മഴയുടെ വരവറിയിച്ച മിഥുനമാസപെയ്ത്തിന്റെ ഇടവേളകളിലൊന്നില്‍ നിലാവിന്റെ കൈകള്‍ പുണ്യാളന്‍ കുന്നിനെ, പരിരംഭണം ചെയ്തൊരു രാവായിരുന്നു അത്.
പാതി തുറന്നു കിടന്ന ജനലിലൂടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന നക്ഷത്രത്തെ നോക്കികൊണ്ട് അലന്‍ പതിയെ വിളിച്ചു.
''അമ്മാമ്മേ....'' ''
''ന്താടാ നീ ഉറങ്ങീലേ....? ''
''ഇല്ല, ഉറക്കം വരണില്ല അമ്മാമ്മ ഒരു കഥ പറയാമോ...? ''
പപ്പയേയും,മമ്മിയേക്കാളും അലന് അവന്റെ അമ്മാമ്മയേയാണ് കൂടുതല്‍ ഇഷ്ടം.
'' ഏതു കഥയാണ് മോനു വേണ്ടത് ''
'' പുണ്യാളന്റെയും വ്യാളിയുടേയും കഥ...''
''അത് അമ്മാമ്മ ഒത്തിരി തവണ പറഞ്ഞതല്ലേ ....? ''
''സാരമില്ല ....അതു തന്നെ മതി....'' അലന്‍ അമ്മാമ്മയുടെ വയറിലൂടെ കൈചുറ്റി തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.
''ആ......എന്നാ കേട്ടോ....,
കൊറേ, കൊറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് , അങ്ങു ദൂരെ ഏഴു കടലിനും , ഏഴു മലകള്‍ക്കും അപ്പുറം പാലസ്തീന എന്നൊരു രാജ്യമുണ്ടായിരുന്നു.''
അമ്മാമ്മ കഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അലന്‍ പതുക്കെ ഉറക്കം പിടിച്ചിരുന്നു. മൂളല്‍ കേള്‍ക്കാതായപ്പോള്‍ അവനെ ചേര്‍ത്തു പിടിച്ചു കിടന്നു, പതുക്കെ അവരും ഉറങ്ങി.
***********
''ഡാ പൗലോ നീ കേട്ടിട്ടില്ലേ ഇതു പോലൊരു രാത്രിയിലാ നമ്മടെ വല്ല്യാപ്പന്‍മാര് അങ്ങ് ഹൈറേഞ്ചില്‍ നിന്ന് ഇങ്ങോട്ട് വന്നതെന്ന്..?''
''ഒണ്ടെടാ ഉവ്വേ.......!!
അന്നീ സ്ഥലത്തിന്റെ പേര്
കടുവാകുന്നെന്നല്ലായിരുന്നോ..? ''
'' പേര് അങ്ങനെയാന്നേലും ഇവിടെ കടുവേം ,പുലീം ഒന്നുമില്ലാരുന്നല്ലോ .....!ഒള്ളതാണെങ്കില്‍ ആനയും കാട്ടുപന്നിയുമൊക്കെയല്ലായിരുന്നോ..? അതിനോടൊക്കെ പടവെട്ടി ഈ കുന്നിന്റെ അടിവാരത്ത് നമ്മുടെ അപ്പാപ്പന്‍മാരും അപ്പന്‍മാരും കൂടി ഒരു സ്വര്‍ഗ്ഗം തന്നെ ഉണ്ടാക്കിയല്ലോ...? ''
''ആരാ മത്തായിച്ചനാണോടാ..?''
''ആന്നേ....'' മത്തായിച്ചന്‍ പ്രതിവചിച്ചു.
'' നീ പറഞ്ഞത് ഒള്ളതാ മത്തായിച്ചാ,പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.., ഇപ്പോ ഒരു കുടുംബം പോലെ കഴിഞ്ഞവര്‍ തമ്മില്‍ കണ്ടാ മുഖത്ത് നോക്കൂലല്ലോ...!! പുണ്യാളന്റെ പള്ളിയുടെ പേരും പറഞ്ഞ്...''
ഒരു ചുമയുടെ ഇടവേളക്ക് ശേഷം കുഞ്ഞു വര്‍ക്കി തുടര്‍ന്നു.
അങ്ങ് സഭേടെ പൊക്കത്തിരിക്കുന്നോര്
അവരുടെ കഴപ്പ് തീര്‍ക്കാന്‍ നമ്മളെടവകക്കാരോട് ഓരോന്നിങ്ങനെ പറയും....അതും കേട്ട് ഒരുമിച്ച് നടന്നോന്‍മാര് മെത്രാനും, ബാവയും എന്നൊക്കെ പറഞ്ഞ് തല്ലുകൂടും....! ഒത്തൊരുമയോടെ പണിത , മനസമാധാനത്തോടെ പ്രാര്‍ത്ഥിക്കാന്‍ ഒത്തു കൂടിയിരുന്ന പുണ്യാളന്റെ ഈ പള്ളി കേസും കൂട്ടോമാക്കി പൂട്ടിച്ചു...''
''ഇനി എന്നാണാവോ ഇതൊന്ന് തുറന്ന് കാണുക...എല്ലാവരും പഴയപടി ആവുക...''
അതു വരെ നിശബ്ദ ശ്രോതാവായിരുന്ന കറിയാച്ചന്‍ ഒരു നെടുവീര്‍പ്പോടെ പറഞ്ഞു....!!
അവരുടെ സംഭാഷണങ്ങള്‍ക്ക് മൂകസാക്ഷിയായി ഗീവറുഗീസ് പുണ്യാളന്റെ പള്ളി , രാവ് വലിച്ചു കെട്ടിയ പന്തല്‍ പോലുള്ള നിലാവില്‍ കുളിച്ചങ്ങനെ നിന്നു.....
കറിയാച്ചനും, കുഞ്ഞുവര്‍ക്കിയും, മത്തായിച്ചനും പൗലൊയുമൊക്കെ അവരുടെ പഴയ തലമുറയുടെ കാര്യങ്ങളും കൊച്ച് വര്‍ത്തമാനവുമായൊക്കെ ചിലപ്പോളിങ്ങനെ ഒത്തു കൂടും, അവരവരുടെ കല്ലറക്കു മുകളില്‍ ...!! ജീവിച്ചിരുന്ന കാലത്തെ സന്തോഷങ്ങളും ആശങ്കകളും പങ്കുവെച്ചങ്ങനെ, രാവ് മുഴുവന്‍ ..!!
അവിടം തഴുകി പോയൊരു കാറ്റ്
ആ സിമിത്തേരിയില്‍ വൈകിട്ട് ആരോ കത്തിച്ച് വെച്ച മെഴുതിരി നാളത്തിന്റെ അവസാന ശ്വാസത്തേയും പതിയെ ഊതികെടുത്തി...!!
***********
പുണ്യാളന്‍കുന്നിലെ പള്ളിക്കും സിമിത്തേരിക്കും സമീപത്തായുള്ള കടത്തിണ്ണയില്‍ ആ ഭ്രാന്തന്‍ വന്ന് താമസമാക്കുന്നത് പള്ളി, സഭാതര്‍ക്കത്തിന്റെ പേരില്‍ കോടതിവിധിയുടെ ഫലമായി പൂട്ടിയതിന്റെ പിറ്റേന്ന് മുതലാണ്....!
പകല്‍ മുഴുവന്‍ അയാള്‍ പുണ്യാളന്‍ കുന്നിലും , അടിവാരത്തും അലഞ്ഞ് നടക്കും. ആരെങ്കിലും ഭക്ഷണം കൊടുത്താല്‍ കഴിക്കും. അല്ലെങ്കില്‍ പട്ടിണി കിടക്കും. ചിലപ്പോള്‍ തന്നെത്താന്‍ എന്തൊക്കെയോ സംസാരിക്കും...!!
''കടലിന്റെ നിറമെന്താണ്..?
''നീല'' ........!!
''ആകാശത്തിന്റെയോ''....?
''അതും നീല''....!!
''അപ്പോ സ്നേഹത്തിന്റെ നിറമോ...? ''
''അതു ചുവപ്പ് ....! അപ്പോള്‍
പകയുടെ നിറമോ...?
അതും ചുവപ്പ് ......ചോരയുടെ ചുവപ്പ്....!!
രാവിന്റെ നിശബ്ദതയില്‍ അയാളുടെ പിറുപിറുക്കലുകള്‍ അങ്ങനെ തുടര്‍ന്നു. തോളൊപ്പം വളര്‍ന്ന ചെമ്പന്‍ മുടിയില്‍ ഇടക്കിടെ കൈകൊണ്ട് തലോടി. ഇടക്കെപ്പോഴോ , കാലിന്റെ പെരുവിരലില്‍ രക്തം കുടിച്ചു കൊണ്ടിരുന്ന കൊതുകിനെ അനുകമ്പയോടെ നോക്കി.
എന്നിട്ട് വിദൂരതയിലേക്ക് മിഴിനട്ട് നിശബ്ദം ചിരിച്ചു.
*************
ജനലില്‍ കൂടി സൂര്യ രശ്മികള്‍ കണ്ണിലടിച്ചപ്പോഴാണ് അലന്‍ കണ്ണു തുറന്നത്. പതിയെ എണീറ്റ് കണ്ണും തിരുമി അവന്‍ വരാന്തയില്‍ പത്രം വായിക്കുകയായിരുന്ന വല്ല്യപ്പച്ചനരികില്‍ ചെന്നു നിന്നു. വല്ല്യപ്പച്ചനും പപ്പയും കാര്യമായ എന്തോ ചര്‍ച്ചയിലാണ്. അവരുടെ സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലായി പള്ളിതുറക്കുന്ന കാര്യത്തെ പറ്റിയാണെന്ന്. അപ്പോഴാണ് അവനും ഓര്‍ത്തത് ഇന്നാണല്ലോ വിധി വരുന്ന ദിവസമെന്ന്.
പുണ്യാളച്ചന്റെ ആ പള്ളി കുറച്ച് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്നു. അലനും അവന്റെ കുടുംബാംഗങ്ങളും , പുണ്യാളന്‍ കുന്നിന്റെ താഴ്വരയിലെ മറ്റുള്ള ക്രൈസ്തവ വിശ്വാസികളും പുഴയോരത്ത് പണികഴിപ്പിച്ച പുതിയ പള്ളിയിലാണിപ്പോ പോകാറുള്ളത്.
''ഇന്ന് പതിനൊന്നു മണിക്കല്ലേ കൊടതി വിധി പറയുന്നത്'' വല്ല്യപ്പച്ചന്‍ പപ്പയോട് ചോദിക്കുന്ന കേട്ടു.
''വിധി നമ്മുടെ കൂട്ടര്‍ക്കു തന്നെ ആവാതെ എവിടെ പോവാനാ..?'' അവന്‍മാരുടെ അഹങ്കാരം ഇന്നത്തോടെ തീരണം..''
പപ്പ ആത്മവിശ്വാസത്തോടെ പറയുന്നത് അലന്‍ കേട്ടു നിന്നു.
പള്ളി തുറന്നാലും ഇല്ലെങ്കിലും പപ്പയും , വെല്ല്യപ്പച്ചനും ഹന്നയുടെ പപ്പയോട് വഴക്കൊന്നും കൂടരുതെന്നാണ് അലന്‍ മനസ്സിലോര്‍ത്തത്. ഹന്ന അവന്റെ കൂട്ടുകാരിയാണ്.
സ്ക്കൂളില്‍ അവര്‍ ഒരു ക്ലാസ്സിലാണെങ്കിലും വീടിനടുത്തു വെച്ച് കണ്ടാല്‍ മിണ്ടുന്നത് അലന്റെ പപ്പക്ക് ഇഷ്ടമല്ല. അവര് മറ്റേ സഭക്കാരാണത്രേ..!! നമ്മുടെ കൂട്ടക്കാരുടെ ശത്രുക്കള്‍. പക്ഷെ അവനത് കേള്‍ക്കുമ്പോള്‍ സങ്കടം വരും. അതു കൊണ്ട് തന്നെയാണ് ഈ പള്ളിയുടെ പേരിലുള്ള തര്‍ക്കം ഒന്ന് തീര്‍ന്നിരുന്നെങ്കിലെന്ന് അലന്‍ കരുതുന്നത്.
വല്ല്യപ്പച്ചനും , പപ്പയും പള്ളിയില്‍ പോകാനിറങ്ങിയപ്പോ ഞാനും വരട്ടേയെന്ന് ചോദിച്ച് അലനും കൂടെയിറങ്ങി. പക്ഷെ അമ്മാമ്മയും , മമ്മിയും അവനെ തടഞ്ഞു.
അതിലവന് ചെറിയ പരിഭവം തോന്നിയെങ്കിലും അടുത്ത വീട്ടിലെ ടോണി കളിക്കാന്‍ വന്നപ്പോള്‍ അവന്റെ കൂടെ മുറ്റത്തേക്കിറങ്ങി.
മമ്മിയും അമ്മാമ്മയും ടെലിവിഷനു മുന്‍പിലായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മിയുടേയും , അമ്മാമ്മയുടേയും ആധിയോടെയുള്ള സംസാരം കേട്ടപ്പോഴാണ് അവന്‍ വീട്ടിലേക്ക് കേറി ചെന്നത്. അവരുടെ സംസാരത്തില്‍ നിന്നും പള്ളി തര്‍ക്കത്തില്‍ വിധി പറയുന്നത് നീട്ടി വെച്ചെങ്കിലും അവിടെ കൂടിയ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള വാക്കു തര്‍ക്കം വലിയൊരു സംഘര്‍ഷത്തിലേക്ക് വഴി വെച്ചെന്നുള്ള വിവരം ടെലിവിഷനിലെ തത്സമയ വാര്‍ത്തയില്‍ കൂടി അറിഞ്ഞതാണെന്ന് മനസ്സിലായി.
മമ്മി പപ്പയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും അത് ഓഫായിരുന്നു. അലന്റെ മനസ്സിലും ഒരു ഭയം ഇരച്ചു കയറി. അമ്മാമ്മ കൈയിലുള്ള ജപമാലയില്‍ തെരു പിടിപ്പിച്ചു കൊണ്ട് കണ്ണടച്ചിരുന്നു. ആ ചുണ്ടുകള്‍ പതിയെ മന്ത്രിക്കുന്നത് അലന്‍ നോക്കിയിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ പപ്പയും വല്ല്യപ്പച്ചനും വന്നു. അവിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കുറേ പേര്‍ക്ക് പരിക്കു പറ്റിയെന്നും ആശുപത്രിയില്‍ കൊണ്ടു പോയെന്നും അവര്‍ പറഞ്ഞു.
പള്ളിയുടെ മുന്‍പില്‍ കാണാറുള്ള ആ ഭ്രാന്തനും ഗുരുതരമായ പരിക്കുണ്ട്. ആരോ എറിഞ്ഞ കല്ല് കൊണ്ടതാണ്. ആശുപത്രിയിലേക്ക് അയാളേയും കൊണ്ടു പോയിട്ടുണ്ടെന്നും പപ്പ പറയുന്നത് അലന്‍ കേട്ടു.
പള്ളിയില്‍ പോകുമ്പോഴും മറ്റും ഇടക്കിടെ അയാളെ കാണാറുള്ളത് അലനോര്‍ത്തു. അവന്‍ അയാളെ നോക്കുമ്പോഴെല്ലാം നേര്‍ത്തൊരു പുഞ്ചിരി അയാളുടെ ചുണ്ടില്‍ കാണാറുള്ളത് മങ്ങിയ ഒരു കാഴ്ച്ച പോലെ അലന്‍ ഓര്‍ത്തെടുത്തു.
'' യഥാര്‍ത്ഥത്തില്‍ ഭ്രാന്ത് അയാള്‍ക്കല്ല....., അങ്ങനെ കരുതുന്ന ലോകത്തിനാണെന്ന്'' ഒരിക്കല്‍ അമ്മാമ്മ പറഞ്ഞത് അലന്‍ ഓര്‍മ്മ വന്നു. അതിന്റെ അര്‍ത്ഥം അലന് ശരിക്കും മനസ്സിലായില്ലാരുന്നു.
അന്ന് ഉച്ച തിരിഞ്ഞ് ആരംഭിച്ച മഴ പതുക്കെ പതുക്കെ ശക്തി പ്രാപിച്ചു. പിറ്റേന്ന് രാവിലെ ആയിട്ടും മഴക്ക് വലിയ ശമനമുണ്ടായില്ലാ..കുറച്ചു ദൂരത്തായി ഉരുള്‍ പൊട്ടലുണ്ടായെന്നു കേട്ടപ്പോള്‍ അലന് ഹന്നയെ ഓര്‍മ്മ വന്നു. അവിടെ മലയടിവാരത്തില്‍ ആണല്ലോ അവളുടെ വീട്.
ആരോടോ വാശി തീര്‍ക്കാനെന്ന മട്ടില്‍ നിര്‍ത്താതെ പെയ്യുന്ന മഴ പുണ്യാളന്‍കുന്നുകാര്‍ അന്നുവരെ കാണാത്ത പോലെയുള്ളതായിരുന്നു. പള്ളിതര്‍ക്കത്തിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ പുണ്യാളന്‍ കോപിച്ചിട്ടാണ് ഇങ്ങനെയെന്ന് പ്രായം ചെന്നവര്‍ പറഞ്ഞപ്പോള്‍ അവിടുത്തെ പുതുതലമുറ അത് പുച്ഛിച്ചു തള്ളി.
ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന കൊണ്ട് അതില്‍ പെട്ടു പോകാനിടയുള്ള വീടുകളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ളൊരു ശ്രമം നാട്ടിലെ ചിലരെല്ലാം ചേര്‍ന്ന് തുടങ്ങി. പക്ഷെ സുരക്ഷിതമായ മറ്റൊരിടം ഏതെന്ന ചിന്ത എങ്ങുമെത്താതെ പോയി. ഒടുവില്‍ ഒരു വിഭാഗം ആളുകളുടെ നിര്‍ദ്ദേശപ്രകാരം പള്ളി തുറന്ന് അപകടഭീഷണി നില നില്‍ക്കുന്ന കുടുംബങ്ങളെ അങ്ങോട്ട് മാറ്റിപാര്‍പ്പിക്കാമെന്ന് തീരുമാനിച്ചു.
എതിര്‍കക്ഷിക്കാരും അതിനെ അനുകൂലിച്ചതോടെ അധികാരികളുടെ സമ്മതത്തോടെ പള്ളി തുറന്നു. അങ്ങനെ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം പുണ്യാളന്റെ പള്ളി തുറന്നു. ആരാധനക്കായിട്ടല്ലെങ്കിലും...!!
നില്‍ക്കാതെ പെയ്ത മഴ നാലാം നാള്‍ രാവിലെ മുതലാണ് തോര്‍ന്നു തുടങ്ങിയത്.
കരുതിയതു പോലെ
അനിഷ്ഠ സംഭവങ്ങളൊന്നും ഉണ്ടാവാത്തതിനാല്‍ പള്ളിയില്‍ പാര്‍പ്പിച്ചിരുന്ന കുടുംബങ്ങള്‍ തിരികെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി.
ദിവസങ്ങളും , ആഴ്ച്ചകളും , മാസങ്ങളും കടന്നു പോയി. വീണ്ടും പള്ളിതര്‍ക്കത്തിന്റെ വിധി പറയുന്ന ദിവസമായി. വിധി അലന്റെ പപ്പയുള്‍പ്പെടുന്ന കക്ഷികാര്‍ക്ക് അനുകൂലമായാണ് വിധിച്ചത്. ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കാന്‍ പപ്പയോടൊപ്പം അലനും പോയിരുന്നു.
വിധി അനുകൂലമായവരുടെ സന്തോഷപ്രകടനങ്ങള്‍ ഒരു ആഘോഷമായി കടന്നു പോകുമ്പോള്‍ വഴിയോരത്ത് തോല്‍വിയില്‍ നിരാശപൂണ്ട എതിര്‍ കക്ഷിക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അലന്‍ അവരുടെ മുഖങ്ങളിലേക്ക് നോക്കി. അവിടെ ദേഷ്യത്തിന്റെ കടലിരമ്പം കാണാമായിരുന്നു. പെട്ടന്നാണ് ആഹ്ലാദപ്രകടനത്തിനു നേരേ ആക്രമണമുണ്ടായത്. അവിടെ വഴിയോരത്ത് നിന്നവരില്‍ ആരോ ഒരു കല്ലെറിഞ്ഞതും അതൊരു സംഘര്‍ഷത്തിന് വഴിയൊരുക്കി....!!
ആളുകള്‍ ചിതറിയോടി പുണ്യാളന്‍ കുന്ന് വീണ്ടും, ചോരയുടെ രുചിയറിഞ്ഞു. പപ്പയുടെ കൈ പിടിച്ച് അലന്‍ ഓടുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ അയാളെ കണ്ടു. ഉറക്കെ ചിരിച്ചു കൊണ്ട് തമ്മില്‍ തല്ലുന്ന ആളുകളെ പുച്ഛത്തോടെ നോക്കുന്ന ആ ഭ്രാന്തനെ.....!!
''കടലിന്റെ നിറമെന്താണ്...? ''
'' നീല ''
''ആകാശത്തിന്റെയോ..? ''
''അതും നീല''
''അപ്പോ സ്നേഹത്തിന്റെ നിറമോ ..?''
''അതു ചുവപ്പ് ''
''അപ്പോള്‍ പകയുടെ നിറമോ..? ''
''അതും ചുവപ്പ്, ചോരയുടെ ചുവപ്പ്........!!''
(അവസാനിച്ചു)
Written by- Sarath Mangalath
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക