നന്ദിയുണ്ടു ചേട്ടാ. ചേട്ടൻ കൊണ്ടുവന്ന ഈ സാരിയുണ്ടല്ലോ ഞാൻ കഴിഞ്ഞ മാസം കടയിൽകയറി കണ്ണുവച്ചതാ. പക്ഷേ എന്റെ കയ്യിൽ കഷ്ടിച്ച് ഏഴായിരം രൂപയെ ഉണ്ടായിരുന്നുള്ളൂ. സാരിക്കാണേ പതിമൂവായിരത്തി മുന്നൂറ്റമ്പതു രൂപ. ഞാൻ സാരി വാങ്ങാതെ തിരിയെ പോന്നു. ഇപ്പൊ എനിക്ക് തൃപ്തിയായി. ഞാൻ കണ്ടു കൊതിച്ച അതേ സാരി! ഹാ, ബ്ലൗസ് പീസ് കട്ട് ചെയ്ത് ഇന്നുതന്നെ ഞാൻ രമയെ ഏൽപ്പിക്കും. അവളാണേ രണ്ടു ദിവസത്തിനകം തയ്ച്ചു തരും. സാരി ബോർഡറും സ്ലീവ്‌സ് ബോർഡറും എന്റെ നിറത്തിനു നന്നേ ചേരും അല്ലെ ചേട്ടാ?
നീ, ഈ സാരി വാങ്ങാതെ തിരിച്ചുപോന്നെന്നു ഞാൻ അറിഞ്ഞു. സങ്കടമായി. അപ്പൊ പിന്നെ ഈ സാരി വാങ്ങിത്തരാതിരിക്കാൻ എനിക്ക് കഴിയുമോ കുട്ടാ?
‘വീണയുടെ വിവാഹമല്ലേ അടുത്ത ഞായറാഴ്ച? എനിക്ക് ഈ സാരിയുടുത്തു പോകാമല്ലോ? ഈയിടെ എന്റെ ഗ്ലാമറിന് അൽപ്പം മങ്ങലേറ്റിട്ടുണ്ട്. ഈ സാരി ആ കുറവു നികത്തി എന്റെ ലുക്ക് കുറച്ചുകൂടി മെച്ചമാക്കും. തീർച്ച. എന്നു വച്ചാ ഞാൻ നേരുത്തേതിലും സുന്ദരിയാകുമെന്നു സാരം.
മാളവിക, സന്തോഷം കൊണ്ടു മതിമറന്നിരിക്കയാണ്. ഒരു നിസ്സാരകാര്യം മതി അവൾക്കു സന്തോഷിക്കാനും സങ്കടപ്പെടാനും.
അവൾ അൽപ്പം തടിച്ചിട്ടാണ്. പക്ഷേ വെളുത്ത സുന്ദരിയാ. അവൾ വലതു കയ്യിലെ തുടുത്ത തങ്കവിരലുകൾ എണ്ണി.
‘ഹോ, ഇനിയുമുണ്ട് നാലു ദിനങ്ങൾ കൂടി കഴിയാൻ!’ അവൾക്ക് ചാരനിറംകലർന്ന ആ മഞ്ഞ സാരി ഉടുത്തു വിവാഹ പന്തലിൽ ഷൈൻ ചെയ്യാൻ ഒരതിമോഹം. സാരി ഭദ്രമായി ഗോദ്‌റെജ് സ്റ്റോർവെല്ലിൽ വച്ച ശേഷം അവൾ ലിവിങ്ങ് റൂമിലേക്കു പോയി. മഹേഷ്, ഏറുകണ്ണിട്ട് അവളെ നോക്കുന്നുണ്ട്.
മഹേഷിനു മാളവികയെ വാത്സല്യമാണ്. അവളെ അവൻ കണ്ടു മനസ്സിലിഷ്ടപ്പെട്ടു വിവാഹം കഴിച്ചതാ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്! അവൻ പലപ്പോഴും വിചാരിക്കാറുണ്ട്'എന്റെ സമ്പാദ്യം ഇന്ത്യൻ റുപീയിലോ, സ്വർണ്ണത്തിലോ അല്ല. എന്റെ സമ്പാദ്യം എത്രമാത്രം സന്തോഷം മാളവികക്ക് കൊടുക്കാൻ പറ്റുമോ, അതിലാണ്. അവൾ എപ്പോഴും സന്തോഷവതിയായിരിക്കണം. അതിനു വേണ്ടുന്നതെല്ലാം ഞാൻ ചെയ്യും. ഒരു ചെറിയ വാട്ടം അവളുടെ മുഖത്തുണ്ടാകാൻ അവൻ ഇടയാക്കില്ല. പുതിയ, പുതിയ ഡ്രെസ്സുകൾ, ഔട്ടിങ്ങ്‌സ്, സിനിമാസ്, ഈറ്റിംഗ് ഔട്ട്, മാളുകളിൽ ചുറ്റിക്കറക്കം, എന്നുവേണ്ട എന്തെല്ലാം അവളെ സന്തോഷപ്പെടുത്തുമോ അതൊക്കെ അവൻ ചെയ്യും. 'നാം ഈ ലോകത്തോടു വിടപറയുമ്പോൾ കൂടെ താമസിച്ചവൾക്ക് ഒരു കുറവും ഉണ്ടാക്കാതെ തന്നെ യാത്രയാകണം' അവൻ അങ്ങനെ പലപ്പോഴും ചിന്തിക്കാറുള്ളതാണ്.'
പാദസരത്തിന്റെ കിലുക്കം! മഹേഷിന്റെ വായിൽ വെള്ളം ഊറി. നേരുത്തെ മാളവിക കള്ളപ്പത്തിനു മാവുകുഴച്ചു വയ്ക്കുന്നത് അവൻ കണ്ടതാണ്. വൈകിട്ടത്തെ ചായ കഴിക്കാൻ വിളിക്കാൻ വരുകയാണവൾ. പക്ഷേ കയ്യിൽ ട്രേയുമായി അവൾ വന്നു. അധരങ്ങളുടെ ജോലിയിൽ പിശുക്കുകാണിക്കാതെ ഒരു നീണ്ട പുഞ്ചിരി അവൾ പാസ്സാക്കി. 'ദി സാരി സ്‌മൈൽ!' അവൻ അവനോടായി മന്ത്രിച്ചു.
സോഫയ്ക്ക് മുന്നിലെ കൊച്ചു ടേബിളിൽ അവൾ ട്രേ വച്ചു. ത്രികോണാകൃതിയിൽ വലിയ ഉയരമുള്ള മുഴച്ച രണ്ടു കഷ്ണം അപ്പം. പിന്നെ ചായയും. അപ്പം കടിച്ചു, ചായക്കപ്പ് അവൻ കയ്യിലെടുത്തു.
'അമ്മ, ചായ കുടിച്ചോ?'
അപ്പുറത്തെ സ്വരസ്വതിയമ്മ വന്നിട്ടുണ്ട്. അമ്മ അവരുടെകൂടെയിരുന്നു ചായകുടിക്കുവാന്നു പറഞ്ഞു.
‘മ്’
അവളും അപ്പത്തിൽനിന്നും ഒരു കടി എടുത്തു. ചവച്ചിറക്കി ചായ ചുണ്ടോടു ചേർത്തു.
'ഹെ!'
'എന്തുണ്ടായി മാളു? ഇക്കിൾവരുന്നോ?'
അവൾ ചായ മുന്നിലെ കൊച്ചു ടേബിളിൽ വച്ചു. ഒരു കടിയുടെ കുറവു ബാധിച്ച അപ്പവും അവിടെ വച്ചു.
'എന്തുണ്ടായി? കുട്ടന്റെ മുഖം പെട്ടന്നു വാടിയല്ലോ? നിമിഷംകൊണ്ട് എവിടെ പോയി ആ സന്തോഷമൊക്കെ?'
'ഞാൻ കണ്ടു വച്ച സാരിയാണതെന്നു ചേട്ടനറിഞ്ഞത് നന്നായി. അറിഞ്ഞതുകൊണ്ടല്ലേ എനിക്കതു കിട്ടിയത്?'
'ഹാ, കുട്ടാ...'
'ഞാൻ എന്തായാലും ബ്ലൗസ് പീസ് രമയുടെ കയ്യിൽ ഇന്നുതന്നെ കൊടുക്കും.'
'അതു നീ നേരുത്തെ പറഞ്ഞതല്ലേ?'
'നല്ല സാരി അല്ലെ ചേട്ടാ?'
'മോക്ക് നല്ലപോലെ ചേരും മോടെ നിറത്തിനു നല്ലപോലെ മാച്ചു ചെയ്യും...'
‘ഹാ...അതെ ചേട്ടാ?’
നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി.
‘നീ എന്താ എന്നെ ഇങ്ങനെ വല്ലാതെ നോക്കുന്നേ?’
'ഒന്നുമില്ല ചേട്ടാ…വിജയലക്ഷ്മിയും ഞാനും കൂടിയായിരുന്നു കടയിൽ കയറിയത്. ഞാൻ സാരി വാങ്ങാതെ പോന്നത് വിജയലക്ഷ്മിക്കും സങ്കടമായി? ഒരുസുന്ദരിയാണവൾ, അല്ലെ ചേട്ടാ?'
‘ഹാ, നീ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലായി. വിജയലക്ഷ്മിയാണോ എന്നോട് പറഞ്ഞതെന്നല്ലേ?’
'മ്, അതു തന്നെ?'
‘എന്നാ അവളുതന്നെയാ എന്നോട് പറഞ്ഞത്.'
മാളൂന്റെ നെടുവീർപ്പ് അവൻ കേട്ടു. അവൾ ഒന്നും മിണ്ടുന്നില്ല.
'മാളൂ...മാളൂ...അപ്പവും, ചായയും തണുത്തു'
'ചേട്ടൻ അവളോടു മിണ്ടുന്നതെനിക്കിഷ്ടമല്ല. അതു ചേട്ടന് നന്നേ അറിയാവുന്ന കാര്യമല്ലേ? പിന്നെന്തിനാ അവളോടു സംസാരിച്ചേ?' വിജയ ലക്ഷ്മി വളരെ സുന്ദരിയാണ്. ഒരു വല്ലാത്ത ആകർഷണം. ചേട്ടൻ അവളോടടുക്കുന്നത് എനിക്കു തീരെ ഇഷ്ടമല്ല.’
'സൗന്ദര്യവും, ആകർഷണീയതയും അങ്ങു വിട്. നേരിൽ കണ്ടാൽ എനിക്കവളോട് മിണ്ടാതിരിക്കാൻ കഴിയുമോ. എന്റെ അമ്മേടെ ആങ്ങളയുടെ മോളല്ലേ അവൾ? എനിക്കവളോട് ഒരുപാടു സ്നേഹമുണ്ട് മാളൂ. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവൾ എനിക്ക് അനുജത്തിയെപ്പോലെയല്ലേ?'
'ഞാൻ പോവാ...' അവളുടെ തണുത്ത ചായയും, അപ്പവും, എന്റെ കാലി പ്ലേറ്റും , കാലി കപ്പും എടുത്തുകൊണ്ട് മിടിയുടെ അറ്റം കഥകളി വേഷംപോലെ മുഴപ്പിച്ചു പറത്തി പദസരംകിലുക്കി അവൾ പോയി.
'വെളുത്തു തുടുത്തിരിക്കുന്നന്നേയുള്ളൂ...അസൂയകൊണ്ടുപടച്ചുണ്ടാക്കിയതാ...' അവൻ മനസ്സിൽ മന്ത്രിച്ചു മന്ദഹസിച്ചു.
നേരം പുലർന്നു പല്ലു തേക്കാനിറങ്ങിയപ്പോ അമ്മ പറഞ്ഞു... 'മോള് കുളിച്ചു ശുദ്ധി വരുത്തി അമ്പലത്തിപ്പോയി തൊഴണം. ഇന്നലെ മോടെ മുഖം വാടിയിരിക്കുന്നതു അമ്മ കണ്ടു. കൂടെക്കൂടെ അമ്പലത്തിൽ പോണം മോളെ. നല്ലതുവരാൻ പ്രാർത്ഥിക്കണം.'
'ചേട്ടന്റെ അമ്മയാണ്. പക്ഷേ ഈ അമ്മയെ എനിക്കു സ്വന്തം അമ്മയെപ്പോലെയാണ്. അതുപോലെതന്നെയാണ് അമ്മയ്ക്കും...'
പിന്നെപ്പിന്നെ അവൾ മനസ്സിലാക്കിത്തുടങ്ങി. അമ്മക്ക് എന്നെ കാണുമ്പോഴൊക്കെ ഒരു സഹതാപം. അനുകമ്പ. എനിക്കെന്തോ സംഭവിക്കാൻപോണൂന്ന് ആ മിഴികളിൽ കാണാം.'
അവൾ ഓർത്തു തുടങ്ങി. 'ചേട്ടൻ എന്നെ വിവാഹം കഴിച്ചു വന്ന നാൾ മുതൽ അമ്മയുടെ മുഖത്ത് അതുണ്ട്. സഹതാപമെന്നുവേണം പറയാൻ.'
ഒരു ദിവസം അമ്മയുടെ തടിപ്പെട്ടി പൂട്ടാതെ, അമ്മ എന്റെ മൂത്ത നാത്തൂന്റെ വീട്ടിലേക്കുപോയി. ചേട്ടനാണ് കൊണ്ടു പോയത്. അച്ഛൻ എന്തോ നാട്ടുകാര്യത്തിനു വെളിയിലേക്കു പോയി. ഞാൻ അമ്മയുടെ തടിപ്പെട്ടി തുറന്നു. നീറ്റായി മടക്കിവച്ച കുറെയധികം സെറ്റും മുണ്ടുകളും. വലതു വശത്തു ഒരു നീണ്ട കൊച്ചു അടപ്പുള്ള അറ. ഞാൻ അതു തുറന്നു. ഒരു കെട്ടു ജാതകങ്ങൾ. ഡൽഹിയിൽ പഠിക്കുന്ന ആരാധനയുടെയും, ചേട്ടന്റെയും, അനുജന്റെയും, മൂത്ത നാത്തൂന്റെയും ജാതകങ്ങൾ. നാലു ജാതകങ്ങൾ. തെറിച്ചു വീണ റബ്ബർബാൻഡിനായി ഞാൻ അവിടൊക്കെ പരതി. ഭാഗ്യത്തിനു കിട്ടി. പിന്നെ മഹേഷിന്റെ ജാതകവും എടുത്ത് ഞാൻ കിടക്കമുറിയിലേക്കു പോയി. ഓരോ പേജ്ഉം നിർത്തി, നിർത്തി വായിച്ചു. പെട്ടന്നാണ് എന്റെ തല കറങ്ങിയത്. ചിറി ഉണങ്ങി. ഹൃദയം പടപടാ മിടിച്ചു.
'ഒരു രണ്ടാം കെട്ടിനു യോഗം കാണുന്നുണ്ട്....'
ഞാൻ ജാതകങ്ങളെല്ലാം റബ്ബർബാൻഡിട്ടു തിരിയെ വച്ചു.
'അപ്പൊ അതാണ് അമ്മക്കെന്നോട് ഒരു അനുകമ്പ.'
കൊല്ലം മൂന്നായി വിവാഹം കഴിഞ്ഞിട്ട്. അഞ്ചു വർഷം കുഞ്ഞു വേണ്ടാന്നു വച്ചു. അടിച്ചുപൊളിച്ചു ജീവിക്കാനാണ് ചേട്ടനും ഇഷ്ടം. 'ഒരു പക്ഷേ ഇനി എനിക്ക് കുഞ്ഞു ജനിക്കാത്തതാണോ? കുറെ നാൾ കഴിഞ്ഞു, കുഞ്ഞു ജനിക്കാത്തതിന്റെ കാരണത്താലായിരിക്കുമോ എന്നെ ബന്ധം ഒഴിഞ്ഞു ചേട്ടൻ രണ്ടാം കെട്ടിനു പോണത്? ഡേറ്റുകൾ പാലിച്ചു മാത്രമായിരുന്നു ഈ മൂന്നു വർഷവും കുഞ്ഞുണ്ടാകാതെ ശ്രദ്ധിച്ചിരുന്നത്. ഒരു കുഞ്ഞു പിറന്നാൽ എനിക്ക് ഒരുപക്ഷേ നിലനിൽപ്പുണ്ടായേക്കും...അതെ, അതാണെന്റെ ആവശ്യം.
ദിനങ്ങൾ ആഴ്ചകളായി. ആഴ്ചകൾ മാസങ്ങളായി.
ഒരു ചെറിയ മനംപുരട്ടൽ. അവൾക്ക് ഓക്കാനം വരുന്നു. വാഷ്‌ബേസിനിൽ അവൾ ഛർദിച്ചു. അമ്മയുടെ മുഖത്തു സന്തോഷം വിടർന്നു. അമ്മ പുറം തടവി.
'കുട്ടനെന്തു പറ്റി?' മഹേഷ് ചോദിച്ചു.
'പറ്റേണ്ടതു പറ്റി. ദൈവം എന്റെ പ്രാർത്ഥന കേട്ടു. നീ ഇവളെ ഡോക്ടറെ കാണിക്ക്...'
മാളവിക ഗർഭിണി ആണ്. വീടിനാഘോഷം.
ഒരു ദിവസം മഹേഷ് മാളവികയോട് ചോദിച്ചു...'നമ്മൾ ഡേറ്റുകൾ പാലിച്ചു പോയിരുന്നതല്ലേ? ഇതുവരെ ഒന്നും സംഭവിച്ചില്ലായിരുന്നല്ലോ? ഇപ്പൊ പിന്നെ...?'
'എനിക്കൊന്നും അറിയില്ല ചേട്ടാ. സംഭവിച്ചതായിരിക്കും.' ഞാൻ ഡേറ്റുകൾ തിരുത്തിപ്പറഞ്ഞതു ഒരു പക്ഷേ ചേട്ടൻ മനസ്സിലാക്കിയിട്ടുണ്ടാകുമോ? എന്തായാലും എന്റെ രക്തത്തിലെ ഒരു കുഞ്ഞ് എനിക്ക് തുണയായി പിറക്കുമല്ലോ?'
പക്ഷേ ഉറങ്ങുമ്പോഴും, ഉണരുമ്പോഴും ആ ജാതകത്തിലെ വാക്കുകൾ അവളെ വല്ലാതെ സ്വാധീനിക്കുന്നുണ്ടായിരുന്നു. എങ്ങനെങ്കിലും വിജയലക്ഷ്മിയുടെ കല്യാണം അങ്ങ് കഴിഞ്ഞിരുന്നെങ്കിൽ! ഒരു പക്ഷേ ഇനി അവൾതന്നെയായിരിക്കുമോ ചേട്ടന്റെ രണ്ടാം വധു?
ജാതകപ്രകാരം, ഇനി സാഹചര്യങ്ങൾ മാറിമാറി ഉണ്ടായിക്കൊണ്ടേ ഇരിക്കുമോ? എത്ര ഉറ്റ മിത്രങ്ങൾ ശത്രുക്കളായി മാറുന്നു? ഏതെങ്കിലും സാഹചര്യം ഉടലെടുത്താൽ പോരെയോ? ഏതു സാഹചര്യമായിരിക്കും എന്റെ ജീവിതം മാറ്റി മറിക്കാൻ വരുന്നത്? ഇനി ഒരു പക്ഷേ ഞാൻ ഗർഭിണി ആയതിൽ സംശയം ഉണ്ടായെന്നു വരുമോ? സാഹചര്യം, പിറവി എടുക്കാൻ കാത്തിരിക്കയാണോ? പല സംശയങ്ങൾ അവളുടെ മനസ്സിൽ കുന്നുകൂടി.
ഛർദിയെല്ലാം മാറി ഒരു ദിവസം രാവിലെ സമാധാനമായി കാപ്പികുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇടിത്തീപോലെ ഒരു സംശയം മനസ്സിൽ വീണത്. 'ഇനിയിപ്പോ ചേട്ടന്റെ രണ്ടാംകെട്ടാണോ ഞാൻ?' മനസ്സിന്ന് ഒരു സമാധാനവും കിട്ടുന്നില്ലല്ലോ? ഞാൻ ആ പെട്ടി തുറക്കണ്ടായിരുന്നൂ.
ബെല്ലു മുഴങ്ങുന്നല്ലോ? ആരോ വന്നിട്ടുണ്ട്.
കതകു തുറക്കുന്ന ശബ്ദം അവൾ കേട്ടു.
അമ്മയുടെയും വേറെ പരിചിതമായ ശബ്ദവും കേട്ടു തുടങ്ങി. പെട്ടന്നാണ് അമ്മയും, അമ്മയുടെ മൂത്ത ആങ്ങള മാധവൻഅമ്മാവനും ഡൈനിങ്ങ് ഹാളിൽ എത്തിയത്.
'സുഖമാണോ മോളെ?' വന്ന പാടെ അമ്മാവൻ ചോദിച്ചു. പിന്നെ ജുബ്ബയുടെ നീണ്ട പോക്കറ്റിൽ കയ്യിട്ട് ഒരു കൊച്ചു ബുക്ക് എടുത്ത് അമ്മയുടെ കയ്യിലേക്ക് കൊടുത്തു.
'ജ്യോത്സ്യൻ എന്ത് പറഞ്ഞു ചേട്ടാ?'
'ജനന സമയത്തിൽ ഒരു ചെറിയ വ്യത്യാസം. അതാണു സംഭവിച്ചത്.
'ആരുടെയോ ജാതകമാണ്...' അവൾ വിചാരിച്ചു.
ഇപ്പൊ അമ്മയുടെ പെരുമാറ്റത്തിൽ മാറ്റം സംഭവിച്ചിരിക്കുന്നു. അമ്മ പഴയപോലെ അനുകമ്പ പ്രകടിപ്പിക്കുന്നില്ല. സ്നേഹം മാത്രം. എനിക്കെന്തോ സംഭവിക്കാൻ പൊന്നു എന്ന മട്ട് ഇപ്പൊ അമ്മയുടെ മുഖത്തില്ല.
'ആ ജാതകം കൈക്കലാക്കണം. അതു ചേട്ടന്റെ തന്നെയാ...' അവൾ മനസ്സിൽ മന്ത്രിച്ചു. അടുക്കെ തന്നെ അതു സംഭവിച്ചു. എല്ലാരും വെളിയിലേക്ക് പല കാരണങ്ങളാൽ പോയി.
അവൾ പെട്ടി തുറന്നു.
ചേട്ടന്റെ പഴയ ജാതകത്തിനു പകരം പുതിയ ജാതകം. അവൾ എല്ലാം വായിച്ചു...'ഭാര്യ സുന്ദരിയായിരിക്കും...ശാലീനത അവളുടെ സ്വഭാവത്തിൽ ഉണ്ടായിരിക്കും...അവളുടെ സ്വാധീനം കൊണ്ട് ജീവിതത്തിൽ നല്ല പുരോഗതിയുണ്ടാകും...ഐശ്വര്യപൂർണ്ണമാകും... '
‘രണ്ടാം കെട്ട് ‘അപ്രത്യക്ഷമായ സന്തോഷത്തിലാണവളിപ്പോൾ.
Written by R Muraleedharan Pillai
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക