നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റനക്ഷത്രം  ഒരു ഞായറാഴ്ച്ച ഉച്ചമയക്കം കഴിഞ്ഞെഴുന്നേറ്റപ്പോഴാണ് അടുത്ത വീട്ടിൽ ഉപ്പയുടെ അകന്ന ബന്ധുക്കളിലാരോ താമസത്തിന് വന്നിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞത് .
തലയിലെ തട്ടം നേരേയിട്ട് , അവിടെ വരെ ഒന്നു പോയി വരാമെന്നുമ്മ പറഞ്ഞപ്പൊ ഞാനും പിന്നാലെ കൂടി.

 നിറയെ ചെടികളും,
വലിയ പേരമരവും ,മുറ്റത്ത് ഒരു കുഞ്ഞു ആമ്പൽക്കുളവുമൊക്കെയുള്ള ആ വീട് എനിക്കൊരുപാടിഷ്ടമായിരുന്നു.
ഗേറ്റ് കടന്ന് ഞാനും ഉമ്മയും അകത്തേക്ക് കടന്നപ്പൊ നിറയേ ചിരിയുമായി ജമീലത്താത്ത ഞങ്ങളെ സ്വീകരിച്ചു.ജമീലത്താത്തയുടെ ഭർത്താവ് അഞ്ചാറ് വർഷം മുന്നെ മരിച്ചു പോയതിനുശേഷം തറവാട്ടു വക വീതം കിട്ടിയ ആ വീട്ടിലിനി താമസിക്കാൻ പോകുന്നത് ജമീലത്താത്തയും, അവരുടെ ഭർത്താവിന്റെ ഉമ്മയും ,പിന്നെ ജമീലത്താത്തയുടെ മകൻ അയാനുമാണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി. ഭർത്താവിന്റെ മരണത്തേയും മോന് വേണ്ടി മാത്രം ഉഴിഞ്ഞു വെച്ച തന്റെ ജീവിതത്തേയും കുറിച്ച് പറയുമ്പൊ സാരിത്തുമ്പുകൊണ്ട് പലപ്രാവശ്യം അവർ കണ്ണീരൊപ്പുന്നുണ്ടായിരുന്നു.

 അയാൻ എന്റെ സമപ്രായക്കാരനാണ്.
മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു ചെക്കൻ. വെളുത്ത നിറവും നെറ്റിയിലേക്ക് 
വീണു കിടക്കുന്ന അനുസരണയില്ലാത്ത കോലൻമുടിയിഴകളും,മുഖത്തെ ആ വട്ടക്കണ്ണടയുമൊക്കെ അവനൊരു ഹാരിപോട്ടർ ഛായ തോന്നിച്ചു.അവനേയും എന്റെ അതേ കോളേജിലാണ് ഡിഗ്രി കോഴ്സിന് ചേർത്തിട്ടുള്ളതെന്ന് കേട്ടപ്പൊ ഉമ്മക്ക് ഒരുപാടാശ്വാസമായി .വീട്ടിൽ നിന്നും കുറച്ച് ദൂരെയായിരുന്ന കോളേജിലേക്ക് എന്നെ തനിയെ വിടാൻ ഉമ്മയ്ക്കെന്നും ഭയമായിരുന്നു.ഇത്രയും ദൂരെ യാത്ര ചെയ്യുമ്പൊ കൂട്ടിനൊരാളുണ്ടെന്നത് എനിക്കും നല്ല സന്തോഷമായിരുന്നു.

 ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായിത്തീർന്നു.വളരെ പതിയെ, ആവശ്യത്തിനു മാത്രം സംസാരിക്കുന്ന അയാനും,ആവശ്യത്തിനും,അനാവശ്യത്തിനും ഒരുപാട് ബഹളം വെച്ച് സംസാരിക്കുന്ന ഞാനും ഇത്ര വേഗം എങ്ങനെ കൂട്ടായെന്ന് ജമീലത്താത്ത എന്നും അതിശയപ്പെടാറുണ്ട്.
എത്ര സംസാരിച്ചാലും പറഞ്ഞു തീരാത്ത വിശേഷങ്ങളും ,ഇടയ്ക്ക് മാത്രം ഉണ്ടാകുന്ന കുഞ്ഞുപിണക്കങ്ങളുമായി നമ്മുടെ സൗഹൃദം വളരുകയായിരുന്നു.നമ്മുടെ പിണക്കങ്ങൾക്ക് ഒന്നോ,രണ്ടോ മണിക്കൂർ നേരത്തെ ദൈർഘ്യം മാത്രമേ ഉണ്ടാകാറുള്ളൂ. 

  രണ്ടു വർഷം പെട്ടെന്നു കടന്നുപോയി. ഫൈനൽ ഇയറിനു പഠിക്കുമ്പോ,
ഒരു വൈകുന്നേരം കോളേജ് ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കുകയായിരുന്നു ഞങ്ങൾ കൂട്ടുകാരെല്ലാവരും.
ബസ്സ് വന്ന് മുന്നിൽ നിർത്തിയതും കയറാൻ എല്ലാവരും തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.
കാലിന് സ്വാധീനക്കുറവുള്ള കൂട്ടുകാരി ഇന്ദുവിനെ ബസ്സിലേക്ക് കയറാൻ സഹായിച്ച ശേഷമേ ഞാനെന്നും കയറാറുള്ളൂ. അന്നും പതിവുപോലെ ബസ്സിലേക്ക് കയറാനാഞ്ഞ അവൾ സ്റ്റെപ്പിലേക്ക് കാലെടുത്തു വെച്ചതും,
ബസ്സ് മുന്നോട്ടെടുത്തു. 
റോഡിലേക്ക് വീണു പരിക്കു പറ്റിയ അവളെ ഞാനെഴുന്നേൽപ്പിക്കുമ്പോഴേക്കും കേട്ടാലറയ്ക്കുന്ന തെറി പറഞ്ഞു കൊണ്ട് ആ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും വന്നു.

"ചട്ടുകാലിയൊക്കെ വീട്ടിലിരുന്നാപ്പോരേ..
ഓ പഠിച്ചിട്ട് നീയൊക്കെ വെല്യ കളക്ടറാവാനല്ലേ ...
വെറുതേ മനുഷ്യനെ മെനക്കെടുത്താൻ..ഓരോ നാശങ്ങള്..."
പറഞ്ഞു തീരും മുന്നെ എന്റെ കൈ അയാളുടെ മുഖത്ത് പതിഞ്ഞിരുന്നു.
"നിന്റെ ചിലവിലല്ല അവൾ പഠിക്കുന്നത്. വയ്യാത്ത ഒരു കുട്ടിയെ അപകടപ്പെടുത്തീട്ട് പിന്നെയും നിന്ന് ചിലയ്ക്കുന്നോ ..."
ദേഷ്യത്തിനിടയിൽ വേറെയും എന്തൊക്കെയോ ഞാൻ വിളിച്ചു പറഞ്ഞു.
അവിടെ കൂടിയ ആൾക്കൂട്ടത്തിലെല്ലാവരും എന്നെ ന്യായീകരിച്ച് അഭിപ്രായങ്ങൾ പറഞ്ഞു.ജനക്കൂട്ടം ബസ്സ് പോലീസ് സ്റ്റേഷനിലേക്കെടുപ്പിച്ചു.അതോടെ 
ആ സംഭവം പോലീസ് കേസ്സായി.

  എല്ലാ പ്രശ്നവും കഴിഞ്ഞ് രണ്ടുമണിക്കൂർ വൈകിയാണ് അന്ന് ഞാനും, അയാനും വീട്ടിലെത്തിയത്.ദൂരെ നിന്നേ കണ്ടിരുന്നു ഉപ്പ ഗേറ്റിനരുകിൽ കാത്തു നിൽക്കുന്നത്.വീട്ടിലെത്തിയപ്പൊ ഒന്നും മിണ്ടാതെ മുഖം കുനിച്ച് ഞാൻ അകത്തേക്ക് കയറിപ്പോയി.
ഉപ്പ അയാനോടെന്തോ സംസാരിച്ചു നിൽക്കുകയായിരുന്നു.ഞാനകത്തുചെന്ന് വേഷം മാറി വരുമ്പോഴേക്കും അവനവിടെത്തന്നെയുണ്ടായിരുന്നു.

"രഹനാ...ഇവിടെ വാ.."

അതൊരലർച്ചയായിരുന്നു.ഞാനടുത്തേക്ക് ചെല്ലുമ്പോഴേക്ക് കാതു പൊട്ടുമാറുച്ചത്തിൽ മുഖമടച്ചൊരടി തന്നു ഉപ്പ.

"നിന്നെ ഞാൻ കോളേജിലേയ്ക്കയക്കുന്നത് പഠിക്കാനാണ്. നാട്ടുകാരെ നിയമം പഠിപ്പിക്കാനും, പോലീസ് സ്റ്റേഷൻ കയറാനുമല്ല...മനസ്സിലായോ?
നാളെ മുതൽ നീയിനി കോളേജിലും പോകുന്നില്ല..മതി പഠിപ്പും ,പത്രാസും.
ഇനി നീയീ പടികടക്കണമെങ്കിലെന്റെ അനുവാദം വേണം.. കേട്ടല്ലോ. "

   ഉപ്പയുടെ തീരുമാനവും,ശിക്ഷയും അതായിരുന്നു.
അയാൻ എന്തോ പറയാനാഞ്ഞെങ്കിലും ഉപ്പയുടെ ഭയാനകമായ മുഖം കണ്ട് പേടിച്ചൊന്നും മിണ്ടിയില്ല. നിറഞ്ഞുതൂവിയ കണ്ണുകൾ മറച്ചു പിടിച്ചുകൊണ്ട് ഞാനകത്തേക്ക് നടക്കുമ്പോഴും അവിനവിടെ തലയും താഴ്ത്തി ശില പോലെ നിൽപ്പുണ്ടായിരുന്നു.

    പിറ്റേന്ന് രാവിലെ ജമീലത്താത്തയേയും കൂട്ടിയാണ് അവൻ വന്നത്.എന്നെ കോളേജിലേയ്ക്കയക്കാൻ ജമീലത്താത്തയും ഉമ്മയും കേണുപറഞ്ഞിട്ടും ഉപ്പയുടെ മനസ്സലിഞ്ഞില്ല.അധികം പുരോഗമനചിന്താഗതിയില്ലാത്ത, തികച്ചും യാഥാസ്ഥിതികനായ എന്റെ ഉപ്പയ്ക്ക് എന്റെ ശരിയൊരു വലിയ തെറ്റായിരുന്നു.
കുറേ നാളുകൾ കരഞ്ഞും,ഭക്ഷണം കഴിക്കാതേയും കോളേജിൽ പോയി പഠനം തുടരാൻ ഞാൻ വാശിപിടിച്ചെങ്കിലും ഉപ്പ ലവലേശം കുലുങ്ങിയില്ല.
എന്റെ ദേഷ്യം മുഴുവൻ അയാനോടായിരുന്നു.
അന്ന് ബസ് സ്റ്റോപ്പിലുണ്ടായ സംഭവം ഉപ്പയെ അറിയിക്കരുതെന്ന് ഞാൻ പറഞ്ഞതാണ്. ഉപ്പയോട് പറയാനായി ബസ് ബ്രേക്ക് ഡൗണായതു കൊണ്ട് ലേറ്റായതാ എന്നൊരു കള്ളക്കഥ ഞങ്ങൾ മെനഞ്ഞുണ്ടാക്കിയതുമാണ്.
എന്നിട്ടും വീട്ടിലെത്തിയിട്ട് ഉപ്പയുടെ മുന്നിൽ 
നല്ലപിള്ള ചമയാനായി അവൻ സത്യം തുറന്നു പറഞ്ഞപ്പൊ പൊലിഞ്ഞു പോയത് എന്റെ സ്വപ്നങ്ങളാണ്. സൗഹൃദത്തിലുള്ള വിശ്വാസവും സ്നേഹവുമാണ്.അതിനു ശേഷം ഞാൻ അയാന്റെ വീട്ടിലേക്കു പോകാനോ , അവനോട് സംസാരിക്കാനോ നിന്നില്ല.ഇതിനിടയിൽ പലതവണ അയാൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും എനിക്കാ പഴയ സ്നേഹം അവനോട് തോന്നിയില്ല.എന്നെ സംബന്ധിച്ച് അവനെന്റെ സൗഹൃദത്തിൽ നിന്നും ഒരുപാട് അകന്നു പോയിരുന്നു.ഉമ്മയും ജമീലത്താത്തയും എന്റെ മനസ്സ് മാറ്റാൻ ശ്രമിച്ചെങ്കിലും ഞാനൊന്നും ചെവിക്കൊണ്ടില്ല. അവനോടും ,ഈ ലോകത്തോടു തന്നെയും എനിക്ക് വെറുപ്പായിരുന്നു.

      വീട്ടിൽ വെറുതേയിരുന്ന് മടുക്കുമ്പൊ 
ഞാനെന്നും അവനെ പ്രാകിക്കൊണ്ടിരുന്നു.
മൂന്ന് നാല് മാസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി.പെട്ടെന്നൊരു ദിവസമാണ് ഉച്ചയ്ക്കുശേഷം എന്നെക്കാണാൻ ആരൊക്കെയോ വരുന്നുണ്ടെന്നും, ഒരുങ്ങി നിൽക്കണമെന്നും ഉപ്പ പറഞ്ഞത്.ഏകദേശം നാലുമണിയോടെ അവരെത്തി.
ഉമ്മ പറഞ്ഞതുപോലെ ചായയും,പലഹാരവുമവർക്കു കൊടുത്തതിനുശേഷം ഞാൻ റൂമിലേക്കു വന്നു.
പ്രത്യേകിച്ച് ഒരു സന്തോഷവും തോന്നിയില്ല.
ജനാലയിലൂടെ മുറ്റത്തെ മാവിൻ ചില്ലയിൽ കലപില കൂട്ടിക്കൊണ്ടിരുന്ന അണ്ണാരക്കണ്ണനെ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ കാൽപ്പെരുമാറ്റം കേട്ടത്.അപ്പോഴാണ് ആളെ ശരിക്കും നോക്കിയത്.കറുത്ത നിറമുള്ള ഷർട്ടും,ബ്ലൂ ജീൻസുമിട്ട് മുഖത്തൊരു ചെറുചിരിയുമായി അയാൾ.
പേര് സഹീർ എന്നാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയതിനുശേഷം അടുത്ത ചോദ്യം എന്തേ പഠനം നിർത്തിക്കളഞ്ഞതെന്നായിരുന്നു.
ഒന്നും മിണ്ടാതെ നിലത്ത് നോക്കി നിന്നപ്പൊ വിഷമിക്കേണ്ട എന്നെ ഇഷ്ടായോന്ന് പറഞ്ഞാ മതിയെന്ന് പറഞ്ഞ് ഒരു കള്ളച്ചിരി ചിരിച്ചു.
മുഖമുയർത്തി തലയാട്ടിയപ്പൊ ശരി..എന്നാ ഞാനിറങ്ങുവാന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി.

 അവർ പോയി കുറച്ചു കഴിഞ്ഞതിനു ശേഷം ഉമ്മ അകത്തേക്ക് വന്നു.സഹീറിക്കയ്ക്ക് ഗൾഫിലെ ഒരു നല്ല കമ്പനിയിൽ മാനേജർ ജോലിയാണത്രെ.നല്ല കുടുംബമാണെന്നും,
ലീവ് തീരാനിനി പതിനഞ്ച് ദിവസങ്ങളേയുള്ളൂവെന്നും അതിനിടയിൽ കല്ല്യാണം വേണമെന്നുമൊക്കെ പറഞ്ഞു.
എന്റെ സമ്മതം അറിയാൻ ഉപ്പ അയച്ചതായിരുന്നു ഉമ്മയെ. 
എനിക്ക് സമ്മതമാണെന്ന് അറിഞ്ഞതിനു ശേഷം കാര്യങ്ങൾ പിന്നെ പെട്ടെന്നായിരുന്നു.
എല്ലാറ്റിനും ഉമ്മയെ സഹായിക്കാൻ ജമീലത്താത്തയും ഉണ്ടായിരുന്നു.ഒറ്റമകളായതിനാൽ ഉപ്പ ആർഭാടമൊട്ടും കുറച്ചിരുന്നില്ല.
ഒടുവിൽ കല്ല്യാണദിവസമായി.

 പുതുപ്പെണ്ണിന്റെ മോടിയിൽ അണിഞ്ഞൊരുങ്ങിയിരുന്ന എന്റെ മുന്നിലേക്ക് 
അയാൻ വന്നു.എന്തോ പറയാനാഞ്ഞ അവനെ ശ്രദ്ധിക്കാതെ ഞാൻ മുഖം തിരിച്ചു നിന്നു.
കുറച്ചു നേരം നിന്നശേഷം തലയും താഴ്ത്തി അവനാ മുറിയിൽ നിന്നും പോകുന്നത് ഗൂഢമായ ഒരാനന്ദത്തോടെ ഞാൻ നോക്കി നിന്നു.

  കല്ല്യാണവും ,വിരുന്നുമൊക്കെയായി ദിവസങ്ങൾ കടന്നുപോയതറിഞ്ഞില്ല.
പുതിയ വീടും,വീട്ടുകാരും ഒരുപാട് സ്നേഹമുള്ളവരായിരുന്നു.സ്വന്തം വീട്ടിലേക്കാൾ സ്വാതന്ത്ര്യമുള്ള ഭർതൃ വീട്.കുറച്ചു നാൾ ഉപ്പയേയും, ഉമ്മയേയും പിരിഞ്ഞു നിൽക്കുമ്പോഴേക്കും ഉപ്പയോടുള്ള പിണക്കമൊക്കെ മാറിയിരുന്നു.എനിക്ക് നല്ലൊരു ജീവിതം കിട്ടിയതിൽ അവരും നല്ല സന്തോഷത്തിലായിരുന്നു.

  ലീവ് കഴിഞ്ഞ് സഹീർക്ക പോയതിനുശേഷം ഒരു മാസത്തിനുള്ളിൽ എന്നേയും കൊണ്ടു പോയി.പുതിയ സ്ഥലവും,പുതിയ ജീവിതവും...
നല്ല സന്തോഷത്തിലായിരുന്നു ഞാൻ. അതിനിടയിലാണ് മുടങ്ങിപ്പോയ പഠനം തുടർന്നു കൂടേയെന്ന് സഹീർക്ക ചോദിക്കുന്നത്.
ഇപ്പൊ ഗൾഫിലിരുന്നും പരീക്ഷ എഴുതാനുള്ള സംവിധാനമുണ്ടത്രെ. അതു കേട്ടപ്പൊ ഒരുപാടൊരുപാട് സന്തോഷം തോന്നി.
പഠനം തുടങ്ങി, പരീക്ഷകളെഴുതി നല്ല മാർക്കോടെ പാസ്സായപ്പൊ 
ആരെയൊക്കെയോ തോൽപ്പിച്ച സന്തോഷമായിരുന്നു.
പഠനത്തോടൊപ്പം കംപ്യൂട്ടർ പഠനവുമുണ്ടായിരുന്നതിനാൽ നല്ലൊരു കമ്പനിയിൽ ജോലി നേടാനും സാധിച്ചു.മുടങ്ങിപ്പോയ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കുന്നതും ജീവിതം കൂടുതൽ നിറമുള്ളതാകുന്നതും
ഞാനറിയുകയായിരുന്നു.
സ്നേഹത്തിന്റെയു, സ്വാതന്ത്ര്യത്തിന്റെയും വാതിലുകൾ തുറന്നുതന്ന് എന്നും എന്റെ ഏറ്റവും നല്ല കൂട്ടുകാരനായി കൂടെയുണ്ടായിരുന്നു സഹീറിക്ക. 

  മനോഹരമായ ഒരു ഗാനം പോലെ ജീവിതം മുന്നോട്ടൊഴുകിക്കൊണ്ടിരിക്കുമ്പോഴാണ് 
ഒരു കുഞ്ഞതിഥി കൂടി ഞങ്ങളുടെ ഇടയിലേക്ക് വരികയാണെന്നറിഞ്ഞത്.
ഏഴാം മാസത്തിൽ നാട്ടിലേക്ക് പ്രസവത്തിനായി പോയി.ചെക്കപ്പും,പലഹാരക്കൊതിയും,
വയ്യായ്കയുമൊക്കെയായി ദിവസങ്ങൾ പോയതറിഞ്ഞില്ല.

  അതിനിടയിലെപ്പൊഴോ അയാൻ പുതിയ ജോലി നേടി ബാംഗ്ലൂരിലാണെന്നും രണ്ടാഴ്ച്ചയിലൊരിക്കൽ നാട്ടിലേക്ക് വരാറുണ്ടെന്നും ഉമ്മ പറയുന്നത് കേട്ടു.കൂടുതലറിയാൻ താൽപ്പര്യം കാണിക്കാത്തതുകൊണ്ട് ഉമ്മ അധികം പറഞ്ഞില്ല.ഒടുവിൽ ഡോക്ടർ അഡ്മിറ്റാകാൻ പറഞ്ഞ ദിവസമെത്തി. ടൗണിലെ വലിയ ആശുപത്രിയിൽ അഡ്മിറ്റായി. 
ഡോക്ടർ പറഞ്ഞ സമയം കഴിഞ്ഞിട്ടും വേദന വരാത്തതിനാൽ സിസേറിയനുള്ള ഒരുക്കങ്ങളായി.ഉപ്പയും,ഉമ്മയും നല്ല ടെൻഷനിലായിരുന്നു.എനിക്കും എന്തോ പേടി തോന്നിത്തുടങ്ങി.അനസ്തേഷ്യ തരുന്ന ഡോക്ടറെന്തോ ചോദിക്കുമ്പൊ പകുതി മറുപടി പറഞ്ഞ് ഞാൻ മയക്കത്തിലേക്ക് വഴുതിപ്പോയി.

    മയക്കം വിട്ടുണരുമ്പൊ എന്നോട് 
പറ്റിച്ചേർന്നു കിടക്കുന്ന പൊന്നുമോനെയാണ് കണ്ടത്.
ആ കുഞ്ഞുമുഖത്ത് നോക്കിയപ്പൊ വേദനയൊക്കെ ഞാൻ മറന്നിരുന്നു.
ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജായി ഞങ്ങൾ 
വീട്ടിലേക്ക് പോയപ്പോ കുഞ്ഞിനെക്കാണാനായി അവൻ വന്നു.അവനന്ന് ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുകയാണത്രേ.
എനിക്കെന്തോ അവനെ കാണേണ്ടായെന്ന് തോന്നി.കുഞ്ഞിനെ എടുത്ത് പുറത്തേക്കിറങ്ങുന്ന ഉമ്മയോട് അല്പം ഉറക്കെയാണ് ചോദിച്ചത്.
"എന്റെ മോനെ അവനെന്തിനാ കാണുന്നേ..അവനാരാ എന്റെ..?"
ഒന്നും മിണ്ടാതെ കുഞ്ഞിനേയുമെടുത്ത് ഉമ്മ പുറത്തേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞ് തിരിച്ചു വന്നപ്പൊ ഉമ്മയുടെ കൈയ്യിലൊരു ജ്വല്ലറി ബോക്സുണ്ടായിരുന്നു.അത് തുറന്ന് നോക്കിയപ്പോ അതിലൊരു കുഞ്ഞു വളയും.
"എന്റെ കുഞ്ഞിന് വേണ്ട അവന്റെ സമ്മാനം..
ഉമ്മ വേഗം ഇത് തിരിച്ചു കൊടുത്തോ. "

 ഞാൻ ബഹളമുണ്ടാക്കാൻ തുടങ്ങുമ്പോഴേക്കും, മുറ്റത്ത് ഗേറ്റടയുന്ന ശബ്ദം കേട്ടു.
"പാവം അവൻ ഒക്കെ കേട്ടു കാണും..
ഒരു ഗ്ലാസ് ചായ പോലും കുടിക്കാതെയാ അവനിറങ്ങിയേ.."
ഉമ്മ പറയുമ്പോഴേക്കും പലതും പറഞ്ഞ് ഞാൻ ഉമ്മയുടെ വായടപ്പിച്ചു. 
നിസ്സംഗതയോടെ നിന്ന ഉമ്മ മെല്ലെ എന്നോട് പറഞ്ഞു 
"എന്റെ മോളൊരു കാര്യം അറിയ്യോ..
അന്ന് നിന്നെ പ്രസവത്തിന് കൊണ്ടു പോയ സമയത്ത് അത്യാവശ്യമായി നിനക്ക് രണ്ടുകുപ്പി രക്തം ആവശ്യമായി വന്നു.ഡോക്ടർ പെട്ടെന്ന് പറഞ്ഞപ്പൊ എന്തു ചെയ്യണമെന്നറിയാതെ നിന്ന നമുക്കു മുന്നിൽ ദൈവത്തെപ്പോലെയെത്തിയത് അവനാ.അന്ന് ബാംഗ്ലൂരിൽ നിന്ന് വീട്ടിലെത്തിയ ഉടനെ നീ അഡ്മിറ്റാണെന്നറിഞ്ഞ് ആശുപത്രിയിലേക്ക് ഓടി വരികയായിരുന്നവൻ.അവന്റെ ചോരയാ ഇപ്പൊ നിന്നിലൂടൊഴുകുന്നതും,നിന്റെ ജീവൻ രക്ഷിച്ചതും."
ഉമ്മ പറഞ്ഞിട്ടും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.ഇതൊക്കെ സാധാരണ മനുഷ്യസ്നേഹികളായ എല്ലാവരും ചെയ്യുന്ന പ്രവൃത്തിയായേ ഞാനതിനെ കണ്ടുള്ളൂ.മൂന്നു മാസം നാട്ടിൽ നിന്നതിനുശേഷം ഞാൻ സഹീർക്കയുടെ അടുത്തേക്ക് തിരിച്ചു പോയി.മോന്റെ കുസൃതികളിലും, ജോലിത്തിരക്കിലും പിന്നെയും ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി.
അതിനിടയിലെപ്പൊഴോ 
ഓഫീസ് അഡ്രസ്സിൽ അയാന്റെ കല്ല്യാണക്ഷണക്കത്ത് വന്നു.
താമസിയാതെ അവന്റെ ഒരു കോളും. 
ഫോണെടുത്ത് അവന്റെ ശബ്ദം കേട്ട ഉടനെ ഞാൻ കോൾ കട്ട് ചെയ്തു.

  വീട്ടിലെത്തിയപ്പൊ സഹീർക്ക അന്ന് ആദ്യമായി എന്നോട് ദേഷ്യപ്പെട്ടു.
"ഒരാള് കല്ല്യാണം ക്ഷണിക്കാൻ വിളിക്കുമ്പൊ ഇങ്ങനെയാണോ പെരുമാറുന്നേ..തനിക്ക് ഇത്തിരി സംസ്ക്കാരമുണ്ടെന്നാ ഞാൻ 
കരുതിയത്.
ഇത് വല്ലാത്ത അഹങ്കാരമായിപ്പോയെടോ.
തനിക്ക് വേണ്ടി അവനിത്രയൊക്കെ ചെയ്തിട്ടും..താൻ....ച്ഛെ...ഇത്ര ദേഷ്യം ഉണ്ടാകാൻ മാത്രം അവനെന്തു തെറ്റു ചെയ്തിട്ടാ.."

  ഞാനൊന്നിനും മറുപടി പറഞ്ഞില്ല.മനസ്സിൽ പുഴുക്കൾ നുരയുന്നതുപോലെ അവനോടുള്ള ദേഷ്യവും,വെറുപ്പും നിറയുന്നത് ഞാനറിഞ്ഞു.അതുവരെ എന്നെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാത്ത സഹീർക്കയും കൂടി അവന്റെ കാര്യത്തിൽ എന്നെ വഴക്കു പറഞ്ഞപ്പൊ അത് കൂടിയതേയുള്ളൂ.

 അന്ന് രാത്രി വീട്ടിൽ വിളിച്ചപ്പോ ആരോടെന്നില്ലാതെ ഉമ്മ പറഞ്ഞത് കേട്ടു അയാൻ കല്ല്യാണം കഴിക്കുന്നത് ഒരു അനാഥപ്പെൺകുട്ടിയെ ആണത്രേ.
ഒട്ടും ആർഭാടമില്ലാതെ അനാഥാലയത്തിൽ വെച്ചാണ് ചടങ്ങ്.അപ്പോഴാണോർത്തത്.അവന്റെ ക്ഷണക്കത്തിൽ 'അയാൻ വെഡ്സ് നാദിയ' എന്ന വാക്കല്ലാതെ അതിൽക്കൂടുതലൊന്നും ഞാൻ വായിച്ചിരുന്നില്ലല്ലോ എന്ന്.

  നാളുകൾ പിന്നെയും കടന്നുപോയി.
ഒരു ദിവസം ഓഫീസ് സമയത്ത് തുടരെത്തുടരെ ഫോൺ റിംഗ് ചെയ്തു. അത്യാവശ്യമില്ലാതെ ഉമ്മ ഈ സമയം വിളിക്കില്ല.ഇനി ഉപ്പയ്ക്ക് വയ്യായ്ക എന്തെങ്കിലും...?
ഓർത്തപ്പൊ വേവലാതിയായി..
കോൾ കട്ടാക്കി മെല്ലെ സീറ്റിൽ നിന്നെഴുന്നേറ്റു.പുറത്തെ കോറിഡോറിലേക്കു ചെന്നു ഉമ്മയെ വിളിച്ചു.
"എന്തേ ഉമ്മ ഇത്ര അത്യാവശ്യമായിട്ട്...എന്തിനാ വിളിച്ചേ?"
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി..
"മോളെ....അയാൻ..."

"അയാൻ..അയാന് എന്തു പറ്റി.."

 എന്റെ സ്വരത്തിൽ അറിയാതെ ഒരു വിറയൽ കടന്നു വന്നു.
"അവനെ ഇന്നലെ രാത്രി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
എന്തോ കിഡ്നി ഫെയില്യർ ന്നൊക്കെ ഉപ്പ പറയുന്നതു കേട്ടു.കുറച്ചു സീരിയസ് ആണത്രേ.എനിക്ക് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല മോളെ.മോളോട് പറയരുതെന്ന് ഉപ്പ പറഞ്ഞതാണ്..
പക്ഷെ നിന്നോട് പറയാതെങ്ങനെയാ..ഇനിയെന്റെ പൊന്നുമോൾ മനസ്സിലൊന്നും വെച്ചേക്കരുത്... 
അവനു വേണ്ടി പ്രാർത്ഥിക്കണം."

  പിന്നീട് ഉമ്മ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.
ഫോൺ കട്ടായതും അറിഞ്ഞില്ല.
കണ്ണിലിരുട്ട് കയറിയ പോലെ.
എങ്ങനെയോ തപ്പിത്തടഞ്ഞ് അകത്തേക്കു കയറിയതേ ഓർമ്മയുള്ളൂ.ലോകം മുഴുവൻ കീഴ്മേൽ മറിയുന്ന പോലെ.കണ്ണു തുറക്കുമ്പൊ ഓഫീസിലെ സഹപ്രവർത്തകരെല്ലാവരും ചുറ്റുപാടുമുണ്ടായിരുന്നു.

 ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് സഹീർക്ക എന്നെ കൊണ്ടുപോകാൻ ഓഫീസിൽ വന്നിരുന്നു.
വീട്ടിലെത്തിയ എനിക്ക് എത്ര ശ്രമിച്ചിട്ടും കരച്ചിൽ നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
ചെയ്തു പോയ വലിയ തെറ്റ് എന്നെ കുത്തിനോവിച്ചു .
അവനോട് കാണിച്ച അവഗണനയുടെ ഓർമ്മകൾ ഓരോ നിമിഷവും
എന്നെ പൊള്ളിച്ചു കൊണ്ടേയിരുന്നു.
ഇതിനിടെ സഹീർക്ക ആരെയൊക്കെയോ ഫോണിൽ വിളിച്ച് വിവരങ്ങളറിയുന്നുണ്ടായിരുന്നു.
ഒന്നിനുമാവാതെ പ്രതിമ പോലെ ഞാനിരുന്നു.അതിനിടയിൽ സഹീർക്ക പറയുന്നത് കേട്ടു.
"കിഡ്നി മാറ്റി വെച്ചാൽ ചിലപ്പൊ രക്ഷപ്പെടും.അവന്റെ ഉമ്മ അത് നൽകാൻ തയ്യാറാണത്രെ.പടച്ചോനോട് പ്രാർത്ഥിക്കാം ..എല്ലാം ശരിയാകുമെടോ."
പിറ്റേന്ന് തന്നെ ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും നല്ലൊരു തുക സഹീർക്ക അവന്റെ ഭാര്യയുടെ പേരിൽ അയച്ചു കൊടുത്തു.എന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ആ മനുഷ്യനോട് ഒരുപാടാദരവ് തോന്നിപ്പോയി.പിന്നെ പ്രാർത്ഥനയുടെ നാളുകളായിരുന്നു.

 ഐ സി യു വിലുള്ള അവൻ ഫോണിൽ സംസാരിക്കാൻ പറ്റാത്തത്രയും ക്ഷീണിതനായിരുന്നു.നാട്ടിലേക്ക് പോയി അവനെ കെട്ടിപ്പിടിച്ചു മാപ്പിരക്കാനെന്റെ മനസ്സൊരുപാട് കൊതിച്ചു.
പക്ഷേ വിസ പുതുക്കാനായി പാസ്പോർട്ട് കൊടുത്തിട്ടുള്ളതിനാൽ എനിക്കു പോകാൻ പറ്റിയില്ല.ദിവസവും ഉമ്മയെ വിളിച്ച് ആശുപത്രിയിലെ വിവരങ്ങളന്വേഷിച്ചറിയും.
ഒടുവിൽ ഒരു വെള്ളിയാഴ്ച്ച രാത്രി 
ഓപ്പറേഷൻ തീയ്യതിക്കു മൂന്നു ദിവസം മുന്നെ എല്ലാവരേയും തനിച്ചാക്കി ഒരു യാത്ര പോലും പറയാതെ അവൻ പോയി.

കേട്ടപ്പൊ ഒരു നിമിഷം...വിശ്വസിക്കാൻ പറ്റിയില്ല.അന്നു മുഴുവൻ ബഹളം വെച്ച് കരഞ്ഞു കൊണ്ടിരുന്ന എന്നെ സമാധാനിപ്പിക്കാൻ സഹീർക്ക കുറേ പണിപ്പെട്ടു.
കുറ്റബോധവും,സങ്കടവുമൊരുപോലെ
എന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.
ജീവിതത്തിലാദ്യമായിട്ടായിരുന്നു അത്ര വലിയ വേദന ഞാനനുഭവിച്ചത്. 

 അവന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാമത്തെ ദിവസം എന്റെ പാസ്പോർട്ട് തിരിച്ചു കിട്ടി.അന്നു തന്നെ ഞങ്ങൾ നാട്ടിലേക്കു പുറപ്പെട്ടു.തോരാത്ത കണ്ണീരോടെ ഞാൻ നാട്ടിലെത്തി.നേരെ ജമീലത്താത്തയുടെ വീട്ടിലേക്കാണ് പോയത്.എത്രയോ കാലങ്ങളായി ഞാനാ വീടിന്റെ പടി ചവിട്ടിയിരുന്നില്ല.വല്ലാത്ത കുറ്റബോധം തോന്നി.എന്നെ കണ്ടതും കിടന്നിരുന്ന ജമീലാത്ത എന്റെ പൊന്നു മോളേയെന്ന് പറഞ്ഞ് കരയാനാരംഭിച്ചു.
നിയന്ത്രണമില്ലാതെ ഞാനും കരഞ്ഞു പോയി.
അവനില്ലാത്ത അവന്റെ ഓർമ്മകളുറങ്ങിക്കിടക്കുന്ന ആ വീട്..വിശ്വസിക്കാൻ പറ്റുന്നേയില്ലായിരുന്നു അവൻ പോയെന്ന്.

 കുറേ നേരം സംസാരിച്ച് ഞാൻ പോകാനെഴുന്നേറ്റപ്പൊ ജമീലത്താത്ത എനിക്കവന്റെ ഭാര്യയെക്കാട്ടിത്തന്നു.
ഒരു ചെറിയ പെൺകുട്ടി.അവളാകെ വാടിത്തളർന്നു പോയിരുന്നു.
'ഇത് '...ജമീലത്താത്ത എന്നെ പരിചയപ്പെടുത്തുമ്പോഴേക്കും ,അവൾ പറഞ്ഞു..
"എനിക്കറിയാം..ഇക്ക ഒരുപാട് പറഞ്ഞിട്ടുണ്ട്.അല്ല എന്നും പറയുമായിരുന്നു.
അവസാന ദിവസം വരെ വാശിപിടിച്ചതാ ഇത്തയോടു സംസാരിക്കാൻ.
ശ്വാസം മുട്ടലുണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർമാർ സമ്മതിച്ചില്ല.ഇക്കയ്ക്കത് വല്യ സങ്കടാര്ന്നു...പറയുമ്പോഴേക്കും അവൾ വിതുമ്പിപ്പോയി.എനിക്കെന്റെ ദേഹമാകെ ചുട്ടുപൊള്ളുന്നതുപോലെ തോന്നി.

 ഇത് ഇക്ക ഇത്തയ്ക്ക് തരാൻ ഏൽപ്പിച്ചതാ;അസുഖം കൂടിയപ്പോ...
തലയിണക്കീഴിൽ നിന്നും ഒരു കവറവളെന്നെ ഏൽപ്പിച്ചു.അവളുടെ ഉന്തിനിൽക്കുന്ന വയറിലെ അവന്റെ ജീവന്റെ തുടിപ്പിനെ ഒന്നു തലോടി,
ഒന്നും മിണ്ടാതെ ഞാൻ വീട്ടിലേക്ക് നടന്നു

      വീട്ടിലെത്തിയതിനുശേഷം ഞാനാ കവർ പൊട്ടിച്ചു.
നാലായി മടക്കിയ ഒരു പേപ്പറിൽ കുനുകുനെ എഴുതിയ അവന്റെ അക്ഷരങ്ങളായിരുന്നു.
എഴുത്തിലൂടെ ഞാൻ കണ്ണോടിച്ചു.

  പ്രിയപ്പെട്ടവളെ...
എന്തോ എനിക്ക് നിന്നെ പേര് ചൊല്ലി വിളിക്കാൻ തോന്നുന്നില്ല.
ചിലപ്പൊ മനസ്സിലത്രയ്ക്ക് ചേർത്തു വച്ചതു കൊണ്ടാകാം.

ഇനിയെനിക്ക് ചുരുങ്ങിയ സമയം മാത്രമേ ഉള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു കഴിഞ്ഞു.
ഇപ്പൊ ഈ സമയം
വെറുതേ ആഗ്രഹിച്ചു പോവുകയാണ് നിന്നെയൊന്നു കാണാൻ. 
വെറുതേ നിന്റെ കൂടെ കൊതിതീരെ സംസാരിച്ചിരിക്കാൻ...ഒന്നു യാത്ര പറയാൻ...

  നിനക്കറിയാമോ 
കിലുക്കാംപെട്ടി പോലെ സംസാരിക്കുന്ന 
 ആ നിന്നെ നീ പോലുമറിയാതെ ഞാൻ 
പ്രണയിച്ചിരുന്നു;ഒരുപാടൊരുപാട് ..
നിന്നോടത് തുറന്നു പറഞ്ഞാൽ ഒരുപക്ഷേ നമ്മുടെ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് ഞാനത് പറയാതെ ഉള്ളിൽ വെച്ചത്.
ഇനിയുമത് പറഞ്ഞില്ലെങ്കിൽ ഞാൻ നിന്നോട് ചെയ്യുന്ന വലിയൊരു തെറ്റാണത്.

 കാരണമില്ലാതെ നീയെന്നോട് പിണങ്ങിയപ്പൊ അതോർത്തെത്ര സങ്കടായെന്നോ എനിക്ക്.
നീ വിചാരിക്കുന്നതു പോലെ അന്നു കോളേജിലുണ്ടായ സംഭവം ഞാൻ പറഞ്ഞിട്ടല്ലായിരുന്നു നിന്റെ ഉപ്പയറിഞ്ഞത്.
അന്നവിടെക്കൂടിയ ആൾക്കൂട്ടത്തിൽ നമ്മുടെ കോളേജിലെ ഓഫീസിൽ ജോലി ചെയ്യുന്ന അഷ്റഫിക്കയുമുണ്ടായിരുന്നു.
നിനക്കറിയില്ലേ അദ്ദേഹം നിന്റെ ഉപ്പയുടെ സുഹൃത്താണെന്ന്.
അദ്ദേഹം വിളിച്ചു പറഞ്ഞിട്ടാണ് നിന്റെ ഉപ്പ കാര്യങ്ങളറിഞ്ഞത്.
തെറ്റിദ്ധരിക്കല്ലേ ആ മനുഷ്യൻ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ല.
നീ ചെയ്ത നല്ല കാര്യത്തെ പ്രശംസിച്ചു കൊണ്ടാണ് അദ്ദേഹം ഉപ്പയോട് സംസാരിച്ചതത്രെ.
പക്ഷെ ഉപ്പ ചിന്തിച്ചത് വേറൊരു രീതിയിലാണ്.ആൾക്കൂട്ടത്തിൽ ശബ്ദമുയർത്തിയ പെൺകുട്ടി ഉപ്പയ്ക്ക് അപമാനമായിത്തോന്നിയിട്ടുണ്ടാകാം.
ഒക്കെ സംഭവിച്ചു കഴിഞ്ഞില്ലേ ഇനി പറഞ്ഞിട്ടു കാര്യമില്ല..എന്നാലും നിനക്കെന്നോടുള്ള പിണക്കം മാറണം.ഒരു ചെറിയ തെറ്റിദ്ധാരണയാണ് നമ്മുടെയിടയിൽ അകലം തീർത്തത്.പലപ്രാവശ്യം
അത് തിരുത്താനായി ഞാൻ നിന്റെ അരികിലേക്കെത്തിയിരുന്നു.
ഒന്നിനുമായിട്ടല്ല നീ എന്നെ വെറുക്കാതിരിക്കാൻ മാത്രം..പക്ഷേ ഒരിക്കലും നീയെനിക്ക് മുഖം തന്നില്ല..എന്നെ കേട്ടില്ല.
എന്റെ സങ്കടങ്ങളൊക്കെയും ഞാൻ ഉമ്മയോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ.ഉമ്മയ്ക്കറിയാം എനിക്ക് നീയെത്ര വിലപ്പെട്ടതാണെന്ന്.

  ഈ എഴുത്ത് നിന്റെ കൈയ്യിലെത്തുമ്പോഴേക്കും ചിലപ്പൊ ഞാനീ ലോകത്തോട് വിട പറഞ്ഞിട്ടുണ്ടാകാം..എന്നാലും ചില സത്യങ്ങൾ പറയുക തന്നെ വേണമല്ലോ.. 
നീ മറ്റൊരാളുടെയാണെന്നറിഞ്ഞിട്ടും ,
തെറ്റാണെന്നറിഞ്ഞിട്ടും ഞാനിന്നും നിന്നെ ഒരുപാട് സ്നേഹിക്കുന്നു.കാരണം നീയെന്നിൽ നിറഞ്ഞ ലഹരിയാണ്.സ്നേഹമെന്ന ലഹരി.
ഇത് വായിച്ചു കഴിഞ്ഞാലും നീയെന്നെ വെറുക്കരുത്..ശപിക്കരുത്.. 

 ഇനി ഞാൻ നിർത്തട്ടെ..ഇനിയും കുറേ പറഞ്ഞാൽ നീയൊരുപാട് സങ്കടപ്പെടുമെന്നറിയാം; അതു വേണ്ട കെട്ടോ ദൈവമായിട്ട് തന്ന നല്ലൊരു സമ്മാനമുണ്ട് നിനക്കിന്ന് സ്വന്തമായിട്ട്... നിന്റെ സഹീറിക്ക.
സന്തോഷത്തോടെ ഇക്കയോടും മോനോടുമൊപ്പം കുറേക്കാലം ജീവിക്കാനുള്ള ഭാഗ്യം ദൈവം നിനക്ക് തരട്ടെ.

 വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ തിക്കുമുട്ടിയ സങ്കടങ്ങൾ കുഞ്ഞരുവിയായ് ആ പേപ്പറിനെ നനച്ചു.
വിതുമ്പുന്ന ചുണ്ടുകളോടെ ഞാനാ പേപ്പറിനെ പലയാവർത്തി ചുംബിച്ചു ;ഒരു ഭ്രാന്തിയെപ്പോലെ..
"അയാൻ...മാപ്പ്..ഞാൻ നിന്നേയും സ്നേഹിച്ചിരുന്നു...ഒരുപാട്..."
ഞാൻ പിന്നെയും ഏങ്ങലടിച്ച് പലതും പുലമ്പിക്കൊണ്ടിരുന്നു.
അപ്പോൾ അങ്ങകലെ പള്ളിക്കാട്ടിലെ ഖബറിനുള്ളിൽ ഒരു ചുംബനത്തിന്റെ ആലസ്യവുമായി ഒരു ചെറുപുഞ്ചിരിയോടെ
അവനുറങ്ങുകയായിരുന്നു.

         

1 comment:

  1. ശക്തമായ സ്നേഹബന്ധങ്ങളുടെ മതിലുകളിൽ സംശയത്തിന്റെ കരിനിഴൽ വീണാൽ ബന്ധത്തി ന് വിള്ളൽ അനുഭവപ്പെടും

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot