്നോട് ചെയ്യുന്ന വലിയൊരു തെറ്റാണത്.

 കാരണമില്ലാതെ നീയെന്നോട് പിണങ്ങിയപ്പൊ അതോർത്തെത്ര സങ്കടായെന്നോ എനിക്ക്.
നീ വിചാരിക്കുന്നതു പോലെ അന്നു കോളേജിലുണ്ടായ സംഭവം ഞാൻ പറഞ്ഞിട്ടല്ലായിരുന്നു നിന്റെ ഉപ്പയറിഞ്ഞത്.
അന്നവിടെക്കൂടിയ ആൾക്കൂട്ടത്തിൽ നമ്മുടെ കോളേജിലെ ഓഫീസിൽ ജോലി ചെയ്യുന്ന അഷ്റഫിക്കയുമുണ്ടായിരുന്നു.
നിനക്കറിയില്ലേ അദ്ദേഹം നിന്റെ ഉപ്പയുടെ സുഹൃത്താണെന്ന്.
അദ്ദേഹം വിളിച്ചു പറഞ്ഞിട്ടാണ് നിന്റെ ഉപ്പ കാര്യങ്ങളറിഞ്ഞത്.
തെറ്റിദ്ധരിക്കല്ലേ ആ മനുഷ്യൻ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ല.
നീ ചെയ്ത നല്ല കാര്യത്തെ പ്രശംസിച്ചു കൊണ്ടാണ് അദ്ദേഹം ഉപ്പയോട് സംസാരിച്ചതത്രെ.
പക്ഷെ ഉപ്പ ചിന്തിച്ചത് വേറൊരു രീതിയിലാണ്.ആൾക്കൂട്ടത്തിൽ ശബ്ദമുയർത്തിയ പെൺകുട്ടി ഉപ്പയ്ക്ക് അപമാനമായിത്തോന്നിയിട്ടുണ്ടാകാം.
ഒക്കെ സംഭവിച്ചു കഴിഞ്ഞില്ലേ ഇനി പറഞ്ഞിട്ടു കാര്യമില്ല..എന്നാലും നിനക്കെന്നോടുള്ള പിണക്കം മാറണം.ഒരു ചെറിയ തെറ്റിദ്ധാരണയാണ് നമ്മുടെയിടയിൽ അകലം തീർത്തത്.പലപ്രാവശ്യം
അത് തിരുത്താനായി ഞാൻ നിന്റെ അരികിലേക്കെത്തിയിരുന്നു.
ഒന്നിനുമായിട്ടല്ല നീ എന്നെ വെറുക്കാതിരിക്കാൻ മാത്രം..പക്ഷേ ഒരിക്കലും നീയെനിക്ക് മുഖം തന്നില്ല..എന്നെ കേട്ടില്ല.
എന്റെ സങ്കടങ്ങളൊക്കെയും ഞാൻ ഉമ്മയോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ.ഉമ്മയ്ക്കറിയാം എനിക്ക് നീയെത്ര വിലപ്പെട്ടതാണെന്ന്.

  ഈ എഴുത്ത് നിന്റെ കൈയ്യിലെത്തുമ്പോഴേക്കും ചിലപ്പൊ ഞാനീ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകാം..എന്നാലും ചില സത്യങ്ങൾ പറയുക തന്നെ വേണമല്ലോ.. 
നീ മറ്റൊരാളുടെയാണെന്നറിഞ്ഞിട്ടും ,
തെറ്റാണെന്നറിഞ്ഞിട്ടും ഞാനിന്നും നിന്നെ ഒരുപാട് സ്നേഹിക്കുന്നു.കാരണം നീയെന്നിൽ നിറഞ്ഞ ലഹരിയാണ്.സ്നേഹമെന്ന ലഹരി.
ഇത് വായിച്ചു കഴിഞ്ഞാലും നീയെന്നെ വെറുക്കരുത്..ശപിക്കരുത്.. 

 ഇനി ഞാൻ നിർത്തട്ടെ..ഇനിയും കുറേ പറഞ്ഞാൽ നീയൊരുപാട് സങ്കടപ്പെടുമെന്നറിയാം; അതു വേണ്ട കെട്ടോ ദൈവമായിട്ട് തന്ന നല്ലൊരു സമ്മാനമുണ്ട് നിനക്കിന്ന് സ്വന്തമായിട്ട്... നിന്റെ സഹീറിക്ക.
സന്തോഷത്തോടെ ഇക്കയോടും മോനോടുമൊപ്പം കുറേക്കാലം ജീവിക്കാനുള്ള ഭാഗ്യം ദൈവം നിനക്ക് തരട്ടെ.

 വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ തിക്കുമുട്ടിയ സങ്കടങ്ങൾ കുഞ്ഞരുവിയായ് ആ പേപ്പറിനെ നനച്ചു.
വിതുമ്പുന്ന ചുണ്ടുകളോടെ ഞാനാ പേപ്പറിനെ പലയാവർത്തി ചുംബിച്ചു ;ഒരു ഭ്രാന്തിയെപ്പോലെ..
"അയാൻ...മാപ്പ്..ഞാൻ നിന്നേയും സ്നേഹിച്ചിരുന്നു...ഒരുപാട്..."
ഞാൻ പിന്നെയും ഏങ്ങലടിച്ച് പലതും പുലമ്പിക്കൊണ്ടിരുന്നു.
അപ്പോൾ അങ്ങകലെ പള്ളിക്കാട്ടിലെ ഖബറിനുള്ളിൽ ഒരു ചുംബനത്തിന്റെ ആലസ്യവുമായി ഒരു ചെറുപുഞ്ചിരിയോടെ
അവനുറങ്ങുകയായിരുന്നു.

         

അന്നൊരുനാളിൽ

Image may contain: 1 person, selfie and closeup
.......................................
അന്നൊരുനാളിൽ
നിന്നോട് പറയാനാഞ്ഞതെല്ലാം
ഒരു വാക്കിലൊതുങ്ങാതെ
നീർമണിമുത്തുകളായെന്റെ
കൺകോണിലൊളിച്ചിരുന്നു
നിന്നെ കേൾക്കുമ്പൊഴൊക്കെ
പ്രിയമാർന്നൊരു ഗസലിലെ
നേർത്ത സംഗീതമായ്
നീയെന്നിലലിഞ്ഞിരുന്നു.
പ്രണയമെഴും കവിതാശീലുകളായ്
നീയെന്നുമെന്റെ ചുണ്ടിലുണ്ടായിരുന്നു
നിന്നെ ഓർക്കുമ്പോഴൊക്കെയും
മയിൽപ്പീലിയുടെ ചാരുതയായ്,
ചെറുകാറ്റിൽ നിറയുന്ന
ചന്ദന സുഗന്ധമായ്
നീയെന്നെ തഴുകിയിരുന്നു
ചെമ്പകം പൂത്ത നടവഴിയിലന്ന്
പറയാൻ മറന്ന പ്രണയമായ്
നീയണഞ്ഞപ്പോൾ
നിഴലായ് നിന്നെ പിൻതുടർന്നതും
നിഴലുകൾ തമ്മിൽ
പ്രണയം പറഞ്ഞതും
ഇന്നുമൊരോർമ്മച്ചിത്രമായ് തെളിയവേ
അറിയാതെ പിന്നെയുമെൻ
മിഴിക്കോണുകളീറനായീടുന്നു...

Maya Dinesh

നിഴൽക്കാഴ്ച്ചകൾ

Image may contain: 1 person
..............................................................
തലേന്ന് കണ്ട സ്വപ്നം ഒന്നുകൂടി ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് കിടക്കയിൽ ചുരുണ്ടു കിടക്കുമ്പോഴാണ് അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം അശരീരി പോലെ ചെവിയിൽ വന്നു പതിച്ചത്.
"തമ്പുരാൻ വേഗം എഴുന്നള്ളീല്ലേല് ഞാനീ ദോശയും ചട്ണിയുമൊക്കെ അമ്മിണിപ്പശുവിന്റെ കാടി വെള്ളത്തിലിടും.
പറഞ്ഞില്ലാന്ന് വേണ്ടാ..
എനിക്കിവിടെ നൂറു കൂട്ടം ജോലികളുള്ളതാ അതിനിടേലാ ഓരോന്ന് മനുഷ്യനെ മെനക്കെടുത്താൻ..."
അമ്മയ്ക്ക് സ്നേഹം കൂടുമ്പോ എന്നെ
തമ്പുരാനെന്നേ വിളിക്കൂ .
എന്ത് കേട്ടാലും നമുക്ക് യാതൊരു കുലുക്കവുമില്ല.
പക്ഷേ അമ്മിണിപ്പശുവും കുടുംബവും എന്റെ ദോശയും, ചട്ണിയും സ്വാദോടെ കഴിക്കുന്നതോർത്തപ്പോ ഒരു വല്ലായ്മ.
വേഗമെണീറ്റ് പ്രഭാതകൃത്യങ്ങളൊക്കെ ചെയ്തെന്നു വരുത്തി ഊണുമേശയ്ക്കരികിലെത്തി.
നല്ല സ്വാദുള്ള നെയ്യൊഴിച്ച മൊരിഞ്ഞ ദോശ തിന്നുമ്പോഴേക്കും പിന്നെയും അമ്മ തുടങ്ങി..
"തമ്പ്രാനപ്പൊ ഇറങ്ങ്വല്ലേ..
ഇനി ഇന്നു നേരം ഇരുട്ട്യാല് പ്രതീക്ഷിച്ചാ മതിയല്ലോ.
വാനരപ്പടയൊക്കെ കാത്തിരിപ്പുണ്ടാവും.
വേഗം പോയ്ക്കോ വൈകിക്കേണ്ട.."
"ഇതെന്തൊരു അമ്മയാ...അമ്മ ശ്യാമച്ചിറ്റയെ നോക്കിപ്പഠിക്ക്..ഞങ്ങളെത്ര ബഹളം വെച്ചാലും ഒരു വഴക്കും പറയൂല.
അമ്മയുണ്ടല്ലോ ദുഷ്ടയാ ദുഷ്ട...
അടുത്ത ജന്മത്തില് എനിക്ക് ശ്യാമച്ചിറ്റേടെ മോനായി...." പറഞ്ഞു തീരുമ്പോഴേക്കും തലയില് ചിരിച്ചുകൊണ്ടൊരു കിഴുക്കു തന്നു അമ്മ.
"ഓ പറയുമ്പഴാ ഓർത്തേ നീ പെട്ടെന്ന് കുളിച്ച് ഉടുപ്പൊക്കെ മാറ്റി അവിടേക്ക് ചെല്ലെടാ.ഇന്ന് പവിത്രന്റെ പിറന്നാളാ.ശ്യാമയ്ക്ക് അമ്പലത്തിൽ പോകണം പോലും.നിന്നോട് കൂട്ട് ചെല്ലാൻ പറഞ്ഞു."
രാവിലത്തെ കുളി വല്യ ഇഷ്ടമല്ലെങ്കിലും ശ്യാമച്ചിറ്റയെ ഓർത്തപ്പൊ മടിയൊക്കെ
പമ്പ കടന്നു.
ശ്യാമച്ചിറ്റ അച്ഛന്റെ ഇളയമ്മയുടെ മകളാണ്.
എന്റെ അമ്മയേക്കാൾ മൂന്നോ നാലോ വയസ്സ് ഇളയത്,അമ്മയുടെ ഏറ്റവും വലിയ കൂട്ട്.
ഞങ്ങളുടെ വീടിന്റെ തെക്കേ ഭാഗത്താണ് ചിറ്റയുടെ വീട്. മാവും,പേരയും , ചെമ്പകമരവുമൊക്കെയുള്ള ആ പറമ്പില് ഏത് വേനലിലും നല്ല തണുപ്പാണ്.അതുകൊണ്ട് ഞങ്ങൾ കുട്ടികളുടെ അവധിദിവസങ്ങളിലുള്ള കളികളൊക്കെ അവിടെയാണ്.
ചിറ്റയ്ക്ക് എവിടെപ്പോകണമെങ്കിലും ഞാൻ കൂട്ടുവേണം.കിരണെന്ന എന്റെ പേരിനു പകരം ചിറ്റയെന്നെ ഒരുപാട് സ്നേഹത്തോടെ അപ്പുവെന്നേ വിളിക്കൂ .ആ വിളി ഒരുപക്ഷേ എന്റെ ചിറ്റയ്ക്കു മാത്രം അവകാശപ്പെട്ടതാണ്.
ചിറ്റ പറഞ്ഞാൽ ഞാൻ എന്തും അനുസരിക്കും.
എന്നുമവിടെച്ചെന്നാൽ എനിക്കിഷ്ടമുള്ള
മധുരപലഹാരങ്ങളുണ്ടാക്കിത്തരികയും,
കണക്കു പരീക്ഷയ്ക്ക് കൂടെയിരുത്തി പഠിപ്പിച്ച് സംശയങ്ങൾ തീർത്തുതരുകയുമൊക്കെ ചെയ്യാറുണ്ട്.അമ്മയെപ്പോലെ...ചിലപ്പോൾ അമ്മയെക്കാളേറെ ഞാനവരെ സ്നേഹിച്ചിരുന്നു.
ബഹുമാനിച്ചിരുന്നു...
ചിറ്റയുടെ നേരെ വിപരീതസ്വഭാവമാണ് ചിറ്റയുടെ അനിയനായ പവിത്രമ്മാമയ്ക്ക്.
എന്നും കള്ളും,കഞ്ചാവുമായി നടക്കുന്നയാൾ.തോന്നുമ്പോ മാത്രമേ വീട്ടിൽ വരികയുള്ളൂ. ചുവന്ന കണ്ണുകളുള്ള അയാളെ കാണുന്നതേ എനിക്ക് പേടിയാണ്.
ഒരേ വയറ്റിൽ നിന്നും വിപരീത സ്വഭാവമുള്ള രണ്ടുപേർ!!വല്ലാത്തൊരദ്ഭുതം തന്നെ..
ചിറ്റയ്ക്ക് വരുന്ന കല്ല്യാണാലോചനകളൊക്കെ മുടങ്ങിയത് അനിയന്റെ സ്വഭാവദൂഷ്യം കൊണ്ടാണത്രെ.
എന്നാലും ആ പാവം ആരോടും ഒരു പരാതിയും പറയാറില്ല .സങ്കടങ്ങളൊക്കെ ഒരു പുഞ്ചിരിയിലൊതുക്കും.ആലോചിച്ച് നടന്ന് ചിറ്റയുടെ വീടെത്തിയതറിഞ്ഞില്ല.
അമ്പലത്തിലേക്കുള്ള യാത്രയിൽ
എന്റെ സ്ക്കൂളിനെക്കുറിച്ചും,പുതിയ കൂട്ടുകാരെക്കുറിച്ചും വായ്തോരാതെ ഞാനും , ചിറ്റയും സംസാരിച്ചു കൊണ്ടിരുന്നു.
അർച്ചന കഴിപ്പിക്കാൻ രശീതി മുറിച്ച് പ്രദക്ഷിണം വെയ്ക്കുമ്പൊ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..
"അയാളിത്രേം ദ്രോഹിച്ചിട്ടും എന്തിനാ ചിറ്റേ പിന്നേം ഇത്രയും സ്നേഹിക്കുന്നേ?.."
" കൂടപ്പിറപ്പായിപ്പോയില്ലേ ...
ഒക്കെ നമ്മുടെ വിധിയാമോനേ..
ഈ അർച്ചനകളുടെയൊന്നും ഫലം കിട്ടിതിരിക്കില്ല; എന്നെങ്കിലും,ഏതെങ്കിലും ഒരീശ്വരനെങ്കിലും കണ്ണു തുറക്കുമായിരിക്കും കുട്ടീ"
ഇലച്ചീന്തിലെ ചന്ദനത്തിൽ നിന്നൊരു നുള്ളെടുത്ത് എന്റെ നെറ്റിയിൽ ചാർത്തിക്കൊണ്ട് ചിറ്റയതു പറയുമ്പോ ആ കണ്ണു നിറഞ്ഞിരുന്നു.
ഉച്ചയൂണ് കഴിഞ്ഞേ ചിറ്റയന്നെന്നെ വീട്ടിലേക്ക് വിട്ടുള്ളൂ.
പിറ്റേന്ന് രാവിലെ ഇത്തിരി പരിപ്പും ,പച്ചക്കറികളും വാങ്ങാനായി അമ്മയെന്നെ കടയിലേക്കയക്കുമ്പൊ ചിറ്റയുടെ വീട്ടിലും കയറി.അതൊരു പതിവാണ് എന്നും കടയിലേക്ക് പോകുമ്പൊ അവിടത്തേക്കും കൂടി എന്തെങ്കിലും സാധനം വാങ്ങാനുണ്ടോ എന്നന്വേഷിക്കാറുണ്ട്. ഞാനന്നു ചെല്ലുമ്പോൾ വീടിന്റെ പിന്നാമ്പുറത്തെ വരാന്തയിലെ അരമതിലിൽ എന്തോ ആലോചിച്ചിരിപ്പായിരുന്നു ചിറ്റ.
കടയിൽ നിന്ന് എന്തെങ്കിലും വാങ്ങാനുണ്ടോ ചിറ്റേ
എന്നു ചോദിച്ചപ്പൊ വേഗമെഴുന്നേറ്റ് പോയി പൈസയുമായി വന്ന് "അഴ കെട്ടാൻ കയറ് വാങ്ങിക്കോ..വേറൊന്നും വേണ്ട.."
പിന്നെ എന്തോ പെട്ടെന്ന് ഓർത്ത പോലെ പറഞ്ഞു.
"അപ്പൂ ദേ നോക്കൂ...ഞാൻ കുളിക്കാൻ പോക്വാണേ..എന്നെ കണ്ടില്ലേല് കയറിവിടെ വച്ചേക്കൂ കെട്ടോ..
ഇതാ ഇതെടുത്തോ മോനു വേണ്ടി സൂക്ഷിച്ചു വെച്ചതാണ്."
സ്വർണ്ണ നിറമുള്ള കവറുള്ള രണ്ട് മിഠായികൾ ചിറ്റയെനിക്ക് നേരെ നീട്ടി.ഞാനത് വാങ്ങി ട്രൗസറിന്റെ പോക്കറ്റിലേക്കിട്ട് കടയിലേക്ക് നടന്നു.
തിരിച്ചു വന്നപ്പൊ ചിറ്റയെ അവിടൊന്നും കണ്ടില്ല.
കയറവിടെ വെച്ച് ഞാൻ വീട്ടിലേക്ക് നടന്നു.അമ്മയെ സാധനങ്ങളേൽപ്പിച്ച് ചിറ്റ തന്ന മിഠായി വായിലേക്കിടുമ്പോഴാണ് അവരുടെ വീട്ടിൽ നിന്നും വലിയൊരു നിലവിളി കേട്ടത്.അമ്മൂമ്മയ്ക്കെന്തോ ആപത്ത് പറ്റിയെന്നു തോന്നുന്നുവെന്നു പറഞ്ഞ് അമ്മയവിടേയ്ക്കോടുമ്പോ പിന്നാലെ ഞാനും ഓടി.ചിറ്റയുടെ മുറിയിൽ നിന്നും കേട്ട കരച്ചിലിന്റെ ഉറവിടം തേടി ചെന്നപ്പോ കണ്ടത് അലമുറയിട്ടു കരയുന്ന അമ്മൂമ്മയെയും ,ഞാൻ വാങ്ങിക്കൊണ്ടു വന്ന കയറിൽ തൂങ്ങിയാടുന്ന എന്റെ ചിറ്റയുടെ അനക്കമറ്റ ശരീരത്തെയുമാണ്.
എന്റെ വായിലപ്പോഴും ചിറ്റ തന്ന മിഠായി അലിഞ്ഞു തീർന്നിരുന്നില്ല.
ചിറ്റയുടെ മരണശേഷം ആരുമില്ലാതായ അമ്മൂമ്മയെ അമ്മ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.ചിറ്റയുടെ മരണം എന്നെ ഒരുപാടു സങ്കടപ്പെടുത്തി.എന്നാലും ചിറ്റയെന്തിനാണങ്ങിനെ ചെയ്തതെന്ന സംശയം എന്റെ മനസ്സിനെ മഥിച്ചു കൊണ്ടേയിരുന്നു.
ആ കയർ ഞാനന്ന് വാങ്ങിക്കൊടുത്തില്ലായിരുന്നുവെങ്കിൽ....
ഒരുപക്ഷേ എന്റെ ചിറ്റ മരിക്കില്ലായിരുന്നു
എന്ന ചിന്ത എന്റെ കൺനിറച്ചു.ആ നിമിഷത്തെ
മനസ്സാലെ ഞാനൊരുപാട് ശപിച്ചു.
പലതും ചിന്തിച്ച് അമ്മൂമ്മയുടെ മടിയിലുറങ്ങിപ്പോയ ഞാൻ കേട്ടത് അമ്മയോട് പതിയെ പറഞ്ഞു കരയുന്ന അമ്മൂമ്മയുടെ വാക്കുകളാണ്.
ചിറ്റ മരിക്കുന്നതിന്റെ തലേന്ന് പവിത്രമ്മാമ ഒരുപാട് വൈകിയാണത്രെ വീട്ടിലെത്തിയത്.
അമ്പലത്തിലെ പ്രസാദം അനിയന് കൊടുക്കുവാനായി അനിയൻ കിടക്കുന്ന മുറിയിലേക്കു ചെന്ന ചിറ്റയെ കഞ്ചാവിന്റെ ലഹരിയിൽ അയാൾ കടന്നു പിടിക്കാൻ ശ്രമിച്ചത്രെ. ബഹളം കേട്ടെത്തിയ അമ്മൂമ്മയ്ക്ക് മുന്നിൽ അന്ന് ചിറ്റ ഒരുപാട് കരഞ്ഞത്രെ.
"അവനെന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ മോളെ....അമ്മയായിപ്പോയില്ലേ ശപിക്കാൻ പറ്റില്ലല്ലോ.."
അമ്മൂമ്മയെ സമാധാനിപ്പിക്കാനമ്മയ്ക്ക് വാക്കുകളില്ലായിരുന്നു.
അതിൽപ്പിന്നെ അയാൾ നാട്ടിലേക്ക് വന്നിട്ടേയില്ല. അയാളെപ്പറ്റി ആരും തിരക്കിയതുമില്ല.
എന്നാലും എവിടെയായാലും അയാൾ നരകിച്ചു ചാവണേയെന്ന് ഞാനെന്നും പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു.ആ രൂപത്തെ ഞാനത്ര വെറുത്തു പോയിരുന്നു.
കാരണം എനിക്കെന്റെ ചിറ്റയെ പ്രാണനായിരുന്നു.
കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ കടന്നു പോയി.
ഞാനിന്നൊരു ഡോക്ടറാണ്.
ഡോക്ടർ കിരൺ നായർ.
സിറ്റി ഹോസ്പിറ്റലിലെ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ.
കാലമെത്ര കഴിഞ്ഞിട്ടും
ചിറ്റയുടെ ഓർമ്മകൾ എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.
എന്നും ഉറക്കത്തിൽ, കയറിൽ തൂങ്ങിയാടുന്ന ചിറ്റയുടെ രൂപം കണ്ട് ഞാൻ ഞെട്ടിയുണരാറുണ്ട്.
ചില മുറിവുകളെന്നും മുറിവുകളായിത്തന്നെ തുടരും...കാലമെത്ര കടന്നു പോയാലും, ഉള്ളിലൊരു നീറ്റൽ ബാക്കിയാക്കും. ചിറ്റയുടെ മരണവും അതുപോലൊരു ഉണങ്ങാത്ത മുറിവായിരുന്നെനിക്ക്.
അവർ മരിച്ചതിൽ പിന്നെ നാലഞ്ചു വർഷമേ അമ്മൂമ്മയും ജീവിച്ചിരുന്നുള്ളൂ.
തോരാത്ത മഴയുള്ള ഒരു രാത്രിയിൽ ഹോസ്പിറ്റലിൽ നിന്നുള്ള ഒരു കോളാണെന്റെ ഉറക്കം ഞെട്ടിച്ചത്. തലേന്ന് അഡ്മിറ്റ് ചെയ്ത ഒരു കൊച്ചു കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നും ,പെട്ടെന്ന് ഹോസ്പിറ്റലിലേക്കെത്തണമെന്നുമായിരുന്നു ആ കോൾ.
സമയമോ ,മഴയോ വകവെയ്ക്കാതെ കാറുമെടുത്ത് ഞാനിറങ്ങി.
തുള്ളിമുറിയാത്ത മഴയും അർദ്ധരാത്രിയും...
വിജനമായ റോഡിലൂടെ വണ്ടിയോടിക്കുമ്പോഴാണ് വേച്ചു നടന്നു പോകുന്ന ഒരു രൂപം റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടത്.സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ രൂപത്തെ എനിക്ക് മനസ്സിലായി..അതയാളായിരുന്നു..
പവിത്രമ്മാമ...
ഒരു നിമിഷം ...വണ്ടി അയാളെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ മുന്നോട്ട് പാഞ്ഞു.
മഴത്തുള്ളികൾ ടയറിൽ പറ്റിയിരുന്ന രക്തത്തുള്ളികൾ കഴുകിക്കളയുമ്പൊ,
മരണത്തോട് മല്ലടിച്ചു നിൽക്കുന്ന ആ കുഞ്ഞിന്റെ മുഖം മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.

അന്ന് പുലർച്ചെ ഓപ്പറേഷൻ തിയേറ്ററിൽ
വെച്ച് ആ പിഞ്ചു ശരീരത്തിൽ
തലേന്ന് രാത്രി വണ്ടി തട്ടി മരണമടഞ്ഞ ഒരജ്ഞാതന്റെ ഹൃദയം തുന്നിച്ചേർക്കുമ്പൊ ഡോക്ടറായ എന്റെ മുഖത്തുണ്ടായ മന്ദഹാസം ആരും കണ്ടില്ല.
ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി,
തിയേറ്ററിൽ നിന്നു പുറത്തേക്കു വന്ന എന്നെ കണ്ടപ്പൊ
തൊഴുകൈകളോടെ എന്റെ അടുത്തേക്ക് വന്ന കുട്ടിയുടെ രക്ഷിതാക്കളുടെ പുറത്തു തട്ടി
"ഡോണ്ട് വറി, സേ താങ്ക്സ് ടു ഗോഡ്..യുവർ ഡോട്ടർ ഈസ് പെർഫെക്ട്ലി ആൾറൈറ്റ്"
എന്ന് പറഞ്ഞാശ്വസിപ്പിച്ച് ഒരു പുഞ്ചിരിയോടെ നടന്നകലുമ്പോൾ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി.
അന്ന് രാത്രി ഒരുപാടു കാലങ്ങൾക്കു ശേഷം ഞാനുറങ്ങി.
മഴയുടെ സംഗീതം കേട്ട്...
ചിറ്റയേയും ആ തൂങ്ങിയാടുന്ന കയറും സ്വപ്നം കാണാതെ....ഒരുപാടൊരുപാട് സന്തോഷത്തോടെ...

By: Maya Dinesh

എന്നിലെ നീ

Image may contain: 1 person, closeup
................................
എന്നോ എവിടെയോ
നിന്നെ ഞാൻ
മറന്നുവെച്ചിട്ടുണ്ട്.
ചിതലരിച്ചൊരോർമ്മ
പുസ്തകത്താളിനുള്ളിലെ
തെളിയാത്ത വരികളായ്,
എഴുതിത്തീർക്കാൻ
പറ്റാത്തൊരു കവിതയായ്.
അക്ഷരങ്ങൾ കൊണ്ട്
നിന്നെ വരച്ചാൽ
അപൂർണ്ണമാണ് നീ
വാക്കുകൾ കൊണ്ടെത്ര
നിന്നെയലങ്കരിച്ചാലും
മതിയാവുന്നില്ലെനിക്ക്.
നിന്നെ വർണ്ണിക്കുവാനുള്ള
വാക്കുകൾ തേടുകയാണിന്നും ഞാൻ
നിന്നെയെഴുതുവാൻ
ഏറ്റവും ഭംഗിയുള്ള
അക്ഷരങ്ങൾ
തിരയേണമെനിക്ക്.
സ്നേഹത്തിൻ
മഷി നിറച്ച്
നക്ഷത്ര ലിപികളാൽ
ഇനിയുമേറെ
നിന്നെയെഴുതേണം.
ഒരിക്കലും
വറ്റിവരളാത്ത
തെളിനീരുറവയായ്
നീ എന്നിലെന്നുമുണ്ട്.
ഞാൻ പോലുമറിയാതെ
എന്നിലലിഞ്ഞിരിക്കുന്ന നിന്നെ
ഞാനിന്നെത്ര മേൽ
സ്നേഹിച്ചിടുന്നെന്നോ.
നിറനിലാവുപോലൊളി ചിന്നി
നീ എന്നിൽ തെളിയുക
വർണ്ണമായ് ,വരികളുടെ
വസന്തമായെന്നും
പൂത്തുലഞ്ഞീടുക.

By: Maya Dinesh

കാത്തിരിപ്പ്

Image may contain: 1 person
.......................
ഉമ്മറത്തിണ്ണയിലെ
ചാരുകസേരയിലച്ഛനിരിപ്പുണ്ട്
കലണ്ടറിലെ അക്കങ്ങളെ
കൈ വിരലാൽ
കൂട്ടിയും കിഴിച്ചും
ദിവസങ്ങളെണ്ണിയും
അക്ഷമനായ്
ദിവസങ്ങൾക്ക്
ദൈർഘ്യമേറെയെന്ന്
പതം പറഞ്ഞും
പിന്നെയും കൂട്ടിയും കിഴിച്ചും
അച്ഛനെന്നെയും
കാത്തിരിപ്പുണ്ട്.
മുറ്റത്തെ മാവിലാദ്യം
കായ്ച്ച മാങ്ങയും
തൊടിയിലെ വെട്ടിയ
നെയ്പ്പൂവൻ പഴക്കുലയും
ചെന്തെങ്ങിലെ ഇളനീരും
മകൾക്കേറെ
പ്രിയമുള്ളതൊക്കെയും
കരുതി വെച്ച്
നാമം ജപിച്ചും
നാരായണീയം വായിച്ചും
അച്ഛനിരിപ്പുണ്ട്.
ഉപ്പേരി പപ്പടം പായസ
സദ്യയൊരുക്കേണം
ഒന്നിച്ചോണമുണ്ണേണം
കൊച്ചുമക്കൾക്കായ്
ഊഞ്ഞാലിടേണം
ജോലികൾ പിന്നെയും
പലതുണ്ട് തീർക്കുവാൻ
മക്കൾ വരാറായ്
വീടൊരു കിളിക്കൂടായ്
മാറാൻ ഇനി
ദിവസങ്ങളേറെയില്ല
അച്ഛൻ തിരക്കിലായ്
മക്കളെ കാത്തിരിക്കയായ്.
എന്തു നൽകേണമച്ഛനീ
സ്നേഹത്തിൻ പകരമായ്
ഏതു സമ്മാനം നൽകേണം?

അച്ഛന്റെ ചോറിലെ
ആദ്യത്തെ ഉരുളയ്ക്കായ്
കൊതിപൂണ്ടു നിൽക്കുന്ന
കുഞ്ഞുമോൾ ഞാനിന്നും
വാൽസല്യക്കടലിൽ
നീന്തിത്തുടിക്കാൻ വെമ്പുന്നു
ഞാനെന്നും
ആയുരാരാഗ്യത്തോടെ
കാക്കണേ ദൈവമേ...
മകളേ എന്നൊരു വിളിക്കായ്
കാതോർത്തിരിക്കുന്നു ഞാനെന്ന
അച്ഛന്റെ പൊന്നുമോൾ.
...............................................

(2018 മംഗളം ഓണപ്പതിപ്പിൽ വന്ന എന്റെ വരികൾ.
നല്ലെഴുത്തിനും,മംഗളത്തിനും പിന്നെയും നന്ദി..)

മുല്ലമഴക്കാലം - Malayalam Story Written by Maya Dinesh




***നല്ലെഴുത്ത് വായനക്കൂട്ടം ***

മുല്ലമഴക്കാലം -  എഴുതിയത് - മായാ ദിനേശ്
അവതരണം - ഷിലിൻ  പൊയ്യാറ

ഒരു വലിയ കുഞ്ഞു പ്രശ്നം

Image may contain: 1 person
................. ....... .... ................................
പത്തിരുപത് വർഷങ്ങൾക്കു മുൻപ്
ജയ് ഹനുമാനും, ഓം നമഃ ശിവായയും ടി.വി സീരിയൽ രംഗത്ത് അരങ്ങ് തകർക്കുന്ന കാലം..
ഇടയ്ക്കിടെ ടി.വിയില് നിന്നുയരുന്ന
"സ്വാമീ.. സ്വാമീ..."എന്ന കർണ്ണകഠോരമായ അലർച്ചയെ സഹിക്കാൻ പാവം ചെവികൾക്ക് ശക്തിയില്ലാത്തതു കൊണ്ട് തലയിണ ചെവികൾക്കിരു വശവും വെച്ച് ആ ശബ്ദതീവ്രതയെ ഇത്തിരി കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടായിരുന്നു...മിനിക്കുട്ടി എന്നും ഉറങ്ങാൻ ശ്രമിച്ചിരുന്നത്.
തന്റെ പ്രിയപ്പെട്ട ഹിന്ദി സീരിയൽ വേറൊരു ചാനലിലുണ്ടെങ്കിലും ബഹുമാന്യരായ മാതാശ്രീയും ,പിതാശ്രീയും ഒരിക്കലും അത് കാണാൻ സമ്മതിക്കാറില്ലായിരുന്നു.
എട്ടു മണി തൊട്ട് പിതാശ്രീ കൈക്കലാക്കുന്ന റിമോട്ട് ചിലപ്പൊ സോഫയ്ക്കടിയിൽ ഒളിപ്പിച്ചു
വെച്ചും അവളവരോടൊരു മധുരപ്രതികാരം വീട്ടാൻ ശ്രമിക്കാറുണ്ട്.ചില അവസരങ്ങളിൽ പിടിക്കപ്പെട്ടാൽ മാതാശ്രീയുടെ ശാപവാക്കുകളും പിതാശ്രീയുടെ നോക്കിപ്പേടിപ്പിക്കലും നേരിടേണ്ടി വരാറുണ്ടെന്നേ ഉള്ളൂ.
പൊതുവേ ഇന്ത്യാ..പാക്കിസ്ഥാനാണെങ്കിലും
ഹനുമാന്റെയും ,ശിവന്റെയും കാര്യത്തിൽ ഇരുമെയ്യാണെങ്കിലും നമ്മളൊന്നാണേ എന്ന ഭാവമാണവർക്ക്.
അന്നും പതിവുപോലെ ജയ് ഹനുമാൻ ടൈറ്റിൽ സോങ്ങ് തുടങ്ങുമ്പോഴേക്കും പിതാശ്രീ പെട്ടെന്ന് കഞ്ഞി കുടി കഴിഞ്ഞ് കൈകഴുകി തന്റെ സ്വന്തം സോഫയിലുപവിഷ്ടനാകുകയും ,മാതാശ്രീ ജന്മിയുടെ മുന്നിലെ അടിയാനെപ്പോലെ വീടിന്റെ മുകൾ നിലയിലേക്കുള്ള ഗോവണിപ്പടിയുടെ താഴത്തെ പടിമേൽ തന്റെ സ്ഥിരം സീറ്റുറപ്പിക്കുകയും ചെയ്തു.
പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നേടത്ത് കാര്യം എന്ന നിലയിൽ റിമോട്ട് പിതാശ്രീക്ക് കൈമാറി
കിടക്കയിൽ ചെന്നു കിടന്നതും പകല് തിന്ന ഉപ്പുമാങ്ങയുടെ പ്രഭാവത്തിൽ ഉറക്കം മിനിക്കുട്ടിയുടെ കൺകളിലൂഞ്ഞാല് കെട്ടിയതും ഒരുമിച്ചായിരുന്നു.
ഒരു കുഞ്ഞുറക്കം കഴിഞ്ഞ് ഞെട്ടിയപ്പൊ,
ഇത്തിരി വെള്ളം കുടിക്കാൻ മോഹമുദിച്ച മിനിക്കുട്ടി കണ്ടത് സോഫയിലിരുന്ന് കൂർക്കം വലിക്കുന്ന പിതാശ്രീയേയും ആ താളത്തിനനുസരിച്ച് കിലോക്കണക്കിന് ഉറക്കം തൂക്കിയിടുന്ന മാതാശ്രീയേയുമാണ്.
"എന്തൊരു ഐക്യം !എന്തൊരു ഒരുമ !"
എന്ന ഡയലോഗടിച്ച് പൂച്ചയെപ്പോലെ പതുങ്ങി റിമോട്ട് കൈക്കലാക്കി ശബ്ദം കുറച്ച് തന്റെ ഇഷ്ട ഹിന്ദി സീരിയൽ പകുതിയെങ്കിലും കാണാൻ പറ്റിയ സന്തോഷത്തിൽ ലയിച്ചിരിക്കുമ്പൊ ഉറക്കം ഞെട്ടിയ പിതാശ്രീ ഇതാരാ മാറ്റിയേ
ഹനുമാനെവിടെപ്പോയീന്ന് ചോദിക്കുമ്പോ
ഹനുമാൻ നിങ്ങളെയൊക്കെ ഉറക്കീട്ട് മൃതസഞ്ജീവിനി തേടിയിറങ്ങിയതാ എന്നു പറയുമ്പോ ,ഹൊ ഞാനൊന്നു കണ്ണു ചിമ്മിപ്പോയി,
ഇവളും പോത്തുപോലെ ഉറക്കാര്ന്നൂലേന്ന് പറഞ്ഞ് കുറ്റം മുഴുവൻ മാതാശ്രീയുടെ തലയിൽ ചാർത്തി വെക്കാൻ ശ്രമിച്ച പിതാശ്രീയെ,
പകല് മുഴുവനും പണിയെടുത്ത് ക്ഷീണം പിടിച്ച് ഒന്നുറക്കം തൂങ്ങിപ്പോയി അയ്നാണോ എന്ന തന്റെ സ്ഥിരം സെന്റി ഡയലോഗില് മാതാശ്രീ നിശ്ശബ്ദനാക്കി.
ഹനുമാൻ കഴിഞ്ഞ് അഞ്ചു മിനുട്ടായെന്നു പറഞ്ഞെങ്കിലും വിശ്വസിക്കാതെ ചാനല് മാറ്റെടീ എന്ന പിതാവിന്റെ ആക്രോശത്തിൽ ഞെട്ടി ചാനല് മാറ്റുമ്പോഴേക്ക് അവിടെ ഹനുമാന്റെയും ശ്രീരാമന്റെയുമൊക്കെ ശരിയായ പേര് കാണിക്കാൻ തുടങ്ങിയിരുന്നു.
"കഴിഞ്ഞു അല്ലേ" എന്ന് ബ്ലിംഗസ്യനായി പറഞ്ഞിട്ട് ,
"എടീ തറവാട്ടിലെ ദേവപ്രശ്നം കേൾക്കാൻ നാളെ പോകേണം.എന്നെയൊന്ന് നേരത്തെ വിളിച്ചേക്കണേ "എന്ന് പറഞ്ഞ് പിതാശ്രീ ശയനമുറിയിലേക്ക് പോയി.
പിറ്റേന്ന് രാവിലെ കുളിച്ച് ,കുട്ടപ്പനായി പിതാശ്രീ തറവാട്ടിലേക്ക് പുറപ്പെട്ടു.തറവാട് വക ഭക്ഷണമൊക്കെ ഉണ്ടായതിനാൽ വൈകുന്നേരമാണ് വീട്ടിലേക്കു തിരിച്ചു വന്നത്.
വന്ന് മേൽ കഴുകി ,പ്രാർത്ഥന കഴിഞ്ഞ് വിവേകാനന്ദ സൂക്തങ്ങൾ വായിച്ചു കൊണ്ടിരുന്ന പിതാശ്രീക്ക് ഭക്ഷിക്കാൻ ഓറഞ്ച് തൊലി കളഞ്ഞു കൊടുത്തിരിക്കയാര്ന്നു മാതാശ്രീ.
നല്ല സമാധാനപൂർണ്ണമായ അന്തരീക്ഷത്തിലാണ് ഒരു കൊതുകിന്റെ രൂപത്തിൽ വില്ലൻ കടന്നുവന്നത്.വിവേകാനന്ദനിൽ ലയിച്ചിരുന്ന പിതാശ്രീയെ കൊതുകുകൾ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങിയപ്പൊ സഹികെട്ട
പിതാശ്രീ തന്റെ പതിവു ഡയലോഗായ ,
"എടീ നിനക്കെന്താ ഇവിടെ പണി...ഇത്തിരി സാമ്പ്രാണിയും കുന്തിരിക്കവും പുകയ്ച്ചിരുന്നെങ്കിൽ ഈ ശല്യം സഹിക്കേണ്ടാരുന്നല്ലോ "എന്ന് ഇത്തിരി ചൂടായി
മാതാശ്രീയോട് ചോദ്യ ശരമെയ്തു.
അടുത്ത വീട്ടിലെ ജോലിക്കാരിക്ക് തന്നെക്കാൾ റെസ്റ്റ് കിട്ടാറുണ്ടെന്നു പറഞ്ഞ മാതാശ്രീ എന്നെയൊന്നും ഒറ്റക്കൊതുക് പോലും കടിക്കുന്നില്ലല്ലോ കൊതുകെന്താ നിങ്ങളെ മാത്രം കടിക്കുന്നേന്ന് നിഷ്ക്കളങ്കമായി ചോദിച്ചു.
"നിന്റെ ഉള്ളില് വിഷമാണ്.. നിന്നെ കടിച്ചാലത് ചത്തു പോകുമെന്ന് പേടിയുണ്ടാകും അതാ നിന്നെ കടിക്കാത്തേ എന്ന മറുപടി കൊടുത്ത് മാതാശ്രീയുടെ വായടപ്പിക്കാൻ നോക്കിയെങ്കിലും,
പാവം ജീവികള് നല്ല മനുഷ്യരെ ഒന്നും ചെയ്യില്ല, ദുഷ്ടരെ തിരഞ്ഞു പിടിച്ചു കടിക്കും എന്ന് കൂളായിട്ടു പറഞ്ഞ് മാതാശ്രീ പുഞ്ചിരിച്ചു.
ഒരു നിമിഷം തിരിച്ച് പറയാൻ മറുപടി കിട്ടിയില്ലെങ്കിലും പെട്ടെന്ന് സ്വർണ്ണപ്രശ്നം മനസ്സിൽ വന്നതിനാൽ മാതാശ്രീയോട്
നീയും നിന്റെ തറവാട്ടിലെ എല്ലാവരും കള്ളക്കൂട്ടങ്ങളാണെന്ന ഡയലോഗടിച്ച് പിതാശ്രീ
കൊതുകു കടിച്ച കൈത്തണ്ട തടവി ഞെളിഞ്ഞു നിന്നു.
കള്ളത്തരം നിഘണ്ടുവിലില്ലാത്ത മാതാശ്രീ മൂർച്ചയേറിയ ഒരു നോട്ടം പിതാശ്രീക്ക് നേരെ എയ്തെങ്കിലും ,
" പ്രശ്നക്കാരൻ പറഞ്ഞല്ലോ നിന്റെ തറവാട്ടിലെ ഏതോ ഒരു തന്ത എന്റെ തറവാട്ടിലെ ഓട്ടു തളിക അടിച്ചു മാറ്റി കൊണ്ടുപോയെന്ന്..
കള്ളക്കൂട്ടങ്ങൾ..."**$£#€ ...
തന്നെയും തന്റെ തറവാട്ടിനെയും കുറ്റം പറഞ്ഞെങ്കിലും ,കീർത്തികേട്ട ആ ജ്യോൽസ്യൻ പറഞ്ഞത് എന്നും വെള്ളം തൊടാതെ വിശ്വസിച്ച് ജ്യോൽസ്യനും ഒരു ദൈവീക പരിവേഷം നൽകിപ്പോന്ന മാതാശ്രീ അവിടെ ഒരു വാക്കും മിണ്ടാനാവാതെ നിന്നു പോയി.
അൽപ്പ സമയത്തിനു ശേഷം ബോധം വീണ്ടെടുത്ത്
ഉത്തരമൊന്നും പറയാതെ അവിടെ നിന്നും പാഞ്ചാലിയെപ്പോലെ മുടിവാരിക്കെട്ടി അടിയനിയാളുടെ ഭാര്യയാണെങ്കിൽ ഇതിനു പകരം ചെയ്യും എന്ന മുഖഭാവത്തോടെ അകത്തേക്ക് നടന്നകന്നു.
"കാലമിനിയുമിരുളും വിഷു വരും
വർഷം വരും തിരുവോണം വരും...."
എന്ന കവി വാക്യം പോലെ മാസങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും മാതാശ്രീയുടെ തറവാട്ടിലും സ്വർണ്ണപ്രശ്നം എന്ന സുവർണ്ണാവസരമെത്തി.
പ്രശ്നം കേൾക്കാൻ ഉത്സാഹപുളകിതയായി നിന്നിരുന്ന മാതാശ്രീ കാവ് മുറ്റത്ത് രാവിലെ തന്നെ പ്രശ്നക്കാരനെക്കാൾ മുന്നെ സന്നിഹിതയായി.
പിതാശ്രീക്കെതിരെ ഒരു ബ്രഹ്മാസ്ത്രം..അത്രയേ വേണ്ടൂ.അധികംആഗ്രഹങ്ങളൊന്നുമില്ല.
"കള്ളക്കൂട്ടങ്ങൾ" എന്ന പ്രയോഗം മനസ്സിന്ന് മായുന്നില്ല.തളിക കട്ടെടുത്ത കാരണവര് മരിച്ചു മണ്ണടിഞ്ഞെങ്കിലും പരലോകത്ത് വരെ അയാൾക്ക് സമാധാനം കിട്ടാത്ത പ്രാക്കോടു കൂടിയേ എന്നും അയാളെ ഓർക്കാറുള്ളൂ.
പണ്ടാരക്കാലന് എന്തില്ലാഞ്ഞിട്ടാണ് ഒരു കുന്ത്രാണ്ടത്തളികേം അടിച്ചു മാറ്റി വന്നതെന്ന് ആലോചിച്ചിരിക്കുമ്പഴേക്കും പ്രശ്നക്കാരൻ പറയാൻ തുടങ്ങി.
മാതാശ്രീ കണ്ണും ,കാതും കൂർപ്പിച്ചിരുന്നു.തറവാട്ടിലെ നാഗങ്ങൾക്ക് മുഷിച്ചിലുണ്ടെന്നും പരിഹാരം ചെയ്യണമെന്നുമൊക്കെ കേട്ടോണ്ടിരുന്നു.
ഒടുവിലതാ പ്രശ്നക്കാരൻ പറയുന്നു...
കാലങ്ങൾക്കു മുന്നെ ഇവിടത്തെ ദേവിയുടെ ഒരു വിളക്ക് മോഷണം പോയിരിക്കുന്നു.അതെടുത്തതോ.
നമ്മുടെ പിതാശ്രീയുടെ സ്വന്തം തറവാട്ടിലെ കാരണവരും.
സന്തോഷം മാതാശ്രീയുടെ മുഖത്തൊരു പുഞ്ചിരിയായ് തെളിഞ്ഞു.
ഉച്ചയ്ക്ക് ചോറിനൊപ്പം വിളമ്പിയ പായസം തന്റെ ഷുഗറൊന്നും വകവെയ്ക്കാതെ ആസ്വദിച്ചു കുടിച്ച് ,ബാക്കിയൊന്നും കേൾക്കാൻ നിൽക്കാതെ അവിടെ നിന്നുമിറങ്ങി. വീട്ടിലെത്ത്യതും ആദ്യം തിരഞ്ഞത് ആ മുഖമാണ്. ആളെത്തീട്ടില്ല.
കുറച്ചു കഴിഞ്ഞ് എത്തിയ പിതാശ്രീക്ക് ,
ചോദിക്കും മുന്നെ ചായ ഇട്ടു കൊടുത്ത് പിതാശ്രീയോട് നിങ്ങളുടെ തറവാട്ടിലെ സത്യവാനാ ആദ്യം എന്റെ തറവാട്ടിലെ വിളക്ക് കട്ടെ കെട്ടാ.എന്ന് വിജയശ്രീലാളിതയായി പറഞ്ഞു.
ഒന്നും മനസ്സിലാകാതെ നിന്ന പിതാശ്രീയോട്
അതേയ് ഇന്ന് നമ്മുടെ തറവാട്ടിലെ പ്രശ്നത്തില് പറഞ്ഞതാ ന്ന് പറഞ്ഞപ്പഴേ മാതാശ്രീക്ക് ഒരാശ്വാസമായുള്ളൂ.
കാലം കുറെ കഴിഞ്ഞിട്ടും,
മിനിക്കുട്ടി കെട്ടി കുട്ടികളായിട്ടും,
കോഴിയോ ,മുട്ടയോ ആദ്യം ഉണ്ടായതെന്ന തർക്കം പോലെ ഇന്നും (എൺപതിലും ,എഴുപതിലും എത്തി നിൽക്കുന്ന) പിതാശ്രീയും മാതാശ്രീയും,
തളികയും ,വിളക്കും പറഞ്ഞ് വഴക്കു കൂടുമ്പൊ നിങ്ങളുടെ പ്രശ്നം തീരുന്നില്ലെങ്കിൽ പ്രശ്നം തീർക്കൊനൊറ്റ വഴിയേയുള്ളൂ എന്ന് മിനിക്കുട്ടി പറഞ്ഞപ്പൊ എന്താണെന്ന്
രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചപ്പോ
ഡൈവോഴ്സ് എന്ന് പറഞ്ഞ മിനിക്കുട്ടിക്കു മുന്നിൽ പിന്നെ തളികയും ,വിളക്കുമായി രണ്ടുപേരും ഒരിക്കലും വന്നിട്ടില്ലത്രെ.

by: Maya Dinesh

ഒരു സങ്കീർത്തനം പോലെ.

Image may contain: 1 person, smiling, selfie and closeup
...........................................................
' ഒരു സങ്കീർത്തനം പോലെ' എന്ന പുസ്തകത്തെപ്പറ്റി ഒരു ബന്ധു പറഞ്ഞത് അത് വാങ്ങി വായിച്ചു തുടങ്ങ്യപ്പൊ,
പെട്ടു പോയി..ഒന്നും മനസ്സിലാകുന്നില്ല...പകുതി വഴിക്ക് വെച്ച് വായന നിർത്തി എന്നൊക്കെയായിരുന്നു.
അതിനുമുന്നെ ഞാനീ പേര് മാത്രമേ കേട്ടിട്ടുണ്ടായിരുന്നുള്ളൂ.പുസ്തകത്തെപ്പറ്റി അറിവൊന്നുമുണ്ടായിരുന്നില്ല.
പിന്നൊരു ദിവസം എന്തോ സംസാരിക്കുന്നതിനിടയിൽ ഒരു സുഹൃത്താണ് പറഞ്ഞത്.മലയാളത്തിലെ ക്ലാസ്സിക് രചനകളിലൊന്നാണിതെന്നും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും.
കടുകട്ടി സാഹിത്യം മനസ്സിലായില്ലെങ്കിലോ എന്ന ചോദ്യത്തിന് വായിച്ചു നോക്കൂ എന്ന മറുപടിയായിരുന്നു.
വെക്കേഷന് ചെന്നപ്പൊ കണ്ണൂരിലെ ഡി.സി ബുക്സ് സന്ദർശനങ്ങളിലൊന്നിൽ തേടിയത് എം.ടി സാറിന്റെ വാനപ്രസ്ഥവും ,ഷെർലക്കും,
അത് രണ്ടും സ്റ്റോക്കില്ലെന്ന് കേട്ട് നിരാശയോടെ ഇറങ്ങുമ്പൊഴാണ് സങ്കീർത്തനം പോലെ കണ്ണിലുടക്കിയത്.
വെറുതെ കൈയ്യിലെടുത്ത് പേജുകളിലൂടെ പോകുമ്പൊ എന്തോ ഒരിഷ്ടം തോന്നി, വാങ്ങിക്കാമെന്നു വച്ചു.
നാട്ടിൽ നിന്നു വന്ന തിരക്കൊന്നൊതുങ്ങിയപ്പൊ വായിക്കാൻ തുടങ്ങി.ആദ്യത്തെ നാലഞ്ച് പേജുകൾ വായിക്കുമ്പൊഴേക്കും ഒരുപാടിഷ്ടം തോന്നി.
ദസ്തയേവ്സികിയിലൂടെ... അന്നയിലൂടെ... അവരുടെ ചിന്തകളിലൂടെ , പ്രവൃത്തികളിലൂടെ മനസ്സ് ഒഴുകി നടക്കുകയായിരുന്നു.
ഏതോ ഒരു മായിക ലോകത്തിലെത്തിയ പോലെ...
ദസ്തയേവ്സ്കിയെ...അന്നയെ ...ഒക്കെ ഒരുപാട് നാളായി പരിചയമുള്ളതുപോലെ...

കുഞ്ഞുങ്ങൾ കോലുമിഠായി നുണയും പോലെ വേഗം തീർന്നു പോകരുതേന്ന് കരുതി ഓരോ പേജും ഒരുപാട് കൊതിയോടെ, സമയമെടുത്താണ് വായിച്ചത്.
അതിലെ ഓരോ വാക്കും കാണാതെ പോകരുതെന്ന് നിർബ്ബന്ധമായിരുന്നെന്നു പറയാം.അത്രയേറെ ഹൃദ്യമായി തോന്നി.സംഭവങ്ങളെക്കാൾ അല്ലെങ്കിൽ കഥയെക്കാൾ രണ്ടു വ്യക്തികളുടെ ചിന്തകൾക്ക്,സംഭാഷണങ്ങൾക്ക് പ്രാധാന്യം കൊടുത്ത രചന.
ഒരൊറ്റ വരി പോലും ബോറടിപ്പിച്ചില്ല.
'സങ്കീർത്തനം പോലെ' എന്ന
പേരിനെ അന്വർത്ഥമാക്കുന്ന എഴുത്ത്.
അന്നയുടെയും ദസ്തയേവ്സ്കിയുടെയും മനോഹരമായ പ്രണയം വായനക്കാരുടെ മനസ്സിലെന്നും തങ്ങി നിൽക്കുന്ന ഒരു സങ്കീർത്തനം തന്നെയെന്ന് നിസ്സംശയം പറയാം.
ആ രീതിയിലാണ് കഥാകാരൻ ഓരോ വരിയും
കോർത്തിണക്കിയിരിക്കുന്നത്.
പ്രത്യേക സ്വഭാവക്കാരനായ(പെട്ടെന്ന് കോപം വരികയും പെട്ടെന്ന് തന്നെ അത് തീരുകയും ചെയ്യുന്ന) ദസ്തയേവ്സ്കിയെ അന്ന വിശേഷിപ്പിക്കുന്നത് 'പിശാചിന്റെയും പുണ്യവാളന്റെയും അംശങ്ങളുള്ള ഒരാൾ' എന്നാണ്.മറ്റു ഹൃദയങ്ങളെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന നിഗൂഢവും അദ്ഭുതകരവുമായ എന്തോ മന്ത്ര ശക്തിയുള്ള ആ ഹൃദയത്തിലേക്ക് അന്നയും ആകർഷിക്കപ്പെടുകയാണ്...
ഒരു മുന്നറിയിപ്പുമില്ലാതെ.

"അണമുറിഞ്ഞൊഴുകുന്ന ഒരു നദി പോലെയായിരുന്നു ആ സ്നേഹം.
അന്ന അതിൽ വീണു പോയി.അതിന്റെ ഒഴുക്കിൽ,അതിന്റെ ചുഴികളിൽ,അതിന്റെ മലരികളിൽ,അതിന്റെ ആഴങ്ങളിൽ.
ആ സ്നേഹം അവളെ അദ്ഭുതപ്പെടുത്തുകയും ചെയ്തു.
അതത്രമേൽ തീക്ഷ്ണവും , വന്യവുമായിരുന്നു അതത്രമേൽ ഉത്ക്കടവും അഗാധവുമായിരുന്നു.
തന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അന്ന അദ്ഭുതപ്പെട്ടു.
അതും ഓർക്കാപ്പുറത്ത്.
വിധി കാത്തുവച്ചിരുന്ന ഒരു നിമിഷം പോലെയായിരുന്നു അത്.അവളുടെ ഹൃദയത്തിൽ അദ്ഭുതകരമായ ഒരു പ്രകാശം പരന്നു" എന്നിങ്ങനെ അന്നയുടെ ദസ്തയേവ്സിയോടുള്ള സ്നേഹത്തെ കഥാകാരൻ വർണ്ണിക്കുന്നു. ഇതിലപ്പുറം അവരുടെ മനോനിലയെ വേറെങ്ങിനെ വർണ്ണിക്കാൻ. പുസ്തകത്തിലെ ഏറ്റവും മനോഹരമായ ഭാഗമായി എനിക്കുതോന്നിയത് മുകളിൽ പറഞ്ഞ വരികളാണ്.ഇനിയുമിനിയുമുണ്ട് അടിവരയിട്ടു ഹൃദിസ്തമാക്കാൻ തോന്നുന്ന വരികളൊരുപാട്.
ഇത് വായിക്കാനെനിക്ക് പ്രേരണയായ സുഹൃത്തിന് നന്ദി പറയുന്നതോടൊപ്പം
കഥാകൃത്തായ പെരുമ്പടമ്പം സാറിന് ഇനിയും ഇതു പോലുള്ള നല്ല രചനകളെഴുതാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഏറെ പ്രിയപ്പെട്ട ,എന്റെ ചെറിയ പുസ്തകശേഖരങ്ങൾക്കിടയിൽ ഇനി പ്രിയമുള്ള ഒരു സങ്കീർത്തനമായ് ഈ പുസ്തകവും.

MayaDinesh

എന്റെ വാനമ്പാടിയോട്

Image may contain: 1 person, closeup


..........................................
മിഴിനീരു മൂടി മറയുന്ന കാഴ്ച്ചയിൽ
ചിരി തൂകി നിൽക്കുന്നു പിന്നെയും നീ
കാതോർത്തു നിന്നു ഞാനേറെ നേരം
കേട്ടില്ല ഞാൻ നിന്റെ പിൻവിളികൾ
നോക്കിയിരുന്നൂ ഏറെ ദൂരം
എന്നിട്ടും വന്നില്ല നീയെന്റെ പാതകളിൽ
കൺചിമ്മി നിന്നുപോയ് നിന്നോർമ്മകളിൽ
ഇല്ല നീ തൊട്ടില്ലെൻ കൈ വിരലിൽ
പാട്ടായ് പാടാൻ ശ്രമിച്ചപ്പോഴും
വന്നില്ല നീയെന്റെ ചുണ്ടിണയിൽ
പക്ഷിയായ് പാറി വന്നെത്തിയില്ല
എന്നെ നീ പാടിയുണർത്തിയില്ല
അകലെ നീ എങ്കിലുമലയുന്നു ഞാൻ
വെറുതെയീ വിജനമാം വീഥികളിൽ
വഴിതെറ്റി വന്നൊരു വാനമ്പാടീ
ഒരു മോഹന സ്വപ്നമായ് വന്നീടുമോ
വെറുതെയെങ്കിലുമെന്നോർമ്മകളിൽ
ഒരു കവിതയായ് നീയിന്നു പെയ്തീടുമോ?

മഴപോലൊരാൾ.

.. Image may contain: 1 person, closeup
............................................
തലേന്ന് രാത്രി മുതലേ പെയ്യാൻ തുടങ്ങിയ മഴ നേരം പുലർന്നിട്ടും പെയ്തു തോർന്നിരുന്നില്ല.
പുലർക്കാല മഴയെ നോക്കിക്കൊണ്ട് വെറുതെ കിടക്കാൻ നല്ല രസമാണ്.
അന്നുമിന്നും മഴയോട് വല്ലാത്തൊരു പ്രണയമാണ്.
എന്തിനാണെന്നറിയാത്ത ഭ്രാന്തമായ ഒരിഷ്ടം.
പ്രിയമുള്ള എല്ലാറ്റിനോടും അങ്ങനെയാണെനിക്ക്.
ലഹരി പോലെ തോന്നുന്ന ചില ഇഷ്ടങ്ങൾ..
സ്നേഹങ്ങൾ....
ഇന്നു കോളേജിൽ പോകുന്നില്ലേന്നുള്ള അമ്മയുടെ ചോദ്യം കേട്ട് മഴക്കാഴ്ചയ്ക്ക്
വിട നൽകി ഞാനെഴുന്നേറ്റ് ഒരുങ്ങിയിറങ്ങുമ്പൊഴേക്കും കുറച്ച് വൈകിപ്പോയിരുന്നു.8.40 നു ക്ലാസ് തുടങ്ങും.രാവിലത്തെ ഷിഫ്റ്റാണ്.
വീട്ടിൽ നിന്നും പത്തു മിനുട്ട് നടക്കാനുള്ള ദൂരമേയുള്ളൂ കോളേജിലേയ്ക്ക്.
അമ്മ അമ്പലത്തിന്നു കൊണ്ടുവന്ന ഇലച്ചീന്തിലെ ചന്ദനത്തിൽ നിന്ന് ഇത്തിരിയെടുത്ത് നെറ്റിയിലൊരു കുറിവരച്ച് പോകാനിറങ്ങി.
ധൃതി പിടിച്ചുള്ള എന്റെ ഓട്ടം കണ്ടപ്പൊ , ഇങ്ങനൊരു മഴപ്രാന്തി ,രാവിലെ മഴയും നോക്കിക്കിടന്നോണ്ടല്ലേ വൈകിയേന്ന്
അമ്മ പറയുന്നുണ്ടായിരുന്നു.
കോളേജിലേക്കുള്ള യാത്ര ഒറ്റയ്ക്കായിരുന്നു.ആ നാട്ടിലെ വാടക വീട്ടിലേക്ക് ഞങ്ങൾ താമസം മാറിയിട്ട് അധികം നാളായിരുന്നില്ല.നാട്ടുകാരെയൊക്കെ പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
വീടിനു മുന്നിലൊരു ദേവീക്ഷേത്രമുണ്ട്.
വൈകിയതിനാൽ , അന്നമ്പലത്തിൽ കയറി പ്രാർത്ഥിക്കാൻ നിന്നില്ല.ചെരുപ്പഴിച്ച് വെച്ച്
കയ്യിലെ കുട ഷോൾഡറിലിറുക്കിപ്പിടിച്ച് ,ഉള്ളിലെ വിളക്കുകൾക്കിടയിൽ തെളിഞ്ഞു കാണുന്ന ദേവീ രൂപം നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു.
വൈകിയതുകൊണ്ട് ഇത്തിരി വേഗത്തിൽ നടന്നു.റോഡിനെതിർഭാഗത്തായിരുന്നുകോളേജ്.
നല്ല തിരക്കുള്ള മെയിൻ റോഡ് മുറിച്ചു കടക്കണം.റോഡിൽ വാഹനങ്ങളുടെ നീണ്ടനിര.
കുറച്ചു സമയം കാത്തു നിന്നു.
വാഹനങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ലായിരുന്നു.നിർത്തിയിട്ട ഒരു ബസ്സിനു മുന്നിലൂടെ മുന്നോട്ട് നടക്കാനാഞ്ഞതും,
എതിർ വശത്തു നിന്നും നല്ല വേഗത്തിൽ
ഒരു കാറ് ചീറിപ്പാഞ്ഞു വരുന്നതു കണ്ടു.മുന്നോട്ടും ,പിന്നോട്ടും നീങ്ങാനാവാതെ ഒരു നിമിഷം നടുറോഡിൽ സ്തബ്ദയായി നിന്നുപോയ എന്റെ ചുരീദാറിന്റെ ഷോൾ പിന്നിൽ നിന്നും ആരോ പിടിച്ചു വലിക്കുകയായിരുന്നു.കാർ മുന്നോട്ട് പാഞ്ഞു പോയി.ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് ഓർമ്മയില്ലാത്ത പോലെ.
ദൂരെ എവിടെ നിന്നോ ഒരു ശബ്ദം കാതുകളിൽ മുഴങ്ങുന്ന പോലെ തോന്നി.
"വലിയൊരു ദുരന്തം ഒഴിവായി,ദൈവം കാത്തൂന്നു പറയാം പാവം കുട്ടി പേടിച്ചൂന്ന് തോന്നുന്നു".ബോധത്തിലേക്ക് വരാൻ പിന്നെയും നിമിഷങ്ങളെടുത്തു.തിരിഞ്ഞു നോക്കിയപ്പൊ അച്ഛനെപ്പോലൊരാൾ.
"മോള് പേടിക്കേണ്ടാട്ടോ.ഇത്തിരി വൈകിയാലും സാരമില്ല ഇതുപോലുള്ള റോഡ് ക്രോസ്സ് ചെയ്യുമ്പോ ഒരുപാടു ശ്രദ്ധിക്കണം".
പറയുന്നതിനൊപ്പം സ്ഥാനം തെറ്റിക്കിടന്ന
എന്റെ ഷോൾ നേരെയിടാനും അദ്ദേഹം മറന്നില്ല.
"ഇതിപ്പൊ ദൈവായിട്ടാ മോളെ രക്ഷിച്ചെ".
അദ്ദേഹം പറയുന്നതൊക്കെ കണ്ണ് നിറഞ്ഞോണ്ട് കേട്ടു നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.
കുടിക്കാനെന്തെങ്കിലും വേണോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് വേണ്ട എന്ന് ഞാൻ തലയാട്ടി. കാലിന്റെ പെരുവിരൽ മുതൽ വരുന്ന വിറയൽ കാരണം ഒരടി മുന്നോട്ട് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.എന്തോ എന്റെ പേടി മനസ്സിലാക്കിയിട്ടാകണം എന്റെ കൈ പിടിച്ച് കോളേജ് ഗേറ്റിനകത്തു വരെ ആ മനുഷ്യൻ കൂട്ടു വന്നു.ഇനി ശ്രദ്ധിച്ചോളാമെന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചാണ് അദ്ദേഹം തിരിച്ചു പോയത്.
ചിലപ്പൊ ചിലരങ്ങിനെയാണല്ലേ
എവിടെ നിന്നോ വന്ന് ,ഒരു നിമിഷം കൊണ്ട് ,
ഒരു പ്രവൃത്തികൊണ്ട് അല്ലെങ്കിൽ ഒരു വാക്കു കൊണ്ട് നമുക്ക് ആരൊക്കെയോ, എന്തൊക്കെയോ ആയി മാറുന്നവർ...
തിരിച്ചൊരു നന്ദി പറയാൻ പോലും അവസരം തരാതെ, സ്നേഹം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച് ഞൊടിയിട കൊണ്ട് എവിടേക്കോ മറയുന്നവർ.
അവരെ നാമെന്തു പേരിട്ട് വിളിക്കണം?
പിന്നെ ആ കോളേജിൽ തുടർന്ന അഞ്ചു വർഷങ്ങളിലും ഓരോ ദിവസവും ഒരുപാട് തിരയാറുണ്ടായിരുന്നു ആ മുഖം..
ഒന്നിനുമല്ല വെറുതെ...അന്ന് പറയാൻ കഴിയാതെ പോയൊരു നന്ദി പറയാൻ.
ഒരിക്കലും തേടിക്കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
നീണ്ട ഇരുപത്തിയൊന്നു വർഷങ്ങൾ..
ജീവിതം പല പല മാറ്റങ്ങൾ തന്നു കടന്നുപോയി. ഒരുവട്ടം മാത്രം കണ്ട ആ മുഖവും ഓർമ്മകളുടെ കാലപ്പഴക്കത്തിൽ അവ്യക്തമായിത്തുടങ്ങിയെങ്കിലും വെക്കേഷന് നാട്ടിലെത്തിയാൽ ആൾക്കൂട്ടത്തിലെവിടെയും തിരയാറുണ്ട് ആ സ്നേഹമുഖം. കോളേജിനു മുന്നിലൂടെ യാത്ര ചെയ്യുമ്പോഴും , ഓരോ മഴ കാണുമ്പോഴും ഞാനോർക്കാറുണ്ട്.ആ നിറവാൽസല്യത്തെ.
അറിയില്ല ഇനി കാണാനാവുമോ എന്ന്.. എങ്കിലും ദൈവം നന്മ മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ ഒരിക്കലും കണ്ടുമുട്ടാത്ത ആ മനുഷ്യനായി...

By Maya Dinesh

അമ്മക്കിളി

Image may contain: 1 person, closeup
.............................
ചില നിമിഷങ്ങളുണ്ട്
ഉള്ളുരുകുമ്പൊ
ചേർത്തണയ്ക്കാൻ ,
ഒന്നാർത്തലച്ചു പെയ്യാനമ്മയെ
തേടുന്ന ചില നിമിഷങ്ങൾ.
നോവു താങ്ങാനമ്മക്കൈകൾക്കും
ബലം പോരെന്നറിഞ്ഞിട്ടും
പിന്നെയുമെന്റെ മനസ്സ്
ഓടിയണയുന്നതവിടേക്കു തന്നെ.
നെഞ്ചു നീറുന്നതും
സ്വരമിടറുന്നതും
അമ്മ മനസ്സല്ലാതെ
വേറാര് മനസ്സിലാക്കാൻ
ഏത് നോവുമലിയുന്നത്
ആ അമ്മത്തലോടലിലൊന്നു മാത്രം.
ഒരമ്മത്തണുപ്പിന്
ഇത്രയും കുളിരെന്ന്
അമ്മ തന്നെയെന്റെ പുണ്യമെന്ന്
എന്നും ഞാനറിയുന്നു.
അകലെയാണെങ്കിലും
നിമിഷങ്ങളെണ്ണി
ഞാൻ കാത്തിരിക്കുന്നതുമാ
അമ്മച്ചില്ലയിലൊന്നു
ചേക്കേറാൻ
അമ്മ മടിയിലൊന്നു
തല ചായ്ക്കാൻ.
ഇരുളിൽ വഴി കാട്ടും
പ്രകാശനാളമായ്,
നന്മയുടെ വിളക്കായ്,
സ്നേഹത്തിൻ പര്യായമായ്
ഉള്ളിന്റെയുള്ളിൽ
നിറയുന്ന രൂപമാണമ്മ.

By Maya Dinesh

പോക്കറ്റടിക്കാരി



അമ്പലത്തിലെ ഉച്ചഭാഷിണിയിൽ നിന്നുള്ള പാട്ടാണ് സൂരജിനെ ഉച്ചമയക്കത്തിൽ നിന്നുണർത്തിയത്.പുറത്ത് പെയ്തുകൊണ്ടിരുന്ന  ചാറ്റൽമഴയുടെ താളത്തിൽ,സുഖകരമായ ഒരിളം തണുപ്പിൽ ,എപ്പോഴോ കണ്ണുകളടഞ്ഞു പോയതാണ്. വായിച്ചു കൊണ്ടിരുന്ന പുസ്തകം കയ്യിൽ നിന്നൂർന്ന് ബെഡ്ഡിലേക്ക് വീണു കിടപ്പുണ്ട്.മുഖത്തുണ്ടായിരുന്ന കണ്ണട ആരോ ഊരിമാറ്റി സൈഡ് ടേബിളിലേക്കെടുത്തു വെച്ചിരിക്കുന്നു.
ദിയയായിരിക്കും ചിലപ്പോൾ അവൾ കളിയാക്കാറുണ്ട് "ഉറങ്ങാനുള്ള മരുന്നാണോ
പുസ്തകങ്ങളെന്ന്".
അതിനൊരു സുഖമുണ്ട്..
ഇഷ്ടമുള്ളൊരു പുസ്തകത്തിലലിഞ്ഞ്,ഇഷ്ടമുള്ളൊരു പാട്ടു കേട്ട് പതുക്കെ ഉറക്കത്തിലേക്കു വഴുതിവീഴുന്നത്.
ഒരുപക്ഷേ അവൾക്കത് മനസ്സിലാകില്ല.
അവൾക്കു പുസ്തകങ്ങൾ ജീവനാണ്.അതുകൊണ്ടാകാം അവ നിധി പോലെ അവൾ സൂക്ഷിക്കുന്നത്.സരസ്വതീദേവിയുടെ പ്രതിരൂപമാണ് പോലും പുസ്തകങ്ങൾ.
അപ്പൊഴാ ഓർത്തത്.
ഈ പെണ്ണെവിടെപ്പോയി?
ഞായറാഴ്ചകളിൽ ബീച്ചെന്നും, ഐസ്ക്രീമെന്നും പറഞ്ഞു സ്വൈര്യം തരാത്തതാണല്ലോ.
ഞാൻ ചുറ്റും നോക്കി.
ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം.
നാഗക്കാവിൽ വിളക്കു വെയ്ക്കാൻ പോകാനായി കുളിക്കുകയാകാം.
പക്ഷെ എന്നും ചടപടാന്ന് ബഹളം വെച്ച് എന്റെ ഉറക്കം ഞെട്ടിച്ച് ബാത്ത്റൂമിൽ വലിയൊരു മൂളിപ്പാട്ടിന്റെ അകമ്പടിയോടെയാണവളുടെ നീരാട്ട്. മലയാളവും ഹിന്ദിയുമൊക്കെ മിക്സ് ചെയ്ത് ഒരു ഗാനമേള തന്നെയുണ്ടാകും.
എന്ത് ജോലി ചെയ്യുമ്പോഴും മൂളിപ്പാട്ട് പാടുന്നതു കൊണ്ട് താനവൾക്കിട്ട പേരാണ് 'ഗാനകോകിലം.'
പലപ്പോഴും ഈ പേരിന്റെ പേരിൽ വഴക്കിടാറുണ്ട്. വഴക്കിനിടയിൽ മിക്കവാറും റഫറിയാകുന്നത് അമ്മയാണ്.അഥവാ അമ്മ എന്റെ ഭാഗത്തങ്ങാൻ കൂടിയാൽ പിന്നെ തീർന്നു.
ഷട്ടർ തുറന്ന പോലെയല്ലെ കണ്ണീര് വരുന്നത്.
അല്ലെങ്കിലും അമ്മയ്ക്ക് സൂരജേട്ടനെയേ വേണ്ടൂ അമ്മയുടെ മോനായോണ്ടല്ലേ ,ഞാനെത്രയായാലും കേറി വന്ന പെണ്ണല്ലേന്നൊക്കെ പറഞ്ഞ് എണ്ണിപ്പെറുക്കിക്കരയുമ്പൊ തെറ്റ് അവളുടെ ഭാഗത്താണേലും അമ്മ തനിക്കിട്ട് രണ്ട് ചീത്ത അധികം തരും.ഇതെന്നും നടക്കുന്ന നാടകമാണല്ലോ.
ഗാനകോകിലമിന്ന് സൈലന്റ് മോഡിലാണല്ലോ.ആ സൈലൻസ് അമ്മയിലേക്കും പകർന്നൂന്ന് തോന്നുന്നു.അമ്മയും പിണക്കത്തിലാകും എന്നോട്.ഇല്ലേൽ നാലു മണിക്ക് ചായ ചായാന്ന് പറഞ്ഞ് ബഹളം വെക്കുന്നതാ.
വെറുതെയല്ല അഞ്ചു മണിവരെ ഉറങ്ങിപ്പോയത്.
രാവിലത്തെ പിണക്കത്തിന്റെ പരിഭവമാണവൾക്കും.അമ്മയെയും എന്തൊക്കെയോ പറഞ്ഞ് പാട്ടിലാക്കി വെച്ചിരിക്കയാ.
എന്തു കഷ്ടാ ഇത്.സ്വന്തം ഭാര്യയെ ഒന്ന് വഴക്കു പറയാൻ പോലും സ്വാതന്ത്ര്യമില്ലാത്ത താനെന്ന ഭർത്താവ്.
പിന്നെ ഇന്നവളോട് വഴക്കിട്ടതിനും ന്യായമായ കാരണമുണ്ടായിരുന്നല്ലോ.
പഴ്സിലുണ്ടായ ആയിരം രൂപ കാണാതായത്
അവളോട് ചോദിച്ചതാ എല്ലാറ്റിനും കാരണം.
ശരിക്കോർമ്മയുണ്ട് ഇന്നലെ വൈകുന്നേരം മെഡിക്കൽ സ്റ്റോറിൽ നിന്നും അമ്മയ്ക്കുള്ള മരുന്ന് വാങ്ങി ബാക്കി ആയിരം രൂപ പഴ്സിലുണ്ടായിരുന്നു.രാവിലെ പത്രക്കാരന് പൈസ കൊടുക്കാൻ പഴ്സ് തുറന്നപ്പോഴാണ് അത് കാലിയാണെന്നു കണ്ടത്.
അവളോടു ചോദിച്ചപ്പൊ ഞാൻ കണ്ടില്ലാന്ന് ഒഴുക്കൻ മട്ടിലൊരു മറുപടി.കുറച്ചു നാളായുള്ള പരിപാടിയാണിത്.പോക്കറ്റിന്നും പഴ്സിന്നും ആവശ്യത്തിനും, അനാവശ്യത്തിനും പൈസ മോഷ്ടിക്കും.അത് ചോദിച്ചാപ്പിന്നെ ബഹളം, വഴക്ക് ഒക്കെ.അവളുടെ ഷോപ്പിംഗിനും, ബ്യൂട്ടി പാർലർ സന്ദർശനത്തിനുമൊക്കെ താൻ വേറെ തന്നെ പണം കൊടുക്കാറുണ്ട്.എന്നിട്ടും ഈ മോഷണം എന്തിനാന്നൊരുപിടിയുമില്ല.
കൈയ്യിൽ ക്രെഡിറ്റ് കാർഡ് ഉള്ളതു കൊണ്ട് അധികം പൈസ കൈയ്യിൽ വെച്ചിരുന്നില്ല.
രാവിലെ തന്നെ പത്രക്കാരനോട് നാളെ വരൂന്ന് പറഞ്ഞ് തിരിച്ചയക്കേണ്ടി വന്നപ്പോ വല്ലാത്ത നാണക്കേടായി. ആ ദേഷ്യം മുഴുവൻ തീർത്തതവളെ വഴക്കു പറഞ്ഞോണ്ടാണ്.
എത്ര വഴക്കു കേട്ടിട്ടും യാതൊരു
ഭാവ വ്യത്യാസവുമില്ലാതെ അവളിരുന്നു.എടുത്ത പൈസ തിരിച്ചു തരാതെ.
പോക്കറ്റിലും പഴ്സിലും മാത്രമൊതുങ്ങുന്നതല്ല അവളുടെ മോഷണകല. കഴിഞ്ഞ മാസം അമ്മാവന്റെ മകളുടെ കല്യാണത്തിനുടുക്കാൻ പത്തായിരം രൂപയുടെ സാരി വേണമെന്ന് വാശി പിടിച്ച് സാരി വാങ്ങിക്കൊണ്ടു വന്നു.കഴിഞ്ഞാഴ്ച കാണാതായ ഒരു ഫയൽ തിരയുമ്പോഴാണ് മൂവായിരം രൂപയുടെ ബില്ല് കൈയ്യിൽ കിട്ടിയത്.
ബാക്കി ഏഴായിരം എന്തു ചെയ്തെന്ന് ചോദിച്ചപ്പോ ,തന്ന പൈസ തിരിച്ചു തരില്ലെന്നും ഐസ്ക്രീം കഴിച്ചു തീർത്തോളാമെന്നും.
ഇന്നു രാവിലത്തെ കാര്യം കൂടിയായപ്പോ നല്ല ദേഷ്യം വന്നു.അതു വരെ തന്റടുത്തുന്ന് മുങ്ങി നടന്ന അവളെ രാവിലത്തെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് അടുത്തു കിട്ടിയപ്പോ ഇത്തിരി ഗൗരവത്തോടെയാണ് ചോദിച്ചത്.

==This story written by Maya Dinesh Nallezhuth. Copyright @ nallezhuth.com===

"ഇന്നും ഇതിനുമുന്നേയുമൊക്കെയായി മോഷ്ടിച്ച പൈസയൊക്കെ എവിടെപ്പോയെടീ പെരുങ്കള്ളി?
നിന്നെക്കാൾ ഭേദം പോക്കറ്റടിക്കാരാ അവരൊക്കെ ജീവിക്കാനായിട്ടാ പണം മോഷ്ടിക്കുന്നത്..നിനക്കിവിടെ എന്തിന്റെ കുറവുണ്ടായിട്ടാ."
പെരുങ്കള്ളി പോക്കറ്റടിക്കാരീന്നൊക്കെ വിളിച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ,
"അതേയ് കുറെ പൈസ ഇങ്ങനെ അട്ടിവെച്ചു നോക്കിയിരിക്കാനെനിക്കിഷ്ടാ..
ഭർത്താവിന്റെ പൈസ ഭാര്യയ്ക്കും കൂടി അവകാശപ്പെട്ടതാ..
ഞാൻ ഇനീം എടുക്കും "ന്ന് പറഞ്ഞ് പുറത്തേക്കോടാൻ ശ്രമിച്ചപ്പോ പെട്ടെന്ന് വല്ലാതെ ദേഷ്യം വന്നു.അറിയാതെ കൈ ഒന്നുയർന്നു
ഒരു ചെറിയ തല്ല് അവളുടെ കവിളത്ത് കൊണ്ടിരുന്നൂന്ന് തോന്നുന്നു.
എന്തായാലും ഞാനവളുടെ പിറകെ പോകാനൊന്നും നിന്നില്ല.
എപ്പൊ പിണങ്ങിയാലും ബൂമറാങ്ങ് പോലെ പിണങ്ങിയതിനേക്കാളിരട്ടി വേഗത്തിൽ തന്നോട് വന്ന് സംസാരിക്കുന്നവളാ.ഇന്നവൾ ശരിക്കും ഭയന്നിട്ടുണ്ട്.കുറച്ചു സമയം അങ്ങനെയിരിക്കട്ടെ.
ഉച്ചയൂണ് സമയത്ത് തനിക്കേറ്റവും ഇഷ്ടമുള്ള മാങ്ങാച്ചമ്മന്തി ഉണ്ടാക്കാതെയാണ് അമ്മ പ്രതികരിച്ചത്.രണ്ടു പേരും വല്യ യൂനിയനല്ലേ.മൗനവ്രതത്തിലാ അമ്മയും.കടന്നല് കുത്തിയ പോലെ രണ്ടിന്റേം മുഖം.
അമ്മയാ ഇവൾക്കെല്ലാത്തിനും വളം വെച്ചു കൊടുക്കുന്നേ.
ഇന്നേതായാലും രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.ഈ പൈസയൊക്കെ അവളെന്തു ചെയ്യുന്നൂന്ന് അറിയണമല്ലോ.ആലോചിച്ചു തീരുമ്പോഴേക്കും അവൾ കുളി കഴിഞ്ഞു പുറത്തിറങ്ങിയിരുന്നു. മിണ്ടാതെ ഉറക്കം നടിച്ചു കിടന്നു.അവൾ തന്നെ ശ്രദ്ധിച്ചതേയില്ല.
ഇനി കാവിൽ വിളക്കു വെച്ച് അവിടത്തെ നാഗത്താൻമാരോടും വരുന്ന വഴിയിലെ പൂക്കളോടും ചെടികളോടുമൊക്കെ സംസാരിച്ച് അവൾ വീട്ടിലെത്താൻ അരമണിക്കൂറിലധികാവും.
വീടിനു മുകളിലത്തെ നിലയിലൊരു വായനാമുറിയുണ്ട് അവിടെയാണവൾ വെറുതെ ഇരിക്കുമ്പോഴിരിക്കുക.
അവിടെയിങ്ങനെ പുസ്തകങ്ങളെ തൊട്ടും, തലോടിയുമിരിക്കാനൊരു സുഖമാണ് പോലും.
ചിലപ്പോ കണ്ണും തുറന്ന് പിടിച്ചിരുന്ന് സ്വപ്നം കാണുന്നതു കാണാം ഈയ്യിടെയായി അവളുടെ ആലോചനയും ഒറ്റയ്ക്കിരിപ്പും കൂടുന്നുണ്ട്.
ചിലപ്പൊ അവളുടെ മുഖഭാവം കാണുമ്പൊ; എന്താ ആലോചിക്കുന്നെ; നിന്റെ കപ്പല് മുങ്ങിയിട്ടുണ്ടോടീന്ന് ഞാനവളെ ഇടയ്ക്ക് തമാശയാക്കുമ്പോഴൊക്കെ
ഒന്നൂല്ല സൂരജേട്ടാ ന്ന് ചിരിച്ചു തള്ളാറാണ് പതിവ്.
ആ വായനാമുറിയ്ക്ക് അവളിട്ടിരിക്കുന്ന പേര്
ഡ്രീം വേൾഡെന്നാണ്.പുസ്തകപ്പുഴുവായ അവളുടെ ഡ്രീം വേൾഡിൽ അവളെ
ശല്യപ്പെടുത്താൻ ആരും പോകാറില്ല.
ഓ ഇപ്പോഴാണ് ഓർത്തത്. മിനിയാന്ന് കുറെ സമയം അവളെക്കാണാഞ്ഞ് താനവിടെ ചെല്ലുമ്പോ പതിഞ്ഞ ശബ്ദത്തിൽ അവളാരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.
തന്നെക്കണ്ടതും ധൃതിയിൽ കോൾ കട്ട് ചെയ്തു.
അന്നവളുടെ കയ്യിലൊരു നീല നിറമുള്ള പ്ലാസിറ്റിക് കവറുണ്ടായിരുന്നു.
അപ്രതീക്ഷമായ് തന്നെ കണ്ടപ്പോളവളൊന്നു വിളറിയ പോലുണ്ടായിരുന്നു.എന്തോ കള്ളം ചെയ്ത പോലെ.
ഇന്നേതായാലും അതൊന്ന് നോക്കുക തന്നെ.
ദിയ വീട്ടിന്നിറങ്ങിയ ഉടനെ സൂരജാ വായനാമുറിയിലെത്തി. പുസ്തകഷെൽഫിൽ പുസ്തകങ്ങൾക്കിടയിലൊളിപ്പിച്ചു വെച്ച നീല നിറമുള്ള കവർ കണ്ടെടുക്കാൻ ഏറെ പ്രയാസമുണ്ടായിരുന്നില്ല.
ഒരുപാടാകാംക്ഷയോടെ കവർ തുറന്നപ്പോൾ ആദ്യം കിട്ടിയത് ഒരു കറുത്ത പുറം ചട്ടയുള്ള ഡയറിയായിരുന്നു.
ഡയറി തുറന്നപ്പോ കുറെ ആൾക്കാരുടെ പേരും, അഡ്രസ്സും,ഫോൺ നമ്പരുകളും.
ഇതെന്തിനാ ഇത്രയും ആൾക്കാരുടെ പേരും മറ്റു വിവരങ്ങളും ഇവൾക്കെന്ന് ചിന്തിച്ച് അടുത്ത പേജ് മറിക്കുമ്പോഴേക്കും ഡയറിക്കിടയിൽ നിന്നും മടക്കിയ കുറെ പേപ്പർ കട്ടിംഗുകൾ നിലത്തേക്കുതിർന്നു വീണു.
ഉദ്വേഗത്തോടെ കുനിഞ്ഞു ആ പേപ്പർ കട്ടിംഗുകളെടുത്തു നിവർത്തി നോക്കിയപ്പോ കണ്ടത് സുമനസ്സുകളുടെ കനിവു
തേടുന്ന കുറെ നിരാലംബരുടെ ചിത്രങ്ങളും വാർത്തകളും. ഡയറിയിലെഴുതിയ പേരുകളിലുള്ളവരെയെല്ലാം
സൂരജ് ആ പത്രത്താളുകൾക്കിടയിൽ കണ്ടു.
ജീവിതത്തിലേറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാടു പേർ.പറയാതെ തന്നെ സൂരജിന് പലതും മനസ്സിലാവുകയായിരുന്നു.ഇത്രയും നാൾ തന്നിൽ നിന്ന് മോഷ്ടിച്ചും കലഹിച്ചും അവൾ സ്വന്തമാക്കിയ ആ പൈസ..
അത്...
"ഈശ്വരാ ഇതിനായിരുന്നോ?
ഞാനറിയാതെ ഇവൾ...
ഇവൾക്കിങ്ങനെയൊരു മനസ്സുണ്ടായിരുന്നോ?.."
ഒരു ശില പോലെ ഞാനവിടെ നിൽക്കുമ്പോൾ പിറകിലവളുടെ പാദസരക്കിലുക്കം. കയ്യിലെ
ഇലച്ചീന്തിൽ നിന്നും എന്റെ നെറ്റിയിലേക്ക്
മഞ്ഞൾക്കുറി തൊട്ടു കൊണ്ട് അവൾ ചോദിച്ചു.
"സൂരജേട്ടനെന്തേ ഇവിടെ എന്റെ ഡ്രീം വേൾഡിൽ ;എന്താ ഇവിടെ..?"
"ഏയ് ഒന്നൂല്ല ,ഞാൻ വെറുതെ ..." പറയുമ്പോഴേക്കും എന്റെ കയ്യിലെ ഡയറി അവൾ കണ്ടു...തെറ്റു ചെയ്ത പോലെ അവൾ തലകുനിച്ചു.
"പാവല്ലേ സൂരജേട്ടാ അവരൊക്കെ...
എനിക്കാവുന്ന ചെറിയ സഹായം..."
വാക്കുകൾ നിർത്തി അവളെന്നെ നോക്കി.
"അതേ..."
ഒരു നിമിഷം വാക്കുകൾ മരവിച്ചതു പോലെ തോന്നിയെനിക്ക്.
"ഞാൻ...."
എന്തോ പറയുവാനാഞ്ഞ് ഞാനവളുടെ മുഖത്തേക്ക് നോക്കി.ആ കവിളുകളിൽ രാവിലെ തല്ലിയതിന്റെ പാട്.എനിക്ക് എന്നോടു തന്നെ വെറുപ്പ് തോന്നി.
ഒരു നിമിഷം ഞാനവളെ എന്നിലേക്ക് ചേർത്തടുപ്പിച്ചു.
"ഞാനറിയാതെ ....എന്നോട്..."
എന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് തലയുയർത്തി അവളെന്നെ നോക്കി.
"സാരൂല്ല സൂരജേട്ടാ എനിക്ക് വിഷമൂല്ല."
നെഞ്ച് വിങ്ങുന്ന പോലെ..
എനിക്കൊന്ന് കരയാൻ തോന്നി.
ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നുവോ..
നെറ്റിയിലേക്ക് പാറിക്കിടക്കുന്ന അവളുടെ മുടിയിഴകളിൽ മെല്ലെ വിരലോടിച്ച് ആ കവിളുകളെ ഉമ്മ വെച്ച് അവളുടെ കാതുകളിൽ
ഞാൻ പതിയെ പറഞ്ഞു.
"എന്റെ പെരുങ്കള്ളി നിനക്ക് നല്ല മനസ്സാ..
നീ എന്റെ പുണ്യമാ."
അതു പറയുമ്പോഴേക്കും ഞാൻ വിതുമ്പിപ്പോയിരുന്നു.
ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ അവളെന്നിലേക്ക് ഒന്നു കൂടി ഒട്ടിച്ചേർന്നു.
തുറന്നിട്ട ജനാലയിലൂടെ ഞാൻ കണ്ടു;
അവിടെ... അങ്ങു ദൂരെ..
നാഗക്കാവിലെ വിളക്കുകൾക്ക് ഇത്തിരി കൂടി തിളക്കം കൂടിയിരിക്കുന്നോ...

By Maya Dinesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo