Slider

മൂഡ് ഔട്ട് (ഓർമ്മക്കുറിപ്പ്)

0

 


ഞാൻ ഒരിക്കൽ എൻ്റെ കുറച്ചു പുസ്തകങ്ങൾ അയക്കാൻ പോസ്‌റ്റോഫീസിൽ പോയി. തലേ ദിവസം അയച്ച പുസ്തകങ്ങളുടെ ട്രാക്കിംഗ് നമ്പർ അവരുടെ സൈറ്റിൽ കാണാത്തതിനെ തുടർന്ന്, കുറച്ചു സംസാരം ആയി. കുറച്ചു ദേഷ്യത്തിൽ ഞാൻ അവിടെന്ന് ഇറങ്ങിയ ശേഷം എൻ്റെ കസിൻ്റെ കടയുടെ അടുത്തെത്തി കഷ്ടപ്പെട്ട് വണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു ബൈക്കുകാരൻ അവിടെ കൊണ്ട് വണ്ടി വെച്ചു. മെഡിക്കൽ കോളേജ് ഏരിയ ആയത് കൊണ്ട് പാർക്കിങ് കിട്ടാൻ നന്നേ പാടാണ്. പിന്നെ കുറച്ചു ദൂരം പോയി ട്രിഡയുടെ കോംപ്ലക്സിൽ പാർക്ക് ചെയ്തു , മഴ നനഞ്ഞു നടന്ന് കടയിൽ എത്തി.

തലയൊക്കെ തോർത്തി ക്യാഷ് കൗണ്ടറിൽ ഇരുന്നു. രണ്ട് സ്ത്രീകൾ അവിടെ സാധനങ്ങൾ വാങ്ങി കൊണ്ട് നില്കുകയായിരുന്നു. കുറച്ചു കഴിഞ്ഞു സ്റ്റാഫ് വന്ന് ബില്ല് 80 രൂപയാണ് എന്ന് പറഞ്ഞു. അതിൽ ഒരു സ്ത്രീ 500 രൂപയുടെ നോട്ട് എടുത്തു തന്നു. ഞാൻ ചില്ലറയില്ലേ എന്ന് ചോദിച്ചപ്പോൾ, 'ഇല്ല' എന്ന് മറുപടിയും പറഞ്ഞു. എന്തോ അവർ ചില്ലറ ഉണ്ടായിട്ടും തരാത്തതാണ് എന്ന് എനിക്ക് തോന്നി. ഞാൻ കുറച്ചു കർക്കശമായി 'എങ്കിൽ ചില്ലറ മാറ്റിയിട്ട് വരൂ' എന്ന് പറഞ്ഞു ആ നോട്ട് അവർക്ക് നേരെ നീട്ടി. അവരും തിരിച്ചു ചൂടായിട്ട്, 'ചില്ലറ വാങ്ങി വെക്കേണ്ടത് കടക്കാരുടെ ജോലിയാണ്. ഞങ്ങളുടെ അല്ല.' എന്ന് പറഞ്ഞു. ' എങ്കിൽ നിങ്ങൾ ചില്ലറ ഉള്ളപ്പോൾ വരൂ, എന്തായാലും ഈ മഴയത്ത് ചില്ലറ മാറാൻ സ്റ്റാഫിനെ വിടാൻ പറ്റില്ല' എന്ന് ഞാൻ മറുപടിയും പറഞ്ഞു.

അപ്പോൾ തന്നെ അവരുടെ കൂടെയുള്ള സ്ത്രീ ഒരു പുഞ്ചിരിയോടെ, 'അതിനെന്താ. ഞാൻ മാറ്റി കൊണ്ട് വരല്ലോ' എന്ന് പറഞ്ഞു ആ നോട്ട് എൻ്റെ കയ്യിൽ നിന്ന് വേടിച്ചു പുറത്തേക്ക് നടന്നു. സത്യത്തിൽ അവർ നടന്നു കൗണ്ടറിൻ്റെ അവിടെന്ന് പുറത്തേക്ക് എത്തിയപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ അറിയാതെ കസേരയിൽ നിന്ന് എഴുനേറ്റു. അവർക്ക് കാലിൽ സാമാന്യം നല്ല ഒരു മുടന്തുള്ള ആളായിരുന്നു. എനിക്ക് തിരിച്ചു വിളിച്ചു സ്റ്റാഫിനെ ആരെയെങ്കിലും വിടാം എന്ന് പറയണം എന്നുണ്ടായിരുന്നു, പക്ഷെ അപ്പോഴേക്കും അവർ പോയിരുന്നു. അൽപ നേരത്തിനുള്ളിൽ അവർ ചില്ലറയുമായി തിരികെ വന്നു. അപ്പോഴും മുഖത്ത് അതെ ചിരിയുണ്ട്. പൈസ തന്ന്, സാധനം വാങ്ങി അവർ രണ്ടാളും യാത്രയായി.

കുറച്ചു കഴിഞ്ഞിട്ടും എനിക്ക് ആ മനഃപ്രയാസം മാറുന്നില്ല. കടയിൽ ആള് ഒഴിഞ്ഞപ്പോൾ ഞാൻ സ്റ്റാഫ് രാജൻ മാമൻ്റെ അടുത്ത് ചെന്നു. ' ഇന്ന് രാവിലെ മുതൽ ഒരു അഴുക്കദിവസം ആയിരുന്നു മാമ. പോസ്റ്റ് ഓഫീസിൽ ചെന്നപ്പോൾ സംസാരവുമുണ്ടായി. അവിടെന്ന് പാർക്കിങ് സ്ഥലത്ത് ചെന്നപ്പോൾ അവിടെയും മെനക്കേടായിരുന്നു. അങ്ങനെ മൂഡ് ആകെ കോഞ്ഞാട്ടയായിരുന്നു. അതാണ് ഞാൻ പെട്ടന്ന് അങ്ങനെ പ്രതികരിച്ചത്. അവർക്ക് മുടന്തുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.'

'എന്തോ മൂഡ് ഔട്ട് ആണെന്ന് വന്നപ്പോഴേ മനസ്സാലായി പ്രവീൺ. സാരമില്ല. ആ സ്ത്രീയെ പ്രവീണിന് അറിയില്ലേ. സാധനം വാങ്ങിയ സ്ത്രീ അല്ല. കൂടെ വന്ന മുടന്തുള്ള സ്ത്രീ.' ഞാൻ അറിയില്ല എന്ന് പറഞ്ഞപ്പോൾ, 'നമ്മുടെ കടയുടെ അടുത്തുള്ള ആ ബസ് സ്റ്റോപ്പിൽ ഇരുന്നു, മുറുക്കാനും, ചീപ്പും, കണ്ണാടിയുമൊക്കെ വിൽക്കുന്നവര. ഞാൻ കരുതിയത് പ്രവീണിന് അറിയാമെന്നാണ്. അതിനടുത്തല്ലേ മിക്കപ്പോഴും വണ്ടി ഒതുക്കുന്നത്.' ഞാൻ അറിയില്ലായിരുന്നു എന്ന് തലയാട്ടി കൗണ്ടറിൽ പോയി ഇരുന്നു.

ഏതാണ്ട് ഉച്ച ആയപ്പോൾ എനിക്ക് ഇരിപ്പുറച്ചില്ല. ഞാൻ നേരെ കടയിൽ നിന്ന് ഇറങ്ങി ആ ബസ് സ്റ്റോപ്പിൻ്റെ അങ്ങോട്ട് നടന്നു. ഒരു ഓറഞ്ച് ചതുര പ്ലാസ്റ്റിക് പെട്ടിയിൽ കച്ചവടത്തിനായി കണ്ണാടി, ചീപ്പ്, സേഫ്റ്റി പിൻ, മിഠായി അങ്ങനെ എന്തെക്കെയോ ആയി അവിടെ താഴെ അവർ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ നേരത്തെ തന്നതിലും മനോഹരമായ ഒരു ചിരി അവർ തന്നു. ഞാൻ അവരുടെ അടുത്ത് കുത്തിയിരുന്നു. 'എനിക്ക് ചേച്ചിയെ പെട്ടന്ന് മനസ്സിലായില്ല. ചേച്ചി പോയി കഴിഞ്ഞാണ് കടയിലെ സ്റ്റാഫ് ഓർമിപ്പിച്ചത്. സത്യത്തിൽ ഇന്ന് രാവിലെ മുതലേ എനിക്കൊരു മോശം ദിവസമായിരുന്നു, അതാ ഞാൻ പെട്ടന്ന് അങ്ങനെ പെരുമാറിയെ. എന്നോട് ക്ഷമിക്കണം. ചേച്ചി അത് മനസ്സിൽ വെക്കേണ്ട കേട്ടോ.' എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ ആദ്യത്തെ അതെ പുഞ്ചിരിയോടെ ' അയ്യോ അതിനെന്ത. അതിന് ഒന്നും ഉണ്ടായില്ലല്ലോ. അത് എൻ്റെ നാട്ടിൽ ഉള്ള ഒരു കൊച്ചാണ്. ഇവിടെ മെഡിക്കൽ കോളേജിൽ വന്നപ്പോൾ ഒന്ന് കൂടെ ചെല്ലാൻ എന്നെ വിളിച്ചതാണ്. അതാ സാധനം വാങ്ങാൻ ഞാൻ കൂടെ വന്നത്. ഇവിടെ ചില്ലറ കിട്ടാൻ എത്ര പാടാണ്‌ എന്ന് എനിക്കറിയാല്ലോ. സർ വിഷമിക്കണ്ട.' എന്ന് മറുപടി പറഞ്ഞു.

'സാറിന് എന്തെങ്കിലും ആവശ്യമുണ്ടോ?' എന്ന് ചോദിച്ചു കൊണ്ട് അവർ ആ ഓറഞ്ച് പെട്ടിയിലേക്ക് നോക്കി. എനിക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ഒരു വകുപ്പ് തെളിഞ്ഞ സന്തോഷത്തിൽ എൻ്റെ മനസ്സിലും ഒരു കൊച്ചു ലഡ്ഡു പൊട്ടി. അങ്ങനെ ഒരു പ്ലാസ്റ്റിക് കുപ്പി ബൂമർ ച്യുയിങ് ഗം, വിവിധ നിറങ്ങളിലെ പോക്കറ്റ് ചീപ്പുകൾ, കുറച്ചു സേഫ്റ്റി പിൻ, രണ്ടു കേരളം ബമ്പർ ലോട്ടറിയുമായി കടയിലേക്ക് തിരികെ നടക്കുമ്പോൾ ഒരു ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. അപ്പോഴും ആ ചേച്ചി അവിടെ തന്നെയാണ് ഇരിക്കുന്നത്.

അന്ന് ഞാൻ ഒരു കാര്യം തീരുമാനിച്ചു. 'ദിവസം തുടങ്ങിയപ്പോൾ ശരി ആയില്ല.', ' എഴുന്നേറ്റപ്പോൾ ഇടത് തിരിഞ്ഞാണ് എഴുന്നേറ്റത്', ' 'മൊത്തത്തിൽ സമയം മോശമാണ്', എന്നൊക്കെ ഒഴികഴിവ് പറഞ്ഞു ആളുകളോട് മോശമായി പെരുമാറില്ല എന്ന്. ആ ചേച്ചിയുടെ ജീവിതത്തിൻ്റെ ഏതാണ്ട് ഭൂരിഭാഗവും, കാലിൽ ഒരു മുടന്തുമായാണ് ദിവസം തുടങ്ങുന്നത്. മഴയായാലും, വെയിലായാലും, കാറ്റായാലും, തണുപ്പായാലും, അവരുടെ ഏതാണ്ട് എല്ലാ ദിവസവും റോഡ് വക്കത്തെ ആ പൊടി നിറഞ്ഞ ബസ് സ്റ്റോപ്പിൻ്റെ തറയിലാണ് അവർ ചിലവഴിക്കുന്നത്. എന്നിട്ടും അവർക്കു അത്ര മനോഹരമായി ചിരിക്കാൻ കഴിയുന്നെങ്കിൽ, എനിക്കും എനിക്കറിയാവുന്ന ഏകദേശം എല്ലാപേർക്കും എന്നും ചിരിക്കാൻ, സന്തോഷത്തോടെ ഇരിക്കാൻ അതിനേക്കാൾ ആയിരകണക്കിന് പതിനായിര കണക്കിന് കാരണങ്ങൾ ഉണ്ട്. ആ തിരിച്ചറിവിൽ ആ മനോഹര ദിവസം അവസാനിച്ചു.

- പ്രവീൺ പി ഗോപിനാഥ്

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo