അതിജീവനത്തിന്‍റെ ഭാഗമായിട്ടാണ് കുവൈറ്റില്‍ എത്തുന്നത്. താമസസ്ഥലത്തിന് ചുറ്റുവട്ടത്തുള്ള ഒരുമാതിരി എല്ലാ മെസ്സിലും ചേര്‍ന്ന്‍ ശാപ്പാട് തട്ടിയതിനെ തുടര്‍ന്ന്‍ അവര്‍ക്കെന്നെയാണോ അതോ അവരെയെനിക്കാണോ മടുത്തത് എന്ന്‍ കൃത്യമായി പറയുക വയ്യ. എന്തുതന്നെയായാലും വേറെ നിവൃത്തിയില്ലാതെ പാചകം എന്ന കളരിയിലേയ്ക്കിറങ്ങുകയായിരുന്നു.
അന്നും ഇന്നും ആഹാരമുണ്ടാക്കാന്‍ വല്ല്യ മടിയാണ്. മടിയുടെ ഉന്നതി-ന്നൊക്കെ പറയ്വാണേല്‍, ഉള്ളി അരിയാതെത്തന്നെ കണ്ണ്‍ നിറയുമായിരുന്നു (കഷ്ടപ്പാടോര്‍ത്ത്)... മനസ്സില്ലാമനസ്സോടെ കറിയ്ക്ക് അരിയുന്നതില്‍ മനംനൊന്ത് പലപ്പോഴും കഷ്ണങ്ങള്‍ strike നടത്തി, എന്‍റെ വിരലുകളെ മുന്നോട്ടുതള്ളി ചോര ചീന്തിക്കുമായിരുന്നു. സവാള വഴറ്റലിന്റെ ഒക്കെ ഒരു പാകം, അറിയാന്‍തന്നെ മാസം എടുത്തു. മോരുകറി ഉണ്ടാക്കുമ്പോള്‍ മോരിനെ പിരിയാതെ പിടിച്ചുനിര്‍ത്താന്‍ വിയര്‍പ്പൊരുപാടൊഴുക്കിയിട്ടുണ്ട്.
അങ്ങനെയിരിക്കെ ഒരു നാള്‍ ആദ്യമായി സാമ്പാര്‍ വച്ച് കൂട്ടുകാരെയെല്ലാം ഞെട്ടിക്കാന്‍ തീരുമാനിച്ചു. ടിപ്സ് ഒക്കെ നേരത്തെ അമ്മയില്‍ നിന്നും അറിഞ്ഞു വച്ചിട്ടുള്ളതിനാല്‍ നേരെ അങ്ങ് തുടങ്ങി. പരിപ്പ് വേവിയ്ക്കാന്‍ കുക്കറില്‍ വച്ച്, അമ്മ പറഞ്ഞുതന്ന അത്രയ്ക്ക് വിസില്‍ ഒക്കെ ആയപ്പോള്‍, അടുപ്പില്‍ നിന്നും വാങ്ങിവച്ചു. പക്ഷേ കുക്കറിന്‍റെ ശരീരശാസ്ത്രം അറിയാത്തതിനാല്‍ എന്ത് ചെയ്യണം-ന്ന്‍ വിചാരിച്ചു നില്‍ക്കുമ്പോള്‍, അതാ കോളിംഗ് ബെല്‍ അടിയ്ക്കുന്നു. വാതില്‍ക്കല്‍ അടുത്ത ഫ്ലാറ്റിലെ ചേട്ടന്‍. വന്ന കാര്യമൊക്കെ പറഞ്ഞ ശേഷം, മടിയോടെ ആണേലും അങ്ങേരോട് കുക്കറിന്‍റെ കാര്യം അവതരിപ്പിച്ചു. ഇത്രേ ഉള്ളോ, ദിപ്പോ ശരിയാക്കിത്തരാം, ന്നും പറഞ്ഞങ്ങേര് ഫുള്‍ പ്രഷറില്‍ ഇരിയ്ക്കുന്ന കുക്കര്‍ ബലമായിത്തന്നെ ഒറ്റത്തൊറക്കല്‍. ഒരു വലിയ ശബ്ദത്തോടെ കുക്കര്‍ തുറക്കപ്പെടുകയും ഉള്ളിലെ വെന്ത പരിപ്പ് അങ്ങേരുടെ മുഖത്തെ തൊട്ടു-തൊട്ടില്ല എന്ന മട്ടില്‍ മേലോട്ട് തെറിയ്ക്കുകയുമായിരുന്നു. ആദ്യഞെട്ടലില്‍ നിന്നും മുക്തനായ ഞാന്‍ കണ്ടത് "എന്‍റെ പരിപ്പ് അതാ മച്ചിലിരുന്ന് ചിരിക്കുന്നു".
ഇതും കണ്ടോണ്ട് കേറി വന്ന, എനിക്ക് ടിപ്സ് ഒക്കെ പറഞ്ഞു തരുമായിരുന്ന കൂട്ടുകാരന്‍, "കൃഷ്ണാ, എവിടടാ നിന്‍റെ സാമ്പാര്‍ ??" എന്ന്‍ ചോദിച്ചപ്പോള്‍ മച്ചിലേയ്ക്ക് കൈ ചൂണ്ടിയതിനു, അവന്‍ പകച്ചുപോകുകയായിരുന്നു !!!!!
"ഇതിപ്പോ വൈറ്റ്-വാഷിയ്യാറായല്ലോടാ...." എന്നവന്‍ പറഞ്ഞപ്പോള്‍, "ഞാനല്ലടാ, ദേ ഇയാളാ, ഒക്കെ ഒപ്പിച്ചത്, ഇപ്പൊ ശര്യാക്കിത്തരാന്ന്‍ പറഞ്ഞിട്ട്...."
അങ്ങനെ ആദ്യമായി സാമ്പാറുണ്ടാക്കി, ആ ഫ്ലോര്‍-നെ തന്നെ ഒന്നടങ്കം ഞെട്ടിയ്ക്കുകയായിരുന്നു....
ഈ സംഭവത്തിനു ശേഷം ആ ചേട്ടന്‍ കൊറേ നാളത്തേക്ക് ഞങ്ങള്‍ടെ ഫ്ലാറ്റില്‍, വന്നിട്ടേയില്ല.....
(കൃഷ്ണകുമാര്‍ ചെറാട്ട്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക