നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"ഒരു ക്വാറന്റൈൻ പ്രണയകഥ" (കഥ)


നല്ല കടുത്ത പനി ദേഹമൊക്കെ കുടയുന്നു.കൊറോണ ഒന്നും അല്ലല്ലോ,മനു ചെറുചിരിയോടെ ഓർത്തു. സമയം രാവിലെ 5 മണി, ഒരു ചുക്കുകാപ്പി ഉണ്ടാക്കി കുടിക്കാം.

ചൂട് കാപ്പികൊണ്ട് ബാൽക്കണിയിലേക്ക് നടന്നുക്കയറി. അവിടെ ഇരുന്നു ആ പ്രകൃതി മനോഹാരിത ആസ്വദിച്ചു കാപ്പി കുടിക്കാൻ നാട്ടിൽ വരുമ്പോഴെല്ലാം തനിക്ക് ഇഷ്ടമായിരുന്നു.സ്വന്തം പ്രയത്നം കൊണ്ട് അഞ്ചു വർഷം മുൻപ് വാങ്ങിയ വീട്. ഓർക്കുമ്പോൾ തനിക്ക് തന്നെ അഭിമാനം തോന്നുന്നു.

എതിർവശത്തുള്ള ടെറസ്സിൽ ഒരു പെണ്കുട്ടി തല തോർത്തു കൊണ്ട് കെട്ടി തുണികൾ വിരിച്ചിടുന്നു.ഇത്ര നേരത്തെയോ വെറുതെ ചിന്തിച്ചുകൊണ്ടു കണ്ണുകൾ പിൻവലിച്ചു.

അയൽക്കാരെ ഒന്നും അത്രക്ക് പരിചയം പോര, ഫെബ്രുവരി 14 നു വന്നതാ. വീട്ടു നീരീക്ഷത്തിൽ ആയിരുന്നു. ഇനീപ്പോ എന്നാണ് തിരിച്ചുപോവാൻ പറ്റുക എന്നും അറിയില്ല.
തുണിയെല്ലാം വിരിച്ച്‌ അവൾ അകത്തേക്ക് പോയി, ആ ടെറസ്സ് നിറയെ പൂക്കൾ ആയിരുന്നു, അത് നോക്കി അങ്ങനെ ഇരുന്നപ്പോൾ അവൾ തല മാത്രം പുറത്തേക്ക് ഇട്ട് തന്നെ ഒന്ന് നോക്കി. ഒരു കുസൃതി നോട്ടം.
പരിചയം കാണിച്ചു കളയാം, പുഞ്ചിരിച്ചു കൊണ്ട് കൈവീശി കാണിച്ചു.

ഒരു പ്രതികരണവും കാണിക്കാതെ അവൾ മറഞ്ഞു. ഒരൽപ്പം ജാള്യതയോടെ താഴെക്കിറങ്ങി, പത്രം നിറയെ കൊറോണ വാർത്തകൾ. പെട്ടെന്ന് ആ ടെറസ്സിൽ നിന്നു ഒരു ബഹളം, വെറുതെ ഒരാകാംഷ,പോയി നോക്കാമെന്ന് ഒരു തോന്നൽ. പത്രമെടുത്ത് വീണ്ടും മുകളിൽ പോയി ചൂരൽ കസേരയിൽ ഇരിപ്പുറപ്പിച്ചു.

നേരത്തെ കണ്ട പെണ്കുട്ടി ഒരു പത്തു വയസ്സുകാരിയും കൂടി കൈകൾ കോർത്തുപിടിച്ചു വട്ടം കറങ്ങി കളിക്കുന്നതോടൊപ്പം കിലു കിലുന്നുള്ള ചിരിയും. വേറെ രണ്ടു കുട്ടികളും കൂടി ഉണ്ട്. അനിയത്തിമാർ ആവണം., കുറച്ച് നേരം ആ കളികൾ ഒക്കെ നോക്കി അങ്ങനെ ഇരുന്നു.

പനി കുറവുണ്ട്. കുറച്ച് പൊടിയരികഞ്ഞിവെച്ചു കുടിക്കണം, കുറച്ച് കഴിയട്ടെ.

അങ്ങനെ വിചാരിച്ചത് നന്നായി.ഇപ്പൊ അവൾ എന്നോട് എന്തോ ആഗ്യം കാണിക്കുന്നു. എന്തായിരിക്കും! ഒരു പേപ്പർ എടുത്ത് കാട്ടി, പിന്നെ ഒരു കല്ലും ,കല്ലു പേപ്പറിനുള്ളിൽ വെച്ചു ചുരുട്ടി റോഡിലേക്ക് ഒറ്റ ഏറ്.

എന്തോ ! ആ കുട്ടികളിക്ക് കൂട്ട് നിൽക്കാൻ ഒരു ആഗ്രഹം. പതുക്കെ റോഡിൽ ഇറങ്ങി,ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി അതെടുത്തു തിരികെ നടക്കുമ്പോൾ തമാശ തോന്നി, തുറന്നു നോക്കി അവളുടെ നമ്പർ ആയിരുന്നു. ഒരു ഹായ് കൊടുത്തുകളയാം.ഉടനെ മറുപടികൾ വന്നു. അതും തുരു തുരേന്നു.

” ചേട്ടന്റെ പേരെന്താ? അവൾ സ്വയം പരിചയപ്പെടുത്തി."എന്റെ പേര് മീനു. ഇവിടത്തെ വേലക്കാരിയാ."

"ആഹാ" എന്നു പറഞ്ഞു ഒരു വാത്സല്യത്തിന്റെ സ്മൈലി ഇട്ടുകൊടുത്തു. അതുശെരി, നല്ല മിടുക്കി വേലക്കാരി ആണല്ലോ! വെറുതെ ചിരിച്ചുകൊണ്ട് ഓർത്തു. വീണ്ടും ഫോൺ മുരണ്ടു.

" ചെടികൾ ഇഷ്ട്ടാണല്ലേ, എപ്പോഴും ചെടികളെ പരിരക്ഷിക്കുന്നത് കാണാറുണ്ട്. ഇവിടെ ഈ ചെടികൾ ഒക്കെ ഞാൻ വെച്ചതാ".

"പിന്നെ കുട്ട്യോളെ എപ്പോഴും ഹാപ്പി ആക്കി വെക്കണമെന്ന് കൊച്ചമ്മ പറഞ്ഞിട്ടുണ്ടെയ്‌, എനിക്കും ഇഷ്ട്ടാ അവരുടെ കൂടെ കളിക്കാൻ", അങ്ങനെ അങ്ങനെ നീളുന്ന മെസ്സേജുകൾ. എല്ലാത്തിനും ഒരു ഹാപ്പി സ്മൈലി ഇട്ടു കൊടുത്തു.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി. മെസ്സേജ് കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായോ. ഓരോ ദിവസവും അവൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ കുറിച്ച്, ചെയ്ത പണികളെ കുറിച്ച്, കൊച്ചമ്മയുടെ വഴക്കിനെ കുറിച്ച് എല്ലാം നിഷ്കളങ്കതയുടെ ഭാഷയിൽ പറഞ്ഞുകൊണ്ടിരുന്നു. നല്ലൊരു കേൾവിക്കാരനായി താനും.

പിറ്റേന്ന് കൂൾ ആയി ആചോദ്യം വന്നു പ്രതീക്ഷിച്ചിരുന്ന ചോദ്യം.

"ചേട്ടൻ എപ്പോഴും ഒറ്റക്കാണല്ലോ! ഭാര്യയും കുട്ടികളും ഗൾഫിലാണെന്നു കൊച്ചമ്മ പറഞ്ഞൂലോ, എന്താ അവർ വരാത്തെ?" തികച്ചും നിഷ്കളങ്കമായ ചോദ്യം.

ഉടനെ മറുപടി കൊടുത്തു ,” കല്യാണം കഴിച്ചില്ല”. കുറെ നേരത്തേക്ക് അനക്കമൊന്നും ഇല്ല.

മനസ്സ്‌ കൈവിട്ട് പോവാൻ തുടങ്ങിയിരിക്കുന്നു. താൻ അവളിലേക്ക് ചുരുങ്ങിപോയോ! . താനറിയാതെ കണ്ണുകൾ എപ്പോഴും ആ വീടിൻ മുറ്റത്തു, ബാൽക്കണിയിൽ ഒക്കെ പരതാൻ തുടങ്ങി.

എന്തോ, രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉണർന്നു പോകുന്നു. വെറുതെ എണീറ്റ് ടെറസ്സിലേക്ക് നടന്നു.
അവിടെ അതേ സമയത്ത് തന്നെ അവളും. ഈ നേരത്തും ഉണർന്നിരിക്കുന്നല്ലോ. എന്നെ കണ്ടതും പരൽമീൻ പിടയണപോലെ ഓടിമറഞ്ഞു.

പിന്നെ അനക്കങ്ങൾ ഒന്നും ഇല്ല. രണ്ട് ദിവസം ഫോൺ നിശ്ശബ്ദമായിരുന്നു, ആകെ ഒരു വല്ലായ്മ ഫോൺ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു ചുരുണ്ടുകൂടി കിടന്നു.ഒരു വേദന ഹൃദയഭാരം കൂട്ടികൊണ്ടിരുന്നു.

എന്തെങ്കിലും ഒക്കെ ഏതോ സമയങ്ങളിൽ കഴിച്ചെന്നു വരുത്തി, പതിവ് ജോഗിങ് മുടങ്ങി.മൂന്നാം ദിവസം രാവിലെ, മെസ്സേജ് വന്നു. ചാടി എടുത്തു.

"അച്ഛൻ വന്നു കൊണ്ടുപോയതാ,
"പെണ്ണ് കാണാൻ, ചെറുക്കൻ തെങ്ങുകേറ്റക്കാരനാ, അതൊന്നും സാരല്യ,പക്ഷെ അയാൾ കുടിക്കും. എനിക്കിഷ്ട്ടല്ല കുടിക്കണോരെ. അച്ഛൻ കുടിച്ചിട്ടേയ് അമ്മയെ തല്ലും, എനിക്ക് പേടിയാ, അവരുടെ കൂടെ നിൽക്കാതെ ഈ കൊച്ചമ്മേടെ കൂടെ നിൽക്കണതാ ഇഷ്ട്ടം".
അങ്ങനെ പോകുന്നു മെസ്സേജുകൾ. കേട്ടപ്പോൾ വിഷമം തോന്നി.

പിന്നെ ഒരു ചോദ്യം, "ചേട്ടൻ കുടിക്കോ"?
പണ്ട് പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ കൂട്ടുകാർ നിർബന്ധിച്ചു കുടിപ്പിച്ച് ശർദിച്ചു അവശനായേ പിന്നെ ആ സാഹസത്തിനു മുതിർന്നിട്ടില്ലായിരുന്നു.

വേഗം തന്നെ മറുപടി കൊടുത്തു. "ഇല്ല ". രണ്ടു ദിവസം മെസ്സേജ് ഒന്നും കാണാതിരുന്നതിന്റെ എല്ലാ വേദനയും ആ ഇല്ലായിൽ കോരിയൊഴിച്ചിരുന്നു.

അത് മനസ്സിലാക്കിയ പോലെ അടുത്ത മെസ്സേജ്.

"ഫോൺ കൊച്ചമ്മേടെ ആണ്, ഞാൻ വീട്ടിൽ പോകുമ്പോൾ ഇവിടെ വെച്ചിട്ട് പോകും".

അന്നു നന്നായുറങ്ങി.

തനിക്കു ഒരു പുതുജീവൻ വന്നപ്പോലെ, ജീവിതത്തിനു അര്ഥമുണ്ടെന്നൊരു തോന്നൽ. താൻ തിരഞ്ഞിരുന്നതെന്തോ കണ്ടുകിട്ടിയ പോലെ.എന്തു തീരുമാനവും എനിക്ക് എടുക്കാം വന്നിട്ട് അഞ്ച് മാസം കഴിഞ്ഞു. കുറെ പെണ്കുട്ടികളെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി കാണാൻ പോയിട്ടുണ്ടെങ്കിലും ആരെയും ജീവിതത്തിലേക്ക് കൂട്ടാൻ തോന്നിയിരുന്നില്ല. പക്ഷെ ഈ കുട്ടിയോട് എന്തോ ഒരു അടുപ്പം.

അവളോട് ഇഷ്ട്ടം പറയണം.തന്റെ മനസ്സ് അവളോടുള്ള പ്രണയത്തിൽ ഒരു മേഘ്‌തുണ്ട് പോലെ ഒഴുകിനടക്കാൻ തുടങ്ങിയിരിക്കുന്നു.

ഒന്നും കൂടെ ദുബായിൽ പോയി തിരിച്ചുപോയി വരുന്നത് വരെ അവിടെ തന്നെ തുടരാൻ പറയണം.സമാധാനമായി കിടന്നുറങ്ങി.

അന്ന് കുറെ വൈകിയാണ് എഴുന്നേറ്റത്,.പതിവുപോലെ എഴുന്നേറ്റ ഉടനെ ഫോൺ നോക്കി .ഒരനക്കവും ഇല്ല. മനസ്സ് പെരുമ്പറ കൊട്ടാൻ തുടങ്ങി. ടെറസ്സിൽ പോയി നോക്കി. ആരെയും കണ്ടില്ല.

അവിടത്തെ കുടവയറൻ കാർന്നോർ ജോഗിനിറങ്ങിയപ്പോൾ പിന്നാലെ പിടിച്ചു.

എന്നെ കണ്ടതും അയാൾ ഉച്ചത്തിൽ ചോദിച്ചു, " ഇയാളെന്നാ തിരിച്ച് പോകുന്നത്‌"?

" വിമാനം ഇല്ലല്ലോ ചേട്ടാ, എന്തു പറ്റി?"

"നല്ലൊരു വേലക്കാരിപെണ്ണിനെ അവൾ ഇന്നലെ അടിച്ചു പരുവമാക്കി, രാത്രിയിൽ എണീറ്റുനടന്നു തന്റെ വീട്ടിലേക്ക് നോക്കി നിന്നൂന്നു പറഞ്ഞിട്ട് .അതിരാവിലെ അതിന്റെ വീട്ടിൽ കൊണ്ടു വിട്ടു, താൻ തിരിച്ചുപോയിട്ടെ ഇനി അവളെ തിരിച്ചെടുക്കു." മനസ്സിൽ ഒരു കാളൽ പോലെ.

അറിയാത്തപോലെ ചോദിച്ചു. "അവളെവിടെയുള്ളതാണ്?"

ചോദിക്കേണ്ട താമസം നാടും വീടും എല്ലാം പറഞ്ഞു തന്നു. നേരം കളയാതെ ഒന്നുരണ്ട് സുഹൃത്തുക്കളെ വിളിച്ചു വിവരങ്ങൾ പറഞ്ഞു. എല്ലാ ഒരുക്കങ്ങളും ചെയ്തുവെക്കാമെന്നവർ ഉറപ്പു നൽകി.

സുഹൃത്തുക്കളുടെ കാര്യത്തിൽ എന്നേക്കാൾ ഭാഗ്യമുള്ളവർ ആരാണ്? തനിക്കൊരു കുടുംബജീവിതം ഉണ്ടായി കാണാൻ എന്നേക്കാൾ ആഗ്രഹിക്കുന്നവരും അതിനായി പ്രയത്നിക്കുന്നവരും ആണ് അവർ.

വണ്ടി അവളുടെ വീടിനോടു ചേർത്ത് നിർത്തി, മുറ്റത്തേക്കിറങ്ങി.

"ആരാടോ താൻ.? ആ പെണ്ണ്‌ ജോലി ചെയ്തിട്ട് വേണം ഞങ്ങൾക്ക് കഴിയാൻ, ഓരോന്നു ഇറങ്ങിക്കോളും പെണ്കുട്ടികളെ വഴിതെറ്റിക്കാൻ".അച്ഛനാണെന്നു തോന്നുന്നു, തന്നെ കണ്ടതും ആക്രോശിക്കാൻ തുടങ്ങി. ചോദ്യം അവഗണിച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു.

വാതിലിന്റെ പുറകിൽ നിന്നു താനിന്നുവരെ വ്യക്തമായി കാണാത്ത ആ മുഖം. സുന്ദരികുട്ടിയാണല്ലോ! പാവം,അടികൊണ്ടു തിണർത്ത് കിടക്കുന്ന കൈകൾ.,കരഞ്ഞു തടിച്ച കണ്ണുകൾ, എന്നെ കണ്ടതോടെ സങ്കടം അണപൊട്ടിയൊഴുകാൻ തുടങ്ങി.അടക്കി പിടിച്ച പ്രണയകടൽ പോലെ.

വരുന്നോ എന്ന തന്റെ ചോദ്യത്തിന് പതിവിലുമധികം പൗരുഷ്യം ഉണ്ടായിരുന്നു.അവൾ തിരിഞ്ഞ് അമ്മയെ നോക്കി. ആ പാവം മൗന സമ്മതം നൽകിയതോടെ മെലിഞ്ഞു നീണ്ട കൈകൾ എന്റെ നേരെ നീണ്ടു, ആ കൈവിലുകൾ തന്റെ കയ്യിൽ ഒതുക്കിപിടിച്ചു. ധൈര്യപൂർവം കാറിനടുത്തേക്ക് നടന്നു.

അടുത്ത തുണിക്കടയിൽ നിന്നു കുറച്ചു തുണിത്തരങ്ങൾ വാങ്ങി, നേരെ റെജിസ്ട്രർ ഓഫീസിലേക്ക്. അവിടെ എല്ലാവരും തങ്ങളെ സ്വീകരിക്കാൻ റെഡിയായിരുന്നു, റെജിസ്റ്റർ ഒപ്പിട്ടു താലി കെട്ടി, തുളസിമാലയും അണിയിച്ചു അവളെ, കൂടെ കൂട്ടി, തന്റെ ജീവിത സഖിയായിട്ട്. ശുഭം .


Written by Famitha Wahid

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot