കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടു അയാൾ വാതിൽ തുറന്നു. ഇന്നലെ വന്ന ബ്രോക്കർ ആണു.സിറ്റ് ഔട്ടിലേക്കു കടന്നു അയാൾ ഒരു കസേര വലിച്ചിട്ടു കൊണ്ടു ബ്രോക്കറെ ക്ഷണിച്ചു
"വരൂ, ആരെയെങ്കിലും കിട്ടിയോ? "
"ഒരാളെ കിട്ടിയിട്ടുണ്ട്. പണിക്കു പോയി ശീലമില്ലാത്ത ആളാണ് കൂലിപ്പണിക്കാരൻ ആയിരുന്നെങ്കിലും ഭർത്താവ് നല്ലത് പോലെ അധ്വാനിക്കുന്നവനായിരുന്നു. ആറു മാസം മുൻപ് ഒന്ന് വീണു, കിടന്ന കിടപ്പാ ഉണ്ടായിരുന്ന സ്വർണമെല്ലാം ചികിത്സക്ക് ചിലവായി. ഇപ്പോൾ എന്തെങ്കിലും ജോലി കിട്ടിയില്ലെങ്കിൽ അവസ്ഥ ആകെ മോശമാകുമെന്നും പിന്നെ ഭർത്താവിനെയും കൊണ്ടു മരിക്കുകയെ വഴിയുള്ളു എന്നും എല്ലാം കുറെ എണ്ണിപ്പെറുക്കി.
അപ്പോഴാണ് ഞാൻ നിങ്ങളുടെ കാര്യം പറഞ്ഞത്. ഉടനെ ഏൽക്കുകയും ചെയ്തു.
രണ്ടു മക്കളുള്ളത് ദൂരെഎങ്ങാണ്ടാണ്....കഷ്ടപ്പെട്ട് വളർത്തിയുണ്ടാക്കിയിട്ടും വലിയ കാര്യം ഉണ്ടായില്ല. വരവും പോക്കും ഒന്നും ഇല്ല". അയാൾ പറഞ്ഞു നിർത്തി.
" അത് നന്നായി അതുകൊണ്ട് നമുക്കൊരു ആളായല്ലോ. എനിക്കിവിടെ അധികം പരിചയമില്ല. ഇവിടെ ഫ്ലാറ്റ് വാങ്ങിയിട്ട് അധികമായില്ല. ഞാനും ഭാര്യയും വിദേശത്താണ്, ,കഴിഞ്ഞ മാസം പോരാമെന്നു കരുതി.ഇപ്പോൾ പറ്റിയ സാഹചര്യം അല്ലാലോ. അന്ന് വരാൻ കഴിഞ്ഞില്ല. പ്രസവിച്ച ശേഷമാണ് വന്നത്. ഭാര്യയുടെ അച്ഛനും അമ്മയും ആണു ഇവിടെ താമസം. അവർക്കു കുട്ടിയെ നോക്കാനും, പ്രസവ ശുശ്രൂഷക്കും ഒന്നും വശമില്ല. ഏജൻസിയിൽ ബുക്ക് ചെയ്യാൻ നോക്കി പക്ഷെ കൊറോണ കാരണം ആരും ജോലിക്കു വരാൻ കൂട്ടാക്കുന്നില്ല. അതാ ഒരാളെ നോക്കാൻ പറഞ്ഞത്". അപ്പോൾ പറഞ്ഞപോലെ നാളെ ആളെ കൊണ്ടു വരൂ."
"ശെരി അങ്ങനാകട്ടെ",
പിറ്റേന്നു രാവിലെ ബ്രോക്കർ ജോലിക്കാരിയെ പടിക്കൽ നിർത്തി കാളിങ് ബെൽ അമർത്തി.
പുറത്തു വന്ന ഉടമസ്ഥൻ അയാളെ കണ്ടപ്പോൾ വീണ്ടും അകത്തേക്ക് കേറിപോയി കുറച്ചു നോട്ടുമായി വന്നു. "ഇതാ ബ്രോക്കർ ഫീസ്, എണ്ണിനോക്കിക്കോളൂ "
ബ്രോക്കർ അത് വാങ്ങിയില്ല. "വേണ്ട സാർ, ഒരു നല്ല സ്ത്രീയാണ്. അവർക്കു ശമ്പളം കൃത്യമായി ഒന്നാം തിയ്യതി തന്നെ കൊടുത്താൽ മതി. ഒരു പാവം മനുഷ്യന് മരുന്നും ഭക്ഷണവും കൊടുക്കാനല്ലേ. "
നിർബന്ധിച്ചിട്ടും ബ്രോക്കർ അത് വാങ്ങിയില്ല.
എന്നാൽ വരാൻ പറഞ്ഞോളൂ അവരോടു "
ബ്രോക്കർ ആംഗ്യം കാണിച്ചപ്പോൾ ആ സ്ത്രീ പടിക്കൽ കൂടി അകത്തേക്ക് കേറി പോയി. ഉടമസ്ഥന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ. മുൻപിലൂടെ കടന്നു പോയ ആ സ്ത്രീയെ കണ്ടതും അയാൾ ഞെട്ടി.
അതയാളുടെ അമ്മ ആയിരുന്നു.
Written by Mini George
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക