പ്രവാസത്തിലെ വിരസമായ ആ ഒഴിവുദിനത്തില്‍, അയാള്‍ തന്‍റെ മൊബൈലില്‍ പാട്ടും കേട്ടങ്ങനെ കിടക്കുകയായിരുന്നു...
അപ്പോഴാണ് സഹമുറിയന്‍ ബാലു വന്നയാളെ തോണ്ടിവിളിച്ചത്. "എന്താ??" എന്ന അര്‍ത്ഥത്തില്‍ നോക്കിയ അയാളോട് ബാലു ഇയര്‍ഫോണ്‍ ഊരാനാംഗ്യം കാണിച്ചു. അതൂരിമാറ്റിയ അയാളോടും, ഒപ്പം മറ്റു രണ്ടു റൂംമേറ്റ്സിനോടുമായിട്ട് ബാലു പറഞ്ഞു, "ദേ ഇന്ന് എന്‍റെ വക ഗംഭീര ചെലവാ ട്ടോ..."
കൂട്ടത്തില്‍ അയാളാണ് ചോദിച്ചത്, എന്താ കാര്യമെന്ന്...
ബാലു പറഞ്ഞു, "എടാ, എന്‍റെ മോന് എന്ട്രന്‍സിന് റാങ്ക് ഉണ്ടെടാ.... "
എല്ലാ മുഖങ്ങളും പ്രകാശപൂരിതമായി. അനന്തരം എല്ലാരും മക്കളെപ്പറ്റിയുള്ള തങ്ങളുടെ പ്രതീക്ഷകളേയും, അവരുടെ ഭാവി ശോഭനമാക്കുന്നതില്‍ തങ്ങള്‍ പാലിയ്ക്കേണ്ട നിഷ്ക്കര്‍ഷകളേയും പറ്റി വാചാലരായപ്പോള്‍, അയാള്‍ പതിയെ കുളിയ്ക്കാനുള്ള തന്‍റെ ഒരുക്കങ്ങളിലേയ്ക്ക് കടന്നു.
അപ്പോള്‍ ബാലു അയാള്‍ക്ക് നേരെ തിരിഞ്ഞു... "നിന്‍റെ മോന്‍റെ പ്ലാന്‍സ് എന്തൊക്കെയാടാ....??"
ഒരു നനുത്ത ചിരിയോടെ അയാള്‍ പറഞ്ഞു, "ബാലൂ, ന്‍റെ മോനൊന്ന് വീഴാതെ നടന്നുകാണാനും, മറ്റുള്ളവരെ ആശ്രയിയ്ക്കാതെ സ്വന്തം കാര്യങ്ങള്‍ ചെയ്തുകാണാനും, വാതോരാതെ സ്ഫുടമായെന്നോടു ഒന്നു സംസാരിച്ചുകാണാനും മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ, എന്നും... അതില്‍ക്കവിഞ്ഞൊരു മോഹവും പ്രതീക്ഷയും എനിക്കില്ലെടാ...."
അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ ആ സദസ്സാകെ മൂകമായി. കാരണം, അയാളുടെ മോന്‍റെ ശാരീരിക പരാധീനതകള്‍ നേരിട്ടറിയാവുന്നവര്‍ തന്നെയായിരുന്നല്ലോ അവര്‍ എന്നത് തന്നെ. തങ്ങളുടെ കാര്യങ്ങള്‍ സംസാരിയ്ക്കുന്നതിനിടയില്‍ ഒരു നിമിഷം അവരക്കാര്യം ഓര്‍ത്തില്ലായെന്നു മാത്രം. ഒരു പേരിട്ടുവിളിയ്ക്കാന്‍ പറ്റാത്ത തരത്തിലുള്ള ആ വികാരത്തില്‍ അവര്‍ക്കപ്പോള്‍ വന്നു ചേര്‍ന്ന ആ നിശബ്ദതയില്‍, അവര്‍ക്കാവശ്യമായത് തന്‍റെയൊരു സമാശ്വാസിപ്പിയ്ക്കലാണെന്ന് ബോദ്ധ്യമായതിനാല്‍ അയാള്‍ത്തന്നെ തുടര്‍ന്നു...
"അത് വിടെടാ, ഞാന്‍ വേഗം കുളിച്ചിട്ടുവരാം, നിന്നെക്കൊണ്ട് ഇന്ന് കൊറേ ചെലവ് ചെയ്യിപ്പിയ്ക്കാനുള്ളതാ...."
ഒരു പൊട്ടിച്ചിരിയോടെ ഇതും പറഞ്ഞ് അവരെ കടന്നയാള്‍ പോയപ്പോള്‍, അയാള്‍ വരുത്തിയ ആ ശൂന്യതയ്ക്ക് പോലും, ആ മുറിയില്‍ വ്യക്തമായൊരു രൂപമുണ്ടായിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക