നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അരുൺ .എസ്.പത്ത്.ബി (കഥ)


"അച്ഛാ ...... അച്ഛാ ...... എഴുന്നേക്കുന്നില്ലേ ....' "

സെപ്റ്റംബർ അഞ്ച് ,അദ്ധ്യാപക ദിനത്തിൽ അല്പം നീണ്ടു പോയ ഉച്ച മയക്കത്തിൽ നിന്ന് മോള് എന്നെ വിളിച്ചുണർത്തി. ഈയിടെയായി മുമ്പത്തെ പോലെയൊന്നും കൃത്യമായി ഉണരാൻ കഴിയുന്നില്ല. പ്രായം എല്ലാത്തിനെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.
ഇന്ന് വിളിച്ചുണർത്തിയതിനു ഒരു പ്രത്യേക കാരണമുണ്ട്. വൈകിട്ട്, പ്രശസ്ത സാഹിത്യകാരൻ അരുൺ കാണാൻ വരുന്നു. അദ്ധ്യാപക ദിനത്തിൽ ഗുരുനാഥനായ തന്നെ ആദരിക്കാൻ , കൂടെ അഞ്ചെട്ടു പേർ കൂടിയുണ്ടാവുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ഇപ്പോ ഇങ്ങനെയുള്ള ആദരിക്കൽ ഫാഷനായി മാറിയിരിക്കുകയാണല്ലോ.....
ഉപഹാരം നൽകുന്നതിൻ്റേയും പൊന്നാട അണിയിക്കുന്നതിൻ്റെയും ഫോട്ടോയും ക്ലിപ്പുമൊക്കെ ഫേസ്ബുക്കിൽ ഇടുക, വാട്സ്ആപ്പ് ഗ്രൂപ്പിലും ,ഇൻസ്റ്റഗ്രാമിലും ഇടുക... ഇതൊക്കെയാണ് അതിൻ്റെ നവീന രീതികൾ. എല്ലാത്തിനും അനാരോഗ്യത്തിലും നിന്നു കൊടുക്കുക, അത്ര മാത്രമേ ചെയ്യാനുള്ളൂ. . അരുൺ , മോളുടെയും ഇഷ്ട എഴുത്തുകാരൻ തന്നെ . അത് കൊണ്ടാവും അവൾ അല്പം ത്രില്ലിലാണ്. തന്നെ സംബന്ധിച്ചിടത്തോളം അരുൺ എന്ന സാഹിത്യകാരൻ അരുൺ .എസ് .പത്ത്. ബി ആണ്. വ്യക്തിപരമായി പറഞ്ഞാൽ മറ്റുള്ളവരിൽ നിന്നും കാര്യമായ വ്യത്യാസം തീർച്ചയായും അയാൾക്ക് താനും കൊടുക്കുന്നുണ്ട് .

എഴുന്നേറ്റ് ഒന്ന് ദേഹശുദ്ധി വരുത്തി വെള്ള മുണ്ടും ഷർട്ടും ധരിക്കണം.

അയാൾ ഇത്രയും ഉയർന്ന ഒരു സാഹിത്യകാരനാവാൻ താനും ഒരു കാരണമാണല്ലോ എന്നോർക്കുമ്പോൾ ഉള്ളിലെ അദ്ധ്യാപകൻ അഭിമാനം കൊള്ളുന്നു.ഒരിക്കലും ഒരു കാര്യത്തിലും മുൻനിരയിൽ കാണാത്ത, ക്ലാസിലെ ഒരു സാധാരണ കുട്ടി മാത്രമായിരുന്നു, അരുൺ .
അക്കൊല്ലത്തെ സ്കൂൾ വാർഷികത്തോടനുബന്ധി ച്ച് നടത്തിയ കഥാരചന മത്സരമാണ് എല്ലാം മാറ്റി മറിച്ചത്. ഒരു പക്ഷേ അരുൺ എസ് എന്ന കഥാകൃത്തിൻ്റെ ഉദയമായിരുന്നിരിക്കണം അത്.

എല്ലാ വർഷവും സാഹിത്യ സംബന്ധിയായ മത്സരങ്ങളെല്ലാം നടത്താനുള്ള ചുമതല മലയാള അദ്ധ്യാപകനായ തന്നിലാണ് വന്നു ചേരാറ്. ആ വർഷവും ഒരു പ്രത്യേകതയുമില്ലാതെ മറ്റു രചനാ മത്സരങ്ങളൊക്കെ കടന്നു പോയി.
കഥാ മത്സരത്തിന് പത്തു പേരാണ് ആ തവണ പങ്കെടുത്തത്. മുമ്പൊക്കെ അഞ്ചോ ആറോ പേർ മാത്രമാണ് ഉണ്ടാവാറ്.
കഥാ രചനക്ക് കൊടുത്ത വിഷയം " എനിക്ക് പറ്റിയ അബദ്ധം " എന്നായിരുന്നു.

സ്വന്തം അനുഭവത്തിൽ നിന്ന്, പോയ കാലത്ത് സംഭവിച്ച അബദ്ധം രസകരമായി എഴുതുക എന്ന വിശദീകരണവും കൊടുത്തു.
എല്ലാ കുട്ടികളും മുമ്പെന്നത്തേതും പോലെ ആദ്യം തന്നെ ഉത്തരം നോക്കി ഇരുപ്പു തുടങ്ങി. പിന്നീട് അവർ കടലാസിൽ കുത്തിക്കുറിച്ചു തുടങ്ങി.
അക്ഷര ,വ്യാകരണ തെറ്റോടു കൂടിയ രചനകളാണ് കൂടുതലും ഉണ്ടാവുക .അതിൽ നിന്ന് ഏറ്റവും തെറ്റ് കുറഞ്ഞതിന് സമ്മാനം കൊടുക്കുക എന്നുള്ളതാണ് പതിവ് .

കവിതയും ഉപന്യാസവും മൂല്യനിർണയം നടത്തി കഴിഞ്ഞപ്പോൾ തന്നെ മുമ്പത്തേ വർഷങ്ങളിൽ നിന്ന് കാര്യമായ വ്യത്യാസമില്ലെന്നു മനസ്സിലായി.
കഥകൾ വായിച്ചു തുടങ്ങിയപ്പോളും ഗതി അതു തന്നെ . ഏറ്റവും അവസാനമാണ് അരുൺ .എസ് പത്ത്.ബി യുടെ കഥ വായിക്കുന്നത്. നല്ല കയ്യക്ഷരമാണ് അവൻ്റേത് , പരീക്ഷ പേപ്പർ നോക്കുമ്പോൾ തന്നെ മനസിലായിട്ടുള്ളതാണ്.
എനിക്കു പറ്റിയ അബദ്ധം എന്നു തന്നെയാണ് അവൻ തലക്കെട്ട് എഴുതിയിരിക്കുന്നത്.
അവസാനം വരെ വളരെ ആസ്വദിച്ച് വായിക്കാൻ പറ്റി. അക്ഷര തെറ്റോ വ്യാകരണ തെറ്റോ തീരെയില്ലാത്ത ഒരു പത്താം ക്ലാസ് കാരനിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനേക്കാൾ ഇരുത്തം വന്ന രചന. ഒരു മലയാളം അദ്ധ്യാപകൻ എന്ന നിലക്ക് വളരെ അഭിമാനം തന്ന നിമിഷമായിരുന്നു , അത്.

ഏറെ നാൾ ആ കഥ എഴുതിയ കടലാസുകൾ ഞാൻ തന്നെയാണ് സൂക്ഷിച്ചത് . വർഷാവസാനമാണ് ആ പേപ്പർ ഞാൻ അവനെ ഏല്പിച്ചത്. അത് അവൻ തന്നെയാണ് സൂക്ഷിക്കേണ്ടതെന്ന് എനിക്ക് തോന്നി. പില്ക്കാലത്ത് അയാളുടെ ഈ കഥ തന്നെ ഒരു കഥാസമാഹാരത്തിൽ ചെറിയ വ്യത്യാസ ങ്ങളോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കഥക്കു മാത്രം ഒരു പിൻകുറിപ്പുമുണ്ടായിരുന്നുപ്രിയപ്പെട്ട ജിതൻ സാറിനെ ഓർക്കുന്നു എന്ന് .

പിന്നീട് ആ പുസ്തകത്തിൽ അതേ കഥ എത്രയോ തവണ വായിച്ചിരിക്കുന്നു.

അവൻ്റെ ആ കഥ തുടങ്ങുന്നത് ഇങ്ങനെയാണ് .................

ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസുവരെ ഞാൻ പഠിച്ചത് ,വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള സർക്കാർ എൽ .പി സ്കൂളിലാണ്. രാവിലെ കൂട്ടുകാരുമായി നാട്ടുവഴിയിലൂടെ കലപില കൂട്ടി പോവുക എന്നത് എത്ര രസകരമായിരുന്നെന്നോ. ഇടക്ക് ഇരുവശവും കാറ്റാടി പരുവത്തിൽ നില്ക്കുന്ന ഞാറ്റിൻ പരപ്പും നോക്കി വരമ്പിലൂടെ തെന്നി വീഴാതെ പോവേണ്ടതു ണ്ടായിരുന്നു . വരമ്പിന് ഇരുവശവും കറുകയും പലതരം ചെറു പൂക്കളും വിരിഞ്ഞു നില്പുണ്ടാവും . ഓരോ ദിവസവും വളർച്ച കാണിച്ച് അവസാനം വിളഞ്ഞ് കൊയ്ത് അനാഥമായി കിടക്കുന്ന പാടം കാണുമ്പോൾ സങ്കടം വരുമായിരുന്നു.

ഏറ്റവും അടുത്ത കൂട്ടുകാരൻ അപ്പുവായിരുന്നു. എൻ്റെ വീടിനും അഞ്ചെട്ടു വീടുകൾക്ക് അപ്പുറത്തായിരുന്നു അവൻ്റെ വീട്.

രാവിലെ തന്നെ എണ്ണ തേച്ചു കുളിച്ച് വൃത്തിയുള്ള ഉടുപ്പും നിക്കറും ധരിച്ച് ,നെറ്റിയിൽ ഒരു ഭസ്മക്കുറിയുമായി അവൻ എന്നെ വന്നു വിളിക്കും. ക്ലാസിൽ പഠിക്കുവാനും അവൻ എന്നേക്കാൾ മുന്നിലാണ്.
കേട്ടെഴുത്ത് ഇടുമ്പോൾ സാറ് കാണാതെ അവൻ എനിക്ക് കാണിച്ചു തരുമായിരുന്നു. കണക്കിൻ്റെ സങ്കലന വ്യവകലന പ്രശ്നങ്ങളിലും എപ്പോഴും അപ്പു എനിക്കൊരാശ്വാസമായിരുന്നു.

നാലാം ക്ലാസിൽ നിന്ന് ജയിച്ചപ്പോൾ എന്നെ അകലെയുള്ള യൂ .പി സ്കൂളിലാണ് ചേർത്തത്. അപ്പുവിനെ ഗവണ്മെൻ്റ് ഹൈസ്കൂളിലും . അതോടെ ഞങ്ങളൊരുമിച്ചുള്ള സ്കൂൾ പോക്കു വരവ് നിന്നു പോയി . വൈകുന്നേരങ്ങളിലും ഞായറാഴ്ചകളിലുമായി ചുരുങ്ങി ,ഞങ്ങളുടെ സന്ധിപ്പ്.

മൈതാനത്തും പാടത്തുമൊക്കെയായിരുന്നു ഞങ്ങളുടെ ഒഴിവുകാല വിനോദങ്ങൾ . ഇടവേളകളിൽ ഞങ്ങൾ , ഞങ്ങളുടെ സ്ക്കൂളിലെ വിശേഷങ്ങളാണ് പറഞ്ഞിരുന്നത് . അവൻ്റെത് ഒരു പാട് കുട്ടികൾ പഠിക്കുന്ന ഒരു വലിയ സ്കൂൾ ആയിരുന്നു. അതിനിടയിലെ ഒരു മൺ തരി മാത്രമായിരുന്നു അവനെന്ന് അവൻ ഇടക്കിടെ പറയുമായിരുന്നു. എൻ്റേതാകട്ടെ ഒരു ക്രിസത്യൻ മനേജ്മെൻ്റ് സ്ക്കൂളും . കുറേക്കൂടി അച്ചടക്കം അവിടെയുണ്ടായിരുന്നു എന്നു മാത്രം.

എട്ടാം ക്ലാസിലേക്ക് ജയിച്ചപ്പോൾ വഴി പിരിഞ്ഞൊഴുകിയിരുന്ന ഞാൻ അവനൊടൊപ്പം ഒരു മൺ തരിയായി ചേർന്നു. അപ്പുവിൻ്റെ അതേ ഡിവിഷനിൽ തന്നെയായി ഞാനും .

ആ വർഷം വളരെ സന്തോഷത്തോടെയാണ് ഞങ്ങളിരുവരും സ്കൂളിൽ പോയി തുടങ്ങിയത്. രണ്ട് രണ്ടര കിലോമീറ്റർ നടന്നു വേണം സ്കൂളിലെത്താൻ . അപ്പു, കഴിഞ്ഞു പോയ മൂന്നു വർഷം അവിടെ തന്നെ പഠിച്ചിരുന്നതു കൊണ്ട് പല ഊടു വഴികളും ,നാട്ടു വഴികളും അവന് പരിചിതമാണ്. മിക്കവാറും പ്രധാന റോഡ് വഴിയല്ല ഞങ്ങൾ പോയിക്കൊണ്ടിരുന്നത്. സ്കൂളിലെത്തും മുമ്പ് റോഡിലേക്കെത്തുന്ന അല്ലെങ്കിൽ സ്കൂളിലേക്കെത്തുന്ന പല വഴികളും എത്രയോ കാലം കഴിഞ്ഞാണ് എനിക്ക് പിടി കിട്ടി തുടങ്ങിയത്.

സ്കൂളിലേക്ക് പോവുന്നത് മിക്കവാറും റോഡ് വഴി തന്നെയാവും . വരുന്ന സമയത്താണ് ഞങ്ങൾ മറ്റു വഴികൾ തെരഞ്ഞെടു ക്കാറുള്ളത്. പലപ്പോഴും ഏതു വഴി പോരണം എന്ന് തീരുമാനിക്കുന്നത് , ഞാറപ്പഴം , ചാമ്പക്ക ,മാങ്ങ ,കശു മാങ്ങ ,പുളി തുടങ്ങിയ നാണ്യവിളകളുടെ ലഭ്യത അനുസരിച്ചായിരുന്നു. അപ്പുവിന് അറിയാം ഏത് വഴി എപ്പോൾ പോയാൽ ഏത് വസ്തു ശല്യമൊന്നും കൂടാതെ കയ്യടക്കാമെന്ന്‌.

എട്ടാം ക്ലാസിലേക്ക് ചേർന്നപ്പോൾ ഞങ്ങൾക്ക് കിട്ടിയ ഒരു അധിക ബാദ്ധ്യതയായിരുന്നു ,ട്യൂഷൻ. സ്കൂളിന് സമീപമുള്ള ട്യൂട്ടോറിയൽ കോളേജിലായിരുന്നു ഈ അധിക ബാദ്ധ്യത . . എല്ലാ ദിവസവും സ്കൂൾ സമയത്തിനു മുമ്പും പിമ്പും ഓരോ മണിക്കൂറാണ് ട്യൂഷൻ. അവധി ദിവസങ്ങളിലും ട്യൂഷനുണ്ടാവും .

അന്ന് ഒരു ഞായറാഴ്ചയായിരുന്നു. ഉച്ച വരെ ട്യൂഷൻ പറഞ്ഞിരുന്നു. വീടുപണി തുടങ്ങിയതിനാൽ എങ്ങും നോക്കി നിൽക്കാതെ ട്യൂഷൻ കഴിഞ്ഞാലുടൻ തന്നെ എത്തണമെന്ന് രാവിലെ അമ്മ പറഞ്ഞിരുന്നു. ചെറിയ ചെറിയ സഹായങ്ങൾ എന്നെ കൊണ്ടും ഉണ്ടാവുമെന്ന് അമ്മ വിചാരിക്കുന്നുണ്ടാവണം .

ഉച്ചയോടെ ടൂഷൻ കഴിഞ്ഞപ്പോൾ അപ്പു പറഞ്ഞു ഇന്ന് നമുക്ക് കൃഷ്ണപ്പനാശാരിയുടെ വീടിൻ്റെ അതിലേ പോവാമെന്ന്. ആശാരിയുടെ വീടിന് വശത്ത് ഒരു വാളൻ പുളിമരം നില്പുണ്ട്, കൊമ്പുകൾ അധിക ഉയരത്തിലല്ലാതെ .

പുളി പൂത്ത് കായയായി നീണ്ടു വരുന്ന സമയമാണിത്. വളച്ചാൽ വളയുകയും ഒടിയുകയും ചെയ്യുന്ന പച്ച നിറത്തിൽ കുഞ്ഞു പുളി രുചിയോടെ ചവച്ചിറക്കുന്ന കാര്യമോർത്തപ്പോൾ വായിൽ വെള്ളമൂറി. ആ വീട്ടിൽ പകൽ സമയം ആരും തന്നെ ഉണ്ടാവാറുമില്ല.

ഇളം വാളം പുളി സ്വപ്നങ്ങളുമായി ഞങ്ങൾ റോഡുവിട്ടു നാട്ടുവഴിയിലേക്കു കയറി നടന്നു തുടങ്ങി. കുറച്ചു പുളി വീട്ടിൽ കൊണ്ടു പോയി ഉപ്പും ചേർത്ത് രുചിയോടെ കഴിക്കാമെന്നും ഞങ്ങൾ കരുതി.

നാട്ടുവഴിയിൽ നിന്നു മാറി ഒരു ചെറിയ ഇടവഴിയിലാണ് ക്യഷ്ണപ്പനാശാരിയുടെ വീട് .ആ വീടും കഴിഞ്ഞ് മറ്റൊരു വീടിൻ്റെ മുറ്റത്തു കൂടി വേണം വീണ്ടും നാട്ടു വഴിയിലേക്ക് കയറാൻ .

ഒരു വളവ് തിരിഞ്ഞ് ഞങ്ങൾ ആശാരിയുടെ വീട്ടു മുറ്റത്തെത്തി. ഓട് മേഞ്ഞതെങ്കിലും വശങ്ങളിലെ ഭിത്തിക്കു പകരം മുളംപനമ്പ് കൊണ്ട് മറച്ച ഭംഗിയുള്ള ഒരു വീടാണ് .പതിവുപോലെ വാതിലുകളും ജനലുകളും അടഞ്ഞു തന്നെ കിടക്കുന്നു.

പുളിമരത്തിൻ്റെ ചുവട്ടിൽ തന്നെ പിഞ്ച് പുളികൾ കുറേ വീണു കിടന്നിരുന്നു. അതൊക്കെ പെറുക്കി പോക്കറ്റിലാക്കി. അപ്പു ഒരു കൊമ്പ് പിടിച്ച് താഴ്ത്തി തന്നു. ഞാനതിൽ നിന്ന് കുഞ്ഞ് വാളം പുളികൾ പറിച്ചു തുടങ്ങിയപ്പോളാണ് ,വീടിനുള്ളിൽ നിന്ന് ഒരു തട്ടും മുട്ടും കേൾക്കുന്നത്.

നീയിത് പറിക്ക് ഞാനൊന്നു നോക്കട്ടെ വല്ല കള്ളന്മാർ വല്ലോരുമാണോന്ന് എന്ന് പറഞ്ഞ് അപ്പു വീടിനടുത്തേക്ക് നീങ്ങി.

കൊമ്പിൽ നിന്ന് പുളി ആവശ്യത്തിന് അടർത്തി എടുത്തതിനു ശേഷമാണ് ഞാൻ അപ്പുവിനെ നോക്കുന്നത്. അവൻ പനമ്പ് തട്ടത്തിലുള്ള തുളയിലൂടെ അകത്തേക്ക് നോക്കുകയാണ് . ഇടക്ക് അവൻ എന്നെ നോക്കി ,അങ്ങോട്ടു ചെല്ലാൻ കൈ കൊണ്ട് കാണിച്ചു . വീണ്ടും അവൻ ആ ദ്വാരത്തിലൂടെ നോക്കാൻ തുടങ്ങുമ്പോൾ അവൻ്റെ നെറ്റി ആ പനമ്പിൽ ഇടിച്ചു.

കുറച്ചു നേരം കൂടി ആ തുളയിൽ കൂടി അവൻ ശ്രദ്ധിച്ചു. അവൻ പെട്ടെന്നു ഓടി വന്നു പുളിയുടെ ചുവട്ടിൽ വച്ചിരുന്ന ബുക്കെടുത്ത് നടക്കാൻ തുടങ്ങി. എനിക്കൊന്നും മനസിലായില്ല.

വീടിൻ്റെ വാതിൽ തുറന്ന് കൃഷ്ണപ്പൻ പുറത്തു വന്നിരുന്നു. അയാൾ അയാളുടെ മുണ്ട് വലിച്ചു വാരി ഉടുക്കാൻ അല്പനേരമെടുത്തു. ഈ നേരം കൊണ്ട് അപ്പു ഞങ്ങൾക്ക് പോകേണ്ട വഴിയിലൂടെ ഓടി തുടങ്ങി. ആശാരിയും അവൻ്റെ പുറകേ ഓടി. നൂറ് മീറ്റർ ഓട്ടത്തിൽ ജുനിയർ ഫസ്റ്റായ അവനെ കൃഷ്ണപ്പന് ഓടി പിടിക്കാൻ പറ്റില്ലയെന്ന് എനിക്കറിയാമായിരുന്നു.
'
കുറച്ചു ദൂരം ഓടിയ ശേഷമാവണം ആശാരി കിതച്ച് വിയർത്ത് തിരിച്ച് വീട്ടിലേക്ക് വന്നത്. അപ്പോൾ പുളിഞ്ചുവട്ടിൽ നില്ക്കുന്ന എന്നെയാണ് കണ്ടത്. അയാൾ എൻ്റെ നേരെ വന്നു തുടങ്ങി . ഞാൻ പൊളിഞ്ഞു കിടന്ന വേലി മറികടന്ന്, വന്ന വഴിയേ ഓടി. ആശാരിയും വേലി മറികടന്ന് എൻ്റെ പുറകേ ഓടി തുടങ്ങി .

ഞാൻ ഓടി വളവു തിരിഞ്ഞപ്പോൾ ഞങ്ങളുടെ കൂടെ ട്യൂഷനു വരുന്ന രാജു എതിരേ നടന്നു വരുന്നു.

"പട്ടി ഓടിച്ചു അല്ലേ ........" എന്നു പറഞ്ഞു കൊണ്ട്
രാജു എന്നെ തടഞ്ഞു നിർത്തി . ഞാൻ കിതച്ചു കൊണ്ട് പുറകോട്ട് നോക്കി, അടുത്തൊന്നും കൃഷ്ണപ്പൻ ഇല്ലായിരുന്നു
'' അതേ ......പട്ടി ഓടിച്ചു .. " എന്ന് ഞാൻ മറുപടി കൊടുത്തു.

കൃഷ്ണപ്പനാശാരിയുടെ
അടുത്ത വീട്ടിൽ ഒരു പട്ടിയുണ്ടെന്നും അതിനെ ചില ദിവസങ്ങളിൽ പൂട്ടാറില്ലെന്നും രാജു പറഞ്ഞു . അവനും എനിക്കൊപ്പം തിരിഞ്ഞു നടന്നു. രാജുവിന് പടിഞ്ഞോട്ട് തിരിഞ്ഞ് 'വേറൊരു വഴിക്ക് പോയാൽ മതിയത്രേ. എനിക്ക് ഹൈവേയിലേക്ക് കയറുവാനുള്ള വഴി പറഞ്ഞ് തന്നിട്ട് രാജു പോയി.

റോഡിലൂടെ ജംഗ്ഷനിലെത്തി തിരിഞ്ഞു അപ്പുവിൻ്റെ വീടിനടുത്തെത്തുമ്പോൾ സമയം കുറേ കഴിഞ്ഞിരുന്നു. വല്ലാത്ത വിശപ്പും തോന്നി തുടങ്ങിയിരുന്നു.

അപ്പുവിൻ്റെ വീട്ടിൽ അവർ ചക്ക മുറിച്ചു കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവൻ്റെ വീടിന് മുന്നിൽ നിറയെ കായിക്കുന്ന ഒരു വരിക്ക പ്ലാവുണ്ട്. ചിലപ്പോളൊക്കെ വീട്ടിലേക്കും ചക്ക തരാറുണ്ട്. എന്നെ കണ്ടതും അവൻ്റെ അമ്മ സരോജിനി ചേച്ചി, ഒരു പ്ലേറ്റിൽ കുറേ ചക്ക ചുളകൾ എനിക്കായി കൊണ്ടു വന്നു. അപ്പു ചുണ്ടിൽ വിരൽ വച്ച് ഒന്നും മിണ്ടരുത് എന്നു ആംഗ്യം കാണിച്ചു. അരമതിലിൽ ഇരുന്ന് ഞാൻ ചക്കപ്പഴം തിന്നു തീർത്തു.
പോവാനായി എഴുന്നേറ്റപ്പോൾ എനിക്കൊപ്പം അപ്പുവും പുറത്തേക്കു വന്നു.

അവരുടെ വേലിക്ക് പുറത്തെത്തിയപ്പോൾ എൻ്റെ ദ്വേഷ്യം മുഴുവൻ പുറത്തു വന്നു.
"നീ ..... എന്തിനാ ഓടിയത് "

എൻ്റെ ശബ്ദം അല്പം ഉച്ചത്തിലായതിനാലാവാം അവൻ ചുറ്റുമൊന്നു നോക്കി .
"എന്താണ് നീ .... വീടിനകത്ത് കണ്ടത് ....."

അവൻ ചുറ്റിനും വീണ്ടും നോക്കി ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ട് പറഞ്ഞത് , കാണാൻ പാടില്ലാത്തതു തന്നെയാണ് കണ്ടതെന്നാണ്.

കൃഷ്ണപ്പനാശാരിയുടെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു അത്രേ . ആ സ്ത്രീ അപ്പു പുറത്തേക്ക് ഓടുമ്പോൾ വാതിലി നരികിൽ മറഞ്ഞു നിന്നു നോക്കുന്നുണ്ടായിരുന്നു.

ഞാൻ വീടിൻ്റെ ഒരു വശത്തായിരുന്നതു കൊണ്ടാവും ആ സ്ത്രീയെ കാണാതിരുന്നത്.
അങ്ങനെയെങ്കിൽ അത് ആശാരിയുടെ ഭാര്യയായിരുന്നിരിക്കും . ഏതായാലും ഇനി ആ വഴിയുള്ള പോക്ക് വേണ്ട എന്ന് തീരുമാനിച്ച ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.

പ്രശ്നം അവിടെ തീർന്നിരു ന്നെങ്കിൽ സമാധാനിക്കാമായിരുന്നു. ഏതാണ്ട് ഒരു മാസത്തോളം ഞങ്ങളുടെ സ്കൂളിലേക്കുള്ള പോക്കും വരവും റോഡിലൂടെ മാത്രമായിരുന്നു.

ഒരു മാസം കഴിഞ്ഞപ്പോൾ വീട് പണിയോടനുബന്ധിച്ചുള്ള മരപ്പണിക്കായി കൃഷ്ണപ്പനാശാരി വീട്ടിൽ വന്നു. അച്ഛൻ്റെ അഭിപ്രായ ത്തിൽ ഇത്രയും ഉത്തരവാ ദിത്വത്തോടും ഭംഗിയുമായി മരപ്പണി ചെയ്യുന്ന ഒരാൾ അടുത്തൊന്നുമില്ല എന്നാണ്.

എന്നെ കണ്ട പാടെ ആശാരി അടുത്തേക്ക് വിളിച്ചു . പിടക്കുന്ന നെഞ്ചുമായാണ് ഞാൻ അയാളുടെ അടുത്തേക്ക് ചെന്നത്. എൻ്റെ പേരും പഠിക്കുന്ന സ്കൂളുമൊക്കെ അയാൾ ചോദിച്ചു മനസ്സിലാക്കി. ഏതിലേയാണ് സ്കൂളിലേക്ക് പോവുന്നതും വരുന്നതുമെന്നും അയാൾ ചോദിച്ചു. റോഡ് വഴിയാ ണെന്നാണ്‌ ഞാൻ പറഞ്ഞത്. നാട്ടു വഴിയിലൂടെ വരാറില്ലേ എന്ന അയാളുടെ ചോദ്യത്തിന് കുറേനാൾ മുമ്പ് ഒന്നു രണ്ടു തവണ അതിലേ പോയിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. ഉറപ്പു വരുത്താനാവണം ഒരു മാസം മുമ്പ് അതിലേ എങ്ങാനും വന്നിരുന്നോ എന്ന് ആശാരി ചോദിച്ചത്. ഇല്ല എന്നാണ് ഞാൻ മറുപടി പറഞ്ഞത് . വിശ്വസിപ്പിക്കാനായി മറ്റൊരു കള്ളവും കൂടി പറഞ്ഞു. കുറേ നാൾ മുമ്പ് അതിലേ വന്നിരുന്നു ,
അപ്പോൾ ഒരു പട്ടി ഓടിച്ചത് കാരണം അതിലേ വരാറേ ഇല്ല എന്ന്.
അയാൾ വിശ്വസിച്ചിട്ടോ എന്തോ പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല.

അന്നു തന്നെ അപ്പുവിനോ ട് വിവരമെല്ലാം പറഞ്ഞു. ഇനി ഒരു മാസത്തോളം ആശാരിക്കു വീട്ടിൽ പണിയുണ്ടാവും . അത്രയും നാൾ അപ്പു എൻ്റെ വീട്ടിലേക്ക് വരുന്നില്ല എന്നു വച്ചു. അവൻ്റെ വീട് പണി നേരത്തേ കഴിഞ്ഞത് കൊണ്ട് അവന് കൃഷ്ണപ്പനാശാരിയേ നേരിടേണ്ടി വരില്ല ,ഭാഗ്യവാൻ . അച്ഛനും കുറച്ചു നേരത്തേ തന്നെ വീടു പണിതാൽ പോരായിരുന്നോന്ന് ഞാൻ ഓർത്തു പോയി .

ഈ ഒരു മാസത്തിനുള്ളിൽ ആശാരി ആ വിവരം അച്ഛനോടു പറയും ,എന്നെ നാണം കെടുത്തും ചിലപ്പോൾ അച്ഛൻ്റെ തല്ലും കൊള്ളേണ്ടി വരും എന്നൊക്കെ തന്നെ ഞാൻ വിചാരിച്ചു. ഓരോ ദിവസവും അത് പ്രതീക്ഷിച്ചാണ് സ്കൂളിൽ നിന്ന് വീട്ടിൽ വന്നു കൊണ്ടിരുന്നത്.
എന്നാൽ ഒന്നും സംഭവിച്ചില്ല . പണി തീരുന്ന ദിവസം ഒരു നിറഞ്ഞ ചിരിയുമായി
"പോട്ടെ .... മോനെ .,,, " എന്ന് എന്നോട് കൂടി യാത്ര പറഞ്ഞിട്ടാണ് കൃഷണപ്പനാശാരി പടിയിറങ്ങി പോയത്.

അന്ന് കഥാ മത്സരത്തിൽ അരുൺ എഴുതിയ കഥ ഇവിടെ അവസാനിക്കുകയാണ്. ഹെഡ്മാസ്റ്ററും മിനി ടീച്ചറും റേച്ചൽ റ്റീച്ചറും കഥ വായിച്ചിരുന്നു. എല്ലാവർക്കും കഥയിലെ ഭാഷ നന്നേ ഇഷ്ടപ്പെട്ടു.

ജോൺ സാർ കഥ വായിച്ചു കഴിഞ്ഞാണ് ഒരു എതിർ അഭിപ്രായം വന്നത്. ഒരു പത്താം തരക്കാരന് ചേരാത്ത അസഭ്യതയും കഥാസന്ദർഭവും അതിലുണ്ടത്രേ . ഏതായാലും പിന്നീട് ആ കഥ ആർക്കും വായിക്കാൻ കൊടുക്കേണ്ടെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. എഴുതി തെളിയാൻ സാദ്ധ്യതയുള്ള ഒരു പ്രതിഭയെ മുളയിലേ നുള്ളുവാൻ എനിക്ക് കഴിയുമായിരുന്നില്ല. ഹെഡ്മാസ്റ്ററുടെ പിന്തുണയും ഇക്കാര്യത്തിൽ എനിക്ക് ഉണ്ടായിരുന്നു.

ജോൺ സാർ പറഞ്ഞിട്ടാവും ചില മാഷന്മാർ കഥ വായിക്കുവാൻ ചോദിച്ചെങ്കിലും പിന്നീടാർക്കും തന്നെ വായിക്കാൻ കൊടുത്തില്ല. അതങ്ങനെ ജോൺ സാറിൻ്റെ മാത്രം അഭിപ്രായത്തോടെ കെട്ടടങ്ങി പോയി. വർഷാവസാനം മാത്രം ആ പേപ്പറുകൾ അരുണിന് കൈമാറുവാൻ ഇതും ഒരു കാരണമായിരുന്നു .

കഥയുടെ മൂല്യനിർണയം നടത്തിയതിൻ്റെ പിറ്റേന്ന് ക്ലാസിൽ വച്ച് അരുണിനെ അടുത്തേക്കു വിളിച്ചു. ഒന്നാം സ്ഥാനം അരുണിനാണെന്ന് പറഞ്ഞപ്പോൾ അവൻ വളരെ സന്തോഷിച്ചു.
ഞാൻ അവനോട് ചോദിച്ചു
" എനിക്ക് പറ്റിയ അബദ്ധം ആയിരുന്നില്ലേ വിഷയം .... കഥയിൽ അപ്പുവിനല്ലേ അബദ്ധം പറ്റുന്നത് ...."

അവൻ ഒന്നു ചിരിച്ചു എന്നിട്ടു പറഞ്ഞു.
" അബദ്ധം എനിക്കാണ് പറ്റിയത്...... കഥയിൽ അത് തിരിച്ചിട്ടു എന്നേ ഉള്ളൂ ........ സർ ."
ഇത് പറഞ്ഞ് അവൻ എൻ്റെ നേരെ നോക്കി ഒരു കണ്ണിറുക്കൽ .
"എട .... മിടുക്കാ ...."
എനിക്കതേ പറയാൻ കഴിഞ്ഞുള്ളൂ . അന്നു ഞാൻ ഉറപ്പിച്ചു , ചെറുകഥാ രംഗത്തേക്ക് അരുൺ .എസ് എന്ന ഒരു നവ പ്രതിഭയുടെ കാൽവപ്പ് .

പുസ്തകത്തിൽ ഈ കഥ പ്രസിദ്ധീകരിക്കുമ്പോഴും അവൻ കുറച്ചു വ്യത്യാസം വരുത്തിയിരുന്നു. ഭാഷാപരമായ ചില തിരുത്തലുകൾ മൊത്തത്തിൽ ചെയ്തിട്ടുണ്ട്. അവസാനമാണ് അവൻ കുറച്ച് കൂട്ടിച്ചേർത്തിട്ടുള്ളത് .

അതിങ്ങനെയാണ് ..................

കൃഷ്ണപ്പനാശാരി എന്തുകൊണ്ടാണ് അപ്പുവിനെ ഓടി പിടിക്കാഞ്ഞത് ..........

എന്നെ എളുപ്പത്തിൽ പിടിക്കാമായിരുന്നില്ലേ ...........
എന്തു കൊണ്ട് പിടിച്ചില്ല.

വീട്ടിൽ വച്ച് ചോദിച്ച് എല്ലാം മനസ്സിലാക്കിയിട്ടും എന്തേ എന്നെ മനസിലായില്ല എന്നു നടിച്ചത് ..............

എൻ്റെ കൂട്ടുകാരനെ കുറിച്ച് എന്തേ ചോദിക്കാഞ്ഞേ .........

എന്തേ .....എന്തേ ....എന്തേ ...........

ആശാരിമാർ പൊതുവേ ബുദ്ധി കൂടിയ ആൾക്കാരാണ് ,കൃഷണപ്പനാശാരി പ്രത്യേകിച്ചും ,അതാണ് അതിനുത്തരം .

കൃഷ്ണപ്പനാശാരിയുടെ ഭാര്യ രണ്ടു മാസമായി അയാളുമായി പിണങ്ങി അവരുടെ വീട്ടിലാണ്.........

അപ്പോ അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീയോ ..?
അതിപ്പോ നമ്മളെങ്ങനാ .... അറിയുക ....

പുസ്തകത്തിൽ അരുണിൻ്റെ ആ കഥ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്. കഥയുടെ പേര് "എൻ്റെ പിഴ" എന്നും ആക്കിയിട്ടുണ്ട്. പുസ്തകം സമർപ്പിച്ചിരിക്കുന്നത് ''എൻ്റെ ഗുരുനാഥന് " എന്നാണ്.

അവന് ഞങ്ങളുടെ സ്കൂളിൽ എത്തുന്നതിനു മുമ്പും അവൻ്റെ തുടർന്നുള്ള കോളേജ് പഠനകാലത്തും ഇഷ്ട പ്പെട്ട ഗുരുനാഥന്മാർ വേറെ ഉണ്ടായേക്കാം .
പക്ഷേ ഈ സമർപ്പണം ..... എന്നെ മാത്രം... എന്നെ മാത്രം ഉദ്ദേശിച്ചാവുമെന്ന് എനിക്കുറപ്പാണ്.

"അച്ഛാ ..... ചായ "
മോള് ചായയുമായി വന്നു. പൂമുഖത്തെ പഴയ മര കസാലയിൽ ചായയും മൊത്തി കുടിച്ചു കൊണ്ട് , ഞാൻ , ജിതൻ ദാസ് എന്ന പഴയ മലയാള അദ്ധ്യാപകൻ ,എൻ്റെ അരുമ ശിഷ്യൻ അരുൺ .എസ് .പത്ത് .ബി യുടെ വരവിനായി ക്ഷമയോടെ കാത്തിരുന്നു.

..........................
എ എൻ സാബു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot