Showing posts with label SajuKMathew. Show all posts
Showing posts with label SajuKMathew. Show all posts

ദൈവത്തിനു ഒരു മൂഡോഫ്

Image may contain: 1 person

രാവിലെ ഞാൻ ആവുന്നത്ര പ്രാർത്ഥിച്ചിട്ടും ദൈവം കേട്ടില്ലല്ലോ. തോമസ്‌ സാർ ഇന്നു ക്ലാസ്സിൽ വരല്ലേ എന്ന് എത്ര പ്രാര്ഥിച്ചതാ. രാവിലെ സ്റ്റാഫ്‌ റൂമിന്റെ മുൻപിലൂടെ വന്നപ്പോൾ ഞാൻ കണ്ടതാ, ദേ സാർ സ്റ്റാഫ്‌ റൂമിൽ ഇരിക്കുന്നു. ദൈവമേ ഹോംവർക് ചെയ്തിട്ടില്ല. ഇന്നു സാർ തുട പൊളിക്കും.
ബെൽ അടിക്കാൻ ഇനിയും സമയം ഉണ്ട് ഇപ്പൊ ചെയ്താലോ. ഇനി സാർ അതെങ്ങാനും കണ്ടോണ്ടു വന്നാൽ അതു മതി ഒരടി കൂടുതൽ കിട്ടാൻ .
അല്ലെങ്കിലും ഈയിടെയായി ഞാൻ പ്രാര്ഥിക്കുന്നതൊന്നും ദൈവം കേൾക്കുന്നില്ല. ദൈവത്തിനെന്തോ മൂഡ്‌ ഓഫ്‌ ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ ഇത്ര ചെറിയ കാര്യം പോലും ചെയ്തു തരാത്ത ദൈവം എന്ത് ദൈവമാണ്. സാറിനെ വണ്ടി ഇടിക്കാൻ ഒന്നും അല്ലല്ലോ ഒരു ചെറിയ പനി പിടിച്ചാൽ മതി എന്നല്ലേ പ്രാർഥിച്ചത്. പക്ഷെ അതു പോലും ദൈവം കേട്ടില്ല.
കഴിഞ്ഞ ദിവസം ഡ്രിൽ പീരിയഡിൽ ഞാൻ നീതു P. K കാൺകെ ഗോൾ അടിക്കാൻ പറ്റണം എന്ന് പ്രാർത്ഥിച്ചിട്ടു ദൈവം മൈൻഡ് പോലും ചെയ്തില്ല. നീതു P. K നോക്കിയുമില്ല എനിക്ക് ഗോൾ കിട്ടിയുമില്ല. അപ്പഴേ എനിക്ക് തോന്നി ദൈവത്തിന്റെ മൂഡ്‌ ശരിയല്ല എന്ന്. എന്നാലും എന്തായിരിക്കും ദൈവം ഇത്ര മൂഡ്‌ ഓഫ്‌ ആയതു . ഒറ്റക്ക് അല്ലെ ഉള്ളൂ. ചിലപ്പോ അതായിരിക്കും .
ഗുഡ് മോർർർർർണീീംഗ് സാർ . എല്ലാരും കൂടെ ഈണത്തിൽ പറയുന്നത് കേട്ടാണ് ഞാൻ ആകാശത്തിലെ ചിന്ത നിർത്തി ഭൂമിയിൽ എത്തിയത്. സാർ നടക്കുന്നതിനു അര അടി മുൻപേ കക്ഷത്തിൽ ഇരിക്കുന്ന ഹാജർ ബുക്കിന്റെ നടുപ്പേജിൽ ഇരുന്നു ഒരു ചൂരൽ സഞ്ചരിക്കുന്നുണ്ടാവും. തുട ഇപ്പഴേ നീറി തുടങ്ങി
അറ്റെൻഡൻഡെൻസ് എടുത്തു തീർന്നപ്പോൾ മുതൽ എന്റെ ചങ്കിടിപ്പ് എനിക്ക് തന്നെ കേൾക്കാവുന്നത്ര നിശബ്ദത. സാർ നീളൻ അറ്റെൻഡൻസ് രെജിസ്റ്ററിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ദൈവമേ ഇപ്പൊ ഹോം വർക്ക്‌ ചോദിക്കുമല്ലോ.
സാർ ടെക്സ്റ്റ്‌ ബുക്ക്‌ എടുത്തു എണീറ്റു. Algebra എന്ന് ബോർഡിൽ വലിപ്പത്തിൽ എഴുതിയിട്ട് ഞങ്ങളെ നോക്കി പറഞ്ഞു " ഇന്നു മുതൽ നമ്മൾ അക്കങ്ങളോടൊപ്പം അക്ഷരങ്ങളും ചേര്ക്കാൻ പഠിക്കും. " ഹോം വർക്കിന്റെ കാര്യം സാർ മറന്നു.
ഹോ ആ ഒരു നിമിഷം അനുഭവിച്ച സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല. എല്ലാവരും ക്ലാസ്സിൽ ശ്രെദ്ദിക്കുന്നു ഞാൻ സമയത്തിലും. സാർ ഹോം വര്ക്കിന്റെ കാര്യം ഓർക്കുന്നതിനു മുൻപേ ഈ പീരീഡ്‌ ഒന്ന് തീർന്നാൽ മതിയായിരുന്നു. സത്യം പറഞാൽ പ്യൂൺ ദിവാകരൻ ചേട്ടൻ പ്രിൻസിപ്പലിന് ചായ വാങ്ങാൻ പോയിട്ട് വരാനെങ്ങാനും വൈകുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു.ദിവാകരൻ ചേട്ടൻ വൈകിയാൽ ബെൽ അടിക്കാൻ വൈകിയാലോ.
അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുന്നതിനിടയിൽ സാർ പറഞ്ഞു ഇന്നത്തേക്ക് ഇത്രയും മതി. ആർക്കെങ്കിലും എന്തേലും സംശയം ഉണ്ടേൽ ചോദിച്ചോളൂ.ങേ സാർ എന്തായിരുന്നു പഠിപ്പിച്ചത്. ഞാൻ ഇത്രയും നേരം സ്വപ്നലോകത്തായിരുന്നോ. പ്രതീക്ഷിച്ചതു പോലെ തന്നെ ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ് ഇരിക്കുന്ന അരുൺ മോഹൻ എണീറ്റു . ആള് ക്ലാസ് ലീഡർ ആണ്. ഇവന് ഈ സംശയം തീരില്ലേ. എല്ലാ ടീച്ചേഴ്സിനോടും ചോദിക്കുന്നത് കേള്ക്കാം. എനിക്കൊന്നും ഇതുവരെ ഒരു സംശയവും തോന്നിയിട്ടില്ലല്ലോ എനിക്ക് ആകെ ഉള്ള സംശയം ഇവന് മാത്രം എങ്ങനാ എല്ലാത്തിനും A+ കിട്ടുന്നത് എന്നാണു.
എന്താണ് അരുൺ ചോദിച്ചോളൂ...
അതല്ല സാർ ഇന്നലത്തെ ഹോം വർക്ക്‌... ബുക്ക്‌ നീട്ടിക്കൊണ്ടു അരുൺ പറഞ്ഞു.
ഇപ്പൊ എന്റെ കയ്യിൽ ഒരു ബോംബ് ഉണ്ടായിരുന്നെങ്കിൽ സത്യമായിട്ടും ഞാൻ അത് അവന്റെ തലയിൽ വച്ചു പൊട്ടിച്ചേനെ. പീരീഡ്‌ തീരാൻ 5 മിനിറ്റ് കൂടിയേ ഉണ്ടായിരുന്നുള്ളു. സാർ മറന്നിരുന്നതായിരുന്നു അപ്പഴാ അവന്റെ ഒരു ഹോം വർക്ക് ..
ഹോം വർക്ക് എല്ലാരും ചെയ്യതല്ലോ അല്ലേ.. എന്നെ നോക്കിക്കൊണ്ടു സാർ ചോദിച്ചു.. ശെടാ എന്നാലും ഞാൻ ചെയ്തില്ലെന്ന് ഇത്ര കൃത്യമായി സാറിന് എങ്ങനെ മനസ്സിലായി. അതോ എന്നെ നോക്കിയെന്നു എനിക്ക് തോന്നിയതാണോ.. ? ഞാൻ അറിയാതെ എണിറ്റു നിന്ന് പോയി... ദൈവമേ തനിയെ തല്ലു കൊള്ളണമല്ലോ..
ഹാഹ് എനിക്കറിയാം ആരെങ്കിലുമൊക്കെ കാണുമെന്നു.. വേറെ ആരാ ഉള്ളത്..
ഹാവൂ.. എന്റെ മുൻപിലെ ബെഞ്ചിൽ മൂന്ന് പേര് എണിറ്റു.. ഹോ തല്ലു കൊള്ളാൻ ആണെങ്കിലും കൂടെ ആളുണ്ടെങ്കിൽ അതൊരു സമാധാനമാ...
സാർ ആദ്യത്തെ ആളെ വിളിച്ചു ... സാറിന്റെ ചൂരൽ തുടയിൽ പാട് വീഴ്ത്തി .. വേദന അവന്റെ മുഖത്തറിയാം.ദൈവമേ രണ്ടു പേരും കൂടെ കഴിഞ്ഞാൽ എന്റെ ഊഴമാണ് .. ഗോൾ അടിക്കുന്നത് നീതു P K കാണണം എന്ന് പ്രാത്ഥിച്ചിട്ടു ഞാൻ അടി കൊള്ളുന്നതാണല്ലോ ദൈവമേ അവൾ കാണാൻ പോകുന്നത്.. വല്ലത്ത ചതി ആണ് കേട്ടോ..
രണ്ടാമത്തെയും മൂന്നാമത്തെയും ആള് പോയി അവർക്കുള്ളത് വാങ്ങി വന്നു.. ഞാൻ ബെഞ്ചിൽ നിന്നിടത്തു നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോ വാതിൽക്കൽ ഒരു ശബ്ദം..
സാറെ .. പ്യൂൺ ദിവാകരൻ ചേട്ടനാണ് .. സാർ ദിവാകരൻ ചേട്ടനോട് എന്തോ സംസാരിച്ചിട്ട് അറ്റന്റൻസ് രജിസ്റ്റർ എടുത്തു നോക്കി .. എന്തോ പറഞ്ഞു .. രണ്ടു പേരും രജിസ്റ്ററും ആയി പോയി .. പ്രിൻസിപ്പൽ വിളിച്ചതായിരിക്കണം...
സാർ ഇല്ലാത്ത ക്ലാസ്സിൽ ഞാൻ നിൽക്കണോ ഇരിക്കണോ എന്ന കൺഫ്യൂഷനിൽ നിന്നു.. എല്ലാരും എന്നെ നോക്കി .ഹോ ഇതിലും ഭേദം തല്ലു കൊള്ളുന്നതായിരുന്നു. നീതു P K യും നോക്കുന്നുണ്ടാവണം .. അങ്ങോട്ട് നോക്കാൻ എനിക്ക് ധൈര്യം വന്നില്ല. ഇരുന്നാലോ.. സാർ ഇപ്പൊ തിരിച്ചു വരുമോ എന്തോ.വടി മേശപ്പുറത്തു തന്നെ ഇരിപ്പുണ്ട് അതുകൊണ്ടു സാർ വരാതിരിക്കില്ല .
മൂന്ന് മിനിറ്റ് തീരാൻ മൂന്ന് മണിക്കൂർ എടുത്തെന്നു തോന്നുന്നു.ഭാഗ്യം പീരീഡ് തീർന്ന ബെൽ അടിച്ചു . ഞാൻ ഇരുന്നു .. ദൈവമേ സാർ ഇനി വരല്ലേ .. ഇത്തവണ ദൈവത്തിന്റെ മൂഡ് ശെരിയായിരുന്നാൽ മതിയായിരുന്നു..
അടുത്ത പീരീഡ് തുടങ്ങി. ഹിന്ദി ടീച്ചർ വന്നു. ഭാഗ്യം തല്ക്കാലം രക്ഷപെട്ടു..
ഇനി നാളെ സാർ വരുമ്പോൾ ഇന്ന് ഞാൻ രക്ഷപെട്ട കാര്യം അരുൺ മോഹൻ പറയാതിരുന്നാൽ മതിയാരുന്നു . ദൈവമേ അവൻ ഓർക്കല്ലേ ഇനി നാളെ ദൈവത്തിന്റെ മൂഡ് എന്തായിരിക്കുമോ എന്തോ..
സാജു കെ മാത്യു

LastSeen

Image may contain: 1 person

ഫ്ലാറ്റിന്റെ വാതിൽ പൂട്ടി ഇറങ്ങുമ്പോൾ അപ്പുറത്തു നിന്ന് മിനി ചേച്ചി ചോദിച്ചു
ഇന്നെന്താ വാതിൽ പൂട്ടി പോണേ ? അനു ഇല്ലേ?
ഇല്ല അവൾ അവളുടെ വീട്ടിൽ പോയിരിക്കുവാ...കൂടുതൽ ചോദ്യങ്ങക്കു അവസരം നൽകാതെ ഞാൻ ലിഫ്റ്റിൽ കയറി. ഒന്ന് നിന്ന് കിട്ടിയാൽ ചോദ്യം ചോദിച്ചു മിനിചേച്ചി കൊല്ലും.
അല്പസ്വല്പം പൊട്ടലും ചീറ്റലും ഒക്കെ ഇടക്ക് ഉണ്ടാകാറുണ്ടെങ്കിലും അവൾ ഇറങ്ങി വീട്ടിൽ പോകുന്നത് ഇത് ആദ്യമാണ്
Breakfast കഴിച്ചു കാർഡ് swipe ചെയ്ത മെസ്സേജ് വന്നപ്പോൾ ആണ് ഫോൺ പോക്കറ്റിൽ നിന്ന് എടുത്തത്.
Whatsapp എടുത്തു നോക്കി. അവളുടെ ലാസ്‌റ് സീൻ ഇന്നലെ ആണല്ലോ. അങ്ങനെ നോക്കാതിരിക്കുന്ന ആളല്ല. കല്യാണം കഴിഞ്ഞു അധികം താമസിയാതെ അവളുടെ പിറന്നാൾ വന്നതുകൊണ്ട് ഒന്ന് ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി ഞാൻ ഒരു ഐഫോൺ വാങ്ങി കൊടുത്തിരുന്നു.
ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ ഒരു കാര്യം ഉറപ്പിച്ചു എന്ത് വന്നാലും ശെരി ഞാൻ പോയി വിളിക്കില്ല. തനിയെ പോയവൾ തനിയെ വരട്ടെ. ഇപ്പോളെ വളം വച്ച് കൊടുത്താൽ ശെരിയാവില്ല.
അവള് പോയാലും എനിക്ക് കുഴപ്പം ഒന്നുമില്ല എന്ന് അവൾ മനസ്സിലാക്കണമല്ലോ. ഞാൻ whatsapp status മാറ്റി
"The best moments in life are always enjoyed alone " എന്നാക്കി. ഓഫീസിൽ വച്ച് ഇടക്ക് ഫോൺ എടുത്തു നോക്കി. ലാസ്‌റ് സീൻ മാറിയിട്ടില്ല. ശ്ശെടാ എന്നാലും ഇതെന്തു പറ്റി.
ഉച്ച കഴിഞ്ഞു നോക്കിയപ്പോളും ലാസ്‌റ് സീൻ മാറ്റമൊന്നും ഇല്ല. അപ്പൊ എന്റെ സ്റ്റാറ്റസ് അവൾ കണ്ടിട്ടില്ല.
ഫോൺ ചാർജ് തീർന്നതാണെങ്കിലും വീട്ടിൽ അല്ലെ അവൾക്ക് ചാർജ് ചെയ്യാമല്ലോ.
ഒന്ന് വിളിച്ചു നോക്കിയാലോ. അല്ലെങ്കിൽ വേണ്ട. അങ്ങനെ അങ്ങ് വിട്ടു കൊടുക്കുന്നത് ശരിയല്ലല്ലോ.
ഇടക്ക് ഞാൻ വീണ്ടും നോക്കി ഇല്ല ലാസ്‌റ് സീൻ മാറിയിട്ടില്ല.
അല്ല അവള് പിണങ്ങി വീട്ടിൽ ചെന്നിട്ടു ഇത്ര നേരമായിട്ടും അവളുടെ അച്ഛനും അമ്മയും പോലും ഒന്ന് വിളിച്ചു അന്വേഷിച്ചില്ലല്ലോ. ഇനി ഇപ്പൊ അവൾ വീട്ടിലോട്ടല്ലേ പോയത്. അവളുടെ ചേച്ചി ത്രിശൂർ ഉണ്ട് ഒന്ന് വിളിച്ചാലോ. ഇനി അങ്ങോട്ടാണോ പോയതെന്നറിയാലോ.
ഹാഹ് എന്താ മനോജേ പതിവില്ലാതെ ? ...ചേച്ചിയുടെ സ്വരം.
ഓ ഒന്നുമില്ല. ചുമ്മാ വിളിച്ചതാ.
വീട്ടിലാണോ അനു എന്തിയെ ..
അല്ല ഞാൻ ഓഫീസില ചേച്ചി..,.
അവൾക്ക് ഇത്ര വല്യ ജോലി എന്താ അവിടെ .. ഒന്ന് വിളിക്കാൻ കൂടെ നേരമില്ല അവൾക്കിപ്പോ..
ചേച്ചി എനിക്കൊരു കാൾ വരുന്നു .. ഞാൻ വിളിക്കാമെ..
ഓക്കേ മനോജേ.. അനുവിനെ അന്വേഷിച്ചെന്നു പറയണേ..
ശെരി ചേച്ചി..
അപ്പൊ അവിടെ ഇല്ല...
വീട്ടിൽ തന്നെ പോയതാണ്.. എന്നാലും അവൾ മുഖം വീർപ്പിച്ചു വീട്ടിൽ ചെന്നാൽ അവളുടെ വീട്ടിൽ നിന്ന് ആരെങ്കിലും വിളിക്കേണ്ടതാണല്ലോ ..
ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോ അത്താഴം ഞാൻ പാർസൽ വാങ്ങി കൊണ്ടാണ് വന്നത്.. IPL കാണുന്നതിനിടയിൽ പല തവണ ഫോൺ എടുത്തു നോക്കി.. ലാസ്‌റ് സീൻ ഒരു മാറ്റവുമില്ല ..
എന്തോ ഒരു ബുദ്ധിമുട്ടു ..പാർസൽ വാങ്ങിയ ഫുഡ് കഴിക്കാൻ തോന്നിയില്ല.. കഴിച്ചെന്നു വരുത്തി ബാക്കി dustbinil തട്ടി.. പ്ലേറ്റ് കഴുകിയില്ല അങ്ങനെ തന്നെ സിങ്കില് ഇട്ടു..
ഇനി ശെരിയാവില്ല.. ഒന്ന് വിളിച്ചാലോ.. അല്ലെങ്കിൽ വേണ്ട .. അവൾ കരച്ചിലോ പിഴിച്ചിലോ തുടങ്ങിയാൽ അവളുടെ വീട്ടുകാർ പ്രശ്നമാക്കിയാലോ..
ഒരു SMS അയക്കാം.. അതാവുമ്പോ വലിയ പ്രശ്നമില്ല..
" Sorry dr.. please come back " എന്ന് ടൈപ്പ് ചെയ്തു.. അയക്കണോ വേണ്ടയോ എന്ന് 5 മിനിറ്റ് ആലോചിച്ചു ഒടുവിൽ സെൻറ് ബട്ടണിൽ തൊട്ടു.
അവളുടെ റിപ്ലൈ എന്തായിരിക്കും .. ഫോൺ കയ്യിൽ തന്നെ പിടിച്ചു.. ഇനിയിപ്പോ അവൾ മെസ്സേജ് കണ്ടു കാണില്ലേ.. ശെരി കുറെ നേരം വെയിറ്റ് ചെയ്യാം..
ലൈറ്റ് ഓഫ് ചെയ്തു കിടക്കുമ്പോൾ ഞാൻ നോക്കി ഇല്ല മെസ്സേജിന് റിപ്ലൈ ഒന്നുമില്ല...
അവൾ അത്രക്ക് വലിയ വാശിക്കാരിയൊന്നുമല്ല .. എന്റെ മെസ്സേജ് കിട്ടിയാൽ തീരാനുള്ള പിണക്കമെ ഉളളൂ... പക്ഷെ ഇവൾ എന്താ റിപ്ലൈ ചെയ്യാത്തത്.. എനിക്ക് ദേഷ്യംവും ടെൻഷനും സങ്കടവും ഈഗോയും ഒക്കെ കൂടെ ഒരു വല്ലാത്ത അവസ്ഥ.. ഒരുവിധം നേരം വെളുപ്പിച്ചു എന്ന് പറയാം..
ഒരു casual ലീവ് ഒപ്പിച്ചു കൊച്ചിയുടെ ചൂടിൽ നിന്ന് രാവിലെ തന്നെ ഞാൻ മലനിരകളുടെ തണുപ്പിലേക്ക് വണ്ടി ഓടിച്ചു...
ചെറു ചിരിയോടെ അവളുടെ അച്ഛൻ മുറ്റത്തു തന്നെ നിൽപ്പുണ്ട്.. ഒന്നുകിൽ അനു ഇങ്ങോട്ടു വന്നിട്ടില്ല ... അല്ലെങ്കിൽ പിണങ്ങി വന്നതാണെന്ന് ഈ പാവം മനുഷ്യൻ അറിഞ്ഞിട്ടില്ല
കേറിവാ മോനെ..
കാറിന്റെ ശബ്ദം കേട്ട് അവളുടെ അമ്മയും പുറത്തേക്ക് വന്നു..
ഹാഹ്.. മോന് ഓഫീസിൽ തിരക്കാണെന്നു പറഞ്ഞിട്ട് ....
തിരക്കായിരുന്നു അമ്മെ . ഞാൻ ഇടക്ക് ഒന്ന് ഓടിവന്നെന്നെ ഉള്ളൂ .. ശബ്ദം കേട്ടിട്ടാവാം .. അനു അകത്തുനിന്ന് ഹാളിലേക്ക് വന്നു.. ഹോ .. അവളിവിടെ ഉണ്ട്.. അച്ഛനും അമ്മയും ഇവിടെ നിൽക്കുന്നത് അവളുടെ ഭാഗ്യം ഇല്ലെങ്കിൽ .. എന്റെ ദേഷ്യം മുഴുവൻ ഞാൻ ഇപ്പൊ തീർത്തേനെ..
അവനു മാറാൻ ഡ്രസ്സ് എടുത്തു കൊടുക്ക് മോളെ.. അച്ഛൻ അനുവിനെ നോക്കി പറഞ്ഞു..
അയ്യോ വേണ്ട ഉച്ച കഴിഞ്ഞു ഞങ്ങൾക്ക് പോണം. നാളെ ഓഫീസിൽ പോവണ്ടതാ..
 " ഞങ്ങൾക്ക് പോണം " എന്ന് പറഞ്ഞപ്പോ ഞാൻ ഇടംകണ്ണിട്ടു അവളെ ഒന്ന് നോക്കി.... അവളുടെ വാശി ജയിച്ചതിൻറെ സന്തോഷം ..
യാത്ര പറഞ്ഞു ഇറങ്ങുമ്പോ.. അവൾ ഇതുവരെ എന്നോടു മിണ്ടിയില്ല എന്നു അമ്മ ശ്രെദ്ധിച്ചോ എന്തോ ..
എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു .. എന്റെ വാശി തോറ്റതിന്റെ ദേഷ്യം ...
അവൾ ഒന്നും മിണ്ടാതെ പ്രതിമ പോലെ ഇരുന്നു.. ആഹാ അങ്ങനെ എപ്പഴും തോൽക്കാൻ എന്നെ കിട്ടില്ല.. ആദ്യം നീ തന്നെ മിണ്ടിയാൽ മതി.. ഞാൻ മനസ്സ്സിൽ ഉറപ്പിച്ചു..
ഫ്ലാറ്റിൽ എത്തുമ്പോ 8 മണി കഴിഞ്ഞു.. അത്താഴം ഞാൻ പാർസൽ വാങ്ങി .. അവൾ ഒന്നും മിണ്ടാതിരുന്നു കഴിച്ചു...
ഇന്നലെ വാട്സാപ്പിൽ കാണാത്തതിനു ടെൻഷൻ അടിച്ച ഞാൻ ഇപ്പൊ മണ്ടൻ..
ശെരി ഇതെവിടെ വരെ പോകും എന്ന് നോക്കാം..
ഏറെ ചാർജർ കണ്ടോ.. ?
ആഹാ അപ്പൊ നിനക്ക് മിണ്ടാൻ അറിയാം അല്ലെ..
അവൾ അതിനു മറുപടി ആയി എന്റെ ചാർജർ കണ്ടോ എന്ന് വീണ്ടും ചോദിച്ചു..
ആ സെറ്റിയിലെങ്ങാൻ കാണും.. കട്ടിലിയ്ക്കു ചാഞ്ഞുകൊണ്ടു ഞാൻ പറഞ്ഞു ...
ഇത്തവണ എന്റെ വാശി ജയിച്ച സന്തോഷം അവൾ എന്റെ മുഖത്ത് കണ്ടു.. യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാൻ അവളെ നോക്കി..
അവൾ ഫോൺ ചാര്ജറിൽ കണക്ട് ചെയ്തു..
സ്വിച്ച് ഓൺ ചെയ്തു..
അത് ശെരി വാശിക്ക് ഇറങ്ങി പോയപ്പോ ചാർജർ ഇവിടെ ഇട്ടിട്ടാണല്ലേ പോയത്.. വെറുതെ അല്ല വാട്സാപ്പിൽ കാണാതിരുന്നത്
അടുത്ത സെക്കൻഡിൽ എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി... അവളുടെ കൈയിലിടുന്ന ഫോൺ ശബ്‌ദിച്ചു..
" Sorry dr.. please come back " ഞാൻ ഇന്നലെ അയച്ച മെസ്സേജ്..
ലോകം മുഴുവൻ വെട്ടിപ്പിടിച്ചപോലെ അവൾ എന്നെ നോക്കി.. ഞാൻ പുതപ്പു തലവഴി മൂടി..
At times some failures are necessary to keep your loved ones your loved ones പുതപ്പിനടിയിൽ ഞാൻ എൻ്റെ Whatsapp സ്റ്റാറ്റസ് വീണ്ടും മാറ്റി
സാജു കെ മാത്യു

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo