അച്ഛൻ....
നാളെ അയാളുടെ മകൾ മണികുട്ടിയുടെ വിവാഹമാണ്..ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു വെള്ള തുണിയിൽ പൊതിഞ്ഞ കണ്ണ് തുറക്കാത്ത പാവക്കുഞ്ഞിനെ പേരറിയാത്ത ഏതോ നേഴ്‌സ് കൊണ്ടു വന്ന് 'പെൺകുഞ്ഞാണ് കേട്ടോ' എന്ന് പറഞ്ഞ് കൊടുത്തപ്പോൾ ലോകം കീഴടക്കിയവനെ പോലെയായിരുന്നു..അച്ഛന്മാരോട് ഏറ്റവും അടുപ്പം പെൺമക്കൾക്കായിരിക്കും എന്ന് കേട്ടിട്ടുണ്ട്...ഇന്ന് ആ മകളുടെ കല്ല്യാണം പോലും കൂടാൻ ഭാഗ്യമില്ലാതെ അയാൾ തനിച്ചിവിടെ
എന്തായിരുന്നു അയാൾ ചെയ്ത തെറ്റ്?
പ്രാരാബ്ദക്കാരായ അച്ഛൻ്റെയും അമ്മയുടെയും മൂന്നു മക്കളിൽ ഏക ആൺതരിയായ അയാൾ ആ പ്രാരാബ്ദം സ്വയം ഏറ്റെടുത്ത് പത്തൊമ്പതാം വയസ്സിൽ ഒരു പ്രവാസിയായി തീർന്നത്?...നീണ്ട അഞ്ചുവർഷം അച്ഛനെയോ അമ്മയേയോ സഹോദരിമാരെയോ കാണാതെ ആ മണലാരണ്യത്തിൽ കഷ്ടപ്പെട്ടു..സഹോദരിമാരെ മാന്യമായ രീതിയിൽ വിവാഹം ചെയ്ത് അയച്ചപ്പോൾ തനിക്കും ഒരു കൂട്ട് വേണമെന്ന് ആഗ്രഹിച്ചത് അയാളുടെ തെറ്റ്...പതിനൊന്ന് വർഷം സ്വന്തമാണെന്ന് കരുതിയ തൻ്റെ ഭാര്യ മക്കളെയും എടുത്തു കൊണ്ട് മറ്റൊരുവൻ്റെ കൂടെ ഇറങ്ങി പോയപ്പോൾ നിസഹായകനായി നോക്കി നിന്നത് അയാൾ ചെയ്ത മറ്റൊരു തെറ്റ്...കോടതി മുറിയിലെ വാദപ്രതിവാദങ്ങൾക്ക് ഇടയിൽ തൻ്റെ ഭർത്താവ് ഒരു സ്ത്രീലബടനും മദ്യപാനിയും അതിലുപരി തന്നെ ശാരീരികമായി ഉപദ്രവിക്കുന്നവനാണെന്നും കൂടി പറഞ്ഞപ്പോൾ തൻ്റെ മക്കൾക്ക് വേണ്ടി അയാൾ എല്ലാം ക്ഷമിച്ചത് മറ്റൊരു തെറ്റ്.. പെൺമക്കൾ അമ്മയുടെ കൂടെയാണ് സുരക്ഷിതരായി കഴിയുക എന്നു കൂടി അവൾ കോടതിയെ ബോധിപ്പിച്ചപ്പോൾ അത് കോടതി അംഗീകരിച്ചപ്പോൾ അയാൾ ആദ്യമായി പൊട്ടി കരഞ്ഞു.തൻ്റെ മനസ്സിൽ അവളല്ലാതെ വേറൊരു പെണ്ണില്ലെന്നതും വല്ലപ്പോഴും മാത്രം അല്പം മദ്യപിക്കും എന്നുള്ളതും ഒരു നോക്ക് കൊണ്ട് പോലും അയാൾ അവളെ വേദനിപ്പിച്ചിട്ടല്ലെന്ന് അയാൾക്ക് മാത്രം അറിയാവുന്ന സത്യവും..സത്യമറിഞ്ഞ് എന്നെങ്കിലും തൻ്റെ മക്കൾ തന്നെ തേടിവരും എന്നയാൾ കരുതിയത് വലിയ തെറ്റ്..
ഒരിക്കൽ മക്കളെ കാണാൻ അവർ പഠിക്കുന്ന സ്ക്കൂളിൽ ചെന്നപ്പോൾ 'ഇനി അച്ഛൻ ഞങ്ങളെ കാണാൻ വരരുത്... അച്ഛനെ ഞങ്ങൾക്ക് ഇഷ്ടമല്ല'എന്ന് തൻ്റെ മുഖത്ത് നോക്കി അവർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടിപ്പോകുന്ന വേദനയോടെ അയാൾ തളർന്നിരുപോയി...
അച്ഛനുമമ്മയും മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടവനായി തീർന്നു..എന്നോ തന്നെ തേടിവരുമെന്ന് കരുതിയ മക്കൾക്ക് വേണ്ടി മറ്റൊരു വിവാഹം കഴിക്കാതിരുന്ന് അയാളുടെ മാത്രം തെറ്റ്..
അയാൾ ഓരോന്ന് ആലോചിച്ചു ചാരുകസേരയിൽ മലർന്ന് കിടന്ന് ഒന്ന് മയങ്ങിപ്പോയി.. ഏതോ വാഹനം മുറ്റത്ത് വന്ന് നില്ക്കുന്ന ശബ്ദം കേട്ടാണ് അയാൾ ഉറക്കമുണർന്നത്..കാറിൽ നിന്നും ഇറങ്ങി വരുന്നവരെ കണ്ട് അയാളൊന്ന് ഞെട്ടി
'മക്കൾ'
അയാൾ ചാടി മുറ്റത്തിറങ്ങി.. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
'അച്ഛാ'
താൻ ഇത്രയും കാലം കാത്തിരുന്നത് ആർക്ക് വേണ്ടിയാണോ,ആരുടെ ശബ്ദമാണോ കേൾക്കാൻ ആഗ്രഹിച്ചത്...തൻ്റെ പൊന്നുമക്കൾ ഇതാ തൻ്റെ കൺമുമ്പിൽ.. അയാളവരെ ഇരു കൈയാലേയും കൂട്ടിപിടിച്ചു..അയാളുടെ ഇരു തോളുകളും അവരുടെ കണ്ണീര് കൊണ്ട് നനഞ്ഞു..
'അച്ഛാ...മാപ്പ്...എല്ലാത്തിനും'
'മാപ്പോ...എന്തിന് മക്കളെ'അയാളുടെ കണ്ഠം ഇടറിപോയി..
'അറിയില്ലായിരുന്നു അച്ഛാ...ഞങ്ങളുടെ അച്ഛനായിരുന്നു ശരിയെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു..അമ്മ പലതും പറഞ്ഞ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു..ഇന്നലെ ചിറ്റ വീട്ടിൽ വന്നിരുന്നു.. ചിറ്റ വേണ്ടി വന്നു ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനെ മനസ്സിലാക്കാൻ.. അന്ന് സ്ക്കൂളിൽ ഞങ്ങളെ കാണാൻ വന്നപ്പോൾ പട്ടിയേ പോലെ അച്ഛനെ ഞങ്ങൾ ആട്ടി ഇറക്കിയിട്ടുണ്ട്.. അന്ന് അച്ഛനനുഭവിച്ച വേദന എത്രമാത്രം വലുതാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി'
അയാൾ അവരെ തൻ്റെ ഇരു ഭാഗത്തും ചേർത്തു നിർത്തി..
'അച്ഛാ..അച്ഛനിങ്ങനെ ഞങ്ങളെ ചേർത്തു നിറുത്തുമ്പോൾ കിട്ടുന്ന ഈ സുരക്ഷിതത്വം മുമ്പേ ഞങ്ങൾക്ക് കിട്ടേണ്ടതായിരുന്നു...ഞങ്ങൾ തന്നെ അത് നിഷേധിച്ചു അല്ലേ അച്ഛാ'
'മക്കളെ നിങ്ങളുടെ ഓരോ വളർച്ചയും ഞാൻ കാണുന്നുണ്ടായിരുന്നു..നിങ്ങളുടെ അടുത്ത് വന്ന് നെറ്റിയിൽ ഒരുമ്മ തരണമെന്ന് ആഗ്രഹിച്ചിരുന്നു..അച്ഛന് അത് ആഗ്രഹിക്കാനല്ലേ പറ്റു...എല്ലാ അമ്മമാർക്കും പത്ത് മാസം ചുമന്നു പ്രസവിച്ചതിൻ്റെ കണക്ക് പറയാനുണ്ടാവും..പക്ഷെ ഈ അച്ഛൻ എന്ത് കണക്കാ മക്കളെ നിങ്ങളോട് പറയാ...പത്ത് മാസം ഒരമ്മ മക്കളെ ഉദരത്തിൽ ചുമക്കുമ്പോൾ അച്ഛൻ്റെ വിയർപ്പിൻ്റെ ഫലമല്ലേ അവളും മക്കളും ഭക്ഷിക്കുന്നത്..ഒരച്ഛൻ്റെ തണലിലായിരുന്നില്ലേ അവർ വിശ്രമിച്ചത്...അച്ഛനില്ലാതെ പിറവിയെടുക്കുന്ന മക്കളും ഭർത്താവില്ലാതെ പ്രസവിക്കുന അമ്മമാരും ഉണ്ട്..അവരുടെ വേദന അച്ഛൻ കാണാതിരുന്നിട്ടില്ല.. എന്നിട്ട് ഏതെങ്കിലും ഒരച്ഛൻ ആ കണക്കുമായി വന്നിട്ടുണ്ടോ...ഒരച്ഛന്മാർക്കും അങ്ങനെ വരാൻ സാധിക്കില്ല മക്കളെ..'
'അച്ഛാ...രാജീവേട്ടൻ എൻ്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ അതിന് സാക്ഷിയായി എൻ്റെ അച്ഛനവിടെ ഉണ്ടാകണം... അച്ഛൻ വേണം എൻ്റെ കൈപിടിച്ച് രാജീവേട്ടനെ ഏല്പിക്കാൻ'
അയാൾ അനുകമ്പയോടെ,അതിരറ്റ സന്തോഷത്തോടെ തൻ്റെ മക്കളുടെ മുഖത്തേക്ക് നോക്കി
'അച്ഛൻ വരും..ഈ അച്ഛൻ വരും മക്കളെ...എൻ്റെ മകൾ സുമംഗലിയായി പുതിയൊരു ജീവിതം തുടങ്ങുന്നത് കാണാൻ അച്ഛൻ വരും.. അച്ഛൻ തന്നെ നിൻ്റെ കൈപിടിച്ച് നിൻ്റെ ഭർത്താവിനെ ഏല്പിക്കുകയും ചെയ്യും'
"ദീർഘസുമംഗലി ഭവഃ"
മകളെ അനുഗ്രഹിച്ച് വിട്ടയാൾ അവർ കാറിൽ കയറിപോകുന്നതും നോക്കി ആ ചാരുകസേരയിൽ മലർന്ന് കിടന്നു..ഇപ്പോൾ അയാളുടെ മനസ്സ് ശാന്തമാണ്...കുത്തിമറിഞ്ഞ് ചുഴികളും അഗാധ ഗർത്തങ്ങളുമായി ഒഴുകിയിരുന്ന ഒരു നദി ഇപ്പോൾ ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്നു.
ബിജു പെരുംച്ചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക