നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എൻ്റെ കഥയിലെ നായകൻ (അനുഭവ കഥ )

പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടു പഠിക്കാൻ ചേർന്നതും എൻ്റെ പ്രിയപ്പെട്ട
കളമശ്ശേരി ഗവൺമെന്റ് സ്കൂളിൽ തന്നെ ആയിരുന്നു . അഡ്മിഷൻ കിട്ടാൻ വൈകിയ
ഞാൻ അവിടെ എത്തുന്നത് ക്ലാസ് തുടങ്ങി ഏകദേശം ഒരു മാസം കഴിഞ്ഞാണ്...
പത്താം ക്ലാസ് വരെ ഫ്രണ്ട് ബെഞ്ചർ ആയിരുന്ന ഞാൻ അന്ന് മുതൽ ബാക്ബെ
ഞ്ചിലേക്ക് പിൻ തള്ളപ്പെട്ടു. അത് വരെ തരക്കേടില്ലാത്ത പഠിപ്പി ആയ ഞാൻ
മാരക പടുത്തക്കാരുടെ ഇടയിലേക്ക് ആണ് ചെന്ന് പെട്ടത്. എന്തോ എനിക്ക്
അവരുടെ കൂടെ പിടിച്ച് നിൽക്കാൻ പ്രയാസമായിരുന്നു. എന്നിരുന്നാലും കൂടെ
കിട്ടിയത്
നല്ല കട്ടക്കുള്ള ചങ്കുകളും, ചങ്കത്തിമാരും .. ബാക് ബെഞ്ചിന്റെ സുഖം
അനുഭവിച്ചപ്പോളാണ് അതിലും വല്യ സുഖം വേറെ ഇല്ലെന്ന്
തിരിച്ചറിയുന്നത്.... ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ !!!!.....

ഞാൻ ഇന്നിവിടെ നിങ്ങൾക് മുന്നിൽ പങ്ക് വെക്കാൻ പോകുന്നത്, ആ ദിവസങ്ങളിലെ
ഒരു യുവജനോത്സവ ഓർമകളാണ്. രണ്ടായിരത്തിയഞ്ച് യുവജനോത്സവ കാലം.
സ്കൂളിൽ എല്ലാവരും ഒരോരോ മൽസരങ്ങൾക്കായി പേര് കൊടുക്കുന്നു , ചിത്ര
രജനക്കായും , പാട്ടിനും, കഥക്കും, കവിതക്കും, അങ്ങനെ വിവിധങ്ങളായ
മത്സരങ്ങൾക്കായ് ഒരുങ്ങുന്നു. കൂട്ടത്തിലെ പെൺപുലികൾ ഡാന്സിലാണ് ശ്രദ്ധ
കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രിയ ചങ്ങാതി ജിത്തേട്ടൻ , പിന്നെ പറയേണ്ട
കാര്യമില്ലാലോ .. അവൻ വരയിലും ചിത്ര രചനയിലും മിടുക്കൻ അല്ലേ !!

പ്റാക്റ്റീസ് എന്ന പേരിൽ ഞാനും ഗാങ്ങും ചുമ്മാ പൂന്തോപ്പുകളിൽ കറങ്ങി
നടന്ന് തേൻ നുണയുന്നു. അങ്ങനെ ഒരു ഉച്ച സമയത്ത് ഞങ്ങൾ വെറുതെ പഴയ ഒരു
ഒഴിഞ്ഞ ക്ലാസ് റൂമിൽ ചെന്ന് നോക്കുമ്പോൾ, അതാ ഞങ്ങളുടെ ക്ലാസ്സിലെ
പഠിപ്പിസ്റ്റ് ഫ്രണ്ട് ബെഞ്ചേഴ്സ്, ബഹുമാനപെട്ട കലാകാരനായ ശരത്തിൻ്റെ
നേതൃത്വത്തിൽ ഒരു നാടകം അഭ്യസിക്കുന്നു. അവൻ വായിച്ച പഴയ ഒരു നാടകമാണ്.
"ഉയർത്തെഴുന്നേൽപ്" എന്നാണ് നാടകത്തിന്റെ പേര് എന്നാണ് എന്റെ ഓർമ്മ.
എന്തോ അഭിനയത്തോടും , സിനിമയോടും അടങ്ങാത്ത ഭ്രാന്ത് കൊണ്ട് നടക്കുന്ന
സമയമാണ്. ഇവരുടെ ഈ നാടക കളരി കണ്ടപ്പോൾ സത്യം പറഞ്ഞാൽ മനസ്സിൽ കൊതി
തോന്നി. കാരണം ബാക് ബെഞ്ചേഴ്‌സായ ഞങ്ങളുടെ ഇടയിൽ മറ്റു കലാകാരൻമാർ
ഉണ്ടെങ്കിലും അഭിനയ മോഹം ഉള്ളവർ ഇല്ലെന്നാണ് എനിക്ക്
തോന്നിയിട്ടുള്ളത്..!

ഞാൻ കുറച്ചു സമയം അവിടെ ഇരുന്ന് നമ്മുടെ കൂട്ടുകാരുടെ നാടക കളരി
വീക്ഷിച്ചു. സംവിധായകൻ ശരത് എല്ലാവർക്കും അവരവരുടെ ഭാഗം വായിച്ചു
കേൾപ്പിക്കുന്നു. മറ്റുള്ളവർ അത് കേട്ട് അഭിനയിക്കാൻ ശ്രമിക്കുന്നു.
എന്നാൽ എനിക്ക് അവരുടെ പഠന രീതി തീരേ ഇഷ്ടമായില്ല. തീരെ നിലവാരം ഇല്ലെന്ന
പോലെ തോന്നി. ഞാൻ ശരത്തിൻ്റെ അടുത്ത് ചെന്ന് സ്ക്രിപ്റ്റ് വാങ്ങി
വായിച്ചു. എന്നിട് അവനോട് കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൊറച്ചു നേരം
കഴിഞ്ഞ് ശരത്തിനോട് ഒറ്റ ചോദ്യം,

ശരത്തെ .. ഞാൻ ഈ നാടകം തിട്ടപ്പെടുത്തട്ടെ...!!

അവനിക്ക് പൂർണ്ണ സമ്മതം.

പിന്നീട് നടന്നത്,,,, ഞാൻ ആ കഥയിലെ മുഴുവൻ അഭിനേതാക്കളെയും വെട്ടി
മാറ്റി, പുതിയ കലാകാരന്മാരെ അണി നിരത്തി. ആരാണാ പുതിയ കലാകാരൻമാർ
എന്നല്ലേ.. അതെ അവർ തന്നെ എൻ്റെ സ്വന്തം ബാക് ബെഞ്ചേഴ്സ് ... കാരണം
വേറൊന്നുമല്ല, പഴയ ടീമിന് അത് അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റില്ലെന്നുള്ള
ഒരു തോന്നൽ.... അത് എൻ്റെ മാത്രം തോന്നലാവാം .. പക്ഷെ ആ വേഷങ്ങൾക് ചേർന്ന
ശരീര ഘടനക്കും മറ്റും എൻ്റെ മനസിലേക്ക് ബാക് ബെഞ്ചേഴ്സിനാണ് . അവർക്
കൊറച് ഉയരക്കൂടുതലും ഉണ്ടല്ലോ !!!

അങ്ങനെ നാടക കളരി ആരംഭിച്ചു. ഒരു പഴയ ചൈനീസ് നാടകമാണ്.
ഓരോ കഥാപാത്രങ്ങളും ഞാൻ ഓരോരുത്തർക്കായി വീതിച്ചു നൽകി . ചൈനീസ് രാജാവായി
ഞാൻ , ഒരു അടിമയായി ഹഖീകത്തും . ഈ രണ്ടു കഥാ പത്രങ്ങളാണ് മെയിൻ , പിന്നെ
കുറെ സാത്താന്മാർ , പോലീസുകാർ അങ്ങനെ നിരവധി കഥാപാത്രങ്ങൾ.
അങ്ങനെ നാടകമെല്ലാം അഭിനയിച്ചു പഠിച്ച്, യുവജനോത്സവത്തിൻ്റെ രണ്ടു ദിവസം
മുന്നേ ആണ് ഞങ്ങൾ വസ്ത്രാലങ്കാരത്തെ പറ്റി ചർച്ച ചെയ്യുന്നത്.
ശരത്തിന്റെ കൂടെ അഭിപ്രായത്തോടെ വസ്ത്രങ്ങൾ തീരുമാനിച്ചു . എന്നാൽ അതിനു
കുറച്ച് പൈസ മുടക്കേണ്ടതായിട്ടുണ്ട്. കയ്യിൽ കാശോ, വട്ട പൂജ്യം ..!!
അപ്പോളാണ് നമ്മുടെ സകലകലാ വല്ലഭനായ ജിത്തേട്ടൻ്റെ ഐഡിയകൾ
ഉടലെടുക്കുന്നത് , ഞാൻ അവനോട് വേണ്ട വസ്ത്രത്തിൻ്റെ പൂർണ്ണ രൂപം
വിശദീകരിച്ചു. രാജാവിന്റെ കിരീടം, വസ്ത്രം, ദണ്ഡ് , ഒരു തലയോട്ടി,
അടിമയുടെ വസ്ത്രം, സാത്താൻമാരുടെ വിരൂപ രൂപം അങ്ങനെ തുടങ്ങി എല്ലാം ..
ജിത്തേട്ടനും ഹരമായി , രാജാവിൻ്റെ കിരീടവും, ദണ്ഡും അവൻ നിർമ്മിച്ചു .
അടിമക്കുള്ള വസ്ത്രം അവൻ ഒരു പഴയ ചാക്കിൽ തിട്ടപ്പെടുത്തി. തലയോട്ടിയോ ,
വെറും ഒരു പച്ച കപ്പങ്ങയിൽ .. അങ്ങനെ വലിയ ചിലവില്ലാതെ ഞങ്ങളുടെ .. അല്ല
ശരത്തിൻ്റെ സ്വപ്ന നാടകം അരങ്ങേറി. വേദിയിൽ എല്ലാവരും അവരവരുടെ
കഥാപാത്രങ്ങൾ മികവുറ്റതാക്കി..

ഹോ വിധിയുടെ ദൈവമേ...."എളങ്കച്ച എനക്കു കുശാചുമി..."

ഓരോ സംഭാഷണങ്ങളും, രംഗങ്ങളും മനസ്സിൽ നിറഞ്ഞു വന്നു . അങ്ങനെ നാടകത്തിൻ്റെ
അന്ത്യം സദസിൽ നിറഞ്ഞ കയ്യടി... മനസ് നിറഞ്ഞു ,,,,,,.... ഞാൻ ഇന്നും
വിശ്വസിക്കുന്നു , എൻ്റെ അല്ലായിരുന്നിട്ടും യാദ്രിശ്ചികമായി
അങ്ങനെ ഒരു നാടക കളരി കാണുവാനും, അത് തിട്ടപ്പെടുത്തി അവതരിപ്പിക്കുവാനും
സാധിച്ചത്, ഉടയ തമ്പുരാൻ എനിക്ക് തന്ന ഒരു വല്യ ഭാഗ്യമാണ് ..!! ഇങ്ങനെ
ഒരവസരം കിട്ടാൻ കാരണക്കാരാനായ ശരത്തിന് മനസ്സ് നിറഞ്ഞുള്ള നന്ദി. ആ
നാടകം മത്സര ഇനത്തിൽ അല്ലായിരുന്നതിനാൽ അതിനു കപ്പ് ഒന്നും
കിട്ടിയില്ല... പക്ഷെ അത് എനിക്ക് തന്ന അനുഭൂതി.. അത് അത്ര
വലുതായിരുന്നു. അഭിനയം എന്ന മോഹം എപ്പോളും മനസിയിൽ ഉണ്ട്. എന്നാൽ
അതിനായി ഞാൻ ഇത് വരെ പരിശ്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

കുറേ നാളുകൾക് ശേഷം അങ്ങനെ യാദൃശ്ചികമായി തന്നെ ഒരു സിനിമയിൽ ഒരു വേഷം
ചെയ്യാനുള്ള ഭാഗ്യവും കിട്ടി. വേഷം എന്ന് പറഞ്ഞാൽ സംഭാഷണമോ വലിയ സീനോ
ഒന്നും ഇല്ല. ഒരാളെ ബസിൽ കയറ്റി വിടുന്ന രംഗം. അതെ എല്ലാവരും ഇപ്പൊ
ചിന്തിക്കുന്നുണ്ടാവാം ഹോ ..തള്ളൽ...
അങ്ങനെ ഒരു സിനിമയോ.. അത് ഏത്.. അതെ നമ്മുടെ ദുൽക്കർ സൽമാൻ അഭിനയിച്ച
കമ്മട്ടിപ്പാടം...
കല്യാണമൊക്കെ കഴിഞ്ഞ സമയമാണ്. ഒരിക്കൽ കൊച്ചിയിലെ കാക്കനാട് NGO
കോർട്ടേഴ്സിൽ രാത്രി പത്തു മണി സമയം , ഞാൻ ഒരു സ്ഥലം വരെ
പോയി തിരികെ വീട്ടിലേക്ക് പോകും വഴി വലിയ ആൾക്കൂട്ടം. നോക്കിയപ്പോൾ
ഷൂട്ടിംഗ് ആണ്. അത് കണ്ടിട്ട് പോവാൻ തോന്നിയില്ല . ഞാൻ വണ്ടി പയ്യെ സൈഡ്
ആക്കി ആൾക്കൂട്ടത്തിൽ പോയി നിന്നു . ഷൂട്ട് ചെയ്യുന്ന സീനിൽ അഭിനയിക്കാൻ
പറ്റിയ ആളെ തപ്പി ഒരു കൺട്രോളർ ചേച്ചി അവിടെ കറങ്ങി നടക്കുന്നു. അവർക്
ആണെങ്കിൽ ഷൂസ് ധരിച്ച ഒരാളെ വേണം . ഞാൻ എൻ്റെ കാലിലേക് നോക്കി. അതെ ..
ഞാൻ ഷൂസ് ആണ്‌ ഇട്ടിരിക്കുന്നത്. എന്നിൽ ഉറങ്ങി കിടന്ന ആ പഴയ അഭിനയ
ഭ്രാന്തൻ ഉണർന്നു . വേറൊന്നും ചിന്തിച്ചില്ല, അങ്ങോട് ഇടിച്ച് കയറി
ചെന്ന് ഞാൻ എൻ്റെ ഷൂസ് കാണിച്ചു. പുള്ളിക്കാരി ഫ്ലാറ്റ് ... അങ്ങനെ
അരമണിക്കൂറിൽ വീട്ടിൽ എത്തേണ്ട ഞാൻ ചെന്ന് കേറിയത് , പാതിരാവിൽ ഒരു
മണിക്ക് .. ഭാര്യയുമായി ചെറിയ സൗന്ദര്യ പിണക്കം വന്നു... എന്നാലെന്താ
ദുൽഖറിൻ്റെ കൂടെ അല്ലേ സിനിമയിൽ അഭിനയിച്ചത് .. പിണക്കമൊക്കെ അപ്പോ തന്നെ
മാറി കേട്ടോ... അങ്ങനെ ആ നേരവും കടന്നു പോയി.!!!

"കമ്മട്ടിപ്പാടം" എന്ന സിനിമ ഇറങ്ങിയപ്പോൾ ഞാൻ ഇവിടെ സൗദി അറേബിയയിലേക്
വീണ്ടും ചേക്കേറിയിരുന്നു. ഒരിക്കൽ എൻ്റെ പ്രിയ ഗൾഫ് സുഹൃത്തുക്കളോട് ഈ
സിനിമയിൽ അഭിനയിച്ച വിവരം അറിയാതെ ഒന്നു പറഞ്ഞു പോയി. പറയണോ പൂരം.. സിനിമ
ഇൻറർനെറ്റിൽ വന്ന അന്ന് തന്നെ അവന്മാർ ഡൌൺലോഡ് ചെയ്തു. എല്ലാവരും എൻ്റെ
തള്ളിൻ്റെ സത്യാവസ്ഥ അറിയുവാൻ വേണ്ടി ചുറ്റും കൂടി നിന്നു . ഓരോ
സീനും ഫോർവേഡ് അടിച്ചടിച്ചു പോയി ... ഇല്ല ഞാൻ ഇല്ല... എന്നെ
കാണുന്നില്ല... എല്ലാവരും എന്നെ കളിയാക്കി ചിരിച്ചു. ബെസ്റ്റ് ആക്ടർ
സിനിമയിലെ മമ്മൂക്കയെ ഷൂട്ടിംഗ് സെറ്റിൽ നിന്നും പറഞ്ഞു വിടുന്ന പോലെ ഒരു രംഗം..

തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് കാക്കേ ...!! കൂട്ടത്തിൽ ആരോ
വിളിച്ചു പറയുന്നുണ്ടായിരുന്നു
.
എൻ്റെ മുഖം ചോര വറ്റിയ പോലെ ആയി... മനസ്സിൽ വല്ലാതെ വിഷമിച്ച്
ഇരിക്കുമ്പോൾ .. പ്രിയ കൂട്ടുകാരൻ ഷെബി ലാപ്ടോപ്പിൻ്റെ മുന്നിൽ ഇരുന്ന്
വിളിച്ച് കൂവി ..
ദേ നമ്മുടെ കാക്ക ,, കമ്മട്ടിപ്പാടത്തിൽ കാക്ക..!!

എൻ്റെ ഉള്ളിൽ ഒരു മിന്നൽ പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറിയ പോലെ ...
ഞാനും ആകാംഷയോടെ ലാപ്‌ടോപ്പിന് മുന്നിൽ ചെന്ന് നോക്കി. അതെ അത് ഞാൻ
തന്നെ.. ഗൾഫിലെ കൂട്ടുകാർക്കിടയിൽ അന്ന് വരെ കാക്ക ആയിരുന്ന ഞാൻ അന്ന്
മുതൽ "കമ്മട്ടിപ്പാടം കാക്ക" ആയി..️

ആ നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച അനുഭൂതി അത് എനിക്ക് വർണ്ണിക്കുവാൻ വാക്കുകളില്ല ..

ഇത് എൻ്റെ മാത്രം അനുഭവം ആയിരിക്കില്ല .. നിങ്ങൾ ഓരോരുത്തരും ജീവിതത്തിൽ
ഇത് പോലെ സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുള്ളവരായിരിക്കും..
ഇത് പോലുള്ള കൊച്ചു കൊച്ചു അനുഭവങ്ങളും സന്തോഷങ്ങളും ഇല്ലാതെ എന്ത്
ജീവിതം ആണ് ഭായ് .. ഞാൻ ഇങ്ങനെ ഒക്കെയാണ് ഭായ്‌ ....

ഇനി നിങ്ങൾ പറയൂ... ആരാണ് ശരിക്കും എൻ്റെ കഥയിലെ നായകൻ ...

നൗഫൽ കളമശ്ശേരി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot