Slider

ഊർദ്ധ്വശ്വാസചിന്തകൾ(കഥ)

0


"അച്ഛാ, നോക്കൂ, ഇതാരൊക്കെയാ വന്നിരിക്കണേന്ന്"  അച്ഛനെന്നോ, ഇതാരാവും എന്നെ അച്ഛൻ എന്ന് വിളിക്കുന്നത്! വളരെ കഷ്ടപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചപ്പോൾ ചെറുതായി ഒന്ന് തുറന്നു. ആരെയും കണ്ടിട്ട് പരിയയം തോന്നുന്നില്ല.

"അച്ഛാ, ഇത് അച്ഛന്റെ അനിയൻകുട്ടൻ, ഓർമ്മെണ്ടോ ..”

എനിക്കറിയുന്ന അനിയൻകുട്ടൻ ഇങ്ങിനെയല്ലല്ലോ, അവന് പൊടി മീശ വരാൻ തുടങ്ങിയിട്ടല്ലേ ഉള്ളു. അമ്മയെവിടെ?

ഓർത്തെടുക്കാൻ ശ്രമിച്ചു.

അച്ഛനും, അമ്മയും, അനിയൻകുട്ടനും നേരിയതായി ഓർമ്മയിൽ തെളിഞ്ഞുവരുന്നു.

പാടത്തിനോട് ചേർന്നുള്ള വലിയൊരു തെങ്ങിൻതോപ്പും അതിന്റെ നടുവിൽ ഒരു ചെറിയ വീടും. വീടിന്റെ മുറ്റത്തിരുന്ന് നോക്കിയാൽ പാടത്തിന്റെ മറുകരയിലെ സ്‌കൂളിന്റെ മേൽക്കൂര കാണാം. അമ്മ ഞാൻ സ്‌കൂളിൽ നിന്നും വരുന്നതും കാത്ത് ആ തിണ്ണയിലാണു് ഇരിക്കാറുള്ളതു്..

വീടിന്റെ കുറച്ച് മാറിയാണു് അമ്പലം, അമ്പലക്കുളം പാടത്തിനോട് ചേർന്നാണ് കിടക്കുന്നത്. കുളത്തിനോട് ചേർന്ന് ഒരു തോട്, വേനൽ കാലത്ത് ഡാമിൽ നിന്നുള്ള കൃഷിക്കുള്ള വെള്ളം ആ തോട് വഴിയാണ് കൊണ്ടുവരിക. തോടിന് കുറുകെ കടക്കാൻ മൂന്ന് തെങ്ങിൻതടി ചേർത്തിട്ട ഒരു പാലമുണ്ട്.. ഒരു സിനിമയിലെന്ന പോലെ എല്ലാം തെളിഞ്ഞു വരുന്നു.

സ്‌കൂളിൽ നിന്നും വരുമ്പോൾ തോട് മുറിച്ച് കടന്നാൽ പിന്നെ നെൽപ്പാടങ്ങൾ അച്ഛൻറെയാണ്, നൂറ്റിഅൻപതു പറയ്ക്ക് നെൽകൃഷിയുണ്ടെന്ന് അച്ഛൻ ഗമയോടെ പറയുന്നത് കേട്ടിട്ടുണ്ട്. എന്താണ് അതിന്റെ കണക്കെന്ന് അച്ഛൻ പറഞ്ഞുതന്നിട്ടില്ല. നെൽകൃഷി ഉള്ള സമയമാണെങ്കിൽ അച്ഛൻ വയലിൽ കാണും.

സ്കൂളിൽ നിന്നും ഞാൻ വരുന്നത് കണ്ടാൽ പുസ്തകം വീട്ടിൽ വെച്ചിട്ട്, ഒരു തോർത്തുമുണ്ട് ചുറ്റി വേഗം വരാൻ അച്ഛൻ പറയും.

പിന്നെ ഒരോട്ടമാണ്, പുസ്തകം വീടിന്റെ ഉമ്മറത്തെ തിണ്ണയിൽ വെച്ച് ടൌസർ ഊരിയിട്ട് തോർത്ത് ചുറ്റി തിരികെ പാടത്തേക്ക് ഓടുന്നു. പാടത്തെ പണിക്കാർക്ക് കൂലി കൊടുത്ത് പറഞ്ഞയച്ച് അച്ഛന്റെ കൂടെ അമ്പലക്കുളത്തിലേക്ക്.

അച്ഛന്റെ കൈയ്യിൽ കിടന്ന് നീന്താൻ നല്ല രസമായിരുന്നു.. സത്യം പറഞ്ഞാൽ നീന്തൽ പഠിക്കാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല, അച്ഛന്റെ കൈകളിലെ സുരക്ഷിതത്വത്തിൽ നീന്തുന്നതിനായിരുന്നു സുഖം. പക്ഷെ ഇടയ്ക് അച്ഛൻ ചതിക്കും. കയ്യ് വെള്ളത്തിനകത്തേക്ക് വലിക്കും, ഞാൻ മുങ്ങിപ്പോകും, കൈകാലിട്ടടിക്കും, കുറെ വെള്ളം കുടിക്കും.

അച്ഛന്റെ സുഹൃത്ത് രാമൻനായരും ആ സമയത്ത് തന്നെയാണ് കുളിക്കാൻ വരിക. രാമമ്മാൻ എന്നാണ് ഞാൻ വിളിക്കാറുള്ളത്.

ഞാൻ മുങ്ങിപ്പൊന്തിയാൽ രാമമ്മാൻ പറയും, കിച്ചുട്ടാ.. വെള്ളം മുഴോനും കുടിക്കല്ലേ ട്ടോ, എനിക്ക് ഒന്ന് മുങ്ങാനുള്ള വെള്ളം ബാക്കി വെക്കണംന്ന്. ചിലപ്പോൾ പറയും, നീയ്യിന്നും മൂത്രം ഒഴിച്ചോ കിച്ചുട്ടാ, വെള്ളത്തിന് നല്ല ഉപ്പുരസംണ്ട് ന്ന്. അതുകേട്ട് അച്ഛൻ ചിരിക്കും.

അച്ഛന്റെ ചിരി കാണാൻ നല്ല ഭംഗിയായിരുന്നു. അമ്മ പറയുന്നത് കേട്ടിട്ടുണ്ട്, നിങ്ങടെ ഈ പഞ്ചാരച്ചിരി കണ്ടിട്ടാ ഞാൻ വീണത് എന്ന്. അപ്പോൾ ഞാൻ ചോദിക്കാറുണ്ട്, അമ്മ എവിട്യാ വീണേന്ന്. അപ്പോൾ അമ്മ ചൂണ്ടുവിരൽ കൊണ്ട് അച്ഛന്റെ നെഞ്ചത്ത് രണ്ട് കുത്തുകുത്തും.

കുളി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ വേലിയിൽ നിൽക്കുന്ന ശംഖുപുഷ്പത്തിന്റെ ചെടിയിൽ . നിന്നും ഒരു പുഷ്പം പൊട്ടിച്ച് ഞങ്ങൾ വരുന്നതും നോക്കി തിണ്ണയിൽ ഇരിക്കുന്ന അമ്മക്ക് കൊടുക്കും. എന്നിട്ട് ഒരു സിനിമാപാട്ട് മൂളും “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും”. ശംഖുപുഷ്പം ഇല്ലെങ്കിൽ ചിലപ്പാൾ മുല്ലപ്പൂവാണ് പൊട്ടിച്ച് കൊടുക്കുക അപ്പോൾ മറ്റൊരു മൂളിപ്പാട്ട് ഉണ്ട് " മുല്ലപ്പൂ മണക്കുന്നല്ലോ കാറ്റേ.'' നന്ദ്യാർവട്ടം, ചെത്തി, ചിലപ്പാൾ മുക്കുറ്റി അങ്ങിനെ എന്തെങ്കിലുമൊരു പുഷ്പം കൊടുക്കും.

അച്ഛൻ അകത്തേക്ക് പോയാൽ അമ്മ എന്റെ തല തോർത്തിത്തരും, വൈദ്യശാലയിൽ നിന്നും വാങ്ങിയ രാസ്നാദി പൊടി നെറുകയിൽ തിരുമ്പും. തോർത്തിന്റെ തുമ്പ് ചുരുട്ടി മൂക്കിൽ കയറ്റും … ഛീ.. എന്നൊരൊച്ചയുണ്ടാക്കി ഞാൻ തുമ്മും. അപ്പോൾ അമ്മ ഹരേകൃഷ്ണാ എന്ന് പറയും. ഈ സമയമെല്ലാം അച്ഛൻ പാടിയ പാട്ടിന്റെ വരികൾ അമ്മ ഒരു പുഞ്ചിരിയോടെ മൂളുന്നുണ്ടാവും.

അത് കഴിഞ്ഞാൽ പുസ്തകം എടുത്ത് തിണ്ണയിൽ ഇരുന്ന് പഠിക്കാൻ തുടങ്ങും. അച്ഛൻ അങ്ങാടിയിലേക്ക് പോകും, അവിടെ മാരാരുടെ ചായക്കടയിൽ അച്ഛന്റെ കുറെ കൂട്ടുകാരുണ്ട്, തമാശ പറഞ്ഞിരിക്കാൻ. പിന്നെ ചെറിയയുടെ പലചരക്കുകട, അവിടെനിന്നും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടുവരും. അതിനോട് ചേർന്ന് ഒരു പച്ചക്കറി കടയുണ്ട്, അതിൽ ആണ് അച്ഛന്റെ കൃഷിയിടത്തിൽ നിന്നും കിട്ടിയ പച്ചക്കറി മുഴുവനും കൊണ്ടുപോയി വെക്കുക.

വൈകീട്ട് വരുമ്പോൾ അച്ഛൻ എന്തെങ്കിലും തിന്നാൻ വാങ്ങിക്കൊണ്ടുവരും , നാരങ്ങാമുട്ടായി, വറുത്ത കപ്പലണ്ടി, മസാല കപ്പലണ്ടി, മാരാരുടെ കടയിൽ നിന്നും വാങ്ങിയ പരിപ്പുവട, പൊക്കുവട അതുമല്ലെങ്കിൽ സുഖിയൻ ഇവ പൊതിഞ്ഞു കൊണ്ടുവരും. പരിപ്പുവട ആണെങ്കിൽ പൊട്ടിച്ച് അതിനുള്ളിലെ മുളകെല്ലാം എടുത്ത് അച്ഛൻ മാറ്റിവെക്കും, പിന്നീട് അച്ഛൻ കഴിക്കും.

അച്ഛന് മുളക് വലിയ ഇഷ്ടമായിരുന്നു. പച്ചമുളകും മോരും ഉണ്ടെങ്കിൽ അച്ഛന് ഊണ് കുശാലായി എന്ന് പറയും. എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കിയാലും അച്ഛന് അടുക്കളയുടെ പുറത്തെ ചെടിയിൽ നിന്നും പറിച്ച പച്ചമുളക് നിർബന്ധമാണ്. മോരിൽ പച്ചമുളക് ഞെരടി സ്വാദോടെ കഴിക്കുന്നത് അമ്മ കണ്ടു കൊണ്ടിരിക്കും . എനിക്ക് കൊതി പിടിക്കും എന്ന് പറഞ്ഞ് ഒരു പിടി ചോറ് അമ്മയ്ക്ക് കൊടുക്കും അമ്മയ്ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അച്ഛൻ അടുക്കളഭരണം ഏറ്റെടുക്കും. തേങ്ങ പൊതിച്ച് പച്ചമുളകും ഇഞ്ചിയും ചേർത്ത് പുറത്തെ അമ്മിയിൽ അരച്ച ചട്ടിണി ഉണ്ടാക്കും, അതിന് വല്ലാത്തൊരു സ്വാദായിരുന്നു.

ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരൻ മാധവൻ ദിവസവും ഊണ് കഴിഞ്ഞിരിക്കുമ്പോൾ അവന്റെ അമ്മമ്മ തലേ ദിവസം പറഞ്ഞുകൊടുത്ത ഓരോരോ കഥകൾ പറയും, അമ്മയോട് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് നമുക്കെന്താ അച്ഛമ്മേം അമ്മമ്മേം മുത്തശ്ശന്മാരും ഒന്നും ഇല്ല്യാത്തതെന്ന്. അപ്പോൾ അമ്മ പറയും നമ്മളെ ദൈവം ആകാശത്തുനിന്നും താഴത്തിട്ടതാണെന്ന്, ഭാഗ്യത്തിന് വന്ന് വീണത് വൈക്കോൽ തുറുവിൽ ആണെന്ന്.

ഒരു ദിവസം സ്‌കൂൾ വിട്ടുചെന്നപ്പോൾ നാണിത്തള്ള വീട്ടിലുണ്ടായിരുന്നു. ഇറയത്ത് കൈയ്യിൽ ഒരു കുഞ്ഞുവാവയേയും പിടിച്ച് അച്ഛൻ എന്നെക്കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. .

ഞാൻ അടുത്തെത്തിയപ്പോൾ അച്ഛൻ പറഞ്ഞു, ആ കുട്ടി എനിക്കുള്ള കൂട്ട് ആണെന്നും അവനെ കുട്ടൻന്ന് വിളിക്കാമെന്നും പറഞ്ഞു..

ഞാൻ തലയാട്ടിയപ്പോൾ അച്ഛൻ എന്നോട് വാവയുടെ ചെവിയിൽ മെല്ലെ കുട്ടാന്ന് വിളിക്കാൻ പറഞ്ഞു. ചിലപ്പോൾ എന്താ ഏട്ടാ എന്ന് അവൻ ചോദിക്കുമെന്നും പറഞ്ഞു.

ഞാൻ അനിയൻകുട്ടാ എന്ന് അവന്റെ ചെവിയിൽ വിളിച്ചു. അവൻ കേട്ടതായി ഭാവിച്ചില്ല.

അകത്ത് മുറിയിൽ ജനാലയിലൂടെ എല്ലാം കണ്ട് കട്ടിലിൽ കിടന്ന് അമ്മ ചിരിക്കുന്നുണ്ടായിരുന്നു. . അമ്മക്കെന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, ദൈവം അനിയനെ ആകാശത്തുനിന്നും താഴേക്ക് ഇട്ടതായിരുന്നു, അമ്മ അവനെ പിടിക്കാനായി ഓടിപ്പോയതിന്റെ ക്ഷീണമാണെന്ന് പറഞ്ഞു.

അച്ഛൻ പറഞ്ഞത് ശരിയായിരുന്നു, കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞാൻ അനിയൻകുട്ടാ എന്ന് വിളിക്കുമ്പോൾ അവൻ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി , ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൻ വലുതായി, സംസാരിക്കാൻ തുടങ്ങിയപ്പോൾ അമ്മയും അച്ഛനും വിളിക്കുന്നത് കേട്ട് എന്നെ കിച്ചാന്ന് വിളിക്കാൻ തുടങ്ങി. അച്ഛൻ തന്നെ അത് തിരുത്തിക്കൊടുത്തു, കിച്ചൻ അല്ല, കിച്ചേട്ടൻ എന്ന് വിളിക്കാൻ പറഞ്ഞു. പക്ഷെ അവൻ കിട്ടാട്ട എന്നാക്കി.

അനിയൻകുട്ടന്റെ വളർച്ച എന്റെ കണ്മുൻപിൽ തന്നെ ആയിരുന്നു, ദിവസവും വൈകുന്നേരം സ്‌കൂൾ വിട്ട് വീട്ടിലെത്താൻ വല്ലാത്ത ധ്യതിയായിരുന്നു, . വന്ന ഉടനെ അവനെ എടുക്കാൻ ചെന്നാൽ അമ്മ വഴക്കുപറയും, ആദ്യം പോയി കാലും കൈയും കഴുകിയിട്ട് അനിയൻകുട്ടന്റെ കൂടെ കളിക്കാൻ. പിന്നെ എങ്ങിനെയൊക്കെയോ കൈയും കാലും കഴുകി അനിയൻകുട്ടന്റെ അടുത്തെത്തുമ്പോഴേക്കും അമ്മ പറയും, കഞ്ഞി കുടിച്ചിട്ട് അവന്റെ അടുത്തിരിക്കാൻ.

നോക്കിയിരിക്കലെ വലിയ കുട്ടിയായി, എന്റെ സ്കൂളിൽത്തന്നെ ഒന്നാം ക്ലാസ്സിൽ ചേർത്തു. അന്നുമുതൽ സ്‌കൂളിൽ പോകാൻ വല്ലാത്ത സന്തോഷം ആയിരുന്നു. അനിയൻ കുട്ടന്റെ കൈവിടാതെ പിടിക്കും. ആദ്യമൊക്കെ അമ്മ കൂടെ വരാറുണ്ടായിരുന്നു

എന്റെ കൈയ്യെത്തും ദൂരം വരെ മാത്രമേ അവൻ പോകുകയുള്ളു. രാത്രി കിടക്കുമ്പോഴും അവന് ഞാൻ വേണം, ഞാൻ കെട്ടിപ്പിടിച്ചാലേ അവൻ ഉറങ്ങു. അമ്മ പറയാറുണ്ട് അനിയൻകുട്ടൻ വന്നതോടെ കിച്ചു വലുതായീന്ന്.

ഒരു ദിവസം സ്‌കൂളിൽ ശാരദടീച്ചർ കണക്കുക്ലാസ്സ് എടുക്കുമ്പോഴാണ് പ്യൂൺ മത്തായി വന്ന് ടീച്ചറോട് എന്തോ കാതിൽ പറഞ്ഞത്.

ടീച്ചർ എന്നോട് പുസ്തകം എടുത്ത് കൂടെ വരാൻ പറഞ്ഞു. അപ്പോഴേക്കും അനിയൻകുട്ടനെയും കൂട്ടി അവന്റെ ക്ലാസ്സ് ടീച്ചറും വന്നു. രാമമ്മാൻ അവിടെ നിൽപ്പുണ്ടായിരുന്നു ടീച്ചറും എന്തിനാണ് ഞങ്ങളുടെ കൂടെ വീട്ടിൽ വരുന്നതെന്ന് അറിയില്ലായിരുന്നു.

അച്ഛൻ ഇറയത്ത് കിടക്കുന്നുണ്ടായിരുന്നു. അമ്മ അപ്പുറത്തിരുന്ന് കരയുന്നു. അച്ഛൻ പോയി മോനെ എന്ന് അമ്മ പറഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോൾ എന്നോട് കുളിച്ച് ഈറൻ ഉടുത്തുവരാൻ രാമമ്മാൻ പറഞ്ഞു. ഒന്നും മനസ്സിലായില്ല, അവർ പറഞ്ഞതൊക്കെ ചെയ്തു. ആരൊക്കെയോ അച്ഛനെ എടുത്തുകൊണ്ടുപോയി. പറമ്പിൽ നിന്നും മുറിച്ച മാവിന്റെ വിറകുകൊണ്ട് ഒരു കട്ടിൽ ഉണ്ടാക്കി അച്ഛനെ കിടത്തി. എന്നോട് അതിന്റെ അടിയിൽ തീ വെക്കാൻ പറഞ്ഞു, ഞാൻ തയ്യാറായില്ല, ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി, പക്ഷെ മറ്റാരോ തീവെച്ചു അച്ഛനെ കത്തിച്ചുകളഞ്ഞു.

അച്ഛന്റെ മരണശേഷം രണ്ടുമൂന്ന് ദിവസം അമ്മ കരഞ്ഞുകൊണ്ടിരുന്നു, ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മ കൈക്കോട്ടും എടുത്ത് പറമ്പിലേക്കിറങ്ങി. അച്ഛൻ ചെയ്തിരുന്ന കൃഷിയെല്ലാം അമ്മ നോക്കിനടത്താൻ തുടങ്ങി.

വിചാരിച്ചതുപോലെ പാടത്തും പറമ്പിലും ജോലി ചെയ്യാൻ അമ്മയുടെ ആരോഗ്യം സമ്മതിച്ചില്ല. പത്താം ക്ലാസ് പാസ്സായതോടെ ഞാൻ പഠിത്തം നിർത്തി, അമ്മയുടെ കൈയ്യിൽ നിന്നും കൃഷിയുടെ ഉത്തരവാദിത്വം ഏറ്റുവാങ്ങി. തുടർന്ന് പഠിക്കാൻ അമ്മ നിർബന്ധിച്ചെങ്കിലും അപ്പോൾ അമ്മയെ സഹായിക്കുകയാണ് വേണ്ടതെന്ന് തോന്നി.

അനിയൻകുട്ടനെ പഠിപ്പിച്ചു. അച്ഛന്റെ സ്നേഹവും അവന് നൽകി. അച്ഛൻ എന്നെ സ്നേഹിച്ചിരുന്നതുപോലെ ഞാൻ അവനെ സ്‌നേഹിച്ചു. സ്‌കൂൾ വിട്ട് പുസ്തകം വെച്ച് ഓടിവരും, എന്റെ കൂടെ പറമ്പിലെ പണിയൊക്കെ ചെയ്യും. വേണ്ടെന്ന് എത്ര പറഞ്ഞിട്ടും അവൻ കൂട്ടാക്കിയില്ല. പണികഴിഞ്ഞ് അമ്പലക്കുളത്തിൽ ഉള്ള കുളി മുടക്കിയില്ല. പക്ഷെ അവൻ സ്വയം നീന്താൻ പഠിച്ചു.

പത്താം ക്ലാസ്സിൽ അവന്റെ പരീക്ഷ കഴിഞ്ഞത് ഓർമ്മയുണ്ട്. പിന്നെയൊന്നും ഓർമ്മയിൽ വരുന്നില്ല.

കൈകാലുകൾ ഒന്നും അനങ്ങുന്നില്ല. കണ്ണുകൾ പോലും മിഴി തുറക്കാൻ പറ്റുന്നില്ല.

"കിട്ടാട്ടാ, ഏട്ടന്റെ അനിയൻ കുട്ടൻ, കണ്ണ് തുറക്ക് ."

ചെറുതായി തുറന്ന മിഴിയിലൂടെ അതിയൻ കുട്ടനെ കണ്ടു. താടിയൊക്കെ വെച്ച് വലിയ മനുഷ്യൻ. അവന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. വായ അനങ്ങിയോ എന്നറിയില്ല.

എത്ര ശ്രമിച്ചിട്ടും പത്താം ക്ലാസ്സ് കഴിഞ്ഞ് അവൻ എന്തുചെയ്തു എന്ന് ഓർക്കാൻ പറ്റിയില്ല. വല്ലാത്ത വിമ്മിഷ്ടം തോന്നി

വളരെ പ്രയത്നപ്പെട്ട് കണ്ണുകൾ മെല്ലെ തുറന്നു, അനിയൻകുട്ടൻ തൊട്ടിരിക്കുന്നുണ്ടായിരുന്നു.

“നിന്റെ പത്താം ക്ലാസ് കഴിഞ്ഞോ ?" വളരെ ശ്രമിച്ചിട്ടാണ് വാക്കുകൾ പുറത്തേക്ക് വന്നത്.

“കിട്ടാട്ട, പത്താം ക്ലാസ് കഴിഞ്ഞ് ഞാൻ കോളേജിൽ പോയി, ഡിഗ്രിക്ക് കാർഷിക സർവകലാശാലയിൽ ചേർന്നു, കൃഷി വകുപ്പിൽ സർക്കാർ ഉദ്ദ്യോഗസ്ഥൻ ആയി,

ആ പറമ്പിൽത്തന്നെ കിട്ടാട്ടൻ എനിക്കുവേണ്ടി ഒരു വീടുപണിതു. കിട്ടാട്ടന്റെ കൃഷി ചെയ്യുന്ന ശൈലി ലോകം മുഴുവൻ പ്രസിദ്ധമായി. ഏക്കറുകണക്കിന് പറമ്പും, അതിൽ നിറയെ കൃഷി, അതിൽ തോടും, മഴക്കുഴികളും, ചെറിയ ചെറിയ കുളങ്ങളും ഒക്കെയുണ്ടാക്കി. ഏട്ടന്റെ ബുദ്ധിയിൽ തോന്നിയ ചെറിയ ചെറിയ കാര്യങ്ങൾ പഠിക്കാൻ കേരളത്തിനകത്തും പുറത്തുനിന്നും ആളുകൾ വന്നു. രണ്ടുതവണ കിട്ടാട്ടന് കർഷക അവാർഡും കിട്ടി. ഒരു അവാർഡ് കേന്ദ്ര സർക്കാരും തന്നു. കിട്ടാട്ടന് ഇതൊന്നും ഓർമ്മയില്ലേ ”

"അമ്മയ്ക്ക് അസുഖമായി കിടന്നപ്പോൾ സഹായിക്കാൻ നാണിത്തള്ളയുടെ കൊച്ചുമകൾ ലീല വീട്ടിലുണ്ടായിരുന്നു. അമ്മയുടെ അവസാന ആഗ്രഹമായിരുന്നു കിട്ടാട്ടന്റെ വിവാഹം, അങ്ങിനെ ലീലേടത്തിയമ്മയെ ഏട്ടൻ വിവാഹം ചെയ്തു. നിങ്ങൾക്ക് ശരത് എന്നൊരു മകൻ മാത്രം.

ഞാനും വിവാഹം ചെയ്തു, അഞ്ജലി എന്ന ഒരു ഊമക്കുട്ടിയെ. ഞങ്ങൾക്ക് രണ്ട് കുട്ടികൾ.

“ ലീല ? “

" ഏട്ടന്റെ മകൻ ശരത് എഞ്ചിനീയറിംഗ് കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരു കമ്പനിയിൽ ജോലിക്ക് ചേർന്നു. അവിടെ അവന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു ജാതിയിലെ കുട്ടിയുമായി അവൻ സ്നേഹത്തിലായി. വിവാഹം ചെയ്യുകയാണെങ്കിൽ അച്ഛന്റെയും അമ്മയുടെയും അനുവാദത്തോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്നും വാശിപിടിച്ചു. കിട്ടേട്ടൻ ആ ബന്ധത്തെ എതിർത്തു. അവൻ പിണങ്ങിപ്പോയി അവസാനം ലീലേടത്തിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഏട്ടൻ വിവാഹത്തിന് സമ്മതിച്ചുവെന്ന് പറയാൻ തിരുവനന്തപുരത്തേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലാണ് സ്‌കൂട്ടിയുടെ പിറകിൽ ഏതോ കാറിടിച്ചത്, ലീലേടത്തിയമ്മയാണ് ഏട്ടനെ ആശുപത്രിയിലേക്ക് എത്തിച്ചതും എല്ലാവരെയും വിളിച്ചറിയിച്ചതും എല്ലാം. വൈകുന്നേരമായപ്പോൾ ഏട്ടത്തിയമ്മക്ക് ഒരു തലകറക്കം വന്നു, പിന്നെ ബോധം പോയി. പരിശോധിച്ചപ്പോൾ ആണറിഞ്ഞത് ശരീരത്തിനകത്ത് രക്തസ്രാവം ഉണ്ടായിരുന്നു. അതിനുശേഷം രണ്ടുമണിക്കൂറേ ഉണ്ടായുള്ളൂ ഏട്ടത്തിയമ്മ പോയി”

“ലീലാ എവിടെ ?” അവളുടെ ജീവനില്ലാത്ത ശരീരമെങ്കിലും ഒന്ന് കണ്ടെങ്കിൽ എന്ന മോഹത്തോടെ വീണ്ടും ചോദിച്ചു.

അനിയൻകുട്ടൻ എന്റെ രണ്ടുകൈകളും കൂട്ടിപ്പിടിച്ചു. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റി വീഴുന്നുണ്ടായിരുന്നു.

“ഏട്ടാ അത് സംഭവിച്ചിട്ട് വർഷങ്ങൾ കുറേ കഴിഞ്ഞു. ഇത്രയും കാലം ഏട്ടൻ കണ്ണു തുറക്കുന്നതും കാത്തിരിക്കുകയാണ് ഞങ്ങൾ. ശരത് ജോലിയെല്ലാം അവസാനിപ്പിച്ച് അച്ഛനും ഏട്ടനും ചെയ്തിരുന്ന കൃഷിയൊക്കെ നോക്കിനടത്തുകയാണ്, കൂടെ മരിയയും ഉണ്ട്. മരിയയാണ് സ്വന്തം അച്ഛനെപ്പോലെ കരുതി വർഷങ്ങളായി കിട്ടേട്ടനെ പരിപാലിച്ചുകൊണ്ടിരിക്കുന്നത്.

അതൊരു ഷോക്കായിരുന്നു, താൻ ഈ കിടപ്പ് തുടങ്ങിയിട്ട് വർഷങ്ങളായെന്നോ, വിശ്വസിക്കാൻ കഴിയുന്നില്ല.

അപ്പോഴേക്കും ശരത് അകത്തേക്ക് വന്നു. കൂടെ ഒരു സത്രീയും. അനിയൻകുട്ടൻ പറഞ്ഞ മരിയ ആയിരിക്കാം.

“അച്ഛാ. എനിക്കറിയാർന്നൂ ഒരു ദിവസം അച്ഛൻ കണ്ണുതുറക്കുമെന്ന്. ഈ ദിവസത്തിനായാണ് ഞങ്ങൾ ഇത്രയും കാലം കാത്തിരുന്നത്. അമ്മ മരിക്കുന്നതിന് മുൻപ് ഞങ്ങൾക്ക് അനുവാദം തന്നിരുന്നു . പക്ഷേ അച്ഛന്റെ അനുവാദം ഇല്ലാതെ ഞാൻ ഒന്നും ചെയ്യില്ല.”

കണ്ണുകളിൽ വല്ലാത്ത ഭാരം തോന്നി, ഇരുട്ട് കയറുന്നുണ്ടായിരുന്നു, ശരീരത്തിൽ ഒരു തണുപ്പ് അരിച്ചുകയറാൻ തുടങ്ങി കാഴ്ച മാഞ്ഞുപോകും മുൻപ് പെട്ടെന്ന് കൈകൾക്ക് ശക്തി കിട്ടി, ശരത്തിന്റെയും ആ കുട്ടിയുടെയും കൈകൾ കൂട്ടിപ്പിടിച്ചു. പെട്ടെന്ന് പണ്ട് അച്ഛൻ കുളത്തിൽ നീന്തുമ്പോൾ കൈവിടുമ്പോൾ കുളത്തിലേക്ക് താഴ്ന്നു പോകുന്നതുപോലെ ശരീരഭാരം ഇല്ലാതായി.

അപ്പോൾ മുൻപിൽ അത്രയും നേരം ഓർത്തെടുക്കാൻ ശ്രമിച്ചിരുന്ന ലീലയുടെ രൂപം പ്രത്യക്ഷപ്പെട്ടു, കൂടെ കയ്യിൽ ഒരു ശംഖുപുഷ്പവും പിടിച്ചു കൊണ്ട് അമ്മയും, ചുണ്ടിൽ സ്വതസിദ്ധമായ പുഞ്ചിരിയോടെ അച്ഛനും. അവർ തന്നെ മാടിവിളിക്കുന്നു. ഇപ്പോൾ പലതും വ്യക്തമായി ഓർമ്മവരുന്നു..

ഗിരി ബി. വാരിയർ

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo