"എന്റെ പേര് അർജുൻ. അറിയാല്ലോ.. "
അശ്വതി ഒന്ന് തലയാട്ടി.
"അച്ഛൻ മരിച്ചപ്പോ ഞാൻ ബിഎസ്‌സിക്ക് പഠിക്കുകയാണ് അച്ഛൻ സ്കൂളിൽ മാഷ് ആയിരുന്നു. പഠിച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ജോലി തന്നെ ആണ് എനിക്കും കിട്ടിയത്. അച്ഛൻ പെട്ടെന്നാണ് ട്ടോ മരിച്ചത്. അത് അമ്മക്ക് ഭയങ്കര ഷോക്ക് ആയി. ഒരു അറ്റാക് ഒക്കെ വന്നു. ഞാൻ ഒറ്റ മോനാണ്.. ആ അവസ്ഥ അശ്വതി ക്ക് മനസ്സിലാകുമോ എന്ന് അറിയില്ല "
"പറഞ്ഞോളൂ മനസിലാകും "
"പെട്ടെന്ന് അനാഥനാകുമ്പോലെ.. പിന്നെ ഒരു പേടി ആണ് ഉള്ളിൽ അമ്മക്ക് എന്തെങ്കിലും ആയിപ്പോകുമോ എന്നൊക്കെ.. ജോലി കിട്ടിയപ്പോ കുറച്ചു ദൂരെ ആണ് എന്നാലും വന്നു പോകാം.. കല്യാണം ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ ഒന്നേയുള്ളു എന്റെ അമ്മയെ നോക്കുന്ന ഒരു പെണ്ണ്.. സ്നേഹിക്കുന്ന ഒരു പെണ്ണ് "
"അമ്മയെ നോക്കാൻ പെണ്ണ് കെട്ടണോ ഒരു ഹോം നഴ്സിനെ വെച്ചാൽ പോരെ? "
അവൾ നേർത്ത ഒരു പരിഹാസച്ചിരി ചിരിച്ചു
"അത് കൊള്ളാം. മറുപടി എനിക്ക് ഇഷ്ടം ആയി.. അപ്പൊ അശ്വതി പറയുന്നത് അമ്മയെ നോക്കാൻ ഹോം നഴ്സിനെ നിർത്താം എന്നാണ്.. "
"പിന്നല്ലാതെ "
"അപ്പൊ ഇയാൾ സ്വന്തം അമ്മയെ നോക്കാനും ഒരു ഹോം നഴ്സിനെ നിർത്തും "
"സംശയം ഉണ്ടൊ? എനിക്ക് എന്റെ ജീവിതം, ജോലി, ഒക്കെ ആണ് വലുത്.... അമ്മയെയും അച്ഛനെയും നോക്കി ജീവിക്കുന്ന കാലം ഒക്കെ കഴിഞ്ഞു. അർജുൻ വേറെ ആളെ നോക്ക് "
"തീർച്ചയായും നോക്കും. എനിക്ക് അത്ര ambitious അല്ലാത്ത ഒരു പെണ്ണ് മതി.. ചെറിയ ലോകം സ്വപ്നം കാണുന്ന ഒരു പെണ്ണ് "
"അവളുടെ ലോകം നിങ്ങളുടെ അമ്മയല്ല മിസ്റ്റർ.. ആവുകയുമില്ല.. "
അവൻ ചിരിച്ചു..
"പോട്ടെ വിട്ടേക്ക്.. ബുദ്ധിമുട്ടിച്ചതിൽ സോറി കേട്ടോ. സമയം കളഞ്ഞു വെറുതെ "
അവൻ യാത്ര പറഞ്ഞു പോയിട്ടും അവളുടെ ഉള്ളിൽ നിന്നു ആ ദേഷ്യം മാറിയില്ല. ഇറങ്ങിക്കോളും ഓരോന്ന്.പെണ്ണുകാണാൻ.. അമ്മേ നോക്കണം, കുടുംബം നോക്കണം.. പെണ്ണിന് വേറെ ഒന്നും ചെയ്യണ്ടേ..?
"അമ്മയെ നോക്കണം എന്ന് പറഞ്ഞാൽ ഈ കാലത്ത് ഏതെങ്കിലും പെൺകുട്ടി തയ്യാറാകുമോ മോനെ.. ഇനി ദരിദ്രയായ ഒരു കുട്ടിക്ക് ജീവിതം കൊടുക്കാം എന്ന് കരുതുക അവൾക്കും സ്വപ്നങ്ങൾ ഉണ്ടാകില്ലേ? പഠിക്കണം, ഒരു ജോലിക്ക് പോകണം... എന്നൊക്കെ. ആ വാശി ഒക്കെ കളഞ്ഞേക്ക് കുട്ടാ. അമ്മക്ക് ഇപ്പൊ എന്താ ഒന്നുല്ല.. ആരോഗ്യം ഉണ്ടല്ലോ. "
അവൻ ചിരിച്ചു. പിന്നെ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു.വരും ഒരാൾ.
അവന്റെ മനസ്സ് പറഞ്ഞു.
"അമ്മേ പച്ചക്കറി വേണോ? "
ഒരു സ്ത്രീ ശബ്ദം കേട്ട് അമ്മ വാതിൽക്കൽ വന്നു
ഒരു പെൺകുട്ടി കയ്യിൽ പച്ചക്കറി
കൾ നിറഞ്ഞ ബാഗ്..
ആ മുഖത്ത് നോക്കി വേണ്ട എന്ന് പറയാൻ മടി തോന്നി അവർക്ക്. കുറച്ചു വാങ്ങി പണം കൊടുത്തു.
"സ്ഥലം ഉണ്ടല്ലോ അമ്മേ ഇവിടെ കൃഷി ചെയ്യാല്ലോ ഞാൻ നല്ല വിത്തുകൾ കൊണ്ട് തരാം "
ചിലർ നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരിക പെട്ടെന്നാണ്.. ഒരു കാറ്റ് പോലെ.. തുലാമഴ പോലെ. അങ്ങനെ ആയിരുന്നു അമ്മക്ക് അവളും.
കല്യാണി.
കല്യാണി വരുമ്പോൾ ഉച്ചയാകും.പച്ചക്കറി ഓരോ വീടുകളിൽ എത്തിച്ചു അവസാനം ആണ് ഇവിടെ വരിക. പിന്നെ അമ്മക്കൊപ്പം ഇരിക്കും..
അമ്മക്ക് കൃഷി ചെയ്തു കൊടുത്ത് നിറയെ സംസാരിച്ച് അങ്ങനെ.
"എന്റെ മോനെ കൊണ്ട് ഞാൻ മോളെ കല്യാണം കഴിപ്പിക്കട്ടെ? "
ഒരു ദിവസം അമ്മ ചോദിച്ചു
അവളുടെ മുഖം വാടി.. ആ കണ്ണുകൾ നിറഞ്ഞു
"എന്റെ അമ്മക്ക് വയ്യാണ്ടായപ്പോഴാ ഞാൻ ഈ പണിക്ക് ഇറങ്ങിയത്.. ഞാൻ കല്യാണം കഴിച്ച് പോയാൽ അമ്മക്ക് ആരുമില്ലാതെ ആവും.
അമ്മ ഒറ്റയ്ക്ക്.. പകൽ ഒക്കെ തൊട്ടടുത്ത വീട്ടിലെ ചേച്ചി നോക്കിക്കൊള്ളും.
കിടപ്പിലൊന്നുമല്ല എങ്കിലും..പ്രഷറിന്റെ അസുഖം ഒക്കെ ഉണ്ടേ.. എനിക്ക് ആകെ അമ്മയെ ഉള്ളു ഈ ഭൂമിയിൽ "
അമ്മ കല്യാണിയെ ഒന്ന് ചേർത്ത് പിടിച്ചു..
കല്യാണിക്കൊപ്പം അവളുടെ അമ്മയെയും കൂടി വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അമ്മയുടെ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം അർജുൻ നോക്കിനിന്നു.. രണ്ടമ്മമാരും ഇപ്പൊ തനിക്ക് ഒരു പോലെ ആണ്. രണ്ടു പേരും ഒറ്റയ്ക്കാകാതിരിക്കട്ടെ.
"ഇനി പഠിക്കണം എന്നോ. ജോലിക്ക് പോകണം എന്നോ ഉണ്ടെങ്കിൽ പോകാം ട്ടോ. അമ്മക്ക് ഇപ്പൊ തന്റെ അമ്മ കൂട്ടുണ്ടല്ലോ "അവൻ കല്യാണിയോട് പറഞ്ഞു
കല്യാണി ചിരിച്ചു
"എനിക്ക് പണ്ടേ ഇഷ്ടം കൃഷി ആണ്. അച്ഛന് കൃഷി ആയിരുന്നു. പഠിക്കുമ്പോഴും
വലിയ വലിയ കാര്യങ്ങൾ ഒന്നും എന്റെ തലയിൽ കേറില്ല.
ഈശ്വര !ന്യൂട്ടന്റെ നിയമങ്ങളും കണക്കിലെ ജോമെട്രിയും രസതന്ത്രത്തിലെ പരീക്ഷണങ്ങളും.. കഷ്ടിച്ച് ആണ് പ്ലസ് ടു പാസ്സ് ആയെ.. ഞാൻ ഇല്ലപ്പാ പഠിക്കാൻ.. എല്ലാരും പഠിച്ചു ഡോക്ടറും എഞ്ചിനീയറും ഒക്കെ ആയാല് കൃഷി ചെയ്യാൻ ആരാ.?
ഞാൻ ഇവിടെ നല്ല ഒരു തോട്ടം ഉണ്ടാക്കും. ഞാനും അമ്മമാരും ചേർന്ന്
നോക്കിക്കൊ. എന്നിട്ടു വിഷം ഇല്ലാത്ത പച്ചക്കറികൾ ഒക്കെ കൊടുക്കലോ നാട്ടാർക്കു"
അർജുൻ അവളുടെ ചിരിയിലേക്ക് മനസ്സ് നിറഞ്ഞ് നോക്കി നിന്നു
മറ്റൊരു നഗരം.
അശ്വതിയുടെ ഫ്ലാറ്റ്. അവളുടെ വിവാഹം കഴിഞ്ഞിരുന്നു.
"നീ സില്ലി ആവല്ലേ അശ്വതി. എനിക്ക് ഫ്ലാറ്റിന്റെ ലോൺ അടയ്ക്കണം. അതിനുള്ള കാശ് എനിക്ക് കൃത്യം ആയി കിട്ടണം. കേട്ടല്ലോ. പിന്നെ നെക്സ്റ്റ് വീക്ക് വീട്ടിൽ പോകുമ്പോൾ കുറച്ചു കാശ് അറേഞ്ച് ചെയ്തു വെയ്ക്കാൻ പറയണം.
ഞാനൊരു പുതിയ കാർ വാങ്ങാൻ പോകുന്നു "ഭർത്താവ് അവളോട് പറഞ്ഞു.
"നിങ്ങൾ പറയുമ്പോൾ പറയുമ്പോൾ കാശ് എടുത്തു തരാൻ അതെന്താ ബാങ്കോ.?
അവൾ ചീറി
"വെറുതെ അല്ലല്ലോ ഒരു എൻജിനീയറെ അല്ലെ കിട്ടിയത്..? പിന്നെ നൈറ്റ് ഷിഫ്റ്റ്, ഓവർ ടൈം എന്നൊക്കെ പറഞ്ഞു നിനക്ക് കിട്ടിയ ജോലി
കളയണ്ട "അയാൾ മൊബൈൽ എടുത്തു പോക്കറ്റിലിട്ട് പുറത്തേക്ക് നടന്നു.
അമ്മായി അമ്മ ടീവി യുടെ ശബ്ദം കുറച്ചു കൊണ്ട് ഉറക്കെ പറഞ്ഞു
" എനിക്ക് ഒരു ജ്യൂസ് വേണം.
ഓറഞ്ച് മതി "
അശ്വതി നിലത്ത് ആഞ്ഞു ഒന്ന് ചവിട്ടി കിച്ചണിലേക്ക് പോയി.. ഒരു അസുഖവുമില്ല സ്ത്രീക്ക്.
പക്ഷെ ഒരു ഗ്ലാസ് വെള്ളം തനിയെ എടുത്തു കുടിക്കില്ല. വേണം. തനിക്കിത് വേണം..
ഒരിക്കൽ നിന്ദിച്ചു ഇറക്കി വിട്ട ആ ആളിന്റെ മുഖം അറിയാതെ ഓർമയിൽ വന്നപ്പോൾ അവളുടെ കണ്ണ് ഒന്ന് നിറഞ്ഞു
നല്ലവനായിരുന്നു
അറിയാൻ ശ്രമിച്ചില്ല...
അമ്മയെ നോക്കണം എന്ന് പറഞ്ഞപ്പോൾ പരിഹസിക്കാൻ ആണ് തോന്നിയത്. ഇന്ന് തന്റെ അമ്മക് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുമ്പോൾ കുറച്ചു ദിവസം പോയി നിൽക്കാൻ പറ്റുന്നില്ല. ചോദിച്ചപ്പോൾ ഭർത്താവ് പറഞ്ഞു
"ഒരു ഹോം നഴ്സിനെ നിർത്താൻ പറയു "
കാലം തരുന്ന തിരിച്ചടികൾ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക