നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മടക്കയാത്ര (കഥ)

ഫാനിൻ്റെ ശബ്ദം നിലച്ചപ്പോഴാണ് ഉണർന്നത്.അത് കൂടി  നിന്നപ്പോൾ മുറിയിൽ ഇപ്പോൾ വല്ലാത്ത നിശബ്ദത തോന്നി.
കറണ്ട് പോയതാണ്. അവൾക്ക് തോന്നി 
അവൾ മുകളിലേയ്ക്ക് നോക്കി തന്നെ കിടന്നു. ഫാൻ തൻ്റെ ജോലി തീർന്നതിൻ്റെ അവസാന നിമിഷത്തിലേയ്ക്ക് അടുക്കുന്നു.
ജനൽ വഴി മുറിയിലേയ്ക്ക് കടന്ന പ്രകാശത്തിൽ ഫാൻ വലത് വശത്തെ ഭിത്തിയിൽ ഒരു നിഴലായി ചലനമറ്റ് നിൽക്കുന്നു. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഫാൻ തൻ്റെ ജീവിതത്തിൻ്റെ ഭാഗമായി തീർന്നിരിക്കുന്നു എന്ന്  തിരിച്ചറിഞ്ഞത് ആ ശബ്ദം നിലച്ചപ്പോഴാണ്.
കാരണം തലമുറകൾ മറികടന്ന് വന്ന ആ ഫാനിൻ്റെ ശബ്ദം വർണ്ണനാധിതമായിരുന്നു.
എഴുന്നേൽക്കണമോ,
വേണ്ടായോ എന്ന ഒരു ചിന്തയിലായിരുന്നു അവൾ. എഴുന്നേറ്റിട്ടും പ്രത്യേകിച്ച് കാര്യമില്ലെന്ന് അവൾക്കറിയാം.
തൊട്ടടുത്തെ തടികൊണ്ട് നിർമ്മിച്ച മേശയുടെ മുകളിൽ ചാർജ് ഇട്ടിരുന്ന മൊബൈലിലേയ്ക്ക് സമയം നോക്കി.അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.
മൊബൈലിലെ മിസ് കോൾ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.അമ്മ വിളിച്ചിരിക്കുന്നു. ശബ്ദം കുറച്ച് വച്ചിരുന്നത് കൊണ്ടാണ് കേൾക്കാതിരുന്നത്.
ഈ അമ്മയുടെ ഒരു കാര്യം.
രാവിലെ വിളിച്ച് സംസാരിച്ചതാണ്.
വീണ്ടും വിളിച്ചിരിക്കുന്നു.
അതു കൊണ്ട് തന്നെ തിരിച്ച് വിളിക്കണമെന്ന് തോന്നിയില്ല.
അല്ലെങ്കിൽ തന്നെ ഒരു മുറിയിൽ അടച്ചിരിക്കുന്ന എനിക്ക് എന്താണ് പുതുതായി പറയാൻ ?എന്തായാലും
അവൾ കട്ടിലിൽ നിന്ന് പതിയെ എഴുന്നേറ്റു.
നേരം വൈകിട്ടോട് അടുക്കുന്നു എന്ന് മനസിലായി.
പുറത്തെ തെരുവിൽ വിളക്കുകൾ തെളിഞ്ഞ് തുടങ്ങിയിരിക്കുന്നത് ജനലിൽ കൂടി കാണാം.
നഗരത്തിന് പുറത്തായത് കൊണ്ട് തന്നെ അധികം തിരക്ക് കാണില്ലെന്നറിയാവുന്നത് കൊണ്ടാണ് ഇവിടെ തന്നെ  മുറിയെടുത്തത്.അപ്പോഴാണ് അപ്രതിക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
കുറെ വർഷങ്ങൾക്ക് മുമ്പ് അച്ഛനോടൊപ്പം വന്നപ്പോഴും ഇവിടെയായിരുന്നു താമസിച്ചിരുത്.
അച്ഛൻ ഇവിടെ ജോലി ചെയ്തിരുന്ന കാലം മുതലുള്ള അടുപ്പമാണ്,
ഈ തിരക്ക് കുറഞ്ഞ തെരുവിനോടും,
ഈ കെട്ടിടത്തോടുമുള്ളത്.
അച്ഛൻ്റെ പഴയ ഒരു ചങ്ങാതിയാണ് ഇതിൻ്റ ഉടമ.
കെട്ടിടം എന്ന് പറഞ്ഞാൽ വലിയ ഫ്ലാറ്റൊന്നുമല്ല.
താഴത്തെ നിലയും,മുകളിലത്തെ ഒരു നിലയും മാത്രം.
മൺചുവരുകളും കുറെ തടികളും കൊണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് എന്നോ നിർമ്മിച്ചവ.
ഒരു പക്ഷെ ബംഗാൾ നവാബുമാരുടെ കാലത്തുള്ളത്.
അല്ലെങ്കിൽ ബ്രിട്ടീഷുകാരുടെത്.
തടികളിലെ ചിത്രപ്പണികളെല്ലാം കാലപ്പഴക്കത്തിൽ മറഞ്ഞു കൊണ്ടിരിക്കുന്നു.
ജനലിലും,വാതിലുകളിലും,
ചുമരുകളിലുമെല്ലാം ഏതൊക്കെയോ കാലത്തെ എന്തൊക്കെയോ കൊത്തുപണികൾ അവ്യക്തമായി കാണാം.
താഴെ കുറെ പഴയ കടകളാണ്.
മുകളിൽ സ്ഥിരമായി ചില ആളുകൾ താമസിക്കുന്ന നാലഞ്ച് മുറികളും.അവരൊക്കെ റയിൽവേ ജീവനക്കാരും.
ഉടമസ്ഥൻ ഇവിടെ ഒരു ചെറിയ മുറി എപ്പോഴും ഒഴിച്ചിട്ടിരിക്കും.
അതാണ് എനിക്ക് കിട്ടിയത്.
രമേശ് ആണ് എല്ലാം ശരിയാക്കി തന്നത്.
രമേശ് ഇവിടെ നിന്ന് കുറച്ചകലെയായി താമസിക്കുന്ന  മലയാളിയാണ്.
ഭാര്യയും ഒരു മകളുമാണ് ഒപ്പമുള്ളത്.ഒരു ചെറിയ ഇടുങ്ങിയ മുറിയിലാണ് അവരുടെ താമസം. അവിടെ താമസിക്കാൻ അവർ  നിർബന്ധിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പാവങ്ങൾ അല്ലാതെ തന്നെ കുറെയേറെ സഹായിക്കുന്നുണ്ട്.
ഇനി ആ ഒറ്റമുറി വീട്ടിൽ അവരോടൊപ്പം ഇടുങ്ങി....
അത് വേണ്ട.രണ്ട് തലമുറകളായി  അവർ ഇവിടെ താമസിക്കുന്നവരാണ്.
അച്ഛനൊടൊപ്പം റെയിൽവേയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു രമേശിൻ്റെ അച്ഛനും.രമേശൻ ഒരു ബംഗാളി പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്.അതോടെ രമേശനും ഈ നഗരത്തിൻ്റെ ഭാഗമായി മാറുകയായിരുന്നു.
ഒരു തരത്തിൽ ഇങ്ങനെ വിവാഹം കഴിക്കുന്നവരുടെ അവസ്ഥയെല്ലാം ഇത് തന്നെയാണ്.
പയ്യെ പയ്യെ നാടുമായുള്ള ബന്ധം അവസാനിക്കുകയാണ്.
അപ്രതീക്ഷിതമായ ഒരു പറിച്ച് നടൽ എന്ന് വേണമെങ്കിൽ പറയാം. ഇപ്പോൾ നാട്ടിൽ രമേശന് പറയത്തക്ക ആരും തന്നെയില്ല.
വരവ് പോക്കുകളില്ല.
ആകെയുള്ളത് ഞങ്ങളുടെ കുടുംബവുമായുള്ള സൗഹ്യദം മാത്രം.
അങ്ങനെ എത്രയോ മലയാളികൾ കേരളത്തിന് പുറത്ത് ജീവിക്കുന്നുണ്ടാകാം.
അവരെല്ലാം ഇപ്പോൾ ജീവിക്കുന്ന നഗരത്തിൻ്റെ ഭാഗമാണ്.
നാട്ടിലേയ്ക്ക് ഇനിയൊരു തിരിച്ച് പോക്ക് പലർക്കുമുണ്ടാകില്ല. ഒരിക്കലും...,
പോയാലും ആരുണ്ടാകും നാട്ടിൽ അവർക്ക് ?
ഏതെങ്കിലും അകന ബന്ധുക്കൾ മാത്രം.ചിലർക്ക് ഉണ്ടായാലായി ഇല്ലെങ്കിലായി.
തെരുവ് പതിയെ ഇരുളിലേയ്ക്ക് വഴുതി വീഴുന്നു.ദൂരെയായി  കാഴ്ച്ചയിലുള്ളതെല്ലാം ഇരുൾ സ്വന്തമാക്കുന്നു.
മങ്ങിയ വെട്ടത്തിലൊതുങ്ങി ഒരു നിഴൽ പോലെ ഭൂമി ഇരുളിലേയ്ക്ക് ഊളിയിടുകയാണ്.
ഇനി ഇരുളിൻ്റെ സ്വന്തമാണ് ഭൂമിയും,ഈ തെരുവുമെല്ലാം.
തിരക്കുള്ളതല്ലെങ്കിലും ഒരോ തെരുവിൻ്റെയും അപ്രതീക്ഷിത നിശബ്ദത മനുഷ്യരെ വല്ലാതെ  ഭയപ്പെടുത്തും.
ആ ഭയപ്പെടുത്തൽ മനുഷ്യർക്ക്  ഒറ്റപ്പെടലായി അനുഭവപ്പെടും.
വാതിലിൽ ആരോ മുട്ടുന്നു.
ആരായിരിക്കും....?
രമേശ് ആയിരിക്കുമോ ?
നിശബ്ദതയിലെ ഒരു ചെറിയ ശബ്ദം പോലും അലർച്ച പോലെ ഭയപ്പെടുത്തുന്നതാണ്.
അത് വല്ലാതെ  അസ്വസ്ഥപ്പെടുത്തുന്നതാണ്.
ജനൽ പടികളിൽ നിന്ന് പിടിവിട്ട്
ചെന്ന് കതക് മെല്ലെ തുറന്നു.
എന്നും വരുന്ന ഒരു തമിഴ് പയ്യനാണ്.
ശാപ്പാട് !
ആ പയ്യൻ രാത്രിയിലേയ്ക്കുള്ള ആഹാരവുമായി വന്നതാണ്.
അവൻ്റെ കൈയ്യിൽ നിന്ന് പാത്രങ്ങൾ വാങ്ങി.
പഴ്സിൽ നിന്ന് ആ പയ്യന് എന്തെങ്കിലും കൊടുക്കാൻ എടുക്കും മുമ്പ്
അവൻ തിരികെ ഒരോട്ടമായിരുന്നു.
തടികൊണ്ട് പണിത താഴേയ്ക്കുള്ള പടികൾ വഴി അവൻ ഓട്ടുന്ന
ശബ്ദം മുഴങ്ങി കേൾക്കുന്നു.
തൊട്ടടുത്ത് തമിഴ് ഹോട്ടൽ നടത്തുന്നവരാണ് അഹാരം കൊടുത്തയച്ചത്.
ഹോട്ടലുകൾ ഇല്ലാത്തത് കൊണ്ട് ഹോട്ടലുകാർ വീട്ടിൽ പാചകം ചെയ്ത് കൊടുത്ത് വിട്ടതാണ്.
ഇവിടെ മലയാളികളുടെ ഹോട്ടലുകൾ കുറവാണ്.
ഇല്ല എന്ന് തന്നെ പറയാം.
പിന്നെ ആകെ അറിയാവുന്നത്
ഈ തമിഴ് ബ്രാഹ്മണരുടെ ഹോട്ടലാണ്. അവിടെ നിന്ന് രമേശാണ് എല്ലാ ഏർപ്പാടുകളും ചെയ്തത്.
മൊബൈൽ ഫോണിൻ്റ ബല്ല് കേട്ടാണ്  തിരിഞ്ഞ് നോക്കിയത്.
അമ്മയായിരിക്കും,അവൾ മനസിൽ പറഞ്ഞു.
പാത്രങ്ങൾ മേശമേൽ വച്ചിട്ട് ഫോണെടുത്തു.
അമ്മയല്ല,രമേശാണ്.
ഫോണിൽ എന്തൊക്കെയോ അവൻ പറഞ്ഞു കൊണ്ടേയിരുന്നു.എല്ലാം സഹായ അഭ്യർത്ഥനകളായിരുന്നു.
എന്തെങ്കിലും കുറവുകളുണ്ടോ എന്നുള്ള ചോദ്യങ്ങളായിരുന്നു.
നാട്ടിൽ നിന്നെത്തിയ ഞാൻ ഒറ്റയ്ക്കാണെന്ന ഭയമാണ് അവന്.
വേണ്ടാ വേണ്ടാ എന്ന് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.
രമേശ് ഭാര്യയെ കൂട്ടിനായി ഇവിടെ  കൊണ്ടാക്കാമെന്ന് പറഞ്ഞതാണ്.
ദിവസങ്ങൾക്ക് മുമ്പേ ഞാനത് നിരുസാഹപ്പെടുത്തിയതാണ്.
അവർ അവരുടെ ജീവിതം,
അതങ്ങനെ പോകട്ടെ.
ഒന്നിനും തടസം വേണ്ടാ എന്ന് ആദ്യമെ തീരുമാനിച്ചതാണ്.
അതുകൊണ്ടാണ് വീണ്ടും വേണ്ടാ എന്ന് പറയേണ്ടി വന്നത്.
ഓരോന്ന് ആലോചിക്കുന്നതിനിടയിൽ കറണ്ട് വന്നത് എപ്പോഴാണെന്ന് പോലും ഓർമ്മയില്ല.ഫാനിൻ്റെ കട കട ശബ്ദവും ശ്രദ്ധിച്ചില്ല.
എല്ലാം എപ്പഴോ ഓർമ്മകൾക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു.
എപ്പോഴാണ് ഇവിടെ നിന്ന് പോകാൻ സാധിക്കുന്നത് ?
എന്നാണ് 'ലോക്ക് ഡൗൺ' മാറി
വാഹന ഗതാഗതം ആരംഭിക്കുന്നത്?
ഫ്ലൈറ്റ് സർവീസ് തുടങ്ങുന്നത്.
ഒന്നിനും ഒരു നിശ്ചയവുമില്ല.
എല്ലാവരും ഇപ്പോൾ നിൽക്കുന്നിടത്ത് തന്നെ നിൽക്കണമത്രെ !
പറയുന്നവർ ജനങ്ങൾക്ക് വേണ്ടിയാവാം പറയുന്നത്.
'പക്ഷെ എന്നെപ്പോലെ അപരിചിതമായ നഗരത്തിൽ ഒറ്റപ്പെട്ടു പോയവർ എത്രായിരങ്ങൾ കാണുമായിരിക്കും ?
സ്ത്രീകൾ ഒറ്റയ്ക്കാണെങ്കിൽ അവരുടെ സുരക്ഷിതത്വം എങ്ങനെയായിരിക്കും ?
എപ്പോഴായിരിക്കും തിരിച്ച് പോകാനാവുക ?
ഒന്നിനും ഒരെത്തും പിടിയും കിട്ടുന്നില്ല.'
ഈ നഗരം എനിക്ക് അന്യമല്ല.
ഭാഷയും അന്യമല്ല.
വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും പലരെയും ഇപ്പോഴും തിരിച്ചറിയാൻ കഴിയും.
അച്ചന് സ്ഥലം മാറ്റം ഇവിടെ നിന്ന് കേരളത്തിലേയ്ക്കായിരുന്നു.
അതിന് മുമ്പുണ്ടായിരുന്ന എൻ്റെ കുട്ടിക്കാലവും,ഹൈസ്ക്കൂൾ വിദ്യാഭ്യാസവും ഈ കൊൽക്കത്താ നഗരത്തിലായിരുന്നു.തിരികെ കേരളത്തിലേയ്ക്ക്,
സ്ഥലം മാറ്റത്തോടെ ഈ നാടും, നഗരവും അന്യമായിത്തീരുകയായിരുന്നു.
പക്ഷെ,കേരളം എനിക്ക് പുതിയ അനുഭവങ്ങളും,
പുതിയ പാoങ്ങളുമായിരുന്നു.
പലതിനോടും പൊരുത്തപ്പെടാൻ തന്നെ കുറെ കാലമെടുത്തു.
ബംഗാളും,കേരളവും തമ്മിൽ ഒരു രീതിയിലും യാതൊരു സാദൃശ്യവുമില്ലാത്ത രണ്ട് നാടുകൾ.
ഭാഷ,സംസ്ക്കാരം, വസ്ത്രധാരണം,ജീവിതരീതി, മനുഷ്യർ എല്ലാം വ്യത്യസ്ഥമായ രീതി. വ്യത്യസ്ഥമായ സാഹചര്യങ്ങൾ..,
ഇപ്പോൾ എല്ലാം മാറി,
രണ്ട് നാടുകളോടും പൊരുത്തപ്പെട്ട് കഴിഞ്ഞു,
'ഒന്ന് എനിക്ക് ജൻമം തന്ന്
എന്നെ വളർത്തിയ നഗരവും,
മറ്റൊന്ന്
ഇനി ജീവിക്കേണ്ട നാടും.'
അച്ഛൻ്റെ മരണത്തോടെയാണ് ഒറ്റപ്പെട്ടത്.
ഏകാന്തത എന്നത് എന്തെന് അറിഞ്ഞത്. വല്ലാത്ത ഒരവസ്ഥയിലേയ്ക്ക് പെട്ടെന്ന് മാറിയത്.
തളർന്ന് പോയ അമ്മയ്ക്ക് മുമ്പിൽ ആ കൈ പിടിച്ച് നിൽക്കേണ്ട ബാധ്യത കൂടി എനിക്കായി.
ഒരു സ്കൂട്ടർ അപകമായിരുന്നു.
കൊൽക്കത്തയുടെ നിരക്കുകളിലൂടെ എത്രയോ കാലം വാഹനം ഓടിച്ച് പോയിരിക്കുന്നു. യാതൊന്നും സംഭവിച്ചിട്ടില്ല.
പക്ഷെ,നമ്മുടെ നാട്ടിൽ ?
എന്ത് സുരക്ഷിതത്തമാണ് കേരളത്തിലെ റോഡുകളിൽ നമുക്കുള്ളത് എന്ന് തോന്നിപ്പോകുന്നു.
ഒരു പക്ഷെ വിധി അതായിരിക്കാം.
അല്ലെങ്കിൽ ഈ നഗരത്തിലേയ്ക്ക് വീണ്ടും വരേണ്ടി വരില്ലല്ലോ ?
അച്ഛൻ്റെ മരണത്തോടെ വയ്യാത്ത അമ്മ ഉൾപ്പടെയുള്ള എല്ലാ ഭാരങ്ങളും തൻ്റെ തലയിലേയ്ക്ക്
വരുമായിരുന്നോ ?
ഒടുവിൽ ഇപ്പോൾ അച്ഛൻ്റെ ജോലിയും,
അച്ഛൻ ജോലി ഇവിടെ നിന്നാണ് ആരംഭിച്ചത്.
അതു കൊണ്ട് തന്നെ ഈ കൊൽക്കത്തയിൽ എനിക്കും ജോയിൻ ചെയ്യേണ്ടി വന്നത്.
ഒടുവിൽ അവധി അപേക്ഷയും,
തമിഴ് നാട്ടിലേയ്ക്ക് മാറ്റം തരാമെന്ന ഉദ്യോഗസ്ഥരുടെ ഒരു വാക്കും.എന്നെ വളർത്തിയ നാട് കൂടി ആയതിനാൽ ഒറ്റയ്ക്ക് പോരാൻ ഭയം തോന്നിയിരുന്നില്ല.
അല്ലെങ്കിൽ തന്നെ എന്തിന് ഭയക്കണം ?
ആരെ ഭയക്കണം ?
ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്ത്. എവിടെ ആയാലും ഇനിയുള്ള കാലം ഒറ്റയ്ക്ക്.
ഇനിയൊരു യാത്രയില്ലെന്ന് അമ്മ തീർത്ത് പറഞ്ഞു കഴിഞ്ഞു.
അച്ഛനെ അടക്കിയ സ്ഥലത്ത് വിളക്ക് വയ്ക്കണം.
എവിടെ ആയാലും ഇനി ഞാൻ ഒറ്റയ്ക്ക്. എൻ്റെ സുരക്ഷിതത്തം ഇനി എൻ്റെ ചുമലിൽ മാത്രം.
ഇരുളിലെ നിശബ്ദതയെ കീറി മുറിച്ച് വീണ്ടും മൊബൈൽറിംഗ് മുഴങ്ങി.മേശ മേൽ നിന്ന് കൈ കൊണ്ട് ഫോണെടുക്കുമ്പോൾ ഒരു   ചെറിയ വിറയൽ ഇല്ലാതിരുന്നില്ല.
'ആരായിരിക്കും ഈ രാത്രിയിൽ ?
ഫോണെടുത്ത് നോക്കിയപ്പോൾ അമ്മയാണ്.
'ഹലോ അമ്മ...?'
അമ്മയല്ല,
ഞാനാണ് മായേച്ചി,..,
നാട്ടിലെ അകന്ന ബന്ധത്തിലുള്ള ഒരു അനിയത്തിയാണ്.
ഞാൻ ഇവിടേയ്ക്ക് പോരുന്നപ്പോൾ അമ്മയ്ക്ക് കൂട്ട് കിടക്കാൻ വന്നതാണ്.
എന്താ മോളെ...?
അമ്മ....യ്...ക്ക്...?
ഒന്നൂല്ലേച്ചി...,
അമ്മ ഇവിടെ കിടക്കുന്നു.
ഞാൻ ഉച്ചയ്ക്ക് വിളിച്ചിരുന്നു.
മായേച്ചി ഫോൺ എടുത്തില്ല.
വിളിച്ചത് പിന്നെ...
'ലോക്ക് ഡൗൺ' വീണ്ടും നീട്ടിയെന്ന് പറയാനാണ്. പത്തിരുപത് ദിവസം കൂടി നീട്ടിയെന്ന് ടിവിയിൽ പറയുന്നത് കേട്ടു.
ചേച്ചി... ഇനിയിപ്പോ..?
അവളുടെ വാക്കുകൾ മുറിയുന്നത് തിരിച്ചറിഞ്ഞു.
തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല. മറുപടി പറയാൻ
വാക്കുകൾ നഷ്ടപ്പെട്ടതാണോ,
അതൊ വല്ലാത്തൊരു നിർവികാരതയാണോ ?
അറിയാതെ മൊബൈൽ ഫോൺ കട്ട് ചെയ്യാനാണ് തോന്നിയത്.
എന്താണ് തനിക്ക് സംഭവിച്ചത് ?
ശരീരത്തിൻ്റെ മരവിപ്പ് മാത്രം തിരിച്ചറിയാൻ കഴിയുന്നുണ്ട്.
തിരികെ ഒരു യാത്ര ഇനിയെപ്പോൾ ?രണ്ട് ദിവസത്തിനകം പോകാൻ കഴിയുമെന്ന് കരുതിയതാണ്.
അവൾ പറഞ്ഞത് ശരിയാണെങ്കിൽ...,
ഇനിയിപ്പോൾ ..
എൻ്റെ സുരക്ഷിതത്വത്തെ ഓർത്തല്ല.
അല്ലെങ്കിൽ തന്നെ ആരാണ് ഈ ലോകത്ത് സുരക്ഷിതരായുള്ളത് ?
അതു കൊണ്ട് തന്നെ ഒട്ടും ഭയവുമില്ല.
അമ്മയെ ഓർത്താണ്..
അമ്മയെ ഓർത്ത് മാത്രമാണ്.
രക്ത ബന്ധങ്ങളെ ഓർത്ത് വേദനിക്കാത്തവർ ആരുണ്ട് ഈ ലോകത്ത് ?

ഇനി തിരികെ യാത്ര ഇനിയെങ്ങനെ ?
എന്ന് ?
എപ്പോൾ ?
ഈ ലോക്ക് ഡൗൺ കാലത്ത് എന്നെപ്പോലെ
എത്രയോ ഒറ്റപ്പെട്ട് പോയ മനുഷ്യർ സ്വയം ചോദിച്ച് കൊണ്ടേയിരിക്കുന്നുണ്ടാകാം ഈ ചോദ്യം...!!!
അവൾ സ്വയം പിറു പിറുത്തു.
എഴുത്ത് : സഞ്ജയ് നല്ലില
വിലാസം:
സഞ്ജയ് നല്ലില,
ഷീൻ വില്ല,
പുലിയില,
നല്ലില പി.ഒ,
കൊല്ലം 691515
Mob : 9446365363
(കൊല്ലം ജില്ലയിലെ നല്ലില എന്ന ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫിയാണ് എൻ്റെ  തൊഴിൽ. യാത്രയും, ഫോട്ടോയും, എഴുത്തുമാണ് ഇഷ്ടപ്പെട്ട മേഖല.
നവമാധ്യമങ്ങളാണ് എൻ്റെ കൂടുതലും എഴുത്തിന്റെ മേഖല)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot