Slider

റമ്മി

0
****************************
“എഴുപതു വയസ്സ് കഴിഞ്ഞ തനിച്ചു ജീവിക്കുന്ന വൃദ്ധ,ചീട്ടുകളിക്കാന്‍ കൂട്ട് തേടുന്നു.രസകരമായി ഒഴിവു സമയം ചെലവഴിക്കാന്‍ താല്പര്യമുള്ള  മുതിര്‍ന്ന കുട്ടികളെ ക്ഷണിക്കുന്നു.കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍ഗണന.ഉല്ലാസകരമായി സമയം ചെലവഴിക്കുന്നതിന് പ്രതിഫലം   നല്‍കാനും തയ്യാറാണ്.”

ഏകദേശം   ഇരുപത്തിയഞ്ച് കൊല്ലം മുന്‍പുള്ള പരസ്യമാണ്.നിറം മങ്ങിയ പത്രക്കട്ടിംഗില്‍ വൃദ്ധയുടെ വിലാസവും കൊടുത്തിട്ടുണ്ട്.ഹൗസ് നമ്പര്‍ 7A,ഗായത്രി  അപ്പാര്‍ട്ട്മെന്റ്സ്,ഗിരിനഗര്‍.ലേശം വിചിത്രവും കൗതുകം തോന്നിക്കുന്നതുമായ പരസ്യമെന്ന് ജെന്നിക്ക് തോന്നി.വെറുതെയല്ല നിര്‍മ്മലയാന്റി ഈ  പത്രക്കട്ടിംഗ് അവരുടെ ആല്‍ബത്തില്‍ സൂക്ഷിച്ചത്.

അവള്‍ ആ ആല്‍ബങ്ങള്‍ ഒരിക്കല്‍കൂടി മറിച്ചു നോക്കി.ജെന്നി തീരെ ചെറുപ്പമായിരുന്നപ്പോള്‍ ,പപ്പയുടെ വീട്ടില്‍ വച്ച് പലതവണ ,ആ ആല്‍ബങ്ങള്‍ കണ്ടിട്ടുണ്ട്.പപ്പയുടെ ഇളയ സഹോദരിയായിരുന്നു നിര്‍മ്മലയാന്റി.

അവള്‍ വളരെ കുറച്ചു പ്രാവശ്യമേ നിര്‍മ്മലയാന്റിയെ കണ്ടിട്ടുള്ളു.എങ്കിലും അവള്‍ക്ക് അവരോട് വല്ലാതെ ഒരു അടുപ്പം തോന്നിയിരുന്നു.പപ്പയുടെ വീട്ടിലെ ആന്റിയുടെ പഠനമുറി അവള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്.അടുക്കി വച്ച പുസ്തകങ്ങള്‍.ചല്‍പാര്‍ക്കിന്റെ നീല മഷി നിറച്ച കുപ്പി.പെന്‍ഹോള്‍ഡറില്‍ കറുത്ത ഹീറോ പേന.അന്ന് ജെന്നിക്ക് പത്തു വയസ്സുണ്ടായിരിക്കണം.നീണ്ടു മെലിഞ്ഞ നിര്‍മ്മലയാന്റി.കണ്ണുകള്‍ കൊണ്ടാണ് ആന്റി ചിരിക്കുന്നത്.അധികം സംസാരിക്കില്ല.ഒരു കൈ താടിയില്‍ താങ്ങി ,ജനാലക്ക് വെളിയിലെ പനിനീര്‍ചാമ്പയിലേക്ക് അവര്‍ നോക്കിയിരിക്കുന്നത്  ജെന്നിക്ക് ഓര്‍മ്മയുണ്ട്.

നിര്‍മ്മലയാന്റിക്ക് ഒരു ഹോബി ഉണ്ടായിരുന്നു.പത്രങ്ങളിലും ,മാസികകകളിലും വരുന്ന പ്രത്യേകതയുള്ള വാര്‍ത്തകളും ഫോട്ടോകളും ശേഖരിച്ചു ഒട്ടിച്ചു വയ്ക്കുക.ആല്‍ബം എന്ന് പറഞ്ഞാല്‍ ,ഉപയോഗിച്ച് കഴിഞ്ഞ വലിയ ഡ്രോയിംഗ് ബുക്കുകള്‍.അതിലെ ചില ചിത്രങ്ങള്‍ ജെന്നിയുടെ  മനസ്സില്‍ മായാതെ കിടന്നു.മറ്റൊരു ചെറിയ വിമാനം വലിയ ഒരു ചെയിനില്‍ തൂക്കി പറക്കുന ഒരു വലിയ വിമാനം,റോക്കറ്റ് പരിശോധിക്കുന്ന സദ്ദാം ഹുസൈന്‍,അമ്പതു കിലോ വലിപ്പമുള്ള വലിയ ഒരു ചേന ,ഫിലിപ്പീന്‍സില്‍ നിന്നുള്ള  ലേസ് ഉള്ള വെളുത്ത ബ്ലൌസ് അണിഞ്ഞ വിശ്വസുന്ദരി......

ആവള്‍ക്ക് പത്തു പതിനൊന്നു വയസ്സുള്ളപ്പോള്‍ പപ്പാ ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ ജോലി കിട്ടി കുടുംബമായി അങ്ങോട്ട്‌ പോയി.പിന്നെ നാട്ടിലോട്ടുള്ള വരവ് കുറഞ്ഞു.ഒന്‍പതു സഹോദരങ്ങള്‍ ഉള്ള വലിയ ഒരു കുടുംബമായിരുന്നു പപ്പയുടേത്.അവരില്‍ നിര്‍മ്മലയാന്റി മാത്രം വിവാഹം കഴിച്ചില്ല.കോളേജ് പഠനം കഴിഞ്ഞു അവര്‍ അമേരിക്കയിലേക്ക് പോയി.അമേരിക്കയിലുള്ള  ഒരു മദാമ്മ  ആന്റിയുടെ പെന്‍ ഫ്രണ്ട് ആയിരുന്നെവെന്നും അവരാണ് ആന്റിയെ അവിടേക്ക്  കൊണ്ടുപോയതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതായത് കൊണ്ട് ജെന്നിയുടെ മുതിര്‍ന്ന ബന്ധുക്കള്‍ക്ക് ഇപ്പോള്‍ അതിനെക്കുറിച്ച് കാര്യമായ ഓര്‍മ്മയില്ല.

ഈ നഗരത്തിലാണ് നിര്‍മ്മലയാന്റി കോളേജില്‍ പഠിച്ചത്.കോളേജില്‍ പഠിച്ച കാലത്തായിരിക്കണം ഈ പത്രപരസ്യം കണ്ട് കൗതുകം തോന്നി ആല്‍ബത്തില്‍  ചേര്‍ത്തത്.

നിര്‍മ്മലയാന്റി  ഒരു വര്‍ഷം  മുന്‍പാണ് മരിച്ചത്.അവര്‍ അവിവാഹിതയായിരുന്നു.ആഫ്രിക്കയില്‍ ,ഒരു വിമാന അപകടത്തില്‍പ്പെട്ടാണ് അവര്‍ മരിച്ചത്.ശരീരഅവശിഷ്ടങ്ങള്‍ പോലും ലഭിച്ചില്ല.ഏതായാലും മരിക്കുന്നതിനു മുന്‍പ് അവര്‍ വില്‍പത്രം തയ്യാറാക്കി വച്ചിരുന്നു.നാലഞ്ചുമാസം മുന്‍പാണ് വില്‍പത്രം ഉള്ള വിവരം ബന്ധുക്കള്‍ തന്നെ അറിഞ്ഞത്. അതില്‍ നഗരത്തിലെ ഫ്ലാറ്റും അതിലെ പുസ്തകങ്ങളും ജെന്നിയുടെ പേരില്‍ അവര്‍ എഴുതിവച്ചിരുന്നു.

ആ വാര്‍ത്ത ജെന്നിക്ക് വലിയ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്.നിര്‍മ്മലയാന്റിയുമായി മുതിര്‍ന്നപ്പോള്‍ കത്തുകള്‍ വഴി അവള്‍ ബന്ധപ്പെട്ടിട്ടുണ്ട്.എങ്കിലും തന്റെ പേരില്‍ സ്വത്ത്‌ എഴുതിവയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍..

അവള്‍ വീണ്ടും നിര്‍മ്മലയാന്റിയെക്കുറിച്ച് ഓര്‍ത്തു.പിന്നെ ആ പത്ര പരസ്യവും.
അന്ന് കോളേജില്‍ പഠിക്കുന്ന കാലത്ത് ,ഈ പത്ര പരസ്യം കണ്ടു ആന്റി ആ വൃദ്ധയെ തേടി പോയിരുന്നുവോ ?അവര്‍ വൈകുന്നേരങ്ങളില്‍ ,വൃദ്ധയുടെ  ഗിരിനഗറിലെ ഫ്ലാറ്റിലിരുന്നു ചീട്ടുകളിച്ചിട്ടുണ്ടാവുമോ ?

ഫ്ലാറ്റ് മുഴുവന്‍ പൊടിയും മാറാലയും പിടിച്ചിരുന്നു.നാളുകള്‍ക്ക് ശേഷമാണ് ആരെങ്കിലും അത് തുറന്നു കയറുന്നത് തന്നെ.എല്ലാം ക്ലീന്‍ ചെയ്തു പുസ്തകങ്ങള്‍ അടുക്കിപെറുക്കി വച്ചപ്പോള്‍ ജെന്നി നന്നായി ക്ഷീണിച്ചു.ഒരു തണുത്ത ബിയര്‍ കിട്ടിയിരുന്നെങ്കില്‍...

അവള്‍ ഫ്ലാറ്റ് പൂട്ടി പുറത്തിറങ്ങി .ഒരു ഓട്ടോക്ക് കൈകാണിച്ചു അവള്‍  നഗരത്തിലെ ഒരു പബ്ബിലെക്ക് വിടാന്‍ പറഞ്ഞു.

“നിങ്ങള്‍ക്ക് ഗിരിനഗര്‍ അറിയാമോ ?” അവള്‍ ഹിന്ദിയില്‍ ആട്ടോക്കാരനോട്‌ അന്വേഷിച്ചു.

“ഗിരിനഗര്‍. അങ്ങിനെ ഒരു സ്ഥലമുണ്ട്..നഗരത്തില്‍നിന്നു ഒരു പത്തുകിലോമീറ്റര്‍ കൂടി പോകണം. പക്ഷേ അവിടെയെങ്ങും ഇപ്പോള്‍ ആരും താമസമില്ലല്ലോ മേഡം..”അയാള്‍ പറഞ്ഞു.

“അതെന്താ...ആളുകള്‍ താമസിക്കാത്തത് ?”അവള്‍ അത്ഭുതത്തോടെ ചോദിച്ചു.

അപ്പോഴാണ്  ഓട്ടോക്കാരന്‍  ഗിരിനഗറിനെക്കുറിച്ച് അവളോട്‌ പറഞ്ഞുകൊടുത്തത്.

ഗിരിനഗര്‍.

ഈ മഹാനഗരത്തിന്റെ ശാപം കിട്ടിയ ഒരു പ്രദേശം.വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത്  നഗരത്തിന്റെ ഹൃദയഭാഗം പോലെയാകുമെന്നു ആളുകള്‍  വിചാരിച്ച ഒരു ഇടമായിരുന്നു.അവിടെ സര്‍ക്കാരിന്റെ ഒരു ആയുധ ഫാക്ടറിയുണ്ടായിരുന്നു.അതിനോടനുബന്ധിച്ചാണ് വികസനം തുടങ്ങിയത്.ഒന്നു രണ്ടു വലിയ അപ്പാര്‍ട്ട്മെന്റുകള്‍  ,ഹോട്ടലുകള്‍,കുട്ടികളുടെ പ്ലേ സ്കൂള്‍....പ്രശ്നങ്ങള്‍ തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു.ആയുധഫാക്ടറിയില്‍  ഒരു സ്ഫോടനമുണ്ടായി.പത്തു പതിനഞ്ചു പേര്‍ മരിച്ചു.അതിനെത്തുടര്‍ന്നു കുറെ കേസുകള്‍..അപ്പാര്‍ട്ട്മെന്റുകള്‍ അടച്ചു പൂട്ടാന്‍ ,താമസക്കാരെ  അവിടുന്ന് മാറ്റാനും കോടതി ഉത്തരവിട്ടു.ഉത്തരവിന്റെ പിന്നില്‍  സര്‍ക്കാരിന്റെ താത്പര്യം കൂടിയായിരുന്നു.പക്ഷേ എന്ത് കൊണ്ടോ താമസിയാതെ ആയുധഫാക്ടറിയുടെയും പ്രവര്‍ത്തനം നിലച്ചു.ഇപ്പോള്‍ അവിടം ഒരു പ്രേതനഗരം പോലെയാണ്.

ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍..ശൂന്യമായ വഴികള്‍.സാമൂഹ്യവിരുദ്ധര്‍ പോലും അങ്ങോട്ട്‌ പോകാറില്ല.അവിടെ പ്രേതങ്ങള്‍ ഉണ്ടെന്നു ആളുകള്‍ വിശ്വസിക്കുന്നു.സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ പ്രേതങ്ങള്‍.അപ്പാര്‍ട്ട്മെന്റുകളില്‍ പണം മുടക്കി ,അത് നഷ്ടം വന്നതില്‍ നിരാശപൂണ്ടു മരിച്ചവരുടെ പ്രേതങ്ങള്‍.

ഒന്ന് രണ്ട് തണുത്ത ബിയര്‍ കുടിച്ചപ്പോള്‍ ജെന്നിക്ക്  ആശ്വാസം തോന്നി. അവള്‍ തിരികെ ഫ്ലാറ്റിലേക്ക് പോയി .പുസ്തകക്കെട്ടുകള്‍ക്കിടയില്‍ കിടന്നു അവള്‍ നിര്‍മ്മലയാന്റിയുടെ ആല്‍ബം തുറന്നു പേജുകള്‍ മറിച്ചു ചിത്രങ്ങള്‍ നോക്കിക്കൊണ്ടിരുന്നു.എപ്പോഴാണ് മയങ്ങിയതെന്നു അറിയില്ല. ഉറക്കത്തില്‍ അവള്‍  ആന്റിയെ  സ്വപ്നം കണ്ടു.

വലിയ പൊട്ടുകള്‍ ഉള്ള വെളുത്ത പാവാടയും നീല ബ്ലൌസും ധരിച്ചു ചെറുപ്പക്കാരിയായ നിര്‍മ്മലയാന്റി.പപ്പയുടെ വീട്ടിലെ പഴയമുറിയില്‍ ,ജനാലയഴികള്‍ക്കിടയിലൂടെ ,അവര്‍ പനിനീര്‍ ചാമ്പയിലേക്ക് നോക്കിനില്‍ക്കുന്നു.പൊടുന്നെ വെട്ടിത്തിരിഞ്ഞു അവളെ അവര്‍ നോക്കി.

“ആ വൃദ്ധ നിന്നെ ചീട്ടു കളിയ്ക്കാന്‍ വിളിക്കും.പക്ഷേ ...പക്ഷേ നീ പോകരുത്.”ആന്റി പെട്ടെന്ന് പറഞ്ഞു.

വെട്ടി വിയര്‍ത്തു അവള്‍ ഉറക്കത്തില്‍നിന്ന് ഞെട്ടി ഉണര്‍ന്നു.പിന്നെ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.

ഹൗസ് നമ്പര്‍ 7A,ഗായത്രി  അപ്പാര്‍ട്ട്മെന്റ്സ്,ഗിരിനഗര്‍.

ആ പഴയ പരസ്യത്തിലെ വിലാസം അവള്‍ക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു.ഗിരിനഗറില്‍നിന്ന് ഒരു  കിലോമീറ്റര്‍ അകലെവരെ ഒരു  ഓട്ടോയില്‍ അവള്‍ എത്തി..അതിനു ശേഷം അവള്‍ നടന്നു.റോഡ്‌ വളരെ മോശമാണ്.അത് കൊണ്ട് ഗിരിനഗറിലേക്ക്  വാഹനങ്ങള്‍ കടന്നുപോകില്ല.ആരും താമസിക്കാത്ത സ്ഥലത്തേക്ക് റോഡ്‌ നന്നാക്കാന്‍ സര്‍ക്കാരിനും താല്പര്യമില്ല.

കുറ്റിച്ചെടികള്‍ വളര്‍ന്നു മുറ്റിനില്‍ക്കുന്ന വിജനമായ് വഴി.ഇലകള്‍ പോലും ചലിക്കാത്ത ,കാറ്റ് തൊടാത്ത വായു.തുരുമ്പിന്റെപോലെ ,മനസ്സ് മടുപ്പിക്കുന്ന ഗന്ധം തങ്ങിനില്‍ക്കുന്ന അന്തരീക്ഷം.രണ്ടു വലിയ  കറുത്ത പട്ടികള്‍ അവളെനോക്കി  കുരച്ചു കൊണ്ട് ഓടി.അവറ്റയുടെ ശബ്ദം നിന്നപ്പോള്‍ വീണ്ടും നിശബ്ദത.

ആയുധഫാക്ടറിയുടെ പുറംമതില്‍ ഏകദേശം തകര്‍ന്നു കിടക്കുകയാണ്.അകത്തു മുള്‍വേലി കെട്ടിതിരിച്ച വളപ്പ് മുഴുവന്‍ കാട് പടര്‍ന്നു കയറിയിരിക്കുന്നു.തുരുമ്പിച്ച മുള്‍വേലിക്കപ്പുറം അക്കേഷ്യമരങ്ങള്‍ക്കിടയില്‍ തകര്‍ന്നുകിടക്കുന്ന  ഒരു കറുത്ത  അംബാസഡര്‍ കാറിന്റെ അവശിഷ്ടങ്ങള്‍.അതിന്റെ  ഡിക്കിക്ക് മുകളിലൂടെ കൂര്‍ത്ത ഇലകളുള്ള ഒരു ചെടി വളര്‍ന്നുനിന്നു.ബുളറ്റുകളും ബോംബുകളും നിര്‍മ്മിച്ചു കൊണ്ടിരുന്ന ഫാക്ടറി വളപ്പിലേക്ക് കയറാന്‍ കാറ്റിനു പോലും ഭയമാണ്.

കുറച്ചു ദൂരം റോഡിലൂടെ നടന്നപോള്‍ , ഗായത്രി അപ്പാര്‍ട്ട്മെന്റ്സ് എന്നെഴുതിയിരിക്കുന്ന പഴയ  ചൂണ്ടുപലക  തകര്‍ന്നു കിടക്കുന്നത് അവള്‍ കണ്ടു.മങ്ങിയതെങ്കിലും കറുത്ത അക്ഷരങ്ങളില്‍ എഴുതിയ പേര് തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.ആ വഴിയിലൂടെ അല്‍പദൂരം നടന്നപ്പോള്‍  അവള്‍ ആ തകര്‍ന്ന  കെട്ടിടം കണ്ടു.

ഗായത്രി അപ്പാര്‍ട്ട്മെന്റ്സ്.

 ആരായിരിക്കും ഈ ഗായത്രി ?അതിന്റെ ഉടമയുടെ ഭാര്യയോ ,മകളോ ?ആ സ്ത്രീ ഇപ്പോഴും ജീവിചിരിപ്പുണ്ടാവുമോ ?

പണ്ട് ,ആ അപ്പാര്‍ട്ട്മെന്റിനരികില്‍ കുട്ടികളുടെ ഒരു ഊഞ്ഞാല്‍ തുരുമ്പിച്ചു കിടന്നു.ഒരിക്കല്‍ കുട്ടികള്‍ കളിക്കാനായി അവിടെ ഒരു പാര്‍ക്ക് ഉണ്ടായിരുന്നിരിക്കണം.
ഇപ്പോള്‍ അവിടം മുഴുവന്‍ കട്ടികള്‍ ഉണ്ടാരുന്നെങ്കില്‍...അവള്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു.ആ ഊഞ്ഞാലില്‍ കുട്ടികള്‍ ആടുന്നത്...അവരുടെ ശബ്ദം വായുവില്‍ നിറയുന്നത്.

അവള്‍ വലിയ കെട്ടിടത്തിന്റെ ഉള്ളിലേക്ക്  നടന്നു.കുറെ ഇടിഞ്ഞു പോയെങ്കിലും അത് പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ല.

‘അങ്ങോടു കയറണ്ട.അവിടെ ആരുമുണ്ടാകില്ല.”ആരോ മനസ്സിലിരുന്നു പറയുന്നു.
എങ്കിലും അവള്‍ മുന്‍പോട്ടു നീങ്ങി.

ഇവിടെയാണ്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ വൃദ്ധ ഒഴിവു സമയം ചെലവഴിക്കാന്‍ കുട്ടികളെ കാത്തിരുന്നത്.ചീട്ടുകളിക്കാന്‍.
അവള്‍ സ്റ്റെപ്പുകള്‍ കയറി മുകളിലേക്ക് നടന്നു.മാറാല പിടിച്ച ഭിത്തികള്‍.തകര്‍ന്ന സ്റെപ്പുകള്‍.ഒരിക്കല്‍ ഒരുപാട് പേര്‍ ഓടിക്കയറിയ നടകള്‍.അവള്‍ മെല്ലെ ആദ്യനിലയിലേക്ക് കയറി.അവിടെ എല്ലാ മുറികളും തകര്‍ന്നു കിടക്കുകയാണ്.
രണ്ടാം നിലയില്‍ ,മൂന്നാമത്തെ വാതിലിനു മുന്‍പില്‍ അവള്‍ നിന്നു.

ഹൌസ് നമ്പര്‍ 7 A.

മാറാല മൂടിയ ആ വാതില്‍ അടഞ്ഞു കിടക്കുകയാണ്.വാതില്‍പ്പിടിയില്‍ തൊട്ടപ്പോള്‍ ഒരു പഴുതാര ഓടിപ്പോയി.

വെറുതെ ..വെറുതെ ഒരു കാരണവുമില്ലാതെ അവള്‍ ആ വാതിലില്‍ മുട്ടി.
ടക്ക് ..ടക്ക് ..ആ ശബ്ദം അവിടെയെല്ലാം പ്രതിധ്വനിക്കുന്നത് പോലെ.അവള്‍ പെട്ടെന്ന് അവിടെനിന്ന് തിരിഞ്ഞു നടന്നു.

അപ്പോള്‍ ഒരു കരകര ശബ്ദം കേട്ടൂ.

ആ വാതില്‍ തുറന്നു വരുന്ന ശബ്ദമാണ്.

അതിനുള്ളില്‍...അതിനുള്ളില്‍ ആരാണ് ??

വേണ്ട.പോകാം.ഉള്ളില്‍ നിര്‍മ്മലയാന്റിയുടെ ശബ്ദം അവള്‍ കേട്ടു.
ആ ഗെയിം കളിയ്ക്കാന്‍ നിന്ന് കൊടുക്കരുത്. അവര്‍ ഉള്ളിലിരുന്നു പറയുന്നു.

“ജെന്നി,പേടിയാണോ ആകാംക്ഷയാണോ വലുത് ?” ഒരു വൃദ്ധയുടെ സ്വരം അവള്‍ കേട്ടു.ഒപ്പം ചില്ലുപാത്രം വീണുടയുന്നത് പോലെയുള്ള ചിരിയും.

വാതില്‍ക്കല്‍ ഒരു രൂപം നില്‍ക്കുന്നു.മാംസം അഴുകി ദ്രവിച്ചു ,അസ്ഥികൂടം പോലെയായ ഒരു വൃദ്ധ.അവരുടെ ശബ്ദം  ഒരു ഗുഹാമുഖത്ത് നിന്ന് വരുന്നത് പോലെ..

“നീ പരസ്യം കണ്ടിട്ട് വന്നതല്ലേ...”വൃദ്ധ ചോദിക്കുന്നു.

“അതെ.”അവള്‍ ശബ്ദമില്ലാതെ തലയാട്ടി.

“എങ്കില്‍ വരൂ..ഞാന്‍ ബോര്‍ അടിച്ചിരിക്കുകയായിരുന്നു.ലെറ്റ്‌സ് പ്ലേ റമ്മി .”അവര്‍ പറഞ്ഞു.അതിനുശേഷം അവര്‍ മെല്ലെ മുറിക്കുള്ളിലേക്ക് നടന്നു.

അവള്‍ ഒരു യന്ത്രം പോലെ അവരെ പിന്തുടര്‍ന്നു.

ആ മുറിക്കുള്ളില്‍ കടന്നതും വാതില്‍ തനിയെ അടഞ്ഞു.
മനുഷ്യതലയോടുകള്‍ അടുക്കി വച്ചുണ്ടാക്കിയ  ഫ്ലാറ്റിലെ  ഭിത്തികള്‍.വലിയ ചുവന്ന മെഴുകുതിരികള്‍ പ്രകാശിക്കുന്ന കറുത്ത മെഴുകുതിരിക്കാലുകള്‍.തിളങ്ങുന്ന വെള്ളി നിറമുള്ള മേശ.മെഴുകുതിരി വെളിച്ചത്തില്‍ വൃദ്ധയുടെ വെള്ളിനാരുകള്‍ തിങ്ങിയ മുടി കാറ്റില്‍ പറക്കുന്നത് ജെന്നി കണ്ടു.രണ്ടു ചുവന്ന കല്ലുകള്‍ പോലെ ആ കണ്ണുകള്‍ തിളങ്ങുന്നു.ആത്മാവിന്റെ ഇരുണ്ടയിടങ്ങളിലേക്ക് കടന്നു ചെല്ലുന്ന നോട്ടത്തില്‍ ജെന്നി മുഖം കുനിച്ചു.

അവര്‍  മേശക്ക് മുന്‍പിലെ ഒരു കസേര ചൂണ്ടിക്കാണിച്ചു.അവള്‍ ഇരുന്നു.മേശയുടെ അപ്പുറത്ത് നേരെ എതിരായി വൃദ്ധയുമിരുന്നു.

“എന്റെ പരസ്യം കണ്ട്  ആളുകള്‍ വന്നിട്ട് എത്ര നാളുകളായി.”ചീട്ടു കശക്കിക്കൊണ്ട് അവര്‍ പറഞ്ഞു.അപ്പോള്‍ അവരുടെ കറുത്ത കോമ്പ്രപ്പല്ലുകള്‍ക്കിടയിലൂടെ മെഴുകുതിരിയുടെ മഞ്ഞവെട്ടം മിന്നി.

“ഇവിടെ ഏറ്റവും ഒടുവില്‍ വന്നത് നിന്റെ ആന്റിയാണ്.” അവര്‍  ചീട്ടുകള്‍ കശക്കിക്കൊണ്ട് പറഞ്ഞു.

 “എന്നിട്ട് ആന്റി ജയിച്ചോ ?”അവരുടെ മുഖത്ത് നോക്കാതെ ചീട്ടുകളിലെക്ക് നോക്കിക്കൊണ്ട് അവള്‍ ചോദിച്ചു.

അത് കേട്ട് അവര്‍ ഭിത്തിയിലെ തലയോടുകള്‍ക്കിടയിലേക്ക് നോക്കി.പിന്നെ ഉറക്കെ ചിരിച്ചു.ഒരു പാറക്കെട്ട് ചിതറി വീഴുന്നത് പോലെ ആ ശബ്ദം തലയോടുകള്‍ തട്ടി തിരിച്ചു വന്നു.

“എന്നെ രസിപ്പിക്കുക എന്നതാണ് ഗെയിം.എന്നെ ഈ ചീട്ടുകളിയില്‍  തോല്‍പ്പിച്ചാല്‍ മാത്രമേ എന്നെ രസിപ്പിക്കാന്‍ കഴിയൂ...”അവര്‍ പറഞ്ഞു.

“ഇല്ലെങ്കില്‍..”

വൃദ്ധ അവളെനോക്കി തന്റെ നാക്ക് നീട്ടി .പാമ്പിറങ്ങി വരുന്നത് പോലെ അവരുടെ അഴുകിത്തുടങ്ങിയ തൊണ്ടക്കുഴിയില്‍ നിന്ന് നീളമേറിയ  ചുവന്ന നാക്ക് വെളിയില്‍ വന്നു.നാക്കുകൊണ്ടു ചുണ്ട് നനച്ചു വൃദ്ധ ശബ്ദമില്ലാതെ ചിരിച്ചു.

“എന്നെ രസിപ്പിക്കാതെ നിനക്ക്  ഒരിക്കലും പുറത്തു പോകാന്‍ കഴിയില്ല...”അവര്‍ വീണ്ടും ചിരിച്ചു.

“ഇവിടെ വരുന്നവരെല്ലാം എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കും.പക്ഷേ ,നടക്കില്ല.ആ തലയോടുകള്‍ കണ്ടോ ,അതൊക്കെ ഇവിടെ വന്നു തോറ്റു പോയവരുടെയാണ്.ഞാന്‍ അവരെ കൊന്നതല്ല.ഈ കളിയാണ് അവരെ തോല്‍പ്പിച്ചത്.പരസ്യം കണ്ടു വ്യാമോഹിച്ചു വന്ന പാവങ്ങള്‍!”വൃദ്ധ സഹതാപം നിറഞ്ഞ സ്വരത്തില്‍ ഭിത്തിയിലെ  തലയോടുകളെ നോക്കി പറഞ്ഞു. പിന്നെ  ചീട്ടുകള്‍ ചീട്ടുകള്‍ അടുക്കി ആദ്യത്തെ കാര്‍ഡ് ഇറക്കി.

“അപ്പോള്‍ എന്റെ ആന്റിയോ ?”അവള്‍ കണ്ണ് മിഴിച്ചു കൊണ്ട് ചോദിച്ചു.

“കളിക്കൂ..ഇനി നിന്റെ ഊഴമാണ്!!”അവളുടെ ചോദ്യത്തിന് മറുപടി പറയാതെ വൃദ്ധ അവളെ ഓര്‍മ്മിപ്പിച്ചു.

അവള്‍ തന്റെ കയ്യില്‍നിന്ന്   ആദ്യത്തെ കാര്‍ഡ് ഇറക്കി.
 
“ഹാര്‍ട്ട്സ്!!എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്‍ഡ്!ചുവന്ന ഹൃദയം!”വൃദ്ധ ആവേശത്തോടെ ചിരിച്ചു.

ജെന്നി  തന്റെ ചോദ്യം ആവര്‍ത്തിച്ചു.

“ചീട്ടുകളി ജയിക്കണമെങ്കില്‍  കയ്യില്‍ ഇല്ലാത്ത ചീട്ട് ഉണ്ടെന്നു എതിരാളിയെക്കൊണ്ട് തോന്നിപ്പിക്കുക എന്നതാണ്.നിര്‍മ്മല ,നീ ഉണ്ടെന്നു വിചാരിച്ച എന്റെ ഒരു ചീട്ടായിരുന്നു.അത് കൊണ്ടാണല്ലോ നീ എന്നെ തേടി ഇവിടെ വന്നത്.” വൃദ്ധ അത്  പറഞ്ഞുകൊണ്ട് അടുത്ത കാര്‍ഡ്  ഇട്ടു.

ജെന്നിക്ക്   അവര്‍  പറഞ്ഞത്  മുഴുവന്‍  മനസ്സിലായില്ല.എങ്കിലും അവള്‍ കൂടുതല്‍ ചോദിച്ചില്ല.കാരണം അവള്‍ക്ക്  അപ്പോഴേക്കും  ആ ഗെയിമില്‍ ഹരം കയറിയിരിന്നു.

(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo