Showing posts with label Magesh Boji. Show all posts
Showing posts with label Magesh Boji. Show all posts

രണ്ടാംകെട്ട്(കഥ)


' ഒരു വാഴയെ ഭാര്യയായി സങ്കല്പിച്ച് താലി കെട്ടി ദോഷമങ്ങ് തീര്‍ക്കുക '

പണിക്കരിങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ എന്‍റെ അടി വയറ്റീന്നൊരാന്തലുണ്ടായി . ദയനീയമായി ഞാന്‍ പണിക്കരെ നോക്കി .

ഞാന്‍ --- വേറെ ഒരു പരിഹാരമാര്‍ഗ്ഗവുമില്ലേ പണിക്കരേ ?

പണിക്കര്‍ -- ഇല്ല്യ . എന്‍റെ അറിവിലില്ല്യ .

ഞാന്‍ -- വാഴയെ താലി കെട്ടുകാന്നൊക്കെ പറഞ്ഞാല്‍ ? അതും ഈ കാലത്ത് ...ച്ചെ...

പണിക്കര്‍ -- എടോ , തന്‍റെ ജാതകത്തില്‍ ബലഹീനനായ ചൊവ്വ ഏഴാം ഭാവത്തിലാണ് നില്‍ക്കുന്നത് . അങ്ങനെ വന്നാല്‍ ആദ്യത്തെ വിവാഹ ജീവിതം വിരഹത്തിലോ , ഭാര്യാ മരണത്തിലോ അവസാനിക്കും . എന്നാല്‍ രണ്ടാം വിവാഹം ഉത്തമമായിട്ടാണ് കാണുന്നത് . തനിക്കിതൊക്കെ വേണമെങ്കില്‍ വിശ്വസിക്കാം അല്ലെങ്കില്‍ അവിശ്വസിക്കാം . ഇനിയെല്ലാം തന്‍റെ ഇഷ്ടം പോലെ .

കീശയിലിരുന്ന ദക്ഷിണ സമര്‍പ്പിച്ച് മരവിച്ച മനസ്സുമായി ഞാന്‍ വീട്ടിലേക്ക് നടന്നു . ഒരുപാട് ആലോചിച്ചു . ഒരു പെണ്ണിന്‍റെ ജീവിതം ഞാനായിട്ട് നശിപ്പിക്കാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു . വാഴയെങ്കില്‍ വാഴ . കെട്ടിയിട്ട് ദോഷം തീര്‍ത്തിട്ട് തന്നെ ബാക്കി കാര്യം എന്ന തിരുമാനത്തില്‍ ഞാനുറച്ചു .

അങ്ങനെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണലിനായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി . അതും ഒറ്റക്ക് .

പടിഞ്ഞാറെ തൊടിയിലും തെക്കെ തൊടിയിലും വടക്കേ തൊടിയിലും നോക്കി . മനസ്സിന് പിടിച്ച ഒന്നിനെ പോലും കണ്ടില്ല .

ചിലത് ' കുലച്ചതാണെങ്കില്‍ ' മറ്റു ചിലത് 'തണ്ടൊടിഞ്ഞതായിരുന്നു . ചിലതാകട്ടെ 'കീടങ്ങള്‍ ' കുത്തിയതും . ...!

പക്ഷെ കിഴക്കേ തൊടിയില്‍ ഞാനൊരുത്തിയെ കണ്ടു ...!

ശാലീനതയും കുലീനതയും സമം ചേര്‍ത്ത രൂപം . കണ്ട മാത്രയില്‍ തന്നെ എന്‍റെ മനസ്സ് മന്ത്രിച്ചു , ഇവള് മതി , ഇവള് മതി എന്ന് .

സമ്മതം ചോദിക്കാന്‍ ഉയര്‍ന്ന നാവിനെ നിശബ്ദമാക്കി ഒരു നനുത്ത കാറ്റിനാല്‍ അവളുടെ തളിരില തുമ്പ് വന്നെന്‍റെ നെറുകില്‍ സ്പര്‍ശിച്ചു സമ്മതമെന്നോതി .

ഒട്ടും സമയം കളയാതെ ഞാന്‍ തുണികടയിലേക്കോടി .

കടക്കാരന്‍ --- എന്താ വേണ്ടത് ?

ഞാന്‍ -- എന്‍റെ കല്ല്യാണമാണ് . അന്നുടുക്കാനുള്ള മുണ്ടും ഷര്‍ട്ടും വേണം .

കടക്കാരന്‍ -- മുണ്ടും ഷര്‍ട്ടും റെഡി . അല്ല , അടിയിലുടുക്കാന്‍ പുതിയതൊന്നും വേണ്ടേ ?

ഞാന്‍ --- ഈ കല്ല്യാണത്തിന് അതിന്‍റെയൊന്നും അവശ്യമില്ല ചേട്ടാ..!

കടക്കാരന്‍ -- ലൗ മാര്യേജ് ആവുംല്ലേ ..?

ഒന്നും മിണ്ടാതെ കാശും കൊടുത്ത് നേരെ പൂക്കടയില്‍ പോയി ഒരു പൂമാല വാങ്ങി . കൂടെ ഒരു ചെപ്പ് സിന്ദൂരവും . വേഗം വീട്ടിലേക്ക് നടന്നു . ആരും കാണാതെ എല്ലാ സാധനവും കട്ടിലിനടിയിലേക്ക് കയറ്റി വച്ചു .

ഞാന്‍ --- അമ്മ പുലര്‍ച്ചെ ചായയ്ക്ക് പലഹാരമുണ്ടാക്കാന്‍ എപ്പോഴാണ് എണീക്കാറ് .

അമ്മ -- അഞ്ചര മണിയാവും . എന്തേ ?

ഞാന്‍ -- ഏയ് . ഒന്നുല്ല്യ . വെര്‍തെ ചോദിച്ചതാ .

അമ്മ ഉണരുന്നതിന് മുന്‍പ് കല്ല്യാണം നടത്തണം എന്ന് മനസ്സിലുറപ്പിച്ചു ..

നേരത്തെ അത്താഴം കഴിച്ചു മുറിയില്‍ കയറി വാതിലടച്ചു . നാലര മണിക്ക് അലാറം വച്ചു . മുല്ലപ്പൂവിന്‍റെ മണം കട്ടിലിനടിയില്‍ നിന്ന് മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു . അതിനിടയിലെപ്പോഴോ ഞാനുറങ്ങിപ്പോയി .

അലാറമടിച്ച ശബ്ദം കേട്ടുണര്‍ന്നു . പല്ലുതേപ്പ് കഴിഞ്ഞ് കുളിക്കാന്‍ കയറി . കുളിച്ച് വന്ന് കട്ടിലിനടിയില്‍ വച്ച പുതിയ മുണ്ടും ഷര്‍ട്ടും ധരിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി എന്നില്‍ വന്ന് നിറയുകയായിരുന്നു ..!

ഞാനുടനെ കിഴക്കെപ്പുറത്തെ ജനവാതില്‍ തുറന്ന് ടോര്‍ച്ചടിച്ച് നോക്കി . അവളെ കണ്ടപ്പോള്‍ മനസ്സിനൊരു ഉന്മേഷം തോന്നി .

മാലയും സിന്ദൂരവും ഒരു കയ്യിലും , ചിരാതും വെളിച്ചെണ്ണയും തീപ്പെട്ടിയും മറു കയ്യിലുമായി ഞാന്‍ പതുങ്ങി പതുങ്ങി വീട്ടില്‍ നിന്ന് പുറത്തിറങ്ങി .

അവളുടെ അരികിലെത്തി . ചുറ്റും വല്ലാത്ത നിശബ്ദത . ചിരാതില്‍ എണ്ണയൊഴിച്ച് തിരി കത്തിച്ചു . ചിരാതിന്‍റെ ആ പ്രഭയില്‍ അവള്‍ തിളങ്ങുന്നുണ്ടായിരുന്നു . ഒരു നിമിഷം ഞാന്‍ അനങ്ങാതെ നിന്നു . കീശയില്‍ വച്ച താലി കയ്യിലെടുത്തു .

മുപ്പത്തിമുക്കോടി ദൈവങ്ങളേയും സാക്ഷിയാക്കി ഞാനവളുടെ കഴുത്തില്‍ താലി ചാര്‍ത്തി ....!

കുരവയും വാദ്യഘോഷങ്ങളും നെഞ്ചിനകത്ത് മുഴങ്ങുന്നുണ്ടായിരുന്നു .

സിന്ദൂരച്ചെപ്പ് മെല്ലെ തുറന്നു . തിരുനെറ്റിയെന്ന് സങ്കല്പിച്ച് ഒത്ത ഉയരത്തില്‍ ചാര്‍ത്തി .

വല്ലാത്തൊരു ആത്മവിശ്വാസം തോന്നി . ഇനി മുതല്‍ ഞാനൊറ്റക്കല്ലെന്നൊരു തോന്നല്‍ ..! ഞാനവളെ തന്നെ കുറച്ച് നേരം നോക്കി നിന്നു .

ചിരാത് കെടുത്തി , മാലയൂരിയെടുത്ത് ഞാന്‍ തിരിച്ച് നടന്നു . ഇടയ്ക്ക് വച്ച് ഞാനവളെ ഒരു വട്ടം തിരിഞ്ഞു നോക്കി ..!

മുറിയിലെത്തി ഡ്രസ്സ് മാറാന്‍ ശ്രമിച്ചിട്ടും അതിന് കഴിയാത്തത് പോലെ തോന്നി . കുറെ നേരം അങ്ങനെയിരുന്നു . അതിനിടയില്‍ അമ്മ എഴുന്നേറ്റിരുന്നു . നിലവിളക്ക് കൊളുത്തി അമ്മ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു , കൃഷ്ണ ക്യഷ്ണാ മുകുന്ദാ ജനാര്‍ദ്ധനാ.....

എന്‍റെ തലച്ചോറിലേക്ക് ഒരു വൈദ്യുതി പ്രവാഹമുണ്ടായി . ജീവനില്ലാത്ത ഒരു നിലവിളക്കില്‍ അമ്മയ്ക്ക് ശ്രീകൃഷ്ണനെ കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ എനിക്കെന്ത് കൊണ്ട് ഒരു വാഴയെ എന്‍റെ ഭാര്യയായി സങ്കല്പിച്ചുകൂടാ , സ്നേഹിച്ചു കൂടാ ..?

അല്ലെങ്കിലും ഈ മായാ പ്രപഞ്ചത്തില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത എന്തെല്ലാം അത്ഭുതങ്ങളിരിക്കുന്നു . അല്ലെങ്കിലും വാഴയിലും മനുഷ്യരിലുമെല്ലാം ഒരേ ഈശ്വര ചൈതന്യമല്ലേ കുടികൊള്ളുന്നത് ?

എന്‍റെ ചിന്തകളോരോന്നും കാടു കയറുകയായിരുന്നു ..!

ചിന്തകളുടെ വീര്‍പ്പുമുട്ടലുമായി രണ്ട് ദിവസം കടന്ന് പോയി .

നിലാവുള്ള മൂന്നാം നാള്‍ രാത്രിയില്‍ പ്രണയാതുരമായ മനസ്സുമായി ഉറക്കം വരാതെ ഞാന്‍ കിടന്നു . ജനവാതിലിലൂടെ എനിക്ക് അവളെ കാണാമായിരുന്നു . ആ അരികിലേക്കൊന്ന് പോവ്വാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു .

ആരുടേയും കണ്ണില്‍പെടാതെ ഞാനവളുടെ അരികിലേക്കെത്തി . അടിമുടിയൊന്ന് നോക്കി . എന്‍റെ കൈ വിരലുകള്‍ പതിയെ അവളെ സ്പര്‍ശിച്ചു . എണ്ണ കൊഴുപ്പാര്‍ന്ന പോല്‍ അവളുടെ ദേഹം എത്ര മൃദുലമായിരുന്നു , എന്തൊരു സ്നിഗ്ദ്ധതയായിരുന്നു...!

സ്പര്‍ശനത്തിനൊടുവില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊക്കെന്ന പോല്‍ നിന്ന് ഞാനവളെ ഗാഡമായി പുണര്‍ന്നു . സിന്ദൂരം തൊട്ട അവളുടെ നെറ്റിയില്‍ ഞാനെന്‍റെ അധരം ചേര്‍ത്തമര്‍ത്തി ..!

' ആരാ അവിടെ ' എന്ന ചോദ്യത്തോടൊപ്പം കണ്ണിലേക്ക് തുളച്ച് കയറിയ വെളിച്ചവും എന്‍റെ നേര്‍ക്ക് വന്നു .

കോലായില്‍ നിന്ന് ടോര്‍ച്ചടിച്ച് അമ്മ നില്‍ക്കുന്നു ..!

അച്ഛന്‍ -- എന്താ വത്സലേ , ആരാ അവിടെ .

അമ്മ -- നിങ്ങളുടെ പൊന്നുമോനാണ് , ഞാനൊന്നും പറയുന്നില്ല . അച്ഛനാണത്രേ അച്ഛന്‍ . മക്കള് പ്രായാവുമ്പോ കെട്ടിച്ച് കൊടുത്തില്ലെങ്കില്‍ ഇങ്ങനെ പലതും കാണേണ്ടി വരും , കേള്‍ക്കേണ്ടിം വരും , കൃഷ്ണാ , ഗുരുവായൂരപ്പാ .

പുണര്‍ന്ന കൈകളും അമര്‍ത്തിയ ചുണ്ടും ഞാന്‍ വലിച്ചെടുത്തു . കോലായിലൂടെ അകത്തേക്ക് കയറുന്നത് പന്തിയല്ലെന്ന് കണ്ട ഞാന്‍ അടുക്കള വാതിലിലൂടെ മെല്ലെ അകത്ത് കയറി .

മുന്നിലതാ അമ്മ . അടുപ്പത്ത് വച്ച മണ്‍ കലം പോലുണ്ട് മുഖം .

എന്‍റെ സ്വന്തം ഭാര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ അമ്മയ്ക്കെന്താ ചേതം എന്ന് ചോദിക്കാന്‍ എന്‍റെ നാവ് പൊങ്ങിയെങ്കിലും ഞാനത് ചോദിച്ചില്ല ...!

അവിടുന്ന് രണ്ടീസം കഴിഞ്ഞുള്ള പ്രഭാതം .

അമ്മ --- ദേ , നോക്കിയേ , കിഴക്കേപ്പുറത്തുള്ള നമ്മുടെ വാഴക്ക് കുല വന്നുട്ടോ .

അച്ഛന്‍ --- അതേയോ... നല്ല ഒന്നാന്തരം ഞാലിപ്പൂവനാ സാധനം .

തല വഴി മൂടിയ പുതപ്പ് ഞാന്‍ ഒറ്റ വലിക്ക് തുറന്നിട്ടു . ഒരു നിമിഷം എന്‍റെ രണ്ട് കണ്ണും തുറിച്ച് നിന്നു . ചാടിയെണീറ്റ് ജനവാതിലിനരികിലേക്കോടി . അവളെ കണ്ടു . സന്തോഷം കൊണ്ടെന്‍റെ കണ്ണ് നിറഞ്ഞു . എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ട് നിന്ന ഞാന്‍ മുറ്റത്തേക്കോടി .

അവളെ എടുത്ത് വട്ടം കറക്കാന്‍ കൈ തരിച്ചു . പക്ഷെ അതിന് കഴിയില്ലെന്ന സത്യം എന്നെ നിരാശനാക്കി . ഞാന്‍ ചുറ്റും നോക്കി . ചൂലുമായി അമ്മ നില്‍പ്പുണ്ട് . വേറൊന്നും നോക്കിയില്ല . ചൂലോടു കൂടെ അമ്മയെ എടുത്തുയര്‍ത്തി മൂന്ന് വട്ടം കറക്കി നിലത്ത് വച്ചു .

കാര്യമെന്തെന്നറിയാതെ തല കറങ്ങി നിന്ന അമ്മക്ക് ബോധം വരുന്നതിന് മുന്‍പേ ഞാന്‍ അകത്തേക്കോടിയിരുന്നു .

അന്ന് ജോലി കഴിഞ്ഞ് വരും നേരം നല്ല ചൂടു മസാല ദോശ വില്‍ക്കുന്ന കടയിലേക്ക് നോക്കി അതിനടുത്തുള്ള പലചരക്ക് കടയില്‍ നിന്ന് കുറച്ച് തേങ്ങാപ്പിണ്ണാക്കും കുറച്ച് കടലപ്പിണ്ണാക്കും വാങ്ങി .

വീട്ടിലെത്തി അവളുടെ മുരടില്‍ തടമെടുത്ത് രണ്ട് പിണ്ണാക്കും ചേര്‍ത്ത് വെള്ളമൊഴിച്ചു ശുശ്രൂഷിച്ചു .

പിന്നീടുള്ള എല്ലാ ദിവസം രാവിലേയും വൈകീട്ടും ഞാനവളെ തൊട്ടു തലോടി . ആരുമില്ലാത്ത നേരം നോക്കി ഞാനവളുടെ ദേഹത്ത് ചെവി ചേര്‍ത്ത് വച്ച് നോക്കി .

ദിവസങ്ങള്‍ കടന്നുപോയി . ഒരു ദിവസം അമ്മ അച്ഛനോട് പറയുന്നത് കേട്ടു , നമ്മുടെ ആ ഞാലിപ്പൂവന്‍റെ കുല മൂത്ത് തുടങ്ങി , വെട്ടാറായിട്ടോന്ന് .

അന്ന് ജോലി കഴിഞ്ഞ് വരുമ്പോള്‍ തൊട്ടില്‍ വില്‍ക്കുന്ന കടയ്ക്കരികിലുള്ള പെട്ടി കടയിലേക്ക് ഞാന്‍ കയറി .

കടക്കാരന്‍ -- എന്താ വേണ്ടത് ?

ഞാന്‍ --- അഞ്ച് മീറ്റര്‍ കയറ് വേണം

കടക്കാരന്‍ ---- എന്തിനുള്ളതാ ?

ഞാന്‍ --- തൊട്ടില്‍ കെട്ടാനുള്ളതാണ് .

കയറും വാങ്ങി എന്‍റെ മുറിയിലുള്ള ഹുക്കില്‍ തന്നെ കൊല കെട്ടി തൂക്കിയിടണം എന്ന് വിചാരിച്ച് വീട്ടിലേക്ക് നടന്നു .

വീട്ടിലെത്തിയപ്പോള്‍ കൊലായിലെ ചാരുപടിയില്‍ കൊല വെട്ടി വച്ചിരിക്കുന്നു . വാത്സല്ല്യത്തോടെ നോക്കി ഞാനൊന്ന് തലോടി . അവളെ കണ്ട് വന്നിട്ടാകാം കൊല തൂക്കിയിടലെന്ന് ഉറപ്പിച്ച് ഞാന്‍ കിഴക്കേപ്പുറത്തേക്ക് പോയി .

ഇല്ല ...! അവളെ കാണുന്നില്ല ...!

എന്‍റെ കണ്ണില്‍ ഇരുട്ട് കയറി . ഞാന്‍ വായ മുഴുക്കെ തുറന്നലറി , അമ്മേന്ന് .

പറമ്പില്‍ നിന്ന് കയ്യിലൊരു വെട്ടു കത്തിയുമായി ഓടി വന്ന അമ്മയെ കണ്ടപ്പോള്‍ തുറന്ന് വച്ചിരുന്ന എന്‍റെ വായ മെല്ലെ മെല്ലെ അടഞ്ഞു .

ഇവിടെ ഉണ്ടായിരുന്ന വാഴയെവിടെ അമ്മേ എന്ന് ദയനീയമായി ചോദിച്ചു .

അമ്മ ---- അത് നമ്മുടെ ശങ്കരേട്ടന്‍ തെക്കേപ്പുറത്തുള്ള ചെന്തെങ്ങിന്‍റെ ചുവട് തുറന്ന് അതിലേക്ക് വെട്ടി നുറുക്കിയിട്ട് വളമിട്ട് മൂടി .

ഇടറിയ പാദവുമായി ഞാന്‍ ചെന്തെങ്ങിന്‍ ചോട്ടിലെത്തി . എല്ലാം കഴിഞ്ഞിരുന്നു . പച്ച മണ്ണ് കിളച്ചിട്ടിരിക്കുന്നു . ഒരു നിമിഷം ചിന്താമഗ്നനായി നിന്ന് ഒരു പിടി മണ്ണ് വാരി ഞാനാ ചുവടിലിട്ടു .

അപ്പോഴേക്കും കൊല ഭാഗിച്ച് അമ്മ അയല്‍ക്കാര്‍ക്ക് വീതം വച്ച് കൊടുത്ത് കഴിഞ്ഞിരുന്നു .

കൊലായിലേക്ക് ഞാന്‍ തിരിച്ച് നടന്നു . കൊലായിലതാ കല്ല്യാണ ബ്രോക്കര്‍ കുഞ്ഞാപ്പു ..!

അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു .

പെണ്ണു കാണാന്‍ പോയി . തിളച്ച വെളിച്ചെണ്ണയില്‍ കടുകിട്ട പോലെ അവളെന്തൊക്കെയോ പറഞ്ഞു . ഞാന്‍ എല്ലാത്തിനും മൂളി . തിരിച്ച് പോരാന്‍ തുടങ്ങി .

അമ്മാവന്‍ -- അവര്‍ക്ക് സമ്മതമാണ് . നിനക്കോ ?

ഞാന്‍ -- അവരോട് എന്‍റെ എല്ലാ കാര്യവും തുറന്ന് പറഞ്ഞോ അമ്മാവാ .

അമ്മാവന്‍ -- തുറന്ന് പറയാന്‍ മാത്രമുള്ള എന്ത് കാര്യമാ നിനക്കുള്ളത് ?

ഇല്ല . ഒന്നുമില്ലെന്ന് പറഞ്ഞ് ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടപ്പോള്‍ അമ്മാവന്‍ വാക്കുറപ്പിച്ചു .

പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോയി . കല്ല്യാണ ദിവസം അടുത്തെത്തി . പന്തല് പണിക്കാര് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ഒന്നേ പറഞ്ഞുള്ളൂ , ഒരു മരണം നടന്ന വീടാണിത് , പാട്ടും കൂത്തുമൊന്നും വേണ്ട എന്ന് .

അമ്മ --- അതിന് മുത്തശ്ശന്‍ മരിച്ചിട്ട് രണ്ട് ആണ്ട് കഴിഞ്ഞില്ലേ ?

എന്‍റെ മുഖത്തേക്ക് നോക്കിയ പണിക്കാരോടും അമ്മയോടും പിന്നൊന്നും ഞാന്‍ പറയാന്‍ പോയില്ല .

അതിനിടയില്‍ അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു , ഈ ചെറുക്കന് കുറച്ചായിട്ട് ഇതിപ്പോ എന്താ പറ്റിയത് എന്ന് .

കല്ല്യാണം ഒരു വിധം ഭംഗിയായി നടന്നു . ആദ്യ രാത്രിയില്‍ അവള്‍ ഒരു ഗ്ലാസ്സ് പാല് എന്‍റെ നേര്‍ക്ക് നീട്ടി . എണ്ണ കൊഴുപ്പിന്‍ മൃദുലത തൊട്ട എന്‍റെ ഈ കൈകളാല്‍ ഞാനാ പാലേറ്റു വാങ്ങുമ്പോള്‍ അവളുടെ മോതിരവിരല്‍ അറിയാതൊന്ന് തൊട്ടു .. വിറകു കൊള്ളി പൊലെയുണ്ടായിരുന്നു ...!

പാല് കുടിച്ച് ഞാനെണീറ്റ് ജനവാതിലൊന്നു കൂടി തുറന്ന് നോക്കി . അവളവിടെ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു പോയി . ആ മോഹം വെറുതെയെന്നറിഞ്ഞപ്പോള്‍ ആ ജനവാതില്‍ എന്നെന്നേക്കുമായി ഞാന്‍ കൊട്ടിയടച്ചു.. !

ദിവസങ്ങള്‍ കടന്നു പോയി . ഇണക്കവും പിണക്കവും പരാതിയും പരിഭവങ്ങളും കുസൃതികളുമായി ഞനെന്‍റെ രണ്ടാം ഭാര്യയെ അപ്പോഴേക്കും സ്നേഹിച്ച് തുടങ്ങിയിരുന്നു .

എങ്കിലും ഇടക്ക് അവളുടെ കൊസറാം കൊള്ളി വര്‍ത്താനം കേള്‍ക്കുമ്പോള്‍ ദേഹമാസകലം എനിക്ക് ചൊറിഞ്ഞ് കയറും ഞാനും താഴ്ന്ന് കൊടുക്കാറില്ല. പിന്നെ മാന്തലും കടിയും കയ്യില്‍ കിട്ടുന്നതെല്ലാം എടുത്തുള്ള ഏറുമായി അവള്‍ എന്‍റെ നെഞ്ചത്ത് കയറി അരങ്ങ് തകര്‍ക്കുമ്പോള്‍ ഞാനാ ചെന്തെങ്കിന്‍ ചോട്ടില്‍ പോയി നില്‍ക്കാറുണ്ട് .

അത് കണ്ടവള്‍ ഭദ്രകാളിയെ പോലെ ചോദിക്കും , ആ ചെന്തെങ്ങാരാ നിങ്ങളുടെ കെട്ടിയോളോ എന്ന് .

ആ ചോദ്യം കേട്ട് പലപ്പോഴും എന്‍റെ നാവ് പൊന്താറുണ്ടായിരുന്നു . പക്ഷെ ഞാനൊന്നും പറയാറില്ലായിരുന്നു .

എങ്കിലും മനസ്സില്‍ ഞാന്‍ പറയാറുണ്ടായിരുന്നു ,

' നീ അധികം തുള്ളേണ്ടെടി , നീയെന്‍റെ രണ്ടാം കെട്ടാണ് , വെറും രണ്ടാം കെട്ട് '


Written by Magesh Boji

കുമ്പസാരം

കുമ്പസാര കൂടില്ലാത്തത് കൊണ്ടാകും , പിടിച്ച പിടിയാലെ ചേച്ചിയെന്നെ കൊണ്ട് പോയത് അലക്ക് കല്ലിനരികിലേക്കായിരുന്നു.
കല്ലിന്‍റെ മുകളില്‍ പിടിച്ചിരുത്തിയിട്ട് കണ്ണുരുട്ടി ചോദിച്ചു , സ്കൂളിലെ മൂത്രപ്പുരയില്‍ വച്ച് നീ എന്ത് വൃത്തികേടാണ് കാണിച്ചതെന്ന് , ആരാണിതൊക്കെ നിന്നെ പഠിപ്പിച്ചതെന്ന്...!
കുറ്റവാളിയെ പോല്‍ തല താഴ്ത്തിയിരുന്ന എന്‍റെ താടിക്കിട്ട് തട്ടിയവള്‍ ചോദ്യം ആവര്‍ത്തിച്ചു.
ഇടവും വലവും നോക്കി കുതറിയോടാനൊരു ശ്രമം നടത്തി നോക്കിയെങ്കിലും ഷര്‍ട്ടിലവള്‍ പിടി മുറുക്കി കഴിഞ്ഞിരുന്നു.
ജൂണ്‍ മാസം തയ്പ്പിച്ചിടുമ്പോള്‍ നാല് ബട്ടണുണ്ടായിരുന്ന സ്കൂള്‍ യൂണിഫോമില്‍ ജൂലൈ ആയപ്പോഴേക്കും മൂന്ന് ബട്ടണും ഒരു സേഫ്റ്റി പിന്നുമായി...!
ആ ഒരു സേഫ്റ്റി പിന്നാവട്ടെ അവളുടെ ആദ്യ വലിയില്‍ തന്നെ താഴെ പോയി. പിന്നെയുള്ള മൂന്ന് ബട്ടണ്‍ ഞൊടിയിടയില്‍ ഞാനഴിച്ചിട്ടോടി.
കയ്യില്‍ ഷര്‍ട്ടുമായി അവളും പാതി നഗ്നനായി ഞാനും നിന്നു .
ഇനി ഇടത്തോട്ടോ വലത്തോട്ടോ എന്നാലോചിച്ച് നിന്ന നിമിഷം പുറകില്‍ നിന്ന് ഭീഷണിയുടെ കനത്ത സ്വരം , ഞാനീ കാര്യം അച്ഛനോട് പറഞ്ഞ് കൊടുക്കും എന്ന്....!
ശ്വാസം നിലച്ച പോലെ , കൈകാലുകള്‍ തളരുന്ന പോലെ തോന്നി. ഞാനവിടെതന്നെ നിന്നു.
തിരിഞ്ഞൊന്ന് നോക്കി . ഷര്‍ട്ട് വായുവിലിട്ട് ചുഴറ്റുകയായിരുന്നവള്‍.
ഹവായ് ചെരുപ്പ് മുറിച്ച് ചക്രം വെട്ടിയതിന് മിനിഞ്ഞാന്നാണ് അച്ഛന്‍റെ കയ്യോണ്ട് ചന്തിക്കിട്ട് കിട്ടിയത് . അതിന്‍റെ ചൂടാറും മുന്‍പേ ഇനിയും അടി വാങ്ങിക്കൂട്ടാന്‍ എന്‍റെ ചന്തീമ്മ്ല്‍ ഒരിഞ്ച് സ്ഥലം ബാക്കിയില്ലായിരുന്നു.
ഒട്ടും സമയം കളയാതെ തിരിച്ച് നടന്ന് ഞാനാ അലക്ക് കല്ലിലേക്ക് കയറിയിരുന്ന് കൊടുത്തു.
കീഴടങ്ങിയ കുറ്റവാളിയെ ചോദ്യം ചെയ്യാനായി അവളപ്പോഴേക്കും മുന്നിലെത്തി കഴിഞ്ഞിരുന്നു.
കുറച്ച് കള്ള കണ്ണീരൊഴുക്കി നോക്കി . ഫലമുണ്ടായില്ല.പട്ടിയെ പോലെ കിടന്ന് മോങ്ങാതെ ചോദിച്ചതിനുത്തരം പറയെടാ എന്നായി അവള്.
ഒരു കുമ്പസാരത്തിനായി മനസ്സ് പാകപെടുത്താനായി ഒരു നിമിഷം ഞാന്‍ മിണ്ടാതിരുന്നു.
പിന്നെയങ്ങ് തുടങ്ങി. ഓര്‍മ്മ വച്ച നാള് മുതല്‍ ഇന്നീ നാലാം ക്ലാസ്സ് വരെ ഞാന്‍ ചെയ്ത് കൂട്ടിയ എല്ലാ തെറ്റുകുറ്റങ്ങളും ഏറ്റ് പറയാന്‍ തുടങ്ങി.
കടലാസ് ചുരുട്ടി വലിച്ചതിന്‍റെ കഥ .കമ്യൂണിസ്റ്റ് അപ്പയുടെ ഉണങ്ങിയ തണ്ട് കത്തിച്ച് വലിച്ചതിന്‍റെ കഥ .അച്ഛന്‍ വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി വിറകുപുരയിലിരുന്ന് ആഞ്ഞാഞ്ഞ് വലിച്ചതിന്‍റെ കഥ . എല്ലാം ഒരു ഞെട്ടലോടെയാണവള്‍ കേട്ട് നിന്നത്.
അമ്പലത്തിലെ ഭണ്ഡാരത്തിലിടാന്‍ അമ്മ തലക്കുഴിഞ്ഞ് വച്ച കാശടിച്ച് മാറ്റിയ കഥ പറഞ്ഞപ്പോള്‍ അവളെന്നെ തുറിച്ച് നോക്കി പല്ല് കടിച്ച് കൈയ്യോങ്ങി.
ചെറിയച്ഛന്‍റെ കല്ല്യാണം കഴിഞ്ഞ പിറ്റേന്ന് അനുവാദം ചോദിക്കാതെ ചെറിയച്ഛന്‍റെ മുറിയിലേക്ക് തള്ളി കയറി ചെന്നപ്പോള്‍ ചെറിയച്ഛന്‍ ചെറിയമ്മയെ ഉമ്മ വെക്കണത് കണ്ട കാര്യം പറഞ്ഞപ്പോള്‍ അവള്‍ ആകെ വല്ലാണ്ടായി....!
മൂത്രപ്പുരയിലെ കാര്യം പറയെടാ എന്നാക്രോശിച്ചവള്‍ മുഖം ചുളിച്ചു.
''ഇന്‍റര്‍വെല്ലിന്‍റെ '' എന്ന് പറഞ്ഞ് തുടങ്ങിയ വാക്കുകള്‍ പിന്നീട് വിഴുങ്ങപ്പെട്ടപ്പോള്‍ ബാക്കി പറയാനായി അവള്‍ ധൃതി കൂട്ടി.
''ഇന്‍റര്‍വെല്ലിന്‍റെ സമയത്ത് ബാക്ക് ബെഞ്ചിലുള്ള ബാബുവും വിനോദും ഹരീഷും മൂത്രപ്പുരയിലേക്ക് ഓടും , ഞാനും ഓടും , എന്നിട്ട് മൂത്രപ്പുരക്ക് അടുത്തുള്ള മതിലില്‍ കയറി വരി വരിയായി നില്‍ക്കും , എന്നിട്ട് ഒരുമിച്ച് നിന്ന് മൂത്രം ഒഴിക്കും ''
ഇതും പറഞ്ഞ് ഞാനവളുടെ കണ്ണിലേക്ക് നോക്കി , ഇത്രയേയുള്ളു എന്ന ഭാവത്തില്‍.
ഇത്രയേ ഉള്ളോ , എന്നവള്‍ മുഖം ചുളിച്ച് ചോദിച്ചു.
''ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് മൂത്രം ഒഴിച്ചെത്തിക്കണ ആള് ജയിക്കും , ഇതാണ് കളി '' എന്ന് ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോള്‍ അവള്‍ അന്തം വിട്ട് നിന്നു.
അത് കണ്ട് ആവേശം കയറി ഞാന്‍ പറഞ്ഞു , അത് ചേച്ച്യേ , വിരല് നല്ലോണം അമര്‍ത്തി പിടിച്ച് ഒഴിച്ചാ മതി , നല്ല ദൂരത്തേക്കൊക്കെ എത്തിക്കാം എന്ന്..!
അവളുടെ മുഖത്തപ്പോ ആശ്ചര്യമായിരുന്നു....!
പിന്നീടാ ആശ്ചര്യത്തില്‍ നിന്ന് ഒരു ഞെട്ടലോടെയാണവള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വന്നത്.
പിന്നെ കേട്ടത് , എടാ വൃത്തികെട്ടോനേ നാണമില്ലാത്തോനേ , ഇതിനാണോ നീ സ്കൂളില്‍ പോണേ എന്നൊക്കെയായിരുന്നു.
കൂട്ടത്തില്‍ ഒരു ചോദ്യം കൂടി , എത്രയായി ഇത് തുടങ്ങിയിട്ടെന്ന്. മൗനമായിരുന്നു എന്നിലെ മറുപടി.
എന്നെങ്കിലും ഈ മത്സരത്തില്‍ നീ ജയിച്ചിരുന്നോ എന്നെന്നോട് ചോദിക്കുമെന്ന് കരുതി. ഭാഗ്യത്തിന് അതുണ്ടായില്ല. ചോദിച്ചിരുന്നേല്‍ ഞാന്‍ നാണം കെട്ട് പോയേനെ.........!
ഇനിയെങ്ങാനും ഇത് പോലെ ചെയ്തു എന്നാരെങ്കിലും പറഞ്ഞ് ഞാനറിഞ്ഞാല്‍ ഇതാവൂല്ല മോനേ സ്ഥിതി എന്ന് പറഞ്ഞവള്‍ ഭീഷണിപ്പെടുത്തി.
ഷര്‍ട്ടെന്‍റെ മേലേക്കെറിഞ്ഞിട്ടവള്‍ തിരിഞ്ഞ് നടന്നപ്പോള്‍ ഞാന്‍ ചോദിച്ചു , ഇതാരാ ചേച്ചിയോട് പറഞ്ഞത് എന്ന്.
അതിനുത്തരം കിട്ടിയില്ല. പകരം ഒന്ന് പറഞ്ഞു , അച്ഛനെങ്ങാനും ഇതറിഞ്ഞാല്‍ നിന്നെ തല്ലി കൊല്ലുമെന്ന്....!
ആ വാക്കുകള്‍ ഒരു ഇടിത്തീ പോലെയാണ് എന്‍റെ നെഞ്ചില്‍ വന്ന് പതിച്ചത്.
അച്ഛനെന്നെ തല്ലി കൊല്ലും.......!
അത് പറയുമ്പോള്‍ അവളുടെ ചേഷ്ടകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൂങ്ങയുടെ മുഖവും കാലന്‍ കോഴിയുടെ ശബ്ദവുമായിരുന്നവള്‍ക്കപ്പോള്‍.
അച്ഛന്‍റെ കാര്യമായോണ്ട് ഒന്നും പറയാന്‍ പറ്റി ല്ലായിരുന്നു. മൂപ്പരതും ചെയ്യും അതിനപ്പുറവും ചെയ്യും . കുടിക്കാന്‍ കൊണ്ട് വച്ച വെള്ളത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരു എലിയെ പറമ്പ് മുഴുവന്‍ ഓടിച്ചിട്ട് തല്ലി കൊന്നത് ഞാനെന്‍റെ ഈ രണ്ട് കണ്ണു കൊണ്ടും കണ്ടതാണ്.
ഏത് നിമിഷവും അച്ഛന്‍റെ കയ്യാല്‍ കൊല്ലപ്പെട്ടേക്കാം എന്ന ചിന്ത ആ നിമിഷം മുതല്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി.
കുറെയേറെ പാതകങ്ങള്‍ ചെയ്ത ഒരാളാണ് ഞാനെന്ന് എനിക്കന്ന് മനസ്സിലായി.
ആ അലക്ക് കല്ലിന്‍ മേല്‍ ജീവശ്ചവമായി ഞാനിരുന്നു . ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
എങ്കിലും എന്നെ ഒറ്റിക്കൊടുത്തവന്‍ ആരായിരുന്നാലും അവന്‍റെ കയ്യും കാലും ഒടിയണേന്ന് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മറന്നില്ല.
കുറച്ച് സമയം കഴിഞ്ഞ് മെല്ലെ ഞാനെണീറ്റു.
പക്ഷെ ആ എണീറ്റത് ഞാനല്ലായിരുന്നില്ല . പകരം ഒരടിമയായിരുന്നു.
ഒരു അടിമയുടെ ജനനത്തിനായിരുന്നു ആ അലക്ക് കല്ല് സാക്ഷ്യം വഹിച്ചത്. ഒപ്പം ഒരു ഉടമയുടെ ജനനവും .ചേച്ചിയെന്ന ഉടമ.
ഉടമ പറയും . ഞാനനുസരിക്കണം. മറുത്തൊന്നു പറഞ്ഞാല്‍ അച്ഛാന്നുള്ള ഒരു നീട്ടി വിളിയും വിരല് ചൂണ്ടിയൊരു മുന്നറിയിപ്പുമാണ് .
തലയില്‍ തേക്കാനവള്‍ക്ക് ചെമ്പരത്തിയില ഇടിച്ച് പിഴിഞ്ഞ് താളി ഉണ്ടാക്കി കൊടുക്കുക എന്നതായിരുന്നു അടിമ പണിയിലെ പ്രധാന ഇനം.
ആദ്യമാദ്യം ആ മുഖത്ത് നോക്കിയാല്‍ ചിരി വരില്ലായിരുന്നു. പിന്നീടങ്ങോട്ട് ചിരി വരുത്താന്‍ ഞാന്‍ ശീലിച്ച് തുടങ്ങി.
അച്ഛനും അവളും സംസാരിച്ചിരിക്കുമ്പോഴൊക്കെ എന്‍റെ ശ്വാസം നിലച്ച പോലായി. ആ സമയം അവര്‍ കാണും വിധമിരുന്ന് ഞാന്‍ സത് കര്‍മ്മങ്ങളിലേര്‍പ്പെട്ടു.
ഒരു ദിവസം തലയിലെ പേന്‍ നോക്കി കൊടുക്കാന്‍ അവളെന്നെ വിളിച്ചു.......!
ഈ ഭൂമി രണ്ടായി പിളരുന്നത് പോലെ തോന്നി.
എന്നിലെ അടിമ സടകുടഞ്ഞെഴുന്നേറ്റ് പ്രതികരിക്കാന്‍ നോക്കിയ ആദ്യത്തെ നിമിഷമായിരുന്നത്.
പക്ഷെ അരിവാളുമായി പറമ്പില് കിടക്കണ ഓല മടല് വെട്ടി ഒതുക്കി വെക്കണ അച്ഛനെ കണ്ടപ്പോള്‍ ഒട്ടും സമയം കളയാതെ എനിക്കാ മുടിയില്‍ പേന്‍ തിരയേണ്ടി വന്നു.
അധികം വൈകാതെ തന്നെ അവളിലെ ഉടമ എന്നിലെ അടിമക്ക് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞിരുന്നു.
പിന്നെ പഴയപോലെ ചിരിയില്ല , കളിയില്ല , കനപ്പിച്ച് കെട്ടിയ മുഖമായിരുന്നെപ്പോഴുമവള്‍ക്ക്.
ഒരു ശരാശരി പഠിത്തക്കാരി മാത്രമായിരുന്ന അവള്‍ പോകെ പോകെ ക്ലാസ്സിലെ ഒന്നാമതായി മാറി.
അവള്‍ക്ക് വന്ന മാറ്റം അവള്‍ എന്നിലേക്കും സന്നിവേശിപ്പിച്ചു.
അവളുടെ വാക്കിലും നോക്കിലും ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. അതും അവള്‍ എനിക്കായി പകര്‍ന്ന് നല്‍കി.
അവളെ എതിര്‍ക്കാന്‍ പോന്ന ബുദ്ധിയും വളര്‍ച്ചയും എനിക്കായപ്പോഴും ഞാനവളെ അനുസരിക്കാതിരുന്നില്ല.
ആ അനുസരണ ഒരു ശീലമായി എന്നിലപ്പോഴേക്കും അലിഞ്ഞ് ചേര്‍ന്നിരുന്നു.
എങ്കിലും ആ ഒറ്റുകാരന്‍ ആരായിരുന്നുവെന്ന് ഞാന്‍ ചോദിക്കാതിരുന്നില്ല , ഉത്തരം കിട്ടിയിരുന്നില്ലെങ്കില്‍ പോലും.
പലപ്പോഴും വീട്ടിലെ അവസാന വാക്ക് അവളുടേതായി മാറി.
അതിനിടയില്‍ എപ്പോഴാണ് ആ ഉടമ ഈ അടിമയെ സ്നേഹിച്ച് തുടങ്ങിയതെന്ന് എനിക്ക് അറിയില്ല.
എല്ലാ മാസവും പൂരം നാളില്‍ ആ ഉടമ ഈ അടിമയുടെ പേരില്‍ ഭഗവതിക്ക് വഴിപാട് കഴിപ്പിക്കാന്‍ തുടങ്ങി. ചന്ദനമാകുന്ന പ്രസാദം ഈ തിരുനെറ്റിയിലണിയിക്കുമ്പോള്‍ ആ ചുണ്ടുകള്‍ പ്രാര്‍ത്ഥനയില്‍ ലയിക്കുമായിരുന്നു.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എല്ലാവരും വഴക്ക് പറഞ്ഞപ്പോള്‍ അവള്‍ മാത്രം ഒന്നും പറഞ്ഞില്ല. അന്ന് രാത്രി എന്‍റെ മുറിയില്‍ വന്ന് പറഞ്ഞു , വടക്കോട്ട് തല വെച്ച് കിടന്നുറങ്ങിയിട്ടാണ് ഒന്നും ശരിയാവാത്തത് , ഇനി മുതല്‍ കിഴക്കോട്ട് തല വച്ചുറങ്ങിയാ മതിയെന്ന്.
അവള്‍ പൊട്ടിച്ചിരിക്കുന്നതോ പൊട്ടി കരയുന്നതോ ഞാന്‍ കണ്ടിട്ടില്ല . പക്ഷെ ഒരിക്കലാ കണ്ണ് നിറയുന്നത് കണ്ടു , ബൈക്കിന്‍റെ സൈലന്‍സര്‍ തട്ടിയിട്ട് കാല് പൊള്ളി ഞാന്‍ കിടക്കുമ്പോള്‍ അരികില്‍ വന്ന് തിരിച്ച് പോവും നേരം....!
കിട്ടിയ ആദ്യത്തെ ശമ്പളത്തിന്‍റെ ഒരു പങ്ക് ചുമരില്‍ തൂക്കിയിട്ടിരുന്ന എന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റിലിടാന്‍ അവള്‍ മറന്നിരുന്നില്ല.
അവളോടുള്ള എന്‍റെ മനോഭാവം പതിയെ പതിയെ മാറാന്‍ തുടങ്ങുകയായിരുന്നു . ഒപ്പം ആ ഒറ്റുകാരനായ അഞ്ജാതനെ ഞാന്‍ സ്നേഹിച്ച് തുടങ്ങുകയായിരുന്നു.
അവളുടെ ചെറുക്കനെ അവള് തന്നെ കണ്ട് പിടിക്കുകയായിരുന്നു . ആരും അവളുടെ തിരുമാനത്തെ എതിര്‍ത്തില്ല.
കല്ല്യാണം കഴിഞ്ഞ് പടിയിറങ്ങി പോവ്വാന്‍ നേരം അവള്‍ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു .
അവളെന്നെയും കെട്ടിപ്പിടിച്ച് പൊട്ടി കരയുമെന്ന് കരുതി കാത്തിരുന്ന എനിക്ക് തെറ്റി.
കണ്ണീര് തുടച്ച് എന്‍റടുത്ത് വന്നവള്‍ പറഞ്ഞത് , ഞാനിവിടില്ലെന്ന് കരുതി എന്തേലും പോക്കിരിത്തരം കാണിച്ചാല്‍ ഞാനിങ്ങ് ഒരു വരവു വരും , കേട്ടല്ലോ എന്നായിരുന്നു.
എനിക്കൊരു പ്രണയമുണ്ടെന്നറിഞ്ഞപ്പോള്‍ വലിയ ബഹളമായിരുന്നു വീട്ടില്‍ . ചേച്ചിയുടെ കൂട്ടുകാരിയുടെ അനിയത്തിയായിരുന്നു കക്ഷി. പേര് വൈദേഹി. ഒരേ സ്കൂളിലാണ് ഞങ്ങള്‍ പഠിച്ചത് . നാല് വീട് അപ്പുറത്തായിരുന്നു അവളുടെ വീട്. അതു കൊണ്ട് തന്നെ അച്ഛനും അമ്മക്കും സമ്മതമല്ലായിരുന്നു . അവളുടെ വീട്ടിലും സമ്മതമല്ലായിരുന്നു. പിന്നെ എങ്ങനെയാണ് ചേച്ചിയത് പറഞ്ഞ് സമ്മതിപ്പിച്ചതെന്ന് എനിക്കറിയില്ല.
ഞാന്‍ വൈദേഹിക്കണിയിച്ച താലി ചേച്ചിയുടെ വകയായിരുന്നു.
കല്ല്യാണത്തിന് ഇടപാട് തന്നവരുടെ പേര് വിവരങ്ങളും അവര് തന്ന തുകയും വെളുക്കുവോളം ഇരുന്ന് എഴുതി വച്ചിട്ടാണവള്‍ തിരിച്ച് പോയത്.
പോവും നേരം പതിവു പോലെ എനിക്കുള്ള ഉപദേശവും മറന്നില്ല.
അതു കണ്ട് ചിരിയോടെ അമ്മ ചോദിച്ചു , ഇനിയെങ്കിലും ഇതൊക്കെ നിര്‍ത്തിക്കൂടെടി നിനക്കെന്ന്.
അത് കേട്ട് പറയുന്നുണ്ടായിരുന്നു , ഞാനിങ്ങനെ കൂടെ നടന്ന് പറയുന്നത് കൊണ്ടാണ് ഈ പറഞ്ഞ ജോലിയും , ഈ കാണണ വലിയ വീടും , കാറും പത്രാസുമൊക്കെ അവനുണ്ടായത് എന്ന്.
വരവും പോക്കുമായി ബന്ധങ്ങള്‍ ദൃഢമായി മുന്നോട്ട് പോയി. ഉപദേശവും മുന്നറിയിപ്പും അതിന്‍റെ മുറ പോലെ കിട്ടിക്കൊണ്ടിരുന്നു.
അതിനിടയില്‍ വൈദേഹി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
കണ്ണനെന്നവന് പേരിട്ടത് ചേച്ചി തന്നെയായിരുന്നു.
കാലം പിന്നെയും മുന്നോട്ട് പോയി.
ഒരു ഞായറാഴ്ച്ച ദിവസം ഉമ്മറത്ത് പത്രം വായിച്ചിരിക്കുമ്പോഴാണ് തൊടിയില്‍ നിന്ന് അടക്കിപ്പിടിച്ച വര്‍ത്തമാനം കേട്ടത്.
മെല്ലെ ചെന്ന് നോക്കിയപ്പോള്‍ കണ്ണനും അവന്‍റെ കൂട്ടുകാരും കൂടി മണ്‍ തിട്ടക്ക് മേലെ വരി വരിയായി നില്‍ക്കുന്നതാണ് കണ്ടത്.
പെട്ടെന്നാണ് അതിലൊരാള്‍ റെഡി , വണ്‍ , ടു , ത്രീ പറഞ്ഞതും നാല് പേരും കൂടി ഒരുമിച്ച് മൂത്രമൊഴിച്ചതും .
ദൂരെ കാണുന്ന ഉറുമ്പിന്‍ കൂട്ടമായിരുന്നു അവരുടെ ലക്ഷ്യം.
ആരെടാ , എന്താടാ എന്നും ചോദിച്ച് ഞാന്‍ ഒച്ചവപ്പോള്‍ പിള്ളേര് നാല് വഴിക്കോടി.
കണ്ണനെ എന്‍റെ കയ്യില്‍ കിട്ടി . തോന്ന്യാവാസം കാണിക്കുന്നോടാ എന്നും ചോദിച്ച് ചന്തിക്ക് രണ്ട് പെട പെടച്ചപ്പോള്‍ ചെക്കന്‍ കിടന്ന് കാറി.
അത് കേട്ട് വൈദേഹി ഓടി വന്ന് കണ്ണനെ ചുറ്റിപ്പിടിച്ചു . നിങ്ങക്കെന്താ ഭ്രാന്തായോ , എന്തിനാ മോനെ തല്ലണേന്നായി.
നീ കണ്ടോ അവന്‍ കാണിച്ചതെന്നും പറഞ്ഞ് ഞാനവള്‍ക്ക് കണ്ട കാര്യം വള്ളിപുള്ളി വിടാതെ പറഞ്ഞ് കൊടുത്തു.
അത് കേട്ടിട്ട് ഒരു ഭാവമാറ്റവും ഇല്ലാതെ അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു , മത്തന്‍ കുത്തിയാ കുമ്പളം മുളക്കില്ലല്ലോ എന്ന്......!
നീയെന്താ പറഞ്ഞതേന്ന് തറപ്പിച്ചങ്ങ് ചോദിച്ചപ്പോള്‍ അവളുറക്കെ പറഞ്ഞു , മത്തന്‍ കുത്തിയാ പിന്നെ കുമ്പളം മുളക്കില്ലല്ലോ , നിങ്ങളും ചെറുപ്പത്തില്‍ ഇത് തന്നെയായിരുന്നില്ലേ കളിച്ചിരുന്നത് എന്ന്.
ഞാന്‍ സതംഭിച്ചവിടെ നിന്ന് പോയി.
കണ്ണനാണേല്‍ കരച്ചില് നിര്‍ത്തി എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
ഞാനവളുടെ അരികിലേക്ക് ചെന്ന് മെല്ലെ പറഞ്ഞു , മക്കളുടെ മുന്നില്‍ വച്ച് വേണ്ടാതീനം പറയുന്നോടി മരമാക്രീ എന്ന്.
അവളൊന്നൂടെ എന്‍റെ അടുത്തേക്ക് ചേര്‍ന്ന് നിന്നിട്ട് മെല്ലെ പറഞ്ഞു , വേണ്ടാതീനമൊന്നുമല്ല , നിങ്ങള് സ്കൂളിലെ മൂത്രപ്പെരേന്‍റെ മതിലില്‍ കയറി ഇങ്ങനത്തെ കളി കളിക്കണത് ഞാന്‍ പലവട്ടം കണ്ടിട്ട്ണ്ട്.....!
ഞാനവളുടെ കണ്ണിലേക്ക് തുറിച്ച് നോക്കി.
അവളപ്പോഴേക്കും കണ്ണനേം വലിച്ചോണ്ട് അകത്തേക്ക് പോയിരുന്നു.
ഓര്‍മ്മകള്‍ പലതും എന്നിലേക്ക് ഓടി വരികയായിരുന്നു.
ഞാനോര്‍ത്തു , അവളോട് ഞാന്‍ പലപ്പോഴും ചോദിക്കുമായിരുന്നു , അഴകും സമ്പത്തും പേരും പെരുമയുമുള്ള ഒരുപാട് പേര് പുറകെ നടന്നിട്ടും നീ എന്ത് കൊണ്ടാണ് എന്നെ പോലെ ഒരു സാധാരണക്കാരനെ ഇഷ്ടമാണെന്ന് പറഞ്ഞതും , എതിര്‍പ്പുകള്‍ മറി കടന്ന് എന്‍റെ പാതിയായതും എന്ന്.
അപ്പോഴൊക്കെ അവള്‍ പറയും , എനിക്ക് ചേട്ടനെ ചെറുപ്പം മുതലേ അറിയാമല്ലോ , എനിക്കറിയാം എത്ര തോല്‍വി പിണഞ്ഞാലും ജയിക്കണം എന്ന വാശി ചെറുപ്പം മുതലേ ചേട്ടനില്‍ ഉണ്ടെന്നും, അതുകൊണ്ട് തന്നെ എന്നെയും മക്കളേയും ഒരല്ലലുമില്ലാതെ നോക്കുമെന്നും......!
എന്നില്‍ സന്തോഷവും അഭിമാനവും നുരഞ്ഞ് പൊങ്ങി.
ഞാന്‍ എന്‍റെ ഇരു വശവും നോക്കി. ലാസ്റ്റ് ബെഞ്ചിലെ വിനോദും ഹരീഷും ബാബുവും എന്നരികില്‍ നില്‍ക്കുന്നതായി തോന്നി.
ഞാന്‍ ഓടി . കൂടെ അവരും . ഓടിച്ചെന്ന് തൊടിയിലെ മണല്‍തിട്ടയില്‍ പോയി ഞങ്ങള്‍ നിന്നു.
റെഡി , വണ്‍ , ടു , ത്രീ എന്നാരോ ഉറക്കെ പറഞ്ഞു.
ഞങ്ങള്‍ നീട്ടിയങ്ങൊഴിച്ചു.
ഞാന്‍ വിജയിച്ചിരിക്കുന്നു.......!
ഞാനാ മണ്‍തിട്ടയില്‍ നിന്ന് പുറകിലേക്കിറങ്ങി.
മുന്നോട്ട് നടന്നു.
അവിടെ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു , ആ അലക്ക് കല്ല് .....!
അവിടേക്കെന്നെ ഈ ലോകം മുഴുവന്‍ സ്വാഗതം ചെയ്യുന്ന പോലെ തോന്നി.
വലം കാല്‍ വച്ച് ഞാനതിന് മുകളിലേക്ക് കയറി നിന്നു.
ചുറ്റും നിന്ന് ആരൊക്കെയോ കയ്യടിക്കുന്നത് പോലെ...
വലം കയ്യെടുത്ത് ഞാന്‍ നെഞ്ചില്‍ ചേര്‍ത്ത് വച്ചു.
നയനങ്ങള്‍ തുളുമ്പി നിന്നു.
പതറാതെ പോരാടിയ ഒരു തലമുറയുടെ പ്രതിനിധിയായി ഞാനാകാശത്തേക്ക് കൈകളുയര്‍ത്തി വിജയഭേരി മുഴക്കി....

by- magesh boji

അരക്കെട്ടിലെ ഇന്ദ്രജാലം.

Image may contain: 1 person, smiling

ചാറ്റല്‍ മഴയുള്ള സന്ധ്യക്ക് അരക്കെട്ടില്‍ ഇന്ദ്രജാലം ഒളിപ്പിച്ച് വച്ച് ആ തവള ചാടി ചാടി വന്നത് എന്‍റെ മുറ്റത്തേക്ക് മാത്രമായിരുന്നില്ല , എന്‍റെ താളം തെറ്റിയ ജീവിതത്തിലേക്കുമായിരുന്നു......!
ഈയാംപാറ്റകളെ നാക്കിട്ട് പിടിക്കാനായി എത്ര അധികാരഭാവത്തോടെയാണവള്‍ എന്‍റെ ഉമ്മറത്തേക്ക് ചാടി കയറിയത്.
തോണ്ടിയെറിയാന്‍ നോക്കി. പോയില്ലവള്‍.
ചെരുപ്പാലെറിഞ്ഞ് നോക്കി. അനങ്ങിയില്ലവള്‍.
ഒടുവില്‍ അറപ്പോടെ എന്‍റെ വലം കൈ വിരലുകളാ അരക്കെട്ട് ലക്ഷ്യമാക്കി നീങ്ങി.
എടുത്ത് ദൂരെ കളയുകയായിരുന്നു ലക്ഷ്യം.
വഴു വഴുത്ത ആ അരക്കെട്ടില്‍ പിടിയമര്‍ത്തും നേരം മനംപുരട്ടി.
കൈക്കുള്ളില്‍ കിടന്നവള്‍ നിലത്ത് നിന്ന് പൊങ്ങി.
കളയാന്‍ ആകെയുള്ളൊരിടം കുളവാഴയുള്ള കുളത്തിന്‍ കരയായിരുന്നു.
കളഞ്ഞിട്ട് തിരിച്ച് പോരും നേരം വിരലുകളിലെന്തോ പശപശപ്പ്.
അത് കഴുകി കളഞ്ഞപ്പോഴും വിരലുകളിലെന്തോ നഷ്ടബോധത്തിന്‍റെ ചെറു ചലനങ്ങള്‍.
ഇരുന്നിട്ട് ഇരുപ്പുറച്ചില്ല.
കുറച്ച് നേരം കൈകളില്‍ ഒരു ജീവനെ ചേര്‍ത്ത് നിര്‍ത്തിയതിന്‍റെ അനുഭൂതി ഞാന്‍ തിരിച്ചറിഞ്ഞു.....!
ചാറ്റല്‍ മഴയുടെ പതിഞ്ഞ താളം പുറത്ത് കേള്‍ക്കുന്നുണ്ടായിരുന്നു.
കുളത്തില്‍ നിന്ന് ആണ്‍ തവളയുടെ ഇണയെ തിരഞ്ഞുള്ള കരച്ചില്‍ ഉച്ചസ്ഥായിയായി.
ആ വലിയ വീട്ടില്‍ തനിച്ചാണെന്ന ബോധ്യം അപ്പോഴേക്കും എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.
ഒരു ദീര്‍ഘനിശ്വാസത്താല്‍ ചാരിയിരുന്ന നേരം എന്‍റെ വലം കൈ വിരലുകള്‍ എന്തിനോ വേണ്ടി വിറകൊണ്ടു.
ആ വിരലുകളെന്നെ എന്തോ ഓര്‍മ്മപ്പെടുത്തുന്നത് പോലെ....!
കട്ടിലില്‍ നിന്ന് ഞാന്‍ മെല്ലെ എഴുന്നേറ്റു.
കട്ടിലിനടിയില്‍ വച്ച ടോര്‍ച്ചെടുത്ത് തെളിയുന്നുണ്ടോന്ന് നോക്കി.
വാതില്‍ തുറന്ന് പുറത്തിറങ്ങി. ആ കുളമായിരുന്നെന്‍റെ ലക്ഷ്യം.
ടോര്‍ച്ചടിച്ച് ഞാനവിടം പരതി.
വച്ചിടത്ത് തന്നെ ഉണ്ടായിരുന്നവള്‍.
ഇണയെ വിളിക്കുന്ന ആണ്‍ തവളക്കരികിലേക്ക് അവളിതുവരെ പോയിട്ടില്ല.....!
അവളെന്നെ കാത്തിരിക്കുകയായിരുന്നെന്ന് തോന്നിച്ചു.
ടോര്‍ച്ചിന്‍റെ വെട്ടത്തില്‍ ആ കണ്ണുകള്‍ എന്നെ തുറിച്ച് നോക്കി.
എനിക്ക് അറപ്പും വെറുപ്പും തോന്നിയില്ല.
വിരലുകള്‍ ആ അരക്കെട്ടില്‍ ഒരിക്കല്‍ കൂടി പിടിയമര്‍ത്തി.
ഉയര്‍ത്തിയെടുത്ത് ഞാന്‍ തിരിച്ച് നടന്നു.
കൊലായിലെ വെട്ടത്തില്‍ ഞാനവളെ എന്‍റെ നേരെ പിടിച്ചു . ആ കണ്ണുകള്‍ ഒന്നൂടെ തുറിച്ചെന്നെ നോക്കി.
എന്നെ തിരികെ കൊണ്ടു വരാന്‍ മാത്രമുള്ള എന്ത് മായാജാലമാണ് നീ നിന്‍റെ അരക്കെട്ടില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് ചോദിച്ച് ആ കണ്ണുകളിലേക്ക് ഞാന്‍ മാറി മാറി നോക്കി.....!
എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.....!
ആ കണ്ണുകളില്‍ ഞാന്‍ കണ്ടത് എന്നെ തന്നെയായിരുന്നു , എന്‍റെ ഭൂതകാലമായിരുന്നു.
കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വയലുകള്‍ കണ്ടു . കുളവും തൊടിയും കണ്ടു. തലയുയര്‍ത്തി നില്‍ക്കുന്ന പടിപ്പുര കണ്ടു , വീട് കണ്ടു. സ്നേഹം മാത്രം തന്ന് വളര്‍ത്തിയ അച്ഛനേയും അമ്മയേയും കണ്ടു.
വലതുകാല്‍ വച്ച് ഈ വീട്ടിലേക്ക് കയറി വന്ന എന്‍റെ ഭാര്യയെ കണ്ടു.
അവളുടെ കുറ്റവും കുറവും നിരത്തി എന്നും കലഹിക്കുന്ന എന്നിലെ ഭര്‍ത്താവിനെ കണ്ടു.
സഹനത്തിന്‍റെ ആള്‍രൂപമായി എന്‍റെ ആട്ടും തുപ്പും സഹിച്ച അവളുടെ വിറങ്ങലിച്ച് പോയ മനസ്സ് കണ്ടു.
എന്‍റെ തൊണ്ടയിടറി. കൈകളയഞ്ഞു.
കൈക്കുള്ളില്‍ നിന്ന് സ്വതന്ത്രയായപ്പോള്‍ ചാടി ചാടി അവളെങ്ങോ പോയ് മറഞ്ഞു.
മഴ കനത്തു തുടങ്ങി.
കൊലായിലേക്ക് കയറി ഞാന്‍ തറയിലിരുന്നു.
തെങ്ങിന്‍ തലപ്പുകള്‍ കാറ്റില്‍ ഉളകിയാടുന്നുണ്ടായിരുന്നു.
നഷ്ടപ്പെടലിന്‍റെ വിങ്ങല്‍ മനസ്സിനെ മദിക്കാന്‍ തുടങ്ങുന്നുണ്ടായിരുന്നു.
ചുമരില്‍ തൂക്കിയിട്ട അച്ഛന്‍റേയും അമ്മയുടേയും ചിത്രങ്ങള്‍ ഇടി മിന്നലിന്‍റെ ചെറു വെട്ടത്തില്‍ കണ്‍മുന്നിലിങ്ങനെ മിന്നി മാഞ്ഞു.
ഒരു നിമിഷം പോലും ഒറ്റക്കിരിക്കാന്‍ എനിക്കാവുമായിരുന്നില്ല.
ഒറ്റപ്പെടലിന്‍റെ വേദനയെന്നെ കീഴ്പ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി, ചെയ്ത് പോയ തെറ്റുകള്‍ വേട്ടയാടാന്‍ തുടങ്ങിയിട്ടും നാളേറെയായി.
ഇനിയും വൈകിക്കാന്‍ എനിക്കാവുമായിരുന്നില്ല.
മുറ്റത്തേക്കിറങ്ങി കാറിന്‍റെ ഡോര്‍ തുറന്നു.
കാര്‍ മുന്നോട്ടെടുത്തു . ചുവന്ന മണ്ണ് പാകിയ വഴിയിലൂടെ മുന്നോട്ട് നീങ്ങി.
കണ്ണെത്താ ദൂരം പരന്ന് കിടന്ന വയലുകളെല്ലാം ഞാനാണ് മണ്ണിട്ട് തൂര്‍ത്തത് , ഞാനാണവിടെ തേക്കും മാഞ്ചിയവും നട്ടത് , ഞാനാണ് ചിരുതയുടേയും കോരന്‍റേയും കൊയ്ത്തു പാട്ടിന് വിരാമമിട്ടത് , ഞാനാണ് ഈ പ്രകൃതിയെ നശിപ്പിച്ചത് , ഞാനാണ് തവളയ്ക്കും ഒച്ചിനും കിടപ്പാടം ഇല്ലാണ്ടാക്കിയത്.
മരണക്കിടക്കയില്‍ വച്ച് അച്ഛന്‍ പറഞ്ഞിരുന്നു , ആ വയലുകള്‍ വരും തലമുറയ്ക്കായി കരുതി വക്കണമെന്ന് , ആ വയലുകള്‍ മനുഷ്യരുടേത് മാത്രമല്ലെന്ന് , അത് തവളയുടേയും ഒച്ചിന്‍റേതും സര്‍വ്വ ജീവജാലങ്ങളുടേതും കൂടിയാണെന്ന് .
തലതിരിഞ്ഞ ഈ മകനുണ്ടോ അച്ഛന്‍റെ വാക്കിന് വില കല്പിക്കുന്നു.
മരണക്കിടക്കയില്‍ വച്ച് കൊടുത്ത വാക്ക് തെറ്റിക്കാന്‍ മരിച്ചതിന് ഒരാണ്ട് പോലും വേണ്ടി വന്നില്ലെനിക്ക്.
കുത്തഴിഞ്ഞ എന്‍റെ ജീവിതം ശരിയാക്കാന്‍ ഒന്നു കൂടി ചെയ്ത് വച്ചിട്ടാണ് അച്ഛന്‍ പോയത് , കാര്യസ്ഥന്‍ ശങ്കരേട്ടന്‍റെ മോള് നീലാംബരിയെ മോന് വേളി കഴിപ്പിച്ച് കൊടുത്തിട്ടൊരു പരീക്ഷണം.
അച്ഛനത് പറയുമ്പോള്‍ ആനന്ദ കണ്ണീരോടെ കൈ കൂപ്പി നിന്ന ശങ്കരേട്ടന്‍റെ മുഖം ഇന്നും ഓര്‍മ്മയുണ്ട്.
എന്‍റെ മോള്‍ടെ മുജ്ജന്മ സുകൃതം എന്നാണ് ഇടറിയ ശബ്ദത്താല്‍ ശങ്കരേട്ടന്‍ പറഞ്ഞത്.
കെട്ടിയതിന്‍റെ മൂന്നാം നാള്‍ ഉമ്മറത്തിരിക്കുന്നെനിക്ക് മദ്യം ഒഴിച്ച് തരാനായി ഉറക്കെ വിളിച്ചിട്ടും അവളത് കേട്ടില്ല.
നടുമുറ്റത്ത് ഇറ്റിറ്റ് വീഴുന്ന മഴ വെള്ളം നോക്കി ആസ്വദിച്ചിരിക്കുകയായിരുന്നവള്‍.
അന്നായിരുന്നു ആ മുഖത്ത് എന്‍റെ കൈകള്‍ ആദ്യമായി പതിച്ചത്. പിന്നീട് പലയാവര്‍ത്തി.
എന്നിട്ടൊന്നും അവള്‍ കരഞ്ഞില്ല . പക്ഷെ ഒരിക്കല്‍ കരഞ്ഞു , പൊട്ടി പൊട്ടി കരഞ്ഞു , മഴയെ ഒരുപാട് സ്നേഹിച്ച അവളുടെ അടുക്കിവച്ച കവിതകള്‍ ഉന്മാദലഹരിയില്‍ ഞാന്‍ ആ നടുമുറ്റത്ത് പിച്ചി കീറിയിട്ട് കത്തിച്ചപ്പോള്‍.
അവളെന്നെടൊന്നും ആവശ്യപ്പെടാറുണ്ടായിരുന്നില്ല , പക്ഷെ ഒരിക്കലതുണ്ടായി , ഒരു മഴയുള്ള രാത്രിയില്‍ രതിയുടെ അവസാന അപഗ്രഥനത്തിനൊടുവില്‍ ഒരു വേട്ടമൃഗത്തെ പോലെ തളര്‍ന്ന് കിടന്നെന്‍റെ കാതില്‍ ഭയത്തോടെ വന്നവള്‍ ചോദിച്ചു , മുറ്റത്തുള്ള ആ പുളി മരത്തിന്‍റെ ചോട്ടില്‍ കൊണ്ട് പോയി ഈ മഴയത്ത് എന്‍റെ അരക്കെട്ടില്‍ ചേര്‍ത്ത് പിടിച്ച് എന്നെ ഒന്നാ നെഞ്ചില്‍ ചേര്‍ത്ത് നിര്‍ത്തുമോന്ന്‌.
മറുപടിയായി എന്നില്‍ നിന്ന് വച്ച പുച്ഛ രസം കാരണമാകാം അങ്ങേ തലയ്ക്കല്‍ വിതുമ്പി കരയുന്നത് കേള്‍ക്കേണ്ടി വന്നത്.
പിന്നീടെന്തിനാണ് അവളുടെ കയ്യില്‍ ചുറ്റി പിടിച്ച് ഞാന്‍ ശങ്കരേട്ടന്‍റെ വീട്ടിന്‍റെ ഉമ്മറത്തേക്ക് ഉപേക്ഷിച്ചിട്ട് ഉറക്കെ വിളിച്ച് പറഞ്ഞത് , എനിക്ക് നിങ്ങളുടെ മകളെ വേണ്ടെന്നും , ബന്ധം പറഞ്ഞ് ആരെങ്കിലും ആ പടി കയറി വന്നാല്‍ കാല് വെട്ടി കളയുമെന്നും.
അറിയില്ല . അല്ലെങ്കിലും ഞാനായിരുന്നില്ലല്ലോ ഇതൊന്നും ചെയ്തിരുന്നത് . എന്നെ വിഴുങ്ങിയിരുന്ന ലഹരിയായിരുന്നല്ലോ , എന്നെ ഗ്രസിച്ച അഹന്തയായിരുന്നല്ലോ.
ദിക്കൊട്ട് മുഴങ്ങുമാറുള്ളൊരിടിയാണ് ചിന്തയില്‍ നിന്നെന്നെ ഉണര്‍ത്തിയത്.
ഞാനൊരുപാട് ദൂരം സഞ്ചരിച്ചിരിക്കുന്നു. ആ ചെമ്മണ്‍ പാത അവസാനിക്കാറായിരിക്കുന്നു.
ഒരിക്കല്‍ മാത്രം ഞാന്‍ കണ്ട ആ വീടും പറമ്പും എനിക്ക് വേഗം തിരിച്ചറിയാനായി. കാറ് ആ വീട് ലക്ഷ്യമാക്കി നീങ്ങി.
കാറിന്‍റെ വെളിച്ചം മുറ്റത്തെത്തിയപ്പോള്‍ അകത്ത് നിന്നൊരു മെല്ലിച്ച രൂപം പുറത്തേക്ക് വന്നു.
ശങ്കരേട്ടനായിരുന്നത്. ഒരുപാട് മാറിയിരിക്കുന്നു ആ മനുഷ്യന്‍.
കാറില്‍ നിന്നിറങ്ങിയ എന്നെ കണ്ടതും വെപ്രാളപ്പെട്ട് നില്‍ക്കുന്നുണ്ടായിരുന്നു.
കൊലായിലെ മൂലയിലിരിപ്പുള്ള കസേരയിലെ പൊടി തട്ടാനായി തോളത്തെ തോര്‍ത്തു മുണ്ടെടുത്തോടുന്നുണ്ടായിരുന്നു.
ഇരിക്കാനായി ക്ഷണിച്ച് ആശങ്കകളോടെ എന്നെ നോക്കി നിന്നു.
ഉമ്മറത്തെ വാതിലിന് പുറകില്‍ ആരുടെയൊക്കെയോ കാല്‍പെരുമാറ്റം കേള്‍ക്കുന്നുണ്ടായിരുന്നു.
എന്‍റെ മോള്‍ടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ മോനതെല്ലാം പൊറുത്തു തരണം , അവകാശം പറഞ്ഞ് ഒരാളും ആ പടി കയറി വരില്ല എന്നൊക്കെ പറഞ്ഞ് ശങ്കരേട്ടന്‍ കൈ കൂപ്പി വിതുമ്പുന്നുണ്ടായിരുന്നു.
ഇരുന്നിടത്ത് നിന്ന് ഞാനെണീറ്റ് ശങ്കരേട്ടന്‍റെ അരികിലേക്ക് നടന്നു.
ഇടറിയ പാദങ്ങളാല്‍ ഒരടി പുറകിലേക്ക് മാറി നിന്ന ആ കൈകളില്‍ ഞാനെന്‍റെ കൈകളാല്‍ ചേര്‍ത്ത് പിടിച്ചു.
നീലാംബരിയെ കൊണ്ട് പോവാനാണ് ഞാന്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ ആദ്യം കേട്ട തേങ്ങല്‍ ആ വാതില്‍ പടിക്കകത്ത് നിന്നായിരുന്നു.
കൊലുസണിഞ്ഞ രണ്ടു പാദങ്ങള്‍ വാതിലിന്‍റെ മറവില്‍ നിന്ന് മുന്നോട്ട് വരുന്നത് ഞാന്‍ കണ്ടു . ആ തല കുനിഞ്ഞിട്ടുണ്ടായിരുന്നു , ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.
വാക്കുകള്‍ക്ക് പ്രസക്തിയില്ലാത്ത ആ നിമിഷങ്ങളില്‍ ഞാന്‍ കണ്ടു , ആവിടെ കൂടി നിന്ന കണ്ണുകളില്‍ നിന്നെല്ലാം ആനന്ദാശ്രു പൊഴിയുന്നത്.
ആ വലം കൈ പിടിച്ച് ഞാനവളെ കാറിലേക്ക് കയറ്റി.
മഴ കോരി ചൊരിയുന്നുണ്ടായിരുന്നു.
അവള്‍ സന്തോഷിക്കുമ്പോള്‍ മഴക്ക് ആര്‍ത്തലച്ച് പെയ്യാതിരിക്കാനാവുമായിരുന്നില്ലല്ലോ.....!
വന്ന വഴിയെ തിരികെ പോരുമ്പോള്‍ ആ കാറിനകം നിശബ്ദമായിരുന്നു.
ഇടയ്ക്ക് വച്ച് ഞാനവളുടെ കണ്ണിലേക്കൊന്നു നോക്കി.
അവിശ്വസനീയത തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.
വീടിന്‍റെ മുന്നിലെത്തി. വണ്ടി നിര്‍ത്തി. നിശബ്ദതയില്‍ തീര്‍ത്ത ഒരു നിമിഷം കടന്ന് പോയി.
കാറില്‍ നിന്നിറങ്ങിയ എന്നെ വരവേറ്റത് കുളക്കരയില്‍ നിന്നുള്ള ആണ്‍ തവളയുടെ ഇണയെ തേടിയുള്ള ഉച്ചത്തിലുള്ള കരച്ചിലായിരുന്നു.
കുടക്കീഴില്‍ കാറിറങ്ങിയ അവള്‍ കൊലായിലേക്ക് കയറും നേരം ഞാനാ കൈ ചേര്‍ത്തങ്ങ് പിടിച്ചു.
കൊലായിലേക്ക് വച്ച വലം കാല്‍ പതിയെ അവള്‍ തിരികെയെടുത്ത് വച്ചു.
മുഖത്തോട് മുഖം നോക്കി നിന്ന നിമിഷം.
തണുത്ത കാറ്റ് വന്ന് ദേഹമാസകലം മൂടി.
അവളുടെ കയ്യില്‍ നിന്നും കുട പതിയെ താഴെ വീണു.
ഇടിമിന്നലിന്‍റെ വെട്ടത്തില്‍ ആ നെറ്റിയിലെ സിന്ദൂരം ഒലിച്ചിറങ്ങാന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടു.
ആ കരം പിടിച്ച് ഞാന്‍ മുന്നോട്ട് നടന്നു. എന്നെ മാത്രം നോക്കി ആശ്ചര്യത്തോടെ അവള്‍ പുറകെയും.
ഞാന്‍ നടത്തം നിര്‍ത്തി.
പുളിമരത്തിന്‍റെ അരികിലെത്തിയിരുന്നു ഞങ്ങള്‍....!
ഞാനവളുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് പുളി മരത്തിലേക്ക് ചാരിയ നേരം അവളൊരു നിമിഷം സ്തംഭിച്ച് നിന്നു.
ഒരു തേങ്ങലോടെ പിന്നെന്‍റെ നെഞ്ചിലേക്ക് വീണവള്‍ പൊട്ടിക്കരയുകയായിരുന്നു.
എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല . പക്ഷെ ഒന്നറിയാം , ആര്‍ത്തലച്ച് പെയ്യുന്ന മഴയോടൊപ്പം അവളുടെ മനസ്സിലെ വേദനകളെല്ലാം അലിഞ്ഞില്ലാതാവുകയായിരുന്നെന്ന്.
നശിപ്പിക്കുകയും വേര്‍പ്പെടുത്തുകയും ചെയ്തിരുന്ന എന്‍റെ കൈകള്‍ അന്നാദ്യമായി ചേര്‍ത്ത് നിര്‍ത്തലിന്‍റെ സുഖമറിഞ്ഞു , സംരക്ഷിക്കലിന്‍റെ ശക്തിയറിഞ്ഞു.
പെണ്ണെന്ന ഈ പ്രകൃതിയുടെ അരക്കെട്ടില്‍ ചേര്‍ത്ത് പിടിച്ചപ്പോള്‍ അതെന്‍റെ മേല്‍ സ്നേഹ വാത്സല്ല്യമായി ചൊരിഞ്ഞതും ഞാനറിഞ്ഞു.
ഇണ വന്നണഞ്ഞത് കൊണ്ടാവും , കുളത്തില്‍ നിന്നുള്ള ആണ്‍ തവളയുടെ കരച്ചിലപ്പോഴേക്കും നേര്‍ത്ത് നേര്‍ത്ത് ഇല്ലാണ്ടായിരുന്നു.......!

By Magesh Boji

കൊല്ലപ്പരീക്ഷ


Image may contain: 1 person, smiling

പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പിന്നെന്ത് എന്ന ചോദ്യത്തിന് മേസ്തിരി രാജേട്ടനും മൂത്താശ്ശാരി കൃഷ്ണേട്ടനും എന്നായിരുന്നു എന്നിലെ ഉത്തരം....!
അതുകൊണ്ട് തന്നെ പത്താം ക്ലാസ്സിലെ ജയപരാജയങ്ങള്‍ എന്നെ ഒരിക്കലും ബാധിക്കുമായിരുന്നില്ല.
കിണറ്റിന്‍ വക്കത്തിരുന്നു ഉമിക്കരിയിട്ട് പല്ലമര്‍ത്തി തേക്കുമ്പോഴാണ് വടക്കേതിലെ ഗോപന്‍ വന്ന് പറഞ്ഞത് , നമ്മള് തോറ്റെടാ ന്ന്.
നിര്‍വ്വികാരനായിരുന്നു ഞാന്‍......!
ഓല വീട്ടിലെ മണ്ണെണ്ണ വിളക്കിന്‍റെ ചോട്ടിലിരുന്ന് പഠിച്ചാ പിന്നെ റാങ്ക് കിട്ടും എന്ന് പരിഹസിച്ച് ഞാന്‍ കുലുക്കുഴിഞ്ഞ് തുപ്പി.....!
തെരുവു വിളക്കിന്‍റെ വെട്ടത്തിലിരുന്ന് പഠിച്ച് മഹാന്‍മാരായവരുടെയൊക്കെ പ്രാക്കാണോന്നറിയില്ല , ഈര്‍ക്കിലെടുത്ത് നാക്ക് വടിച്ചപ്പോള്‍ ഓക്കാനിച്ച് പണ്ടാറമടങ്ങി.
മുഖം തുടച്ച് തിരിഞ്ഞപ്പോള്‍ മുന്നിലതാ ആക്രി പെറുക്കി നടക്കണ അണ്ണാച്ചി.
വരാന്‍ പറഞ്ഞിട്ട് വന്നതാണത്രേ......!
ഒരു കെട്ട് പുസ്തകവും രണ്ട് മൂന്ന് ചളുങ്ങിയ പാത്രവുമായി അമ്മയതാ അണ്ണാച്ചിക്ക് മുന്നില്‍.
എന്‍റെ പത്താം ക്ലാസ്സിലെ പുസ്തകങ്ങളായിരുന്നത് .
അത്രക്കുണ്ടായിരുന്നു അമ്മയുടെ ദീര്‍ഘവീക്ഷണം...!
മുറ്റത്തേക്കിറങ്ങി നടക്കുമ്പോള്‍ പുറകീന്നൊരു വിളിയും പറച്ചിലും , വരുമ്പോള്‍ കറി വെക്കാന്‍ ലേശം ഉണക്ക ചെമ്മീന്‍ വാങ്ങണേന്ന്.
ഉണക്കച്ചെമ്മീനും ചക്കക്കുരുവും കൂട്ടി മടുത്തിരുന്ന ഞാന്‍ വരിക്ക പ്ലാവിന്‍റെ തന്തക്ക് പലവുരു വിളിക്കാന്‍ മറന്നില്ല.
ഒരു രൂപ കീശയില്‍ തന്നെയുണ്ടെന്ന് തപ്പി നോക്കി ഉറപ്പിച്ചു.
നേരെ ചെന്ന് കയറിയത് ഗോപാലേട്ടന്‍റെ ചായകടയിലേക്ക് .
ഒരു ചായ പറഞ്ഞ് രംഭയുടെ മുഴുനീള ചിത്രമുള്ള കലണ്ടറിലേക്ക് നോക്കിയിരുന്നു.
അപ്പോഴാണ് മൂത്താശ്ശാരി കൃഷ്ണേട്ടനും കൂട്ടരുമങ്ങോട്ട് കേറി വന്നത്.
പൊറാട്ടയും കോഴിപാട്സും ചൂടുവെള്ളവും അവരുടെ മുന്നിലതാ നിരന്ന് കഴിഞ്ഞു .
പുറം ലോകം കാണാതെ കോഴിയുടെ വയറ്റില്‍ കിടന്നിരുന്ന കുഞ്ഞ് കുഞ്ഞ് മുട്ടകള്‍ ആ പാത്രത്തില്‍ കിടന്നെന്നെ കണ്ണിറുക്കി കാണിച്ചോന്നൊരു സംശയം.
മൂത്താശ്ശാരി കൃഷ്ണേട്ടന്‍റെ രൂപം കയ്യിലൊരു ലഡുവുമായി ഇരിക്കണ ഗണപതി ഭഗവാനെ പോലെ തോന്നിച്ചു.
ആവശ്യം പറഞ്ഞപ്പോള്‍ വീതുളി മൂര്‍ച്ചം നോക്കണ പോലെ ആഞ്ഞൊന്നെന്നെ നോക്കി മൂപ്പര് പറഞ്ഞു , നാളെ മുതല്‍ ഷെഡ്ഡിലേക്ക് പണിക്ക് പോന്നോളാന്‍.
ടേംസ് അന്‍ഡ് കണ്ടീഷന്‍സൊന്നും ഞാന്‍ ചോദിച്ചില്ല . പകരം ഗോപാലേട്ടനോട് രഹസ്യമായി ചോദിച്ചു , കോഴി പാട്സും പൊറോട്ടയും എന്നും ഉണ്ടാക്കാറുണ്ടല്ലോ ല്ലേ ന്ന്.
തീര്‍ത്തും അനുകൂലമായ മറുപടിയാണ് ഗോപാലേട്ടന്‍റെ കയ്യീന്ന് കിട്ടിയത് . കൂടെ ഇതും കൂടി പറഞ്ഞു , നല്ല ഭാഗ്യമുണ്ടെങ്കില്‍ കോഴീന്‍റെ കരളും കിട്ടുംന്ന്.....!
അത്യുത്സാഹത്തോടെ വീട്ടിലെത്തിയപ്പോള്‍ അടുക്കളപ്പുറത്തുള്ള കൂട്ടീന്നൊരു കോഴി കൊക്കി പാറി.
അയല്‍ വീട്ടിലെ കോഴിയാണ് . വീട്ടിലെ കൂട്ടില്‍ കയറി മുട്ടയിട്ടതാണ് .
അല്ലെങ്കിലും മനുഷ്യനല്ലേ അതിരും മതിലുമുള്ളൂ.
തൊട്ട് പുറകെ അയല്‍ക്കാരി അധികാര ഭാവത്തോടെ വന്ന് കൂട്ടിലേക്ക് കയ്യിട്ട് മുട്ടയെടുത്തങ്ങ് ഒരൊറ്റ നടത്തം.
എല്ലാം കണ്ട് പൂവന്‍ കോഴി എന്നെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
കോഴിക്കൂടും അയല്‍ക്കാരിയേയും മുട്ടയേയും പൂവന്‍ കോഴിയേയും ഞാന്‍ കുറെ നേരം ചിന്തയിലിട്ടുന്തി.
' അയല്‍ക്കാരായാല്‍ ഒരു മര്യാദയൊക്കെ വേണ്ടേ ,
' മുട്ടയെടുത്തോണ്ട് പോവുമ്പോള്‍ ഒന്ന് പറഞ്ഞിട്ട് പോണ്ടേ ,
' ആ മുട്ടയുടെ മറ്റൊരവകാശി എന്‍റെ വീട്ടിലെ പൂവന്‍ കോഴി അല്ലെ '
'അവനെത്രയോ വട്ടം പുറകെ ഓടിയിട്ടാണ് അവളെ മുട്ടയിടാന്‍ പ്രാപ്തയാക്കിയത് '
' എന്തൊരു ലോകമാണിത് '
ഇജ്ജാതി അനവധി നിരവധി ചോദ്യങ്ങള്‍ എന്‍റെ മനസ്സിലിങ്ങനെ വന്ന് നിറഞ്ഞു.
ചേലൊത്ത വാലും ചുവന്ന പൂവുമൊക്കെയായി എന്ത് ഭംഗിയാ ആ പൂവന്‍ കോഴിയെ കാണാന്‍ , ആണഴകന്‍ , പറഞ്ഞിട്ടെന്താ കാര്യം , ഒന്നും അനുഭവിക്കാന്‍ യോഗമില്ല..
വിശദമായ നിരീക്ഷണത്തിനൊടുവിലും ചിന്തകള്‍ക്കൊടുവിലും ജീവിതത്തിലെ ആദ്യ പാഠം ഞാനന്ന് പഠിച്ചു...!
ഈ പഠിച്ച പാഠം സ്കൂള് പോയിട്ട് കോളേജ് പോയിട്ട് സായിപ്പിന്‍റെ സര്‍വ്വകലാശാലേല്‍ പോലും പഠിപ്പിക്കൂല്ലാന്ന് എനിക്കുറപ്പായിരുന്നു.
പിറ്റേന്ന് മുതല്‍ ഞാന്‍ ഷെഡ്ഡില് പണിക്ക് പോവ്വാന്‍ തുടങ്ങി.
ആദ്യത്തെ കൂലി വീട്ടില്‍ കൊടുത്തപ്പോള്‍ അനിയന്‍മാരും പെങ്ങന്‍മാരും ചുറ്റും കൂടി. ചോറ് വിളമ്പാനും കൂട്ടാന്‍ ഒഴിച്ച് തരാനും മത്സരമായിരുന്നു.
അനിയന്‍ കഴിച്ചിട്ട് പാത്രത്തില്‍ ബാക്കി വന്ന ചോറ് കണ്ട് അമ്മ പറഞ്ഞു , അതാ പൂവന്‍ കോഴിക്ക് ഇട്ട് കൊടുത്തേക്ക് , അവനങ്ങ് തടിച്ച് കൊഴുക്കട്ടെ , നേര്‍ച്ച കോഴിയാന്ന്.....!
മനശ്ശാസ്ത്രം പഠിപ്പിക്കുന്ന കോളേജ് പ്രൊഫസറെ പോലെ തോന്നിച്ചു അമ്മയെ.
വീണ്ടും വീണ്ടും പല പല പാഠങ്ങള്‍ പലരും പല രൂപത്തില്‍ എന്നെ പഠിപ്പിച്ച് കൊണ്ടേയിരുന്നു.
അങ്ങനെ പഠിച്ച പാഠങ്ങളുടെയൊക്കെ അര കൊല്ല പരീക്ഷയും മുക്കാല്‍ കൊല്ല പരീക്ഷയും വന്ന് പോയി.
ആ പാഠങ്ങളിലൊക്കെയും ഒരു നഗ്ന തത്വം ഞാന്‍ കണ്ടു , കടമകള്‍ നിര്‍വ്വഹിക്കുന്നതിനോടൊപ്പം സ്വന്തം കാര്യം കൂടി നോക്കാന്‍ മറക്കരുതെന്നും , മറന്നാല്‍ നേര്‍ച്ച കോഴിക്ക് സമമാവുമെന്നും .
പുതിയ വീട് വച്ചു . പെങ്ങന്‍മാരെ കെട്ടിച്ച് വിട്ടു . അനിയന്‍മാരെ അത്യാവശ്യം പഠിപ്പിച്ച് കുഴപ്പമില്ലാത്ത നിലയിലെത്തിച്ചു .
ഒരു ബൈക്ക് വാങ്ങി . നാല് ചിട്ടി ചേര്‍ന്നു . പത്ത് സെന്‍റ് സ്ഥലം വാങ്ങി.
സ്ഥലം വാങ്ങിയപ്പോള്‍ പലരും ചോദിച്ചു , നീനക്കെന്തിനാ വേറൊരു വീട് , നീ കഷ്ടപ്പെട്ടുണ്ടാക്കിയ വീടല്ലേ ഇപ്പോ ഉള്ളതെന്ന്.
ആ വീട് എന്‍റെ ഇളയ അനിയനുള്ളതാണെന്ന് പറയാന്‍ ഈ പത്താം ക്ലാസ്സുകാരന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.
നാട്ടുനടപ്പ് അങ്ങനെയാണെന്ന് അറിയാഞ്ഞിട്ടല്ല. എന്നാലും കുനുഷ്ട് ചോദ്യം ചോദിക്കുമ്പോള്‍ ഒരു സുഖമാണ് പലര്‍ക്കും.
പെണ്ണ് കാണാന്‍ പോയതും കല്ല്യാണം കഴിച്ചതും എന്‍റെ താല്പര്യത്തിന് തന്നെയായിരുന്നു.
പെണ്ണിനെ കണ്ട് കൂട്ടുകാരന്‍ ചോദിച്ചു , നിനക്ക് ഇതിനേക്കാള്‍ കുറച്ചൂടെ സൗന്ദര്യമുള്ള ഒരു പെണ്ണിനെ കിട്ടുമായിരുന്നല്ലോ എന്ന്.
സൗന്ദര്യം ശരീരത്തിനല്ല മനസ്സിനാണ് വേണ്ടതെന്ന് വെറും പത്താം ക്ലാസ്സുകാരനായ ഞാനെങ്ങനെയാ ബാങ്ക് മാനേജരായ അവനെ പറഞ്ഞ് മനസ്സിലാക്കുക....!
അമ്മയെ ആഴ്ച്ചയിലൊരിക്കല്‍ വൈദ്യരുടെ അടുത്ത് കൊണ്ട് പോയി തിരിച്ച് വരുമ്പോള്‍ ഒരു ദിവസം കണക്ക് പഠിപ്പിച്ച രാഘവന്‍ മാഷ് ചോദിച്ചു , അമ്മയെ വൈദ്യരുടെ അടുത്ത് കൊണ്ട് പോവ്വാന്‍ നീ മാത്രമുള്ളോ മകനായിട്ടെന്ന്.
കണക്ക് ഒരുപാട് പഠിക്കാഞ്ഞത് എത്ര നന്നായി എന്ന് അന്നെനിക്ക് മനസ്സിലായി.....!
നടുമുറ്റത്തിട്ട് തേന്‍വരിക്കനൊരു ചക്ക വെട്ടിമുറിച്ച് ചുള പറിച്ച് മുറത്തിലിടും നേരം അമ്മക്ക് കൂട്ടിന് ഞാനെന്നുമുണ്ടാവുമായിരുന്നു.
ആണ്ട്രതിക്കും സംക്രാന്തിക്കും കാരണവന്‍മാര്‍ക്ക് നേര്‍ച്ച വെച്ച് കൊടുത്തത് ഞാന്‍ തന്നെയായിരുന്നു.
സുഖംല്ല്യാണ്ട് കിടക്കണ വല്ല്യമ്മാവന് ഓണത്തിനും വിഷുവിനും കോടി വാങ്ങി കൊടുക്കാന്‍ എന്നെ ആരും ഓര്‍മ്മപ്പെടുത്തേണ്ടി വന്നില്ല.
അയല്‍പക്കത്തെ നാണിയമ്മക്ക് വെറ്റിലയും അടക്കയും എന്‍റെ കൈകൊണ്ട് പതിവായിരുന്നു.
കാര്യങ്ങളെല്ലാം സമയാസമയങ്ങളില്‍ നടന്ന് കൊണ്ടിരുന്നു.
വീടും പറമ്പും ഞങ്ങള്‍ മക്കളെല്ലാവരും സന്തോഷത്തോടെ വീതിച്ചെടുത്തു.
തറവാടിന് ചുറ്റുമുള്ള സ്ഥലത്ത് ഞങ്ങളെല്ലാ മക്കളും പുതിയ വീട് വെച്ച് മാറാന്‍ തുടങ്ങി.
അതിരും മതിലുകളുമില്ലാത്ത ആ വലിയ തൊടിയിലെ ഓരോ വീടും ഓരോ സ്വര്‍ഗ്ഗങ്ങളായി മാറി.
അവസാനമായി വീട് വച്ച് മാറിയത് ഞാനായിരുന്നു.
ചടങ്ങെല്ലാം കഴിഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.
തൊട്ടടുത്ത തറവാട്ടില്‍ അമ്മയുണ്ടെങ്കിലും അമ്മയുടെ അസാന്നിധ്യം മനസ്സില്‍ വിങ്ങലുണ്ടാക്കി കൊണ്ടിരുന്നു.
പുതിയ വീട്ടില്‍ കിടന്നിട്ട് ഉറക്കം വരാതെ ഞാന്‍ മുറ്റത്തിറങ്ങി തറവാട്ടിലേക്ക് നോക്കി.
വന്ന് കിടക്കാന്‍ ഭാര്യ വന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് കയറി.
ഇല്ല . കിടക്കാന്‍ കഴിയുന്നില്ല . ഞാന്‍ ചാടിയെണീറ്റു.
എങ്ങോട്ടാണെന്ന് ചോദിക്കുന്നതിന് മുന്‍പേ ഞാനവളോട് പറഞ്ഞു , ഞാനമ്മയെ ഒന്ന് കണ്ടിട്ട് വരാമെന്ന്.
അമ്മ ഉറങ്ങികാണുമെന്നവള്‍ പറഞ്ഞത് എന്നെ പിന്‍തിരിപ്പിച്ചില്ല.
കൊലായിലെ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ ഞെട്ടി.
അമ്മയതാ മുന്നില്‍......!
ചുറ്റും എല്ലാവരുമുണ്ട്.
എല്ലാവരുടെ മുഖത്തും പുഞ്ചിരി നിറഞ്ഞിരിക്കുന്നു . പക്ഷെ അമ്മയുടെ മുഖം മാത്രം കനത്തിരിക്കുന്നു . ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
ഏട്ടനെ കാണണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോള്‍ കൂട്ടിക്കൊണ്ട് വന്നതാണെന്ന് കുഞ്ഞനിയനാണ് പറഞ്ഞത് .
എല്ലാവരുടേയും പൊട്ടിച്ചിരിക്കിടയിലൂടെ അമ്മ അകത്തേക്ക് കയറി.
എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ ഞാനെന്‍റെ വീടിന്‍റെ മുറ്റത്തിറങ്ങി.
ദൂരേന്ന് കാണുന്നുണ്ടായിരുന്നു , തറവാട്ടിലെ ആ കിണറ്റിന്‍ തടം.
തണുത്ത കാറ്റിന്‍ ലാളനയേറ്റ് ഞാനവിടേക്ക് നടന്നു.
ആ കിണറ്റിന്‍ വക്കത്തിരുന്നപ്പോ ഞാനറിഞ്ഞു , കൊല്ല പരീക്ഷ ജയിച്ചവന്‍റെ അഭിമാനവും സന്തോഷവും......!

By Magesh Boji

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo