നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രുപാലി (ചെറുകഥ)



'"അജീബ് ദാസ്താ ഹെ യേ...
കഹാം ശുരൂ കഹാം ഖതം"

അടുത്ത വീട്ടിലെ ബാബയുടെ റേഡിയോയിൽ നിന്നുള്ള പാട്ടു കേട്ടാണ് രുപാലി കണ്ണു തുറന്നത്.ക്ലോക്കിൽ സമയം അഞ്ചരയാകുന്നു.അവൾ വേഗം എഴുന്നേറ്റു വാതിൽ തുറന്നതും അടുപ്പിനരികിലായി കത്തിക്കാനിട്ടിരുന്ന ചാണകവറളികൾക്കു മുകളിൽ നിന്നൊരു പൂച്ച ചെറിയ ശബ്ദത്തിൽ കരഞ്ഞുകൊണ്ടു പുറത്തേക്കു പോയി.പുറത്തു നേരിയ തണുപ്പുണ്ട്.മൂന്നു വാടകവീട്ടുകാർക്കും കൂടെ ഒരു ടോയ്‌ലറ്റും ബാത്ത്റൂമുമേയുള്ളു.മറ്റുള്ളവർ ഉണരുന്നതിനു മുന്നേ അവൾ പോയി കുളിച്ചു  വരും.താൻ കാരണം അവർക്കൊരു ബുദ്ധിമുട്ടുണ്ടാകരുതെന്ന് അവൾക്കു നിർബന്ധമായിരുന്നു.

ആ ഒറ്റമുറിയിലാണ് രുപാലിയും മൂന്നു പെൺകുട്ടികളുമടങ്ങുന്ന അവളുടെ കുടുംബം താമസിക്കുന്നത്. മാസം എഴുനൂറു രൂപ വാടകയിൽ.മൂത്തമകൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു.എട്ടിലും  ആറിലുമായി ഇളയ കുട്ടികൾ.

കുളികഴിഞ്ഞു മക്കളെയുണർത്തി രാവിലെയുള്ള ഭക്ഷണവും തയ്യാറാക്കിയ ശേഷം രുപാലി തന്റെ ജോലിക്കിറങ്ങി.കുറച്ചു ദൂരെയായി ഒരു സ്കൂളിലെ അദ്ധ്യാപകരുടെ ഫാമിലി ക്വാർട്ട്വേഴ്സുകളുണ്ട് അവിടെ തുണികൾ തേയ്ച്ചു കൊടുക്കകയാണ് രാവിലെയുള്ള ജോലി.അതിനായി ഒരു ഉന്തുവണ്ടിയും ഇരുമ്പ് തേയ്പ്പുപെട്ടിയും അവൾക്കുണ്ട്.

അന്നും പതിവ് പോലെ രാവിലെയിറങ്ങിയ സമയത്താണ് അവരുടെ ആ ഇടുങ്ങിയ തെരുവിന്റെ തുടക്കത്തിലൊരു തുണിക്കടയിൽ ചില്ലുകൂട്ടിനകത്ത് മനോഹരമായി അണിയിച്ചൊരുക്കിയ പെൺപ്രതിമയെ അവൾ കണ്ടത്.അതിന് തന്റെ മരിച്ചുപോയ കൂട്ടുകാരി ചമേലിയുടെ മുഖച്ഛായ തോന്നി അവൾക്ക്.ഉത്തർപ്രദേശിലെ ആ ചെറിയ ഗ്രാമത്തിൽ അത്തരമൊരെണ്ണം ആദ്യമായിട്ടാണ് കാണുന്നത്.റോഡിലൂടെ നടക്കുമ്പോഴും  രുപാലിയുടെ ചിന്ത ചമേലിയെ കുറിച്ചായിരുന്നു.ചമേലി അവളുടെ കുട്ടിക്കാലം മുതലുള്ള കൂട്ടുകാരി.
അവൾ പ്രസവിച്ചത് പെൺകുഞ്ഞായതു കാരണം അമ്മായിയമ്മ വായിലിട്ടുകൊടുത്ത ഗോതമ്പുമണികൾ തൊണ്ടയിൽ കുരുങ്ങി   കുഞ്ഞു മരിച്ചപ്പോൾ മാനസികനില തെറ്റി ആത്മഹത്യ ചെയ്തവൾ.ജോലി കഴിഞ്ഞു തിരികെ വന്നപ്പോഴും അവളാ പ്രതിമയെ നോക്കി നിന്നു.
അവളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി.മറക്കാൻ ശ്രമിച്ച ഓർമ്മകളൊക്കെ കുത്തിനോവിക്കുന്നു. 

                                 *********"

'ലഡ്കി ഹേ ലഡ്കി' (പെൺകുട്ടിയാണ്... പെൺകുട്ടി)
തന്റെ കുഞ്ഞിനെ കാണാനെത്തിയവരോട് അമ്മായിയമ്മയുടെ പുച്ഛം നിറഞ്ഞ പറച്ചിൽ.പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്നത് എന്തോ വലിയ അപരാധമായവർ കണക്കാക്കി.സ്വന്തം വീട്ടിൽ നിന്നും പ്രസവശേഷം തിരികെ വന്നപ്പോഴും വീട്ടിലെ എല്ലാ ജോലികളും അവളെക്കൊണ്ടു ചെയ്യിച്ചു.പാലുകുടിക്കാൻ കുഞ്ഞു കരയുമ്പോഴും ജോലി തീരാതെ എണീക്കാൻ സമ്മതിച്ചില്ല.

'ലഡ്കി ഹേ രോനേ ദോ' (പെൺകുട്ടിയല്ലേ കരയട്ടെ)

കല്യാണം കഴിഞ്ഞു ചെന്നപ്പോൾ മുതൽ ആ വീട്ടിലെ മുഴുവൻ ആളുകളുടേയും തുണിയലക്കലും ആഹാരമുണ്ടാക്കലും എല്ലാം അവൾടെ ജോലിയായി.അവൾ ബഡീ ബഹുവാണ്,എല്ലാം ചെയ്തേ പറ്റൂ.നിലത്തുണ്ടാക്കിയ അടുപ്പിൽ ചപ്പാത്തികളെത്ര ചുട്ടെടുത്താലും അവളുടെ വയറു നിറയാനുള്ള ചപ്പാത്തിയോ കറിയോ ഒരിയ്ക്കൽ പോലും ബാക്കി വന്നില്ല.

മാസത്തിലെ നാലു ദിവസം അവൾ അശുദ്ധയാക്കപ്പെടും.അന്നത്തെ ദിവസങ്ങളിൽ ആർക്കും അവളുണ്ടാക്കിയ ഭക്ഷണം വേണ്ട,ആരുടെയും തുണിയലക്കണ്ട.ആ ദിവസങ്ങളിൽ കിട്ടുന്ന ആശ്വാസം ഇരട്ടി ജോലിയായി അവൾക്കു വേണ്ടി തന്നെ കാത്തിരിക്കാറുമുണ്ടായിരുന്നു.

'തൂ ക്യാ സോച് രഹീ ഹേ ബേട്ടീ'
അടുത്ത വീട്ടിലെ ബാബയാണ്.

'കുച് നഹീ ബാബാ'.
പാവം മനുഷ്യൻ.വാത്സല്യമെന്തെന്ന് മനസ്സിലാകുന്നത് ഇവിടെയെത്തിയ ശേഷമാണ്.
ബാബയുടെ ബേട്ടീ വിളി കേൾക്കുമ്പോൾ മൂത്തമകൾ  കളിയാക്കാറുണ്ട്.
'ബേട്ടീ ഏക് ശബ്ദ് ഗലത് ബതാ ദിയാ തോ ബേഡീ ബൻ ജായേഗീ'.(മകളെന്നത് ഒരക്ഷരം മാറിയാൽ ചങ്ങലയെന്നർത്ഥമാകും) ചില പെൺജീവിതങ്ങൾ ചങ്ങലക്കിട്ടപോലെയാണെന്ന് അവളും മനസ്സിലാക്കിയിട്ടുണ്ടാകാം.

'മാ ആജ് മുഛേ എക്സാം മേം ഫസ്റ്റ് മിലി'.
അവൾ  മിക്കവാറും പറയാറുണ്ട്.ഒരിയ്ക്കൽ പോലും അവളെ അഭിനന്ദിക്കണമെന്നു തോന്നി യിട്ടില്ല രുപാലിക്ക്.തന്റെ മക്കളെ സ്നേഹത്തോടെ അടുത്തു വിളിച്ചിരുത്തുന്നൊരു അമ്മയുമല്ലവൾ.മക്കൾക്ക് ആഹാരം നൽകി വളർത്തുന്നു.അനുഭവങ്ങളിൽ അത്രമാത്രം കല്ലിച്ചു പോയിരുന്നു ആ മനസ്സ്.

                      *********

പല ദിവസങ്ങളിലും തുണിക്കടയിലെ പ്രതിമക്കു മുന്നിൽ അവൾ നിൽക്കും.ഒരിയ്ക്കൽ പോലും അതിലണിഞ്ഞിരിക്കുന്ന സാരിയുടേയും ആഭരണത്തിന്റെയും പകിട്ട് അവളെ മോഹിപ്പിച്ചില്ല.പകരം പ്രതിമയവളോടു സംസാരിക്കുന്നതായി അവൾക്കു തോന്നിത്തുടങ്ങി.ചമേലി തന്റെ പ്രിയപ്പെട്ടവൾ തനിക്കായി തിരികെ വന്നതാണെന്നവൾ ചിന്തിച്ചു.ഉന്തുവണ്ടിയും തള്ളി തിരികെ വരുമ്പോഴും അവൾ ചമേലിയോട് മനസ്സിൽ സംസാരിച്ചു.

‌ഒരു വൃദ്ധൻ ചവിട്ടുന്ന സൈക്കിൾ റിക്ഷയിൽ വലിയൊരു ആട്ടാചാക്കുമായിരിക്കുന്ന തടിച്ച സ്ത്രീയോട് അവൾക്കു വല്ലാത്ത വെറുപ്പു തോന്നി.റിക്ഷ നിർത്തി അയാൾ ഇടയ്ക്കിടെ കിതക്കുന്നതിനവർ ശകാരിക്കുന്നുണ്ട്.
ദിവസവും നടക്കുന്നതിനിടയിൽ എത്രയെത്ര കാഴ്ചകളാണു കാണേണ്ടി വരുന്നത്.
തന്റെ അച്ഛനും ഇതായിരുന്നു ജോലി ഭാരം വലിച്ചു വലിച്ച് ഹൃദയത്തിനു താങ്ങാനാവാതെ കുഴഞ്ഞു വീണു മരിച്ചു.അച്ഛനുണ്ടായിരുന്നെങ്കിൽ......

രണ്ടാമത്തേതും പെൺകുട്ടിയായപ്പോൾ ആ വീട്ടിലെ ഏറ്റവും വെറുക്കപ്പെട്ടവളായി അവൾ.അടുത്തതും പെൺകുഞ്ഞായാൽ ആ കുഞ്ഞിനെ ആർക്കെങ്കിലും കൊടുത്തേക്കുവെന്നായി അമ്മായിയമ്മ.ഭർത്താവും അവർക്കൊപ്പം കൂടിയപ്പോഴും ചമേലിയുടെ കുഞ്ഞിനെപ്പോലെ തന്റെ കുഞ്ഞുങ്ങളെ കൊല്ലില്ലയെന്നവൾ ആശ്വസിച്ചിരുന്നു.പക്ഷേ പലപ്പോഴും അവളണിഞ്ഞിരുന്ന കുപ്പിവളകൾ ചിതറിത്തെറിച്ച രക്തപ്പാടുകൾ ഭർത്താവിന്റെ വറ്റിയ സ്നേഹത്തിന്റെ അടയാളങ്ങളായി. 

'ചൂഡീ....ചൂഡീലേലോ....ചൂഡീ'
കുപ്പിവളക്കാരന്റെ വിളിയിൽ അവളുടെ ചിന്തകൾ മുറിഞ്ഞു.
അടുത്തു കണ്ട ഡയറിയിൽ നിന്നും പാൽ വാങ്ങാൻ കയറിയപ്പോഴാണ്,സ്റ്റൗവ്വിനു മുകളിലായി വലിയ വാർപ്പുകളിൽ പനീറിനായി പാലൊഴിക്കുന്നതു കണ്ടത്.മക്കൾക്ക് പനീർ വലിയ ഇഷ്ടമാണ്.വല്ലപ്പോഴുമവൾ വാങ്ങാറുണ്ട്.അന്നു മക്കൾ ഇഷ്ടത്തോടെ ഭക്ഷണം കഴിക്കുന്നതു കാണുമ്പോഴും അവളിലെ അമ്മ നിർവ്വികാരതയോടെ നോക്കിയിരിക്കും.
ഉള്ളിൽ പഴയ പല്ലവി ആവർത്തിക്കും

ലഡ്കീ ഹേ ലഡ്കീ.

പെൺകുട്ടികൾ ചെലവാണെന്നു കരുതി നശിപ്പിച്ചു കളയാൻ തുനിയുന്നവർ.പെൺകുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയുടെ മാത്രം തെറ്റായി കരുതുന്ന അമ്മായിയമ്മമാരെന്ന പെൺ ജന്മങ്ങൾ.അവൾക്കെല്ലാറ്റിനോടും ദേഷ്യം തോന്നി.
മൂന്നാമതും പെൺകുട്ടിയായതോടെ സസുരാലിൽ ഉള്ളവർക്ക് (ഭർതൃവീട്) കുട്ടികളോടും അവളോടുമുള്ള ദേഷ്യം ഇരട്ടിച്ചു.ഒരുനാൾ അതിഥികൾക്കായി ഉണ്ടാക്കിയ മധുരപലഹാരം കുട്ടികളെടുത്തതിന് അവരെ വല്ലാതെ ഉപദ്രവിച്ചു.തടയാൻ ചെന്ന അവൾക്കും കിട്ടി.ഒടുവിൽ വീട്ടിൽ നിന്നും ഇറക്കി വിട്ടു.പെരുവഴിയിൽ മൂന്നു കുഞ്ഞുങ്ങളുമായി നിന്ന അവളെ ബാബയാണ് കൂട്ടിക്കൊണ്ടു വന്നത്.അവളുടെ അച്ഛന്റെ കൂട്ടുകാരനാണ് അദ്ദേഹം.ആയിടെ അവിടെ തുണി തേയ്ച്ചു കൊടുത്തിരുന്ന ആൾ അസുഖം കാരണം ജോലി നിർത്തിയിരുന്നു.അയാളിൽ നിന്നും ഉന്തുവണ്ടിയും തേപ്പുപെട്ടിയും വാങ്ങി നൽകി.ആദ്യമൊക്കെ തുണി തേയ്ക്കാൻ വല്ലാതെ പ്രയാസപ്പെട്ടു.തളരരുതെന്ന് പറഞ്ഞ് കൂടെ നിന്നത് ബാബയാണ്.ഇളയ മകൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അവിടെയെത്തിയത്.

                       *********
മകളുടെ സ്കൂളിലെ ഒരു അദ്ധ്യാപകന്റെ വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞ് ചെന്നതാണ്.ഏഴു വർഷത്തിനു ശേഷമാണവർക്കൊരു കുഞ്ഞു ജനിക്കാൻ പോകുന്നത്.അദ്ദേഹത്തിന്റെ ഭാര്യ പദ്മയും ആ സ്കൂളിലെ ടീച്ചറാണ്.കുറച്ചു നാളത്തേക്ക് ലീവിലാണവർ.അവർക്ക് പാത്രം കഴുകലും തുണികഴുകുന്നതിനുമായാണ് വിളിച്ചത്.രാവിലയുള്ള  ജോലികഴിഞ്ഞ് അവൾ പദ്മ ടീച്ചറുടെ വീട്ടിലും  പോയിത്തുടങ്ങി.നല്ല പെരുമാറ്റമായിരുന്നു ടീച്ചറുടെ.വളരെ വേഗം അവൾ ടീച്ചറുമായി അടുത്തു.
നീയെന്താ പൊട്ടു തൊടാത്തതെന്ന ടീച്ചറുടെ ചോദ്യത്തിന് താൻ കണ്ണാടിയിൽ നോക്കാറേയില്ലെന്നവൾ മറുപടി നൽകി.
മദ്യത്തിന്റെ അകമ്പടിയോടെ സ്ത്രീ ശരീരം വെറും ഭോഗവസ്തുവാക്കപ്പെട്ടവൾ സ്വന്തം ശരീരത്തേപ്പോലും വെറുക്കുമെന്ന് അവൾ പറഞ്ഞപ്പോ ടീച്ചറുടെ ഉള്ളു വല്ലാതെ പൊള്ളി.

മദ്യവും സിഗരറ്റും കൂടിക്കുഴഞ്ഞ നിശ്വാസം മൂക്കിലടിക്കുമ്പോ ഓക്കാനം അവളുടെ തൊണ്ടവരെയെത്തും.നിലത്തിരുന്ന് തൈരിൽ മുക്കി റൊട്ടി തിന്നുന്ന കുട്ടികൾ മനസ്സിലെത്തുമ്പോൾ, കണ്ണടച്ച് തികട്ടി വന്ന ഓക്കാനത്തെയവൾ കുടിച്ചിറക്കും.എതിർത്താൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകില്ല. ഓർമ്മകൾ അവളുടെ കണ്ണുകൾ നിറയിച്ചപ്പോൾ. ടീച്ചറവളുടെ തലയിലൊന്നു തലോടി.

പദ്മ ടീച്ചറാണ് പെൺകുട്ടികൾ വീടിന്റെ ഐശ്വര്യമാണെന്നവളോടു പറഞ്ഞത്.ടീച്ചറുടെ നാട്ടിലൊക്കെ അങ്ങനെയാണത്രേ.പക്ഷേ അവളുടെ നാട്ടിൽ പത്തു ദിവസത്തെ ദസറപൂജയ്ക്കിടയിൽ ഒരുനാൾ കന്യാപൂജയ്ക്കു മാത്രമേ പെൺകുട്ടിയെ പ്രധാനപ്പെട്ടതായി കണക്കാക്കി കണ്ടിട്ടുള്ളൂ.

മൂന്നുപെൺകുട്ടികളുടെ അമ്മയെന്നു വിളിച്ച് തന്നെ കളിയാക്കുന്നവർ ആ കുട്ടികളെ സ്നേഹത്തോടെ കന്യാപൂജയ്ക്ക് പോകാൻ ക്ഷണിക്കുന്നതോർത്ത് അവൾ ചിരിക്കാറുണ്ട്.

രാജസ്ഥാനിലെ പിപ്പിലാന്ത്രിയെന്ന ഗ്രാമത്തിൽ പെൺകുട്ടി ജനിക്കുന്ന ദിവസം നൂറ്റിപ്പതിനൊന്നു വൃക്ഷത്തെകൾ നടുമെന്ന് ടീച്ചർ പറഞ്ഞു കേട്ടപ്പോൾ അത്ഭുതംകൊണ്ട്  അവളുടെ കണ്ണുകൾ മിഴിഞ്ഞു.പെൺകുട്ടികളെ കൂടുതൽ പഠിപ്പിക്കുവാൻ പോലും മടിക്കുന്ന അവളുടെ ആ ഗ്രാമത്തേക്കുറിച്ചല്ലാതെ മറ്റൊന്നും അവൾക്കറിയില്ലല്ലോ.
അന്നവൾ തിരികെ വരവേ പ്രതിമക്കരുകിൽ കുറേ നേരം നിന്നു.അവൾക്കു തന്റെ ചമേലിയോടു പറയാൻ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു.

"ചമേലീ നിനക്കറിയാവോ, ടീച്ചറുടെ നാട്ടിൽ ആൺകുഞ്ഞിനെ പ്രസവിച്ച ഒരമ്മയോട് അവരുടെ അമ്മായിയമ്മക്ക് ദേഷ്യമായിരുന്നത്രേ.ആ കുഞ്ഞു നിനക്കായിരുന്നെങ്കിൽ നീ മരിക്കില്ലായിരുന്നല്ലേ."

അവളുടെ നിൽപ്പു കണ്ട് ആരോ ചോദിച്ചു
പാഗൽ ഹേ ക്യാ ? (ഭ്രാന്താണോ?)

തിരികെ വീട്ടിലെത്തിയ അവൾ  ഒരുപാടു ചിന്തിച്ചു.പെൺകുഞ്ഞുങ്ങൾ ശാപമാണെന്നു കേട്ടുകേട്ട് സ്വന്തം മക്കളോട് അനുകമ്പയില്ലാതെ പെരുമാറിയതോർത്തവൾ സങ്കടപ്പെട്ടു.അവളുടെ മനസ്സിലെപ്പോഴും പെൺമക്കൾ തന്റെ ജീവിതം നശിപ്പിച്ചവരായിരുന്നു.അതുകൊണ്ടു തന്നെ അവരെയവൾ ഒരിയ്ക്കലും ലാളിച്ചിരുന്നില്ല.സ്നേഹത്തോടെ വർത്തമാനം പറഞ്ഞിരുന്നില്ല.

അന്നേ ദിവസം രാത്രിയിൽ അവളൊരു സ്വപ്നം കണ്ടു.ആ പ്രതിമ അവളുടെ അടുത്തേക്കു വന്നു കൈ നീട്ടുന്നു.അതിന്റെ  കൈയിൽ തൊടാനാഞ്ഞതും അവൾ ഞെട്ടിയുണർന്നു.അവൾക്കെന്തോ ആ സ്വപ്നത്തിലൊരു വല്ലായ്മ തോന്നി.

രാവിലെ ജോലിക്ക് പോയപ്പോൾ ടീച്ചറാണു പറഞ്ഞത്  മോളുടെ റിസൽട്ട് വന്നു അവൾക്ക് നല്ല മാർക്കുണ്ടെന്ന്.ഇതോടെ പഠിത്തം മതിയാക്കണമെന്നു കരുതിയ അവൾക് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല.പക്ഷേ ടീച്ചർ നല്ല സന്തോഷത്തിലായിരുന്നു.അവൾക്ക് നല്ലൊരു ഭാവിയുണ്ടെന്നവർ പറഞ്ഞു.അവരോട് ഒരുപാടു സമയം സംസാരിക്കവേ അവൾക്കു മനസ്സിലായി തന്റെ മകൾ വലിയ വിജയമാണ് നേടിയതെന്ന്.മുന്നോട്ടുള്ള പഠനത്തിന് എല്ലാ സഹായവും ടീച്ചർ വാഗ്ദാനം ചെയ്തു.മകൾ ഉയർന്ന നിലയിലെത്തുമെന്നും അപ്പോൾ രുപാലിയുടെ  സങ്കടങ്ങളെല്ലാം മാറുമെന്നും ടീച്ചർ സമാധാനിപ്പിച്ചു.
അന്നു തിരികെ വരവേ അവൾ മക്കൾക്കായി മധുരപലഹാരങ്ങൾ വാങ്ങി.വഴിയരികിലെ  മരത്തിൽ ഒരു തത്ത തന്റെ കുഞ്ഞിന്റെ  കൊക്കിലേക്ക് ആഹാരം പകർന്നു നൽകിയതു കണ്ടപ്പോൾ അവൾക്കു സ്വന്തം കുട്ടികളെ കാണണമെന്നു തോന്നി.

പതിവുപോലെ തുണിക്കടയുടെ അടുത്തെത്തിയപ്പോൾ പ്രതിമ കാണുന്നില്ല.തിരക്കിയപ്പോൾ അതിനെ അണിയിച്ചൊരുക്കവേ  ജോലിക്കാരന്റെ കൈയ്യിൽ നിന്നും താഴെ വീണ് കൈ പൊട്ടിപ്പോയെന്നും, വേസ്റ്റിൽ കളയാൻ കൊണ്ടു പോയെന്നുമറിഞ്ഞു.അവൾക്കു വല്ലാത്ത വേദനതോന്നി.വേഗം വേസ്റ്റ് കളയുന്ന സ്ഥലത്തേക്കോടി.അവിടെ ആടയാഭരണങ്ങളൊന്നുമില്ലാതെ നഗ്നയായി ചുമരിൽ ചാരിയ നിലയിൽ പ്രതിമയെ കണ്ടു.ഒരു കൈ മുട്ടിനു താഴെ വച്ച് പൊട്ടിയിട്ടുണ്ട്.അവൾക്കു മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.അതുമെടുത്ത് വീട്ടിലേക്കു പോന്നു.മക്കൾക്ക് ആദ്യം അതിശയമായിരുന്നു.

രുപാലി തന്റെ പെട്ടിയിൽ നിന്നും അവൾക്കുള്ളതിൽ നല്ലൊരു സാരി അതിനെ ഉടുപ്പിച്ചു.ഇളയ മകൾ അവളുടെ പൊട്ടും പൗഡറുമെല്ലാമിട്ടതിനെ ഒരുക്കി.അതുകണ്ടു വന്ന മൂത്തവൾ അതിൽ നിന്നൊരു പൊട്ടെടുത്ത് അമ്മയ്ക്കും തൊടുവിച്ചു.
മാറി നിന്നു ചമേലിയെ നോക്കിയ അവൾക്ക് ആ കടയിലിരുന്നതിനേക്കാൾ സൗന്ദര്യം തന്റെ വിലകുറഞ്ഞ സാരിയുടുത്തപ്പോഴാണെന്നു തോന്നി.

'മാ  ആജ് മേരി റിസൽട്ട് ആയി ഹേ. ദേഖിയേ ടീച്ചർ നെ മുഛേ യേ സബ് ദിയാ ഹേ'.(ഇന്നെന്റെ റിസൽട്ട് വന്നു. ഇതൊക്കെ ടീച്ചറെനിയ്ക്കു തന്നതാ)
കുറേ പേനയും നോട്ടുബുക്കുകളും കാണിച്ചവൾ പറഞ്ഞു.

രുപാലി ഏറെക്കാലത്തിനു ശേഷം വല്ലാതെ സന്തോഷിച്ചു.മക്കളെ ചേർത്തു പിടിച്ചു ബാബയോട് സന്തോഷം പങ്കുവെയ്ക്കാനിറങ്ങിയ അവൾ കണ്ടു, രാവിലെ പല വഴിക്കു പിരിഞ്ഞു പോയ പറവകൾ ഒരുമിച്ചു കൂടണയാൻ പറക്കുന്ന കാഴ്ച.

ബാബയുടെ റേഡിയോ അപ്പോഴും പാടി
  "കുച്ഛ് തോ ലോഗ് കഹേം ഗേ
ലോഗോം കാ കാം ഹെ കെഹനാ"
                     *********
ഇതെഴുതി നിർത്തുമ്പോൾ എന്തുകൊണ്ടോ  മനുസ്മൃതിയിലെ വരികളാണ് എന്റെ മനസ്സിലേക്കെത്തിയത്.
"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ"

                            **********

സരിത സുനിൽ✍️













No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot