' ഒരു വാഴയെ ഭാര്യയായി സങ്കല്പിച്ച് താലി കെട്ടി ദോഷമങ്ങ് തീര്‍ക്കുക '
പണിക്കരിങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ എന്‍റെ അടി വയറ്റീന്നൊരാന്തലുണ്ടായി . ദയനീയമായി ഞാന്‍ പണിക്കരെ നോക്കി .
ഞാന്‍ --- വേറെ ഒരു പരിഹാരമാര്‍ഗ്ഗവുമില്ലേ പണിക്കരേ ?
പണിക്കര്‍ -- ഇല്ല്യ . എന്‍റെ അറിവിലില്ല്യ .
ഞാന്‍ -- വാഴയെ താലി കെട്ടുകാന്നൊക്കെ പറഞ്ഞാല്‍ ? അതും ഈ കാലത്ത് ...ച്ചെ...
പണിക്കര്‍ -- എടോ , തന്‍റെ ജാതകത്തില്‍ ബലഹീനനായ ചൊവ്വ ഏഴാം ഭാവത്തിലാണ് നില്‍ക്കുന്നത് . അങ്ങനെ വന്നാല്‍ ആദ്യത്തെ വിവാഹ ജീവിതം വിരഹത്തിലോ , ഭാര്യാ മരണത്തിലോ അവസാനിക്കും . എന്നാല്‍ രണ്ടാം വിവാഹം ഉത്തമമായിട്ടാണ് കാണുന്നത് . തനിക്കിതൊക്കെ വേണമെങ്കില്‍ വിശ്വസിക്കാം അല്ലെങ്കില്‍ അവിശ്വസിക്കാം . ഇനിയെല്ലാം തന്‍റെ ഇഷ്ടം പോലെ .
കീശയിലിരുന്ന ദക്ഷിണ സമര്‍പ്പിച്ച് മരവിച്ച മനസ്സുമായി ഞാന്‍ വീട്ടിലേക്ക് നടന്നു . ഒരുപാട് ആലോചിച്ചു . ഒരു പെണ്ണിന്‍റെ ജീവിതം ഞാനായിട്ട് നശിപ്പിക്കാന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു . വാഴയെങ്കില്‍ വാഴ . കെട്ടിയിട്ട് ദോഷം തീര്‍ത്തിട്ട് തന്നെ ബാക്കി കാര്യം എന്ന തിരുമാനത്തില്‍ ഞാനുറച്ചു .
അങ്ങനെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണലിനായി ഞാന്‍ വീട്ടില്‍ നിന്നിറങ്ങി . അതും ഒറ്റക്ക് .
പടിഞ്ഞാറെ തൊടിയിലും തെക്കെ തൊടിയിലും വടക്കേ തൊടിയിലും നോക്കി . മനസ്സിന് പിടിച്ച ഒന്നിനെ പോലും കണ്ടില്ല .
ചിലത് ' കുലച്ചതാണെങ്കില്‍ ' മറ്റു ചിലത് 'തണ്ടൊടിഞ്ഞതായിരുന്നു . ചിലതാകട്ടെ 'കീടങ്ങള്‍ ' കുത്തിയതും . ...!
പക്ഷെ കിഴക്കേ തൊടിയില്‍ ഞാനൊരുത്തിയെ കണ്ടു ...!
ശാലീനതയും കുലീനതയും സമം ചേര്‍ത്ത രൂപം . കണ്ട മാത്രയില്‍ തന്നെ എന്‍റെ മനസ്സ് മന്ത്രിച്ചു , ഇവള് മതി , ഇവള് മതി എന്ന് .
സമ്മതം ചോദിക്കാന്‍ ഉയര്‍ന്ന നാവിനെ നിശബ്ദമാക്കി ഒരു നനുത്ത കാറ്റിനാല്‍ അവളുടെ തളിരില തുമ്പ് വന്നെന്‍റെ നെറുകില്‍ സ്പര്‍ശിച്ചു സമ്മതമെന്നോതി .
ഒട്ടും സമയം കളയാതെ ഞാന്‍ തുണികടയിലേക്കോടി .
കടക്കാരന്‍ --- എന്താ വേണ്ടത് ?
ഞാന്‍ -- എന്‍റെ കല്ല്യാണമാണ് . അന്നുടുക്കാനുള്ള മുണ്ടും ഷര്‍ട്ടും വേണം .
കടക്കാരന്‍ -- മുണ്ടും ഷര്‍ട്ടും റെഡി . അല്ല , അടിയിലുടുക്കാന്‍ പുതിയതൊന്നും വേണ്ടേ ?
ഞാന്‍ --- ഈ കല്ല്യാണത്തിന് അതിന്‍റെയൊന്നും അവശ്യമില്ല ചേട്ടാ..!
കടക്കാരന്‍ -- ലൗ മാര്യേജ് ആവുംല്ലേ ..?
ഒന്നും മിണ്ടാതെ കാശും കൊടുത്ത് നേരെ പൂക്കടയില്‍ പോയി ഒരു പൂമാല വാങ്ങി . കൂടെ ഒരു ചെപ്പ് സിന്ദൂരവും . വേഗം വീട്ടിലേക്ക് നടന്നു . ആരും കാണാതെ എല്ലാ സാധനവും കട്ടിലിനടിയിലേക്ക് കയറ്റി വച്ചു .
ഞാന്‍ --- അമ്മ പുലര്‍ച്ചെ ചായയ്ക്ക് പലഹാരമുണ്ടാക്കാന്‍ എപ്പോഴാണ് എണീക്കാറ് .
അമ്മ -- അഞ്ചര മണിയാവും . എന്തേ ?
ഞാന്‍ -- ഏയ് . ഒന്നുല്ല്യ . വെര്‍തെ ചോദിച്ചതാ .
അമ്മ ഉണരുന്നതിന് മുന്‍പ് കല്ല്യാണം നടത്തണം എന്ന് മനസ്സിലുറപ്പിച്ചു ..
നേരത്തെ അത്താഴം കഴിച്ചു മുറിയില്‍ കയറി വാതിലടച്ചു . നാലര മണിക്ക് അലാറം വച്ചു . മുല്ലപ്പൂവിന്‍റെ മണം കട്ടിലിനടിയില്‍ നിന്ന് മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ടായിരുന്നു . അതിനിടയിലെപ്പോഴോ ഞാനുറങ്ങിപ്പോയി .
അലാറമടിച്ച ശബ്ദം കേട്ടുണര്‍ന്നു . പല്ലുതേപ്പ് കഴിഞ്ഞ് കുളിക്കാന്‍ കയറി . കുളിച്ച് വന്ന് കട്ടിലിനടിയില്‍ വച്ച പുതിയ മുണ്ടും ഷര്‍ട്ടും ധരിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതി എന്നില്‍ വന്ന് നിറയുകയായിരുന്നു ..!
ഞാനുടനെ കിഴക്കെപ്പുറത്തെ ജനവാതില്‍ തുറന്ന് ടോര്‍ച്ചടിച്ച് നോക്കി . അവളെ കണ്ടപ്പോള്‍ മനസ്സിനൊരു ഉന്മേഷം തോന്നി .
മാലയും സിന്ദൂരവും ഒരു കയ്യിലും , ചിരാതും വെളിച്ചെണ്ണയും തീപ്പെട്ടിയും മറു കയ്യിലുമായി ഞാന്‍ പതുങ്ങി പതുങ്ങി വീട്ടില്‍ നിന്ന് പുറത്തിറങ്ങി .
അവളുടെ അരികിലെത്തി . ചുറ്റും വല്ലാത്ത നിശബ്ദത . ചിരാതില്‍ എണ്ണയൊഴിച്ച് തിരി കത്തിച്ചു . ചിരാതിന്‍റെ ആ പ്രഭയില്‍ അവള്‍ തിളങ്ങുന്നുണ്ടായിരുന്നു . ഒരു നിമിഷം ഞാന്‍ അനങ്ങാതെ നിന്നു . കീശയില്‍ വച്ച താലി കയ്യിലെടുത്തു .
മുപ്പത്തിമുക്കോടി ദൈവങ്ങളേയും സാക്ഷിയാക്കി ഞാനവളുടെ കഴുത്തില്‍ താലി ചാര്‍ത്തി ....!
കുരവയും വാദ്യഘോഷങ്ങളും നെഞ്ചിനകത്ത് മുഴങ്ങുന്നുണ്ടായിരുന്നു .
സിന്ദൂരച്ചെപ്പ് മെല്ലെ തുറന്നു . തിരുനെറ്റിയെന്ന് സങ്കല്പിച്ച് ഒത്ത ഉയരത്തില്‍ ചാര്‍ത്തി .
വല്ലാത്തൊരു ആത്മവിശ്വാസം തോന്നി . ഇനി മുതല്‍ ഞാനൊറ്റക്കല്ലെന്നൊരു തോന്നല്‍ ..! ഞാനവളെ തന്നെ കുറച്ച് നേരം നോക്കി നിന്നു .
ചിരാത് കെടുത്തി , മാലയൂരിയെടുത്ത് ഞാന്‍ തിരിച്ച് നടന്നു . ഇടയ്ക്ക് വച്ച് ഞാനവളെ ഒരു വട്ടം തിരിഞ്ഞു നോക്കി ..!
മുറിയിലെത്തി ഡ്രസ്സ് മാറാന്‍ ശ്രമിച്ചിട്ടും അതിന് കഴിയാത്തത് പോലെ തോന്നി . കുറെ നേരം അങ്ങനെയിരുന്നു . അതിനിടയില്‍ അമ്മ എഴുന്നേറ്റിരുന്നു . നിലവിളക്ക് കൊളുത്തി അമ്മ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു , കൃഷ്ണ ക്യഷ്ണാ മുകുന്ദാ ജനാര്‍ദ്ധനാ.....
എന്‍റെ തലച്ചോറിലേക്ക് ഒരു വൈദ്യുതി പ്രവാഹമുണ്ടായി . ജീവനില്ലാത്ത ഒരു നിലവിളക്കില്‍ അമ്മയ്ക്ക് ശ്രീകൃഷ്ണനെ കാണാന്‍ കഴിയുന്നുണ്ടെങ്കില്‍ എനിക്കെന്ത് കൊണ്ട് ഒരു വാഴയെ എന്‍റെ ഭാര്യയായി സങ്കല്പിച്ചുകൂടാ , സ്നേഹിച്ചു കൂടാ ..?
അല്ലെങ്കിലും ഈ മായാ പ്രപഞ്ചത്തില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത എന്തെല്ലാം അത്ഭുതങ്ങളിരിക്കുന്നു . അല്ലെങ്കിലും വാഴയിലും മനുഷ്യരിലുമെല്ലാം ഒരേ ഈശ്വര ചൈതന്യമല്ലേ കുടികൊള്ളുന്നത് ?
എന്‍റെ ചിന്തകളോരോന്നും കാടു കയറുകയായിരുന്നു ..!
ചിന്തകളുടെ വീര്‍പ്പുമുട്ടലുമായി രണ്ട് ദിവസം കടന്ന് പോയി .
നിലാവുള്ള മൂന്നാം നാള്‍ രാത്രിയില്‍ പ്രണയാതുരമായ മനസ്സുമായി ഉറക്കം വരാതെ ഞാന്‍ കിടന്നു . ജനവാതിലിലൂടെ എനിക്ക് അവളെ കാണാമായിരുന്നു . ആ അരികിലേക്കൊന്ന് പോവ്വാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു .
ആരുടേയും കണ്ണില്‍പെടാതെ ഞാനവളുടെ അരികിലേക്കെത്തി . അടിമുടിയൊന്ന് നോക്കി . എന്‍റെ കൈ വിരലുകള്‍ പതിയെ അവളെ സ്പര്‍ശിച്ചു . എണ്ണ കൊഴുപ്പാര്‍ന്ന പോല്‍ അവളുടെ ദേഹം എത്ര മൃദുലമായിരുന്നു , എന്തൊരു സ്നിഗ്ദ്ധതയായിരുന്നു...!
സ്പര്‍ശനത്തിനൊടുവില്‍ ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊക്കെന്ന പോല്‍ നിന്ന് ഞാനവളെ ഗാഡമായി പുണര്‍ന്നു . സിന്ദൂരം തൊട്ട അവളുടെ നെറ്റിയില്‍ ഞാനെന്‍റെ അധരം ചേര്‍ത്തമര്‍ത്തി ..!
' ആരാ അവിടെ ' എന്ന ചോദ്യത്തോടൊപ്പം കണ്ണിലേക്ക് തുളച്ച് കയറിയ വെളിച്ചവും എന്‍റെ നേര്‍ക്ക് വന്നു .
കോലായില്‍ നിന്ന് ടോര്‍ച്ചടിച്ച് അമ്മ നില്‍ക്കുന്നു ..!
അച്ഛന്‍ -- എന്താ വത്സലേ , ആരാ അവിടെ .
അമ്മ -- നിങ്ങളുടെ പൊന്നുമോനാണ് , ഞാനൊന്നും പറയുന്നില്ല . അച്ഛനാണത്രേ അച്ഛന്‍ . മക്കള് പ്രായാവുമ്പോ കെട്ടിച്ച് കൊടുത്തില്ലെങ്കില്‍ ഇങ്ങനെ പലതും കാണേണ്ടി വരും , കേള്‍ക്കേണ്ടിം വരും , കൃഷ്ണാ , ഗുരുവായൂരപ്പാ .
പുണര്‍ന്ന കൈകളും അമര്‍ത്തിയ ചുണ്ടും ഞാന്‍ വലിച്ചെടുത്തു . കോലായിലൂടെ അകത്തേക്ക് കയറുന്നത് പന്തിയല്ലെന്ന് കണ്ട ഞാന്‍ അടുക്കള വാതിലിലൂടെ മെല്ലെ അകത്ത് കയറി .
മുന്നിലതാ അമ്മ . അടുപ്പത്ത് വച്ച മണ്‍ കലം പോലുണ്ട് മുഖം .
എന്‍റെ സ്വന്തം ഭാര്യയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ അമ്മയ്ക്കെന്താ ചേതം എന്ന് ചോദിക്കാന്‍ എന്‍റെ നാവ് പൊങ്ങിയെങ്കിലും ഞാനത് ചോദിച്ചില്ല ...!
അവിടുന്ന് രണ്ടീസം കഴിഞ്ഞുള്ള പ്രഭാതം .
അമ്മ --- ദേ , നോക്കിയേ , കിഴക്കേപ്പുറത്തുള്ള നമ്മുടെ വാഴക്ക് കുല വന്നുട്ടോ .
അച്ഛന്‍ --- അതേയോ... നല്ല ഒന്നാന്തരം ഞാലിപ്പൂവനാ സാധനം .
തല വഴി മൂടിയ പുതപ്പ് ഞാന്‍ ഒറ്റ വലിക്ക് തുറന്നിട്ടു . ഒരു നിമിഷം എന്‍റെ രണ്ട് കണ്ണും തുറിച്ച് നിന്നു . ചാടിയെണീറ്റ് ജനവാതിലിനരികിലേക്കോടി . അവളെ കണ്ടു . സന്തോഷം കൊണ്ടെന്‍റെ കണ്ണ് നിറഞ്ഞു . എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ട് നിന്ന ഞാന്‍ മുറ്റത്തേക്കോടി .
അവളെ എടുത്ത് വട്ടം കറക്കാന്‍ കൈ തരിച്ചു . പക്ഷെ അതിന് കഴിയില്ലെന്ന സത്യം എന്നെ നിരാശനാക്കി . ഞാന്‍ ചുറ്റും നോക്കി . ചൂലുമായി അമ്മ നില്‍പ്പുണ്ട് . വേറൊന്നും നോക്കിയില്ല . ചൂലോടു കൂടെ അമ്മയെ എടുത്തുയര്‍ത്തി മൂന്ന് വട്ടം കറക്കി നിലത്ത് വച്ചു .
കാര്യമെന്തെന്നറിയാതെ തല കറങ്ങി നിന്ന അമ്മക്ക് ബോധം വരുന്നതിന് മുന്‍പേ ഞാന്‍ അകത്തേക്കോടിയിരുന്നു .
അന്ന് ജോലി കഴിഞ്ഞ് വരും നേരം നല്ല ചൂടു മസാല ദോശ വില്‍ക്കുന്ന കടയിലേക്ക് നോക്കി അതിനടുത്തുള്ള പലചരക്ക് കടയില്‍ നിന്ന് കുറച്ച് തേങ്ങാപ്പിണ്ണാക്കും കുറച്ച് കടലപ്പിണ്ണാക്കും വാങ്ങി .
വീട്ടിലെത്തി അവളുടെ മുരടില്‍ തടമെടുത്ത് രണ്ട് പിണ്ണാക്കും ചേര്‍ത്ത് വെള്ളമൊഴിച്ചു ശുശ്രൂഷിച്ചു .
പിന്നീടുള്ള എല്ലാ ദിവസം രാവിലേയും വൈകീട്ടും ഞാനവളെ തൊട്ടു തലോടി . ആരുമില്ലാത്ത നേരം നോക്കി ഞാനവളുടെ ദേഹത്ത് ചെവി ചേര്‍ത്ത് വച്ച് നോക്കി .
ദിവസങ്ങള്‍ കടന്നുപോയി . ഒരു ദിവസം അമ്മ അച്ഛനോട് പറയുന്നത് കേട്ടു , നമ്മുടെ ആ ഞാലിപ്പൂവന്‍റെ കുല മൂത്ത് തുടങ്ങി , വെട്ടാറായിട്ടോന്ന് .
അന്ന് ജോലി കഴിഞ്ഞ് വരുമ്പോള്‍ തൊട്ടില്‍ വില്‍ക്കുന്ന കടയ്ക്കരികിലുള്ള പെട്ടി കടയിലേക്ക് ഞാന്‍ കയറി .
കടക്കാരന്‍ -- എന്താ വേണ്ടത് ?
ഞാന്‍ --- അഞ്ച് മീറ്റര്‍ കയറ് വേണം
കടക്കാരന്‍ ---- എന്തിനുള്ളതാ ?
ഞാന്‍ --- തൊട്ടില്‍ കെട്ടാനുള്ളതാണ് .
കയറും വാങ്ങി എന്‍റെ മുറിയിലുള്ള ഹുക്കില്‍ തന്നെ കൊല കെട്ടി തൂക്കിയിടണം എന്ന് വിചാരിച്ച് വീട്ടിലേക്ക് നടന്നു .
വീട്ടിലെത്തിയപ്പോള്‍ കൊലായിലെ ചാരുപടിയില്‍ കൊല വെട്ടി വച്ചിരിക്കുന്നു . വാത്സല്ല്യത്തോടെ നോക്കി ഞാനൊന്ന് തലോടി . അവളെ കണ്ട് വന്നിട്ടാകാം കൊല തൂക്കിയിടലെന്ന് ഉറപ്പിച്ച് ഞാന്‍ കിഴക്കേപ്പുറത്തേക്ക് പോയി .
ഇല്ല ...! അവളെ കാണുന്നില്ല ...!
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി . ഞാന്‍ വായ മുഴുക്കെ തുറന്നലറി , അമ്മേന്ന് .
പറമ്പില്‍ നിന്ന് കയ്യിലൊരു വെട്ടു കത്തിയുമായി ഓടി വന്ന അമ്മയെ കണ്ടപ്പോള്‍ തുറന്ന് വച്ചിരുന്ന എന്‍റെ വായ മെല്ലെ മെല്ലെ അടഞ്ഞു .
ഇവിടെ ഉണ്ടായിരുന്ന വാഴയെവിടെ അമ്മേ എന്ന് ദയനീയമായി ചോദിച്ചു .
അമ്മ ---- അത് നമ്മുടെ ശങ്കരേട്ടന്‍ തെക്കേപ്പുറത്തുള്ള ചെന്തെങ്ങിന്‍റെ ചുവട് തുറന്ന് അതിലേക്ക് വെട്ടി നുറുക്കിയിട്ട് വളമിട്ട് മൂടി .
ഇടറിയ പാദവുമായി ഞാന്‍ ചെന്തെങ്ങിന്‍ ചോട്ടിലെത്തി . എല്ലാം കഴിഞ്ഞിരുന്നു . പച്ച മണ്ണ് കിളച്ചിട്ടിരിക്കുന്നു . ഒരു നിമിഷം ചിന്താമഗ്നനായി നിന്ന് ഒരു പിടി മണ്ണ് വാരി ഞാനാ ചുവടിലിട്ടു .
അപ്പോഴേക്കും കൊല ഭാഗിച്ച് അമ്മ അയല്‍ക്കാര്‍ക്ക് വീതം വച്ച് കൊടുത്ത് കഴിഞ്ഞിരുന്നു .
കൊലായിലേക്ക് ഞാന്‍ തിരിച്ച് നടന്നു . കൊലായിലതാ കല്ല്യാണ ബ്രോക്കര്‍ കുഞ്ഞാപ്പു ..!
അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു .
പെണ്ണു കാണാന്‍ പോയി . തിളച്ച വെളിച്ചെണ്ണയില്‍ കടുകിട്ട പോലെ അവളെന്തൊക്കെയോ പറഞ്ഞു . ഞാന്‍ എല്ലാത്തിനും മൂളി . തിരിച്ച് പോരാന്‍ തുടങ്ങി .
അമ്മാവന്‍ -- അവര്‍ക്ക് സമ്മതമാണ് . നിനക്കോ ?
ഞാന്‍ -- അവരോട് എന്‍റെ എല്ലാ കാര്യവും തുറന്ന് പറഞ്ഞോ അമ്മാവാ .
അമ്മാവന്‍ -- തുറന്ന് പറയാന്‍ മാത്രമുള്ള എന്ത് കാര്യമാ നിനക്കുള്ളത് ?
ഇല്ല . ഒന്നുമില്ലെന്ന് പറഞ്ഞ് ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടപ്പോള്‍ അമ്മാവന്‍ വാക്കുറപ്പിച്ചു .
പെട്ടെന്ന് തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോയി . കല്ല്യാണ ദിവസം അടുത്തെത്തി . പന്തല് പണിക്കാര് വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ഒന്നേ പറഞ്ഞുള്ളൂ , ഒരു മരണം നടന്ന വീടാണിത് , പാട്ടും കൂത്തുമൊന്നും വേണ്ട എന്ന് .
അമ്മ --- അതിന് മുത്തശ്ശന്‍ മരിച്ചിട്ട് രണ്ട് ആണ്ട് കഴിഞ്ഞില്ലേ ?
എന്‍റെ മുഖത്തേക്ക് നോക്കിയ പണിക്കാരോടും അമ്മയോടും പിന്നൊന്നും ഞാന്‍ പറയാന്‍ പോയില്ല .
അതിനിടയില്‍ അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു , ഈ ചെറുക്കന് കുറച്ചായിട്ട് ഇതിപ്പോ എന്താ പറ്റിയത് എന്ന് .
കല്ല്യാണം ഒരു വിധം ഭംഗിയായി നടന്നു . ആദ്യ രാത്രിയില്‍ അവള്‍ ഒരു ഗ്ലാസ്സ് പാല് എന്‍റെ നേര്‍ക്ക് നീട്ടി . എണ്ണ കൊഴുപ്പിന്‍ മൃദുലത തൊട്ട എന്‍റെ ഈ കൈകളാല്‍ ഞാനാ പാലേറ്റു വാങ്ങുമ്പോള്‍ അവളുടെ മോതിരവിരല്‍ അറിയാതൊന്ന് തൊട്ടു .. വിറകു കൊള്ളി പൊലെയുണ്ടായിരുന്നു ...!
പാല് കുടിച്ച് ഞാനെണീറ്റ് ജനവാതിലൊന്നു കൂടി തുറന്ന് നോക്കി . അവളവിടെ ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചു പോയി . ആ മോഹം വെറുതെയെന്നറിഞ്ഞപ്പോള്‍ ആ ജനവാതില്‍ എന്നെന്നേക്കുമായി ഞാന്‍ കൊട്ടിയടച്ചു.. !
ദിവസങ്ങള്‍ കടന്നു പോയി . ഇണക്കവും പിണക്കവും പരാതിയും പരിഭവങ്ങളും കുസൃതികളുമായി ഞനെന്‍റെ രണ്ടാം ഭാര്യയെ അപ്പോഴേക്കും സ്നേഹിച്ച് തുടങ്ങിയിരുന്നു .
എങ്കിലും ഇടക്ക് അവളുടെ കൊസറാം കൊള്ളി വര്‍ത്താനം കേള്‍ക്കുമ്പോള്‍ ദേഹമാസകലം എനിക്ക് ചൊറിഞ്ഞ് കയറും ഞാനും താഴ്ന്ന് കൊടുക്കാറില്ല. പിന്നെ മാന്തലും കടിയും കയ്യില്‍ കിട്ടുന്നതെല്ലാം എടുത്തുള്ള ഏറുമായി അവള്‍ എന്‍റെ നെഞ്ചത്ത് കയറി അരങ്ങ് തകര്‍ക്കുമ്പോള്‍ ഞാനാ ചെന്തെങ്കിന്‍ ചോട്ടില്‍ പോയി നില്‍ക്കാറുണ്ട് .
അത് കണ്ടവള്‍ ഭദ്രകാളിയെ പോലെ ചോദിക്കും , ആ ചെന്തെങ്ങാരാ നിങ്ങളുടെ കെട്ടിയോളോ എന്ന് .
ആ ചോദ്യം കേട്ട് പലപ്പോഴും എന്‍റെ നാവ് പൊന്താറുണ്ടായിരുന്നു . പക്ഷെ ഞാനൊന്നും പറയാറില്ലായിരുന്നു .
എങ്കിലും മനസ്സില്‍ ഞാന്‍ പറയാറുണ്ടായിരുന്നു ,
' നീ അധികം തുള്ളേണ്ടെടി , നീയെന്‍റെ രണ്ടാം കെട്ടാണ് , വെറും രണ്ടാം കെട്ട് '
Written by Magesh Boji
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക