Showing posts with label Jolly Varghese. Show all posts
Showing posts with label Jolly Varghese. Show all posts

സുമ | Jolly Varghese


 ബയോളജി സാർ, സുഷുമ്‌ന നാഡികളെ കുറിച്ച് ക്ലാസ്സ്‌ എടുത്തുകൊണ്ടിക്കുന്നു.
ഉച്ചയ്ക്ക് ശേഷമുള്ള പീരീഡിൽ മിക്കവാറും കുട്ടികൾ പാതി ഉറക്കത്തിലായിരിക്കും.സാർ നാഡിവ്യൂഹത്തെ പറ്റിയൊക്ക ഘോരഘോരം പഠിപ്പിക്കുന്നുണ്ട്.
അങ്ങനെ മൂന്നാം ബെഞ്ചിൽ ഒന്നാമതായി ഇരിക്കുന്ന അനിത പഠിപ്പിസ്റ്റ് ആയതിനാൽ ശ്രദ്ധിച്ചിരിക്കുന്നു .
രണ്ടാമതായി ഇരിക്കുന്ന ഞാൻ സാറിനെ നോക്കി ഇരിക്കുന്നതായി സാറിനു തോന്നിക്കാണും. സത്യത്തിൽ ഞാൻ നോക്കുന്നത് ജനലിൽ കൂടി കൊന്നവേലിക്ക് അപ്പുറത്തുള്ള മണ്ണ് റോഡിലൂടെ പോകുന്ന ആൾക്കാരെയായിരുന്നു.
തൊട്ടടുത്തിരിക്കുന്ന രജനി ബുക്കിൽ ചുമ്മാ എന്തൊക്കെയോ കുത്തി വരയ്ക്കും സാറിനെ നോക്കും പിന്നേം വരയ്ക്കും സാറിനെ നോക്കും. രജനിയുടെ അടുത്തിരിക്കുന്നത് സുമ യാണ്. സുമ പതുക്കെ ഡെസ്കിൽ തല വെച്ച് പാതി ഉറക്കത്തിലാണ്
സാർ വട്ടമിട്ടു നോക്കിയപ്പോ സുമ ഉറങ്ങുന്നത് കണ്ടു. കൈയിലിരുന്ന ചോക്ക് കൊണ്ട് ഒറ്റ ഏറ്. ഉന്നം തെറ്റാതെ സുമയുടെ ഷോൾഡറിൽ ചോക്ക് പതിച്ചു.
പാവം സുമ ഞെട്ടി എണീറ്റു ചുറ്റും നോക്കി.
അപ്പോൾ സാർ ഗൗരവത്തിൽ ചോദിച്ചു. സുഷുമ്‌ന നാഡിയുടെ ധർമ്മം എന്താണ്. ..?? സുമ പറയൂ..?
സുമ കാറ്റഴിച്ച ബലൂൺ പോലെ നിൽക്കുമ്പോ, രജനി ഒരു ഉത്തരം എഴുതിയ പേപ്പർ അവളുടെ പുസ്തകത്തിന്റേ മുകളിലേയ്ക്ക് സാറ് കാണാതെ വെച്ചു കൊടുത്തു.
രജനി കൊടുത്ത ഉത്തരം വായിച്ചു സുമ സാറിനെ നോക്കി പതിയെ ഒരു വിജയ ചിരി ചിരിച്ചു.
ങും.. പറയൂ.. !
രജനി കൊടുത്ത ഉത്തരം അവൾ ഉച്ചത്തിൽ പറഞ്ഞു.
"" യ കാരം ഇരട്ടിപ്പിക്കും ""
ങേ...???? സാറ് അന്തം വിട്ടു.
കുട്ടികൾ ഉച്ചത്തിൽ ചിരിച്ചു. സുമ രജനിയെ ദയനീയമായി നോക്കി. രജനി ഈ നാട്ടുകാരി അല്ല എന്നമട്ടിൽ കുത്തിവരയ്ക്കൽ തുടർന്നോണ്ടിരുന്നു.
ഞാൻ അവളുടെ തുടയിൽ നല്ലോണം ഒന്ന് നുള്ളി. അവളപ്പോൾ എന്റെ കാലിൽ ചവിട്ടി.
എന്താ സംഭവിച്ചതെന്നുവച്ചാൽ തൊട്ട് മുൻപുള്ള പീരീഡ്‌ മലയാളം വ്യാകരണം ആണ് പഠിപ്പിച്ചത്. അപ്പോ പഠിച്ച "യ കാരം "
ആണ് സുമയെ പറ്റിക്കാൻ വേണ്ടി രജനി എഴുതി കൊടുത്തത്.
പക്ഷേ ഉറക്കത്തിൽ നിന്നും എണീറ്റ സുമ ഒന്നും ആലോചിക്കാതെ പറഞ്ഞു പോയതാണ്.
എന്തായാലും കുട്ടികളുടെ ചിരിയിൽ സാറും പങ്കു ചേർന്നു. അബദ്ധം മനസ്സിലാക്കിയ സുമ സാറിനോട് ക്ഷമ പറഞ്ഞു. മാത്രമല്ല പിന്നീടൊരിക്കലും അവൾ ക്ലാസ്സിൽ ഉറങ്ങിയിട്ടില്ല. രജനിയെ അവൾ കൊന്നില്ലന്നേ ഉള്ളൂ...ഹഹഹ.
അങ്ങനെ സുമയ്ക്ക് സ്കൂളിൽ ഒരു പേരുകിട്ടി. "യകാരം സുമ !!!""
✍️ ജോളി വർഗീസ്സ്

നീന | Jolly Varghese

 

നീനമോളെ.. നീനേ....,
അവളെന്നെ സാവധാനം നോക്കി. എനിക്ക് ആ ബിസ്കറ്റ്കൂടി തരുമോ...ചേച്ചീ.. ??
ഞാനവളെ നോക്കി. നിർവികാരമായ മുഖം.. അവളുടെ നോട്ടം ബിസ്കറ്റ് പായ്‌ക്കറ്റിലേയ്ക്കാണ്. മറ്റൊന്നും അവൾ ശ്രദ്ധിക്കുന്നേയില്ല.
ചുറ്റുമുള്ളവർ പരസ്പരം സഹതത്തോടെയും അതീവ ദുഃഖത്തോടെയും അവളെ നോക്കിയിരിക്കുന്നു.
എല്ലാവരുടെയും മനസ്സിൽ ഒരു ചിന്ത മാത്രം. അവളൊന്നു കരഞ്ഞെങ്കിൽ കുറച്ചാശ്വാസം ആയേനെ.
താ.. ചേച്ചീ.. എനിക്ക് വിശക്കുവാ..
തരാം മോളേ ഇത്തിരി കഴിയട്ടെ. ഇപ്പോ മോള് ചോറ് കഴിച്ചതല്ലേഉള്ളൂ..
ആണോ ഞാൻ ചോറ് കഴിച്ചോ.. എപ്പോ..?
ദാ.. ഇപ്പോ..ഇത്തിരി മുന്നേ.. അതും മൂന്നാമത്തെ പ്രാവശ്യം.
എനിക്ക് ഓർമ്മയില്ലല്ലോ.
സാരമില്ല മോള് കിടന്നോ.. ! ഇത്തിരി കഴിഞ്ഞ് മോൾക്ക് ഞാൻ ബിസ്കറ്റ് തരാം.
അവൾ ഒരു നിമിഷം കണ്ണടച്ചു കിടന്നു. പിന്നെ ഞെട്ടി കണ്ണ്‌ തുറന്ന് കൊച്ചുകുട്ടികളെ പോലെ ബിസ്കറ്റിന് വേണ്ടി ശാഠ്യം പിടിച്ചു.
ഞാനവൾക്ക് ബിസ്കറ്റ് പായ്ക്കറ്റോടെ കൊടുത്തു. അവൾ അതാർത്തിയോടെ തിന്നുന്നത് നോക്കി ഞങ്ങൾ ചുറ്റിലും ഇരുന്നു.
ഞങ്ങളെല്ലാവരും തൊടുപുഴ-- (കോളേജിന്റെ പേര് ഞാൻ പറയുന്നില്ല. ) കോളേജിൽ പഠിക്കുന്നവരാണ്. ഹോസ്റ്റലിലാണ് താമസം. നീന എന്റെ "റൂം മേറ്റാണ്. "
തൃശ്ശൂരാണ് നീനയുടെ വീട്. അപ്പനും അമ്മയ്ക്കും ഒറ്റ മോൾ. ഒരു കൊഞ്ചി കുട്ടി. ഡിഗ്രീ സെക്കന്റിയർ ആണേലും അവളൊരു കിലുക്കാം പെട്ടിയാണ്. എല്ലാവർക്കും ഇഷ്‌ടവുമാണവളെ. നന്നായി പാട്ടുപാടുന്ന വിടർന്ന കണ്ണുള്ള പെണ്ണ്.
പപ്പാ, മമ്മി അവര് കഴിഞ്ഞേ അവൾക്ക് മറ്റെന്തെങ്കിലും ഉള്ളൂ. അവർക്ക് തിരിച്ചും. അവൾക്കൊരു പനിവന്നാൽ അവര് സഹിക്കില്ല. അവർക്കൊരു പനിവന്നാൽ ഇവളും സഹിക്കില്ല. മാത്രമല്ല നമുക്ക് സമാധാനോം തരില്ല.
അങ്ങനുള്ള അവളുടെ പപ്പാ ഒരു മണിക്കൂർ മുൻപ് മരണപ്പെട്ടു. ഹാർട്ട് അറ്റാക്ക് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇപ്പോ സമയം രാത്രി ഒന്നര കഴിഞ്ഞു.
ഹോസ്റ്റൽ വാർഡൻ അൽപ്പം മുൻപ് വന്നു പറഞ്ഞു അഞ്ചുമണിക്ക് വണ്ടിവരും. നീനയുടെ കൂടെ ആരേലും മൂന്നാല് പേരു പോന്നോയെന്ന്.
ഞങ്ങളവളെ അറിയിക്കാതെ ഇരുന്നതാ. അപ്പോഴാ കൂട്ടത്തിൽ ഉള്ള സിന്ധു എന്ന കുട്ടിയുടെ കരച്ചിൽ.. നീ.. യിതെങ്ങനെ സഹിക്കും നീന.. നിന്റെ പപ്പാ പോയെടീ.. മോളേ.. ന്നു പറഞ്ഞ് ഒരു കെട്ടി പിടുത്തം.
അപ്പോൾ നീന ഒന്ന് വെട്ടി വിറച്ചു..കുറെ നേരം ശിലപോലെ ഒരിരുപ്പ്. കരഞ്ഞില്ല.. ബഹളം വെച്ചില്ല.
പിന്നീട് ചോറ്.. ചോദിച്ചു വാങ്ങി രണ്ടുമൂന്നു പ്രാവശ്യം കഴിച്ചു. പിന്നെയും കഴിക്കല് തന്നെ.. എന്ത് കിട്ടിയാലും മതിയാവാത്ത പോലെ.
പിറ്റേന്ന് അവളുടെ ഒപ്പം ഞാനും പോയിരുന്നു. മമ്മിയും മറ്റ് ബന്ധുക്കളും ഇവള് ചെന്നപ്പോ അലമുറയിട്ടു കരഞ്ഞു. ഹൃദയം കീറി മുറിഞ്ഞുള്ള കരച്ചിൽ. കണ്ട്നിൽക്കുന്നവർക്കു പോലും കരച്ചിലടക്കാൻ പറ്റില്ല. എന്നിട്ടും നീനു വിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നില്ല.
ആരൊക്കെയോ അവളോട്‌ ഒന്ന് കരയെടീ മോളേ എന്നൊക്ക പറയുന്നുണ്ട്. പക്ഷേ..
ഒരുവേള അവളെന്നെ നോക്കി.. ചേച്ചീ എനിക്ക് എന്തെങ്കിലും കഴിക്കാൻ തരുമോ..?
അതേ ചോദ്യം അവൾ അവളുടെ ആന്റിയോടും ചോദിച്ചു.
അവസാനം ഒരുപിടി മണ്ണ് കുഴിമാടത്തിലേയ്ക്ക് ഇടുമ്പോ.. അവൾ അടിമുടി വിറച്ചു.. കണ്ണുകൾ കൂമ്പി എന്നിട്ടും കണ്ണുനീർ വന്നില്ല.കണ്ണീരു വറ്റി പോയതാവും. അവളുടെ കൈയിൽ ഞാൻ മുറുകെ പിടിച്ചു. ആ വിരലുകൾ വല്ലാതെ തണുത്തിരുന്നു.
അവൾ എന്നെ നോക്കി.. ഞാൻ നോട്ടം മാറ്റിക്കളഞ്ഞു. കാരണം അവൾ ചോദിക്കാൻ പോകുന്നത് എന്താണ് എന്നെനിക്കറിയാം. കഴിക്കാൻ എന്തെങ്കിലും വേണം എന്നാവും.
എന്തായാലും രണ്ടാഴ്ച കഴിഞ്ഞ് അവൾ വീണ്ടും കോളേജിൽ എത്തുമ്പോൾ അവൾ പഴയ ആ കിലുക്കാംപ്പെട്ടി നീന അല്ലായിരുന്നു. ആരോടും അധികം മിണ്ടാതെ ഒതുങ്ങി മാറി പോകുന്നൊരു നീന..ചോദിച്ചാൽ എന്തേലും പറയും അത്ര മാത്രം.
പിന്നെ ഭഷണം കാണുന്നതേ ഇഷ്‌ടമില്ലാത്ത പോലെ. എന്തെങ്കിലും കഴിക്കും അത്രതന്നെ.
അവൾക്ക് കൗൺസലിങ് ഒക്കെ കൊടുത്താണ് ഇത്രയെങ്കിലും ആക്കിയത്.
ഓവർ ടെൻഷൻ താങ്ങാൻ പറ്റാത്തതിനാലാവും അന്നവൾ എപ്പോഴും എന്തേലും കഴിക്കാൻ (ചവച്ചോണ്ടിരിക്കാൻ )ചോദിച്ചതും, കഴിച്ചതും.
കരഞ്ഞൊഴിഞ്ഞ മനസ്സിന് ഒരു ശാന്തത കിട്ടും.. പക്ഷേ.. കരയാത്ത മനസ്സിന്റെ ഭാരം കാലങ്ങളോളം മാറില്ല.
ഇപ്പോ അവളുടെ കല്യാണമൊക്കെ കഴിഞ്ഞു രണ്ട് കുട്ടികളും ഉണ്ട്. ഇടയ്ക്ക് ഞാനങ്ങോട്ടു വിളിക്കും.. കുറച്ചു സംസാരിക്കും അതും എണ്ണിപെറുക്കി. അവൾക്ക് നമ്മളോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല..അന്ന് മാറിയതാണവൾ.
സ്വയം ഉൾവലിഞ്ഞു ജീവിക്കുന്ന അവളിന്നും മനസ്സിന്റെ കോണിലൊരു വേദനയാണ്. !!!
✍️ ജോളി വർഗ്ഗീസ്

വിജയിച്ചവർ | Jolly Varghese

 

സുരേഷ്, മധുവിനോട് പറഞ്ഞു.
എടാ.. ഞാൻ ജീവിതത്തിൽ വിജയിച്ചവനാണ്.
മധു : എന്നുപറഞ്ഞാൽ??
ഈ കാണുന്ന ഏക്കറു കണക്കിന് പറമ്പ് എന്റെതാണ്, കൂടാതെ വീടുണ്ട്, കാറുണ്ട് അതും ഒന്നിൽ കൂടുതൽ. അപ്പോ ഞാൻ ജീവിതത്തിൽ വിജയിച്ചവനല്ലേ.?
അതേ ഒരർത്ഥത്തിൽ നീ ലോകത്തിന്റെ മുൻപിൽ വിജയിച്ചവനാ. എന്നാൽ നീ ശരിക്കും വിജയിച്ചവനാണോ..? അല്ല.. !
സുരേഷ് ചോദ്യ ഭാവത്തിൽ മധുവിനെ നോക്കി.?
സുരേഷേ.. ജീവിതവിജയം എന്നുപറയുന്നത് ഈ കാറിലോ, വീടിലോ, തൊടിയിലോ അല്ല.
പിന്നെ.?
ഒരു നിമിഷം നിനക്ക് ശൂന്യമായി ഇരിക്കാൻ സാധിക്കുമോ. അതായത് മനസ്സിൽ ഒന്നുമില്ലാതെ, ഭാരമില്ലാത്ത ഒരു മനുഷ്യനായി. !
മ്മ്.. നോക്കട്ടെ.
നിനക്ക് സാധിക്കില്ല. കാരണം, നിനക്ക് തൊടിയിൽ പണിയുന്നവർക്ക് കൂലി കൊടുക്കണം, വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ വാങ്ങണം. കുഞ്ഞുങ്ങൾ ക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം,
നിനക്ക് സമയാ സമയങ്ങളിൽ ഇൻസുലിൻ എടുക്കണം. പ്രഷറിന്റെ മരുന്ന് കൃത്യമായി കഴിക്കണം. പോരാത്തതിന് നിനക്ക് ഇഷ്‌ടപ്പെട്ട ഭഷണം പോലും കഴിക്കാൻ ശരീരം അനുവദിക്കില്ല.
ശരിയാണ് മധു. ഓരോ നിമിഷവും എന്റെ മനസ്സ് ഓരോന്നിന്റെയും പുറകെ പായുകയാണ്.
അതാണ് സുരേഷ് ഞാൻ പറഞ്ഞത്. ഒരാൾക്ക് കുറ്റബോധമില്ലാതെ, ഉത്കണ്ഠയി ല്ലാതെ, വേവലാതിയില്ലാതെ, നാളെയെ കുറിച്ചുള്ള വ്യാകുലതയില്ലാതെ, മനസ്സിൽ കലഹങ്ങലില്ലാതെ, അഹങ്കാരമില്ലാതെ..
"ശാന്തമായ മനസ്സോടെ ശൂന്യമായി ഒരുനിമിഷം ഇരിക്കാൻ സാധിച്ചാൽ, ആ ഒരുനിമിഷത്തെ ജീവിതമാണ് വിജയം. !"
സുരേഷ് ചിന്തയോടെ മധുവിനെ നോക്കി.
അങ്ങനൊരു വിജയത്തിലെത്താൻ നീയും ഞാനും ഇനിയും ഒരുപാട് മാനസികമായി വളരേണ്ടി ഇരിക്കുന്നു.
സുരേഷ് ശരിയാണ് എന്നർത്ഥത്തിൽ തല കുലുക്കി.
വിജയിച്ചവർ എന്ന് നമ്മൾ കരുതുന്ന പലരും സത്യത്തിൽ വിജയിച്ചവർ ആണോ...?
ആവോ..?? !
✍️ ജോളി വർഗീസ്.

വിജയിച്ചവർ

 

സുരേഷ്, മധുവിനോട് പറഞ്ഞു.
എടാ.. ഞാൻ ജീവിതത്തിൽ വിജയിച്ചവനാണ്.
മധു : എന്നുപറഞ്ഞാൽ??
ഈ കാണുന്ന ഏക്കറു കണക്കിന് പറമ്പ് എന്റെതാണ്, കൂടാതെ വീടുണ്ട്, കാറുണ്ട് അതും ഒന്നിൽ കൂടുതൽ. അപ്പോ ഞാൻ ജീവിതത്തിൽ വിജയിച്ചവനല്ലേ.?
അതേ ഒരർത്ഥത്തിൽ നീ ലോകത്തിന്റെ മുൻപിൽ വിജയിച്ചവനാ. എന്നാൽ നീ ശരിക്കും വിജയിച്ചവനാണോ..? അല്ല.. !
സുരേഷ് ചോദ്യ ഭാവത്തിൽ മധുവിനെ നോക്കി.?
സുരേഷേ.. ജീവിതവിജയം എന്നുപറയുന്നത് ഈ കാറിലോ, വീടിലോ, തൊടിയിലോ അല്ല.
പിന്നെ.?
ഒരു നിമിഷം നിനക്ക് ശൂന്യമായി ഇരിക്കാൻ സാധിക്കുമോ. അതായത് മനസ്സിൽ ഒന്നുമില്ലാതെ, ഭാരമില്ലാത്ത ഒരു മനുഷ്യനായി. !
മ്മ്.. നോക്കട്ടെ.
നിനക്ക് സാധിക്കില്ല. കാരണം, നിനക്ക് തൊടിയിൽ പണിയുന്നവർക്ക് കൂലി കൊടുക്കണം, വീട്ടിലേയ്ക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ വാങ്ങണം. കുഞ്ഞുങ്ങൾ ക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം,
നിനക്ക് സമയാ സമയങ്ങളിൽ ഇൻസുലിൻ എടുക്കണം. പ്രഷറിന്റെ മരുന്ന് കൃത്യമായി കഴിക്കണം. പോരാത്തതിന് നിനക്ക് ഇഷ്‌ടപ്പെട്ട ഭഷണം പോലും കഴിക്കാൻ ശരീരം അനുവദിക്കില്ല.
ശരിയാണ് മധു. ഓരോ നിമിഷവും എന്റെ മനസ്സ് ഓരോന്നിന്റെയും പുറകെ പായുകയാണ്.
അതാണ് സുരേഷ് ഞാൻ പറഞ്ഞത്. ഒരാൾക്ക് കുറ്റബോധമില്ലാതെ, ഉത്കണ്ഠയി ല്ലാതെ, വേവലാതിയില്ലാതെ, നാളെയെ കുറിച്ചുള്ള വ്യാകുലതയില്ലാതെ, മനസ്സിൽ കലഹങ്ങലില്ലാതെ, അഹങ്കാരമില്ലാതെ..
"ശാന്തമായ മനസ്സോടെ ശൂന്യമായി ഒരുനിമിഷം ഇരിക്കാൻ സാധിച്ചാൽ, ആ ഒരുനിമിഷത്തെ ജീവിതമാണ് വിജയം. !"
സുരേഷ് ചിന്തയോടെ മധുവിനെ നോക്കി.
അങ്ങനൊരു വിജയത്തിലെത്താൻ നീയും ഞാനും ഇനിയും ഒരുപാട് മാനസികമായി വളരേണ്ടി ഇരിക്കുന്നു.
സുരേഷ് ശരിയാണ് എന്നർത്ഥത്തിൽ തല കുലുക്കി.
വിജയിച്ചവർ എന്ന് നമ്മൾ കരുതുന്ന പലരും സത്യത്തിൽ വിജയിച്ചവർ ആണോ...?
ആവോ..?? !
✍️ ജോളി വർഗീസ്.
###############################

അമ്പടാ മനസ്സേ.


ചിന്തിക്കാൻ മാത്രമായി ഒരിടമുണ്ടോ..??
ആവോ..!
ചിന്തകൾ കാടുകയറിയതോ, ചിന്തയിൽ കാടുകയറിയതോ എന്നറിയില്ല.. എന്തായാലും കാട് നിറഞ്ഞു എന്നത് സത്യം.

ചികഞ്ഞു നോക്കിയപ്പോ എന്തോ തടഞ്ഞു.
തപ്പിനോക്കി കിട്ടിയില്ല .

കാടിനുള്ളിൽ ഒളിച്ചുകളിക്കുകയാണ്..
എന്നാൽപ്പിന്നെ കണ്ടുപിടിച്ചിട്ട് തന്നെ കാര്യം

അങ്ങനെ കാട് വെട്ടാൻ തീരുമാനിച്ചു.

നിന്നെ പിടിക്കാൻ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ..

"മനസ്സേ.. " നിന്നെ വിടില്ല ഞാൻ.

ഹും.. എന്നോടാ നിന്റ കളി..

അല്ല പിന്നെ.. !

(പ്രകൃതി സ്നേഹികൾ ക്ഷമിക്കുക.. )

ജോളി വർഗ്ഗീസ്

**********************************

നീ ജനിച്ച സ്ഥലം ശരിയല്ല.

Image may contain: 1 person, closeup and indoor
ഭർത്താവിന്റെ മുൻപിൽ മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയെ നോക്കി ഭർത്താവ് പറഞ്ഞു." നീ ജനിച്ച സ്ഥലം ശരിയല്ല"
ങേ.. :
അതേടി ഭാര്യേ.. സ്ഥലം മാറിപ്പോയി അതാ കുഴപ്പം.
ദേ.. മനുഷ്യാ എനിക്ക് ഇപ്പോ തന്നെ കലികേറിയിരിക്കുവാ.. അന്നേരം എന്റെ നാടിനെ കുറ്റം പറഞ്ഞാലുണ്ടല്ലോ.. ങ്ഹാ.. !
ഓ.. എന്തിനാ നിനക്കിപ്പോ കലി കേറിയേ.. ?
അത് എന്തിനാന്നു നിങ്ങക്കറിയാൻ മേലെ.. !
അറിയാം.. , എന്നാലും നീ ഒന്നൂടൊന്നു പറയ്.. ഞാൻ കേക്കട്ടേ.. !
പോ.. അവിടുന്ന്..
അതല്ല നീ പറയെടീ.. !
അതെ നിങ്ങൾ എത്ര ദിവസമായി ഈ കള്ള് കുടി തുടങ്ങിയിട്ട്...?
അത് കള്ളല്ലടീ., ബ്രാണ്ടിയും, ബിയറുമാ.. സർക്കാര് തരുന്നതല്ലേ..
ഫ്രീ.. ആയിട്ടോ.. ?
അല്ല.. നമ്മള് കാശുകൊടുക്കണം. സർക്കാരിനെ നിലനിർത്തുന്നത് ഞങ്ങൾ കുടിയമ്മാരല്ലേ.. ഇല്ലേ നമ്മുടെ ഖജനാവ് കാലിയാകത്തില്ലാരുന്നോ.. !
ആ.. അതൊന്നും എനിക്കറിയത്തില്ല. നിങ്ങള് കുടിക്കാൻ തുടങ്ങിയിട്ട് എത്ര ദിവസമായി..പറ..
അതുപിന്നെ കൊറേ കൊല്ലമായി.. !
അതല്ല അടിപ്പിച്ചു നാലുദിവസമായിട്ടു നിങ്ങക്ക് കള്ളല്ലേ.. ?
ഉം........
നിങ്ങക്കറിയാവോ.. ഞാനിവിടെയിരുന്നു എന്തോരം ബോറടിക്കുന്നെന്ന്.
നിങ്ങളാണേൽ ആഘോഷിക്കുവല്ലേ. കൂട്ടുകാരോടൊപ്പം കറക്കവും വെള്ളമടിയും.
അതിന് നിനക്കിവിടെ എന്തിന്റെയെങ്കിലും കുറവ് ഉണ്ടോ. തിന്നാനും കുടിക്കാനും ഇല്ലേ. ഉടുക്കാൻ തരാതരം ഡ്രസ്സില്ലേ.. ടീവി ഇല്ലേ.. കംപ്യുട്ടർ ഇല്ലേ.. മൊബൈൽ ഇല്ലേ.. കുട്ടികൾ ഇല്ലേ.. പിന്നെ നിനക്കെന്താ വേണ്ടത്.
ഇടയ്ക്കൊക്കെ എനിക്കും ആഗ്രഹമില്ലേ പുറത്തൊക്കെ ഇറങ്ങി ഇങ്ങളെപോലെ അടിച്ചുപൊളിക്കണം എന്ന്.. !
ങേ..: കള്ളുകുടിക്കാനോ..
അതല്ല മനുഷ്യാ.. ചുമ്മാ കറങ്ങാൻ. ഇടയ്ക്കൊരു ബിയർ ആയാലും കുഴപ്പമില്ല. അല്ലേ.. ഹഹാ... !
എടീ.. ഭാര്യേ.. അതാ ഞാനാദ്യം പറഞ്ഞേ.. "നീ ജനിച്ച സ്ഥലം മാറിപ്പോയെന്ന്. "
നീ വല്ല അമ്മേരിക്കേലോ.. ഇംഗ്ലണ്ടിലോ.. മറ്റേതെങ്കിലും രാജ്യത്തോ ജനിച്ചിരുന്നെങ്കിൽ നമ്മൾ ആഘോഷിച്ചേനെടീ..
നമ്മളൊന്നിച്ചുപോയി ബിയറും , വൈനും വിസ്കിയും ബ്രാണ്ടിയും അങ്ങനെ എന്തെല്ലാം ഉണ്ടോ അതെല്ലാം കഴിക്കും. ഡാൻസ് ബാറിൽ പോയി നൃത്തം ചെയ്യും. രാത്രി മുഴുവൻ നിന്റെ കൈ കോർത്തുപിടിച്ചു നടക്കും.. !
എന്നിട്ട്... ?
എന്നിട്ട് നമ്മളങ്ങു സുഖിച്ചു ജീവിക്കും.... പക്ഷേ നിനക്ക് യോഗമില്ലാതെപോയി.
അപ്പോ നിങ്ങളും ഈ സ്ഥലത്തല്ലേ ജനിച്ചേ..
അതെ., പക്ഷേ മദ്യം അവിടെയും കിട്ടും ഇവിടെയും കിട്ടും പുരുഷന്മാർക്ക് അവിടെയും ഓക്കേ.. ഇവിടെയും ഓക്കേ..
ഇവിടെ സദാചാര പോലീസ് ചുറ്റിലും കഴുകൻ കണ്ണുമായിട്ടിരിക്കുവല്ലേ .. അതിനാൽ ഭാര്യേ... നീ പ്രാർത്ഥിക്ക് അടുത്ത ജന്മം ഒരു മദാമ്മ ആയി ജനിക്കാൻ... !
പ്രാർത്ഥിക്കും മനുഷ്യാ..പ്രാർത്ഥിക്കും എന്നിട്ടുവേണം എനിക്ക് ഒരു സായിപ്പിനെ കല്യാണം കഴിച്ചു ആഘോഷിച്ചു ജീവിക്കാൻ.. !
അപ്പോ ആരുടെ ജനന സ്ഥലമാ ശരിയല്ലാത്തത്.. ??
ഭാര്യേ..... !!!!!!!!
&&&&&&&&&&&&&&&&&&&&&&&&&

തളിർക്കാത്ത ചില്ല

Image may contain: one or more people, closeup and indoor
" ചുംബന പൂകൊണ്ട് മൂടി എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം.. "
ആ പാട്ടുകളിൽ കൂടി അവൻ പറയുന്നത് എന്നോടല്ലേ. അതെ , എന്നോടുതന്നെ. അവൻ പാടുമ്പോൾ അവന്റെ കണ്ണുകൾ എന്നെനോക്കി എന്തൊക്കെയോ പറഞ്ഞു.
എന്റെ വിടർന്നകണ്ണുകൾ അവനെ പൊതിഞ്ഞു നിന്നു. അവന്റെ പ്രണയം പാട്ടുകളിൽ കൂടി എന്നോട് പറഞ്ഞു.
"ആദ്യമായ് കണ്ടനാൾ പാതിവിരിഞ്ഞുനിൻ പൂമുഖം.
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ..പ്രിയസഖീ.. "
ഞാൻ കണ്ണുകളാൽ എന്റെ പ്രണയം അവനെ അറിയിച്ചു.
അവന്റെ പേര് വരുൺ. ഞങ്ങൾ ക്ലാസ്സ് മേറ്റ് ആണ്. ഡിഗ്രീ സെക്കന്റിയർ.
വരുൺ ആണ് കോളെജിലെ ആസ്ഥാന ഗായകൻ. അവനുചുറ്റും നിരവധി ആരാധകരും. അതിനാൽത്തന്നെ അവന് അഹങ്കാരം കൂടുതലായിരുന്നു. ഒഴിവ് സമയങ്ങളിലെല്ലാം അവനെകൊണ്ട് പാട്ടുപാടിപ്പിക്കുകയാണ് കുട്ടികളുടെ പണി. അവനാണെങ്കിൽ യേശുദാസാണെന്ന ഭാവത്തിലാണ് ഇരിപ്പും പാട്ടും.
" ഈറൻമേഘം പൂവുംകൊണ്ട്...
പൂജയ്ക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ.....
പൂക്കാരി നിന്നെ കണ്ടു ഞാൻ... "
എന്തോ അവന്റെ നോട്ടം എന്റെ മുഖത്തായിരുന്നു.
അറിയാതെ എന്റെ മുഖം നാണത്താൽ കുനിഞ്ഞു. പിന്നീടുള്ള നോട്ടങ്ങൾക്കെല്ലാം ഒരു കാന്ത ശക്തി...
"നീലമലർ പൂങ്കുയിലേ നീ കൂടെപ്പോരുന്നോ..
നിൻ ചിരിയാൽ ഞാനുണർന്നു..
നിന്നഴകാൽ ഞാൻ മയങ്ങി.. "
അവന്റെ ശബ്‌ദം എന്റെ മനസ്സിൽ കുളിർമഴയായി പെയ്തിറങ്ങി..
"കറുത്തപെണ്ണേ.. നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ.. "
......
എന്നവൻ പാടുമ്പോൾ, കണ്ണുകൾ കൊണ്ട് ഞാനും പാടി..
"തുടിച്ചുതള്ളും മനസ്സിനുള്ളിൽ തനിച്ച്
നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ.. " എന്ന്.
ഒരു വരിപോലും പാടാൻ കഴിവില്ലാത്ത എന്നിൽ അവനൊരു ഗാനമായി നിറഞ്ഞു.
ഒരിക്കൽ നീണ്ടവരാന്തയിലൂടെ ഞങ്ങൾ നടക്കുമ്പോൾ വരുൺ പറഞ്ഞു..
"ജോ... നിനക്കറിയുമോ.. ഈ പാട്ടുകൾ മുഴുവൻ ഞാൻ പാടുന്നത് എന്തിനാണെന്ന്... "
" ഇല്ല... "
" നിനക്കുവേണ്ടിയാണ്.. ജോ... നിനക്കുവേണ്ടി മാത്രം.. എന്റെ പാട്ടുകളിൽ നീ മാത്രമേ ഉള്ളൂ..പെണ്ണേ.. "
എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. മനസ്സ് കുതിച്ചു തുള്ളി.
അവൻ വീണ്ടും പാടി..
"ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്..
.........................
ഋതുക്കൾ നമുക്കായ്പണിയും
സ്വർഗ്ഗത്തിൽ.. "
അന്ന് അവസാനത്തെ കോളേജ് ഡേയ്ക്ക് അവൻ പാടിയ മൂന്ന് പാട്ടുകളിൽ ഒന്നൊരു കവിതയായിരുന്നു.
" കാലമിനിയുമുരുളും, വിഷുവരും ,
വർഷംവരും , തിരുവോണം വരും,
പിന്നെ, യോരോ തളിരിനും പൂവരും , കായ്‌വരും -അപ്പോളാരെന്നും
എന്തെന്നും ആർക്കറിയാം.. ??
നമുക്കിപ്പൊഴീയാർദ്രതയെ ശാന്തരായ്
സൗമ്യരായെതിരേൽക്കാം..
വരിക സഖീ, യരികത്തു ചേർന്നു നിൽക്കൂ..
പഴയൊരു മന്ത്രം സ്മരിക്ക നാമനോന്യം
ഊന്നു വടികളായ് നിൽക്കാം :
ഹാ.. ! സഫലമീ യാത്ര.. "
നിർത്താതെയുള്ള കൈ അടികൾ ഇന്നും കാതിൽ മുഴങ്ങുന്നു.
മൂന്നു വർഷത്തെ ഡിഗ്രീ പഠനം പൂർത്തിയാക്കി പിരിയുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു. അഡ്രസ്സ് വാങ്ങിക്കുകയോ കത്തെഴുതുകയോ ചെയ്തില്ല. നിന്നെ തേടി ഞാൻ വരും എന്ന് വരുൺ വാക്കുതന്നു.
പിന്നീട് കുറെ പ്രാവശ്യം പള്ളിയിൽ പോകും വഴികണ്ടു.
ഒരിക്കൽ പറഞ്ഞു..
" ജോ.. എന്റെ വീട്ടിലെ സാഹചര്യം നിനക്കറിയാല്ലോ... ഒരു ചെറിയ ജോലി വിദേശത്ത് ശരിയായിട്ടുണ്ടെന്നും അധികം വൈകാതെ പോകുമെന്നും. "
പിന്നീട് വരുണിനെ ഞാൻ കണ്ടിട്ടില്ല. യാതൊരറിവും ഇല്ല. കാത്തിരിപ്പ് തന്നെ കാത്തിരിപ്പ്.
"മറന്നുപോയതെന്തേ.. നീ
അകന്നുപോയതെവിടെ.. ? ഞാൻ മൗനമായ് പാടി.. !

ഒടുവിൽ മറ്റൊരാളിന്റെ ഭാര്യയായി. വരുണിനെ മറന്നു. നല്ലൊരു ഭാര്യയായി കുടുംബിനിയായി ഞാൻ മാറി. കാലം പുതിയ, പുതിയ ഓർമ്മകൾ തന്നുകൊണ്ടിരുന്നു.
എന്നാൽ..
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ വച്ച് വരുണിനെ ഞാൻ വീണ്ടും കണ്ടു. ഒട്ടും പ്രതീഷിക്കാതെ.. പ്രായം രണ്ടുപേർക്കും മാറ്റം വരുത്തിയെങ്കിലും ആത്മാവിൽ കൊത്തിവച്ച ചിത്രമായതിനാൽ ഒറ്റ കാഴ്ചയിൽ തന്നെ ഒരു മിന്നൽ ശരീരത്തിലൂടെ പാഞ്ഞുപോയി.
പരസ്പരം കണ്ണുകളിൽ നോക്കി ഒന്നും മിണ്ടാനാവാതെ നിന്നു...
" സുഖമോ ദേവി.. സുഖമോ ദേവീ..
സുഖമോ... സുഖമോ.. ?"
വിഷാദം മുറ്റിയ അവന്റെ മുഖം എന്നോട് ചോദിക്കും പോലെ തോന്നി.
ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ഞങ്ങൾ സംസാരിച്ചു , വിശേഷങ്ങൾ പറഞ്ഞു. വീട്ടിലെ കഷ്‌ടപ്പാടും മൂന്ന് സഹോദരിമാരെ കല്യാണം കഴിച്ചയച്ചതും , അമ്മ രോഗിയായതും ഇപ്പോൾ മരണപെട്ടതും. ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിൽ എന്നെ കൂടെ കൂട്ടാൻ പറ്റാത്തതും എല്ലാം.
ഞാൻ എന്റെ കുടുംബത്തെക്കുറിച്ചും , സന്തോഷകരമായ ജീവിതത്തെ പറ്റിയും പറഞ്ഞു.
നന്നായി.. ജോ.. എന്റൊപ്പമാണ് നീ ജീവിച്ചതെങ്കിൽ ഇത്രയും സന്തോഷം നിനക്ക് നൽകാൻ എനിക്കാവില്ലാരുന്നു..
"വരുണിന്റെ കുടുംബമൊക്കെ.. ?" ഞാൻ ചോദിച്ചു
" എന്റെ കുടുംബം ഞാനാണ്. ബാധ്യതകൾ എല്ലാം തീർത്തപ്പോഴേയ്ക്കും നമ്മൾ വയസ്സനായി.. പിന്നെ പെണ്ണുകെട്ടാൻ തോന്നിയില്ല.. ഈ ജീവിതവും സുഖമാണ്. സ്വസ്ഥമാണ്.. ഹഹാ.. "
വരുൺ ചിരിച്ചു. തെളിമയില്ലാത്തൊരു ചിരി.
കണ്ടതിൽ സന്തോഷമറിയിച്ചു വരുൺ യാത്രപറഞ്ഞു. അവസാനം എന്നെ ആകമാനം ഒന്നു നോക്കി ഒടുവിൽ എന്റെ താലിയിലേയ്ക്കും..
ശൂന്യമായ മനസ്സോടെ ഞാൻ ആ പോക്ക് നോക്കി നിന്നു..
"കൊതിച്ച ജീവിതം കിട്ടിയില്ലെങ്കിൽ വിധിച്ച ജീവിതം ആസ്വദിക്കുക "
അകലെ.. അകലെ... ആരോ.. !!!

ഭക്തി


Image may contain: one or more people, closeup and indoor

പുലർച്ചെകുളിച്ചു തൊഴുതുവരുന്നൊരു ,
തരുണീമണിക്കെന്തു ചന്തമെന്നോ,
ഉദയസുര്യൻപോൽജ്വലിച്ചുനിൽക്കും
അവൾ , ഐശ്വര്യദേവത പോൽവിളങ്ങി.
വീടിനെ ശ്രീകോവിലാക്കുന്നവൾ,
ശാന്തിചൈതന്യവും ഏകുന്നവൾ
സന്താന പുണ്യം, സമാധാന മന്ത്രം
സുമംഗലിയായി വാണിരുന്നവൾ.
വിശ്വാസം വിശ്വാസിക്കന്യമായി ,
ഭക്തിയും യുക്തിയും ഏറ്റുമുട്ടി
തെരുവിൽ കലഹങ്ങൾ ,
കോലങ്ങൾ കത്തിക്കൽ
കോലാഹലങ്ങളാണവൾക്കു ചുറ്റും.
വെല്ലുവിളിച്ചു മുന്നേറുന്നവളിന്ന്
ആരെയോ തോൽപിക്കാനാണുപോലും
മനസ്സെന്ന കോവിലോ ശൂന്യമായി
മനഃശാന്തി വീട്ടിൽ അന്യമായി.
തൊഴുതു വരുന്നയവളെ തൊഴുവാൻ -
തോന്നിയ കാലവും പോയ്മറഞ്ഞു.
ഭക്തി വിശ്വാസവും , ആചാരവും
ഇന്ന് വഴിവക്കിലൊക്കെ വലിച്ചെറിഞ്ഞു.
ഭക്തിയും , ശുദ്ധിയും തമ്മിലടിച്ചു ,
മുക്തി കിട്ടിയാലതെന്റെ ശക്തി.
സ്ത്രീശക്തി,സ്ത്രീശക്തി, സ്ത്രീശക്തിയെന്ന്
ഒളിഞ്ഞിരുന്നാരോ പറയുന്നുണ്ടേ..
ചിലരൊളികണ്ണാലെ നോക്കുന്നുണ്ടേ.. !!!

പുത്തനച്ചി

Image may contain: 1 person, closeup and indoor

"പുത്തനച്ചി പുരപ്പുറം തൂക്കും എന്നാണെങ്കിലും, ഇവൾ ഉമ്മറം പോലും തൂക്കുന്നില്ലല്ലോ... ?"
പുതുപെണ്ണിനെനോക്കി അയൽക്കാരി മൂക്കത്തുവിരൽവച്ചപ്പോൾ അമ്മായിയമ്മ മരുമകളെനോക്കി നെടുവീർപ്പിട്ടു.
കല്യാണം കഴിഞ്ഞിട്ട് പത്തിരുപതു ദിവസമായെങ്കിലും അവൾ അധിക സമയവും മുറിയിൽ തന്നെ. "പുതിയവീടും ചുറ്റുപാടുകളുമായിട്ട് ഇണങ്ങാൻ കുറച്ചുസമയം പിടിക്കും ശാന്തേ. "
അയൽക്കാരിയാണ് ശാന്ത.
എന്നാലും എന്തോ കുഴപ്പം ഉള്ളപോലെ തോന്നുന്നു കാർത്തേച്ചീ.
"ഓ.. അതൊക്കെ നിന്റെ തോന്നലാ ശാന്തേ.. !"
ഇതിപ്പോ വരുന്നവരെല്ലാം വിനോദിന്റെ പെണ്ണിന് എന്തോ കുഴപ്പമുണ്ടന്ന് പറയുന്നു. ഈ സംശയം മകനായ വിനോദിനോടും കാർത്തു പറഞ്ഞു .
" അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ. അവൾക്കൊരുകുഴപ്പവുമില്ലമ്മേ... "
" അതല്ലടാമോനെ... അവളൊരുപണിയും ചെയ്യില്ലെന്നുമാത്രമല്ല, ആരേലും നിർബന്ധിച്ചാമാത്രം എന്തേലും വന്ന് കഴിച്ചെന്നു വരുത്തും. വീണ്ടും മുറിയിൽകയറി ഒരേയിരുപ്പ്. നീ രാവിലെ ജോലിക്ക് പോയാൽ വൈകിട്ടല്ലേ തിരിച്ചുവരൂ.. അതാ നിനക്ക് അതുമനസിലാകാത്തത്. "
"ശരി... ഞാനവളോടു സംസാരിക്കാം അമ്മേ... !"
വിനോദ് മുറിയിൽചെല്ലുമ്പോ വൃത്തിയായി വിരിച്ചിട്ട കിടക്കയിൽ ദീപാ ചുവരിനഭിമുഖമായി കിടക്കുന്നു.
വിനോദ് മുറിയിലാകമാനമൊന്നുനോക്കി. എല്ലാം അടുക്കിപെറുക്കിവെച്ചിരിക്കുന്നു. മേശയുംകസേരയും സ്ഥാനംമാറ്റി ജനലിനോടുചേർത്തിട്ടിരിക്കുന്നു. തറയിൽ അഴുക്കൊ, പൊടിയോ ഒന്നുമില്ല..!
ജീവിതത്തിൽ ആദ്യമായിട്ടാണ് തന്റെമുറി ഇത്രയും വൃത്തിയിലും മനോഹരമായും കാണുന്നത്. ഇവളെപ്പറ്റിയാണോ അമ്മപറഞ്ഞത്.
" ങാ.. വിനോദേട്ടൻ വന്നോ... ? ഞാനൊന്നുമയങ്ങിപോയി.., ഒത്തിരിനേരമായോ വന്നിട്ട്.. ?"
ദീപ തിടുക്കപ്പെട്ടെഴുന്നേറ്റു.. !
"ഏയ്.. ഇപ്പോ വന്നെതെയുള്ളു.. !"
"ഈ മുറിയാകെ നന്നാക്കിയിട്ടുണ്ടല്ലോ.. ആരാ ചെയ്‌തേ.. ?"
" ഞാനാ.. ഏട്ടാ.. ! ഇഷ്‌ടപ്പെട്ടോ... ?"
"ങും.. നന്നായിടുണ്ട്... !"
അവനവളെ ചേർത്തുപിടിച്ചു. അപ്പോൾ അവളുടെകണ്ണുകൾ തിളങ്ങി.
അമ്മപറഞ്ഞ കാര്യം അവനവളോട് പറയാൻ തോന്നിയില്ല.. !
പിറ്റെന്നൊരു ഞാറാഴ്ചയാരുന്നു. അമ്മയും, അച്ഛനും വിനോദിന്റെ അനിയത്തി വിദ്യയും കൂടി കുറച്ചുദൂരെയുള്ള ഒരു ബന്ധുവിന്റെ കല്യാണം കൂടാൻ പുലർച്ചയ്ക്കേ പോയി. കുറച്ചുകഴിഞ്ഞു വിനോദും എന്തോ ആവശ്യത്തിന് പുറത്തേയ്ക്കുപോയി.
ദീപ ഒറ്റയ്ക്കായി.. അവൾ വീടിനുള്ളിലും മുറ്റത്തുമായി മൂന്നാലാവർത്തി നടന്നുകണ്ടു. പിന്നെ മടിച്ചില്ല പണിതുടങ്ങി. ആദ്യം വീടുവൃത്തിയാക്കി.. പൊടിയുംമാറാലയും തൂത്തുതുടച്ചു. ഫർണ്ണിച്ചറുകളെല്ലാം സ്ഥാനംമാറ്റിയിട്ട് ഭംഗിയായി ക്രമീകരിച്ചു. നിരന്നുകിടന്നസാധനങ്ങളെല്ലാം അടുക്കുംചിട്ടയുമാക്കി. കിടക്കവിരിയും ജനൽകാർട്ടനുമെല്ലാം അലക്കിയുണക്കി. പത്രങ്ങളായ പത്രം മുഴുവൻ തേച്ചുകഴുകി തിളക്കംവരുത്തി. പിന്നെ ഏറെനേരത്തെ പരിശ്രമംകൊണ്ട് മുറ്റത്തെ കളയെല്ലാം പറിച്ചു അടിച്ചുവൃത്തിയാക്കി.
അങ്ങനെ ഒരുപകലത്തെ കഠിനാധ്വാനം കൊണ്ട് അവളാ വീടിനെ വൃത്തിയുംവെടിപ്പുമുള്ള മനോഹരമായ ഒരു വീടാക്കിമാറ്റി.. !
സ്വന്തം വീടുകണ്ട്‌ അന്തംവിട്ട അച്ഛനേം അമ്മയേം വിദ്യയേം ദീപാ നിറഞ്ഞചിരിയോടെ വരവേറ്റു.
" അമ്മേ..."
" മോളേ നീ.. വല്ലാതെ കഷ്‌ടപ്പെട്ടല്ലോ."
ചെറിയൊരു ചമ്മലോടെ കാർത്തു പറഞ്ഞു. വിദ്യ തലകുനിച്ചു. തങ്ങളുടെ വൃത്തിയില്ലായ്മ്മയെ ഓർത്ത്.. !
ദീപയുടെ പ്രശ്നവും ഇതുതന്നെയായിരുന്നു. അവളുടെവീട് വൃത്തിയുംവെടിപ്പും ഉള്ളതായിരുന്നു.
എവിടെവന്നപ്പോഴോ ഈച്ചയാർക്കുന്ന മുറ്റവുംഅടുക്കളയും.അറപ്പുതോന്നി. എന്തെങ്കിലും ചെയ്താൽ ഇഷ്‌ടപ്പെട്ടില്ലങ്കിലോ എന്ന ആശങ്ക. അതിനാൽ മുറിയിൽത്തന്നെ കഴിച്ചുകൂട്ടി.
ഇന്നിപ്പോ അവൾ വീട്ടിലെ മരുമകളല്ല മകളാണ്. നാട്ടുകാർക്ക് പ്രിയപെട്ടവളും.. അവളിലൂടെ വീട്ടിലുള്ളവരും വൃത്തിയുള്ളവരായി.. !
വൃത്തിയുള്ള വീട്ടിലെ സ്നേഹം തെളിച്ചമുള്ളതാരിക്കും. അതല്ലെങ്കിലോ പൊടിയുംമാറാലയും നിറഞ്ഞ അവസ്ഥയായിരിക്കും. എപ്പോഴും കലഹിക്കാനേ നേരം കാണൂ.. !
രാത്രിയിൽ വിനോദിന്റെ മാറോടുചേർന്ന് അവൾക്കിടന്നു.
" ദീപേ... !"
"ങും...വിനോദേട്ടാ... !"
" നീയെന്റെ ഭാഗ്യമാണ്.. !!"
അവൾ അവനെനോക്കി സ്നേഹപർവ്വം ചിരിച്ചു... !
അവനവളെ പൊതിഞ്ഞുപിടിച്ചു നെറുകയിൽ ചുംബിച്ചു.. !!!

മനസ്സും ഞാനും *

Image may contain: 1 person, closeup and indoor

നീ.. എവിടെപ്പോവാ.... ?
" ബാല്യത്തിലേക്ക്... !"
എന്തിന്.. ?
നിന്റെ കുസൃതികൾ കാണാൻ.. !
കണ്ടോ.. ?
"കണ്ടല്ലോ.. തങ്കക്കുടം പോലൊരു കുസൃതികുടുക്കേനെ... !
എന്നിട്ട്... ?
കണ്ട്.. കണ്ട്.. കണ്ടുവന്നപ്പോ നിന്റെ കൗമാരം കണ്ടു... !
പിന്നെ... ?
കവിളിൽ വിരിഞ്ഞ നുണക്കുഴിയിൽ നാണം കണ്ടു.. വിടർന്ന കണ്ണിൽ പ്രേമം കണ്ടു. തുടുത്തച്ചുണ്ടിൽ മോഹംകണ്ടു.. !
അതുകഴിഞ്ഞോ.. ?
നെറുകയിൽ സിന്ദൂരമണിഞ്ഞ നിന്നെക്കണ്ടു...പ്രസന്നവതിയായി.. !
പിന്നെ ?
പിന്നെ.., അമ്മയായ നിർവൃതിയിൽ പാലൂട്ടുന്ന നിന്നെക്കണ്ടു.. !
പിന്നീട്.. ?
പിന്നീട്..പലപ്പോഴും പലരൂപത്തിൽ കോലത്തിൽ നിന്നെ കണ്ടു. വിഷാദംനിറഞ്ഞ ഭാവത്തിൽ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ. ഒട്ടിയ കവിളോടെ , ഇടതൂർന്ന മുടിയിഴകൾ വെള്ളനാരായി.. അങ്ങനെയങ്ങനെയൊക്കെ നിന്നെ കണ്ടു... !
"മനസ്സേ.. നീയൊരു കള്ളൻ തന്നെ.. എല്ലാം നീ കണ്ടില്ലേ.. !"
മനസെന്നെനോക്കി കള്ളകണ്ണിറുക്കി.
"ശരി.. ഇപ്പോ.. നീ എവിടേക്കുപോകുന്നു.. ?"
"നിന്നോടൊപ്പം അന്ത്യത്തിലേയ്ക്കു സഞ്ചരിക്കുന്നു... !"
എന്തിന്.. ?
" നിന്റെ മരണം കാണാൻ.. കണ്ട് കൂടണയാൻ.... !!!"

ചിത്രം വിചിത്രം

 Image may contain: 1 person, closeup and indoor

ചിത്രം വിചിത്രം, വിചിത്രമാം ചിത്രം
ചിത്തത്തിലൊരു ചിത്രം.
ചിലമ്പിട്ടാടുന്ന ചിത്രകോലങ്ങളും ,
ചുമരിൽ വരച്ചോരു വർണ്ണങ്ങളൊക്കെയും
ചിതൽ നോക്കി കൊതിക്കുന്നു
ചുമർ ചിത്രം ചിരിക്കുന്നു.. !
ചിത്രത്തിൻ ചിലങ്കയും
ചിതലരിച്ചീടുന്നു.
ചിത്രത്തിലൊരു ചിത്രം
ചിതൽ വരച്ചീടുന്നു
ചിതലിൽ ചിത്രം, മൺ ചിത്രം.
ചുവരിൽ വിരിഞ്ഞല്ലോ
നിറചിത്രം , ജീവചിത്രം..
ചിത്രം വരയ്ക്കാനറിയില്ലയെങ്കിലും.
ജീവിത, ഗോപുരമൊന്നുവരയ്ക്കും .
വിചിത്രമാം ചിത്രം.. !!!

ബിഗ്‌ബോസ്

Image may contain: 1 person, closeup and indoor

ഹായ്..സിന്ധു.., സിന്ധുവിനെ കാണാനില്ലാരുന്നല്ലോ കുറച്ചു ദിവസമായി.. ?"
" അതോ കഴിഞ്ഞ നാലഞ്ചുദിവസം ഞങ്ങൾ ബിഗ് ബോസ്സിൽ അല്ലാരുന്നോ.. "
"ങേ.. ബിഗ് ബോസ്സിലോ.. ?"
"അതേ ചേച്ചീ.. കഴിഞ്ഞ നാലഞ്ച് ദിവസം നിർത്താതുള്ള മഴയല്ലാരുന്നോ. വീടിനുചുറ്റും വെള്ളം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. കറണ്ടും പോയി. !"
"അതിന്.. ?"
"ചേച്ചി... നമ്മുടെ ലാലേട്ടൻ നടത്തുന്നൊരു പരിപാടിയില്ലേ.. ബിഗ് ബോസ് എന്ന് പേരുള്ളത്. "
"ഉവ്വ്.. അതും മഴയും തമ്മിലെന്താണ് ബന്ധം.? അല്ലങ്കിൽ തന്നെ മഴ, വെള്ളപൊക്കം ഇതിന്റെപേരിൽ ഇപ്പോ തന്നെ വിവാദങ്ങൾ ഏറെയാ.. അതിന്റെകൂടെ ബിഗ്‌ബോസ്സും.. ???"
"ഓ.. അല്ല ചേച്ചീ.. ചേച്ചീ ബിഗ്‌ബോസ് കാണാറുണ്ടോ.. ?"
" ബിഗ്‌ബോസ് തുടങ്ങിയ സമയത്ത് ഒരാഴ്ചയോളം കണ്ടിരുന്നു. ഇതെന്താണ് എന്നറിയാൻ. പിന്നെ മനസ്സിലായി , അതോ എന്റെ അറിവില്ലായ്മ്മയോ എന്നറിയില്ല എനിക്കൊന്നും മനസിലായില്ല. അവരുപറയുന്നു ഇത് ചെറിയകളിയല്ല വലിയകളിയാണ് എന്ന്. മുക്കാൽ സമയവും വഴക്കോട് വഴക്ക് ബാക്കി സമയം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. വഴക്ക് എങ്ങനൊരു കളിയാവും. അതെന്ത് മത്സരമാണെന്ന് മനസിലാവുന്നില്ല.
അതും ലോകകപ്പ് കണ്ട് ആവേശത്തിൽ ഇരിക്കുന്ന നമുക്ക്. അതിനാൽ ആ കാണല് ഞാൻ നിർത്തി.
സിന്ധു.., നിനക്കറിയാവോ ഇതേ പ്രോഗ്രാം മറ്റൊരുചാനലിൽ മുൻപ്‌ മലയാളി ഹൗസ് എന്നപേരിൽ വന്നിട്ടുണ്ട്. അതും ഞാൻ കുറച്ചുകണ്ടു. പിന്നെ മലയാളികളുടെ ഹൗസ് ഇങ്ങനല്ലാത്തതിനാൽ നിർത്തി... ! "
" അതൊക്കെ പോട്ടെ.. നീ പറയാൻ വന്നതെന്താ.. ?"
" ചേച്ചീ.. ഈ ബിഗ്‌ബോസ്സ് വീട്ടിൽ ഉള്ളവർക്ക് പുറത്ത് നടക്കുന്നത് അതായത് ലോകത്തിൽ എന്തുസംഭവിക്കുന്നു എന്നറിയില്ല. പത്രമില്ല , t v ഇല്ല , ഫോണില്ല.. വാട്സ് ആപ്പ് , fb ഒന്നുമേയില്ല.. ആ മതിലിനുള്ളിലെ ലോകം മാത്രമേ അവർക്കറിയൂ.. "
"അതിന്... ?
" കഴിഞ്ഞദിവസത്തെ മഴയിലും വെള്ളപ്പൊക്കത്തിലും. നമുക്ക് കറന്റ്‌ ഉണ്ടായോ.. ? Tv യുണ്ടായോ ? ഫോണുണ്ടായോ.. ? നമുക്ക് പുറംലോകത്തെ കുറിച്ച് എന്തെങ്കിലും അറിവുണ്ടാരുന്നോ.. ? കേരളത്തിന്റെ അവസ്ഥപോലും അറിയാൻ പറ്റില്ലാരുന്നല്ലോ.. അതാ ഞാൻ പറഞ്ഞേ ബിഗ്‌ബോസ് പോലെയായിരുന്നു നമ്മുടെ വീടെന്ന്. മനസ്സിലായോ.. ? "
അവളെന്നെനോക്കിയൊരു വല്ലാത്ത ചിരി ചിരിച്ചു.
അവളുടെ കണ്ടുപിടുത്തമോർത്തു ഞാനവളെ മൊത്തത്തിലൊന്നു നോക്കി തലകുലുക്കി.
"പിന്നെ വ്യത്യസം എന്താന്നു വച്ചാൽ ബിഗ്‌ബോസ് വീട്ടിൽ കറന്റ് ഉണ്ടായിരുന്നു.
എന്റെ വീട്ടിൽ വഴക്കില്ലായിരുന്നു. എന്റെ കെട്ടിയൊനാണെൽ തൊട്ടേനും , പിടിച്ചേന്നും എല്ലാം വഴക്കുണ്ടാക്കുന്നതാ , എന്നാൽ വെള്ളപൊക്കം വന്നേപ്പിന്നെ അങ്ങേർക്കെന്നോട് വല്യ സ്നേഹം.. അതിനാൽ വെള്ളപൊക്കം വന്നത് നന്നായിന്നാ എനിക്ക് തോന്നുന്നേ.. !"
" എന്റെ സിന്ധു നിന്റെയൊരു ചിന്തേം കണ്ടുപിടുത്തോം... കൊള്ളാട്ടോ.. "
"അതേ ചേച്ചീ എല്ലാം നല്ലതിനാ ഇപ്പോ എല്ലാരും എല്ലാത്തിന്റേം വിലമനസിലാക്കിയില്ലേ.. !!!"
"ഉം.. ശരിയാ.. സിന്ധു.. "
"ഞാൻപോട്ടെ.. ചേച്ചീ ... ഇന്നലത്തെ ബിഗ്‌ബോസ് ഇപ്പോ വീണ്ടും വരും ഞാനൊന്നൂടി അതുപോയി കാണട്ടെ.. എനിക്കതിലെ വഴക്കും തല്ലുകൂടലും ഒക്കെ ഇഷ്‌ടമാ.. ബൈ.. ചേച്ചി.. "
അവൾപോയി.. !
ശരിയല്ലേ അവൾപറഞ്ഞത്. ഈ മഹാപ്രളയം നമ്മളെ എന്തെല്ലാം പഠിപ്പിച്ചു. സ്നേഹിക്കാൻ , സഹായിക്കാൻ , സഹിക്കാൻ ..ജീവന്റെ വില , ആഹാരത്തിന്റെ വില , സ്നേഹത്തിന്റെ വില. അങ്ങനെയെന്തെല്ലാം.
നമ്മിൽനിന്നില്ലാതായതോ.. അഹങ്കാരം , അസൂയാ കുശുമ്പ്.
മനുഷ്യനെ വലിപ്പച്ചെറുപ്പം നോക്കാതെ മനുഷ്യനായി കാണാനും. സ്വന്തം മനസിലേയ്ക്ക് ഒന്നുനോക്കാനും ,
നമ്മൾ എത്രയോ നിസാരൻമാരാണെന്നും ഈ പ്രളയം നമ്മെ കാണിച്ചുതന്നു. ഒന്നിനെയും തടയുവാനോ ഇല്ലായ്മചെയ്‌യുവാനോ നമുക്കാവില്ല.. ഇത് പ്രകൃതിയാണ്. നമ്മൾ കീടങ്ങളും.. !!!
അങ്ങനെ സിന്ധുവിന്റെ ഭാഷയിൽ ഇതൊരു ബിഗ്‌ബോസ് കേരളമായിപോയി കുറച്ചു ദിവസം..
പ്രകൃതി ചെറിയകളിയല്ല വലിയകളി തന്നെ കളിച്ചു.. ബിഗ് പ്രളയം.. !!!

ഇടുക്കിചേട്ടാ.

Image may contain: 1 person, closeup and indoor

"ഹലോ... ഇടുക്കിചേട്ടാ.. "
ഇടുക്കി : യെസ്.. പറയെടാ മുല്ലേ.. !
മുല്ലപെരിയാർ.. : അതേ ചേട്ടാ എന്താ നമുക്കുചുറ്റും നിറയെ ആളും ബഹളവും.. വാർത്തക്കാരും ചാനലുകാരും ക്യാമറക്കാരും എല്ലാം നിരന്നുനിന്ന് നമ്മുടെ പേരുകൾ ഉറക്കെ പറയുന്നുണ്ടല്ലോ.. എന്താ കാര്യം.. ?
" എന്റെ മുല്ലേ.., നമ്മളല്ലേ ഇപ്പോ നാട്ടിലെ താരം... മെലിഞ്ഞിരുന്ന നമ്മൾ ഇപ്പോ പുഷ്‌ടി വച്ചു നന്നായി..,നിറഞ്ഞു തുടുത്തെന്ന്.. ! നിന്റെ കുറെ തുടിപ്പ്‌ തമിഴ്നാട്ടുകാർ ചോർത്തിയിട്ടും നീ പിന്നേം പിന്നെം തുടുത്തു കൊഴുക്കുന്നു.. അപ്പോ നീ എന്നിലേക്കോടി എത്തി.. ഞാൻ നിന്നെ സ്വീകരിച്ചു മാറോട് ചേർത്തു. ഇപ്പോ നീയും ഞാനും കൂടി ചേർന്നപ്പോ.. എന്റെ മാറ് വികസിച്ചു വയറ് നിറഞ്ഞു.. മുല്ലേ.. "
" അയ്യോ..! ഇനി നമ്മൾ എന്തുചെയ്യും ഇടുക്കിചേട്ടാ.. ?"
" നമ്മളൊന്നും ചെയ്യണ്ട.. മനുഷ്യൻ എന്നുപറയുന്ന ജീവിയുണ്ടിവിടെ.. അവരാ നമ്മളെ ഈ കടലുകാണിക്കാതെ തടഞ്ഞു വച്ചിരിക്കുന്നേ.. പോരാത്തതിന് നമ്മുടെ മാർഗം മുഴുവൻ ജീവികുഞ്ഞന്മാർ കൈയേറി.. അതിനാൽ ഇപ്പോ നമുക്കൊന്നും ചെയ്യാൻ പറ്റില്ല..തന്നെയുമല്ല എനിക്ക് വാതിലും ജനലും ഒന്നും ഇല്ല...!
കുറവൻ മൂപ്പനും , കുറത്തി മൂപ്പത്തിയും കൂടി എന്നെ കെട്ടി പിടിച്ചേക്കുവാ.. മുല്ലേ.. !"
" എനിക്ക് ശ്വാസം മുട്ടുന്നു ചേട്ടാ.. "
"സാരമില്ല.. മുല്ലേ.., നീ വേഗം ഇങ്ങുപോരെ..! എന്റെ .. അനിയൻ ചെറുതോണി താഴെയുണ്ട് അവന് വാതിലും ജനലും എല്ലാം ഉണ്ട്. അവൻ നമ്മളെ മോചിപ്പിക്കും.. അതിന് മനുഷ്യൻ വിചാരിക്കണം..എന്നാലേ നടക്കൂ... "
"ഓ.. ഇതെന്തു കഷ്‌ടമാണ് ഇടുക്കിചേട്ടാ... "
" എടി.. മുല്ലേ.. നമ്മളോണ്ടെങ്കിലേ വെളിച്ചം കിട്ടുന്ന് ... ഇല്ലേൽ മനുഷ്യൻ ഇരുട്ടിൽ തപ്പി തടയും എന്ന്.. അതിനാൽ അവര് നമ്മളെ മോചിപ്പിക്കാതെ വെറുതെ കൊതിപ്പിച്ചോണ്ടിരിക്കുവാ...എന്തിനാ വെറുതെ ഒഴുക്കി കളയുന്നെന്ന്.. നമ്മളിൽ കോടികൾ ഉണ്ടന്ന്... ! എന്തായാലും ഞാനൊന്ന് ചെറുതോണിയെ വിളിക്കട്ടെ എന്താ അവന്റെ അവസ്ഥ എന്നറിയാലോ...!!"
" എടാ.. തോണിയെ... "
" എന്നാ.. വല്ല്യേട്ടാ...."
"എന്താ നിന്റെ അവസ്ഥ... "?
"പരിതാപമാണ്.. ആരൊക്കെയോ എന്റെ വാതിലും ജനലുമെല്ലാം ഗ്രീസ് ഇട്ടു മുനിക്കി ഇപ്പോ നാറിട്ടു വയ്യ... ! എന്റെ വയറാണെൽ പൊട്ടാറായി.. വല്യേട്ടാ.. "
" അവിടെ മുല്ലേടെ കാര്യോം കഷ്‌ടമാണ്.. """
"നമ്മൾ വെറുതെ ആശിച്ചു അല്ലേ വല്യേട്ടാ... "
"നീ.. വിഷമിക്കേണ്ടടാ.. തോണിയെ.. ഞാനൊന്ന് നോക്കട്ടെ.. "
" ശരി..."
ഇടുക്കിച്ചേട്ടൻ ചുറ്റുമൊന്ന് നോക്കി. തന്റെ സൗന്ദര്യം എല്ലാരും ആവോളം ആസ്വദിക്കുന്നു. കാമറകൾ മിന്നുന്നു. ഓളങ്ങൾ നാണത്താൽ ഇളകുന്നു.. ഉയർന്നു കേൾക്കുന്ന പേർ എന്റേതും , മുല്ലേടേം , തോണീടേം തന്നെ..!
തന്റെ സ്വാതന്ത്ര്യം .., മോചനം കാണാൻ വന്നവർ.. ചുറ്റിലും. നഷ്‌ടപെടുന്നതോർത്തു മറ്റുചിലർ...കണ്ണിരൊലിപ്പിച്ച്.. !
വയ്യ.. വയ്യ..!
കാണികളോട് ഒരു വാക്ക്.. !
"മേഘം കനിഞ്ഞാൽ നിങ്ങൾക്ക് കാഴ്ച ഒരുക്കാം..! ഇല്ലേൽ ലോകം മുഴുവൻ പ്രകാശമായി നിങ്ങളോടൊപ്പം ചേരാം... "
"എടി.. മുല്ലേ... എടാ... തോണി.. വേണ്ടടാ.. നമുക്ക് കടല് കാണണ്ട...ഈ നാട് നന്നാവട്ടെ... വെളിച്ചം ഉണ്ടാകട്ടെ.. നമുക്ക് പ്രകാശിക്കാം.. ഇവരെ നോക്കി.. പല്ലിളിക്കാം.. നമ്മൾ പാവങ്ങൾ... !
മുല്ലേ.. തോണി.. ഓക്കേ..... "
കുറവൻ മൂപ്പാ... കുറത്തി മൂപ്പത്തി.. കാത്തോണേ... !!!

ആരായിരിക്കും വന്നത്..

Image may contain: 1 person, closeup and indoor
ബൈക്ക് നിർത്തുന്ന ശബ്‌ദം കേട്ട് ഞാൻ ജനൽ വിരി മാറ്റിനോക്കി.
അപ്പോൾ ഹെൽമറ്റ് ധരിച്ച യുവാവിന്റെ വയറ്റിൽ ചുറ്റി പിടിച്ചൊരു പെൺകുട്ടി.
ങേ.., ഞാൻ ഒന്നൂടി നോക്കി..
അയ്യോ.. വർഷ അല്ലേയത്..അവളെന്താ ബൈക്കിൽ.. ? ഏതാ ആ ചെറുക്കൻ.. ?
ചോദ്യം മനസ്സിൽ മുളച്ചു തുടങ്ങിയതേ പെട്ടന്ന് വളർന്ന മരംപോലെ ഫലം കണ്ടു.
വയറ്റിൽ ചുറ്റിയ കൈ അവൾ വളരെ സാവധാനം പിൻവലിച്ചു അവന്റെ പിറകിൽ നിന്നും രണ്ടുകാലും വലിച്ചിറക്കി വഴിയിൽ അവനോട് ചേർന്നുനിൽക്കുന്നു.
അപ്പോൾ അവൻ അവളുടെ വലത് കൈയേൽ പിടിച്ച് കൈപ്പത്തിയിൽ ചുംബിക്കുന്നു. നാണത്താൽ കുനിഞ്ഞ അവളുടെ മുഖമുയർത്തി അവർ പ്രേമപൂർവ്വം കണ്ണിൽ കണ്ണിൽ നോക്കുന്നു. അവൻ ചുറ്റുപാടും ഒന്നു നോക്കിയിട്ട് അവളെ ചേർത്തുനിർത്തി കവിളിൽ അമർത്തിയൊരുമ്മ കൊടുക്കുന്നു. അവൾ അതീവ നാണത്തോടെ കുപ്പിവള കിലുങ്ങുംപോലെ കിലുകിലെ ചിരിക്കുന്നു.. അവൻ അവളെനോക്കി കണ്ണിറുക്കി കാട്ടിയിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു ഓടിച്ചുപോയി. അവൾ ആ പോക്കുനോക്കി തരളിതയായി നിൽക്കുന്നു...
ഞാനാണെങ്കിൽ അന്തം വിട്ട് കണ്ണ് ചിമ്മാൻ കൂടി മറന്നു. കാരണം ഒരു പ്രേമം ഇത്ര തീവ്രതയോടെ ആദ്യം നേരിൽ കാണുവാ. ശരിക്കും ഒരു സിനിമ സ്റ്റെയിലിൽ.
എന്തായാലും അവൻ ആരാന്നറിയാതെ എനിക്ക് മനസമാധാനം ഉണ്ടാവില്ല. ഞാൻ ശരവേഗം വാതിൽ തുറന്ന് പുറത്തിറങ്ങി തരളിതയായ വർഷയെ നോക്കി നിറഞ്ഞു ചിരിച്ചു..
വർഷയും മനോഹരമായി ചിരിച്ചു.
വർഷ.., എന്റെ അയൽക്കാരിയും കൂട്ടുകാരിയുമായ സുനന്ദയുടെ മകളാണ്. ബി കോം അവസാനവർഷം പഠിക്കുന്നു. .
"വർഷേ.. ആരായിരുന്നു അത്.. ?"
"ഏത്.. ?"
"നിന്നെ ബൈക്കിൽ കൊണ്ട് വിട്ടവൻ. "
" ഓ.. അതോ.. അത് മിഥുൻ.. എന്റെ ഫ്രണ്ട് ആണ്.. "
" ഫ്രണ്ട് മാത്രമാണോ... ?""
ഞാൻ ചുഴിഞ്ഞു നോക്കി..
അപ്പോൾ അവൾ യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞു..
" അവനെന്റെ ലൗവർ ആണ്.. മൂന്ന് വർഷമായി ഞങ്ങൾ പ്രണയിക്കുന്നു... "
" ചേച്ചിക്ക് എങ്ങനെ മനസ്സിലായി... ?"
"ഞാൻ കണ്ടു.. !!"
എന്ത്.. ?
"എല്ലാം.. "
അവൾ നാണിച്ചു ചിരിച്ചു..
" എന്റെ വർഷകൊച്ചേ.. പ്രേമം ഒക്കെ ഈ പ്രായത്തിൽ ഉണ്ടാവും. പക്ഷേ അതിന്റെ പേരിൽ ബൈക്കിൽ കറക്കവും മറ്റ് കലാപരിപാടികളും. നല്ലതാണോ.. ?"
"കലാപരിപാടികളോ.. ?"
"അതെ.. ! ഈ കെട്ടിപിടുത്തവും ഉമ്മ വെയ്പ്പും..അതും നടു റോഡിൽ.. "
" ഓ.. എന്റെ ചേച്ചീ.. ഇതൊക്കെ എന്ത്.. ! ഇപ്പോൾ ഫ്രഞ്ച് കിസ്സാ എല്ലാവരും കൊടുക്കുന്നെ.. "
" ഫ്രഞ്ച് കിസ്സോ... അതെന്താ.. ?"
" ചേച്ചിയപ്പോ ഇംഗ്ലീഷ് മൂവിയൊന്നും കാണാറില്ലേ.. "
"ഉം... ഹും "
" അതാണ്.. അറിയാത്തത്.. അതൊക്കെയാ ഇപ്പോഴത്തെ ട്രെൻഡ്. .. "
"വീട്ടിൽ അറിഞ്ഞാൽ കുഴപ്പമില്ലേ.. സുനന്ദയ്ക്ക് നിന്നെ നല്ല വിശ്വാസമാ.."
"അതിനെന്താ കുഴപ്പം. പ്രണയിക്കുന്നതോ കറങ്ങി നടക്കുന്നതോ ഇന്നൊരു തെറ്റൊന്നുമല്ല ചേച്ചീ.. ഇന്നിപ്പോൾ കാലംമാറി. കുട്ടികൾ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരുമാണ്. തെറ്റും ശരിയും ഞങ്ങക്കറിയാം.. മാതാപിതാക്കളുടെ ചിറകിനടിയിൽ ഒളിക്കേണ്ട കാലംകഴിഞ്ഞു... "
അവൾ വീറോടെ പറഞ്ഞു..
" എന്നാലും കൊച്ചേ.. നീ പഠിക്കുന്ന കുട്ടിയല്ലേ.. അതുമല്ല നാലാളുകണ്ടാൽ മോശമല്ലേ... !!"
"എന്ത് മോശം.. ! ഇതിലൊക്കെ നാട്ടുകാർക്കെന്തുകാര്യം... "
ഇനിയെന്ത് പറയാൻ.. കുട്ടികളുടെ ചിന്താഗതി തന്നെ മാറിപോയി. ഒന്നിലും ഒരു കൂസലില്ലായ്മ..
അവളെന്നെ നോക്കി പോട്ടേ ചേച്ചീ.. എന്ന്‌ പറഞ്ഞു കൈ വീശി ചിരിച്ചുകൊണ്ട് നടന്നുപോയി.
ഞാൻ ആലോചിച്ചു. കുട്ടികൾക്കൊക്കെ എന്താ ധൈര്യം.
പണ്ട് ഇഷ്‌ടമുള്ളൊരാളെ ഒന്ന് നോക്കാൻ എന്തുപേടിയാരുന്നു. ചിരിക്കാൻ അതിലേറെപ്പേടി.. മിണ്ടാനാണെങ്കിൽ പറയുകയും വേണ്ട.. വിറച്ചു മുട്ടുകൂട്ടിയിടിക്കും. സ്വന്തം ഹൃദയമിടിപ്പ് അടുത്തുനിൽക്കുന്നോർക്കു കൂടി കേൾക്കാവന്ന അവസ്ഥ.. !
പ്രണയം പവിത്രമായൊരു വസ്തുമാതിരി എത്ര ശ്രദ്ധയോടെ യാണ് കൈകാര്യം ചെയ്തത്. ഒന്ന് നോക്കാനോ , മിണ്ടാനോ ആരുംകാണാതെ എത്രകഷ്‌ടപെടണാരുന്നു. എത്രസമയം കാത്തുനിന്നാലാണ് ഒരുനോക്ക് കാണാൻ പറ്റുക. ആ ഒറ്റ കാഴ്ചമതി മനസ്സുനിറയാൻ. പേടിച്ചും ഭയന്നുമുള്ള പ്രണയം. എന്നാലും അതിന്റെ തീവ്രത വലുതായിരുന്നു. അന്നത്തെ പ്രണയത്തിന്റെ ഭാഷതന്നെ മനോഹരമാരുന്നു. പവിത്രമായിരുന്നു.
ആരെങ്കിലും കാണുക , ഇല്ലേൽ കണ്ടു എന്നറിഞ്ഞാൽ പിന്നെ പറയണ്ട. വീട്ടിൽ കലാപം , തല്ലൽ , ചോദ്യം ചെയ്യൽ , വിലക്കൽ നാട്ടിൽ പാട്ട്.. നാണക്കേട്. അങ്ങനെ എന്തെല്ലാം.. നല്ല കുടുംബത്തിനിനി കല്യാണം വരില്ല എന്ന രീതിയിലുളള പറച്ചിൽ .. എന്നുവേണ്ട...
ഇന്നത്തെ കാലത്ത് ഒന്നിനും ഒരിതില്ലാതായി പോയി. സ്വന്തം നിലപാടുള്ള മക്കൾ. മക്കളുടെ ഇഷ്‌ടത്തിന് നിൽക്കുന്ന മാതാപിതാക്കൾ. ഒന്നിനും ഒരു സ്വകാര്യതയും വേണ്ടാത്ത തലമുറ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കഴിഞ്ഞു... കാലത്തിനൊപ്പം കുതിക്കാൻ.. !
വർഷയെപ്പോലെ സ്വന്തം പ്രണയം പറയാൻ , കാമുകനോടൊപ്പം കറങ്ങാൻ പരസ്യമായി ചുംബിക്കാൻ കഴിയുന്നൊരു വിഭാഗം കുട്ടികൾ വളർന്നുവരുന്നു. അവരെ ന്യൂജൻ മാർ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു നമ്മൾ.. !
ഇനിയുള്ള..,
നാളെകൾ.. എന്തായിരിക്കുമോ എന്തോ... !!!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo