മാലാഖ' അഥവാ ദൈവത്തിൻ്റെ അനുയായികൾ.
കുഞ്ഞുന്നാളുകളിൽ നാം ഓരോരുത്തരും മാലാഖമാരെ കാണാൻ ആഗഹിച്ചിട്ടുള്ളവരാകാം. ഒരിക്കലും കണ്ടിട്ടില്ലാത്ത അവർക്ക് നാം മനസ്സിൽ തൂവെള്ള വസ്ത്രങ്ങളും സ്വർണ്ണ മുടികളും വർണ ചിറകുകളും മനോഹര ചിരിയും ചേർന്ന രൂപം നൽകി.
യഥാർത്ഥത്തിൽ മാലാഖമാർ ഉണ്ടോ..?
അവരുടെ രൂപം നമ്മുടെ ഭാവനയിലേതുപോലെയാണോ..?
മനുഷ്യ മനസ്സുകളിൽ ഇതുപോലെയുളള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധിയാണ്. ഇത്തരം സാങ്കൽപ്പിക കഥാപാത്രങ്ങളെ നമ്മൾ തിരയുമ്പോൾ ഈ
ഭൂമിയിൽ നമ്മുടെ കൂട്ടത്തിൽ നാം ശ്രദ്ധിക്കാതെ പോകുന്ന ചില മാലാഖമാരുണ്ട്. സ്വന്തം പ്രവർത്തികളാൽ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്ന മനുഷ്യ മാലാഖകൾ... യഥാർത്ഥ മാലാഖകൾ...
മാലാഖയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് തെല്ലും സംശയിക്കാതെ എനിക്ക് പറയാൻ കഴിയും ഞാൻ കണ്ടിട്ടുണ്ട് മാലാഖയെ...
സ്വർണമുടികളില്ലാത്ത തൂവെള്ള വസ്ത്രങ്ങൾ ഇല്ലാത്ത വർണചിറകുകൾ ഇല്ലാത്ത ദുഃഖത്തിൽ ചിരിക്കാൻ കഴിയുന്ന ഒരു മാലാഖയെ...
അവൾ ആരാണെന്നോ പേരെന്താണെന്നോ ഒന്നും എനിക്കറിയില്ല. പക്ഷേ ഇന്ന് എൻ്റെ മനസ്സിലെ മാലാഖ സങ്കൽപ്പത്തിന് അവളുടെ മുഖമാണ്. മനുഷ്യ മനസ്സുകളെ മാറ്റിമറിയ്ക്കുന്നത് അവരുടെ പല യാത്രകളിലുമാണ്. അത്തരം ഒരു യാത്രയിലാണ് ഞാൻ അവളെ കണ്ടത്...
യാത്ര...
എറണാകുളത്തേക്ക് ഒരു യാത്ര...
കസിൻ ചേച്ചിയുടെ മനസ്സമ്മത ചടങ്ങിനായുള്ള യാത്ര... പുതിയതായി വാങ്ങിയ വസ്ത്രങ്ങൾ ധരിച്ച് കാറിലെ എസിയുടെ തണുപ്പിൽ ഇരിക്കുമ്പോൾ എനിക്ക് ഹിമാലയം കീഴടക്കിയ ഭാവമായിരുന്നു...
ഇത്രയുമൊക്കെ സൗകര്യങ്ങൾ ലഭിച്ചിട്ടും ചടങ്ങിനു വരുന്ന മറ്റുള്ളവർ വസ്ത്രങ്ങൾ കൊണ്ടും മറ്റും എന്നേക്കാൾ മികച്ചതായിരിക്കുമോ എന്ന ചിന്തകളാൽ അസ്വസ്ഥമായിരുന്നു എൻ്റെ മനസ്സ്. മനുഷ്യ മനസ്സുകൾ അങ്ങനെയാണ്, നമുക്കു ലഭിച്ചതിനേക്കാൾ മികച്ചത് കിട്ടാനായി വീണ്ടും തുടിച്ചു കൊണ്ടേയിരിക്കും ഒരു പക്ഷേ ലഭിച്ച സൗഭാഗ്യങ്ങളെ കുറിച്ച് ഓർമ്മിക്കാതെ
.
പുറത്ത് വെയിൽ കനത്തിരിന്നു. ട്രാഫിക് സിഗ്നലിലെ ചുവപ്പ് ലൈറ്റിൻ്റെ നോട്ടത്തിൽ എല്ലാ വാഹനങ്ങളും അനുസരണയോടെ നിന്നപ്പോൾ ഞങ്ങളുടെ കാറും നിന്നു. പുറത്തെ ചൂടറിയാതെ കാറിലെ തണുപ്പിനുള്ളിലിരുന്ന് ഞാൻ വെളിയിലെ കാഴ്ചകൾ കാണുകയായിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ നടന്നു പോകുന്ന കാൽനടയാത്രികർ വിയർത്തൊലിക്കുന്ന ബൈക്ക് യാത്രികർ... അങ്ങനെ ചുറ്റും കണ്ണോടിക്കുന്നതിനിടയിൽ ഷട്ടറുകൾ താഴ്ത്തിയ ഒരു കടമുറിയുടെ മുന്നിൽ എൻ്റെ കണ്ണുകൾ ഉടക്കി.
ഒരു നാടോടി കുടുംബം...
ഭിക്ഷാടനം നടത്തുന്നവരാണെന്ന് തോന്നുന്നു. ഒരു പ്രായമായ സ്ത്രീ ആ കടമുറിയുടെ ഷട്ടറിൽ തലചായ്ച്ച് കിടക്കുന്നു. അവരുടെ മക്കളായിരിക്കാം സമീപം എകദേശം പതിനാല് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും പത്ത് വയസ്സ് തോന്നിക്കുന്ന ഒരു ആൺ കുട്ടിയും. മുഷിഞ്ഞ് കീറിയ വസ്ത്രങ്ങൾ.
ആര് കണ്ടാലും ഒന്ന് അറച്ച് അകറ്റി നിർത്തുന്ന കോലങ്ങൾ. എനിക്കും ആദ്യം അങ്ങനെ തന്നെയാണ് തോന്നിയത്. വൃത്തികെട്ട രൂപം... പക്ഷേ മനുഷ്യ മനസ്സുകൾ മാറാൻ അധിക സമയം വേണ്ടല്ലോ...
ആ പെൺകുട്ടിയുടെ കൈയ്യിൽ ഒരു ബൺ ഇരുന്നിരിന്നു, അത് അവൾ ആ അൺകുട്ടിയുടെ നേർക്ക് നീട്ടി. ആർത്തിയോടെ ഇരുകൈയും നീട്ടി വാങ്ങി അവൻ അത് കഴിക്കാൻ തുടങ്ങി.
കുറച്ച് കഴിച്ചതും അവൻ ബാക്കി ചേച്ചിയുടെ നേർക്ക് നീട്ടുന്നു, ഒരു പക്ഷേ ആ ബൺ ഇന്നത്തെ അവർക്കെല്ലാം കൂടിയുള്ള ആഹാരമാകാം. കുഞ്ഞനിയൻ ബൺ നീട്ടുമ്പോൾ അവനെ തടഞ്ഞ് കൊണ്ട് അവൾ എന്തോ പറയുന്നുണ്ട്. അവളെ ഒന്ന് നോക്കിയിട്ട് അവൻ വീണ്ടും അത് കഴിക്കുന്നു. അവനോട് മുഴുവൻ കഴിച്ചോളാൻ ആയിരിക്കാം അവൾ പറഞ്ഞത്...
അവളുടെ മടിയിലേക്ക് ചാഞ്ഞ് അവൻ ആ ബൺ കഴിക്കുമ്പോൾ അവൾ വാടിയ മുഖത്തിലും ചെറുപുഞ്ചിരിയോടെ അവൻ്റെ തലമുടിയിൽ തലോടികൊണ്ടിരുന്നു... അതു വരെ വൃത്തികെട്ട രൂപമായി എനിക്ക് തോന്നിയ ആ കുട്ടിയുടെ മുഖം സ്വർണത്തേക്കാൾ ശോഭയുള്ളതായി തോന്നി...
സ്വന്തം വിശപ്പിനെപ്പോലും അവഗണിച്ച് തൻ്റെ അനിയൻ്റെ വിശപ്പ് മാറ്റിയ ആ പെൺകുട്ടി... അവൾ... അവളല്ലേ യഥാർത്ഥ മാലാഖ...?
എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചിട്ടും സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്കായി കൂടപ്പിറപ്പുകളെ ഉപേക്ഷിക്കുകയും കണ്ടില്ലായെന്നു നടിക്കുകയും ചെയ്യുന്ന ഈ നാട്ടിൽ ഇല്ലായ്മകളിൽ നിന്നു പോലും സ്വന്തം അനുജനെ സ്നേഹിക്കുന്ന ഈ പെൺകുട്ടി നമുക്കെല്ലാം മാതൃകയാണ്...
അവിടെ നിന്നും ഞങ്ങളുടെ വണ്ടി പോകുമ്പോൾ അവർ എൻ്റെ ദൃഷ്ടിയിൽ നിന്നും മറയുമ്പോൾ പോലും ഇറങ്ങി ചെന്ന് അവരെ സഹായിക്കാൻ ഞാൻ ശ്രമിച്ചില്ല. ഒരു പക്ഷേ ഇത്തരം കാഴ്ചകൾ കാണുമ്പോൾ മാറി നിന്ന് അവരെയോർത്ത് ദു:ഖിക്കാനും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റും ഷെയറും നടത്താനും മാത്രം നടക്കുന്ന എല്ലാ മനുഷ്യരെയും പോലെ ഞാനും സ്വാർത്ഥനായി പോയി.
ഇത്തരം കാഴ്ചകൾ നമ്മുടെ മുന്നിൽ തെളിയപ്പെടുന്നത് ചിലപ്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ കിട്ടുന്ന സൗഭാഗ്യങ്ങളിൽ തൃപ്തിപ്പെടാനും മറ്റുള്ളവരെ സഹായിക്കാനും നമ്മെ ചിന്തിപ്പിക്കാനാവാം. അന്ന് അവരെ സഹായിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിൽ ഞാൻ ഇന്ന് അതീവ ദു:ഖതനാണ്. മനുഷ്യന് വൈകി വരുന്ന ബോധോദയം. ആ പെൺകുട്ടിയുടെ നന്മയുള്ള മുഖം ഇന്ന് എന്നെ വേട്ടയാടുന്നു...
പക്ഷേ ഇന്ന് എനിക്ക് ലോകത്തോട് പറയാൻ സാധിക്കും...
ഉറക്കെ പറയാൻ സാധിക്കും... ഞാൻ കണ്ടത് ഒരു മാലാഖയെയാണ്...
യഥാർത്ഥ മാലാഖയെ...
By:
