Slider

അബോർഷൻ (കഥ)

0
അബോർഷൻ
------------------------

രണ്ടു മാസം മുൻപാണ് , ശ്യാമക്ക്  , താൻ ആഗ്രഹിച്ച  ജോലി ശരിയായത്. 

ഒരാൾ മാത്രം അദ്ധ്വാനിച്ച്,  ഇക്കാലത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് ജീവിതാനുഭവം നൽകിയ തിരിച്ചറിവാണ്,  അവരെക്കൊണ്ട് ഇങ്ങനെയൊരു പ്രായോഗിക വശം ചിന്തിക്കാൻ പ്രേരകമായത്.   അനുഭവത്തോളം വലിയ പാഠമുണ്ടോ ? അനിൽ എപ്പോളും ചിന്തിക്കാറുള്ളതാണ്.

ശ്യാമയാണെങ്കിൽ വിദ്യാഭ്യാസമുള്ളവളും ബുദ്ധിമതിയുമാണ്.  പഠിപ്പുണ്ടായിട്ടും ഒരു ജോലിക്ക് ശ്രമിക്കാൻ ഇതുവരെ തുനിയാത്തതിൽ  ശ്യാമക്കും നിരാശയുണ്ട്

ശ്യാമകൂടി ജോലിക്കാരിയാകുന്നതോടെ , ദൈനംദിന ജീവിതത്തിൽ കുറച്ചൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന് അനിലും മുൻകൂട്ടി കണക്കുകൂട്ടിയിട്ടുണ്ടായിരുന്നു.  എന്നാൽ പ്രായോഗിക ജീവിതത്തിൽ അത് അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ  കാര്യങ്ങൾ കണക്ക്കൂട്ടലുകൾക്കപ്പുറത്താണെന്ന് അയാൾക്ക് മനസ്സിലായിത്തുടങ്ങി. എന്തായാലും ശ്യാമ ആഗ്രഹിച്ചിരുന്ന ജോലിക്കുള്ള അവസരം എപ്പോഴും ലഭിക്കണമെന്നില്ലല്ലോ എന്ന് അവർ  സ്വയം സമാധാനം കണ്ടെത്തി.

പതിനാറ്  മാസം മാത്രം പ്രായമുള്ള ആദ്യമകൻ ആദർശിനെ,  താമസ സ്ഥലത്തിന് അൽപ്പം അകലെയുള്ള ബീനത്താത്തയുടെ വീട്ടിൽ 'ഡേ കെയറിന്' ഏൽപ്പിക്കുമ്പോൾ ശ്യാമയുടെ  നെഞ്ച് പിടയും.  എങ്കിലും ഈ മഹാ നഗരത്തിൽ പണംവിഴുങ്ങികളായ ,  മലയാളികളല്ലാത്ത 'ബേബി സിറ്റിങ്‌' നടത്തുന്ന മറ്റെല്ലാ സ്ത്രീകളെക്കാളും നല്ല കെയറിങ് ആണ് മധ്യവയസ്ക്കയായ ബീനത്താത്തയുടെത്.   അവർക്ക് രണ്ട് പെൺമക്കളാണ്.  സ്ക്കൂൾ വിട്ടു വന്നാൽ ആ പെൺമക്കളും, അവിടെ ഏല്പിക്കപ്പെടുന്ന കുട്ടികളുടെ  കൂട്ടത്തിൽ ഏറ്റവും ചെറിയ കുട്ടിയായ "ആദർശിനെ വേണ്ടുവോളം പുന്നാരിച്ചു കൊള്ളും"  എന്നുമുള്ള ബീനത്താത്തയുടെ വാക്കുകളിൽ ശ്യാമക്ക് വിശ്വാസവും അനിലിന് ആശ്വാസവുമായിരുന്നു. 

ശ്യാമ ഓഫീസ് ജോലി ആരംഭിച്ചതോടെ , ആ ഫ്‌ളാറ്റിനുള്ളിലെ ദിനചര്യകളിൽ സമയത്തിന് കുറേക്കൂടി പ്രാധാന്യം കൈവന്നു.  അനിലിന്റെ ഓഫീസ് സമയത്തിനനുസരിച്ച് മാത്രം പ്രഭാത കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്ന ആ ചെറിയ ഫ്‌ളാറ്റിൽ, മറ്റ് രണ്ടുപേർക്കു കൂടി സമയം കണ്ടെത്തേണ്ടി വന്ന അവസ്ഥയായി. 

സാധാരണ എഴുന്നേൽക്കുന്നതിലും ഒരു മണിക്കൂറിലധികം നേരത്തെ ശ്യാമ ഉണരണം.  രണ്ടുപേർക്കുമുള്ള പ്രഭാതഭക്ഷണം തയ്യാറാക്കുന്നതോടൊപ്പം, ആദർശിന് ഒരു നേരത്തേക്കെങ്കിലും , പാൽപ്പൊടി കലക്കിയുള്ള പാൽ, പിന്നെ, മിക്സഡ് വെജിറ്റബ്ൾസ് മിക്സിയിൽ അരച്ചു, അല്ലെങ്കിൽ ധാന്യക്കുറുക്ക്  നിറച്ചു, കുഞ്ഞിന് വേണ്ടി ചെറിയൊരു ടിഫിൻ തയ്യാറാക്കണം.  ഇടക്കൊരു തവണ ശ്യാമ ഓഫീസ് സമയത്തിനിടയിൽ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പിഴിഞ്ഞെടുത്ത് ശേഖരിക്കുന്ന മുലപ്പാൽ ആദർശിന് എത്തിക്കാൻ അനിൽ തന്റെ ഓഫീസ് ബ്രേക്ക് സമയത്ത് എത്തും.  ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ അത് തന്റെ കയ്യിൽ നിന്നും കളക്ട് ചെയ്തു ബീനത്താത്തയുടെയടുത്തെത്തിക്കാൻ അനിലിന്റേത് ഒരു പെടാപ്പാട് തന്നെയാണെന്ന് ശ്യാമക്കറിയാം.  ദിവസവും കുഞ്ഞിന് ആവശ്യമുള്ളപ്പോളെല്ലാം തന്റെ മുലപ്പാൽ യഥേഷ്‌ടം നൽകാൻ താൻ ബാധ്യസ്ഥയാണെന്നിരിക്കെ , അത് സാധിക്കാത്ത സാഹചര്യത്തിൽ മാതൃ സ്നേഹത്തിന്റെ നിർമ്മലമായ ഒഴുക്കുകൾ മുലപ്പാൽ രൂപത്തിൽ ശ്യാമ  ബേബി ഫീഡിങ് ബോട്ടിലിൽ നിറച്ചു കൊണ്ടിരിക്കും. 

"കുഞ്ഞിന് മുല കൊടുത്തില്ലെങ്കിൽ, മുലപ്പാൽ കുറഞ്ഞു വരും കേട്ടോ",  പുതുതായി ജോയിൻ ചെയ്തയാളായിട്ടും ഒരമ്മയുടെ സ്നേഹത്തോടെ തന്നോട് പെരുമാറുന്ന ആനിചേച്ചിയാണ് ഇങ്ങനെയൊരു ഗൗരവമായ മുന്നറിയിപ്പ് ആദ്യം നൽകിയത്.  ആനിചേച്ചിയുടെ മകൾ ലിസി ഉപയോഗിച്ചു, നന്നായി സൂക്ഷിച്ചുവെച്ച ബ്രസ്റ്റ്  പമ്പ് , ജോയിൻ ചെയ്ത് മൂന്നാം ദിവസം തനിക്ക്  ഉപയോഗിക്കാൻ സംഘടിപ്പിച്ചു നൽകുകയും ചെയ്തു ആനിചേച്ചി. 

വീട്ടിൽ നിന്നും രാവിലെ മൂന്നുപേരും ഒരേ സമയം പുറപ്പെടും.  ആദ്യം ആദർശിനെ  ബീനത്താത്തയെ ഏൽപ്പിക്കുക, പിന്നെ , ശ്യാമയെ ഓഫീസിൽ ഡ്രോപ്പ് ചെയ്യുക, അത് കഴിഞ്ഞാൽ തന്റെ ഓഫീസിലേക്ക് കാറോടിച്ചു പോകുക.   എല്ലാം ആറ് കിലോമീറ്റർ ചുറ്റളവിൽ ഒതുങ്ങുന്ന  സ്ഥലങ്ങളാണെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതെല്ലാം ചെയ്തു തീർക്കാൻ ആദ്യമാദ്യം നന്നായി പ്രയാസപ്പെട്ടുവെങ്കിലും ഇപ്പോൾ അനിലിന് അത് വലിയ ബുദ്ധിമുട്ടായി തോന്നാറില്ല.   അതിനാൽ തന്നെ,  തന്നെയും,   സാഹചര്യത്തെയും ശപിക്കുന്ന ശീലം അയാൾക്കിപ്പോളില്ല.   മാസാമാസം രണ്ടുപേരുടെയും ശമ്പളയിനത്തിൽ എത്തുന്ന വരുമാനം അവരുടെ സാമ്പത്തിക പരാധീനതകൾ തീരെ അകറ്റി നിർത്തപ്പെട്ടു.  ഇപ്പോൾ, ഫ്ളാറ്റിന് വാടക നൽകുന്നതിലും, ടെലഫോൺ, വെള്ളം, കറന്റ് ബില്ലടക്കുന്നതിനും, വർഷങ്ങൾക്ക് മുൻപെടുത്ത , ഇനിയും തീർപ്പായിട്ടില്ലാത്ത പേർസണൽ ലോണും, വരുന്ന ആറ് മാസത്തിനുള്ളിൽ തീരാനുള്ള കാർലോണും,   പ്രതിമാസം ആവശ്യപ്പെടാതെ തന്നെ തന്റെ കയ്യിലെത്തുന്ന ക്രെഡിറ്റ് കാർഡ്  ബില്ലടക്കുന്നതിനുമൊന്നും തീരെ ടെൻഷനടിക്കേണ്ട കാര്യവുമില്ല. 

അൽപ്പം ശ്വാസം മുട്ടിയുള്ള ജീവിതമാണെങ്കിലും എന്നത്തേക്കാളും കൂടുതൽ സാമ്പത്തികാശ്വാസം കൊച്ചുകുടുംബത്തിൽ വലിയ ആഹ്ലാദം നൽകി. 

"അനിലേട്ടാ, ഈ മാസം ഇത് വരെ 'പീരിയഡ്' ആയിട്ടില്ലട്ടോ...", രാത്രിയിൽ അനിലിന്റെ നെഞ്ചിൽ തലോടിക്കൊണ്ട് ഒരൽപ്പം ആധികലർന്ന  സ്വരത്തിൽ ശ്യാമ പറഞ്ഞു. 

"അത്... , സ്‌ട്രെസ്സുണ്ടാകുമ്പോൾ നിനക്കങ്ങനെ, ലേറ്റ് ആവാറുള്ളതല്ലേ ? ജോലിഭാരവും, തിരക്ക് പിടിച്ച ദിവസങ്ങളും കാരണമാവും".. കാത്തിരിക്കാം. 

"ങ്‌ഹും", എന്ന മൂളലിൽ,  അനിലിന്റെ ആശ്വാസ വാക്കുകൾക്ക് മറുപടി പറയുമ്പോളും ശ്യാമയുടെ ഉള്ളിലൊരു പിടച്ചിലുണ്ടായിരുന്നു.  

പിന്നെയും മൂന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും അതെ അവസ്ഥ തുടർന്നതിനാലാണ് അനിലിനെ വിളിച്ച് പ്രെഗ്നൻസി ടെസ്റ്റർ വാങ്ങാൻ ശ്യാമ ആവശ്യപ്പെട്ടത്.   പിറ്റേന്ന്, അതിരാവിലെ തന്നെ ടെസ്റ്ററിൽ പരിശോധിച്ച് നോക്കിയ ശ്യാമ , റിസൾട്ടായി, രണ്ട് ചുവപ്പു വരകൾ കണ്ടു ഞെട്ടി.  പെട്ടെന്ന് അവളുടെ ശക്തിയെല്ലാം ക്ഷയിച്ചു പോകുന്നത് പോലെ തോന്നി! പരിസരം മറന്നെന്ന പോലെ അവൾ കുളിമുറിയിൽ നിന്നും അനിലിനെ ഉച്ചത്തിൽ വിളിച്ചു.   ശ്യാമയുടെ വിളിയിലടങ്ങിയ വെപ്രാളം മനസ്സിലാക്കിയ അനിൽ ചാടിപ്പിടഞ്ഞെണീറ്റു അവളുടെ അരികിലെത്തി.   വിളറിയ മുഖത്തോടെ ശ്യാമ പ്രെഗ്നൻസി ടെസ്റ്ററിൽ തെളിഞ്ഞ ചുവന്ന വരകൾ അനിലിനെ കാണിച്ചു.  അനിലും സ്തബ്ധനായിപ്പോയി!. 

മ്ലാനമായ മുഖത്തോടെ വീട്ടിൽ നിന്നും ഇറങ്ങിയ ശ്യാമയും , അനിലും , ആദർശിനെ പതിവ് പോലെ  ബീനത്താത്തയെ ഏൽപ്പിച്ചു, ഓഫീസിൽ വിളിച്ചു അൽപ്പം വൈകിയേ എത്തുകയുള്ളൂവെന്ന് അറിയിച്ചു, നേരെ ഗൈനക്കോളജിസ്റ്റിനെ സന്ദർശിച്ചു.   അവിടെ വെച്ച് അവരത് ഉറപ്പിച്ചു, അവരുടെ കുടുംബത്തിലേക്ക് മറ്റൊരതിഥികൂടി എത്താൻ തയ്യാറായിരിക്കുന്നു!..

തിരികെ കാറിൽ ഓഫീസുകളിലേക്ക് സഞ്ചരിക്കവെ , രണ്ടുപേരും , സങ്കടം തുളുമ്പുന്ന മുഖത്തോടെ, ഒരേസമയം പരസ്പരം മുഖത്ത് നോക്കി ചോദിച്ചു "ഇതെങ്ങനെ സംഭവിച്ചു ? മുൻകരുതലില്ലാതെ നമ്മൾ ഇത് വരെ ... "  .. ചോദ്യങ്ങൾ ഒരേ സമയം വന്നുവെന്നല്ലാതെ ശ്യാമയെ ഓഫീസിൽ ഡ്രോപ്പ് ചെയ്യുന്നത് വരെ രണ്ടുപേർക്കും അതിന് ഉത്തരം കണ്ടെത്താനോ, ഇനി കണ്ടെത്തിയ എന്തെങ്കിലും ഉത്തരം പുറത്ത് പറയാനോ തയ്യാറായില്ല.

ദിവസങ്ങൾ കടന്നുപോകവേ , പല ചിന്തകളും ശ്യാമയിൽ കടന്നുകൂടി.  ശ്യാമയുടെ സ്വഭാവത്തിൽ പലപ്പോഴും മോശമായ മാറ്റങ്ങൾ അനിൽ കണ്ടു.  തൊട്ടതിനും പിടിച്ചതിനും കലഹിക്കുകയും, ആദർശിനെ കരുവാക്കി അനിലിന് നേരെ കുത്തുവാക്കുകൾ പറയാനും തുടങ്ങി.   ഈ ഗർഭം, ഇതുവരെ  ശ്യാമക്ക് തീരെ ഉൾക്കൊള്ളാനായില്ല.  ശ്യാമയോട് താനെന്തോ കരുതിക്കൂട്ടി ചെയ്തത് പോലെയോ, കടുംകൈ കാണിച്ചത് പോലെയോ ഒക്കെയായിരുന്നു ,അനിലിനോട് ഇപ്പോൾ ശ്യാമയുടെ പെരുമാറ്റം.   ഒരു മാസം കൂടി പിന്നിട്ടതോടെ ഗർഭലക്ഷണങ്ങൾ മനംപിരട്ടലിന്റെയും, ഛർദ്ദിയുടെയും രൂപത്തിൽ പുറത്തുകാട്ടാൻ തുടങ്ങിയതോടെ ശ്യാമയുടെ സ്വഭാവം കൂടുതൽ രൗദ്രഭാവം പൂണ്ടുകൊണ്ടിരുന്നു.  

"എനിക്കീ ഗർഭം വേണ്ട, നമുക്കിത് ഒഴിവാക്കാം അനിലേട്ടാ " ഒരു ദിവസം ഓഫീസിൽ നിന്നും വീട്ടിലേക്ക് വരവേ ശ്യാമ, ആ കാര്യം തുറന്നു പറഞ്ഞു.   അനിലിന് അത് ഒട്ടും സ്വീകാര്യമല്ലായിരുന്നു.   എങ്കിലും എന്നും ഭാര്യയുടെ അഭിപ്രായത്തിന് കൂടി വില നൽകിയിരുന്ന അനിൽ, അക്കാര്യം ഡോക്ടറോട് അന്വേഷിച്ച് വേണ്ടത് ചെയ്യാം എന്ന് ശ്യാമയോട് പറയുകയും ചെയ്തു.  അവളെ അങ്ങനെ സമാധാനിപ്പിക്കുകയും ചെയ്യാലോ എന്ന ചിന്തകൂടി അനിലിനുണ്ടായിരുന്നു.  

"എടൊ അനിലേ , പടച്ചോൻ പടച്ചുവിടാൻ തീരുമാനിച്ച ഒന്നിനെ നമ്മളായിട്ട് അങ്ങനെ ഇല്ലാണ്ടാക്കാൻ പാടില്ല.  , നാളെ ഒന്നിനെ വേണമെന്ന് വെച്ചാൽ അപ്പൊ തന്നെ തന്റെ ഭാര്യ പ്രസവിക്കണമെന്ന് എന്താ ഇത്ര ഉറപ്പ്?  പടച്ചോനാണ് സമയം,  അത് കൊണ്ട് തന്നെ പടച്ചോൻ തീരുമാനിക്കുന്ന സമയത്ത് അവന്റെ തീരുമാനങ്ങൾ നടപ്പാക്കുക തന്നെ ചെയ്യും.   നീ ബേജാറാകണ്ട, നിന്റെ ഭാര്യ ശ്യാമ തന്നെ അവരുടെ  നിലപാട് മാറ്റും, സാധാരണ സ്ത്രീകൾക്ക്, കുഞ്ഞെന്ന് വെച്ചാ ജീവനാടോ, ശ്യാമയിപ്പോ, ആദ്യമായി ലഭിച്ച ജോലിയെക്കുറിച്ചൊക്കെയുള്ള വിഷമം കൊണ്ട് അങ്ങനെയൊക്കെ ആലോചിക്കുകയും, പെരുമാറുകയും ചെയ്യുന്നതാ, നീ സമാധാനത്തോടെയിരിക്ക്"..

ഓഫീസിലെ സഹപ്രവർത്തകനും , ദൈവവിശ്വാസിയും, ചെറിയ രീതിയിൽ  മതപ്രഭാഷണമൊക്കെ നടത്തുകയും ചെയ്യുന്ന സജീബിന്റെ വാക്കുകൾ അനിലിന് ഏറെ ആശ്വാസം നൽകി. 

പിറ്റേന്ന്,   ഗൈനക്കോളജിസ്റ്റ് ഡോക്ടർ അരുണിമയുടെ അടുത്ത് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു. 

"എന്ത് കൊണ്ട് ഈ കുഞ്ഞിനെ നിങ്ങൾ വേണ്ടെന്ന് വെക്കണം ? ഒരു ഡോക്ടറെന്ന നിലയിൽ എനിക്ക് ഇതിനോട് യോജിക്കാൻ  ബുദ്ധിമുട്ടുണ്ട്.   പിന്നെ, നിങ്ങൾക്ക് അത്ര നിർബന്ധമാണെന്ന് വെച്ചാൽ , എനിക്കൊന്നും പറയാനില്ല. ഇപ്പോ ആകെ ഒരു കുഞ്ഞല്ലേ നിങ്ങൾക്കുള്ളൂ ?  എന്നാൽ ഓർക്കുക,  ഇപ്പോളുള്ള കുഞ്ഞിന് ഒരു കൂട്ട് വേണമെന്ന് നിങ്ങൾ വിചാരിക്കുമ്പോ, അപ്പൊ തന്നെ നിങ്ങൾക്കത് ലഭിക്കണമെന്നുമില്ല.   ഇനി നിങ്ങൾ ആലോചിച്ചു അറിയിക്കുക. അപ്പൊ വേണ്ടത് ചെയ്യാം.  പക്ഷെ ശ്യാമ  നല്ലവണ്ണം ആലോചിക്കൂട്ടൊ".. ഡോക്ടർ തന്റെ ഭാഗം അവരെ അറിയിച്ചു.

 ശ്യാമയുടെ സ്വഭാവവും, ഗർഭാവസ്ഥയിൽ ജോലിക്ക് പോകുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടുകളും ആലോചിച്ചപ്പോൾ അബോർഷൻ നടത്താതിരിക്കാൻ ഉപദേശിക്കാൻ അനിലിലെ സഹധർമ്മിണിസ്നേഹിക്ക് സാധിച്ചുമില്ല!.. ഇക്കാര്യത്തിൽ അവളെ എതിർത്തു കൊണ്ടിരുന്നാൽ പിന്നെ, കുടുംബത്തിലെ സ്വൈര്യവും , സന്തോഷവും നശിക്കുമെന്ന് അയാൾ ഉറപ്പിച്ചു. 

ഡോക്ടറുടെ വാക്കുകൾ അനിലിന് നൽകിയ ആശ്വാസം ചില്ലറയായിരുന്നില്ല. ഒപ്പം സജീബിന്റെ, ആത്മവിശ്വാസം നിറക്കുന്ന  സാരോപദേശം കൂടി ഓർത്തപ്പോൾ  ശ്യാമ മറിച്ചൊരു തീരുമാനത്തിലെത്തുമെന്ന് അനിലിന്റെ മനസ്സ് പറഞ്ഞു. 

ക്ഷീണം കാരണം അന്ന് ശ്യാമ ഓഫീസിൽ പോയിരുന്നില്ല.  

വൈകിട്ട് ആദർശിനെയും കൊണ്ട് വീട്ടിലെത്തിയ അനിൽ കാണുന്നത് അടുക്കളയിൽ ഉഷാറായി ജോലി ചെയ്യുന്ന ശ്യാമയെയാണ്.  ശ്യാമ കിടക്കയിൽ വിശ്രമത്തിലായിരിക്കുമെന്ന് കരുതി വീട്ടിൽ കയറിയ അനിൽ  ആശ്ചര്യത്തോടെ ശ്യാമയെ നോക്കി , കണ്ണുകൊണ്ട് ചോദ്യമെറിഞ്ഞു... ക്ഷീണം കൊണ്ട് വിളറിയ മുഖത്ത് ഒരു ചെറുപുഞ്ചിരി വരുത്തിയതല്ലാതെ ശ്യാമ ഒന്നും ഉരിയാടിയില്ല.   തന്റെ തോളിൽ ഉറങ്ങുകയായിരുന്ന ആദർശിനെ കട്ടിലിൽ കിടത്തി, വേഷം മാറുമ്പോളേക്കും ശ്യാമ ചായയും പലഹാരവുമായി എത്തി.   രണ്ടുപേരും ഒരുമിച്ചു ചായ കുടിച്ചു കഴിഞ്ഞതിന് ശേഷം, ഗൗരവമായി എന്തോ പറയാനുളളത് പോലെ ശ്യാമ അനിലിനെ ശബ്ദം താഴ്ത്തി വിളിച്ചു..

"ഇവൾ അബോർഷന് തീരുമാനമെടുത്തു കഴിഞ്ഞുവോ ദൈവമേ" എന്ന് ചങ്കിടിപ്പോടെ ഒരു നിമിഷം അനിൽ ചിന്തിക്കവേ,  പതിഞ്ഞ  ശബ്ദത്തിൽ,  ഉദ്വേഗം നിറഞ്ഞ അനിലിന്റെ കണ്ണുകളിക്ക് നോക്കി ശ്യാമ പറഞ്ഞു ..

"അനിലേട്ടാ, അത് .. അത്.. നമ്മുടെ കുഞ്ഞിനെ നമ്മളെന്തിന് നശിപ്പിക്കണം, എനിക്ക് ഈ കുഞ്ഞിനെ പ്രസവിക്കണം, നമുക്കിതിനെ വളർത്തണം, അനിലേട്ടൻ അത് തന്യാ ആഗ്രഹിചിച്ചിരുന്നതെന്ന് എനിക്കന്നേ അറിയാമായിരുന്നു. അത് പല തവണ അനിലേട്ടൻ സജീബിന്റെ വാക്കുകളുൾപ്പെടെ എന്നോട് സൂചിപ്പിച്ചിരുന്നു!... പിന്നെ, ആനിചേച്ചിയും എന്നെ കുറെ ഉപദേശിച്ചു.  ഗർഭിണിയാണെന്നറിയുമ്പോൾ , പുതുതായി ലഭിച്ച ജോലിക്ക് വല്ല ബുദ്ധിമുട്ടും, പിന്നെ ജോലിക്ക് പോയി വരാനുള്ള ശാരീരിക പ്രയാസങ്ങളുമൊക്കെ ആലോചിച്ചപ്പോൾ എന്റെ അപക്വമായ മനസ്സിൽ ഇത്തരം മോശം ചിന്തകളാണ് വന്നത്.. ഇനി വരുന്നത് വരട്ടെ .. എല്ലാം നൽകിയ ദൈവം ഇതിനും ഒരു പരിഹാരം നമുക്ക് കാട്ടിത്തരുമെന്ന് ഇപ്പോ എന്റെ മനസ്സും പറയുന്നു. , അനിലേട്ടാ, എന്റെ അവിവേകങ്ങൾക്ക് മാപ്പ് തരണേ ...ദൈവം വിധിച്ചത് നമ്മളിൽ വന്നു ചേരുക തന്നെ ചെയ്യും,  ഇനി ഈ ഗർഭം പറഞ്ഞു, ഞാൻ അനിലേട്ടനെ വേദനിപ്പിക്കില്ലാട്ടോ.. ക്ഷമിക്കണേ ഏട്ടാ"..

അനിൽ, ശ്യാമയെ ചേർത്തുപിടിച്ചു കൊണ്ട് കുറെ നേരം നിന്നു, അനിലിന്റെ സന്തോഷക്കണ്ണുനീർ ശ്യാമയുടെ  നെറ്റിയിലൂടെ ഒഴുകിയിറങ്ങി..

"ദൈവം കത്തിച്ച തിരി നമ്മളായി ഊതിക്കെടുത്തുന്നത് ശരിയല്ല .. നിന്റെ ഈ തീരുമാനമാണ് ശരി ശ്യാമേ.. നാളെ നമ്മുടെ വെളിച്ചമായി ഈ കുഞ്ഞും ഉണ്ടാവും." ഇടറിയ ശബ്ദത്തോടെ ശ്യാമയെ കൂടുതൽ ഇറുക്കിപ്പിടിച്ചുകൊണ്ട് അനിൽ പറഞ്ഞു 

മാസം തികഞ്ഞദിവസം ശ്യാമ ഒരു സുന്ദരിക്കുഞ്ഞിന് ജന്മം നൽകി.   ആ ഇളംപൂവിനെ മാറോടു ചേർത്തുകൊണ്ട് ശ്യാമ പറഞ്ഞു, "എന്റെ പൊന്നേ, ഈ കുരുന്നിനെയാണോ ഞാൻ ഇല്ലാണ്ടാക്കാൻ നോക്കിയത് .. അമ്മയെ വെറുക്കരുതേ മോളൂ, അമ്മ ജീവനെപ്പോലെ എന്റെ പൊന്നിനെ നോക്കുംട്ടാ... ".. ആ സമയം അടുത്തെത്തിയ അനിലിന്റെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞു തുളുമ്പി.  കുഞ്ഞിനെ വാരിയെടുത്തു കൊണ്ട് അനിലും എന്തൊക്കെയോ സ്നേഹവാക്കുകൾ പിറുപിറുത്തുകൊണ്ടിരുന്നു ..

- മുഹമ്മദ്‌ അലി മാങ്കടവ് 

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo