ഒരു പ്രവാസിയുടെ ലോക്ക്ഡൗൺ
വെറുതേയിരുന്നും കിടന്നും ഓരോന്നാലോചിച്ചുകൊണ്ട് മൊബൈലിൽ മീനുവിന്റെയും മക്കളുടേയും ഫോട്ടോകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് പുറത്തൊരു വണ്ടി വന്നുനിർത്തിയ ശബ്ദം കേട്ടത്.വണ്ടിയുടെ ശബ്ദത്തിൽ നിന്നു തന്നെ മനസ്സിലായി അർബാബ് ആണ്.ഇരുപത്തിനാലുമണിക്കൂറും ഉണർന്നിരിക്കുന്ന റോഡായിരുന്നു.ഈ മഹാമാരി വന്നതിൽപിന്നെ വണ്ടികളുടെ ഇരമ്പൽ പോലും കേൾക്കാതായി.ചില കോൾഡ്സ്റ്റോറുകളും സൂപ്പർ മർക്കറ്റുകളും ഒഴികെയുള്ള കടകളെലാം അടഞ്ഞുകിടക്കുന്നു.ഞാൻ ജോലി ചെയ്യുന്ന തയ്യൽക്കട ഇനി കുറച്ചു നാളത്തേക്ക് അടച്ചിട്ടേക്കൂ എന്ന് പറഞ്ഞു പോയിട്ട് അർബാബ് പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല.ഈ കുഞ്ഞു കടയിലെ തയ്യൽക്കാരനും, സെക്യുരിറ്റിയും,കളീനിങ് ബോയും എല്ലാം ഞാനോരാൾ തന്നെയായതിനാൽ കടയോട് ചേർന്നുള്ള ഒരു കുഞ്ഞുമുറിയിലാണ് എനിക്കുള്ള താമസ സൗകര്യവും.കടയിൽനിന്ന് വരുമാനം ഇല്ലാത്തതിനാൽ ഈ മാസം ശമ്പളമുണ്ടാവില്ലെന്നുകൂടി ഓർമിപ്പിച്ചിട്ടാണ് അന്നിവിടുന്നു പോയത്. വരുമാനമില്ലാത്ത കടയിലെ തൊഴിലാളിക്ക് ശമ്പളം കൊടുക്കേണ്ടതില്ലെന്ന ന്യായത്തിൽ ഒരു പ്രവാസിയെന്ന നിലയിൽ ഞാനും വിശ്വസിച്ചേ പറ്റൂ.
അർബാബ് ഇവിടെ വരുന്ന ദിവസങ്ങളിൽ എനിക്ക് ചീത്തവിളി ഉറപ്പാണ്.ചിലപ്പോ കൈയൊങ്ങാനും മടിക്കില്ല.അത്രയ്ക്ക് ദേഷ്യക്കാരനാണ്.കടയുടെ ഷട്ടർ തൂത്തില്ല,പുറത്തെ ബൾബ് മാറിയില്ല എന്നിങ്ങനെതുടങ്ങി ചീത്തവിളി കേൾക്കാനുള്ള എന്തെങ്കിലുമൊക്കെ അവസരം ഞാനും ഉണ്ടാക്കിവെക്കാറുണ്ട്.ഇന്നത്തെ ചീത്തവിളി എന്തിനായിരിക്കുമോ എന്ന ആകുലതയോടെ ലുങ്കിയുടെ മടക്കിക്കുത്തഴിച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി.
"അസ്സലാമു അലൈക്കും അർബാബ്."
"വാ അലൈക്കും സലാം.....
കൈഫ് ഹലക്ക് യാ റഫീക്ക്.?"
തിരിച്ചു സലാം ചൊല്ലിയ കൂട്ടത്തിൽ പുഞ്ചിരിയോടെ അർബാബ് സുഖവിവരവും അന്വേഷിക്കുന്നത് കേട്ടപ്പോൾ എനിക്ക് അതിശയമാണ് തോന്നിയത്.ഇത്രയും വർഷങ്ങൾക്കിടയിൽ ആ മുഖത്തൊരു ചിരി ഞാൻ കണ്ടിട്ടില്ല എന്നതാണ് എന്റെ അതിശയത്തിന് കാരണം.
"ഇത് കുറച്ച് അരിയും ഇറച്ചിയും പച്ചക്കറികളും മറ്റുമാണ്.നാളെമുതൽ ഇവിടെ സമ്പൂർണ്ണ ലോക്ക്ഡൗണ് തുടങ്ങുകയാണ്.പുറത്തേക്കൊന്നും ഇറങ്ങാൻ നിക്കണ്ടാ.എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാമതി."
കൈയിലുള്ള സഞ്ചി എന്നെ ഏൽപ്പിച്ച് തിരിഞ്ഞു നടക്കുന്ന അർബാബ് എന്നെ ഒന്നുകൂടി അമ്പരപ്പെടുത്തി.ഇനിയേതായാലും പട്ടിണി കിടക്കണ്ടല്ലോ എന്ന സന്തോഷത്തോടെ റൂമിലേക്ക് കയറി യപ്പോൾ മീനുവിന്റെ കോൾ.
"ഏട്ടാ ഈ മാസം ഇനി പൈസ അയക്കാൻ കഴിയില്ലായിരിക്കും അല്ലേ..? സർക്കാരിന്റെ റേഷൻ കിട്ടിയതുകൊണ്ട് എനിക്കും മക്കൾക്കും ഭക്ഷണത്തിന് മുട്ടൊന്നും ഇല്ല.കഞ്ഞിയും പയറുമൊക്കെ മക്കൾക്ക് കഴിക്കാൻ ഇതിട്ടമുണ്ടായിട്ടൊന്നുമല്ല..
മീനോ ഇറച്ചിയോയില്ലാതെ ചോറുണ്ട് ശീലമില്ലല്ലോ..വിശക്കുമ്പോൾ അവരും എല്ലാം ശീലിക്കട്ടെ.ഏട്ടൻ ഞങ്ങളെയോർത്ത് വിഷമിക്കയൊന്നും വേണ്ടാ.എല്ലാം ശരിയാവും...."
ശരിയാണ് എല്ലാം ശരിയാവും.ഒരാപത്ത് വന്നപ്പോൾ ലോകം മുഴുവൻ പരസ്പര സ്നേഹത്തോടെ ഒരുമിച്ചു നിൽക്കുന്ന വാർത്തകളാണ് ദിവസേന കേൾക്കുന്നത്.ഒരിക്കലും ഒരു നല്ലവാക്കു പറഞ്ഞു ശീലമില്ലാത്ത അർബാബ് പോലും എന്റെ വിശപ്പിനെപ്പറ്റിയോർത്തെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഒരു പ്രവാസിയുടെ കുടുംബത്തിന് ഒരിക്കലും വിഷമിക്കേണ്ടിവരില്ല.
ജഗ്ഗിലെ തണുത്ത വെള്ളം കുടിച്ചപ്പോൾ വയറ്റിലെ തീയണഞ്ഞ ആശ്വാസത്താൽ ഞാൻ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു.നെഞ്ചിലെവിടെയോ ഒരു തീ അപ്പോഴും എരിയുന്നുണ്ടായിരുന്നു.ഒരു പ്രവാസിയുടെ നെഞ്ചിലെ ഒരിക്കലും അണയാത്ത തീ.അർബാബ് കൊണ്ടുവന്ന സഞ്ചിയുടെ കാര്യം ഞാനപ്പോൾ പാടേ മറന്നുപോയിരുന്നു.
Riju Kamachi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക