Slider

ഗ്ലോറിയാ ഫെർണാണ്ടസ് ഫ്രം U .S .A (കഥ)

0


കഥയുടെ തലക്കെട്ട് സൂചിപ്പിക്കും പോലെ ഈ കഥയിലെ നായികയുടെ പേര് ഗ്ലോറിയയെന്നോ, അവളുടെ അച്ഛന്റെ പേര് ഫെർണാണ്ടസെന്നോ അവളുടെ സ്വദേശം USA യോ ആയിരുന്നില്ല...! പക്ഷെ നമ്മുടെ നായികയുടെ പത്രാസിനും, ജാടക്കും
അത്ര തന്നെ വെയിറ്റുള്ള ഒരു പേര് ഈ കഥക്ക് വേണ്ടതിനാലാണ്, ഇതിന്റെ പേര് ഗ്ലോറിയാ ഫെർണാണ്ടസ് ഫ്രം US A എന്നാക്കിയത്...!

അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട ബോംബെ (ഇന്നത്തെ മുംബൈ)യിലുള്ള ഗിരി ചിറ്റപ്പന്റ മകൾ ചാന്ദിനിയാണ് ഈ കഥയിലെ നമ്മുടെ നായിക...

അക്കൊല്ലത്തെ എന്റെ ഒൻപതാം ക്ലാസ് പരീക്ഷ കഴിഞ്ഞ് മധ്യവേനലവധിക്ക് സ്കൂ ൾ പൂട്ടിയപ്പോൾ, ഞങ്ങൾക്ക് കുറെ ദിവസത്തേക്ക് രണ്ട് അതിഥികൾ കൂടി ഉണ്ടായിരുന്നു...ബോംബെയിൽ നിന്നും വന്ന ഗിരിചിറ്റപ്പന്റെ ഭാര്യ പത്മിനി ആൻറിയും മകൾ ചാന്ദ്നി ഗിരിധറും.

ആന്റിയുടെ വീട്ടു കാരെല്ലാം പണ്ട് മുതലേ ബോംബെ മലയാളികൾ ആയിരുന്നു... അതിനാൽ തന്നെ അവർക്ക് നാടു മായിട്ടുള്ള ബന്ധം വളരെ കുറവാണ്... ഈ കാലത്തിനിടക്ക് ചിറ്റപ്പനോടൊപ്പം ഒന്ന് രണ്ട് തവണ നാട്ടിൽ വന്നു പോയിട്ടുള്ളതല്ലാതെ... വാക്കിലും, നോക്കിലും തനി ഹിന്ദിക്കാരി ആയ ആന്റി...ഒരു പച്ചപ്പരിഷകാരിയും, പൊങ്ങച്ചക്കാരിയുമായിരുന്നു. മകളുടെ കാര്യവും അമ്മയുടേതിൽ നിന്നും ഒട്ടും വ്യത്യസ്തമാകാൻ സാധ്യയൊന്നുമില്ലായിരുന്നു.... ഒരു വട്ടം ചോറൂണിന് മാത്രം " ഗുരുവായൂ"രെത്തിയ അവളെ പിന്നീട്ഞങ്ങൾ കാണുന്നത് ഇപ്പോഴാണ്.

കുടുംബത്തിൽ നടക്കുന്ന പല അനർത്ഥങ്ങൾക്കും കാരണം, കുടുംബക്ഷേത്രത്തിലെ ഉത്സവം മുടങ്ങിയതിനാലാണെന്നും, ഇക്കൊല്ലം തൊട്ട് അത് മുടക്കം വരാതെ നടത്തണമെന്നും, അതിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും, പ്രശ്നവിധിയിൽ കണ്ടത്, കൊണ്ട് ആ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുംബെയിൽ നിന്നും ആ,അവധിക്കാലത്ത് അവർനാട്ടിലെത്തുന്നത്.

***************************

അവധിക്ക് സ്കൂൾ പൂട്ടിയിരുന്നതിനാൽ പള്ളിയുറക്കം കഴിഞ്ഞ് ഞാൻ എഴുനേൽക്കുമ്പോഴെക്കും...സൂര്യൻ കിഴക്ക് ഉദിച്ച്, പല്ല് തേപ്പും, കുളിയും കഴിഞ്ഞ്, പത്ര വായനക്കും ,പതിവ് കാപ്പിക്കും ശേഷം മാർക്കറ്റിൽ പോയി മീൻ വാങ്ങി വന്നിട്ടുണ്ടാവും.... ഊണു കഴിഞ്ഞാൽ "നിറപറ "യുടെ രസം നിർബന്ധമാണെന്ന് പറയും പോലെ...ഉണർന്ന് കഴിഞ്ഞാൽ തെക്കേ പുറത്തെ മുറ്റത്തെ മാവിന്റെ ചുവട്ടിലുള്ള "ജലസേചനം" എനിക്ക് നിർബന്ധമാണ്.ഇതിന്റെ പേരിൽ അമ്മയുടെ പക്കൽ നിന്നും കണ്ണ് പൊട്ടുന്ന ചീത്ത വിളി പതിവാണെങ്കിലും, ആ കാര്യം ഏഷ്യാനെറ്റിന്റെ പരസ്യം പോലെ... നേരോടെ, നിർഭയം, നിരന്തരം ഞാൻ നടത്തി പോന്നു...!

അന്നത്തെ പതിവ് ജലസേചനത്തിൽ ഞാനങ്ങനെ രസം പിടിച്ചു നിൽക്കുമ്പോൾ പിന്നിൽ നിന്നൊരു ശബ്ദം...

" ഉല്ലൂ കെ പട്ടാ ജാൻവർ കീ തരഹ് പബ്ലിക് പ്ലേസ് മേം പിസ് കർ രഹാ ഹേ ഹൊ ഹൗ ഹ ."

രാഷ്ട്ര ഭാഷ ഹിന്ദിയിൽ പണ്ടേ ദുർബലനായതിനാൽ ആദ്യം പറഞ്ഞ ഉല്ലൂ കെ പട്ടാ ,ജാൻവർ ഇതൊന്നും എനിക്ക് മനസ്സിലായില്ല ,പക്ഷെ "പിസ്" അതെന്നെ തന്നെ ഉദ്ദേശിച്ചാണെന്നും ,എന്നെ മാത്രം ഉദ്ദേശിച്ചാണെന്നും എനിക്ക് മനസ്സിലായി. പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന ജലധാരാ യന്ത്രം ഓഫ് ചെയ്ത് ഞാൻ പിന്തിരിഞ്ഞ് നോക്കിയപ്പോൾ

മടമ്പ് പൊന്തിയ ചെരിപ്പും സ്ലീവ് ലെസ് സൽവാറും ചായം തേച്ച ചുണ്ടും ഉയർത്തി കെട്ടിയ മുടിയുമൊക്കെയായി അതാ ഒരു "കരീനാ കപൂർ ".......നമ്മുടെ കഥാനായിക.
ചാന്ദിനീ ഗിരിധർ.

ചേട്ടന്റെ "കുൽസിത "പ്രവൃത്തിയിൽ അപമാനിതയായി കുനിഞ്ഞ മുഖത്തോടെ നിൽക്കുന്ന എന്റെ അനുജത്തിക്കൊപ്പം അവൾ അങ്ങനെ നിൽക്കുകയാണ്. അവർ പുറം കാഴ്ചകൾ കണ്ട് വീടിന്റെ പിന്നിലൂടെ തെക്കേ മുറ്റത്ത് എത്തിയപ്പോഴാണ് അബദ്ധത്തിൽ എന്റെ കാർഷികവൃത്തി കാണാനിടയായത്.

മഞ്ചു, ചിഞ്ചു, ചിന്നു പോലെയുള്ള ലോക്കൽ ബ്യൂട്ടികളെ മാത്രം കണ്ട് തഴമ്പിച്ച ഈ യുള്ളവന്റെ നെഞ്ചിൽ ആ നിമിഷം തന്നെ കുച് കുച് ഹോതാ ഹെ സംഭവിച്ച് മനസ്സിന് പ്രാന്തായി! (ദിൽ തൊ പാഗൽ ഹെ).

രാവിലെ തന്നെ വീട്ടിലെത്തിയ അവർ ഞാനുണരാൻ താമസിച്ച കാരണം കാപ്പി കഴിക്കാതെ എന്നെ കാത്തിരിക്കുകയായിരുന്നു. കെ.പി നമ്പൂതിരിയെ രണ്ട് വട്ടം പല്ലിലിട്ടുരച്ച് തിടുക്കത്തിൽ ഞാൻ ഊണു മേശക്കരുകിലേക്ക് ചെന്നു. എന്നെ കണ്ടതും അമ്മയെ നോക്കി പത്മിനി ആന്റി മൊഴിഞ്ഞു. "ബേട്ടാ ബിൽ കുൽ തേരാ ജേ സാ."അമ്മ കരുതിയത് ഞാൻ അൽ കുൽത്ത് കമ്പനിയുമായി ഉഴപ്പി നടക്കുന്ന കാര്യം അവർ എങ്ങനെയോ അറിഞ്ഞു എന്നാണ്. ഇതിന് മറുപടിയായി അമ്മ നല്ല "അടീ കാ കുറവ് ഹെ "എന്ന് ഹിലിയാളത്തിൽ (ഹിന്ദി + മലയാളം)പറഞ്ഞത് ആന്റിക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു 'സാരിയും, സ്ലീവ് ലെസ് ബ്ലൗസും, കൂളിം ഗ്ലാസ് കണ്ണടയും ധരിച്ച ആന്റിയെ കണ്ടപ്പോൾ എനിക്ക് മുൻ കേരളാ ഗവർണർ രാം ദുലാരി സിൻഹയെ ഓർമ്മ വന്നു. അവർക്കൊക്കെ ചപ്പാത്തിയും കിഴങ്ങുകറിയും വിളമ്പിയപ്പോൾ എനിക്ക് പതിവ് പഴങ്കഞ്ഞിയിൽ മോരൊഴിച്ചത് തന്ന് അവിടെയും അമ്മ എന്റെ മാർക്കറ്റിടിച്ചു.

അപ്പോഴും എന്റെ കണ്ണ് കരിഷ്മാ കപൂറിലായിരുന്നു.അത് മനസ്സിലാക്കിയാട്ടോ എന്തോ എന്റെ പെങ്ങൾ ,കാൽച്ചവട്ടിലിരുന്നു കരഞ്ഞ പൂച്ചക്കിട്ട് "ആഞ്ഞൊരു തൊഴി"കൊടുത്ത് ഇതിനെ കൊണ്ട് വല്യ ശല്യമായല്ലോ എന്ന് പറഞ്ഞു.

പിന്നീടുള്ള പത്ത് പതിനഞ്ച് ദിവസങ്ങൾ സംഭവ ബഹുലമായിരുന്നു.

എങ്ങനെയെങ്കിലും അവളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതിന് വേണ്ടി കായികപരമായ കഴിവുകൾ ഞാൻ പുറത്തെടുത്തുവെങ്കിലും അതെല്ലാം അമ്പേപരാജയമായിരുന്നൂ .അവളുടെ മുൻപിൽ വെച്ച് നടന്ന സൈക്കിൾ സവാരിയിൽ ഈ അദ്യാസി "വീലിംഗ് " നടത്തിയെങ്കിലും മുന്നേ 'കുറുക്കു ചാടിയ ' നായുടെ രൂപത്തിൽ വന്ന ദുർവിധി കാൽ മുട്ടിലേയും നെഞ്ചിലേയും തൊലി അടർത്തി. പിന്നീട് നടന്ന ഊഞ്ഞാലാട്ടത്തിൽ ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ് വഴക്കത്തോടെ ഊഞ്ഞാലാടി മറ്റ് കൂട്ടുകാരേക്കാൾ ഉയരത്തിൽ ഉയർന്ന് പൊന്തിയെങ്കിലും ഉടുമുണ്ടഴിഞ്ഞ് താഴെ പോയത് വലിയ 'മാനക്കേട് "വരുത്തിവെച്ചു.

സ്ത്രീകൾ മൂലം ധന നഷ്ടവും മാനഹാനിയുമുണ്ടാകുമെന്ന് 'ആ ലക്കം മംഗളത്തിലെ വാരഫലത്തിൽ വായിച്ചെങ്കിലും, പ്രണയ സാഫല്യത്തിന് സാധ്യതയുണ്ട് എന്നെഴുതിയിരുന്നത് എന്നെ ഉന്മേഷവാനും ,ഉത്സാഹിയുമാക്കി തീർത്തു.

പക്ഷെ മുംബൈ നാട്ടിലെ ഷാരൂഖിനേയും ,ആമീറിനെയും ,സല്ലുവിനെയും ഒക്കെ കണ്ട് നടന്ന സുന്ദരി. ഈ പാവം കട്ടപ്പനയിലെ ഹൃത്വിക് റോഷനെ കണ്ട ഭാവം നടിച്ചില്ല.

പിന്നീട് നടന്നത് "കാവിലെ പാട്ട് മത്സരം പോലുള്ള കലാ പരിപാടികളായിരുന്നു, കല്യാണ രാമനിലെ ബ്രെഡ് എടുക്കാൻ മറന്ന്‌ പോയ 'ഹനുമാൻ ദിലീപിനെ , പോലെ ,ഈ "തൈപ്പറമ്പിൽ അശോകൻ "അവിടെയും പരാജിതനായി.

അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ എന്റെ സുഹൃത്ത് രാജേഷ്, അമലാ പോളിന് കൂട്ടുകാരി ചന്ദ്രിക സജസ്റ്റ് ചെയ്ത പോലെ "മുട്ടൻ രണ്ട് ഐഡിയാ "എനിക്ക് സജസ്റ്റ് ചെയ്ത് തന്നത് .

ഐഡിയാ നമ്പർ വൺ - ഹിന്ദിക്കാരി പെൺ കുട്ടികൾക്ക് മീശയില്ലാത്തവരേയാണ് ഇഷ്ടം. ഒട്ടും അമാന്തിച്ചില്ല അച്ഛന്റെ ഷേവിംഗ് സെറ്റെടുത്ത് ബ്ലേഡ് പോലും മാറ്റാതെ ,മൂക്കിന് താഴെ കിളിർത്ത് നിന്ന അഞ്ചാറ് കുറ്റി രോമങ്ങൾ മൂടോടെ മുറിച്ച് നീക്കി.

എന്റെ പുതിയ കോലം കണ്ട പെങ്ങൾ വാ പൊത്തി ചിരിച്ച് കൊണ്ട് ,അടുക്കളയിലേക്ക് ഓടി.

ഐഡിയാ നമ്പർ റ്റു - അവളെ കാണുമ്പോൾ "പ്യാർ"എന്ന വാക്കിൽ തുടങ്ങുന്ന ഹിന്ദി ഗാനം വെച്ച് കാച്ചുക, കഷ്ടകാലമെന്ന് പറയട്ടെ എന്റെ വായിൽ വന്ന പ്യാർ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം ടി.വിയിൽ തുടർച്ചയായി കാണിക്കുന്ന ഗർഭ നിരോധന ഉറയുടെ പരസ്യത്തിലെ പ്യാർ ഹുവാ എന്ന് തുടങ്ങുന്ന ഒന്നായിരുന്നു.

ഇത് കേട്ട് കൊണ്ട് വന്ന പത്മിനി ആന്റി അമ്മയുടെ ചെവിയിൽ എന്തോ കുശുകുശുത്തതും ,അമ്മയുടെ കൈയ്യിലിരുന്ന " ചട്ടുകം" വായുവിലൂടെ കറങ്ങി വന്ന് മുതുകത്ത് വീണതും ഒരുമിച്ചായിരന്നു. സീൻ ക്ലിയറായില്ലെങ്കിലും,പാട്ടിലെന്തോ ഏനക്കേടുണ്ടെന്ന് മനസ്സിലാക്കിയ ഭാഗവതർ അതോടെ പാട്ട് നിർത്തി.

അങ്ങനെയിരിക്കെ ഒരു ദിവസം ,അവൾ കോ ക്രോച്ച് ,കോ ക്രോച്ച് എന്നലറി വിളിച്ച് കൊണ്ട് ഓടി വന്നെന്നെ ഉറുമ്പടക്കം കെട്ടിപിടിച്ചു.അങ്ങനെ കുറച്ച് നേരത്തേക്ക് ഞങ്ങൾ "ടിപ് ടിപ് ബർസാ പാനി "സോംഗിയലെ അക്ഷയും, രവീണയുമായി മാറി.

അമ്മയുടെ ചൂലുകൊണ്ടുള്ള ഉഗ്രതാഡനത്താൽ പാറ്റ ,"ചത്ത് മലച്ചവനെ " പോലെ കിടന്നെങ്കിലും ,പിന്നീട് കൈകാൽ മടക്കി മൂരി നിവർത്തി "പറ്റിച്ചേ" എന്ന് പറഞ്ഞ് പറന്ന് പോയി.

ആ സംഭവത്തിന് ശേഷം അവൾക്ക് എന്തോ ഒരു "സോഫട് കോർണർ "എന്നോടുള്ളത് പോലെ എനിക്ക് തോന്നി തുടങ്ങി. അവളുടെ ആവശ്യ പ്രകാരം ഞാൻ ,മോട്ടി സാൻഡൽ വുഡ് സോപ്പും, ക്യൂട്ടിക്കുറാ പൗഡറും വാങ്ങി അവൾക്ക് നല്കി.ഇതിനുള്ള പണം പത്മിനി ആന്റി എനിക്ക് നല്കിയെങ്കിലും ,അത് വാങ്ങാൻ കൂട്ടാക്കാതെ ഞാൻ അഭിമാനിയായി. പോക്കറ്റ് മണിയുടെ കാര്യത്തിൽ അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പൊന്നാങ്ങളയുടെ പ്രവൃത്തിയിൽ കുഞ്ഞു പെങ്ങൾ വണ്ടറിടിച്ച് നിന്നു.

പതിയെ പത്മിനി ആൻറി അമ്മക്ക് ഒരു "കുരിശായി "മാറാൻ തുടങ്ങി സദാസമയവും എന്തെങ്കിലും വയ്യായ്കൾ പറഞ്ഞ് അവർ മുത്തശ്ശന്റെ ചാരുകസേരയിൽ (മുത്തശ്ശന്റെ മരണ ശേഷം മറ്റാരും അത് ഉപയോഗിക്കാതെ ഭയ ഭക്തി ബഹുമാനത്തോടെ യഥാസ്ഥാനത്ത് നില നിർത്തിയിരുന്നു) വാക്മാനിൽ പാട്ട് കേട്ട് വിശ്രമം തുടങ്ങി. തള്ളയുടേയും, മകളുടേയും തുണി അലക്കി കൊടുത്തും ,വെച്ച് വിളമ്പിയും അമ്മയുടെ നട്ടെല്ല് പഞ്ചറായി .

അന്ന് ഞങ്ങളുടെ നാട്ടിൽ ഫോൺ സൗകര്യമുള്ളത് ,പട്ടാളത്തിൽ നിന്നും പരിക്ക് പറ്റി തിരിച്ചെത്തിയ ഗോപിയേട്ടന്റെ എസ്.റ്റി.ഡി ബൂത്തിലായിരുന്നു. അവളുടെ ആവശ്യപ്രകാരം ഗ്രാൻഡ് പായെയും, മമ്മിയേയും ഫോൺ വിളിക്കാൻ എന്റെ സൈക്കിളിന് പിന്നിലിരുത്തി ഞാൻ അവളെ അവിടെ കൊണ്ട് പോയി. പിന്നെ കുറെ നേരത്തേക്ക് അവളുടെ കൊഞ്ചലും, കളിയും, ചിരിയുമൊക്കെ ഹിന്ദിയിലായിരുന്നു.

വീണ്ടും "രാഷ്ട്രഭാഷ ഹിന്ദിയിലെ കമ്സോരി കെകാരൺ .എനിക്ക് കുച്ച് നഹി സംത്സാ " (അവൾ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല )എന്നാൽ ഗോപിയേട്ടൻ എന്നെ നോക്കി ഇടക്കിടക്ക് ഊറി ചിരിക്കുന്നുണ്ടായിരുന്നു.

അങ്ങനെ ഉത്സവദിവസം വന്നെത്തി. പിറ്റേന്ന് വൈകുന്നേരത്തെ ട്രെയിനിൽ അവർ മടങ്ങിപോകും. അന്ന് ഗോപിയേട്ടനും അമ്പലത്തിൽ വന്നിരുന്നു. അവിടെ വച്ച് ഗോപിയേട്ടൻ പറഞ്ഞാണ് ഞാൻ അക്കാര്യം മനസ്സിലാക്കിയത്, അവൾ ഫോണിൽ ഹിന്ദിയിൽ സംസാരിച്ചത് അവളുടെ ഹിന്ദിക്കാരൻ കാമുകൻ " കിഷോറി "നോടാണെന്നും ,അവളുടെ ഉല്ലൂ കാ പട്ടയും ,ബന്ദറും ഞാനാണെന്നും, അവളുടെ അമ്മയുടെ നൗക റാണി (ജോലിക്കാരി ) എന്റമ്മയായിരുന്നെന്നും, അവൾ ഇടക്കിടക്ക് പറഞ്ഞ ,യൂസ് ലെസ് ഗാവ് വാലി (കൺട്രി ഗേൾ) എന്റെ പെങ്ങളായിരുന്നൂ എന്നും.

എന്റെ ഉള്ളിലെ "ചീട്ട് കൊട്ടാരം " തകർന്ന് വീണെങ്കിലും .കൊട്ടാരം നഷ്ടപ്പെട്ട രാജാവിന്റെ ക്ഷത്രിയ രക്തം തിളച്ചു.

അവളുടെ അമ്മക്കിട്ടുള്ള ആദ്യ പണിയായി, അവർ പതിവ് വിശ്രമം നടത്തുന്ന മുത്തശ്ശന്റെ ചാര് കസാരയുടെ കോല് ഞാൻ ഊരി എടുത്തു. പക്ഷെ എന്റെ "നിർഭാഗ്യത്തിന് " അവർ പിന്നീടതിൽ ഇരിക്കാത്തതിനാൽ ആ "ദർശനഭാഗ്യം" സിദ്ധിച്ചില്ല.

അവൾക്കുള്ള പണിക്കായി എന്റെ വീട്ടിലേയും ,രാജേഷിന്റെ വീട്ടിലേയും സകല പാറ്റയേയും തിരഞ്ഞ് പിടിച്ച് ,മോട്ടി സോപ്പിന്റെ വലിയ കവറിലാക്കി ആരും കാണാതെ അവളുടെ ബാഗിൽ വെച്ചു.പാറ്റകൾ ശ്വാസം മുട്ടി ചത്ത് പോകാതിരിക്കാൻ കവറിൽ ആവശ്യത്തിന് എയർ ഹോൾ ഇടാനും ഞാൻ മറന്നില്ല.

മുറ്റത്ത് നിന്ന് പതിവ്" റ്റാ റ്റാ " നൽകി ,അകത്ത് കയറിയ ഞാൻ "പാറ്റാ " ഉണ്ടാക്കാൻ പോകുന്ന കുഴപ്പങ്ങളോർത്ത്, ഉള്ളിൽ അമർത്തിയ ചിരി. ഒരട്ടഹാസമാക്കി മാറ്റി, അമർന്നിരുന്നത് പത്മിനി ആൻറിക്കായി കോലൂരി ഒരുക്കിയ കസേര കെണിയിലായിരുന്നു.

ശുഭം


By:Arun Sajeev

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo