നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രാന്തൻ (ചെറുകഥ)


കൃഷ്ണന്റെ അമ്പലത്തിൽ രസീതെഴുത്തുകാരനായി ജോലികിട്ടിയിട്ട് ആഴ്ചകളേയായിരുന്നുള്ളു.
അമ്പലനടയിൽ നിന്നും ചിലപ്പോഴൊക്കെ ഒരു നിറത്തിൽ മാത്രമുള്ള  ചെരുപ്പുകൾ അപ്രത്യക്ഷമായിട്ട് അടുത്ത ദിവസം തിരികെയെത്തുന്നുവെന്നറിഞ്ഞപ്പോഴാണ്  അതൊരു കൗതുകമായി തോന്നിയത്.
പൂക്കട നടത്തുന്നയാളോട് അന്വേഷിച്ചപ്പോഴാണ് അതെടുക്കുന്നത് അവിടെ അടുത്തു തന്നെയുള്ളൊരു പയ്യനാണെന്നും അതിനു പിന്നിലൊരു കാരണമുണ്ടെന്നും പറഞ്ഞത്.അതുകേട്ട്  അവിടുണ്ടായിരുന്ന മറ്റു രണ്ടുപേർ പറയുന്നുണ്ടായിരുന്നു.അവനു ഭ്രാന്താ....ഭ്രാന്ത്.
  
പിറ്റേന്ന് അവനെ കാണാനായി പുറത്തേക്കിറങ്ങി ചെന്നപ്പോൾ കണ്ടത്  വൃത്തിയായി വേഷം ധരിച്ച, മുടിയൊക്കെ ഭംഗി യായി ചീകിയൊതുക്കിയ ഇരുപതുവയസ്സോളം പ്രായം വരുന്നൊരു ആൺകുട്ടി.
ഇവനാണോ അവർ പറഞ്ഞ ഭ്രാന്തനെന്നു ചിന്തിച്ചപ്പോഴേക്കും അവൻ ചെരുപ്പുകൾ ഇട്ടിരുന്നിടത്തേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.ചെരുപ്പുകളിലെല്ലാം ഒന്നു പരതി നോക്കിയ ശേഷം അതിൽ നിന്നും ഒന്നുമെടുക്കാതെ അവൻ മടങ്ങിപ്പോയി.
"അവനിന്നു ക്രീം നിറത്തിലുള്ള ചെരുപ്പു കിട്ടിക്കാണില്ല.ദേ വെറും കൈയ്യോടെ മടങ്ങിപ്പോകുന്നു. ഭ്രാന്തൻ ചെക്കൻ".
അവിടെ നിന്ന ആരുടെയോ വാക്കുകൾ അവനെക്കുറിച്ചു കൂടുതലറിയാൻ എന്നെ പ്രേരിപ്പിച്ചു.അങ്ങനെയാണവന്റെ വീട്ടിലെത്തി യത്.കോളിംഗ് ബെല്ലടിച്ചു കുറേ നേരം കാത്തു നിന്നു.ആരും വരാതായപ്പോ തിരികെ പോരാൻ തുടങ്ങിയതായിരുന്നു.അപ്പോഴാണ് വീടിന്റെ പുറകുവശത്തു നിന്നും അവന്റെ അച്ഛനെത്തിയത്.അമ്പലത്തിൽ വച്ചെന്നെ കണ്ടിട്ടുള്ളതിനാൽ പരിചയപ്പെടുത്തലിന്റെ ആവശ്യം വന്നില്ല.തോളിൽ നിന്നും തോർത്തെടുത്ത് നെറ്റിയിലെ വിയർപ്പു തുടച്ച ശേഷം വാതിൽ തുറന്ന അദ്ദേഹം, അകത്തേക്കു  കയറിയിരിക്കാൻ ക്ഷണിച്ചു.
"പറമ്പിൽ കുറച്ചു കൃഷിയുണ്ട്.അതിനു വളമിടുകായിരുന്നു.അപ്പോഴാ ബെല്ലടി ശബ്ദം കേട്ടത്".
അദ്ദേഹത്തോട് എന്താണു ചോദിക്കുകയെന്ന ആശയക്കുഴപ്പം അലട്ടിയതിനാൽ ഞാൻ മറുപടിയൊരു  പുഞ്ചിരിയിലൊതുക്കി.
ചായയെടുക്കാമെന്നു പറഞ്ഞെണീറ്റ അദ്ദേഹത്തെ തടഞ്ഞ്,മകനെവിടെയെന്നു തിരക്കിയപ്പോൾ അവൻ പറമ്പിലുണ്ടെന്നു മറുപടി കിട്ടി.അവനെ കുറിച്ചറിയാനാണെന്റെ വരവെന്നു മനസ്സിയാട്ടാവും...
അവനെ അമ്പലത്തിൽ വച്ചു കണ്ടിരുന്നുവോയെന്ന് മറുചോദ്യം ചോദിച്ചത്.
പറമ്പിൽ നല്ല ചുറുചുറുക്കോടെ മണ്ണുവെട്ടുന്ന അവനെ കാട്ടിത്തന്നപ്പോഴും മനസ്സു ചോദിച്ചു ഇവനോ ഭ്രാന്ത്.
നവീൻ അതാണവന്റെ പേര്.അമ്മയ്ക്കവൻ കുഞ്ഞൂട്ടൻ.അവന് ഒരു വയസ്സുള്ളപ്പോഴാണ് അച്ഛന് ഗൾഫിൽ ജോലികിട്ടിയത്.അച്ഛൻ പോയശേഷം അമ്മമാത്രമായിരുന്നു അവന്റെ ലോകം.സ്ക്കൂളിലാക്കിയപ്പോഴും അമ്മയെ വിളിച്ച് വിതുമ്പുന്നവൻ, ടീച്ചർമാരോട് അമ്മ അമ്മയെന്നുമാത്രം ആവർത്തിച്ചു പറയുന്നവൻ,അമ്മയെത്തിയാൽ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരയും.മറ്റാരോടും കൂട്ടുകൂടാത്ത പ്രകൃതം.മറ്റു കുട്ടികളോടൊപ്പം കളിക്കാൻ പോകുന്നതിനേക്കാൾ അവനിഷ്ടം അമ്മയോടൊപ്പം കളിക്കാനായിരുന്നു.അമ്മ ജോലി ചെയ്യുന്ന സമയത്തും അവൻ തന്റെ കുഞ്ഞു കുഞ്ഞു സംശയങ്ങളുമായി പുറകേ കൂടും.ആ അമ്മയും മകനും അവരുടേതുമാത്രമായ ലോകത്ത് ജീവിച്ചു.ഇടയ്ക്ക് രണ്ടു തവണ അച്ഛനവധിക്കെത്തിയപ്പോഴും അവനടുപ്പം അമ്മയോടുമാത്രമായിരുന്നു.
അവന്റെ എട്ടാം പിറന്നാൾ ദിനത്തിൽ അമ്പലത്തിൽ പോയതായിരുന്നു അമ്മയും മകനും.നടയ്ക്കു പുറത്ത് ചെരിപ്പൂരിയിട്ട് പൂമാലവാങ്ങാനായി തിരിഞ്ഞപ്പോഴാണ് തന്റെ കൈയിൽ പേഴ്സില്ലെന്നകാര്യം അമ്മ ശ്രദ്ധിച്ചത്.റോഡുക്രോസ്സു ചെയ്ത സമയത്ത് വീണുപോയതായിരുന്നു.അവനോട്  അവിടെതന്നെ നിൽക്കാൻ പറഞ്ഞ്  തിരികെ പേഴ്സെടുക്കാൻ പോയ അമ്മയെ പാഞ്ഞു വന്നൊരു കാറു തട്ടിയിട്ടു.ഓടിക്കൂടിയ ആളുകൾ വേഗം തന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും, അമ്മയെ വിളിച്ച് കരഞ്ഞ് നിന്ന കുഞ്ഞിനെ തിരക്കിനിടയിൽ ആരും ശ്രദ്ധിച്ചില്ല.അമ്മയുടെ ചെരിപ്പും കൈയിൽ പിടിച്ച് തിരികെ വീട്ടിലെത്തിയ അവൻ വീട്ടുപടിക്കൽ കരഞ്ഞു തളർന്നു കിടന്നു.വെള്ളപുതപ്പിച്ച അമ്മയുടെ ശരീരം വീടിനകത്തു കിടക്കുമ്പോഴും ആ ചെരിപ്പും നെഞ്ചിൽ ചേർത്തുവച്ച് അവനമ്മയെ അന്വേഷിച്ചു നടന്ന കാഴ്ച.... അദ്ദേഹമതു പറയുമ്പോൾ കേട്ടു നിന്ന എന്റെയുള്ളിൽ പോലും വിങ്ങലായിരുന്നു.
അമ്മയുടെ മരണശേഷം അച്ഛൻ ജോലിയുപേക്ഷിച്ചു .അമ്മയിനിയില്ലെന്ന് എത്രപറഞ്ഞിട്ടും അവനംഗീകരിച്ചില്ല.അച്ഛനോടുപോലും ഒന്നും മിണ്ടാതായി.അമ്മ പേഴ്സുമെടുത്തു തിരികെ വരുമെന്നു തന്നെ അവൻ വിശ്വസിച്ചു.സ്കൂളിലേക്കുപോയാലും എന്തോ ഓർത്ത് ദൂരേക്ക് നോക്കിയിരിക്കും.അമ്മയുടെ ചെരിപ്പ് ഒരു നിധിപോലെ തന്റെ കിടക്കയിൽ വച്ചിരുന്നു.അതാരും എടുക്കുന്നതവനു സഹിക്കില്ല.അവിടുന്നുമാറ്റിയാൽ ഉറക്കെയുറക്കെ കരയും.അവൻ വരക്കുന്ന ചിത്രങ്ങളിലെല്ലാം അവനും അമ്മയും മാത്രമായിരുന്നു.പലവിധ ചികിത്സകളും നടത്തിയത്തിന്റെ ഫലമായിട്ടാകും രണ്ടുമൂന്നു വർഷം കഴിഞ്ഞപ്പോൾ കുഞ്ഞൂട്ടൻ അച്ഛനെ നോക്കി ചിരിച്ചു.പതിയെ സംസാരിച്ചു തുടങ്ങി.അച്ഛൻ സ്വർഗ്ഗം കിട്ടിയപോലെ സന്തോഷിച്ച നാളുകൾ.ആ സമയത്തും അമ്മ മരിച്ചുപോയെന്നു മാത്രം അവനോടു പറയാൻ പാടില്ലായിരുന്നു.പക്ഷേ ബന്ധുക്കളും നാട്ടുകാരും വിധിയെഴുതി അവനു ഭ്രാന്താണെന്ന്.ചില കുട്ടികൾ അമ്മയുടെ പേരു പറഞ്ഞ് അവനെ കളിയാക്കി.അവൻ തിരികെ ഒന്നും പ്രതികരിച്ചില്ലെങ്കിലും ആ മനസ്സു നീറുന്നത് അച്ഛനറിയാമായിരുന്നു.അങ്ങനെയിരിക്കെ ഒരുനാൾ അമ്പലത്തിൽ നിന്നു വന്ന അവൻ മറ്റൊരു ചെരിപ്പിട്ടു വന്നു.വീട്ടിലെത്തിയ ശേഷം അതെടുത്ത് ഭഭ്രമായി പൊതിഞ്ഞ് കട്ടിലിനടിയിൽ വച്ചു.അതു ശ്രദ്ധിച്ചെങ്കിലും അവനോടൊന്നും ചോദിച്ചില്ല.അടുത്ത ദിവസം രാവിലെ അതുമെടുത്തവൻ പുറത്തേക്കു പോയപ്പോൾ ഭയം തോന്നി.പുറകേ പോയപ്പോൾ കണ്ടത് അമ്പലത്തിനു പുറത്ത് ആ ചെരിപ്പുമായി നിൽക്കുന്ന അവനെയാണ്.അതെന്തിനാണെന്നു ചോദിച്ചപ്പോൾ അത് അമ്മയുടേതാണ് അതെടുക്കാനായി അമ്മ വരുമെന്നു പറഞ്ഞു.കാത്തു നിന്നു കാണാതായപ്പോൾ തിരികെയെത്തിയെങ്കിലും.അവനതു തുടർന്നു.ക്രീം നിറത്തിലുള്ള ചെരുപ്പുകൾ അമ്മയുടേതെന്നു കരുതി അതെടുത്തു വരും. അടുത്ത ദിവസം അതുമായി തിരികെ പോകും.വഴക്കു പറഞ്ഞും മുറിയിൽ അടച്ചിട്ടും ഇനി ആവർത്തിക്കരുതെന്ന്  അപേക്ഷിച്ചുമൊക്കെ നോക്കി.ഒന്നുകിൽ ഉറക്കെ കരയും.അല്ലെങ്കിൽ ഒന്നും മിണ്ടാതെയാകും.ആദ്യമൊക്കെ ചിലർ കള്ളനെന്നും ഭ്രാന്തനെന്നും പറഞ്ഞു തല്ലിയിട്ടുണ്ട്.എന്റെയമ്മ,എന്റയമ്മയെന്നു മാത്രം പറഞ്ഞ് ആ തല്ലുകൊള്ളും.പുറകേ അച്ഛൻ പോകുന്നതിനാൽ മാത്രം കൂടുതൽ തല്ലുകൊള്ളാതെ അവൻ രക്ഷപ്പെട്ടിരുന്നു.പൂട്ടിയിട്ടാലും ആ സമയമാകുമ്പോൾ അവൻ നിലവിളിച്ച് വാതിൽ തുറപ്പിക്കും.ഒരു മരുന്നിനും തുടച്ചുമാറ്റാനാകാത്ത വിധം ആഴത്തിൽ പതിഞ്ഞുപോയൊരു വ്യാധിപോലെയായി തുടർന്നു ആ പതിവ്.ഒടുവിൽ അച്ഛന്റെ സങ്കടം കണ്ട അമ്പലക്കമ്മറ്റിക്കാരാണ് അവനെ വിട്ടേക്കാൻ പറഞ്ഞത്.അവിടെ സ്ഥിരം വരുന്ന സ്ത്രീകളാരും ക്രീം നിറത്തിലുള്ള ചെരുപ്പിട്ടു വരാതെയായി.വല്ലപ്പോഴും വരുന്ന ആരെങ്കിലുമാണെങ്കിലേ പ്രശ്നമുണ്ടാകൂ.നാളുകളോളം ആരുടേം ചെരിപ്പു കിട്ടാതിരുന്നിട്ടും അവൻ ദിവസവും തന്റെ നിൽപ്പു തുടർന്നു.അമ്മയവനെ തേടി വരുമെന്ന പ്രതീക്ഷയോടെ.ഇങ്ങനെയാണെങ്കിലും അച്ഛനെ കൃഷിയിൽ സഹായിക്കുക അടുക്കളയിൽ ഒപ്പം കൂടുകയൊക്കെ ചെയ്യും.അപ്പോഴും മറ്റാരോടും കൂട്ടുകൂടിയില്ലവൻ.അമ്മയുടെ ചെരിപ്പ് ഇടയ്ക്കിടെ തുടച്ചു വയ്ക്കും.പോരാഞ്ഞിട്ട് അമ്മവരുമ്പോ ധരിക്കാൻ അമ്മയ്ക്കിഷ്ടമുള്ള നീല നിറത്തിലുള്ള സാരിയും വാങ്ങി വച്ചിട്ടുണ്ട്,ഒരിയ്ക്കലും തിരികെ വരാത്ത അമ്മയ്ക്കായി.കുഞ്ഞുനാളിൽ അത്രയും സ്നേഹം നൽകി അവന്റെ ഹൃദയത്തിൽ പതിഞ്ഞ ആ അമ്മ ജീവിച്ചിരുന്നുവെങ്കിൽ എത്ര ഭാഗ്യവതിയായിരുന്നേനെയെന്നു ചിന്തിച്ചു പോയി.ഒപ്പം നിർഭാഗ്യവാനായ ആ അച്ഛന്റെ സങ്കടവും.ഇതിനിടയിൽ അവൻ അകത്തേക്കു വന്നതിനാൽ കൃഷികാണാനായി പറമ്പിലേക്കു നടന്നായിരുന്നു സംസാരം.മണ്ണു കിളച്ച് ഭംഗിയായി ഒരുക്കിയിട്ടുണ്ട് അവൻ.വൈകുന്നേരം വിത്തു പാകാൻ.അമ്മയ്ക്കിഷ്ടമുള്ള വെണ്ടയും വഴുതനയും മാത്രമേ അവൻ നടാറുള്ളു.ബാക്കിയൊക്കെ അച്ഛൻ ചെയ്യണം.
അദ്ദേഹത്തോട് യാത്ര പറഞ്ഞവിടെ നിന്നിറങ്ങുമ്പോൾ മനസ്സു വല്ലാതെ കനം വച്ചിരുന്നു.ഇങ്ങനെയൊക്കെ അമ്മയെ  സ്നേഹിക്കുന്നവൻ.പക്ഷേ അവന്റെ ഭാവിയെന്താകും...
നമുക്കൊക്കെ ഭ്രാന്തെന്നു തോന്നുന്നവയൊക്കെ മറ്റു ചിലരെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വലിയ ഘടകങ്ങളായി മാറുന്ന വിചിത്രമായ കാഴ്ച.കാശിനും സ്വത്തിനും വേണ്ടി സ്വന്തം അമ്മയെ ഉപദ്രവിക്കാനും വീട്ടിൽ നിന്നും തെരുവിലേക്കിറക്കിവിടാനും യാതൊരു മടിയുമില്ലാത്ത ചില മക്കളുള്ള ഇന്നത്തെ ക്കാലത്ത് മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും അമ്മയെന്ന ചിന്തയിൽ ജീവിക്കുന്ന ആ കുട്ടിക്കു ഭ്രാന്താണത്രേ....നല്ല മുഴുത്ത ഭ്രാന്ത്.
എനിക്കു പെട്ടെന്ന് എന്റമ്മയോടു സംസാരിക്കണമെന്നു തോന്നി.ഫോണെടുത്ത് അമ്മയുടെ നമ്പറിലേക്കു ഡയൽ ചെയ്തു.
        സരിത സുനിൽ ✍️
             
**************************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot