നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരിച്ചറിവ്(കഥ)


Q' വിൽ നിൽക്കാൻ തുടങ്ങിയിട്ട് നേരം ഏറെ ആയിരിക്കുന്നു. ഇന്ന് രജിസ്ട്രേഷൻതുടങ്ങുന്ന ദിവസമാണ് . കമ്പ്യൂട്ടറുകൾ സജ്ജമാക്കി കൊണ്ടിരിക്കുന്നത് പുതിയ യുവാക്കളും യുവതികളും ആണെന്ന് തോന്നുന്നു .അതിന്റേതായ ചെറിയ താമസം ഉണ്ട് , പക്ഷേ രജിസ്ട്രേഷൻ തുടങ്ങാൻ പറഞ്ഞിരിക്കുന്ന സമയത്തിന് ഇനിയും 45 മിനുട്ട് ബാക്കി , എങ്കിലും വരിയിൽ നിൽക്കുന്നവർ അക്ഷമരാണ് .

വരാനിരിക്കുന്നത് ഉത്സവദിനങ്ങൾ . വിവിധ രാജ്യങ്ങളിലെ നല്ല സിനിമകൾ പ്രദർശിപ്പിക്കപ്പെടാൻ പോകുന്ന മേള . കേരളത്തിൽ നിന്നും മലയാളികൾ ധാരാളം എത്തിയിട്ടുണ്ട് .സിനിമാ ആസ്വാദകരുടെ ഉത്സവം തന്നെ. ഇന്ന് ഉത്ഘാടന ദിവസം.

പെട്ടന്ന്, വരിയുടെ മുൻപിൽ നിന്ന് ലേശം ക്ഷീണം തോന്നുന്നത് എങ്കിലും, ഉറച്ച ശബ്ദം കേട്ടു . ഒരു വയോധിക ആണ് വരിയുടെ ഏറ്റവും മുന്നിൽ നിൽക്കുന്ന അവരാണ് ഒച്ച വയ്ക്കുന്നത് . "എന്തുകൊണ്ട് തലേ ദിവസം തന്നെ എല്ലാം തയ്യാറാക്കി വച്ചില്ല" ? കുറച്ചു രോഷത്തോടെ ആണ് ചോദ്യം. നല്ല സിനിമകൾ ആസ്വദിക്കാൻ എത്തിയ വിദേശ വനിത . കൂടെ ആജാനുബാഹു ആയ ഒരു സായിപ്പും . സുന്ദരമായ ഇംഗ്ലീഷിൽ അവർ അയാളോട് സംസാരിക്കുന്നു . മേളയിൽ പ്രദർശിപ്പിക്കാൻ പോകുന്ന ഒരു ഇറാനിയൻ സംവിധായകന്റെ ചിത്രത്തിനേക്കുറിച്ച് ആണ് സംസാരം . സംസാരം ശ്രദ്ധിച്ചപ്പോൾ കാതറിൻ എന്നാണ് അവരുടെ പേര് എന്ന് മനസ്സിലായി . കമ്പ്യൂട്ടർ സജ്ജമായി കഴിഞ്ഞു , രജിസ്ട്രേഷൻ തുടങ്ങി . കൗണ്ടറിൽ നിന്ന് കിട്ടിയ മനോഹരമായ ചണ സഞ്ചിയിൽ നിന്നും പ്രദർശിപ്പിക്കാൻ പോകുന്ന സിനിമകളുടെ വിവരങ്ങൾ പറയുന്ന പുസ്തകം എടുത്ത് ആർത്തിയോടെ വായിച്ചു കൊണ്ട് അവർ സായിപ്പിനൊപ്പം തിരികെ നടന്നു.

കാതറിനെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല , അവരുടെ മുഖത്തിനെ ,വാർദ്ധക്യം ചുളിവുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു . പ്രായം എഴുപതുകളുടെ രണ്ടാം പകുതിയിലോ, അല്ലെങ്കിൽ എൺപതുകളുടെ ആദ്യ പകുതിയിലോ ആയിരിക്കാം .ആത്മവിശ്വാസം തുളുമ്പുന്ന മുഖം . ചാര നിറത്തിൽ ഒരു കണ്ണട ,മൂക്കിന്റെ തുമ്പിൽ ഇപ്പോൾ വീഴും എന്ന ഭാവത്തിൽ വച്ചിരിക്കുന്നു . തീരെ മെലിഞ്ഞ അവർക്ക് അധികം പൊക്കമില്ല. ഒരു ചെറിയ പാവാടയും , ഒരു അയഞ്ഞ ഉടുപ്പും , രണ്ടും ഏതോ പരുക്കൻ തുണി കൊണ്ടുള്ളത് . പക്ഷേ കഴുത്തിൽ വളരെ വിലപിടിപ്പുള്ള കല്ല്, മനോഹാരിത ചാർത്തുന്ന ആഭരണം . അവർ ഇരുവരും നടന്നു നീങ്ങി.
പിന്നീട് മേളയുടെ പല അവസരങ്ങളിലും അവരെ കണ്ടു . പലപ്പോഴും ക്യൂവിൽ നിൽക്കുമ്പോൾ . ചിലപ്പോൾ ബീർ പബ്ബിൽ .അവരുടെ ഒഴുകി 'ഒഴുകി പോകുന്ന ഇംഗ്ളീഷ് സംസാരം വളരെ ആകർഷിക്കുന്ന ഒന്നായിരുന്നു , അറിയാതെ ശ്രദ്ധിച്ച സംഭാഷണശകലങ്ങളിൽ നിന്നും , അ വർ കാലിഫോർണിയയിൽ താമസിക്കുന്നു എന്നും കൂടെയുള്ളത് ഭർത്താവ് ആണെന്നും മനസ്സിലായി .

വളരെ ഹൃദയസ്പശിയായ ഇതിവൃത്തം ഉള്ള സിനിമ ആയിരുന്നു അന്ന് .ആ സിനിമയിലെ ഓരോ രംഗങ്ങളും മനസ്സിനെ അഗാധമായി നൊമ്പരപ്പെടുത്തി ക്കൊണ്ടിരുന്നു . സിനിമയിൽ ശബ്ദം ഇല്ലാത്ത നിമിഷങ്ങളിൽ അടുത്തിരിക്കുന്ന ആളിന്റെ ഹൃദയ സ്പന്ദനം കേൾക്കാൻപറ്റുന്ന നിശ്ശബ്ദത . എല്ലാവരും ലയിച്ചിരുന്നു . തന്റെ കുട്ടിയുടെ വ്രണിത ഹൃദയത്തിന് പകരം വക്കാൻ പോകുന്നത് ഒരു അഭയാർഥി ബാലന്റെ ഹൃദയം ആണെന്ന് അറിഞ്ഞു സ്തബ്ധനായി നിൽക്കുന്ന പിതാവ് . ബലി മൃഗമായി മാറാൻ പോകുന്ന ബാലനെ കാറിൽ നിന്നും ഇറക്കുമ്പോൾ , അവന്റെ മുഖത്തെ നിഷ്കളങ്കത, ആർദ്രത ഇല്ലാത്ത മനസ്സുകളെയും പിടിച്ച് ഉലക്കുന്നത് ആയിരുന്നു . വലിയ സ്ക്രീനിൽ അവന്റെ മുഖം, അവന്റെ നിസ്സഹായത മനസ്സിനെ കീറി മുറിക്കുന്നതായിരുന്നൂ . പെട്ടന്ന് ഒരു തേങ്ങലും പൊട്ടിക്കരച്ചിലും . ഞെട്ടി തിരിഞ്ഞു നോക്കി . കാതറിൻ തേങ്ങി കരഞ്ഞുകൊണ്ട് പറയുന്നു "എനിക്ക് സഹിക്കാൻ വയ്യ ജെയിംസ്, അവൻ, ആ കുട്ടി ,എന്റെ അപ്പുക്കുട്ടൻ , അവന്റെ അതേ കണ്ണുകൾ അവന്റെ അതേ ചിരി വയ്യ എനിക്ക് ഇൗ സിനിമ കാണേണ്ട" .

അവർ ഒരു മലയാളി ആണെന്ന് ,അത്ഭുതത്തോടെ മനസ്സിലാക്കി , ജീവിതത്തിൽ ഉണ്ടായ ഏതോ നഷ്ടത്തിന്റെ ഓർമയിൽ അവർ വിതുമ്പിപ്പോയതാണ് , ആ ഓർമകളുടെ തീവ്രതയുടെ ബഹിർസ്ഫുരണം ആയിരുന്നു മാതൃ ഭാഷയിലെ ആ വിങ്ങിപ്പൊട്ടൽ. കാതറിൻ പുറത്തേക്ക് ഇറങ്ങി പോയപ്പോൾ , താൻ സിനിമയിലേക്ക് തിരികെ എത്തി , അപ്പോൾ വെള്ളിത്തിരയിൽ ,. അഭയാർഥി ബാലനെ ഒരു അനാഥാലയത്തിൽ സുരക്ഷിതനായി ഏൽപിക്കുന്ന ആശ്വാസ കാഴ്ചയായിരുന്നു .

വിജയകുമാർ ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot