നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പേരന്റിംഗ് (കഥ)


ഓഫീസിലെ ജീവനക്കാർക്കു വേണ്ടി സംഘടിപ്പിച്ചതാണ്പേരൻ്റിംഗിനെക്കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ് .വിഷയം തെരഞ്ഞെടുത്തത് ഓഫീസിലെ പെൺപട .

അറിയാമല്ലോ, ഞാനിവിടെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്ന്. വർഷം ആറു കഴിഞ്ഞു ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട്. സ്വകാര്യ സ്ഥാപനമാണെങ്കിലും എൻ്റെ മനസ്സിന് പിടിച്ചയിടം. ഉടമയുടെ അനേകം ബിസിനസ്സ് സംരംഭങ്ങളിൽ ഒന്നാണിത് .സോഫ്റ്റ് വെയർ രംഗം കയ്യടക്കിയ പലരിൽ ഒരാൾ എന്നു കരുതേണ്ട ,അൻപതോളം വരുന്ന ജീവനക്കാരുമായി ദിനംപ്രതി പുരോഗതിയിലേക്ക് കുതിക്കുന്ന സ്ഥാപനത്തിൻ്റെ ഉടമ.

മറ്റിടങ്ങളിൽ നിന്ന് വിഭിന്നമായി എന്നെ ആകർഷിച്ചത് ഇവിടെ കിട്ടുന്ന സ്വതന്ത്ര്യമാണ്. സൗഹൃദപൂർണ്ണമായ അന്തരീക്ഷം, സഹവർത്തിത്വമുള്ള ജീവനക്കാർ. ഉടമയുടെ സ്വൈര്യം കെടുത്തുന്ന ഭരണമില്ല; ഭംഗിയായി ജോലി നടക്കണം എന്നൊരു നിർബ്ബന്ധം മാത്രം.

അങ്ങനെ വർഷമഞ്ചു കഴിഞ്ഞ് ആറാം വർഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ഒരു ദിവസം അദ്ദേഹം പറഞ്ഞത് "നാളെ മുതൽ ഉഷ ഇവിടെയുണ്ടാകും, എൻ്റെ ഭാര്യയെ പലർക്കും അറിയാമായിരിക്കും. ഇനി മുഴുവൻ സമയം നിങ്ങളുടെ കൂടെ "

അദ്ദേഹം പോയ ശേഷം ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായങ്ങളും വിമർശനങ്ങളുയർന്നു, പലരിൽ നിന്നും.

"നമ്മുടെ സ്വാതന്ത്ര്യം പോയതു തന്നെ. ഇനി എപ്പൊഴും നമ്മുടെ ചെയ്തികളെ, പെരുമാറ്റത്തെ, സംഭാഷണങ്ങളെ വീക്ഷിക്കുന്ന രണ്ടു കണ്ണുകൾ. ആകെ ശ്വാസം മുട്ടലാകും."... ആദ്യത്തെയാൾ .

"ഈ സ്ത്രീകളുടെ ഭരണമെന്നാൽ കടുകട്ടിയാണ്. ഇനി റിലാക്സേഷൻ എന്നൊരു പദം നമ്മുടെ നിഘണ്ഡുവിലുണ്ടാകില്ല''..... ഇത് അടുത്തയാൾ

"അവർ അസുഖത്തിനു ശേഷം,കുറേ നാളായി വീട്ടിൽ തന്നെയിരിപ്പായിരുന്നല്ലോ. ചിലപ്പോൾ ശാരീരിക വൈകല്യം സമ്മാനിച്ച വിഷാദമായിരിക്കും അവരെ അടിമുടി ഭരിക്കുന്നത്. അല്ല; പെട്ടെന്ന് വലതു കൈ തളർന്നു പോയാൽ ആരായാലും അങ്ങനെയായിരിക്കും."..... ഇത് മൂന്നാമൻ.

നെഗറ്റീവായ അഭിപ്രായമായിരുന്നു എല്ലാ കോണിൽ നിന്നും ഉയർന്നത്.... അവരുടെ ആഗമനം ആർക്കും ഇഷ്ടപ്പെടാത്ത പോലെ!

ഒടുവിൽ എല്ലാവരും കാത്തിരുന്ന ദിവസം അവർ എത്തി, ഉഷ മാഡം. കൃത്യം പത്തു മണിക്ക് തന്നെ. അവരുടെ ഭർത്താവ്, ഞങ്ങളുടെ സ്ഥാപന ഉടമ ഇരിയ്ക്കാറുള്ള മുറിയിൽ, അദ്ദേഹം ഇരിയ്ക്കാറുള്ള സീറ്റിൽ ഇരിയ്ക്കാൻ പറഞ്ഞിട്ടും ,അതിനുള്ള അവകാശം ഉണ്ടായിട്ടും അവർ കൂട്ടാക്കിയില്ല.

"ഞാൻ ജോലി ചെയ്യാനാണ് വന്നത്. ഉടമയായി ഭരണനിർവ്വഹണത്തിനല്ല; അപ്പോൾ ഇരിക്കുന്നതും നിങ്ങളുടെയെല്ലാവരുടെയും കൂടെത്തന്നെ ."... ഇതായിരുന്നു ഉഷമാഡത്തിൻ്റെ മറുപടി.

പക്ഷേ, ദിവസങ്ങൾക്കുള്ളിൽ മനസ്സിലായി അവർ ഇരുപ്പുറപ്പിച്ചത് ഞങ്ങളുടെ ഇടയില്ല, ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണെന്ന്.

സ്ഥാപനത്തിന് പുതുജീവൻ ലഭിച്ച പോലെ. സൗഹൃദാന്തരീക്ഷത്തിൻ്റെ മാറ്റേറുന്നത്, ജോലി കൂടുതൽ ഫലവത്തായി ചെയ്യാൻ സഹായിക്കും എന്ന് പിന്നീടുള്ള നാളുകളിലെ സ്ഥാപനത്തിൻ്റെ വളർച്ച തെളിയിച്ചു.

മൃതപ്രായമായിക്കിടന്ന എംപ്ലോയീസ് വെൽഫെയർ കമ്മറ്റിക്ക് ജീവൻ വച്ചു. മാസത്തിലൊരിക്കൽ ഓഫീസ് സ്റ്റാഫിൻ്റെ സർഗ്ഗാത്മകത പ്രദർശിപ്പിയ്ക്കാൻ ഒത്തുചേരൽ, ഉച്ചഭക്ഷണ സമയത്ത്. പക്ഷേ മീറ്റിംഗിന് ഉപയോഗിച്ചആ ഒരു മണിക്കൂർ സമയം, കൂടുതൽ ജോലി ചെയ്യാനാർക്കും വിസമ്മതമുണ്ടായില്ല.

ആദ്യത്തെ മീറ്റിംഗിൽ ഉഷമാഡത്തിൻ്റെ പ്രകടനം ഉജ്വലമായി. ഹാർമോണിക്കയിലെ മധുരസംഗീതം വയ്യായ്കയുടെ കാലത്തെ അവരുടെ അതിജീവനത്തിൻ്റെ ഫലമാണത്രേ! വൈകല്യത്തിൻ്റെ നാൾവഴിയിൽ പൊരുതി നേടിയ വിജയം കണ്ട് ഞങ്ങളുടെ തല കുനിഞ്ഞു .ഇപ്പോൾ ഓഫീസിലെ ഗായകരും കലാകാരികളും സടകുടഞ്ഞെഴുന്നേറ്റിരിക്കയാണ്., ഓരോ വട്ടവും പുതിയ ഗാനങ്ങളും കലാപരിപാടികളും മറ്റുമായി.

അങ്ങനെ പുനരുജ്ജീവനമാർന്ന വെൽഫെയർ കമ്മറ്റിയുടെ പ്രതിമാസ പ്രോഗ്രാമിൻ്റെ ഭാഗമാണ് ഈ ക്ലാസ്.

ഉഷമാഡത്തിന്റെ മൗനാനുവാദത്തിനു മുന്നിൽ, പേരൻ്റിംഗ് എന്ന ഈ വിഷയത്തിനെന്തു പ്രസക്തിയെന്ന, താനടക്കമുള്ള പുരുഷ ഗണങ്ങളുടെ വാദമുനയൊടിഞ്ഞു.... ഒടുവിൽ തീരുമാനമായി വിഷയം 'പേരൻ്റിംഗ് ' തന്നെ!

"ക്ലാസെടുക്കാനുള്ള ആളെ നവീൻ ഏർപ്പാടു ചെയ്യുമല്ലോ?" - തന്നോടാണ് ഉഷമാഡത്തിൻ്റെ ചോദ്യം.

സ്ഥിരം സംഘാടകനായതുകൊണ്ടാകാം, ഇത്തവണയും ക്ലാസ്സെടുക്കാനുളള ആളെ സംഘടിപ്പിക്കുന്ന ചുമതല തന്നിൽ തന്നെ വന്നു ചേർന്നത്.ഏറെ തിരച്ചിലിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പറ്റിയ ആളെ കണ്ടെത്തിയത്.

എൻ്റെസ്വാഗത പ്രസംഗം ചെറുവാക്യങ്ങളിലൊതുക്കി, വേഗം ക്ലാസ് തുടങ്ങണം എന്ന ഭൂരിപക്ഷത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്റ്റേജിൽ നിന്നിറങ്ങി, ഇല്ലാത്ത തിരക്കു ഭാവിച്ച്, പുറത്തേക്കു നടക്കാനൊരുങ്ങവേ, "ക്ലാസ്സിലിരിയ്ക്കൂ സംഘാടകനും "എന്ന ഉഷമാഡത്തിന്റെ വാക്കുകൾക്ക് ചെവികൊടുക്കാതിരിയ്ക്കാനായില്ല.

'എന്തു ക്ലാസ്, വെറുതേ നേരം കൊല്ലലാകും 'എന്ന ചിന്തയോടെ ക്ലാസിന് ചെവിയോർക്കുമ്പോൾ ഇങ്ങനെയൊരു സ്ഥിതിവിശേഷം തെല്ലുമോർത്തില്ല. എല്ലാം തനിയ്ക്ക് അറിയാം അല്ലെങ്കിൽ പേരന്റിംഗ് ഒരു മഹാകാര്യമല്ല എന്ന തന്റെ വിശ്വാസമാണവിടെ തകർന്നു വീണത്.

വിഷയമവതരിപ്പിയ്ക്കുന്ന ടീച്ചർ പേപ്പറും പേനയും ക്ലാസ് കേൾക്കാനിരിക്കുന്ന. തങ്ങളുടെ കയ്യിലേല്പിച്ച്, ഉത്തരമെഴുതാനുള്ള നിർദ്ദേശം തന്നു. എല്ലാവർക്കുമൊപ്പം താനും അത് തമാശമട്ടിലാണെടുത്തത്. പക്ഷേ, ചോദ്യം വായിച്ച് നിമിഷങ്ങൾക്കുള്ളിൽ ത്തന്നെഉത്തരങ്ങൾ തനിക്കപ്രാപ്യമാണെന്നു ബോധ്യപ്പെട്ടു, ചോദ്യങ്ങൾ നിസ്സാരമെന്നു കരുതിയെങ്കിലും.

ചോദ്യം ഒന്ന് 'നിങ്ങളുടെ കുട്ടിയെ അവസാനമായി ആലിംഗനം ചെയ്തത് എപ്പോൾ, എന്തിന്?

ഓർമ്മയിൽ പരതി നോക്കി, പിടി തരാതെ കുതറിയോടുന്ന ഉത്തരം.

ചോദ്യം രണ്ട് - നിങ്ങളുടെ കുഞ്ഞിന്‌ ഏറ്റവും ഇഷ്പ്പെട്ട ഗാനം?

ചോദ്യം മൂന്ന് - അവന്റെ അഞ്ച് ഇഷ്ടങ്ങൾ?

ചോദ്യംനാല് .അഞ്ച് ആഗ്രഹങ്ങൾ?

ചോദ്യം അഞ്ച് - അവൻ അവസാനംകണ്ട സ്വപ്നം ?

ഉത്തരം സത്യസന്ധമായിരിക്കണം എന്ന നിർദ്ദേശം വീണ്ടും വീണ്ടും കേൾക്കേ, കൂടെയുള്ളവർ തിരക്കിട്ട് ഉത്തരമെഴുതുമ്പോൾ ഒരുത്തരവും തനിയ്ക്ക് അറിയില്ല എന്ന സത്യം ഒരുഞെട്ടലാണ് തന്നിലുണ്ടാക്കിയത്, ഒപ്പം സ്വന്തം മകൻ തനിയ്ക്കപരിചിതൻ എന്ന തിരിച്ചറിവും.

ഞാനും, ഭാര്യ നിത്യയും ജോലിക്കാരിയായതിനാൽ മകൻ റോഷൻ കൈക്കുഞ്ഞായിരിക്കുമ്പോൾ മുതൽ അവനെ നോക്കാൻ എത്തിയതാണ്സുലേഖ. മകൻ വളർന്നു വരുന്നതിനിടെ അവർ അവൻ്റെ സുലു അമ്മച്ചിയായി .അങ്ങനെയാണ് റോഷൻ സുലേഖയെ വിളിച്ചത്.പിന്നീട് ഞങ്ങളും അങ്ങനെയാക്കി.

നേരത്തേ അംഗൻവാടി ടീച്ചറായി ജോലി ചെയ്തതിൻ്റെ ഗുണം അവരുടെ പെരുമാറ്റത്തിൽ കാണാം, ഒപ്പം റോഷൻ്റെ വളർച്ചയിലും. ഞങ്ങൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടമായതിനാൽ റോഷൻ ഫസ്റ്റ് സ്റ്റാൻഡേർഡ് ആയിട്ടും അവർ ഞങ്ങളുടെ കൂടെയുണ്ട്. അതു കൊണ്ട് മോൻ സ്ക്കൂളിൽ നിന്നു വരുമ്പോഴുള്ള കാര്യമോർത്ത് ടെൻഷൻ വേണ്ട. ഞങ്ങളിൽ ഒരാൾ വീട്ടിലെത്തിയാലേ സുലു അമ്മച്ചിഅവരുടെ മകൻ താമസിയ്ക്കുന്ന വീട്ടിലേയ്ക്കു പോകൂ. പിന്നെ ബാക്കി സമയം മിൻഹ എന്ന മകൻ്റെ മകളുടെ.... കൊച്ചുമകളുടെ കൂടെ .

ക്ലാസ് കേട്ടു കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷവും, വീട്ടിൽ എത്തിയിട്ടും, ഇന്നത്തെഅദ്ധ്യാപികയുടെ വാക്കുകൾ ചെവിയിൽ മാറ്റൊലി ക്കൊള്ളും പോലെ.

വീട്ടിലെത്തി. ഇലക്ട്രിക്സപ്ലൈഇല്ലാത്തതിനാലാണോകോളിംഗ്ബല്ലിൽവിരലമർത്തിയിട്ടുംവാതിൽ തുറക്കാത്തത്? വീടിൻ്റെ ഉള്ളിൽ കയറാനായി,പിൻവശത്തെ വാതിലിനടുത്തേക്ക് നടക്കുന്നതിനിടയിൽ, തുറന്നു കിടന്ന ജനലിലൂടെ അകത്തേക്ക് പാളി നോക്കി ,മുറിക്കകത്ത് മകനും അവൻ്റെ സുലു അമ്മച്ചിയും പറയുന്നത് ശ്രദ്ധിക്കാതിരിക്കാനായില്ല.. മകനെപ്പറ്റി ഒന്നുമറിയില്ലെന്ന കുറ്റബോധം കുത്തിനോവിക്കുന്നതിനാലാകും ,അവരുടെ സംസാരം താനറിയാതെകേട്ടു നിന്നത്.

" അങ്ങനെ റോഷൻ മോന്റെ അഞ്ചാമത്തെ കുഞ്ഞുമോഹവും സുലു അമ്മച്ചിക്കു പിടി കിട്ടി. പറയട്ടോ?'

''അതിനു ഞാനതു മുഴുവനിപ്പോൾപറഞ്ഞില്ലല്ലോ? ഒന്നല്ലേ പറഞ്ഞുള്ളു?'- മകന്റെ ഉത്തരം.

''പക്ഷേ എനിക്കറിയാലോ ? എന്നോട് നേരത്തേ പറഞ്ഞ നാലെണ്ണം ഞാൻഓർത്തു വച്ചിട്ടുണ്ട്.ഇപ്പോൾ പറഞ്ഞതുൾപ്പടെ അഞ്ചെണ്ണവും. പക്ഷേ അവസാനം പറഞ്ഞ അഞ്ചാമത്തെ മോഹം..... അതുമാത്രംനടപ്പില്ല. അല്ലാ, രാത്രി സുലു അമ്മച്ചിയുടെ വീട്ടിൽ, സുലു അമ്മച്ചിയുടെ അടുക്കൽ കിടന്ന് മൻഹമോളുടെ ഒപ്പം കഥ കേട്ടുറങ്ങണമെന്ന് പറഞ്ഞാലെങ്ങനെയാ പറ്റുക? മമ്മീം ഡാഡീം കേൾക്കണ്ട. .... പുതിയ ആഗ്രഹം.

പിന്നെ മോനിഷ്ടപ്പെട്ട, പാടിത്തരണമെന്നു പറഞ്ഞ പാട്ട് ഞാനിപ്പോൾ പാടാം ,അതിനു മുൻപ് ഈ ചോറു മുഴുവൻ കഴിച്ചാട്ടെ, മോനിഷ്പ്പെട്ട പപ്പടം കുനുകുനെ അരിഞ്ഞ് വറുത്തതും, മുളകു ചമ്മന്തീം കൂട്ടി ,വയറുനിറച്ചുണ്ണ്. ചമ്മന്തി മാത്രം കഴിച്ചാൽ പോരാ ,... മമ്മി പറഞ്ഞ പോലെ മീനും മുട്ടേം എല്ലാം കഴിക്കേം വേണം .

പിന്നെ സുലുഅമ്മച്ചീടെവീട്ടിലെ പൊട്ടിപ്പെണ്ണ് മൻഹ പറഞ്ഞത് കേട്ട് മോൻ വിഷമിക്കേം വേണ്ട. അവളുടെ ബാപ്പേം ഉമ്മേം അവളെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും അവളുടെ കൂടെ കളിയ്ക്കണതും അവർക്കു തിരക്കില്ലാഞ്ഞിട്ടാ. അതുപോലാണോ മോന്റെ ഡാഡീം മമ്മീം?അവരൊക്കെ വല്യ ആളുകളല്ലേ, തിരക്കുള്ളവർ. പക്ഷേ അവരുടെ മനസ്സുനിറയെ സ്നേഹമുണ്ട് മോനോട്.പിന്നെ ഈ സുലു അമ്മച്ചീടെ പൊന്നുമോൻ തന്നെയാ എന്റെ റോഷൻകുട്ടൻ, മൻഹ മോളെപ്പോലെ''

സുലു അവനെ അരികിൽ അണച്ചു നിറുത്തി, അവൻ്റെനിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോൾ ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ പറ്റിച്ചേർന്നു നിൽക്കുന്ന അവന്റെ ചെറിയ കൈകൾ അവരെ ചുറ്റിപ്പിടിക്കുന്നുണ്ടായിരുന്നു. അവനോടൊപ്പം സമയം ചെലവിടാതെ, അവന്റെ കുഞ്ഞുമോഹങ്ങളും, ഇഷ്ടങ്ങളും മനസ്സു മറിയാതെ,കുറേ വില പിടിച്ച സമ്മാനങ്ങൾ മാത്രം നൽകി, കടമ നിർവ്വഹിച്ചുവെന്നു കരുതിയ തന്റെ മുന്നിൽ നിൽക്കുന്ന കൊച്ചുമകൻ തനിക്ക് അപരിചിതൻ?

ഒരു വീട്ടുവേലക്കാരിക്കപ്പുറം അവന്റെ കുഞ്ഞുമനസ്സറിയുന്ന, നിറയെ സ്നേഹം നൽകുന്ന ,സാന്ത്വനിപ്പിക്കുന്ന അവൻ്റെസുലു അമ്മച്ചി തൻ്റെമനസ്സിൽവളർന്നു വലുതാകുന്നതറിഞ്ഞു;വാനോളം.

................................................................ കഴിഞ്ഞ മൂന്നു മാസങ്ങളായി ഞാൻ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. കമ്പ്യൂട്ടറിൽ കണ്ണുടക്കി നിൽക്കുമ്പോഴും വീടിനുള്ളിൽ മോൻ്റെയും അവൻ്റെസുലു അമ്മച്ചിയുടെ സംസാരവും പെരുമാറ്റങ്ങളും എന്നെ ഹഠാദാകർഷിയ്ക്കുന്നു. വീട്ടിലിരുപ്പിൻ്റെ ഇക്കാലത്ത് ഞാനും ഒരു പഠനത്തിലാണ്.,പേരൻ്റിംഗിൻ്റെ പഠനത്തിൽ..... ഏകലവ്യനെപ്പോലെ... സുലു അമ്മച്ചിയുടെ പെരുമാറ്റങ്ങൾ അവരറിയാതെ കണ്ടറിഞ്ഞ്, മോനെ എങ്ങനെയാണ് വളർത്തേണ്ടതെന്ന പഠനത്തിൽ.

ഞാനും നിത്യയും ചേർന്ന് വാങ്ങിക്കൊടുത്ത പുതിയ സ്ലേറ്റ് മാറ്റി വച്ച് സുലു അമ്മച്ചി കൊണ്ടു കൊടുത്ത പൊട്ടണ പഴയ സ്ലേറ്റും കല്ലുപെൻസിലും മാറോടടുക്കിപ്പിടിച്ച റോഷനെ ഇപ്പോൾ എനിക്കറിയാം.

സുലു അമ്മച്ചി പഴയ പാട്ടുകൾ മാത്രമല്ല അവന് പാടിക്കൊടുത്തു പഠിപ്പിക്കുന്നത്, ബി.ടെക് എന്ന സിനിമയിയിലെ
'ആകാശവും മേഘവും സഖീ' എന്ന സുന്ദരമായ മെലഡിയുടെ പല്ലവിയും അനുപല്ലവിയും അവനു പാടാനറിയാം എന്നെനിയ്ക്കറിയാം.

ഇന്ന് റോഷൻ്റെ സുലു അമ്മച്ചി ലീവിലാണ്. ,അതിനാൽ എനിക്കാണ് അവനെ നോക്കാനുള്ള ചുമതല. കളിയും ഉച്ചയൂണും കഴിഞ്ഞ് അവൻ ഉച്ചയുറക്കത്തിലാണ്..... സുന്ദര സ്വപ്നം കണ്ടു കണ്ട് .

ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവനു നൽകാനായി ഒരു അത്ഭുതമൊരുക്കി വച്ചിട്ടുണ്ട് ഞാൻ. ... അവൻ്റെ സുലു അമ്മച്ചി പറഞ്ഞ കഥയിലെ പോലെ, കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയതുമായ്ക്കാൻ സ്കൂളിൽ വെള്ളംകൊണ്ടു പോയിരുന്ന ചെറിയ കുപ്പി.... ഓർമ്മയില്ലേ, റബ്ബർ അടപ്പു തുളച്ച് ഒരു വയറിൻ്റെ കഷണം കടത്തിവച്ച് ... തുള്ളി തുള്ളിയായി നിറമുള്ള വെള്ളം സ്ലേറ്റിൽ ഇറ്റിച്ചു വീഴ്ത്തിയ കുപ്പി.
ഇപ്പൊഴത്തെ കുട്ടികളുടെ മനസ്സിലും കൗതുകങ്ങളെ സ്നേഹിക്കുന്ന കുഞ്ഞു മനസ്സുണ്ട് എന്ന് ബോധ്യപ്പെടുത്തിയതവരാണ്, റോഷൻ്റെ സുലു അമ്മച്ചി.

പിന്നെ, നിത്യയെ കാണിയ്ക്കാൻ ഞാൻ ഇന്നലെയെടുത്ത ഒരു വീഡിയോയും എഡിറ്റ് ചെയ്ത് റെഡിയാക്കി വച്ചിട്ടുണ്ട്, ഇന്നലെ ഞാനവന് പരീക്ഷണത്തിലൂടെ കാട്ടിക്കൊടുത്ത, നീലയും ചുവപ്പും നിറത്തിൽ മഷിത്തണ്ടുചെടിയുടെ രൂപമാറ്റം കണ്ട് അത്ഭുതപ്പെട്ട മോൻ്റെ സന്തോഷമാർന്ന മുഖഭാവങ്ങൾ അവനറിയാതെ ഒപ്പിയെടുത്ത വീഡിയോ ..... കാണുമ്പോൾ മോനും നല്ല സന്തോഷമാകും.

പറയൂ, ഞാൻ മാറിയില്ലേ, ഏറെ, ഏറെ?

നല്ല അച്ഛനായി എന്നു തോന്നുന്നുണ്ടോ?
എങ്കിൽ മടിക്കേണ്ട, ഒരു ലൈക്ക് ആയിക്കോട്ടെ,
കമൻറും..... റോഷൻ്റെ ഈ മിടുക്കന ച്ഛന്... നിത്യയുടെ നവീന്.

...... .......... ....... ........ ............. ...... ...

(അവസാനിച്ചു)

ഡോ.വീനസ് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot