Slider

ചെന്നൈ എക്സ്പ്രസ്


ഒരിക്കല്‍ മരണത്തിന്റെ മാലാഖ ഒരു ട്രെയിന്‍ യാത്രക്ക് പുറപ്പെട്ടു. വൈകുന്നേരം അഞ്ചു പതിനഞ്ചിനു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ചെന്നെ എക്സ് പ്രസിൽ കയറാനായിരുന്നു പ്ലാന്‍ .

നഗരം ഒരു കനൽക്കട്ട പോലെ ചുട്ടുപഴുത്ത മദ്ധ്യാഹ്നത്തിന്റെ അവസാന മണിക്കൂറുകളായിരുന്നു അത്.എസ്കലേറ്ററിൽ നിൽക്കെ അടുത്ത് നിന്ന യുവതിയോടു മരണം ചെന്നെ എക്സ്പ്രസിന്റെ പ്ലാറ്റ് ഫോം ചോദിച്ചു. അവൾ മൊബൈലിൽ നെറ്റ് ഫ്ലിക്സ് കാണുകയായിരുന്നു.

"അഞ്ച് .".

ഇയർഫോൺ ഒരു നിമിഷം ചെവിയിൽനിന്നു മാറ്റി മരണത്തിനെ ഒന്നു സൂക്ഷിച്ചു നോക്കിയശേഷം അവള്‍ പറഞ്ഞു. സുമുഖനായ മുപ്പതു വയസ്സുകാരന്റെ രൂപത്തിൽ ജീൻസും ചെക്ക് ഷർട്ടുമണിഞ്ഞ മൃത്യുദേവൻ അവളെ കാരുണ്യത്തോടെ നോക്കി. അവൾക്ക് എഴു വർഷവും പത്തു മാസവും നാലേകാൽ മണിക്കുറും കൂടിയേ ആയുസ്സുള്ളുവെന്ന് മരണത്തിന് അറിയാമായിരുന്നു.അതിൽ ഏറിയ സമയവും അവൾ വെറുതെ കളയുന്നു.മരണം ദീർഘമായി നിശ്വസിച്ചു.

ട്രെയിൻ പുറപ്പെടുന്നതിന്റെ ഹോൺ മുഴങ്ങി.ഒരു അക്വാഫീനാ ബോട്ടിൽ ധ്യതിയിൽ വാങ്ങി ബാക്കി രണ്ടു രൂപ വാങ്ങിക്കാന്‍ നില്‍ക്കാതെ മരണം ചെന്നെ എക്സ്പ്രസിന്റെ സ്ളീപ്പർ കോച്ചുകളിലൊന്നിലേക്ക് ചാടിക്കയറി.

ആ കമ്പാര്‍ട്ട്മെന്റില്‍ തിരക്ക് കുറവായിരുന്നു.ഡോറിന്റെ ഇരുവശത്തുമിരുന്ന മോക്ഷം ലഭിക്കാത്ത മരിച്ച രണ്ടാത്മാക്കള്‍ മരണത്തിനു ബഹുമാനപൂര്‍വ്വം വഴികൊടുത്തു.അവരിലൊരാള്‍ നാനൂറു വര്‍ഷമായി മോക്ഷപ്രാപ്തിക്ക് അലയുന്നു.മറ്റെയാള്‍ അമ്പതു വര്‍ഷവും.ഈ ഭാഗത്തെ ട്രെയിന്‍ യാത്രകളില്‍ അവരെ മരണം ഇടയ്ക്കിടെ കാണുന്നതാണ്.

“ആരെയോ തിരഞ്ഞിറങ്ങിയതാണ്.” .ആത്മാക്കളില്‍ ഒരാള്‍ കുശുകുശുത്തു.

“ഇങ്ങനെ നേരിട്ട് പോകുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല.ഇപ്പോള്‍ അകലെയിരുന്നാണ് നിയന്ത്രണം എന്ന് ആരോ പറയുന്നത് കേട്ടു.”മറ്റെയാള്‍ പറയുന്നു.

“മരണത്തിനും ചിലപ്പോള്‍ വിരസത തോന്നാം.ഇല്ലെന്നു പറയാന്‍ കഴിയുമോ ?” അവര്‍ തന്നെക്കുക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് മരണം കേട്ടില്ലെന്നു നടിച്ചു.

ബോഗിയില്‍ യാത്രക്കാര്‍ കുറവാണ് .ഏറിയാല്‍ ആറോ ഏഴോ പേരോ കാണും.ഒരാള്‍ കിടന്നുറങ്ങുന്നുണ്ട്.അയാളുടെ തലയ്ക്കല്‍ ഒരു മാലാഖ ഇരിക്കുന്നത് മരണം കണ്ടു.മരണത്തെ നോക്കി മാലാഖ പുഞ്ചിരിച്ചു.യാത്രക്കാരനൊരു വൃദ്ധനാണ്.അയാള്‍ക്ക് ഇനിയും എട്ടു പത്തു വര്‍ഷം കൂടി ആയുസ്സുണ്ട്. ഈ പ്രായത്തിലും അയാള്‍ക്ക് ധാരാളം കടങ്ങളുണ്ട്.അയാള്‍ക്കരികിലിരിക്കുന്ന മാലാഖ ശാന്തമായ സ്വപ്നങ്ങള്‍ നല്‍കി അയാളെ സ്വാന്തനിപ്പിക്കുന്നു.

ഒരു ചെറുപ്പക്കാരന്‍ വിന്‍ഡോ സീറ്റിനരികില്‍ ഇരുന്നു മൊബൈലില്‍ സിനിമ കാണുന്നു.അവന്റെ തൊട്ടടുത്തു തന്നെ ഒരു ചെകുത്താനും നില്‍പ്പുണ്ട്.ചെകുത്താന്‍ അവന്റെ ഉള്ളില്‍ അശ്ലീല വീഡിയോ കാണുവാനുള്ള ചിന്തകള്‍ ഊതികയറ്റുകയാണ്.ആ ചെറുപ്പക്കാരന്റെ കാവല്‍മാലാഖ ,ഒപ്പം സഞ്ചരിക്കുന്ന വേറൊരു കാവല്‍മാലാഖയുമായ് സംസാരിച്ചുകൊണ്ടിരിക്കുന്നു.ചെറുപ്പക്കാരനെ കുറെ നേരത്തേക്ക് തനിക്ക് സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അവന്റെ കാവല്‍മാലാഖ ,തന്റെ പഴയ സുഹൃത്തിനെ ട്രെയിനില്‍ വച്ച് കണ്ടപ്പോള്‍ പരിചയം പുതുക്കിയത്.

മരണത്തിന്റെ അധിപന്‍ ട്രെയിനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ബോഗിയിലുണ്ടായിരുന്ന ആത്മാക്കളും മാലാഖമാരും ചെകുത്താന്‍മാരും ആരവം മുഴക്കി. ചെകുത്താന്‍മാരും ആത്മാക്കളും അവിടുത്തെ മുന്‍പില്‍ മുട്ടുകുത്തി. പദവിയില്‍ കുറഞ്ഞ മാലാഖമാരും മരണദൂതനെ വണങ്ങി.
എന്നാല്‍ ബോഗിയിലുണ്ടായിരുന്ന മറ്റു മനുഷ്യര്‍ ജീന്‍സും മുഷിഞ്ഞ ചെക്ക് ഷര്‍ട്ടും ധരിച്ച ഒരു യുവാവ് നടന്നു വന്നു ഒരു ഒഴിഞ്ഞ വിന്‍ഡോ സീറ്റില്‍ ഇരിക്കുന്നത് മാത്രമാണ് കണ്ടത്.അയാളെ വിയര്‍ക്കുന്നതും ,കയ്യിലുണ്ടായിരുന്ന ബോട്ടിലിലെ വെള്ളം മടമടാ കുടിക്കുന്നതും അവര്‍ കണ്ടു.അതൊരു സാധാരണ കാഴ്ച മാത്രമാണല്ലോ.

“അങ്ങ് എവിടെക്കാണ്‌ ?” ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ പ്രണയം വിതറുന്ന രക്തചുവപ്പ് നിറമുള്ള ഒരു പെണ്‍മാലാഖ മരണത്തിന്റെ അരികിലെത്തി ചോദിച്ചു.

അപരിചിതരായ യാത്രക്കാരുടെ നോട്ടങ്ങള്‍ പരസ്പരം കൂട്ടിമുട്ടിക്കുന്ന ജോലിയായിരുന്നു അവളുടേത്‌.
മരണത്തിനു മറുപടി പറയാന്‍ കഴിഞ്ഞില്ല.അതിനു മുന്‍പ് പെന്‍സില്‍ പോലെ നീണ്ട കഴുത്തുള്ള ഒരു കറുമ്പന്‍ ചെകുത്താന്‍ ഓടിക്കിതച്ചു മരണത്തിന്റെയരികില്‍ വന്നിരുന്നു.അവനു മരുന്നിന്റെ ഗന്ധമായിരുന്നു.

“അവര്‍ വരുന്നുണ്ട്.” ചെകുത്താന്‍ അണച്ച് കൊണ്ട് പറഞ്ഞു.

“ആര്?’മരണം ചോദിച്ചു.

“ഞാന്‍ കഴിഞ്ഞദിവസം അങ്ങയോടു പറഞ്ഞ വൃദ്ധനും ഭാര്യയും.വൃദ്ധന്‍ പതിനാലു ദിവസമായി മെഡിക്കല്‍ കോളേജിലായിരുന്നു.അയാളുടെ ആത്മാവിനെ തിരിച്ചെടുക്കാന്‍ ഞാന്‍ ആവുംവിധം നോക്കി.എന്നാല്‍ ആ നശിച്ച ആത്മാവ് അയാളുടെ എല്ലിന്‍കൂട് പോലെയുള്ള ശരീരത്തില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുകയാണ്.ഞാന്‍ തളര്‍ന്നു. സഹായത്തിനായി നഗരത്തിലെ മരണവിഭാഗത്തിലെ മറ്റു ചെകുത്താന്‍മാരെക്കൂടി വിളിച്ചു.അവര്‍ നോക്കിയിട്ടും നടന്നില്ല.തിരക്കായത് കൊണ്ട് അവര്‍ തിരിച്ചു പോയി.അതുകൊണ്ടാണ് അങ്ങയെത്തന്നെ വിവരമറിയിക്കേണ്ടി വന്നത്.”

“ഹഹ..നിന്നെ എനിക്ക് പണ്ടേ അറിയാം.നിനക്ക് ജോലി ചെയ്യാനുള്ള മടി സ്വര്‍ഗ്ഗത്തിലും നരകത്തിലുമുള്ള സകലയാളുകള്‍ക്കും അറിയാം.” പ്രണയത്തിന്റെ മാലാഖ അവനെ കളിയാക്കി.

ചെകുത്താന്റെ പെന്‍സില്‍ പോലെയുള്ള കഴുത്തു ദേഷ്യം കൊണ്ട് വീണ്ടും നീണ്ടു.ഏരിയല്‍ പോലെ നീണ്ട കൊമ്പുകള്‍ വിറപ്പിച്ചുകൊണ്ട് ചെകുത്താന്‍ പറഞ്ഞു.

“എക്സ്പ്രസ് ട്രെയിനില്‍ പ്രണയം വാരിവിതറുന്നതുപോലെ എളുപ്പമല്ല മെഡിക്കല്‍ കോളേജില്‍നിന്ന് ഒരു ജീവന്‍ കൊണ്ടുവരുന്നത്.”

“എന്റെ ജോലിയെപ്പറ്റി നിനക്കെന്തറിയാം ?ഈ ആധുനിക കാലഘട്ടത്തില്‍ രണ്ട് മനുഷ്യര്‍ക്കിടയില്‍ പ്രണയം സൃഷ്ടിക്കുന്നത് മരുഭൂമിയില്‍ മുന്തിരിവള്ളി നട്ടുവളര്‍ത്തുന്നത് പോലെയാണ്.”

അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ വെളുത്ത മുണ്ടും കള്ളിഷര്‍ട്ടുമണിഞ്ഞ ഒരു വൃദ്ധനും ,സെറ്റ് മുണ്ടും നേര്യതുമണിഞ്ഞ ഒരു സ്ത്രീയും മരണത്തിന്റെ മുന്‍പിലെ ബര്‍ത്തില്‍ വന്നിരുന്നു.

“മോനെ ഇവിടെ റിസര്‍വേഷന്‍കാരു വരുവോ.ഞങ്ങള്‍ക്ക് കോട്ടയം വരെ പോകാനുള്ളതാ?” വൃദ്ധന്റെ ഭാര്യ മരണത്തിനോട് തിരക്കി.

“കോട്ടയം വരെ കുഴപ്പമില്ലാന്ന് തോന്നുന്നു..കൊല്ലത്തുന്നു ആരാണ് കേറാനുണ്ട്..”മരണം അറിയിച്ചു.

“കണ്ടില്ലേ ..പതിനായിരക്കണക്കിന് മാലാഖമാരുടെ മുകളിലാണ് മരണത്തിന്റെ സ്ഥാനം. പക്ഷെ ഇത്രയും ചെറിയ കാര്യംപോലും അദ്ദേഹം ശ്രദ്ധിക്കുന്നത് കണ്ടോ ?’ പ്രണയത്തിന്റെ മാലാഖ പെന്‍സില്‍ ചെകുത്താനോട് പറഞ്ഞു.

“എന്നെ ഉപദേശിച്ചു സമയം കളയാതെ ആ ഡോറിന്റെയങ്ങോട്ട് ചെല്ല്..അവിടെ ഒരു ആണും പെണ്ണും ഫോണില്‍ തോണ്ടിക്കൊണ്ട് നില്പുണ്ട്.കുറച്ചു പ്രേമം വാരിയെറിഞ്ഞിട്ടു വാ..”

പെന്‍സില്‍ ചെകുത്താന്‍ പ്രണയത്തിന്റെ മാലാഖയോട് ദേഷ്യപ്പെട്ടു.

“നിങ്ങള്‍ ഇങ്ങനെ തര്‍ക്കിച്ച് ശല്യമുണ്ടാക്കരുത്.” മരണം രണ്ടുപേര്‍ക്കും താക്കീത് നല്‍കി.

അപ്പോഴേക്കും മരണമിരിക്കുന്ന ബര്‍ത്തിലും സമീപത്തുമായി ചെകുത്താന്‍മാരും മാലാഖമാരും ബഹളം കൂട്ടാന്‍ തുടങ്ങി.

“ഞാന്‍ നുണയുടെ ചെകുത്താനാണ്.എനിക്ക് ഒരു അവസരം തന്നാല്‍ ട്രെയിന്‍ അടുത്ത സ്റ്റോപ്പില്‍ എത്തുന്നതിനു മുന്പ് ഈ ജോലി തീര്‍ത്തു തരാം.ഇത്ര ചെറിയ ഒരു കാര്യത്തിനു വേണ്ടി മരണത്തിന്റെ പ്രഭുവിനെ ഈ നശിച്ച ട്രെയിനിലെത്തിക്കേണ്ടി വന്നത് ചെകുത്താന്‍ വര്‍ഗ്ഗത്തിനു നാണക്കെടായി.”

തണ്ണിമത്തന്റെ ആകൃതിയില്‍ കുടവയറുള്ള ഒരു വയസ്സന്‍ ചെകുത്താന്‍ പറഞ്ഞു.

“ടിക്കറ്റ് എടുത്തു വച്ചോ .ടി.ടി .ആര്‍ വരുന്നുണ്ട്.”ചെറുപ്പക്കാരന്‍ വൃദ്ധദമ്പതികള്‍ക്ക് മുന്നറിയിപ്പു നല്‍കി.

ടി.ടി.ആറിനെ കണ്ടതും വൃദ്ധന്‍ വിറച്ചുകൊണ്ട് ഭാര്യയുടെ തോളില്‍ ചാരി.

“അത്..അത് മേലേടത്തെ കുഞ്ഞിരാമന്‍ നായരല്ലേ?”വൃദ്ധന്‍ ടി.ടി.ആറിനെ നോക്കി പുലമ്പി.ഭാര്യ അയാളുടെ തോളില്‍പ്പിടിച്ചു നെഞ്ചു തിരുമ്മി കൊടുത്തു.

“ഇടക്കിടക്ക് ഇങ്ങനെ വിറയലും ബോധക്ഷയവും വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.സാരമില്ല.എന്റെ കെട്ടിയോനെ അങ്ങിനെയൊന്നും മരണം കൊണ്ട് പോകത്തില്ല.”

വൃദ്ധ നെഞ്ചു തിരുമ്മുന്നതിനിടയില്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.അത് കേട്ടു എതിരെയിരുന്ന ചെറുപ്പക്കാരന്റെ മുഖം വിവര്‍ണ്ണമായി.

“നീയാ വെള്ളമിങ്ങു തന്നെ കൊച്ചെ..ഇതിയാനിത്തിരി വെള്ളം കൊടുക്കട്ടെ.” വൃദ്ധ ചെറുപ്പക്കാരന്റെ കയ്യിലിരുന്ന അക്വാഫീനയുടെ ബോട്ടില്‍ വാങ്ങിച്ചു.

മരണത്തിന്റെ കയ്യില്‍നിന്ന് വെള്ളം വാങ്ങിച്ചു വൃദ്ധ ഭര്‍ത്താവിന് കൊടുക്കുന്നത് കണ്ടു വയസ്സന്‍ ചെകുത്താന്‍ തന്റെ ശിരസ്സ്‌ കുനിച്ചു.തന്റെ ശ്രമം പരാജയപ്പെട്ടിരിക്കുന്നു.ചുറ്റും കൂടി നില്‍ക്കുന്ന അരൂപികളുടെ കളിയാക്കലുകള്‍ സഹിക്കാന്‍ കഴിയാതെ ചെകുത്താന്‍ ലാട്രിനില്‍നിന്ന് വമിക്കുന്ന രൂക്ഷമായ ദുര്‍ഗന്ധത്തിലലിഞ്ഞു ദൂരേക്ക് പറന്നുപോയി.

“അല്ല ..മേലെടത്തെ കുഞ്ഞിരാമന്‍നായര്‍ മരിച്ചിട്ട് നാലഞ്ചു വര്‍ഷമായി.ഇപ്പൊ അയാളെ ഓര്‍ക്കാന്‍ കാരണമേന്താ ?’അവര്‍ തിരക്കി.

“ഞങ്ങള്‍ ഒരു പ്രായമായിരുന്നു.അയാള്‍ക്ക് നിന്നെ ഇഷ്ടമായിരുന്നു.”അല്‍പനേരത്തെ നിശബ്ദതക്ക് ശേഷം വൃദ്ധന്‍ പറഞ്ഞു.

മൊബൈലില്‍ കളിച്ചുകൊണ്ടിരിക്കുന്ന മട്ടില്‍ മരണം അവരുടെ സംഭാഷണം കേള്‍ക്കാത്തപോലെ നടിച്ചു.

“ഓ,എനിക്കതറിയാമായിരുന്നു.പണ്ടമ്പലത്തിലോട്ട് പോകുമ്പം വായ്‌ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.”

“അല്ല.അയാള്‍ക്ക് നിന്നെ ശരിക്കും ഇഷ്ടമായിരുന്നു.നിന്റെ വീട്ടില്‍ കല്യാണമാലോചിച്ചു വരാനിരുന്നതാണ്.ഞാനാണത് മുടക്കിയത്.” വൃദ്ധന്‍ മെല്ലെപ്പറഞ്ഞു.

“അതൊക്കെ കഴിഞ്ഞു പോയി.ഇനി അതൊന്നും ഓര്‍ത്തോണ്ടിരിക്കണ്ട.”വൃദ്ധ ഭര്‍ത്താവിന്റെ ശിരസ്സിലൂടെ തലോടിക്കൊണ്ട് പറഞ്ഞു.

“നീ പിഴയാന്നാണ് അയാളെ വിശ്വസിപ്പിക്കാന്‍ ഞാന്‍ പറഞ്ഞത്.” വൃദ്ധന്‍ പറഞ്ഞു.

വൃദ്ധയുടെ അത് കേട്ടുവോയെന്നു മരണം സംശയിച്ചു.ഒരു ഭാവമാറ്റുമില്ലാതെ കൂടുതല്‍ ആതുരതയോടെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുകയാണ്.

“നുണയുടെ ചെകുത്താന്‍ നന്നായി ശ്രമിച്ചു.മനസ്സിന്റെ ഏറ്റവും അടിയിലെ കുറ്റബോധത്തിനാ പിടിച്ചത്.പക്ഷേ അപ്പോഴും വൃദ്ധന്റെ പ്രാണന്‍ ഇളകിയില്ലല്ലോ.”

പ്രണയത്തിന്റെ മാലാഖ അഭിപ്രായപ്പെട്ടു.കൂടിനിന്ന ചെകുത്താന്‍മാരും മാലാഖമാരും അത് ശരിവച്ചു.

“ഞാന്‍ പറഞ്ഞില്ലേ..ഇത് അത്ര എളുപ്പമുള്ള കേസല്ല.” പെന്‍സില്‍ ചെകുത്താന്‍ ആവലാതിപ്പെട്ടു.

“പക്ഷേ ഇത് മരണത്തിന്റെ രാജാവാണ്.ഒരു മെഴുകുതിരി നാളം അണയ്ക്കുന്നത്‌ പോലെ അവിടുന്ന് ആ കിളവന്റെ ആത്മാവിനെ മോചിപ്പിക്കും.നരകകവാടത്തിന്റെ വാതില്‍ ആ ആത്മാവിനു വേണ്ടി തുറക്കാന്‍ ഞാന്‍ ഇപ്പോള്‍ പോകും.” മറ്റൊരു ചെകുത്താന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

മരണദേവന്‍ ഒന്നിനും പ്രതികരിച്ചില്ല.ആ വൃദ്ധന്റെ പ്രാണന്‍ അത്ര പെട്ടെന്ന് വേര്‍പെടാത്തത് മരണത്തെ അമ്പരപ്പിച്ചു.എങ്കിലുമത് പുറത്തുകാട്ടാതെ യൂട്യൂബ് തുറന്നു കരിക്കിന്റെ ലേറ്റസ്റ്റ് വീഡിയോ കാണുന്ന മട്ടില്‍ മരണം വൃദ്ധന്റെ ജീവിതചരിത്രം പരിശോധിക്കാനാരംഭിച്ചു..

ട്രെയിന്‍ കൊല്ലത്തു എത്തുന്നത്‌ വരെ കിഴവന്‍ വൃദ്ധയുടെ തോളില്‍ ചാരിക്കിടന്നു മയങ്ങി.ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അയാള്‍ കണ്ണ് തുറന്നു.

“ഇപ്പൊ നല്ല സുഖം തോന്നുന്നു.ഞാനൊന്നു നടന്നിട്ട് വരാം.” -

“അത് വേണോ..ഈ അവസ്ഥയില്‍ അധികം നടക്കണ്ടാ..”ഭാര്യ വിലക്കി.

“ആ പ്ലാറ്റ് ഫോമിലെ സ്റ്റാളില്‍നിന്ന് രണ്ടു ചായ മേടിച്ചു വരാം..”വൃദ്ധന്‍ പറഞ്ഞു.

“പേടിക്കണ്ട ഞാനും കൂടെ വരാം.ഒന്ന് നടക്കുവാണേല്‍ കാലേല്‍ രക്തയോട്ടമുണ്ടാകും.” മരണം സഹായം ഓഫര്‍ ചെയ്തു.

ചെറുപ്പക്കാരന്റെ തോളില്‍ പിടിച്ചു കൊണ്ട് വൃദ്ധന്‍ റെയില്‍വെ പ്ലാറ്റ് ഫോമിലേക്ക് നടക്കുന്നത് വൃദ്ധ ആശങ്കയോടെ നോക്കിയിരുന്നു.
ട്രെയിനില്‍ അപ്പൊ നല്ല തിരക്കുണ്ടായിരുന്നു.

“മരണത്തിന്റെ പ്രഭു എഴുന്നള്ളുന്നു.വഴിമാറി കൊടുക്കുവിന്‍.”ചെകുത്താന്‍മാര്‍ അട്ടഹാസം മുഴക്കി.

വിദ്വേഷത്തിന്റെ ,വെറുപ്പിന്റെ ,കോപത്തിന്റെ ,അസൂയയുടെ ,പകയുടെ ആയിരമായിരം ചെകുത്താന്‍മാര്‍ അടിഞ്ഞുകൂടിയ മനുഷ്യശിരസ്സുകളിലൂടെ ഒരു വിറയല്‍ കടന്നു പോയി.ട്രെയിന്‍ ഒരു നിമിഷം കുലുങ്ങിയപ്പോള്‍ ആ യാത്രക്കാര്‍ ഒരേ സമയം മരണത്തെക്കുറിച്ച് ഓര്‍ത്തു.

ചായ കുടിച്ചുകൊണ്ടിരിക്കെ പ്ലാറ്റ് ഫോമിലെ ഇരുട്ടില്‍ ഒരു രൂപം നില്‍ക്കുന്നത് വൃദ്ധന്‍ കണ്ടു.അയാള്‍ നിലവിളിച്ചുകൊണ്ട് കുഴഞ്ഞു വീണു.

“തീര്‍ന്നു.”ഒരു കാവല്‍മാലാഖ ദു:ഖത്തോടെ പറഞ്ഞു.

കുഴഞ്ഞുവീണ വൃദ്ധന്റെ അരികിലേക്ക് വൃദ്ധ ഓടിവന്നു അയാളുടെ ശിരസ്സു കോരി മടിയില്‍ വയ്ക്കുന്നതും മറ്റു യാത്രക്കാരും അരൂപികളും കണ്ടു.പെട്ടെന്ന് വൃദ്ധന്‍ കണ്ണ് തുറന്നു.

മരണത്തിന്റെ ശ്രമം പരാജയപ്പെട്ടതു കണ്ട് പെന്‍സില്‍ ചെകുത്താന്‍ നിരാശയോടെ തലവെട്ടിച്ചു.നിരാശ മൂലം നീളം വച്ച അവന്റെ കൊമ്പ് തട്ടി അത്രയും നേരം കറങ്ങാതിരുന്ന ട്രെയിനിലെ ഒരു ഫാന്‍ കറങ്ങാന്‍ തുടങ്ങി.

“നോക്കിനില്‍ക്കാതെ അതിയാന്റെ കയ്യെലോന്നു പിടിച്ചേടാ..”വൃദ്ധ മരണത്തിനോട് ആജ്ഞാപിച്ചു.

വൃദ്ധയും ചെറുപ്പക്കാരനും കൂടി അയാളെ താങ്ങി സീറ്റിലെത്തിക്കുന്നത് കണ്ട് അരൂപികള്‍ നിശബ്ദരായി.

“ഞാന്‍ രാഘവനെ കണ്ടു.അവന്‍ പുറത്തു നില്‍പ്പുണ്ട്.പ്ലാറ്റ്ഫോമില്‍.ചായ കുടിച്ചോണ്ട്...” പേടിച്ചരണ്ട മുഖത്തോടെ വൃദ്ധന്‍ പറഞ്ഞു.

“രാഘവന്‍ ?”

‘അതെ.നിന്റെ ആങ്ങള.”

“പാമ്പ് കടിയേറ്റു എന്റെ ആങ്ങള മരിച്ചിട്ട് കൊല്ലം പത്തു മുപ്പതായ്.നിങ്ങള് തമ്മില്‍ പണ്ട് പിണക്കമായിരുന്നു.പക്ഷേ ഇപ്പൊ അതൊക്കെ ഓര്‍ക്കുന്നതെന്തിനാ ?”

“അവന്‍ വന്നതാ.പകരം ചോദിയ്ക്കാന്‍.എന്റെ സമയമായെന്ന് അവന്‍ പറഞ്ഞു.”

“രാഘവെട്ടനെന്തിനാ പകരം ചോദിക്കുന്നത്.കുറച്ചു നേരം മയങ്ങു..” വൃദ്ധ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

കിളവന്‍ ഉറങ്ങാന്‍ തുടങ്ങി.ഉറക്കത്തിന്റെയിടയില്‍ അയാള്‍ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.

“അവന്റെ പെരേല്‍...അവന്റെ മുറിയില്‍..രാത്രിയില്‍ ..മൂര്‍ഖനെ കൊണ്ടിട്ടത് ഞാനാ..അയ്യോ പാമ്പ്..അയ്യോ പാമ്പ്..”

വൃദ്ധയുടെ മുഖത്ത് ഒരു കാളിമ പടര്‍ന്നത് ചെറുപ്പക്കാരന്‍ കണ്ടു. ട്രെയിന്‍ വിന്‍ഡോയിലൂടെ നീങ്ങുന്ന ആകാശത്തിന്റെ ചെറു ചതുരത്തിലേക്ക് മരണം നോക്കി.വിളറിയ മുറിചന്ദ്രന് സമീപത്തു ഒരു ചെറുമേഘത്തിലിരുന്നു നക്ഷത്രങ്ങളെ ചൂണ്ടയിടുന്നതിനിടയില്‍ ദൈവം തന്റെ നീണ്ട താടി തടവി തന്നെ നോക്കി ഊറിച്ചിരിക്കുന്നു.

ഭര്‍ത്താവ് ഉറങ്ങിക്കഴിഞപ്പോള്‍ വൃദ്ധ പുറത്തെ ഇരുട്ടിലേക്ക് ചിന്താധീനയായി നോക്കിയിരുന്നു.അപ്പോഴും അവരുടെചുളിച്ച വിരലുകള്‍ വൃദ്ധന്റെ നരച്ച മുടിയിഴകള്‍ തഴുകുന്നുണ്ടായിരുന്നു.

“കിളവന്‍ ആ വൃദ്ധയുടെ സഹോദരനെ കൊന്നതാണ്.അവര്‍ക്കത്‌ മനസ്സിലായിട്ടുമുണ്ട്.” പ്രണയത്തിന്റെ മാലാഖ പറഞ്ഞു.

അല്‍പ്പനേരം ആലോചിച്ചശേഷം മരണം മന്ദഹസിച്ചു.

“ഇത്ര വെറുക്കപ്പെട്ടവനായിട്ടും ആ മനുഷ്യന്റെ പ്രാണനെ ഒട്ടിപ്പിടിച്ചു നിര്‍ത്തുന്നത് ഇവരുടെ സ്നേഹമാണ്.പക്ഷേ ഏതു സ്ത്രീയും വെറുക്കുന്ന ഒരു കാര്യമുണ്ട്..” മരണം പറഞ്ഞു.

“അങ്ങെന്നെ വിളിച്ചോ ?”

ചെകുത്താന്‍മാര്‍ക്കിടയില്‍ നിന്ന് വെളുത്തു ചുവന്ന സുന്ദരനായ ഒരു ചെകുത്താന്‍ മുന്നോട്ടു വന്നു മരണത്തെ വണങ്ങി.രത്നങ്ങള്‍പോലെ തിളങ്ങുന്ന കണ്ണുകള്‍.സ്വര്‍ണ്ണം ചാര്‍ത്തിയ അഴകുള്ള കൊമ്പുകള്‍.തന്റെ ആജന്മശത്രുവിനെ കണ്ടു പ്രണയത്തിന്റെ മാലാഖ ചിറികോട്ടി മാറിനിന്നു.

“ഞാന്‍ വിശ്വാസവഞ്ചന...” പുതിയ ചെകുത്താന്‍ എല്ലാവര്‍ക്കും തന്നെ സ്വയം പരിചയപ്പെടുത്തുന്നത്തിനിടയില്‍ അനൌണ്‍സ്മെന്റ് മുഴങ്ങി.

“തിരുവല്ല സ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.”

തോളില്‍ ബാഗുമായി ഒരു മധ്യവയസ്ക്ക ആ കമ്പാര്‍ട്ട്മെന്റിലേക്ക് കയറി.അവര്‍ നേരെ വന്നു വൃദ്ധ ദമ്പതികളുടെ അടുത്തിരുന്നു.ട്രെയിന്‍ നീങ്ങിത്തുടങ്ങി.വൃദ്ധന്‍ കണ്ണ് തുറന്നു.

“വത്സല..വത്സല..” വൃദ്ധന്‍ അമ്പരപ്പോടെ പുതിയ യാത്രക്കാരിയുടെ നേര്‍ക്ക് ചൂണ്ടി പ്പറഞ്ഞു.പിന്നെ ഭാര്യയുടെ കയ്യില്‍പ്പിടിച്ചു തേങ്ങി.

“നെഞ്ചു പൊട്ടുന്നു.ഞാനിപ്പോള്‍ മരിക്കും.നീ എന്നോട് ക്ഷമിക്കൂ..”അത് പറഞ്ഞതിനു ശേഷം അയാള്‍ വൃദ്ധയുടെ മടിയിലേക്ക് വീണ്ടും കുഴഞ്ഞു വീണു.

“രാഘവേട്ടന്റെ ഭാര്യയൊ.വത്സല നാത്തൂന്‍ മരിച്ചിട്ടും എത്ര നാളായി..ഇത് വേറെ ആരോ ആണ്.“വൃദ്ധ അയാളുടെ മുഖത്ത് വെള്ളം തളിച്ച് കൊണ്ട് പറഞ്ഞു.

“അതെ.രാഘവന്റെ ഭാര്യ...അവന്‍ ..”

“രാഘവേട്ടന്‍ ..പാമ്പ് കടിയേറ്റു മരിച്ചു.”

“അതെ..വത്സല..വത്സലയും കൂടി... കൂടിയാണ് പാമ്പിനെ..ആ മുറിയില്‍..”

വീണ്ടും വൃദ്ധന്റെ ബോധം മറഞ്ഞു.
പെട്ടെന്ന് വൃദ്ധ മരണത്തിനു നേരെ രൂക്ഷമായി നോക്കി.ആ നോട്ടം കണ്ടു മരണം ഭയന്നുപോയി.

“നീ ആരാണെന്ന് എനിക്കറിയാം.നീ എത്ര ശ്രമിച്ചാലും ഞാനെന്റെ കെട്ടിയോനെ വിട്ടു തരില്ല.” വൃദ്ധ ഭര്‍ത്താവിന്റെ നെഞ്ചില്‍ തടവിക്കൊണ്ട് ചെറുപ്പക്കാരനോട് പറഞ്ഞു.

“നീ മരണമായിരിക്കും.പക്ഷേ ഞാന്‍ ഒരു മനുഷ്യസ്ത്രീയാണ്.ഒരു മനുഷ്യസ്ത്രീയുടെ ശക്തി ഇത്ര നേരമായിട്ടും നിനക്ക് മനസിലായില്ലേ ?അയാള്‍ രഹസ്യമായി ചെയ്ത ഓരോ പാതകവും ഞാന്‍ അറിഞ്ഞിരുന്നു.കുറ്റബോധം പോലൊരു പ്രതികാരമില്ല.എന്റെ കണ്ണീരില്‍ വെന്താണ് അയാളിപ്പോള്‍ ജീവിക്കുന്നത്.പോകൂ..അയാളെ വിട്ടുതരുമ്പോള്‍ വന്നു കൊണ്ട് പോയ്ക്കോള്ളൂ...” വൃദ്ധയുടെ ഓരോ വാക്കും കനല്‍ക്കട്ടകള്‍ പോലെ പുറത്തു വന്നു.

ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ ആ വൃദ്ധനെയും താങ്ങിപ്പിടിച്ചു വൃദ്ധ നീങ്ങുന്നതും ആ ദമ്പതികള്‍ ഇരുട്ടിലലിയുന്നതും മരണം ഞെട്ടലോടെ നോക്കിയിരുന്നു.

“ഹേയ് ,ഇത് ഞാന്‍ റിസര്‍വ് ചെയ്ത സീറ്റാണ്.” പുതുതായി കയറിയ ഒരു യാത്രക്കാരന്‍ മരണത്തിന്റെ തോളില്‍ത്തട്ടി പറഞ്ഞു.

“ക്ഷമിക്കണം.”തലകുനിച്ചുകൊണ്ട് ആ ചെറുപ്പക്കാരന്‍ മെല്ലെ അവിടെനിന്നെഴുന്നേറ്റു സീറ്റുള്ള മറ്റു കമ്പാര്‍ട്ട്മെന്റുകള്‍ തിരഞ്ഞു തിരക്കിനിടയിലേക്ക് മറഞ്ഞു.

(അവസാനിച്ചു)

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo