'ഇന്നു വൈകിട്ട് തരാട്ടോ'.കുളിച്ചൊരുങ്ങി അലക്കി തേച്ച പാന്റും ഷർട്ടും പോളിഷ് ചെയ്തു മിനുക്കിയ ഷൂവും അണിഞ്ഞു ബാഗും തൂക്കി ലോഡ്ജിൽ നിന്നിറങ്ങുമ്പോൾ ലോഡ്ജ് മാനേജരോട് ഞാൻ പറഞ്ഞു.
മറുപടിയായി അയാൾ ഒന്ന് പുഞ്ചിരിച്ചു.
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ പിറകിലുള്ള യാത്രി റസ്റ്റ് ഹോമിൽ ആയിരുന്നു ഞാൻ അന്ന് താമസിച്ചിരുന്നത്. മാർക്കറ്റിങ് റപ്പായി 2007ൽ തൃശൂരിൽ ജോലി ചെയ്യുന്ന സമയത്താണത്.
ആ മാസം ശമ്പളം ക്രെഡിറ്റ് ആവാൻ കുറച്ചു വൈകിയിരുന്നു. സാധാരണ ഓരോ മാസവും ആദ്യത്തെ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ബാങ്കിൽ വരുമായിരുന്നു.
115 രൂപക്ക് നല്ല വൃത്തിയുള്ള ചെറിയ റൂമായിരുന്നു ലോഡ്ജിൽ അന്ന്. സ്ഥിരം കസ്റ്റമർ ആയത് കൊണ്ട് ആഴ്ചയിൽ വീട്ടിൽ പോവുമ്പോഴാണ് വാടക തീർത്തു കൊടുത്തിരുന്നത്.
ചുരുങ്ങിയ ചിലവിൽ എങ്ങനെ ജീവിക്കാം എന്ന് ഗവേഷണം നടത്തി കൊണ്ടിരുന്ന കാലമാണത്. രാവിലെ പത്തു രൂപക്ക് അഞ്ചു ഇഡ്ഡലിയും ചട്ട്ണിയും. ഉച്ചക്കും രാത്രിയും 13 രൂപയുടെ ഊണ്. രാത്രി ചിലപ്പോൾ തട്ട് കടയിൽ നിന്നും ദോശയും സിംഗിൾ ആമ്പ്ലൈറ്റും. അതായിരുന്നു എന്റെ രീതി.
13 രൂപയുടെ ഊണ് കഴിക്കാൻ പലപ്പോഴും ഒന്നര കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും കൂടെ നടന്നാണ് ഞാൻ പോയിരുന്നത്.
വെള്ളം ലോഡ്ജിൽ നിന്നും കുപ്പിയിൽ പിടിച്ചിട്ടാണ് ഞാൻ പോവുക. ചിലവ് ചുരുക്കാൻ വേണ്ടിയാണു ഞാൻ വെജിറ്റേറിയൻ കഴിക്കുന്നത് എന്നറിയാത്ത പലരും മലപ്പുറത്തുകാരനായ ശുദ്ധ വെജിറ്റേറിയൻ മുസ്ലിം പയ്യനോ എന്ന രീതിയിൽ അത്ഭുതം കൂറുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.
ടൗണിൽ ആയിരുന്നു എനിക്ക് അന്ന് ഡ്യൂട്ടി. പോക്കറ്റിൽ ആകെ ബാക്കി ഉണ്ടായിരുന്ന ഇരുപത് രൂപയിൽ പതിനഞ്ചു രൂപക്ക് രാവിലെ തന്നെ ഞാൻ ചായ കുടിച്ചു.
ബാക്കി എല്ലാവർക്കും തലേ ദിവസം തന്നെ ബാങ്കിൽ പൈസ വന്നത് കാരണം ഉച്ചക്ക് മുൻപേ എനിക്കും വരുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.
പതിവില്ലാത്ത വിധം ചൂടായിരുന്നു അന്ന് നഗരത്തിൽ. ഉച്ചക്ക് ഒന്നര മണിയോടെ ഏതാണ്ട് അമ്പത് കടകളോളം കയറി ഞാൻ ഓർഡർ എടുത്തു.
അതിനിടെ എടിഎം കാണുന്നിടത്തൊക്കെ ശമ്പളം ക്രെഡിറ്റ് ആയോ എന്ന് ഞാൻ പരിശോധിച്ചു കൊണ്ടിരുന്നു.
രണ്ട് മണിയായിട്ടും സാലറി ക്രെഡിറ്റ് ആയിട്ടില്ല. എനിക്കാണെങ്കിൽ നല്ല വിശപ്പും. ബാക്കിയുള്ള ചില്ലറക്ക് ഞാൻ ഒരു സർബത്ത് വാങ്ങി കുടിച്ചു.
എന്റെ റൂമിലേക്ക് ഇനിയും ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട്. സൂര്യനാണെങ്കിൽ ആരോടോ ഉള്ള അരിശം തീർക്കുന്ന പോലെ നിന്നു കത്തുകയാണ്.
ബാഗിലുള്ള കുപ്പിയിലെ മൊത്തം വെള്ളം കുടിച്ചു വറ്റിയിട്ടും തൊണ്ട പിന്നെയും വരണ്ടു തന്നെ ഇരുന്നു.
കത്തുന്ന വെയിലും ചൂടും പുകയും പൊടിയും കൂട്ടത്തിൽ വിശപ്പും ദാഹവും കൂടെയായപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി.
ഒടുവിൽ നടന്നു തളർന്നു ലോഡ്ജിൽ എത്തിയപ്പോഴേക്കും ഞാൻ വിയർത്തു കുളിച്ചിരുന്നു.
ലോഡ്ജിൽ എത്തിയതും റിസെപ്ഷന് മുൻപിലുള്ള കസേരകളിൽ ഒന്നിൽ ഞാൻ തളർന്നിരുന്നു.
അന്ന് പരമുവേട്ടനാണ് കൗണ്ടറിൽ. അധികം ഒന്നും സംസാരിക്കാത്ത ഗൗരവ പ്രകൃതക്കാരനാണ് അദ്ദേഹം.
'ഊണ് കഴിച്ചോ? '.
എന്റെ മുഖത്ത് നോക്കി സ്വതസിദ്ധമായ ഗൗരവത്തോടെ അദ്ദേഹം ചോദിച്ചു.
ഒന്നും പറഞ്ഞില്ലെങ്കിലും ഞാൻ കഴിച്ചില്ലെന്നു അദ്ദേഹത്തിന് മനസ്സിലായി.
'അമ്പലത്തിലെ സദ്യ കഴിക്കുമോ? '.
പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
'അങ്ങോട്ട് കടിക്കുമ്പോൾ ഇങ്ങോട്ട് കടിക്കാത്ത എന്തും കഴിക്കും '.
സകല അഭിമാനവും മറന്നു പെട്ടെന്ന് തന്നെ ഞാൻ പറഞ്ഞു. അത്രക്കും വിശപ്പായിരുന്നു ആ സമയത്ത്.
'എന്നാ പൊക്കോ '.
ലോഡ്ജിന് നേരെ എതിർവശത്തുള്ള ചെറിയ അമ്പലത്തിലെ ഊട്ടു പുരയുടെ നേരെ ചൂണ്ടി കൊണ്ട് അദ്ദേഹം പറഞ്ഞു.
ദുരഭിമാനത്തിന്റെ കുപ്പായം പറിച്ചു കളഞ്ഞു കൊണ്ട് ഞാൻ റോഡ് മുറിച്ചു കടന്നു ഊട്ടു പുര ലക്ഷ്യമാക്കി നടന്നു.
അമ്പലം നിറയെ ആളുകളാണ്. വലിയ ഒരു കൊമ്പൻ പോകുന്ന വഴിയിൽ തുമ്പി കൈ ആട്ടി നിൽക്കുന്നുണ്ട്.
ജീവിതത്തിൽ ആദ്യമായി ആണ് അന്ന് അമ്പലത്തിന്റെ അടുത്തേക്ക് പോവുന്നത്.
ഒന്നും ശ്രദ്ധിക്കാൻ ഉള്ള സമയം ആയിരുന്നില്ല അപ്പോൾ. വിശപ്പും ദാഹവും എല്ലാ വികാരങ്ങളെയും കടത്തി വെട്ടുന്ന സമയം.
ഒഴിഞ്ഞ ഒരു ഇരിപ്പിടം നോക്കി ഞാൻ ഇരുന്നു.
കഴുകി വൃത്തിയാക്കിയ വാഴയില മുന്നിലെത്തി.
ഓരോന്നായി ഉപ്പേരികളും അച്ചാറും പപ്പടവും ചോറും മുന്നിൽ നിരന്നു.
പിന്നെയാണ് ആ കറി എത്തിയത്. ജീവിതത്തിൽ അന്നാദ്യമായി ഞാൻ പഴുത്ത മാമ്പഴം ചേർത്ത മാമ്പഴക്കറി കണ്ടു.
വെളുത്ത ചോറിൽ കൊഴുത്ത മഞ്ഞ നിറത്തിൽ അവളെന്നെ നോക്കി പുഞ്ചിരിച്ചു.
ആദ്യം ഇട്ട ചോറ് നിമിഷങ്ങൾക്കുള്ളിൽ ഞാൻ കാലിയാക്കി.
പിന്നെയും ചോറും കറികളും വന്നു. അവസാനം ശൂന്യമായ ഇലയിൽ പപ്പടവും പായസവും പൂവൻ പഴവും കൂട്ടി കുഴച്ചു ഒരു പിടി.
ഒടുക്കത്തെ രുചിയായിരുന്നു അതിന്. ഒടുവിൽ കൈ കഴുകി ഒരേമ്പക്കവും വിട്ട് ഞാൻ തിരിഞ്ഞു നോക്കിയത് അമ്പലത്തിനു നേർക്കായിരുന്നു.
അപ്പോഴാണ് ആ സത്യം എന്റെ തലയിലേക്ക് കയറിയത്.
ഇത്രയും നേരം ഞാൻ ഭക്ഷണം കഴിച്ചത് ഒരു അമ്പലത്തിന്റെ ഊട്ടു പുരയിലായിരുന്നു.
ഹൈന്ദവ വിശ്വസിയല്ലാത്ത ഞാൻ അമ്പലം അശുദ്ധമാക്കിയോ എന്നൊരു വേവലാതി തോന്നിയത് അപ്പോഴായിരുന്നു.
അവിടെ കൂടിയ മുഴുവൻ ആളുകളുടെയും മനസ്സിൽ ഉണ്ടായിരുന്നത് ഭക്തിയാണെങ്കിൽ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഭക്ഷണത്തോടുള്ള ആർത്തി മാത്രമായിരുന്നു.
മനസ്സ് കൊണ്ട് ഒരായിരം വട്ടം ക്ഷമ ചോദിച്ചു കൊണ്ട് കുനിഞ്ഞ തലയും നിറഞ്ഞ വയറുമായി ഞാൻ മെല്ലെ റോഡ് മുറിച്ചു കൊണ്ട് ലോഡ്ജിലേക്ക് നടന്നു.
'സദ്യ കഴിച്ചോ? '.
എന്നെ കണ്ട ഉടനെ പരമേട്ടൻ തിരക്കി.
കുറച്ചു സമയം ഞങ്ങൾ സംസാരിച്ചിരുന്നു.
'ആ മാങ്ങ കറി നല്ല രസമായിരുന്നു'.
റൂമിലേക്ക് പോവാൻ നേരം ഞാൻ പതുക്കെ പറഞ്ഞു.
'അതാണ് മാമ്പഴ പുളിശ്ശേരി '.
പുഞ്ചിരിച്ചു കൊണ്ട് പരമേട്ടൻ പറഞ്ഞു.
ഇത് എഴുതുമ്പോഴും ആ രുചി ഇപ്പോഴും നാവിൻ തുമ്പിലുണ്ട്.
ചില രുചികൾ അങ്ങനെയാണ്. ഇടക്കിടെ ആ രുചികൾ ചില ഓർമ്മകൾ സമ്മാനിക്കും.
വിശപ്പിന് മുന്നിൽ ആരും ഒന്നുമല്ലെന്ന തിരിച്ചറിവ് അന്നേരമൊക്കെ എന്റെയുള്ളിൽ നിറയും.
(വായനക്ക് നന്ദി. )
സ്നേഹപൂർവ്വം
ഹക്കീം മൊറയൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക