നേരം വൈകി,യൊരു
പുലരിയോടൊപ്പമെത്താൻ
കിതപ്പിനെ കീഴടക്കിയോടു-
ന്നവർക്കിടയിലൂടെ
ഓരോ ദിവസവും
നടന്നുനീങ്ങുകയാണ്;
വെന്തുരുകിയ കാലുകൾ
നെട്ടോട്ടങ്ങൾക്കു പ്രാപ്തമല്ലെങ്കിലും.
തിളച്ചുമറിയുന്ന വെള്ളത്തിലേക്ക്
നാഴിയരിയിട്ട്
പെറ്റവയറിനെപ്പോറ്റിയെ-
ന്നുറപ്പുവരുത്താൻവേണ്ടി;
പരാതികളെയടക്കിപ്പിടിച്ച പാതിക്കുവേണ്ടി;
മിഠായിമധുരങ്ങളെ കാത്തുനില്ക്കുന്ന
കുരുന്നുകൾക്കുവേണ്ടി.
വർണ്ണവ്യതിയാനങ്ങളിൽ ചാലിച്ചൊരുക്കിയ
അംബരവിസ്മയങ്ങളെ
ആസ്വദിക്കാൻ മറന്നുപോയവന്‍റെ
നെട്ടോട്ടത്തെക്കുറിച്ചാണ്,
അവന്‍റെ വേദനകളെക്കുറിച്ചാണ്.
കാതോർത്താൽമാത്രം കേൾക്കാവുന്ന
ഗൗരവക്കാരന്‍റെയിടനെഞ്ചിലെ
പിടപ്പുകളുടെ സമ്പന്നതയെക്കുറിച്ചാണ്.
പ്രതീക്ഷകളെപ്പേറുന്ന പുലരിയിലെ
വൈകിയ നേരങ്ങളെ
പിറുപിറുത്തുതോല്പിച്ചോടുന്ന
അച്ഛനെക്കുറിച്ചാണ്.
Sent from my Huawei phone
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക