നിറയെ കായ്ച്ചു നിന്ന ശീമപ്പേരയുടെ ചുവട്ടിൽ നിന്ന് ആദ്യമായി സംസാരിക്കവേ ഗൗരവം നിറഞ്ഞ മുഖമുള്ള സുന്ദരനായ മനുഷ്യൻ എന്നോട് ചോദിച്ചത് തിങ്കൾ പുഴ എന്ന എന്റെ വീട്ടുപേരിനെക്കുറിച്ചാണ്.
ഞാൻ പ്രതീക്ഷിച്ച ചോദ്യങ്ങളൊന്നുമല്ലല്ലോ അയാളെന്നോട് ചോദിച്ചത്.... !
ഏതോ തരള വികാരങ്ങളാൽ നേർത്തൊരു ബലക്കുറവോടെ നിന്ന ഞാൻ പിന്നീടയാൾ പറഞ്ഞതൊന്നും കേട്ടതുമില്ല.
അന്നുവരെ എനിക്കത് വെറുമൊരു വീട്ടുപേര് മാത്രമായിരുന്നു, പ്രത്യേകതകളൊന്നുമില്ലാത്തത്.
കല്യാണത്തിന് വാക്കുറപ്പിച്ച് അവർ മുറ്റം കടന്നപ്പോൾ ഞാൻ അച്ഛനരികിലേക്ക് ഓടിയത് അതേപ്പറ്റി ചോദിക്കാനായിരുന്നു.
ഏട്ടന്റെ കണ്ണുരുട്ടലിനെ ഭയമായിരുന്നിട്ടും അന്നു ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു.
അന്നേരം അച്ഛനൊന്നു ചിരിച്ചു, നിലാവ് പോലെ.
അല്ലെങ്കിലും അച്ഛനധികം സംസാരിക്കാറില്ല.
അത്താഴം കഴിഞ്ഞ് ഇളം തിണ്ണയിലിരിക്കവേ ചെക്കനെ ഇഷ്ടമായോ എന്ന് അച്ഛൻ ചോദിച്ചു.
എനിക്ക് ഇഷ്ടക്കേടില്ലയിരുന്നു.
അച്ഛൻ ആകാശത്തേക്ക് വിരൽ ചൂണ്ടിയപ്പോഴാണ് കറണ്ട് പോയത്.
തിങ്കൾ പുഴപോലെയൊഴുകുന്നത് കണ്ണ് നിറയെ ഞാൻ കണ്ടു. മേഘക്കൂട്ടങ്ങൾ ആ പുഴയിൽ കുളിച്ച് മെല്ലെ ഒഴുകി.
നക്ഷത്രക്കുഞ്ഞുങ്ങൾക്കെല്ലാം പേര് മാനത്തുകണ്ണിയെന്നായിരുന്നു.
അച്ഛനെന്റെ മുടിയിലൊന്ന് തഴുകി.
അതും പതിവില്ലാത്തതാണ്.
അലങ്കരിച്ച കാറിലിരുന്ന് കൂറ്റൻ ഗേറ്റ് കടക്കവേയാണ് മനോഹരമായ അക്ഷരങ്ങളിൽ കൊത്തിവച്ചിരിക്കുന്ന വീട്ടു പേര് ഞാൻ കണ്ടത്.
കൽത്തൊട്ടിയിൽ
എനിക്ക് കുസൃതി തോന്നി.
പുഴ കൽത്തൊട്ടിയിൽ അവസാനിക്കുന്നോ....?
ആവില്ല...
ഞാൻ
ഒഴുകാൻ തുടങ്ങുന്ന തടാകമാവും ഇത്. മനസരോവറിൽ നിന്നൊഴുകിത്തുടങ്ങുന്ന ബ്രഹ്മപുത്രയെപ്പോലെ...
"നിനക്ക് മഹാഭാരതത്തിലെ മാലിനിയെ അറിയുമോ? "
പ്രണയം പെയ്യുന്ന ശബ്ദത്തിൽ അയാളെന്റെ ചെവിയോരത്ത് മന്ത്രിക്കുന്നത് സ്വപ്നം കണ്ട്, ജനലിലൂടെ നിലാവ് നോക്കി നിന്നയെന്നോട് അല്പവും മൃദുത്വമില്ലാതെയാണ് അയാളത് ചോദിച്ചത്.
എന്റെ പേര് എവിടെയൊക്കെയാണുള്ളത്...?
എനിക്കറിയുമായിരുന്നില്ല. അയാളത് പറഞ്ഞുതന്നതുമില്ല.
പക്ഷേ,
രാവ് പാതിവഴി പിന്നിട്ടുകഴിയുമ്പോൾ മാത്രമൊടുങ്ങുന്ന ജോലികൾക്കപ്പുറം അയാളെന്നിലേക്ക് തിരമാലയായി മറിയുമ്പോൾ മാലിനിയൊരു പുഴയല്ലേ എന്ന് ഞാൻ ഓർമ്മകളിൽ പരതി.
എനിക്ക് പേടിയുണ്ടായിരുന്നു, അച്ഛനോട് ചോദിക്കാൻ. ചിരിക്കാനറിയാത്ത അയാളുടെ മുഖം നിലാവ് പോലെ ചിരിക്കുന്ന എന്റെയച്ഛന്റെ മുഖത്തേക്ക് ചേക്കേറുമോ എന്നു ഞാൻ ഭയന്നു.
അയാളുടെ നെറ്റിയിലെ വിയർപ്പു ചാലുകൾ എന്റെ ചുണ്ടിൽ വെറുപ്പിന്റെ ഉപ്പായി പടർന്നപ്പോൾ അയാളെന്തിനാണ് ഉച്ചത്തിൽ ചിരിച്ചത്.
തറയിൽ കുനിഞ്ഞിരുന്ന് അയാളുടെ ഛർദ്ദിൽ തുടച്ചു കൊണ്ടിരുന്ന എന്നെയയാൾ സൈരന്ധ്രി എന്ന് വിളിച്ചു, പാതി ബോധത്തിൽ ക്രൂരമായി അട്ടഹസിച്ചുകൊണ്ട്.....
മഹാഭാരതവും രാമായണവും വായിക്കാനനുവദിക്കാതെ മനുഷ്യരുടെ പുസ്തകങ്ങൾ മാത്രം വായിപ്പിച്ച അച്ഛനോടെനിക്ക് ദേഷ്യം തോന്നി.
എന്റെ കണ്ണുകൾ പെയ്യുമ്പോലെ മഴയാർത്തു നിന്ന സന്ധ്യയിൽ അയാളാഞ്ഞ് പതിച്ചപ്പോൾ നീരുവന്ന കവിൾത്തടത്തിന്റെ വേദന വകവയ്ക്കാതെ ഞാൻ അച്ഛനോട് ചോദിച്ചു ;
ആരാണ് സൈരന്ധ്രി? ആരാണ് മാലിനി?
ഫോണിന്റെ അങ്ങേത്തലക്കൽ നിലാവ് അമാവാസിക്ക് വഴിമാറുന്നത് ഞാനറിഞ്ഞു.
ഒരു ദീർഘ നിശ്വാസത്തിന്റെ അറ്റത്തുനിന്ന്....
ഞാൻ ഭയന്നതും അതാണല്ലോ.....
-*-*-*-*-*-*-*-*-*-*-*-*-*
വിരാട രാജധാനിയിൽ ഭയചകിതയായി മുഷിഞ്ഞ വസ്ത്രത്തിലൊളിച്ച ദ്രൗപതി 'മാലിനീ' എന്ന വിളികേട്ട് പഞ്ചപുച്ഛമടക്കി തൊഴുതു നിന്നു.
ശിരസ്സുയർത്തി നിവർന്ന് മാത്രം നിന്നവൾക്ക് അമിത വിനയത്തിന്റെ ചെറു വളവ് ഹൃദയ വേദനയുണ്ടാക്കുന്നുണ്ടായിരുന്നു.
അഴകിയ രാവണനായി കീചകനെത്തിയപ്പോൾ കടൽവെള്ളത്തിൽ മറിഞ്ഞു വരുന്ന ജല പിശാചിനെ അവൾക്കോർമ്മ വന്നു.
അവളോക്കാനിച്ചു, വെറുപ്പോടെ....
കീചകൻ അവളുടെ അവയവ മുഴുപ്പുകളിൽ നിന്ന് കണ്ണെടുക്കാതിരിക്കുകയും കൊതിയുടെ നീര് ചുണ്ടിനെ കടന്ന് കീഴ്താടിയിലേക്ക് ഒഴുകിയിറങ്ങുകയും ചെയ്തപ്പോൾ അവൾ പറഞ്ഞ പരാതികളൊന്നും ധർമ്മപുത്രർ കേട്ടതായി ഭാവിച്ചില്ല.
അവൾക്ക് പിന്നെയും ആശ്രയിക്കാൻ അവിടെയൊരു ഭീമസേനൻ ഉണ്ടായിരുന്നു.
*-*-*-*-*-*-*-*-*-*-*-*-*-*
കൽത്തൊട്ടിയിൽ അവതരിച്ച കീചകനെക്കുറിച്ച് അയാളോട് പരാതി പറയാൻ ഞാൻ ഭയന്നു. ചതുരംഗപ്പലകയിൽ അയാൾക്കെതിരെ ഇരുന്നപ്പോൾ ചോരബന്ധത്തിന്റെയും സൗഹൃദത്തിന്റെയും മുഖംമൂടി കീചകനണിഞ്ഞിരുന്നു.
ഞാൻ കരഞ്ഞു.
എനിക്കാശ്രയിക്കാൻ ഇവിടെയൊരു ഭീമനില്ലല്ലോ....
ജീവിതത്തിൽ നിന്ന് നിലവിറങ്ങിപ്പോയിട്ട് ഒരു വ്യാഴവട്ടമായിരിക്കുന്നു.
കൽത്തൊട്ടിയുടെ വക്കുകൾക്കപ്പുറം ഞാൻ ലോകം കണ്ടിട്ടും.
പ്രതീക്ഷിക്കാൻ എന്റെ അടിവയറ്റിലൊരു പുൽനാമ്പ് പോലും കിളിർത്തതുമില്ല.
എനിക്കായുള്ള ടെലിഫോൺ ബെല്ലടികൾ വല്ലപ്പോഴും മാത്രമായി..
അച്ഛനും വയസ്സാവുന്നു.
എനിക്കെന്തുകൊണ്ടാണ് ശബ്ദമില്ലാതാകുന്നത്?
ഭയന്നോടി ഒളിച്ചിരിക്കാൻ അമ്മച്ചിറക് പണ്ടേയില്ല...
സ്വഭാവം കൊണ്ട്
അയാൾ തന്നെയാണ് ഏട്ടനും.
എവിടെയും വിരൽത്തുമ്പുകൊണ്ടു പോലും പിടിക്കാതെ ജീവിതമെന്ന നൂൽപ്പാലത്തിലൂടെ വെറുതെയങ്ങ് നടക്കാൻ പെണ്ണിന് കഴിയും.
പെണ്ണിനേ കഴിയൂ.
ഇവിടെ ഞാൻ വെറുമൊരു സൈരന്ധ്രിയാണെന്ന് അച്ഛന് മനസ്സിലായിക്കഴിഞ്ഞിരുന്നു.
അച്ഛന്റെ നിസ്സഹായതയല്ല, നിശ്ശബ്ദതയാണെന്നെ വേദനിപ്പിച്ചത്.
അച്ഛനെന്നെ ഭാനുമതിയെന്ന് വിളിച്ചുകൂടായിരുന്നോ?
ദുര്യോധനനെ വരച്ച വരയിൽ നിർത്തിയവൾ.
മണികർണികയെന്ന്.
കസ്തൂരിഗന്ധിയെന്നോ അംബയെന്നോ വിളിക്കാമായിരുന്നില്ലേ...?
ചിന്തകൾ, തുറന്നു കിടന്ന പൈപ്പിലൂടെ വീണ് സിങ്കിലെ ദ്വാരങ്ങൾ വഴി വട്ടം കറങ്ങി താഴേക്ക് ഒഴുകുന്ന വെള്ളത്തിനൊപ്പം പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് രണ്ടു കൈകൾ എന്റെ മേലേക്ക് അരിച്ചു കയറിയത്.
കീചകന്റെ കൈകൾ.
ഇരുട്ടിലായിരുന്നില്ല ഞാൻ.
എനിക്കായി കീചകനെ ഞെരിച്ചുടച്ചു തകർക്കാൻ ഭീമനുമുണ്ടായില്ല.
എപ്പോഴാണ് കാളിയുടെ കൈകൾ എന്റേതായത്?
ചോര കൊണ്ട്, എനിക്ക് സ്വാതന്ത്ര്യം നേടിത്തന്ന കത്തിയുമായി കൽത്തൊട്ടിയിൽ നിന്ന് ഞാനിറങ്ങിയോടി.
കൂറ്റൻ ഗേറ്റിന് വശങ്ങളിലിരുന്ന് പ്രപഞ്ചം നടുക്കാറുള്ള ശ്വാനന്മാർ നിശ്ശബ്ദരായിരുന്നു.
എന്നിട്ടും എന്നിലെവിടെയും നിലാവൊഴുകിയില്ല.
കാരാഗൃഹത്തിന്റെയിരുട്ടിൽ വനവാസവും അജ്ഞാത വാസവും കടന്നു പോയി.
തിങ്കൾ പുഴയിലേക്ക് ഞാൻ തിരികെ ഒഴുകിയെത്തിയപ്പോൾ എന്റെ പഴയ കൊച്ചു വീടിരുന്നയിടത്ത് ഏട്ടന്റെ രാജധാനി കണ്ടു.
കൽത്തൊട്ടികളെ എനിക്ക് ഭയമാണ്.
ചോര കൊണ്ട് ബന്ധിച്ചവയെ പ്രേത്യേകിച്ചും.
മുഷിഞ്ഞുലഞ്ഞ വസ്ത്രവുമായി ഞാൻ നടന്നു.
സ്വന്തത്തിനും ബന്ധത്തിനുമപ്പുറം അന്യയിടമാണ് ഇനിയെനിക്ക് നല്ലത്.
അടുക്കളപ്പണിയും പുറംപണിയുമെല്ലാം നന്നായി ചെയ്യുമെന്ന് പറഞ്ഞപ്പോൾ വലിയ വീട്ടിലെ കൊച്ചമ്മയെന്നോട് പേര് ചോദിച്ചു.
ഞാൻ പറഞ്ഞു ;
സൈരന്ധ്രി.
Dr.Salini CK
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക