Slider

സുഗന്ധം നഷ്ടപ്പെട്ട ഗൾഫ് പെട്ടി (ഓർമ്മക്കുറിപ്പ് )

0
സമയം ഏറെ വൈകിയിരിക്കുന്നു. കിടന്നിട്ട് ഉറക്കം വരുന്നില്ല, മനസിൻ്റെ
ഉള്ളിൽ എന്തോ ഒരു വിങ്ങൽ. ഞാൻ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു, കഴിയുന്നില്ല ..
പതിയെ എഴുന്നേറ്റ് ഞാൻ എൻ്റെ ഡയറിയും പേനയും എടുത്തു. ലൈറ്റ് ഓൺ ആക്കാതെ
മൊബൈൽ വെളിച്ചത്തിൽ പതിയെ എഴുതി തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഗൾഫ് എന്ന്
കേട്ടതും, ഗൾഫ് സുഗന്ധം ആസ്വദിക്കാൻ കാരണക്കാരായ രണ്ടു വ്യക്തികളാണ് മനസ്സ് നിറയെ,
മമ്മാലി ഇക്കയും, സക്കരി മാമയും ...
ഇത്ര പെട്ടെന്ന്,, അവരുടെ മരണം ,, വിശ്വസിക്കാൻ പറ്റുന്നില്ല !!
..
മരണം "രംഗബോധം ഇല്ലാത്ത കോമാളി" എന്ന് എം ടി പറഞ്ഞത് എത്രയോ ശെരി..
നമ്മുടെ ഓരോ ചവിട്ടടിയിലും അവനുണ്ട്.

രണ്ടാളും വളരെ ചെറിയ പ്രായത്തിൽ തന്നെ ഗൾഫിലേക് ചേക്കേറിയവർ , സ്വന്തം
കുടുംബത്തെ കര കയറ്റുവാൻ വേണ്ടി ഗൾഫുകാരൻ എന്ന പേര് സ്വയം
ചാർത്തപ്പെട്ടവർ. ഞാൻ ആദ്യമായി രുചിച്ചതും, അനുഭവിച്ചതുമായ ഗൾഫ്
മിട്ടായി, ബ്രൂട് സ്പ്രേ , കിറ്റ് കാറ്റ്, വാച് അങ്ങനെ തുടങ്ങി ഒട്ടേറെ
ഓർമകൾ സമ്മാനിച്ചവർ.. ആദ്യമായി അറബി ഭാഷ സംസാരിച്ചു കേൾക്കുന്നത് ഇവരിൽ
നിന്നാണ്, അന്നൊക്കെ അവരുടെ ആ സംസാരവും, നാട്ടിൽ ലീവിന് വരുമ്പോൾ
കുടുംബത്തിൽ ഉണ്ടാവുന്ന സന്തോഷവും, കുടുബ സംഗമവും ഇപ്പോഴും മായാതെ
മനസ്സിൽ നിൽക്കുന്നു. എല്ലാവരുടെ ഇടയിൽ ഇരുന്ന് അവർ ഇങ്ങനെ ഗൾഫ്
വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, ഇവിടെ ഞാനും മറ്റു കുട്ടി
പാർട്ടികളും, മുറിയിൽ ഇരിക്കുന്ന അവരുടെ പെട്ടി ഇടക്ക് പോയി തുറന്ന് മിട്ടായി
നുണയും.
മമ്മാലിക്ക എൻ്റെ ബന്ധുവും, അതിലുപരി അയൽവാസിയുമാണ്, സക്കറിയ എൻ്റെ
സ്വന്തം മാമയും. നല്ല പ്രൗഢിയും, പൗരുഷവുമുള്ള രണ്ടു വ്യക്തിത്വങ്ങൾ.
എന്റെ മനസ്സിലേക്കു അവരുടെ ഓർമകളും , ആ കാലത്തിന്റെ മണവും നിറഞ്ഞു
നിൽക്കുന്നു. അന്ന് അവർ സഞ്ചരിച്ചിരുന്ന എസ്‌ടി ബൈക്കും, ബജാജ്
സ്കൂട്ടർ, പുത്തൻ കൈനറ്റിക് ഹോണ്ട, മനസ്സിലേക്ക് ഓരോന്നോരോന്നായി
തെളിഞ്ഞു വന്നു.!!!

നീണ്ട നാളത്തെ പ്രവാസ ജീവിതത്തിനു ശേഷം, നാട്ടിൽ വന്ന രണ്ടാളും അവരുടേതായ
വ്യത്യസ്ത മേഖലകളിൽ ജീവിതം ആരംഭിച്ചു . മക്കൾ വലുതായി, അവരുടെ പഠനം ,
വിവാഹം അങ്ങനെ പയ്യെ പയ്യെ ജീവിതം മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇവർ
രണ്ടാളും അറിഞ്ഞു കൊണ്ട് മറ്റൊരാളെ വേദനിപ്പിച്ചതായി എൻ്റെഅറിവിൽ ഇല്ല.
ഞാൻ മുകളിൽ പറഞ്ഞ രണ്ടു വ്യക്തികളും, അതിക നാളിൻ്റെ ഇടവേളകളില്ലാതെ
നമ്മിൽ നിന്ന് വിട്ടു പിരിഞ്ഞിരിക്കുന്നു. എൻ്റെ കണ്ഠം ഇടറുന്നു. അത്ര
ഇഷ്ടമായിരുന്നു രണ്ടു പേരെയും, അവസാന നാളുകളിൽ രണ്ടു പേരെയും കാണാൻ
സാധിച്ചു . എൻ്റെ മമ്മാലി ഇക്കയോട് ഒന്ന് യാത്ര പോലും പറയാൻ സാധിച്ചില്ല.!
ആ വിഷമം ഇപ്പോളും ഉണ്ട്. സക്കരി മാമയെ ചെന്ന് കണ്ട് , ആ അവസാന സമയത്തും
തമാശ പറഞ്ഞ ചിരിച്ചു സംസാരിച്ചു പിരിഞ്ഞു. അദ്ദേഹത്തിന്റെ ജീവനില്ലാത്ത
ദേഹം അവസാനമായി കണ്ടവർക്കറിയാം, മരണത്തെ ജീവിതത്തിൽ എന്ന പോലെ ചിരിച്ചു
കൊണ്ട് നേരിട്ട മനുഷ്യൻ...!!

എൻ്റെ ഓർമകളിലെ ആ ഗൾഫ് പെട്ടിയുടെ സുഗന്ധം ഇനി ഒരിക്കലും തിരിച്ച വരില്ല..
ഞാൻ ഒരു പ്രവാസി ആയതിനു ശേഷമാണ്, അവരൊക്കെ എത്ര കഷ്ടപ്പെട്ടിട്ടാണ്
നാട്ടിൽ കുടുംബത്തെ സന്തോഷമാക്കി വെച്ചിരുന്നത് എന്ന് മനസിലാവുന്നത്.
രണ്ടു പേർക്കും സൃഷ്ടാവ് സ്വർഗം നൽകി അനുഗ്രഹിക്കുമാറാവട്ടെ. ഇരുവരുടെയും
കുടുംബത്തിന് വേണ്ടി ആത്മാർത്ഥമായ പ്രാർത്ഥന മാത്രം നൽകി കൊണ്ട് ഞാൻ
എൻ്റെ വരികൾ നിർത്തട്ടെ...

സ്വന്തം ശരീരം പോലും ശ്രദ്ധിക്കാതെ നീണ്ട നാളത്തെ കഷ്ടപ്പാടിനും ,
അദ്വാനത്തിനും ശേഷം നാട്ടിൽ സ്വന്തം കുടുംബങ്ങൾക്കൊപ്പം സന്തോഷത്തോടെ
ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ഓരോ പ്രവാസിയും, ഇപ്പോൾ പല വിധ
രോഗങ്ങൾക് അടിമപ്പെട്ട് കൊണ്ട് വരുന്നവരാണ് .. പുറമെ നിന്ന്
നോക്കുന്നവർക് അവർ ഗൾഫുകാർ.. നഷ്ടപ്പെടുന്നത് സ്വന്തം
കുടുംബങ്ങൾക്കും..!!!

എഴുതി നിർത്തുന്നതിനു മുൻപ്, എൻ്റെ ഉള്ളിൽ ഇപ്പോളും മായാതെ നിൽക്കുന്ന
ഒരു ഓർമ കടന്നു വന്നു, പണ്ട് കാലത് മാമാക് ഗൾഫിലേക്ക് എഴുതാറുള്ള കത്തിൽ,
ഞാൻ സ്വയം കുറിക്കാറുള്ള ഒരു വാചകം.. ..
എൻ്റെ സക്കരി മാമാക് ഒരു ചക്കരയുമ്മ....

എന്ന് സ്വന്തം നൗഫൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo