അർദ്ധരാത്രി കഴിഞ്ഞിട്ടും കാറിന് ഓട്ടമൊന്നും കിട്ടാത്തതു കൊണ്ട് തിരിച്ച് വീട്ടിലേക്ക് പോകാനായി ബിനീഷ് കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് മൊബൈലിലേക്ക് ഒരു നോട്ടിഫിക്കേഷൻ മെസ്സേജ് വന്നത് 'ഗായത്രി വിശ്വനാഥൻ' എന്ന പേരിൽ.
അടുത്തുള്ള ഒരു ഫ്ലാറ്റിൽ നിന്നും എയർപോട്ടിലേക്കുള്ള ഒരു ഓട്ടമാണ്.
പെട്ടെന്ന് തന്നെ കാറിൽ വച്ചിരുന്ന പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളമെടുത്ത് മുഖം കഴുകിയ ശേഷം അവൻ വേഗം അവിടേക്ക് യാത്ര തിരിച്ചു .രാത്രിയിൽ ട്രാഫിക്ക് ഒന്നുമില്ലാത്തതിനാൽ പെട്ടെന്ന് തന്നെ അവനു ഫ്ലാറ്റിലേക്ക് എത്താൻ കഴിഞ്ഞു.
കാർ ഫ്ലാറ്റിൽ എത്തിയതും ഗേറ്റിനു മുന്നിലായി ഒരു പെൺകുട്ടി ബാക്ക്പായ്ക്കുമായി നിൽക്കുന്നത് അവന് കാണാമായിരുന്നു. അവൾ മൊബൈലിലേക്ക് ഒന്ന് നോക്കിയ ശേഷം വേഗം കാറിന് പുറകിലേക്ക് കയറിയിരുന്നു.
ഒരു ഇരുപത്തിയെട്ട് വയസ്സ് പ്രായം കാണും ആ പെൺകുട്ടിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ കൊണ്ട് മനസ്സാകെ വിഷമിച്ചിരിക്കുന്നു എന്നത് മുഖത്ത് വ്യക്തമാണ് .
യാത്രാവേളയിൽ അവൾ ആരേയോ ഇടയ്ക്ക് വിളിക്കുകയും അസ്വസ്ഥതയാവുകയും ചെയ്യുന്നുണ്ട് .
അവളോട് എന്തെങ്കിലും ചോദിക്കണമെന്ന് തോന്നിയെങ്കിലും ഒരു യാത്രികൻ്റെ സ്വകാര്യതയിലേക്ക് കൈകടത്തണ്ട എന്നോർത്ത് അവൻ വേഗത്തിൽ എയർപോർട്ടിലേക്ക് കാറോടിച്ചു.
എയർപോർട്ടിൽ എത്തിയപ്പോൾ അവൾ കാശിൻ്റെ കൂടെ ഒരു നൂറ് രൂപ ടിപ്പും കൊടുത്ത് വേഗം അകത്തേക്ക് കയറിപ്പോയി അവൻ ചിരിച്ച് കൊണ്ട് പൈസ്സ വാങ്ങി കാറിൻ്റെ കോയിൻ ബോക്സിലേക്കിട്ടു.
തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും ബിനീഷിൻ്റെ മനസ്സിൽ അവൾ മാത്രമായിരുന്നു. എന്തായിരിക്കും ആ പെൺകുട്ടിയുടെ പ്രശ്നങ്ങൾ എങ്ങോട്ടായിരിക്കും അവളിത്ര വേഗത്തിൽ പോയിരിക്കുക. എന്നൊക്കെയിങ്ങനെ ഓർത്തിരുന്നപ്പോൾ
വീണ്ടും ഒരു നോട്ടിഫിക്കേഷൻ മെസ്സേജ് മൊബൈലിലേക്ക് വന്നു .അതും 'ഗായത്രി വിശ്വനാഥൻ്റെ' പേരിൽ അതേ ഫ്ലാറ്റിൽ നിന്നും വീണ്ടുമൊരോട്ടം.
അവൻ വേഗം തന്നെ അവളുടെ ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു
ഇത്തവണ ഫ്ലാറ്റിലെ ഗേറ്റിനു മുന്നിലായി പ്രായമായ ഒരു അച്ഛനും അമ്മയും നിൽക്കുന്നത് അവന് കാണാമായിരുന്നു. അവരുടെ മുന്നിലായി കാർ നിർത്തിയതും വേഗം തന്നെ ഇരുവരും കാറിനുള്ളിലേക്ക് കയറി.
കാർ മുന്നാട്ട് പൊയ്ക്കേണ്ടിയിരുന്നു അൽപ്പ നേരം കാറിനുള്ളിൽ നിശബ്ദതയായിരുന്നു ഇരുവരും വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നത് മിറർ ഗ്ലാസ്സിലൂടെ അവന് കാണാമായിരുന്നു.
"താൻ രാത്രി കാറുമായി കുറേ സമയം ഇങ്ങനെ കിടക്കാറുണ്ടോ " നിശ്ബദതയെ ഭേദിച്ചു കൊണ്ട് അയാൾ ചോദിച്ചു
"രാവിലെ ഓടാൻ പറ്റിയില്ലങ്കിൽ കിടക്കും സർ" ഒന്ന് ഞെട്ടിക്കൊണ്ട് വേഗം തന്നെയവൻ മറുപടി നൽകി.
"ഉം ..ഞങ്ങൾക്ക് കുറേ നേരം വെയ്റ്റ് ചെയ്യേണ്ടി വന്ന് ഒരു ടാക്സി ബുക്ക് ചെയ്യാൻ"
"രാത്രിയിൽ ഈ സമയം പൊതുവേ കാറുകൾ കുറവാണ് "
"താൻ കുറേ നാളായോ ഈ ടാക്സി ഓട്ടം തുടങ്ങിയിട്ട്"
"ഇല്ല സർ.. എകദേശം ഒരു മൂന്ന് മാസ്സമടുത്തേ ആയിട്ടേയുള്ളു ..ഇത് ഒരു ആക്സിടണ്ടിൽപെട്ട കാറായിരുന്നു ആരും മേടിക്കാതിരുന്നപ്പോ ചുളു വിലയ്ക്ക് ഞാനിങ്ങ് വാങ്ങി "
"ഉം" അയാൾ പുഞ്ചിരിച്ചു
"സാറിൻ്റെ മകളാണോ ഈ ഗായത്രി"
അവൻ ചോദിച്ചു
"അതേ .."
അൽപ്പ നേരത്തെ
മൗനത്തിനു ശേഷം അയാൾ വീണ്ടും പറഞ്ഞു
"മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇത് പോലെ ഒരു രാത്രി എയർപോർട്ടിലേക്ക് പോകവേ ഒരു കാർ ആക്സിടണ്ടിൽപ്പെട്ട് അവൾ മരിക്കുകയായിരുന്നു"
ഇത് കേട്ട് ഞെട്ടിത്തരിച്ച്ക്കൊണ്ട് കാർ നിർത്തി അവൻ പുറകിലേക്ക് നോക്കി
"മരിച്ചെന്നോ"
"ഉം"
അയാൾ തൻ്റെ ഭാര്യയുടെ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഇടറിയ ശബ്ദത്തോടെ അവനോട് പറഞ്ഞു
"അവൾ പോയതിന് ശേഷം എല്ലാ കൊല്ലവും അവളുടെ ഓർമ്മ ദിവസ്സം ഇതുപോലെ ഞങ്ങളിങ്ങനെ ഒരുമിച്ച് എയർപോർട്ടിൽപ്പോയി വരും "
ഇത് കേട്ട് ബിനീഷ് എന്ത് പറയണമെന്നറിയാതെ ഒരു നിമിഷം സ്തംബതനായിരുന്നു അൽപ്പ നേരത്തെ നിശ്ബ്ദയ്ക്കു ശേഷം അവൻ പതിയെ കാറെടുത്തു .അപ്പോഴും അവൾ തന്ന നോട്ടുകൾ കാറിലെ കോയിൻ ബോക്സിൽ കിടക്കുന്നത് അവന് കാണാമായിരുന്നു.
By Aswin TS
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക