Showing posts with label KrishakumarCherattu. Show all posts
Showing posts with label KrishakumarCherattu. Show all posts

വേരുകൾ

Image may contain: 1 person, standing and outdoor
നിന്റെ വേരുകൾ തേടി ഞാനെ-
ന്നിലേയ്ക്കു തന്നൊന്നൂളിയിടും,
അവയുടെ ആഴമേറെയത്ഭുത
പ്പെടുത്തുമ്പോളെൻ ഹൃത്തകം
പൂത്തു ഞാനൊരിലനറുക്കിലെ 
തുളസിക്കതിരായിടും, താമസം-
വിനാ നിന്നിലർച്ചിയ്ക്കപ്പെടാൻ...

By: Krishna Cheratt

വാദിയും പ്രതിയും പിന്നെ തൊണ്ടിമുതലും !!


വാദിയും പ്രതിയും പിന്നെ തൊണ്ടിമുതലും !!
ഒരു ഞായറാഴ്ച, നട്ടുച്ചയ്ക്ക് സൂര്യന്‍ വെട്ടിത്തിളങ്ങി നിക്കണ സമയം. മോള് പതിവുള്ള ചിത്രരചനയില്‍ ആയിരുന്നു. പ്രതലം "വീടിന്‍റെ ബാക്കിയുള്ള ചൊമരും". അന്നേരം ആണ് ഒരു ഫോണ്‍കോള്‍, സൗദിയില്‍ നിന്ന് അച്ഛനാണ് വിളിയ്ക്കുന്നത്. അവള്‍ടെ അമ്മ ഫോണവള്‍ക്ക് നേരെ നീട്ടീട്ടും, സൃഷ്ടിയുടെ പേറ്റുനോവില്‍ ആയിരുന്നതിനാല്‍ അവള്‍, അതവഗണിച്ചു. അമ്മ വീണ്ടും നിര്‍ബന്ധപൂര്‍വ്വം ആ ഫോണുമായി അവളെ സമീപിച്ചു. അവള്‍ ശരീരമാകെ ഒന്നു കുടഞ്ഞേ ഉള്ളൂ, അമ്മേടെ കണ്ണില്‍ ഇരുട്ട് കയറി. കയറിയ ഇരുട്ട് തിരിച്ചിറങ്ങാതിരിക്കാനെന്നോണം കണ്ണ് പൊത്തിപ്പിടിച്ച് അമ്മ ഓടിച്ചെന്ന് അച്ഛമ്മയോട്‌ "അമ്മേ, എന്‍റെ ദീ കണ്ണിലെ കൃഷ്ണമണി അവിടെത്തന്നെ ഒണ്ടോ...." അച്ഛമ്മ നോക്കീട്ട് പറഞ്ഞു "കൃഷ്ണമണി അവിടന്നെ ഉണ്ട്, പക്ഷെ അതിന്റടുത്ത് വേറെ ഒരു കൃഷ്ണമണി കൂടി ഉണ്ടായീട്ടുണ്ട്."
മകളുടെ കൈയില്‍ ഇരുന്നിരുന്ന പെന്‍സിലിന്‍റെ പുറകുവശം ആയിരുന്നു, കണ്ണില്‍ കേറിയ ആ ഇരുട്ട്.
ഞായറാഴ്ച്ചയായതിനാല്‍ കണ്ണൊന്ന് കാണിയ്ക്കാന്‍ വല്ല വഴിയുമുണ്ടോ, കണ്ണല്ലേ വേറെ എങ്ങും കാട്ടീട്ട് കാര്യോമില്ലല്ലോ... ഒടുക്കം ഒരാശുപത്രിയില്‍ വിളിച്ചു... കിട്ടി, അവരു ചോദിച്ചു, "ഞങ്ങള്‍ അടയ്ക്കാന്‍ നിക്കാ, നിങ്ങളെപ്പോ എത്തും ??"
മോള്‍ടമ്മ പറഞ്ഞു, "അയ്യോ ഞങ്ങള്‍ ദേ ഇറങ്ങി അര മണിക്കൂറായി, ഇനീം നേരത്തേ ഇറങ്ങണോ??"
മോളെ അച്ഛാച്ഛന്‍റെയടുക്കല്‍ നിര്‍ത്തീട്ടു പോയാല്‍, വീട് അവള്‍ടെ കാലിന്‍ചുവട്ടിലെ കാളിയന്‍ ആകും എന്നതിനാലും, അച്ഛനു ചെവിയില്‍ വയ്ക്കാനൊരു ചെമ്പരത്തിപ്പൂ അവിടെങ്ങും കിട്ടാത്തതിനാലും അവളെയും കൂടെ കൂട്ടി.
അങ്ങനെ ചരിത്രത്തിലാദ്യമായി, വാദിയും പ്രതിയും തൊണ്ടിമുതലും (പെന്‍സില്‍), വക്കീലിനൊപ്പം (അച്ഛമ്മ) ഒരേ വാഹനത്തില്‍ ഡോക്ടറെ കാണാനിറങ്ങി.
എന്തായാലും ദൈവകൃപയാല്‍ സാരമായൊന്നും പറ്റിയില്ല, ഇതിനു മുമ്പ് കുത്തിയതെല്ലാം ചേര്‍ത്ത് ഇപ്പൊ സൂര്യന് ചുറ്റും ഗ്രഹങ്ങളെന്നോണം, കൃഷ്ണമണിക്ക് ചുറ്റും പാടുകള്‍ ആണെന്നതൊഴിച്ചാല്‍.....
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

എട്ടിന്‍റെ പണി !!


എട്ടിന്‍റെ പണി !!
എതിരെ ആര്‍ത്തലച്ച് ഒരു വണ്ടി വന്നാല്‍, ബൈക്കിലേതുപോലെ കാലു കുത്തേണ്ടല്ലോ എന്ന വസ്തുതയാണ് കാറ് പഠിയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആശാന് ദക്ഷിണ വച്ച് ലേണേഴ്സുമെടുത്ത് ഗോദയിലേയ്ക്ക് അങ്ങിറങ്ങുകയായിരുന്നു.
ഡ്രൈവിംഗ് സ്ക്കൂളിന്‍റെ വാഹനത്തില്‍ മുന്‍സീറ്റില്‍ നമുക്കൊപ്പം ഇരുന്ന്‍, വേണ്ട നിര്‍ദ്ദേശങ്ങള്‍ തരുമ്പോള്‍ മാഷ്‌ പലപ്പോഴും വികാരാധീനനായി കാണപ്പെടാറുണ്ട്. അഭിനയത്തില്‍ അങ്ങേര് മോശമായതുകൊണ്ടാണോ എന്തോ, എപ്പോഴും ദേഷ്യപ്പെടുന്നതായിട്ടേ തോന്നൂ, സ്ഥായിയായ ഭാവം... മുന്നില്‍വന്നു പെടുന്ന ആള്‍ക്കാരേയും വണ്ടികളേയും ഇടിയ്ക്കാതിരിക്കാന്‍ പുള്ളി നമ്മളോട് മത്സരിക്കുന്നതുപോലെ തോന്നും അങ്ങേരുടെ സൈഡിലെ ബ്രേക്ക് ചവിട്ടണതു കണ്ടാല്‍. ഞാന്‍ ചവുട്ടിക്കൊള്ളുമായിരുന്നല്ലോ മാഷേ-ന്ന് പറഞ്ഞപ്പോള്‍ പുള്ളി പറയ്വാ, "അതിന് വണ്ടി ഇടിച്ചിട്ടല്ല നിക്കേണ്ടത്". മുന്നില്‍ വളവ് കണ്ട് ഒരു മുന്നൊരുക്കം നടത്തിയാല്‍ എടോ അവിടെത്തീട്ട് വളച്ചാപ്പോരേ-ന്ന്‍ ചോദിക്കും. റോഡില്‍ നമ്മടെ സൈഡു പിടിച്ചു പോണം എന്ന മാഷിന്‍റെ താക്കീതില്‍ വശംവദനായി ആ ഭാഗത്തെ ഓരോ കുഴീലും ചാടിച്ചു വിനീതനാകുമ്പോള്‍, എടോ ആവശ്യത്തിന് വെട്ടിച്ചൊഴിച്ചൊക്കെ കൊണ്ടുപോകാനാണ് ഇതിനീ സ്ടീയറിംഗ് കൊടുത്തിരിയ്ക്കണേ-ന്ന്‍ പറയും. ഇടയ്ക്ക് ആക്സിലേറ്റര്‍-ന്‍റെ അടുത്തത് തന്നാണോ ബ്രേക്ക്-ന്ന്‍ ഒറപ്പാക്കാന്‍ കുനിഞ്ഞൊന്നു നോക്കിയാല്‍ തലക്ക് കിഴുക്കും. പാവം ഞാന്‍ മനസ്സില്‍ പറയും, ഈശ്വരാ, എന്തിയ്താലും കുറ്റാണല്ലോ....
അങ്ങനെ ആശാന്‍ ചെയ്ത പുണ്യമോ എന്തോ, H എടുക്കല്‍ പഠനവും റോഡ്‌ പ്രാക്റ്റീസും ഒക്കെ കഴിഞ്ഞ് ടെസ്റ്റിനുള്ള ദിവസമായി. അതിരാവിലെത്തന്നെ അവിടെത്തിയ എന്നോട് മാഷ്‌ ചോദിച്ചു, "എടോ തനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയാംന്നു പറഞ്ഞോണ്ട് അതിന്‍റെ ക്ലാസ് ഒന്നും തന്നില്ലായിരുന്നല്ലോ, 8 എടുക്ക്വോല്ലോ ല്ലേ." അതിന്, ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് പറഞ്ഞ പോലെ "പിന്നേ..." ന്നും പറഞ്ഞു. വേണേല്‍ കുറച്ചപ്പുറം മാറി 8 പ്രാക്ടീസ് ചെയ്തോന്ന്‍ പറഞ്ഞപ്പോ, "വേണ്ടാ, ഞാന്‍ നേരിട്ട് അപ്പിയര്‍ ചെയ്തോളാം"-ന്ന്‍ പറഞ്ഞ് അതിനെ ഖണ്ഡിച്ചു. ഒടുക്കം വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍-ടെ വിളിയും വന്നു. ആദ്യം ടൂ വീലറില്‍ 8 എടുക്കാന്‍ നിര്‍ദ്ദേശം. ഇതൊക്കെ എത്ര കണ്ടിരിക്ക്ണൂ എന്ന മട്ടില്‍, ഒരു ലോഡ് പുച്ഛം വാരി വിതറിക്കൊണ്ട് മുന്നിലേയ്ക്കാഞ്ഞ ഞാന്‍ കണ്ടത് ഒരു ചാത്തന്‍ ബജാജ് M80 ആണ്. അതിന്റെ സ്ഥിതി കണ്ടപ്പോഴേ കാളിയ ഉള്ളിന് ഒട്ടും പിഴച്ചില്ല, രണ്ടാമത്തെ വളവില്‍ കാലു രണ്ടും കോര്‍ട്ടില്‍, ഒപ്പം ദയനീയമായി മാഷിനെ ഒരു നോട്ടോം. വെഹിക്കിള്‍ നല്ല മനുഷ്യന്‍ ആര്‍ന്നു, "താന്‍ ഇവിടെ മാറിനില്‍ക്ക് കൊറച്ചു കഴിഞ്ഞ് ചെയ്യാം"-ന്നേ പറഞ്ഞുള്ളൂ.
പുട്ടിനും കടലയ്ക്കും മീതെ ഒട്ടും ഭംഗി കൊറയാതിരിയ്ക്കാന്‍ പപ്പടം വയ്ക്കുന്നപോലെ, ത്രീ- വീലറും ഉണ്ടായിരുന്നല്ലോ അന്ന് എന്‍റെ ലിസ്റ്റില്‍, ഈ ചന്തുവിനെ തോല്‍പ്പിക്കാന്‍. മാഷ്‌ എന്‍റെ പൊക കണ്ടേ അടങ്ങൂ എന്ന മട്ടില്‍ "പിന്നെ മതി"-ന്ന്‍ പറഞ്ഞു നിന്നിരുന്ന വെഹിക്കിളിന്‍റെ കാതില്‍ എന്തോ അടക്കം ചൊല്ലിയതിനെത്തുടര്‍ന്ന് ത്രീ-വീലറില്‍ 8 എടുക്കാന്‍ ആജ്ഞാപിക്കുകയായിരുന്നു. എന്നാപ്പിന്നെ കണ്ടോടാ മക്കളേ-ന്ന മട്ടില്‍ ഓട്ടോയെടുത്ത് ആദ്യ രണ്ടു കമ്പിയും ഇടിച്ചുതെറിപ്പിച്ച് മൂന്നാമത്തെ കമ്പിയില്‍ കൃത്യമായി ഇടിച്ചു നിര്‍ത്തുകയായിരുന്നു. വെഹിക്കിള്‍ തനി തൃശൂരുകാരനായി, "ഇങ്ക്ട് മാറിനിന്നേരാ, നീയീ രണ്ട് 8-ഉം ഇടുത്തിട്ട്വ്ടുന്ന് പോയാ മതീ...." നമ്മള്‍ മനസ്സുകൊണ്ട് മേലേടത്ത് രാഘവന്‍നായരായി, "നമ്മളില്ലേ..." ന്ന്‍ ഗദ്ഗദിച്ചു.
കനലെരിയുന്ന കണ്ണുകളോടെ മാഷ്‌ അടുത്ത് വന്ന്‍, "താന്‍ ഒന്ന്‍ ഒച്ച വച്ചിരുന്നെങ്കില്‍, സോറി.... പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ക്ലാസ്സ് തരുമായിരുന്നല്ലോടോ. രാവിലെ തൊട്ട് ഇവിടെ വായനോക്കി നിന്നപ്പോ ഞാന്‍ പറഞ്ഞതാ പ്രാക്റ്റീസ് ചെയ്യാന്‍, മനുഷ്യന്മാരായാ കൊറച്ച് അനുസരണ ഒക്കെയാവാം, വെറുതേ ഇങ്ക്ട് പോരും വയറുമ്മേ രണ്ടു കാലും തൂക്കീട്ടിട്ട്....." ഈ പെരുന്തച്ചവചനത്തില്‍ പകച്ചുപോയ ഞാന്‍, ഗ്രൌണ്ടിന്‍റെ ആളൊഴിഞ്ഞ മൂലയില്‍ അന്നാ രണ്ട് 8-ഉം (പതിനാറല്ലാട്ടാ) എടുത്ത് പഠിയ്ക്കുകയായിരുന്നു. കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന 8-ന്‍റെ പണി എന്‍റെ കാര്യത്തില്‍ അന്നു യാഥാര്‍ത്ഥ്യമായി. പിന്നെ ആ രണ്ട് ടെസ്റ്റും പാസായപ്പോള്‍ ദാ വരുന്നൂ അടുത്ത ഗ്രഹപ്പെഴ, ഓട്ടോ ഓടിച്ചു കാണിക്കണമത്രേ. ഞാന്‍ പല്ലിറുമ്മിക്കൊണ്ടു മാഷോട്, "അത് മാഷ്‌, മുന്നേ പറഞ്ഞിട്ടില്ല ല്ലോ"-ന്ന്‍ പറഞ്ഞ് എന്‍റെ പട്ടി ചെയ്യും എന്ന ഭാവത്തോടെ അങ്ങേരെ നോക്കി. "പിന്നേ... ഞാന്‍ പറഞ്ഞതു മുഴോനും ഇയാളു കൃത്യായിട്ടല്ലേ ചെയ്തത്"-ന്ന്‍ പറഞ്ഞ് എങ്കി പട്ടി തന്നെ വന്ന് വാങ്ങേണ്ടിവരും ലൈസന്‍സ് എന്ന ഭാവത്തില്‍ തിരിച്ച് എന്നെയും നോക്കി. അങ്ങേര്‍ക്കന്ന് നാല്‍പ്പത് ശിഷ്യന്‍മാര്‍ ഇല്ലായിരുന്നതിനാല്‍ അവരുടെ ഒന്നിച്ചുള്ള നോട്ടം തല്‍ക്കാലം ഒഴിവായി.
അങ്ങനെ ഓട്ടോയുമായി ഗ്രൌണ്ടിനോട് ചേര്‍ന്നുള്ള റോഡില്‍ കേറി. സ്റ്റാര്‍ട്ട്‌ ചെയ്ത് എന്‍റെ പടച്ചോനേ-ന്നും വിളിച്ചോണ്ട് ഒറ്റ വിടീലാര്‍ന്നു. കാര്യം പോളിടെക്നിക് പാസായതാണേലും വിഷയം മെക്കാനിക്കല്‍ അല്ലാത്തോണ്ട് ഈ എഞ്ചിന്റെ പ്രവര്‍ത്തനം അങ്ക്ട് ശരിയ്ക്ക് പിടിയില്ലായിരുന്നല്ലോ. അവരെന്നോട് നിര്‍ത്തീക്കോളാനൊക്കെ പറയുന്നുണ്ടെങ്കിലും, ഞാന്‍ നോക്കീട്ട് അതൊട്ടങ്ങട് വിചാരിച്ച പോലെ നിര്‍ത്താന്‍ പറ്റണില്ല, മുന്നിലെ റോഡാണെങ്കില്‍ മെയിന്‍-റോഡിന്‍റെ കാനയുമായി അതിര്‍ത്തിപങ്കിട്ട്, മദോന്മത്തനായി കിടക്കുന്നു. അപകടം തിരിച്ചറിഞ്ഞ് മാഷ്‌ ഓടിയെത്തി വണ്ടീല്‍ ചാടിക്കേറി ഓഫ് ചെയ്യുകയായിരുന്നു. "താനെന്തൂട്ടാ ഈ കാട്ടണേ"-ന്നും ചോദിച്ച് രൂക്ഷമായി എന്നെ , അങ്ക്ട് വാ ട്ടാ തരാം തനിക്കൊള്ളത് എന്ന മട്ടില്‍ നോക്കി. ഞാനാണെങ്കില്‍ ദിലീപിനെപ്പോലെ നിഷ്ക്കളങ്കനായും ഭാവിച്ചു.
തുടര്‍ന്നായിരുന്നു വിശ്വവിഖ്യാതമായ H എടുക്കല്‍. അതിന് സ്പെഷ്യല്‍ ക്ലാസ് ഒരുപാട് കിട്ടിയിട്ടുള്ളതിനാല്‍ ദൈവം ചങ്ക് ബ്രോ-യെ പ്പോലെ കൂടെനിന്ന് തുണച്ചു. അതിനും ശേഷമാണ് ഏവരുടെയും പേടിസ്വപ്നമായ "A drive with the vehicle inspector" നടന്നത്. ഊഴം പടി, ഞാന്‍ മൂന്നാമന്‍ ആയിരുന്നു. രണ്ടാമനോട് വണ്ടി കയറ്റത്ത് നിര്‍ത്താന്‍ പറഞ്ഞപ്പോഴേ എന്‍റെ അടിവയറൊന്നു കാളി, മനസ്സില്‍ വിളിച്ചു പോയി, "ദേവ്യേ... എന്നാലും, എന്നോടിത് വേണാര്‍ന്നോ ????" എനിക്ക് പകരം അടുത്തവനെ ഇറക്കാന്‍ മാഷ്‌ ഒരു ശ്രമം നടത്തിയതും, വെഹിക്കിളിന്‍റെ കനത്ത ശബ്ദം, "അവനെ ഇങ്ക്ട് വിട്റോ..." മാഷ്‌നെ "ഞാന്‍ ചത്തൂന്ന് പറഞ്ഞേക്ക്"-ന്ന്‍ പറയണ മട്ടില്‍ നോക്കിക്കൊണ്ട് വിധിയെ പഴിച്ച് ഞാനാ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കേറിയിരുന്നു. ഇന്‍ഡിക്കേറ്ററിന് പൊറമേ കൈ കൊണ്ടും സിഗ്നല്‍ നല്‍കി എങ്ങനെയൊക്കെയോ ഒരു വിധം വണ്ടി റെയ്സ് ചെയ്തങ്ങ് എടുത്തു. ആ എടുപ്പില്‍ പുളകിതനായ വെഹിക്കിള്‍, പിന്നെ വണ്ടി നിര്‍ത്തിച്ചത് നിരപ്പായ ഒരു സ്ഥലത്തായിരുന്നു. അങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ്‌ മഹാമഹത്തിന് അന്ത്യം.
എന്നിരുന്നാലും എന്‍റെ എട്ടാം (8) അങ്കക്കഥകള്‍ വീട്ടിലേയ്ക്കുള്ള യാത്രയില്‍ ഒരു ചൂടന്‍ ചര്‍ച്ചയാകുമെന്നതിനാല്‍ ഞാന്‍ മുങ്ങാനൊരു ശ്രമം നടത്തിനോക്കി, "മാഷേ, അപ്പൊ ശരി, എനിക്കിവിടെ ഒരു കൂട്ടുകാരനെ കാണാനുണ്ട്, ഞാന്‍ അങ്ങ് വന്നേക്കാം..." ഒരു ഇരയെ കാത്തിരുന്ന എന്‍റെ സഹപാഠികള്‍, വര്‍ഗ്ഗസ്നേഹം പോലും മറന്ന് എന്നെ പിടിച്ചുവലിച്ചു കേറ്റുകയായിരുന്നു, ഞങ്ങള്‍ടെ വണ്ടിയിലേയ്ക്ക്. ആ മടക്കയാത്രയിലുടനീളം ചെന്നായ്പറ്റത്തിനിടയില്‍ പെട്ട കുഞ്ഞാടിന്‍റെ അവസ്ഥയിലായിരുന്നു ഞാന്‍. സംഘം ചേര്‍ന്നുള്ള ആ ആക്രമണത്തില്‍ തളര്‍ന്നിരിയ്ക്കുമ്പോളാ മാഷിന്‍റെ വക, "ഞാന്‍ കരുതീത്, ഇയാളെ ഒക്കെ കൊണ്ടുപോയിട്ട് വെഹിക്കിള്‍, എന്‍റെ ലൈസന്‍സ് അവിടെ മേടിച്ചുവച്ചേനെ-ന്നാ..."
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt

അങ്ങനൊരു നിയമനിര്‍മ്മാണം സത്യത്തില്‍ വേണ്ടതല്ലേ ??


ഇന്നലെ കാണാനിടയായ ഒരു വാട്സാപ്പ് വീഡിയോ മനസ്സില്‍ നിന്ന് മായണില്ല. ഒരു കുരുന്നു ജീവന്‍ റോഡില്‍ പിടയുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പോകുന്ന കുറെപ്പേര്‍..... വ്യസനം കൊണ്ട് എഴുതിയതാണ് ...
===================================================
ഇന്ന് നാം നിത്യേനെ കാണുന്നുണ്ട്, അപകടം പറ്റി റോഡില്‍ക്കിടന്നു ആരും തിരിഞ്ഞുനോക്കാനില്ലാതെ ചോരവാര്‍ന്ന്‍ ആളുകള്‍ മരിച്ച വാര്‍ത്തകള്‍. അപകടം നടന്ന് വളരെ വൈകി മാത്രം ആസ്പത്രിയില്‍ എത്തിക്കപ്പെട്ട് ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം ക്രമാതീതമായി പെരുകുന്നു. മൃതപ്രായമായിക്കിടക്കുന്ന തന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജീവനെ മൃഗങ്ങള്‍ പോലും സഹായിയ്ക്കുമെന്നിരിക്കിലാണ്, മനുഷ്യന്‍റെ ഈ കൈയൊഴിയല്‍. അറിവും ബുദ്ധിയും വിവേചനബുദ്ധി എന്ന വിശേഷാല്‍ബുദ്ധിയും ഉള്ള മനുഷ്യന് മാത്രം എന്തേ സഹജീവിയോട്‌ അനുകമ്പയില്ലാതെ പോയത്. വളരുന്ന ടെക്നോളജിക്കൊപ്പം നിന്ന്‍, അപകടരംഗത്ത് മൊബൈല്‍ ഉയര്‍ത്തി സ്വയം ടെലിഫിലിം പകര്‍ത്തി ഷെയര്‍ ചെയ്യുന്നതോടെ തീരുന്നു അവന്റെ സമൂഹത്തോടുള്ള ധാര്‍മ്മിക ഉത്തരവാദിത്തം. മനുഷ്യത്വം ഇനിയും മരവിച്ചിട്ടില്ലാത്ത മനസ്സുള്ളവര്‍ ആരെങ്കിലം സഹായിയ്ക്കാന്‍ തുനിഞ്ഞാലാകട്ടെ ഒരു വാഹനവും നിര്‍ത്തുകയുമില്ല, പറയുന്നതോ എനിക്ക് വയ്യ ഇതിന്‍റെ ഒന്നും പൊറകെ തൂങ്ങാന്‍, പരിക്ക് പറ്റി കിടക്കുന്നത് സ്വന്തം അച്ഛനാണേലും പറയ്വോന്നറിയില്ല. നാളെ നമുക്കും ഇങ്ങനെ ഒരവസ്ഥ വന്നുകൂടാ എന്നൊന്നുമില്ലല്ലോ. സ്വാതന്ത്ര്യത്തിനു മുറവിളികൂട്ടുന്നവരുടെ എണ്ണം നമ്മടെ നാട്ടില്‍ വളരെ അധികമാണ്. അഭിപ്രായപ്രകടനത്തിനും സ്വൈര്യമായി ജീവിക്കാനുമുള്ള സ്വാതന്ത്ര്യത്തിനാണ് മുറവിളി അധികമെന്നിരിക്കെ ഒരു ചോദ്യം, മരണാസന്നമായിക്കിടക്കുന്ന ആ ജീവിതത്തിനുമില്ലേ ജീവിക്കാനുള്ള അവകാശം. കൈയൊഴിയലിലൂടെ നാം നടത്തുന്നത് നല്ല ഒന്നാന്തരം കൃത്യവിലോപം തന്നെയല്ലേ, നല്ലസ്സല്‍ ഭരണഘടനാലംഘനം. അപ്പൊ മനപ്പൂര്‍വ്വം ഒരു ജീവനെ റോഡില്‍ മരിക്കാന്‍ വിട്ടുവെന്ന് കല്‍പ്പിച്ചു കോടതി നമുക്കെതിരെ സ്വമേധയാ കേസെടുത്താല്‍, അതിനെ തെറ്റ് പറയാന്‍ പറ്റില്ല.....
അങ്ങനൊരു നിയമനിര്‍മ്മാണം സത്യത്തില്‍ വേണ്ടതല്ലേ ??

By
Krishna Cheratt

അധികപ്പറ്റാകും മുന്നേ !!


അധികപ്പറ്റാകും മുന്നേ !!
ഉച്ചയ്ക്കലത്തെ സര്‍ക്കീട്ട് കഴിഞ്ഞു വരികയാണവള്‍... നന്നേ തളര്‍ന്ന മട്ടുണ്ട്... ഞാന്‍ നീട്ടി വിളിച്ചു, "കുഞ്ഞീ...."
കേട്ട ഭാവം പോലുമില്ലാതെ മുഖം വടക്കോട്ടാക്കി പിടിച്ചോണ്ട് ഗമയില്‍ ഒറ്റപ്പോക്ക്. ആ പോക്കവസാനിച്ചത് തളവും കഴിഞ്ഞ് അടുക്കളയിലായിരുന്നു. എത്തിയപാടെ ഒരു വീഴ്ച്ചയായിരുന്നു നിലത്തേയ്ക്ക്, എന്നിട്ട് നീണ്ടുനിവര്‍ന്ന് ഒറ്റക്കിടത്തം. ഞാന്‍ പയ്യെ അവള്‍ടെ അടുക്കലെത്തി മുഖത്തോടുമുഖം അടുപ്പിച്ച് മന്ത്രിച്ചു, "മൂന്നു നാല് ദിവസംകൊണ്ടു നീ വല്ല്യ ആളായിപ്പോയീന്ന് ചേച്ചി പറഞ്ഞപ്പോ ഞാന്‍ ഇത്രക്ക് വിചാരിച്ചില്ല, ട്ടോ... എടീ ഭയങ്കരീ.... ഞാന്‍ വിളിച്ചതുപോലും നീ കേട്ടില്ല-ല്ലേ.... അതോ നീയെന്നെ മറന്നോ..." ചോദ്യരൂപേണ ഞാന്‍ നിര്‍ത്തിയപ്പോള്‍ അവള്‍ അലിവോടെ എന്നെ നോക്കി ഇല്ലെന്ന് കണ്ണടച്ചു കാട്ടി, ചെറിയതായി ഒന്ന് മൂളി, "മ്യാവൂ"... അത് കണ്ടപ്പോ എനിക്കും തോന്നി, പാവം ക്ഷീണിച്ചുള്ള കെടത്തമാന്ന്. പതിയെ അവളെ തലോടിക്കൊണ്ട് ഞാന്‍ പറഞ്ഞു, "കൊറച്ച് ഒറങ്ങീക്കോട്ടാ...." പിന്നെ തിരിഞ്ഞു അമ്മയോട് "ഇവളെന്താ നെലത്തിങ്ങനെ കെടക്കണെ, സാധാരണ ടിവി-ടേം തുന്നല്‍മിഷ്യന്‍റെ മോളിലും ഒക്കെ അല്ലെ കെടക്കാറ്..." അമ്മ പറഞ്ഞു, "ഹേയ്, ഇതിപ്പോ തൊടങ്ങീതാ... മൂന്നാലു ദിവസായി, ഒരു ഉച്ചക്കറക്കം, അത് കഴിഞ്ഞു വന്നാ നമ്മളൊക്കെ കെടക്കണ പോലെ ഈ തണുത്ത നെലത്താ അവള്‍ടെ കെടപ്പ്, കള്ളി കെടക്കണ കണ്ടില്ലേ, ഞെളിഞ്ഞ്...." അതിനും അവള്‍ മൂളി "മ്യാവൂ"...
അമ്പലത്തില്‍ സ്വന്തം കൂടപ്പിറപ്പുകള്‍ക്കൊപ്പം ഓടിക്കളിച്ചിരുന്ന അവളെ, നന്നേ ചെറുതിലേ തന്നെ ഞാനിങ്ങു കൊണ്ടുപോരുകയായിരുന്നു. മറ്റുള്ളവരില്‍ ഒന്നിനെ തിരുമേനിയും, പിന്നെയുള്ള രണ്ടുപേരെ ഞങ്ങള്‍ടെ തന്നെ അയല്പ്പക്കത്തുള്ളവര്‍ അവരവരുടെ വീട്ടിലേക്കും കൊണ്ടുപോന്നു. ചുരുക്കത്തില്‍ എന്‍റെ കുഞ്ഞിക്ക് അവള്‍ടെ രണ്ടു സഹോദരങ്ങളെ അയല്പ്പക്കമായി കിട്ടി. അതിനാല്‍ത്തന്നെ, മിണ്ടാപ്രാണികളായ സഹോദരങ്ങളെ തമ്മിലകറ്റി എന്ന ദൈവശാപം ഒഴിവായി എന്ന് ഞാന്‍ കരുതുന്നു.
അവള്‍ വന്ന ശേഷം ഞങ്ങള്‍ടെ വീട് ശരിക്കും ആരവം നിറഞ്ഞതാവുകയായിരുന്നു. ഒരു കൊച്ചുകുട്ടി വീട്ടില്‍ ഉണ്ടെന്ന പോലെയുള്ളൊരു അവസ്ഥ. സകലസമയവും "മ്യാവൂ" വിളികളും "കുഞ്ഞീ" വിളികളും നിറഞ്ഞ ഒരു അന്തരീക്ഷം. അവളില്ലാതെ ഒരാഘോഷം ഇല്ലെന്ന പോലെ. തനിയെ ആഹാരം കഴിയ്ക്കാന്‍ വശമില്ലാതെ കഷ്ടപ്പെട്ട അവള്‍ക്ക് സമയാസമയങ്ങളില്‍ ആഹാരം സ്പൂണ് കൊണ്ടോ ഫില്ലര്‍ കൊണ്ടോ പകര്‍ന്നുകൊടുക്കുന്ന അമ്മയെ പലപ്പോഴും, അമ്മൂമ്മ കളിയാക്കാറുണ്ട്. പക്ഷെ, കാലം അമ്മൂമ്മയെയും അവള്‍ടെ ഒരു ആരാധികയാക്കുകയായിരുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു, ഞങ്ങളുമായുള്ള അവള്‍ടെ ഇടപഴകല്‍... ഏതോ മുജ്ജന്മബന്ധം ഉള്ളതുപോലെ. വല്ല ഗോലിയോ ചെറിയ പന്തോ ഇട്ടു കൊടുത്താല്‍ മറഡോണയുടെ മെയ്-വഴക്കത്തോടെ അതുമായി കുത്തിമറിയുന്നതും കെട്ടിമറിഞ്ഞു വീഴുന്നതുമെല്ലാം കണ്ണെടുക്കാതെ കൌതുകത്തോടെ എത്രയോ തവണ കണ്ടുരസിച്ചിരിയ്ക്കുന്നു. രാത്രികളില്‍ ഗ്രില്ലിട്ട സിറ്റൌട്ടില്‍ അമ്മേടെ തുന്നല്‍മെഷീനിന്‍റെ മോളില്‍ കിടത്തുമായിരുന്ന അവളെ, അവിടെ വിസര്‍ജ്ജനം നടത്താതിരിക്കാന്‍ രാത്രി കിടക്കണേനു മുന്നേ അച്ഛനും അമ്മയും കൂടി വീടിനു പുറത്തേയ്ക്ക് നയിക്കുന്ന ദൃശ്യം ഇപ്പോഴും കണ്മുന്നിലിങ്ങനെ തെളിയുന്നു. ഒടുവില്‍ കൃത്യം കഴിഞ്ഞ് വീടിനകത്തേയ്ക്ക് കേറാതെ കളിക്കാന്‍ തിരിയുന്ന അവളെ ശാസിച്ചും ബലം പ്രയോഗിച്ചുമാണ് പലപ്പോഴും കൊണ്ടുപോന്നിരുന്നത്. വീട്ടില്‍ മീന്‍ വാങ്ങിയാല്‍പ്പിന്നെ പറയ്വെ വേണ്ടാ, തിക്കും തിരക്കും... ആകെ ബഹളമയം. നന്നാക്കുമ്പോള്‍ മീനിന്‍റെ അവശിഷ്ടങ്ങള്‍ കൊടുത്താല്‍, അതൊന്നു നോക്കുകപോലുമില്ല, പക്ഷെ ബഹളത്തിന് ഒരു കൊറവുമുണ്ടാവില്ലാന്നുമാത്രം. പിന്നെ വറുക്കുന്ന നേരത്താണേല്‍ അടുപ്പത്തോട്ട് എടുത്തുചാടാതിരിക്കാന്‍ സിറ്റൌട്ടിലിട്ടു പൂട്ടുമായിരുന്നു. അവിടെക്കിടന്നു ഒരേ കരച്ചിലായിരിക്കും, ഏതാണ്ട് അവളെ കൊല്ലാന്‍ കൊണ്ടുപോണ പോലെ. വറവലിനൊടുവില്‍ വാതില്‍ തുറന്നുകൊടുത്താല്‍ അവള് നിവിന്‍ പോളിയാകും, "ചുറ്റൂള്ളതൊന്നും കാണാന്‍ പറ്റില്ലെന്‍റെ സാറേ" എന്ന ഭാവത്തോടെ അടുക്കളയിലേയ്ക്ക് കുതിക്കുന്ന കാണാം. ആ ഒരു പെടപെടപ്പു, പക്ഷെ മീന്‍ കഷ്ണം ഇട്ടു കൊടുക്കുന്ന വരെയേ ഉള്ളൂ, ഒരു പൊട്ടു പോലും കഴിക്കില്ല. ഞങ്ങളു പറയും അവള് അമ്പലവാസിയായിരുന്നല്ലോ ന്ന്....
മാസങ്ങള്‍ക്കൊണ്ട് വലിപ്പം വച്ചേന്‍റെ കൂട്ടത്തില്‍ ശകലം പക്വത വച്ചതല്ലാതെ, അവള്‍ടെ കുസൃതിക്ക് യാതൊരു കൊറവും വന്നിരുന്നില്ല. രാവിലെ പത്രം നിലത്തുവിരിച്ചു വച്ചു വായിയ്ക്കുന്ന എന്‍റെ മുമ്പില്‍ കൃത്യം ഞാന്‍ വായിയ്ക്കുന്ന വാര്‍ത്തയ്ക്ക് മേലെ വന്നിരുന്ന് എന്നെ നോക്കി കണ്ണിറുക്കിക്കാട്ടി "മ്യാവൂ" ന്ന് പറയണതും, ടിവി-ക്ക് മേലെ കെടന്നോണ്ട് കൈയോ കാലോ വാലോ ഇറക്കിക്കൊണ്ടുവന്ന് ടിവി കാണുന്ന നമ്മടെ കാഴ്ച്ചയെ മറയ്ക്കുമ്പോള്‍ ഡീ- ന്നു വിളിച്ചാലുടനെ ഒന്നുമറിയാത്ത പോലെ കയറ്റി വയ്ക്കണതും, നമ്മളെവിടേലും പോയി വന്നാല്‍ നമ്മടെ കാലുകള്‍ നക്കിത്തൊടയ്ക്കണതും അതിനിടയില്‍ അറിഞ്ഞില്ലെ-ന്ന മട്ടില്‍ കൊഞ്ചിക്കൊണ്ട് രണ്ടു കടി പാസാക്കണതും, രാവിലെ അഞ്ചുമണിയോടെ അമ്മ സിറ്റൌട്ടിന്‍റെ കതകു തുറക്കുന്നതോടെ അകത്തേയ്ക്ക് കയറി ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്‍റെ മേല്‍ കുത്തിമറിഞ്ഞ് എന്നെ ഉണര്‍ത്തി പിന്നെ എന്റരികു പറ്റി കിടക്കണതും, എല്ലാമെല്ലാം അങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു നാള്‍ ഗ്രില്ലിന്‍റെ അഴിയ്ക്കിടയിലൂടെ രാത്രി ചാടിയിറങ്ങി തിരിച്ചു കേറാന്‍ പറ്റാതെ വീടിനു ചുറ്റും കരഞ്ഞോണ്ട് നടന്നപ്പോള്‍ ഒരു കാടന്‍ ഓടിച്ച് തെങ്ങില്‍ക്കേറ്റിയ അവളെ, കരച്ചില്‍ കേട്ടുണര്‍ന്ന അമ്മയും അച്ഛനും പോയി കൂട്ടിക്കൊണ്ടുവരികയായിരുന്നു. അതില്‍പ്പിന്നെ രാത്രിയിലെ ഗ്രില്ലുചാട്ടം ഇല്ലാതായി.
ആയിടയ്ക്കാണ് ചേച്ചിയെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. ചേച്ചിയുടെ അഭാവം അവളെ അലട്ടുന്നുണ്ടെന്ന് തോന്നിക്കുംവിധം, ചേച്ചി കിടന്നിരുന്ന അകമെല്ലാം ഇടയ്ക്ക് കേറി പരിശോധിക്കുന്നത് കാണാമായിരുന്നു. പ്രസവശേഷം ആശുപത്രിയില്‍ നിന്നും ആ കുഞ്ഞുമാലാഖയുമായി പടികയറിയെത്തിയ ചേച്ചിയെ ഞങ്ങളെപ്പോലെത്തന്നെ കുഞ്ഞിയും അവളുടേതായ മ്യാവൂ വിളികളോടെ ആനയിച്ചു കേറ്റി.
പിന്നീടങ്ങോട്ട് സന്തോഷം തിരതല്ലുന്ന ദിനങ്ങള്‍ ആയിരുന്നു. കുഞ്ഞിമോളും കുഞ്ഞിയും ഞങ്ങള്‍ടെ കൌതുകമായിത്തന്നെ തുടര്‍ന്നു. ചേച്ചിയും മോളും കിടന്നിരുന്ന അകത്തേയ്ക്ക്, അവര്‍ക്കലോസരമായി ഒരു എത്തിനോട്ടം പോലും കുഞ്ഞി നടത്തിയിരുന്നില്ല എന്നത് എല്ലാര്‍ക്കുമൊരു അത്ഭുതം തന്നെയായിരുന്നു. ഞാന്‍ എടുത്തോണ്ടുപോയി അവള്‍ക്ക് മോളെ ഇടയ്ക്ക് കാണിച്ചുകൊടുക്കുമായിരുന്നു. മിക്കവാറും മോള് ഉറക്കത്തില്‍ത്തന്നെ ആയിരിയ്ക്കും എന്നുള്ളോണ്ട് അവിടെ പകല്‍ ഒന്നും ലൈറ്റും ഇടാറില്ലായിരുന്നു. ഒരു ദിവസം ലൈറ്റ് ഇട്ടിരുന്ന നേരം ഞാന്‍ ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്തോ കണ്ട്, അവള്‍ എന്‍റെ കൈയില്‍ നിന്നും നിലത്തേയ്ക്ക് എടുത്തൊരു ചാട്ടം. ഇതുകണ്ട് അവളെങ്ങാന്‍ കിടക്കയിലേയ്ക്ക് കേറിയാലോ എന്ന ശങ്കയാല്‍ ചേച്ചി അന്നാദ്യമായി പറഞ്ഞു, "ഈ നശിച്ച പൂച്ച, വല്ല്യ ശല്ല്യമായല്ലോ ഇതിനെക്കൊണ്ട്..." ഒരു നിമിഷം ഇടറിപ്പോയ ഞാന്‍ കുഞ്ഞിയെ എടുത്ത് വേഗം പുറത്തേയ്ക്ക് നടന്നു. അതില്‍പ്പിന്നെ ചേച്ചിക്ക് കുഞ്ഞിയെ കാണുമ്പോള്‍ത്തന്നെ ദേഷ്യവും വരുമായിരുന്നു. ചേട്ടന്‍ ലീവില്‍ വരാന്‍ നേരം, കുട്ടിയുള്ള വീട്ടില്‍ കുഞ്ഞിയെക്കണ്ടാല്‍ പ്രശ്നമാകും, എന്നുള്ള സ്വാഭാവികമായ ഒരു ആശങ്കയും ആ ദേഷ്യത്തിനു പുറകില്‍ ഉണ്ടായിരുന്നു. അമ്മയോട് ഞാന്‍ വിഷമത്തോടെ പറയുമായിരുന്നു, "ഇവളായിരുന്നു നമ്മടെ ആദ്യത്തെ കുഞ്ഞ്, ഇപ്പൊ ചേച്ചിക്ക് പോലും കുഞ്ഞിയെ വേണ്ടാതായിത്തൊടങ്ങിയിരിയ്ക്കുന്നു....."
ഒരുനാള്‍ വൈകീട്ട് ജോലി കഴിഞ്ഞെത്തിയ എന്‍റെ, കാല് നക്കിത്തോര്‍ത്താന്‍ പതിവുപോലെ കുഞ്ഞിയെക്കാണാഞ്ഞു ഞാനമ്മയോട് അവളെവിടേന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു, "പൊറത്താക്കി വാതില്‍ അടച്ചേക്കാ, ഈയാംപാറ്റ ഉള്ളോണ്ട് അവളിവിടെ ഒക്കെ ഓടിനടക്കുണു, കാലു തടഞ്ഞിട്ടു വയ്യാ....." എല്ലാര്‍ക്കും അവളൊരു ശല്ല്യമായി-ല്ലേ എന്ന്‍ ചോദിച്ചപ്പോള്‍, "മിക്കവാറും നമുക്കിവളെ എവിടേലും കൊണ്ടു കളയേണ്ടി വരും, അപ്പൊ എന്താ ചെയ്യാ..." എന്ന ഒരു ആശങ്കയും അമ്മ അന്ന് പങ്കുവച്ചു. ഈയാംപാറ്റകള്‍ ഒടുങ്ങിയപ്പോള്‍ കുഞ്ഞിക്ക് പ്രവേശനം അനുവദിച്ചെങ്കിലും, "എല്ലാരടേം മനസ്സില്‍ കുഞ്ഞീടെ ചിത്രം മാറുകയാണല്ലോ" എന്നോര്‍ത്ത് അന്ന്‍ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.
അങ്ങനെ ദിനങ്ങള്‍ നീങ്ങുംതോറും കുഞ്ഞിയുടെ ഒറ്റപ്പെടലിന് കൂടുതല്‍ക്കൂടുതല്‍ വ്യക്തത വന്നുതുടങ്ങി....
പിന്നെ അക്കൊല്ലത്തെ തൃശൂര്‍ പൂരത്തിന്‍റെ അന്നായിരുന്നു അത് സംഭവിയ്ക്കുന്നത്. പൂരമായതിനാല്‍ അന്നെനിക്ക് ജോലി ഉണ്ടായിരുന്നില്ല. മോളുടെ പകലുറക്കസമയത്ത് തളത്തില്‍ നിലത്ത് റബ്ബര്‍ഷീറ്റ് വിരിച്ച് അവളെ അതില്‍ക്കിടത്തി, മേലെ ഒരു നെറ്റ് വച്ച് കൊടുത്തിരുന്നു. ചേച്ചി എന്തോ ആവശ്യത്തിന്‌ വീടിനു പിന്നിലേയ്ക്കും പോയിരുന്നു. സാധാരണ കുഞ്ഞി അങ്ങനൊന്നും മോളുടെ അടുത്തേയ്ക്ക് പോകാറില്ലായിരുന്നു, പക്ഷെ അന്നെന്തുകൊണ്ടോ മോളുടെ കാല്‍ ഉറക്കത്തില്‍ ഞെട്ടി അനങ്ങിയപ്പോള്‍ അതിനെപ്പിടിക്കാനെന്നോണം കുഞ്ഞി ആയുന്നതു കണ്ട്, ഞാന്‍ കുതിച്ചോടിച്ചെന്നു അവളെ ഒറ്റയടി. ഭയന്ന അവള്‍ ഇറങ്ങിയോടി. താലോലിച്ച കൈ കൊണ്ടു തന്നെ ആദ്യമായി ആ ശരീരത്തില്‍ ഞാനേല്പ്പിച്ച താഢനം എനിക്കു തന്നെയല്ലേ സത്യത്തില്‍ കൊണ്ടത്..... മനംനൊന്ത് ഞാന്‍ അവളെ ഒരുപാടു തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അന്നു പകല്‍ മുഴുവന്‍ അവള്‍ അദൃശ്യയായിരുന്നു. വൈകീട്ട് പിന്നാമ്പുറത്തു ചെന്നപ്പോള്‍ മുറ്റത്തെ തെങ്ങിന്‍ചുവട്ടിലായി എന്നെ ദയനീയമായി ഉറ്റുനോക്കി, പരിഭവമറിയിച്ചു കൊണ്ട് അവളിരുന്നു വിതുമ്പുന്നു. അതുകണ്ട് സഹിക്കവയ്യാതെ ഞാനവളെ മടിയില്‍ എടുത്ത് വച്ച് വിഷമത്തോടെ പറഞ്ഞു.... "കുഞ്ഞീ, നീയെനിക്ക് ഒരു അധികപ്പറ്റാവുകയാണോ മോളേ, നീയെന്തിനാ അങ്ങനെ ചെയ്യാന്‍ പോയേ, നിന്നെ ഇനി വിശ്വസിയ്ക്കാന്‍ എനിക്ക് കഴിയാതെ വര്വോ...." പറഞ്ഞത് മനസ്സിലായെന്നോണം അവള്‍ സ്വതസിദ്ധമായ കണ്ണിറുക്കലിലൂടെ ഒന്ന് മൂളി.... "മ്യാവൂ"...
രാത്രി പൂരത്തിന് പോവാന്‍ തുടങ്ങുകയായിരുന്ന എന്നെ അടുത്ത വീട്ടിലെ ചേട്ടന്‍ വന്നു വിളിച്ചു, "ഡാ, ഒന്നിങ്ങു വന്നേ, ഒരു കാര്യം പറയട്ടെ..." വിഷയമാരാഞ്ഞ എന്നോടങ്ങേരു പറഞ്ഞു, "നിങ്ങള്‍ടെ പൂച്ചയാന്നു തോന്നുണു അവിടെ റോഡില്‍ ചത്ത്‌ കെടക്ക്‌ണ്ട്, നീയൊന്നു നോക്ക്യേ..." ഒരു നിമിഷം ചങ്ക് തകര്‍ന്ന ഞാന്‍ അവിടെത്തുന്നതു വരെ "അത് അവളായിരിയ്ക്കരുതേ, എന്‍റീശ്വരാ" എന്ന്‍ മനസ്സില്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു. പക്ഷെ ദൈവം അന്നാ വിളി കേട്ടില്ലായിരുന്നു, ഏതോ വണ്ടി കയറി തല തകര്‍ന്ന്‍ ചോരയൊലിപ്പിച്ച് കെടന്നിരുന്ന എന്‍റെ കുഞ്ഞിയെ ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു. എന്‍റെ ശരീരം തളരുന്നപോലെ തോന്നി എനിക്ക്... ചേട്ടന്‍ പറഞ്ഞു, "ഡാ, നീയിങ്ങനെ നിക്കാണ്ട് അതിനെ ഒരു കുഴിയെടുത്ത് മൂടാന്‍ നോക്ക്യേന്‍..." ഞാനങ്ങേരെ ദയനീയമായൊന്ന് നോക്കി, എന്‍റെ മനസ്സിന്‍റെ വിങ്ങല്‍ അങ്ങേരെവിടെ കാണാന്‍. എന്നെയന്വേഷിച്ചു പുറകെ വന്ന അമ്മ ഒന്നേ നോക്കിയുള്ളൂ, ഹൃദയം തകര്‍ന്ന ഒരു പൊട്ടിക്കരച്ചിലായിരുന്നു പിന്നെ, "എന്‍റെ മോള് പോയല്ലോ ദൈവമേ"- ന്നും പറഞ്ഞ്... അമ്മയെ സമാധാനിപ്പിച്ച് വീട്ടിലാക്കിയ ശേഷം, ഞാനും ആ ചേട്ടനും ചേര്‍ന്ന്‍ അവളെ മറവുചെയ്യുകയായിരുന്നു.
സഹിക്കാവുന്നതിലും അപ്പുറമായിരുന്നു കുഞ്ഞിയുടെ വേര്‍പാട്, ഞങ്ങള്‍ക്കെല്ലാര്‍ക്കും. മറ്റെല്ലാരില്‍ നിന്നും ഒറ്റപ്പെട്ടിട്ടും പിടിച്ചുനിന്ന അവള്‍ക്ക് എന്നിലെ മാറ്റം താങ്ങാനായിട്ടുണ്ടാവില്ല, അതായിരിയ്ക്കും അന്ന് റോഡു മുറിച്ചുകടക്കാന്‍ നേരം ആദ്യമായും അവസാനമായും അവള്‍ക്ക് കണക്കുകൂട്ടല്‍ പിഴച്ചത്. എന്തായാലും ഞങ്ങള്‍ക്കാര്‍ക്കുമൊരു ബാദ്ധ്യതയാവാന്‍ നില്‍ക്കാതെ പരാതികളും പരിഭവങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് അവള്‍ ചേക്കേറി. മറ്റൊരാശ്ചര്യം എന്താച്ചാല്‍, അവളുടെ കൂടപ്പിറപ്പുകള്‍ മൂന്നുപേരും ഇതിനോടടുത്തടുത്ത ദിവസങ്ങളില്‍ അവളെ അനുഗമിച്ചു എന്നതാണ്. രണ്ടുപേര്‍ അവളെപ്പോലെത്തന്നെ വണ്ടി തട്ടിയും മറ്റൊന്ന്‍ വേറെ ഏതോ രീതിയിലും.
എന്തോ ഒരു നിയോഗം പോലെ ആയിരുന്നു ഞങ്ങള്‍ടെ ജീവിതത്തിലേക്കുള്ള കുഞ്ഞിയുടെ വരവും, അകാലത്തിലുള്ള ആ തിരിച്ചുപോക്കും..... വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ കാര്യം പറഞ്ഞാല്‍ ഇപ്പോഴും അമ്മ വിതുമ്പുന്നതു കാണാം. എന്നെപ്പോലെ എടുത്തുവച്ചു പുന്നാരിച്ചിരുന്നില്ലെങ്കിലും, അമ്മയ്ക്കവള്‍ ആരായിരുന്നു എന്ന്‍ മനസ്സിലാക്കാന്‍ അത് ധാരാളം മതിയാകും.
(കൃഷ്ണകുമാര്‍ ചെറാട്ട്)

സോറി, കൊഴപ്പോന്നും പറ്റീല്ലല്ലോ !!


സോറി, കൊഴപ്പോന്നും പറ്റീല്ലല്ലോ !!
എട്ടാം ക്ലാസ്സിനു ശേഷമുള്ള വേനലവധിക്കാലത്ത് സൈക്കിള്‍ ചവിട്ട് പഠിയ്ക്കണമെന്ന മോഹമങ്ങു കലശലായി. ആ മോഹം കൊണ്ടെത്തിച്ചതോ അമ്മായീടെ മകന്‍റെ "ഹീറോ പോലെയുള്ള" ഒരു സൈക്കിളിലും. അനേകം തവണ രൂപമാറ്റം നടത്തിയിട്ടുള്ളതിനാല്‍ ഹീറോ സൈക്കിള്‍ക്കമ്പനിക്കു പോലും, അത് സ്വന്തം ഉത്പന്നമെന്ന്‍ തിരിച്ചറിയുക പ്രയാസം. ആ വിദ്യ പഠിയ്ക്ക്വേം വേണം, എന്നാല്‍ പഠിയ്ക്കുന്നതാരും കാണാനും പാടില്ല, എന്നൊരു രഹസ്യ അജണ്ട (ബ്ലഡി നാണം) ഉള്ളിലുള്ളതിനാല്‍ റോഡില്‍ ആരുടെയും നടമാട്ടം ഇല്ലാത്ത "നട്ടുച്ച" നേരമാണ് പരിശീലത്തിനു തെരഞ്ഞെടുത്തത്. പരിശീലകന്‍ ഇല്ലാത്തതിനാല്‍ ബാലന്‍സ്‌ കിട്ടാനൊരുപാടു സമയമെടുത്തെങ്കിലും, ദിവസങ്ങള്‍ക്കൊണ്ട് ഒരു വിധം "സീറ്റിനു മുന്നിലായുള്ള തണ്ട്"-ല്‍ ഇരുന്ന് ചവിട്ടാമെന്നായി. പൊക്കക്കൊറവില്ലായ്മക്കൊറവ് വേണ്ടോളമുണ്ടായിരുന്നതിനാല്‍, ഈ തണ്ടിലിരുന്നാല്‍ പോലും നിലത്തേയ്ക്ക് കാലെത്തുന്ന കാര്യം ശൂന്യ ശൂന്യഹ. അതിനാല്‍ത്തന്നെ റോഡ്‌ സൈഡിലെ സര്‍വ്വേക്കല്ലോ അല്ലെങ്കില്‍ അത് പോലെ പൊക്കമുള്ള എന്തേലുമോ റഫറന്‍സ് പോയിന്റ് ആക്കി ഏന്തിവലിഞ്ഞിട്ടാണെങ്കിലും ആ ചവിട്ടല്‍ തുടര്‍ന്നു.
ഈ പ്രവൃത്തി പരിചയം വച്ച് ഒരിക്കല്‍ അമ്മവീട്ടില്‍ പോയപ്പോള്‍ അമ്മാവന്‍റെ സൈക്കിള്‍, അനുവാദമില്ലാതെ എടുത്തങ്ങ് ചവിട്ടി. പരിചയമില്ലാത്ത വഴിയായതിനാല്‍ കാലുകുത്താന്‍ പറ്റിയ ഒരു സര്‍വ്വേക്കല്ല് തേടിയലഞ്ഞു തളര്‍ന്നപ്പോള്‍ ദാ ഒരു കല്ല്‌, ശ്രീരാമന്‍റെ പാദസ്പര്‍ശത്തിനായി കാത്തുകിടക്കുന്ന അഹല്ല്യയേപ്പോല്‍, കണ്മുന്നില്‍. ഒറ്റക്കുതിപ്പിന് കല്ലിനരികിലെത്തി, കാലുകുത്തിയത് മാത്രം ഓര്‍മ്മേണ്ട്... അലറിക്കരഞ്ഞ് കെട്ടിമറിഞ്ഞു വീഴുകയായിരുന്നു മ്മടെ ശ്രീരാമന്‍. ഏതോ സാമദ്രോഹി ആ സര്‍വ്വേക്കല്ലിന്‍റെ പുറത്തൊരു മുട്ടന്‍ മുള്ള് വച്ചിരുന്നു, അത് കാലില്‍ തറഞ്ഞു കേറിയതായിരുന്നു. ചെരിപ്പിടീലൊന്നും അന്നില്ലായിരുന്നൂന്ന് പ്രത്യേകം പറയേണ്ടല്ലോ. ചുറ്റും നോക്കി, ഭാഗ്യം !! ആരും കണ്ടില്ല... പിന്നെ ആ മുള്ളൂരിക്കളഞ്ഞ് അതവിടെ വച്ചവന്‍റെ പിതാവിനെ മനസ്സില്‍ സ്മരിച്ച്, പിന്നേം കസര്‍ത്ത്. ചെറിയമ്മേടെ വീട്ടിലേയ്ക്കിറങ്ങുന്ന വഴിയില്‍ വര്‍ത്തമാനം പറഞ്ഞു നിന്നിരുന്ന ഏതോ രണ്ടുപേര്‍ക്കിടയില്‍ ഇടിച്ചുകേറി, അതിലൊരാളുടെ നെഞ്ചത്തോട്ട് വീണതോടെ സംഭവം ക്ലീന്‍. ഏറെ വൈകാതെത്തന്നെ, അനന്തരവന്‍ ആളെക്കൊല്ലാന്‍ നടക്ക്വാന്നുള്ള ആ വാര്‍ത്ത, ഇടിത്തീ പോലെ അമ്മാവന്‍റെ കാതിലുമെത്തി, അതോടെ ആ സൈക്കിള്‍ കിട്ടില്ലെന്നുറപ്പായി. സൈക്കിള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച്‍, അമ്മവീട്ടിലെ പൊറുതി മതിയാക്കി തിരിച്ചു പോരുകയായിരുന്നു.
പിന്നെ വീണ്ടും മ്മടെ ഹീറോ സൈക്കിളില്‍ യജ്ഞം തുടര്‍ന്നു. ഞങ്ങളുടെതന്നു നാട്ടുവഴിയായിരുന്നു, ഇടയ്ക്ക് കാളവണ്ടിയൊക്കെ പോയിരുന്ന ഒരു മണ്‍പാത. കാളവണ്ടി ഒരിക്കല്‍ കടന്നുപോയാല്‍ അതിന്‍റെ ചക്രത്തിന്‍റെ ആഴത്തിലുള്ള പാട്, ഒരു ചാലു പോലെ ദിവസങ്ങളോളം കിടക്കുമല്ലോ. അങ്ങനെ ചാലു രൂപപ്പെട്ടു കിടന്നിരുന്ന ഒരു നാള്‍, സൈക്കിളില്‍ കേറിയുള്ള ഈ കസര്‍ത്തിനിടയില്‍ ദേ ഒരു മീന്‍കാരന്‍ എതിരെ വരുന്നു. അയാള് തന്‍റെ സൈക്കിള്‍ തള്ളിക്കൊണ്ടാണ് വന്നിരുന്നത്, എന്നാല്‍പ്പോലും ഒരാളെ എതിരേക്കണ്ടതിന്‍റെ ടെന്‍ഷനില്‍ കൈവിറച്ച്, മേല്‍പ്പറഞ്ഞ ചാലില്‍ സൈക്കിളിന്‍റെ മുന്‍ചക്രം കുരുങ്ങി ദാ കെടക്ക്‌ണു. അവിടന്ന്‍ തട്ടിപ്പെടഞ്ഞെണീറ്റ ശേഷം, വീഴുന്നത് കണ്ടുനിന്ന അയാളോടന്ന് "സോറി, കൊഴപ്പോന്നും പറ്റീല്ലല്ലോ" എന്ന് ചോദിച്ചതിന്‍റെ ലോജിക് എന്തായിരുന്നോ എന്തോ...
(കൃഷ്ണകുമാര്‍ ചെറാട്ട്)

കത്തുന്ന റേഡിയോ !!


അച്ഛന്‍ ഇലക്ട്രീഷ്യന്‍ ആയിരുന്നത് മാത്രമാണ് ഇലക്ട്രിക്കല്‍ ഐഛികവിഷയമായി എടുത്തുപഠിയ്ക്കാന്‍ (പഠിയ്ക്കല്‍ ഇല്ലായിരുന്നതിനാല്‍ "എടുത്തു" എന്നേ പറയാന്‍ പറ്റൂ, എങ്കിലും ഒരാശ്വാസത്തിന്) പ്രേരണയായത്. അതിനാല്‍ ഇപ്പോഴും കഞ്ഞി കുടിച്ച് പോണൂട്ടോ !!
പോളിടെക്നിക്കില്‍ പോകുന്ന കാലത്ത്, ഒഴിവുദിവസങ്ങളില്‍ അച്ഛനെ സഹായിയ്ക്കല്‍ എന്ന പേരില്‍ നടത്തിയിരുന്ന "ഉപദ്രവങ്ങള്‍" അച്ഛന്‍ മറന്നോ എന്തോ ?? ആവശ്യമുള്ള വയറിന്‍റെ നീളം നോക്കാന്‍ പറഞ്ഞതിന് കൈ കൊണ്ട് അളവെടുത്തതും, ചോദിച്ചപ്പോള്‍ രണ്ട് കൈയും നീട്ടിപ്പിടിച്ച് "ദേ ഇത്രേം വരും" എന്നു പറഞ്ഞതും, ലൈറ്റ് പോയിന്‍റില്‍ ടെമ്പററി ആയി ടേപ്പ് ഒട്ടിയ്ക്കാന്‍ പറഞ്ഞതിന് ഫേസും ന്യൂട്രലും ചേര്‍ത്തുവച്ച് ടേപ്പ് ചെയ്തതും ഒക്കെ അച്ഛന്‍ എങ്ങനെ മറക്കാനാണ് !! പിന്നൊരിക്കല്‍ ഒരു വീട് വയറിംഗ് ചെയ്യുന്നതിനിടയില്‍ അച്ഛന്‍ ചോദിച്ചു, "ഡിസ്ട്രിബ്യൂഷന്‍ പോയിന്‍റില്‍ നിന്നും ഈ മുറിയിലേയ്ക്കൊരു ലൈറ്റ് പോയിന്‍റ് വിത്ത്‌ സ്വിച്ചിന് വയര്‍ ഇടണം, അതിനെത്ര വയര്‍ അവിടന്ന് കൊണ്ടുവരണം"-ന്ന്. നിന്നും ഇരുന്നും ഒക്കെ ആലോചിച്ചു, ഒടുക്കം പത്തുമിനിറ്റ് കഴിഞ്ഞപ്പോ സഹികെട്ട അച്ഛന്‍..."നീയെന്താ ഇതിനുംമാത്രം ഈ ആലോചിക്കണേ, വല്ല്യ പോളിടെക്നിക്കിലൊക്കെ പോണതല്ലേ... ഹേയ്, ഇത് നേരെയാവുംന്ന് തോന്നണില്ലാ"... എന്ന്‍ പറഞ്ഞു. "ഒരു ഐടിഐ കാരന് പോളിടെക്നിക് കാരനോട് സ്വാഭാവികമായും തോന്നുന്ന ഇന്‍ഫീരിയോരിറ്റി കോംപ്ലെക്സ്" എന്നേ കരുതിയുള്ളൂ, ചോദ്യം കേട്ട് പകച്ചു പോയ എന്നിലെ ബാല്യം !! അങ്ങനെ കൊച്ചു കൊച്ച് ഉപദ്രവങ്ങള്‍ കൊറേയുണ്ട്.
ഇന്നും സ്വന്തം വീട്ടിലെ വയറിംഗ് പോലും അന്യമാണ്, എങ്കിലും വേറെ ചില പോളിടെക്നിക് കാരുടെ പതനത്തിന്‍റെ കഥകള്‍ കേള്‍ക്കുന്നത് മനസ്സിനും കാതിനും തെല്ലൊന്നുമല്ല കുളിര്‍മ്മയേകുന്നത്. അത്തരത്തില്‍, കേട്ടുകേള്‍വി മാത്രമുള്ള ഒരു സംഭവം ദാ ഇങ്ങനെ....
വീടിനടുത്ത് പോളിടെക്നിക് പാസായ ഒരാള്‍, അങ്ങേരുടെ തന്നെ ഒരു ബന്ധുവിന്‍റെ വീട് വയറിംഗ് ചെയ്തു. നാളുകള്‍ക്ക് ശേഷം ഒരു രാത്രിയില്‍ പവര്‍കട്ട് സമയത്ത് എല്ലാ വീട്ടിലും കറന്‍റ് പോയി, കൂട്ടത്തില്‍ പ്രസ്തുത വീട്ടിലും. അരമണിക്കൂര്‍ കഴിഞ്ഞ് കറന്‍റ് വന്ന് എല്ലാ വീട്ടിലും ലൈറ്റുകള്‍ കത്തിയപ്പോള്‍, ആ വീട്ടില്‍ മാത്രം ലൈറ്റുകളൊട്ട് കത്തിയതുമില്ലാ, പോരാഞ്ഞിട്ടോ റേഡിയോ നിന്നങ്ങനെ കത്തുന്നു. പിന്നെ ആകെ ഒരു ചീറ്റലും പോകയും ഒക്കെ ആയി മൊത്തത്തില്‍ സപ്ലൈ അങ്ങ് പോയി. പിന്നീട് അച്ഛന്‍ പോയിട്ടാണ് അത് നേരെയാക്കീത്, എന്നാണ് കേട്ടിട്ടുള്ളത്.
അച്ഛനീ പോളിടെക്നിക്കിലൊന്നും പോവാത്തോണ്ടാണോ എന്തോ, ചെയ്തിരുന്ന പണികളൊന്നും തന്നെ, പിഴച്ചിരുന്നില്ല.
(കൃഷ്ണകുമാര്‍ ചെറാട്ട്)

കൊടുത്താല്‍ കിണറ്റിന്‍കരേലും കിട്ടും !!


കുട്ടിക്കാലം മുഴുവനും കൂട്ടുകുടുംബത്തില്‍ ആയിരുന്നതിനാല്‍, ഒരുപിടി നല്ല ഓര്‍മ്മകള്‍ എന്നും ജീവിതത്തില്‍ കൂട്ടായിട്ടുണ്ട്. അമ്മവീട്ടില്‍ ആയിരുന്നു അധികവും. അമ്മൂമ്മ, മുത്തച്ഛന്‍, അമ്മാമന്‍, അമ്മായി, ചെറിയമ്മമാരും പിന്നെ ഞങ്ങളും; ഒക്കെയായൊരു ചെറിയ കുടുംബം. അമ്മാമന്റേം പിന്നെ ചെറിയമ്മേടേം മക്കളുമാര്‍ന്നു തരാതരത്തിലുള്ള കൂട്ട്. ഇതിനും പുറമേ അയല്‍പ്പക്കത്തെ കുട്ടികളും എല്ലാം കൂടി ഒരു ഓളം തന്ന്യാര്‍ന്നു. വേനലവധിക്കാലത്ത് പറമ്പില്‍ ഓലപ്പുരയുണ്ടാക്കിയും, ആട്ടിന്‍കൂട് ബസ്സാക്കിയും കളിക്കുന്നതു കൂടാതെ ക്രിക്കറ്റ്, പന്തുകളി, കിളിമാസ്, കവിടികളി, കല്ലുകളി, നൂറാങ്കോല്‍, ചീട്ടുകളി തുടങ്ങി അനേകം കളികള്‍ വേറെയും. ഇവയൊന്നും പോരാഞ്ഞ് തല്ലുകൊള്ളി കളികളും വേണ്ടുവോളം ഉണ്ടാര്‍ന്നു.
സന്ധ്യയ്ക്ക് അമ്മൂമ്മയോടൊന്നിച്ച് നാമം ചൊല്ലല്‍ അക്കാലത്ത് ഒരു പതിവായിരുന്നു. ഗുരുവായൂരില്‍ നിന്നും വാങ്ങിയ ഒരു നാമപുസ്തകവും, അച്ഛന്‍ എഴുതിയ നാമങ്ങളടങ്ങിയ ഒരു പുസ്തകവുമായിരുന്നു ഗുരുക്കള്‍. വേഗത്തില്‍ നാമം ചൊല്ലിത്തീര്‍ത്ത്, നാമം ചൊല്ലിക്കൊണ്ടിരിക്കുന്ന അമ്മൂമ്മേടെ മടിയില്‍ തല വച്ചു കിടക്കാനും അമ്മൂമ്മയെക്കൊണ്ട് തല മസ്സാജ് ചെയ്യിപ്പിക്കാനും ഒരു ഓട്ടമുണ്ട്. ചില ദിവസങ്ങളിലെ ഉറക്കവും അമ്മൂമ്മയോടൊത്തു തന്നെ. കുഴമ്പിന്‍റെയും എണ്ണയുടെയും ഒക്കെയൊരു ഗന്ധമായിരുന്നു അമ്മൂമ്മക്കെന്നും. ആ മണം ചൂഴ്ന്നു നിന്നിരുന്ന കരിമ്പടത്തിനു കീഴെ അമ്മൂമ്മയുടെ കരവലയത്തിലൊതുങ്ങിക്കിടന്നിരുന്ന ആ കാലത്തിന്‍റെ, ഓര്‍മ്മകള്‍ക്ക് തന്നെ ഉണ്ടൊരു സുഗന്ധം.
മിക്ക വേനല്‍ക്കാലങ്ങളിലും വീട്ടിലെ കിണറില്‍ നിന്നും ചേറെടുത്തു കളയുമായിരുന്നു. പറമ്പിന്‍റെ ഒരു ഭാഗത്തായിരിയ്ക്കും ആ വെളിയിലെടുത്ത ചേറ് മുഴുവന്‍ കൂട്ടിയിടുന്നത്. ആ ചേറില്‍ നിന്നും ശില്‍പ്പങ്ങളുണ്ടാക്കാനെന്ന മട്ടില്‍ അതില്‍ പൂഴ്ന്തുവിളയാടിയിരുന്ന ഞങ്ങളെ, ചൊറി വരും എന്നൊക്കെ പറഞ്ഞ് "അനാവശ്യ"മായി എല്ലാരും ശകാരിച്ചിരുന്നു. ഒരുനാള്‍ ഈ പതിവുപരിപാടി കണ്ടുവന്ന, വേറെന്തോ കാരണത്തില്‍ already അരിശം പൂണ്ടിരുന്ന അമ്മൂമ്മ, അന്ന്‍ ഞങ്ങളെ കൊറേ ചീത്ത വിളിച്ചു. അതില്‍ ദേഷ്യവും സങ്കടവും സഹിക്കവയ്യാഞ്ഞ് വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന്‍ ആരും കേള്‍ക്കുന്നില്ല എന്നുള്ള "അബദ്ധ"ധാരണയില്‍ നിഘണ്ടുവില്‍ ഉള്ള ചില വാക്കുകള്‍ അമ്മൂമ്മക്കെതിരെ മുഴക്കുകയും ചെയ്തു - ഒരാശ്വാസത്തിന്....
പതിവുപോലെ വൈകീട്ടത്തെ മേലുകഴുകല്‍ കലാപരിപാടിയ്ക്ക് കിണറ്റിന്‍കരയില്‍ വച്ച് അടുത്തുകിട്ടിയപ്പോള്‍ അമ്മേടെ വക പൊതിരെ തല്ല്, "ഇനി മൂത്തോരെപറ്റി വേണ്ടാതീനം പറയ്യോ....." അലറിക്കരച്ചിലിനിടയിലും അവ്യക്തമായി വിളിച്ചു പറഞ്ഞു, "ഇല്ലമ്മേ, ഇനി ചെയ്യില്ലാ".... തലവേദനയെടുത്ത് അകത്തു കിടന്നിരുന്ന അമ്മ കേട്ടുപോലും, അമ്മൂമ്മയെപ്പറ്റി വ്യാകരണപ്പിഴവില്ലാതെ നടത്തിയ ആ വാഗ്ധോരണി... അങ്ങനെ അന്ന് മനസ്സിലായി കൊടുത്താല്‍ പണി കിണറ്റിന്‍കരേലും കിട്ടുമെന്ന്.....
(കൃഷ്ണകുമാര്‍ ചെറാട്ട്)

സിം കാർഡ്


ഉച്ചയൂണും കഴിഞ്ഞ് ഉമ്മറക്കോലായിലെ ചാരുകസേരയില്‍ നീണ്ടുനിവര്‍ന്ന്‍ കിടന്നുകൊണ്ട് ഞാന്‍ അന്നത്തെ പത്രം നിവര്‍ത്തി വാര്‍ത്തകളിലൂടെ ഒന്നു കണ്ണോടിച്ചു. നഗരത്തില്‍ അടുത്തയിടെ കൊല്ലപ്പെട്ട വ്യവസായപ്രമുഖന്‍ നിരഞ്ജന്‍റെ കൊലയാളിയെ കേരളപോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നഗരത്തെ നടുക്കിയ കൊലക്കേസിലെ പ്രതിയെ കൊല നടന്നു ഒരാഴ്ച്ച തികയുംമുമ്പേ അതിസാഹസികമായി പോലീസ് പിടികൂടിയിരിയ്ക്കുന്നു. സമ്മതിയ്ക്കണം ഈ ബുദ്ധിരാക്ഷസന്മാരെ.... എന്നും പിറുപിറുത്തു ഞാന്‍ അടുത്ത വാര്‍ത്ത‍യിലേക്കും പിന്നെ ഇടയ്ക്കെപ്പോഴോ പതിവ് ഉറക്കത്തിലേക്കും കടന്നു. ഏതോ വാഹനത്തിന്‍റെ സൈറണടിയും ബ്രേക്കിംഗ് ശബ്ദവുമാണെന്നെ ഉണര്‍ത്തിയത്. കണ്ണു തുറന്ന ഞാന്‍ കണ്ടത് എന്‍റെ നേരെ പാഞ്ഞടുക്കുന്ന ഒരുപറ്റം കാക്കിധാരികളെയാണ്. ഞാനെന്തെങ്കിലും പറയുന്നതിനു മുന്നേ ഇന്‍സ്പെക്ടര്‍ "നീ ആള്‍ക്കാരെ കൊല്ലാന്‍ ക്വൊട്ടേഷന്‍ കൊടുക്കും അല്ലേടാ" എന്നാക്രോശിച്ചു എന്‍റെ ഷര്‍ട്ടില്‍ പിടിച്ചിഴച്ചു മുറ്റത്തേക്കിട്ടു. ഈ ബഹളങ്ങള്‍ കേട്ട് ഉമ്മറത്തേയ്ക്ക് ഓടിവന്ന എന്‍റെ ഭാര്യയും മക്കളും അലമുറയിട്ട് കരയാനും തുടങ്ങി. "സാര്‍, ഞാനാരേയും കൊല്ലിച്ചിട്ടില്ല, നിങ്ങള്‍ക്ക് ആളു മാറിയതാവും" എന്നെല്ലാം ഞാന്‍ പറയുന്നുണ്ട്, പക്ഷെ ആരു കേള്‍ക്കാന്‍. അയല്‍പക്കത്തുള്ളവരും മറ്റും ഓടിക്കൂടുമ്പോഴേയ്ക്കും എന്നെയും എടുത്തിട്ട് അവര്‍ അവിടന്ന് പോയിക്കഴിഞ്ഞിരുന്നു. സ്റ്റേഷനിലെത്തിയ പാടെ തുടങ്ങിയ "നടയടി" ഒടുവില്‍ എസ്.പി എത്തിയപ്പോളാണ് ഒന്ന്‍ നിര്‍ത്തിയത്. അദ്ദേഹം ഒരു നല്ല മനുഷ്യനായതിനാല്‍ എന്‍റെ ഒരു ചോദ്യത്തിനുത്തരം കിട്ടി. കുറച്ചു മുമ്പേ പത്രത്തില്‍ വായിച്ച ആ കൊലയാളി, മൊബൈല്‍ സിംകാര്‍ഡ് എടുത്തിരിയ്ക്കുന്നത്‌ എന്‍റെ ഐഡി പ്രൂഫ് വച്ചാണത്രേ. ഞാനാ ഓഫീസറുടെ കാലില്‍ വീണു കരഞ്ഞ് പറഞ്ഞു "സത്യായിട്ടും എനിക്കറിയില്ലാ സാര്‍, ഞാന്‍ നിരപരാധിയാണ്... എന്നെ രക്ഷിയ്ക്കണം സാര്‍".......... "ഓകെ, രക്ഷിയ്ക്കാം" എന്ന അദ്ദേഹത്തിന്‍റെ സ്വരം എനിക്ക് നല്ല പരിചയമുണ്ടല്ലോ എന്ന്‍ തിരിച്ചറിഞ്ഞ് തട്ടിപ്പിടഞ്ഞ് എണീറ്റ് നോക്കുമ്പോള്‍ ഓഫീസിലെ എന്‍റെ സഹപ്രവര്‍ത്തകരെല്ലാം ചുറ്റുംകൂടിയിരിയ്ക്കുന്നു. അന്ധാളിച്ചുപോയ എന്നോട് എന്‍റെ സുഹൃത്ത് "നാണമില്ലല്ലോടാ ഇങ്ങനെ ഓഫീസില്‍ കിടന്നു പോത്ത് പോലെ ഉറങ്ങി പിച്ചും പേയും പറയാന്‍".... അകമ്പടിയായിട്ട് എല്ലാരുടേം വക കൂവലും കിട്ടി. പറ്റിയ അമളി തിരിച്ചറിഞ്ഞ് ജാള്യതയോടെ ഓഫീസ് ഫയലുകളിലേയ്ക്ക് ഊളിയിട്ട എന്‍റെ മനസ്സില്‍ ഒരു ചോദ്യം ബാക്കി.... "എങ്ങനായിരിക്കും എന്‍റെ ഐഡി പ്രൂഫ് വച്ച് ആ കൊലയാളി, സിംകാര്‍ഡ് എടുത്തത്" !!!
(കൃഷ്ണകുമാര്‍ ചെറാട്ട്)

മൂന്നാംപക്കത്തെ തുമ്മല്‍ !!


വീട്ടില്‍ ടിവി ഇല്ലാതിരുന്ന സമയത്ത് ഞായറാഴ്ച്ചയിലെ ദൂരദര്‍ശന്‍ പരിപാടികള്‍ തൊട്ടയല്‍പ്പക്കത്തെ വീട്ടില്‍ പോയാണ് കണ്ടിരുന്നത്. ആ ചുറ്റുവട്ടത്തുള്ള ഒരു മാതിരി പേരൊക്കെ അവിടെ സന്നിഹിതരായിരിയ്ക്കും, എല്ലാരും ചേര്‍ന്ന് ഒരാഘോഷമായിത്തന്നായിരുന്നു ആ ടിവി കാണല്‍. കാര്‍ട്ടൂണ്‍ ഷോ ഒക്കെ നിറഞ്ഞ സദസ്സില്‍ ഓടുമായിരുന്നു. ആവേശം മൂത്ത്, മൂകര്‍ക്കും ബധിരര്‍ക്കും ഉള്ള വാര്‍ത്ത വരെ വിടാതെ കാണുമായിരുന്ന ആ സുന്ദരദിനങ്ങള്‍. രാമായണം/ മഹാഭാരതം, ചന്ത്രകാന്ത, ഹീമാന്‍, മന്ത്രവാദക്കഥകള്‍, ഉച്ചക്കലത്തെ അവാര്‍ഡ് സിനിമ, വിക്രമാദിത്യന്‍, വൈകീട്ടത്തെ മലയാളം സിനിമ അങ്ങനങ്ങനെ ഒരു നീണ്ട നിര. ഏതാണ്ട് ഞായറാഴ്ച്ച ദിവസം ആ വീട്ടുകാര്‍ക്ക് ഞങ്ങളെയൊക്കെ ദത്ത് കൊടുത്ത മാതിരി.
ആ വീട്ടില്‍ ഒരു അമ്മൂമ്മയുണ്ടായിരുന്നു, അവര്‍ക്കാകട്ടെ തീരെ ചെവിയും കേള്‍ക്കുമായിരുന്നില്ല. അതിനാല്‍ത്തന്നെ വളരെ ഉച്ചത്തിലാണവരുടെ സംസാരവും മറ്റും. കൂട്ടത്തില്‍, വെറുതെ ഇങ്ങനെ ചവച്ചുകൊണ്ടിരിയ്ക്കുന്ന ഒരു പ്രകൃതവും ഉണ്ടാര്‍ന്നതായാണ് ഓര്‍മ്മ. അവരുടെ തുമ്മലാവട്ടെ അനന്യസാധാരണമായ ഒരു ഉച്ചസ്ഥായിയിലും. വാക്കുകളിലൂടെ ആ ശബ്ദത്തെ അവതരിപ്പിക്കുക പ്രയാസം, കര്‍ണ്ണകഠോരം എന്നൊക്കെ പറഞ്ഞാല്‍ അത് കുറഞ്ഞുപോകും..... അവരുടെ വീട്ടില്‍നിന്നും ആ ശബ്ദമിറങ്ങി, ഞങ്ങള്‍ടെ പറമ്പും കടന്നിങ്ങ് വീട്ടിലെത്തി ഞങ്ങളെ ഇടയ്ക്ക് ഞെട്ടിയ്ക്കാറുണ്ട് എന്ന് പറഞ്ഞാല്‍ ഊഹിക്കാമല്ലോ.
അങ്ങനെ ഒരു ഞായറാഴ്ചയില്‍, അന്ന് പദ്മരാജന്‍ ചിത്രമായിരുന്നു, "മൂന്നാം പക്കം". നല്ല സിനിമയായതിനാല്‍ തന്നെ പതിവില്‍ക്കവിഞ്ഞ കാണികളുമുണ്ടായിരുന്നു. തുടക്കത്തിലെ സന്തോഷവും തമാശകളും നിറഞ്ഞ സീനുകള്‍ക്കൊടുവില്‍, ജയറാമിനെ തിരകള്‍ കവര്‍ന്നതിനു ശേഷമുള്ള കരളുലയ്ക്കുന്ന രംഗങ്ങളാണിപ്പോള്‍ സ്ക്രീനില്‍. കടലെടുത്ത ആളുടെ ശവം മൂന്നാം പക്കം തിരികെ തരുമെന്ന കടലിന്‍റെ സമ്പ്രദായം, പ്രമേയമായെടുത്ത ചിത്രം. പോരാഞ്ഞിട്ട് സംവിധായകരുടെ തന്നെ കുലപതിയായ പദ്മരാജന്റെ ചിത്രം. ഇക്കാരണങ്ങളെക്കൊണ്ട് തന്നെ എല്ലാരും വളരേ നിശ്ശബ്ദമായി, സശ്രദ്ധം ഉറ്റുനോക്കുകയാണ്. ഇപ്പോള്‍ രംഗത്ത് ജഗതി ശ്രീകുമാര്‍ വളരെ ദുഃഖാര്‍ത്തനായി ഓടിവന്ന് തിലകനെ, "കടപ്പുറത്ത് ഒരു ശവമടിഞ്ഞിരിയ്ക്കുന്നു"വെന്ന വിവരം ധരിപ്പിക്കുന്നതാണ്. മൂകത തളംകെട്ടി നിന്നിരുന്ന ആ വീടിന്റെ, അകത്തളം പൊട്ടുമാറുച്ചത്തില്‍ അവിടെ ഒരു ഭീകരദ്ധ്വനി മുഴങ്ങി. എല്ലാരും അക്ഷരാര്‍ത്ഥത്തിലും അല്ലാതെയും നടുങ്ങിത്തെറിച്ചു. ഭയത്തില്‍ ചില കുട്ടികള്‍ പുറത്തേയ്ക്കോടുവാനാഞ്ഞു, പക്ഷെ അടഞ്ഞ വാതിലില്‍ ഇടിച്ചു വീണു. പുറകിലായിരുന്നവര്‍ രക്ഷപ്പെടാനെന്നോണം ജന്നല്‍ക്കമ്പിയിലും മറ്റും പിടുത്തമിട്ടു. പിന്നെയാണ് മനസ്സിലായത്, ആ അമ്മൂമ്മ തുമ്മിയതാണെന്ന്.
എല്ലാരും പരസ്പരം അടക്കം പറഞ്ഞു, "ഈ തള്ള ഇപ്പൊ മനുഷ്യനെ പേടിപ്പിച്ചു കൊന്നേനെ ല്ലോ !!". അവരാകട്ടെ അതൊന്നും അറിഞ്ഞതേയില്ല. തുമ്മലും കഴിഞ്ഞ് സ്വതസിദ്ധമായ ആ ചവയ്ക്കലിലേക്കും അവരപ്പോള്‍ കടന്നിരുന്നു.
(കൃഷ്ണകുമാര്‍ ചെറാട്ട്)

ഉമിനീരിന്റെ മരണഗന്ധം


ഏറെ നാളായി തെളിയിയ്ക്കപ്പെടാതെ കിടന്നിരുന്ന ഡോക്ടര്‍ വേണുവിന്‍റെ ദുരൂഹമരണം പുകമറ നീക്കി പുറത്തുവന്നിരിക്കുന്നു. പലവഴിക്ക് തകൃതിയായി നടന്ന പോലീസ് അന്വേഷണത്തിനൊടുവില്‍ ആത്മഹത്യയാണെന്ന് വിധിയെഴുതിയ ആ കേസ്, കരുതിക്കൂട്ടിയ ഒരു കൊലപാതകം തന്നെയാണെന്ന് കേസേറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ, ക്രൈംബ്രാഞ്ച് എസ്.പി. ചന്ദ്രശേഖരന്‍ കണ്ടുപിടിച്ചിരുന്നുവത്രേ.
ഡോക്ടര്‍ വേണു തന്‍റെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണകാരണം, മാരകമായ പൊട്ടാസ്യം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നായിരുന്നു. എന്നാല്‍ ആ മുറിയില്‍ വച്ച് സയനൈഡുപയോഗിച്ചത്തിന്‍റെതായിട്ട് യാതൊരു വിധത്തിലുമുള്ള തെളിവുകളോ മറ്റോ പോലീസിനു ലഭിച്ചിരുന്നില്ല, അതായിരുന്നു തുടക്കം മുതലേ അവരെ കുഴക്കിയിരുന്നത്. എങ്കില്‍ത്തന്നെയും, Organic Synthesis-ല്‍ PhD എടുക്കുന്നതിന്‍റെ ഭാഗമായുള്ള തന്‍റെ റിസെര്‍ച്ചില്‍ കുറെനാളുകളായി ഡോക്ടര്‍ തിരക്കിലായിരുന്നു, എന്നദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നും തെളിഞ്ഞിരുന്നു. അത് മതിയായിരുന്നു, Organic compounds-ന്‍റെ construction-ന് വ്യാപകമായി ഉപയോഗിച്ചുവരുന്ന പൊട്ടാസ്യം സയനൈഡ് ഡോക്ടറുടെ കൈവശം എങ്ങനെ വന്നു എന്ന് വിധിയെഴുതുന്നതിന്. അങ്ങനെയായിരുന്നു, ഡോക്ടര്‍ വേണു ആത്മഹത്യ ചെയ്തതാണെന്ന ഒരു നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നതും കേസ് ധൃതി പിടിച്ച് ക്ലോസ് ചെയ്തതും.
എന്നാലദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനും, ആത്മസുഹൃത്തുമായ ഡോക്ടര്‍ പിഷാരടി, ഇതൊരു ആത്മഹത്യയല്ല, മറിച്ച് ഒരു കൊലപാതകമാണെന്ന് സംശയമുണ്ടെന്നും, നീതി ലഭിക്കണമെന്നും കാണിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുകയായിരുന്നു. അതിന്‍റെ ഫലമായാണ് കേസ് പുനരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് വിടാന്‍ കോടതി ഉത്തരവിടുന്നതും, ആ നിയോഗം ക്രൈംബ്രാഞ്ച് എസ്.പി. ചന്ദ്രശേഖരനില്‍ എത്തിപ്പെടുന്നതും. തുടക്കം മുതലേ വളരെ നിസ്സാരമായി കരുതിയിരുന്ന കുറച്ച് പോസ്റ്റല്‍ സ്റ്റാമ്പുകളും, സ്റ്റാമ്പൊട്ടിച്ച് അയയ്ക്കാന്‍ പാകത്തില്‍ ഉണ്ടായിരുന്ന ഒരു പോസ്റ്റല്‍ എന്‍വലപ്പും, വായിച്ചു മടക്കി വച്ച ഒരു പുസ്തകവും മാത്രമായിരുന്നു കേസ് തെളിയിയ്ക്കാന്‍ ചന്ദ്രശേഖരന് നിദാനമായത്. ഫോറന്‍സിക് ലാബ്‌ റിപ്പോര്‍ട്ട് പ്രകാരം പ്രസ്തുത വിഷം എന്‍വലപ്പിന്‍റെ ഒട്ടിയ്ക്കുന്ന വക്കിലും, സ്റ്റാമ്പുകളുടെ പിന്‍വശത്തും, പിന്നെ പുസ്തകത്തിന്‍റെ തുടര്‍ന്ന് വായിയ്ക്കാനുള്ള ഭാഗത്തെ വലത്തേ താളുകളുടെ വലത്തേ താഴത്തെ മൂലയിലും വളരെ വിദഗ്ധമായി പുരട്ടിപ്പിടിപ്പിച്ചിരുന്നു. എന്‍വലപ്പും സ്റ്റാമ്പും ഉമിനീരിന്‍റെ സഹായത്താല്‍ ഒട്ടിച്ച് മാത്രം ശീലമുണ്ടായിരുന്ന ഡോക്ടറെ മരണം പുല്‍കിയത് വളരെ സ്വാഭാവികം. ആ പദ്ധതി പരാജയപ്പെട്ടാല്‍ അടുത്ത ഓപ്ഷന്‍ ആര്‍ന്നു പുസ്തകതാളുകള്‍. വായിയ്ക്കുമ്പോള്‍ പേജുകള്‍ മറിയ്ക്കാന്‍ വിരല്‍ ഉമിനീരിനാല്‍ നനയ്ക്കുന്ന പ്രകൃതം ഉണ്ടായിരുന്ന ഡോക്ടറെ കുടുക്കാന്‍.
ഇതില്‍ നിന്നുമൊക്കെ തന്നെ, ഡോക്ടറെ വളരെ അടുത്തറിയാവുന്ന ഒരാള്‍ ആണ് കൊലപാതകി എന്ന നിഗമനത്തിലെത്താന്‍ ചന്ദ്രശേഖരന് തെല്ലും ആലോചിക്കേണ്ടിയും വന്നില്ല. അങ്ങനെ ഒടുക്കം അത് ഡോക്ടര്‍ വേണുവിന്‍റെ ദത്തുപുത്രനില്‍ ചെന്നെത്തുകയും ചെയ്തു. നിസ്സാരം ചില സ്വത്ത്‌ തര്‍ക്കങ്ങളായിരുന്നത്രേ അയാളെ ഇതിനു പ്രേരിപ്പിച്ചത്.
(കൃഷ്ണകുമാര്‍ ചെറാട്ട്)

ഒരു പടിയിറക്കം


തനിക്ക് പരിചയമില്ലാത്തവര്‍, ഡോക്ടറുടെ മുന്നില്‍ ഇരിക്കുന്നുണ്ടെന്ന് പോലും ഓര്‍ക്കാതെ അയാള്‍ വാവിട്ടുകരഞ്ഞു കൊണ്ട് പറഞ്ഞു,
"എന്താ സാര്‍, എപ്പോഴും ഇങ്ങനെ ?? എനിക്കേറെ പ്രിയപ്പെട്ടതെല്ലാം എന്നും നഷ്ടപ്പെടാണല്ലോ... എന്‍റെ കുടുംബം, ജോലി, കൂട്ടുകാര്‍ എല്ലാമെല്ലാം എന്നില്‍ നിന്നും തട്ടിപ്പറിച്ചു..... സാറിനറിയാമല്ലോ, കഴിഞ്ഞ കൊറേ വര്‍ഷങ്ങളായി ഇതാണെന്‍റെ ലോകം, ഇപ്പോഴിതാ ഇതും എന്നില്‍ നിന്ന് അടര്‍ത്തിമാറ്റുന്നു...." ഡോക്ടര്‍ പതിയെ കസേരയില്‍ നിന്നെഴുന്നേറ്റ് അയാള്‍ക്കരികില്‍ വന്ന്‍ ചുമലിലൂടെ കൈയിട്ട്, അയാളെ ചേര്‍ത്തുപിടിച്ചോണ്ട് അടക്കംപറഞ്ഞു, "എന്താ ഇത് മോഹന്‍, കൊച്ചുകുട്ടികളെപ്പോലെ... ദേ ആളുകളൊക്കെ കാണുന്നു. ഇതിപ്പോ എനിക്കും ഒന്നും ചെയ്യാന്‍ പറ്റില്ല, ഇത്തവണ നിര്‍ബന്ധമായിട്ട് അവര്‍ പറഞ്ഞു കഴിഞ്ഞു, ഷെല്‍ടര്‍ ഹോമിലേക്ക് മാറാതെ തരമില്ലെടോ..... ദൈവത്തിന് പ്രിയപ്പെട്ടവരെ അവന്‍ കൂടുതല്‍ പരീക്ഷിക്കും, അത്രേ ഉള്ളൂ, താന്‍ സമാധാനിക്ക്, എല്ലാം ശരിയാകും. താനിപ്പോ ചെല്ല്, ഞാനിതാ ഇവരെ ഒന്ന്‍ അറ്റന്‍റ് ചെയ്യട്ടെ."
ഡോക്ടരുടെ വാക്കുകള്‍ ആശ്വാസമായില്ലെങ്കിലും, അദ്ദേഹത്തിന്‍റെ ജോലി തടസ്സപ്പെടുത്തേണ്ട എന്ന് കരുതി അയാളാ മുറി വിട്ടിറങ്ങി.
ഡോക്ടറുടെ ഒരകന്ന ബന്ധു കൂടിയായ വിസിറ്റര്‍ ചോദിച്ചു, "ആരാ രാജഗോപാലേ അത്, അയാള്‍ ആകെ വല്ലാതിരിക്കുന്നല്ലോ ??".... "ഒന്നും പറയേണ്ടെന്‍റെ ഗോപി, അയാള്‍ടെത് വല്ലാത്ത ഒരു വിധി തന്നാണ്. വളര്‍ന്നതെല്ലാം അനാഥാലയത്തില്‍, കഷ്ടപ്പെട്ട് പഠിച്ച് ഒരു നല്ല ജോലി നേടി സ്വന്തം സഹപ്രവര്‍ത്തകയെത്തന്നെ പ്രേമിച്ച് വിവാഹവും കഴിച്ചു. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ആ കുട്ടി അയാളോടൊപ്പം പോരുകയായിരുന്നു. നല്ല സന്തോഷകരമായ ജീവിതമൊക്കെ തന്നാര്‍ന്നു, അവരുടേത്. ഒരു മോളുണ്ടായി രണ്ടു വര്‍ഷം കഴിഞ്ഞ് ഒരിക്കല്‍ ഒരു ടൂര്‍ പോയതാ. സൈറ്റ് സീയിങ്ങിനിടെ ടാക്സിയില്‍ യാത്ര ചെയ്യുമ്പോള്‍ എന്തോ വാങ്ങാനായി അയാള്‍ വണ്ടിയില്‍ നിന്നിറങ്ങിയതും, ആ ടാക്സിക്കാരന്‍ അയാള്‍ടെ ഭാര്യയെയും കുഞ്ഞിനേയും കടത്തിക്കൊണ്ട് പോകുകയായിരുന്നു. അവരെ കണ്ടുപിടിക്കാന്‍ അയാള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഇങ്ങനെ എത്രയോ സംഭവങ്ങള്‍ ഇവിടെ ദിനംപ്രതി നടക്കുന്നു, അതിലൊരെണ്ണം മാത്രമായി അതും. കൈവിട്ട ജീവിതവും, ഭാര്യവീട്ടുകാരുടെ വക കേസുകൊടുക്കലും ഒക്കെച്ചേര്‍ന്നയാളെ ഒരു മുഴുഭ്രാന്തനാക്കി, അങ്ങനെ ഇവിടെയുമെത്തി. അസുഖം മാറീട്ടിപ്പോ കൊറേയായി, അതിനുശേഷം‍ ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചതോണ്ട് അയാളെ ഇവിടന്ന്‍ വിടാന്‍ എനിക്കൊരു മടി, അയാളോടൊരുതരം സഹാനുഭൂതി. അതോണ്ട് ഞങ്ങള്‍ടെ എത്തിക്സ്-ന് നിരക്കാത്തതാണേല്‍ക്കൂടി, അയാളെ രേഖകളിലൂടെ ഒരു രോഗിയായിത്തന്നെ ഇവിടെ തുടരാന്‍ വിടുകയായിരുന്നു. അതിനാണിപ്പോ തടസ്സം വന്നിരിക്കുന്നത്, സര്‍ക്കാരുത്തരവല്ലേ, അനുസരിച്ചല്ലേ പറ്റൂ. അസുഖം മാറിയ ഒരാളെപ്പോലും ഇവിടെ ഇനി നിര്‍ത്താന്‍ പറ്റില്ല, സര്‍ക്കാര്‍ വക ഷെല്‍ടര്‍ ഹോമിലേക്ക് മാറ്റണം. എല്ലാം യോഗം പോലെ നടക്കട്ടെ, അല്ലാണ്ടെന്താ പറയാ..."
ഒടുക്കം വിടപറയലിന്‍റെ ദിനവും വന്നെത്തി, പിരിയാന്‍ നേരം ഡോക്ടര്‍ അയാളോട് പറഞ്ഞു, "സമയമുള്ളപ്പോള്‍ ഞാന്‍ അങ്ങ് വരുന്നുണ്ട് തന്നെ കാണാന്‍. പിന്നെ ഒരു കാര്യം, കഴിഞ്ഞതൊന്നും ആലോചിച്ചു വെറുതെ മനസ്സ് വെഷമിപ്പിയ്ക്കണ്ട, അവിടേം കൂട്ടുകാരൊക്കെ ആവുമ്പോ എല്ലാം ശരിയാകും, ധൈര്യായിട്ടിരിയ്ക്കെടോ, തനിക്ക് നല്ലതേ വരൂ...."
എല്ലാരോടും യാത്ര പറഞ്ഞ്, ഉള്ളില്‍ വിതുമ്പിക്കൊണ്ട്, അയാളാ പടിയിറങ്ങുന്നത് ഡോക്ടര്‍ നിര്‍ന്നിമേഷനായി നോക്കിനിന്നു....
(കൃഷ്ണകുമാര്‍ ചെറാട്ട്)

മച്ചിലെ സാമ്പാര്‍ !!


അതിജീവനത്തിന്‍റെ ഭാഗമായിട്ടാണ് കുവൈറ്റില്‍ എത്തുന്നത്. താമസസ്ഥലത്തിന് ചുറ്റുവട്ടത്തുള്ള ഒരുമാതിരി എല്ലാ മെസ്സിലും ചേര്‍ന്ന്‍ ശാപ്പാട് തട്ടിയതിനെ തുടര്‍ന്ന്‍ അവര്‍ക്കെന്നെയാണോ അതോ അവരെയെനിക്കാണോ മടുത്തത് എന്ന്‍ കൃത്യമായി പറയുക വയ്യ. എന്തുതന്നെയായാലും വേറെ നിവൃത്തിയില്ലാതെ പാചകം എന്ന കളരിയിലേയ്ക്കിറങ്ങുകയായിരുന്നു.
അന്നും ഇന്നും ആഹാരമുണ്ടാക്കാന്‍ വല്ല്യ മടിയാണ്. മടിയുടെ ഉന്നതി-ന്നൊക്കെ പറയ്വാണേല്‍, ഉള്ളി അരിയാതെത്തന്നെ കണ്ണ്‍ നിറയുമായിരുന്നു (കഷ്ടപ്പാടോര്‍ത്ത്)... മനസ്സില്ലാമനസ്സോടെ കറിയ്ക്ക് അരിയുന്നതില്‍ മനംനൊന്ത് പലപ്പോഴും കഷ്ണങ്ങള്‍ strike നടത്തി, എന്‍റെ വിരലുകളെ മുന്നോട്ടുതള്ളി ചോര ചീന്തിക്കുമായിരുന്നു. സവാള വഴറ്റലിന്റെ ഒക്കെ ഒരു പാകം, അറിയാന്‍തന്നെ മാസം എടുത്തു. മോരുകറി ഉണ്ടാക്കുമ്പോള്‍ മോരിനെ പിരിയാതെ പിടിച്ചുനിര്‍ത്താന്‍ വിയര്‍പ്പൊരുപാടൊഴുക്കിയിട്ടുണ്ട്.
അങ്ങനെയിരിക്കെ ഒരു നാള്‍ ആദ്യമായി സാമ്പാര്‍ വച്ച് കൂട്ടുകാരെയെല്ലാം ഞെട്ടിക്കാന്‍ തീരുമാനിച്ചു. ടിപ്സ് ഒക്കെ നേരത്തെ അമ്മയില്‍ നിന്നും അറിഞ്ഞു വച്ചിട്ടുള്ളതിനാല്‍ നേരെ അങ്ങ് തുടങ്ങി. പരിപ്പ് വേവിയ്ക്കാന്‍ കുക്കറില്‍ വച്ച്, അമ്മ പറഞ്ഞുതന്ന അത്രയ്ക്ക് വിസില്‍ ഒക്കെ ആയപ്പോള്‍, അടുപ്പില്‍ നിന്നും വാങ്ങിവച്ചു. പക്ഷേ കുക്കറിന്‍റെ ശരീരശാസ്ത്രം അറിയാത്തതിനാല്‍ എന്ത് ചെയ്യണം-ന്ന്‍ വിചാരിച്ചു നില്‍ക്കുമ്പോള്‍, അതാ കോളിംഗ് ബെല്‍ അടിയ്ക്കുന്നു. വാതില്‍ക്കല്‍ അടുത്ത ഫ്ലാറ്റിലെ ചേട്ടന്‍. വന്ന കാര്യമൊക്കെ പറഞ്ഞ ശേഷം, മടിയോടെ ആണേലും അങ്ങേരോട് കുക്കറിന്‍റെ കാര്യം അവതരിപ്പിച്ചു. ഇത്രേ ഉള്ളോ, ദിപ്പോ ശരിയാക്കിത്തരാം, ന്നും പറഞ്ഞങ്ങേര് ഫുള്‍ പ്രഷറില്‍ ഇരിയ്ക്കുന്ന കുക്കര്‍ ബലമായിത്തന്നെ ഒറ്റത്തൊറക്കല്‍. ഒരു വലിയ ശബ്ദത്തോടെ കുക്കര്‍ തുറക്കപ്പെടുകയും ഉള്ളിലെ വെന്ത പരിപ്പ് അങ്ങേരുടെ മുഖത്തെ തൊട്ടു-തൊട്ടില്ല എന്ന മട്ടില്‍ മേലോട്ട് തെറിയ്ക്കുകയുമായിരുന്നു. ആദ്യഞെട്ടലില്‍ നിന്നും മുക്തനായ ഞാന്‍ കണ്ടത് "എന്‍റെ പരിപ്പ് അതാ മച്ചിലിരുന്ന് ചിരിക്കുന്നു".
ഇതും കണ്ടോണ്ട് കേറി വന്ന, എനിക്ക് ടിപ്സ് ഒക്കെ പറഞ്ഞു തരുമായിരുന്ന കൂട്ടുകാരന്‍, "കൃഷ്ണാ, എവിടടാ നിന്‍റെ സാമ്പാര്‍ ??" എന്ന്‍ ചോദിച്ചപ്പോള്‍ മച്ചിലേയ്ക്ക് കൈ ചൂണ്ടിയതിനു, അവന്‍ പകച്ചുപോകുകയായിരുന്നു !!!!!
"ഇതിപ്പോ വൈറ്റ്-വാഷിയ്യാറായല്ലോടാ...." എന്നവന്‍ പറഞ്ഞപ്പോള്‍, "ഞാനല്ലടാ, ദേ ഇയാളാ, ഒക്കെ ഒപ്പിച്ചത്, ഇപ്പൊ ശര്യാക്കിത്തരാന്ന്‍ പറഞ്ഞിട്ട്...."
അങ്ങനെ ആദ്യമായി സാമ്പാറുണ്ടാക്കി, ആ ഫ്ലോര്‍-നെ തന്നെ ഒന്നടങ്കം ഞെട്ടിയ്ക്കുകയായിരുന്നു....
ഈ സംഭവത്തിനു ശേഷം ആ ചേട്ടന്‍ കൊറേ നാളത്തേക്ക് ഞങ്ങള്‍ടെ ഫ്ലാറ്റില്‍, വന്നിട്ടേയില്ല.....
(കൃഷ്ണകുമാര്‍ ചെറാട്ട്)

ഒരു മടക്കയാത്ര !!


തിരിച്ചുപോരേണ്ട ദിവസം അടുത്താല്‍പ്പിന്നെ കണ്ണില്‍ കാണുന്ന എന്തിനും ഏതിനും ചുമ്മാ അടികൂടുന്നത് അയാളുടെ ഒരു സ്വഭാവമാണ്. ഉറ്റവരെ പിരിയാനുള്ള വിഷമം തീര്‍ക്കാന്‍ അതൊരു മാര്‍ഗ്ഗമാക്കിയിട്ട് നാളേറെച്ചെന്നിരിക്കുന്നു. ലീവ് പകുതിയാകുമ്പോള്‍ തുടങ്ങും, ലോട്ടറിയെടുക്കല്‍.... അടിച്ചാല്‍പ്പിന്നെ പോകണ്ടല്ലോ. ആളുകളെ ലീവിന് വിടുന്നത് കൂടാതെ അവരെ വച്ച് പൈസ ഉണ്ടാക്കണം എന്നു കൂടി കമ്പനിക്ക് മനസ്ഥിതി ഉള്ളോണ്ട് ലീവ് നീട്ടിക്കിട്ടാറില്ല. ശ്രമിച്ച് തോറ്റിട്ടുള്ളതിനാല്‍ "എനിക്കിനി ലീവ് നീട്ടിത്തരണ്ട" എന്ന ഒരു ലൈനാണ്. തലേദിവസം രാവിലെ മുതല്‍ ഒറ്റചിന്തയേ ഉള്ളൂ, ഫ്ലൈറ്റ് ഒരു ദിവസമെങ്കില്‍ ഒരു ദിവസം, റീ-ഷെഡ്യൂള്‍ ആയി യാത്ര നീണ്ടിരുന്നെങ്കില്‍ !!!!
എയര്‍പോട്ടില്‍ എത്തിയാല്‍പ്പിന്നെ മനോമുകുരത്തില്‍ വിടരുന്നത്, "പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റദ്ദു ചെയ്തിരിക്കുന്നു" എന്ന അനൌണ്‍സ്മെന്റ് കേള്‍ക്കുന്നതായിട്ടാണ്. അന്നും പതിവുപോലെ ഇത്തരം പ്രാര്‍ത്ഥനകളെല്ലാം ദൈവം നിഷ്ക്കരുണം തള്ളിക്കളഞ്ഞു. ബോര്‍ഡിംഗ് പാസുമായി നിര്‍ദ്ദിഷ്ട പവിലിയനില്‍ ഇരിക്കുമ്പോഴും വിചാരിച്ചത് "ഈശ്വരാ, ദൈവത്തിന്‍റെ മനസ്സു മാറണേ" എന്നാണ്. മോളുടെ സിദ്ധാന്തം പടി, ഒരാള്‍ക്ക് basically അമ്മയും, അച്ഛനും, അമ്മൂമ്മയും ഒക്കെ ഉണ്ട്, അങ്ങനെയാണേല്‍ ദൈവത്തിനും കാണുമല്ലോ, അതാണ്‌ ഈശ്വരന്‍ !!!!
അവസാനം ബോര്‍ഡിംഗ് അനൌണ്‍സ്മെന്റും വന്നു, മനസ്സില്ലാമനസ്സോടെ വിമാനത്തിനകത്തേക്ക്. സ്വസ്ഥാനത്തെത്തി ബാഗ് കാബിനില്‍ വച്ച് ഇരിപ്പുറപ്പിച്ചു. പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് വിമാനം ചലിച്ചു തുടങ്ങിയപ്പോള്‍ ചിന്തിച്ചത്, "എടുത്തത് എടുത്തു, കുറച്ചങ്ങോട്ട്‌ പോയിട്ട് തിരിച്ചിറക്കിയാലും മതി"-ന്നാണ്. പക്ഷെ ആരു കേള്‍ക്കാന്‍, അയാളെയും വഹിച്ചോണ്ട് വിമാനം വായുവില്‍ ഉയര്‍ന്നിരിയ്ക്കുന്നു. പ്രവാസമെന്ന ജയിലിലേക്കുള്ള മടക്കം ആളുകള്‍ അനുവദനീയമായിട്ടുള്ള കള്ളുകുടിയോടെ ആഘോഷിക്കണ കണ്ടപ്പോള്‍ "സത്യത്തില്‍ ഇവന്‍മാരൊക്കെ ഗള്‍ഫിലേക്ക് ലീവിന് പോവാണോ" എന്ന്‍ പോലും സംശയമായി.
യാത്രയുടെ തുടക്കം മുതല്‍ തന്നെ പ്രകടമായ air turbulence ഉണ്ടായിരുന്നതിനാല്‍ ആരേയും സീറ്റില്‍ നിന്നും എണീക്കാന്‍ വിട്ടിരുന്നില്ല. യാത്ര തുടങ്ങി ഉദ്ദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു അനൌണ്‍സ്മെന്റ്, അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന്‍ ലക്ഷ്യസ്ഥാനത്തെ എയര്‍പോര്‍ട്ട് അടച്ചിരിക്കുന്നതിനാല്‍ യാത്ര റദ്ദു ചെയ്ത് തിരിച്ചിറക്കാന്‍ പോകുന്നുവെന്ന്. മനസ്സില്‍ ഒരായിരം ലഡ്ഡുകള്‍ ഒന്നിച്ചു പൊട്ടി. ഒടുക്കം ദൈവം കനിഞ്ഞിരിക്കുന്നു, ആദ്യം അവനു നന്ദിയോതി. തുള്ളിച്ചാടുന്ന മനസ്സുമായി ഒരു തിരിച്ചിറക്കം. എയര്‍പോര്‍ട്ട് അധികൃതര്‍ ആ മനോഹരമായ വാക്യം മൊഴിഞ്ഞു, മുടങ്ങിയ യാത്ര ഇന്നേതായാലും ഉണ്ടാകില്ല, വിമാനക്കമ്പനിക്കാരുടെ അറിയിപ്പിനു ശേഷം‍ മാത്രം തിരിച്ചുവന്നാല്‍ മതിയാകും.... അയാള്‍ മനസ്സില്‍ കരുതി, ഏതായാലും വീട്ടിലേക്ക് വിളിക്കണ്ട, ഒരു സര്‍പ്രൈസ് കൊടുക്കാം. എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ട വണ്ടി എന്തായാലും അങ്ങെത്തിക്കാണും, അതിനാല്‍ പ്രീപെയ്ഡ് ടാക്സി കൌണ്ടര്‍ പരതി നിന്നപ്പോള്‍, ഒരു സ്വരം....
"എന്തു വേണം, സര്‍ ??"
ടാക്സി വേണമെന്ന് പറഞ്ഞിട്ടും ചോദ്യം ആവര്‍ത്തിക്കപ്പെട്ടു,
“What would you like to have, sir, veg or non-veg ???”
പരിസരബോധം വീണ്ടെടുത്ത് അയാള്‍ ജാള്യതയോടെ പറഞ്ഞു..... "വെജ്"....
(കൃഷ്ണകുമാര്‍ ചെറാട്ട്)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo