നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുത്തനച്ചി

Image may contain: 1 person, closeup and indoor

"പുത്തനച്ചി പുരപ്പുറം തൂക്കും എന്നാണെങ്കിലും, ഇവൾ ഉമ്മറം പോലും തൂക്കുന്നില്ലല്ലോ... ?"
പുതുപെണ്ണിനെനോക്കി അയൽക്കാരി മൂക്കത്തുവിരൽവച്ചപ്പോൾ അമ്മായിയമ്മ മരുമകളെനോക്കി നെടുവീർപ്പിട്ടു.
കല്യാണം കഴിഞ്ഞിട്ട് പത്തിരുപതു ദിവസമായെങ്കിലും അവൾ അധിക സമയവും മുറിയിൽ തന്നെ. "പുതിയവീടും ചുറ്റുപാടുകളുമായിട്ട് ഇണങ്ങാൻ കുറച്ചുസമയം പിടിക്കും ശാന്തേ. "
അയൽക്കാരിയാണ് ശാന്ത.
എന്നാലും എന്തോ കുഴപ്പം ഉള്ളപോലെ തോന്നുന്നു കാർത്തേച്ചീ.
"ഓ.. അതൊക്കെ നിന്റെ തോന്നലാ ശാന്തേ.. !"
ഇതിപ്പോ വരുന്നവരെല്ലാം വിനോദിന്റെ പെണ്ണിന് എന്തോ കുഴപ്പമുണ്ടന്ന് പറയുന്നു. ഈ സംശയം മകനായ വിനോദിനോടും കാർത്തു പറഞ്ഞു .
" അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ. അവൾക്കൊരുകുഴപ്പവുമില്ലമ്മേ... "
" അതല്ലടാമോനെ... അവളൊരുപണിയും ചെയ്യില്ലെന്നുമാത്രമല്ല, ആരേലും നിർബന്ധിച്ചാമാത്രം എന്തേലും വന്ന് കഴിച്ചെന്നു വരുത്തും. വീണ്ടും മുറിയിൽകയറി ഒരേയിരുപ്പ്. നീ രാവിലെ ജോലിക്ക് പോയാൽ വൈകിട്ടല്ലേ തിരിച്ചുവരൂ.. അതാ നിനക്ക് അതുമനസിലാകാത്തത്. "
"ശരി... ഞാനവളോടു സംസാരിക്കാം അമ്മേ... !"
വിനോദ് മുറിയിൽചെല്ലുമ്പോ വൃത്തിയായി വിരിച്ചിട്ട കിടക്കയിൽ ദീപാ ചുവരിനഭിമുഖമായി കിടക്കുന്നു.
വിനോദ് മുറിയിലാകമാനമൊന്നുനോക്കി. എല്ലാം അടുക്കിപെറുക്കിവെച്ചിരിക്കുന്നു. മേശയുംകസേരയും സ്ഥാനംമാറ്റി ജനലിനോടുചേർത്തിട്ടിരിക്കുന്നു. തറയിൽ അഴുക്കൊ, പൊടിയോ ഒന്നുമില്ല..!
ജീവിതത്തിൽ ആദ്യമായിട്ടാണ് തന്റെമുറി ഇത്രയും വൃത്തിയിലും മനോഹരമായും കാണുന്നത്. ഇവളെപ്പറ്റിയാണോ അമ്മപറഞ്ഞത്.
" ങാ.. വിനോദേട്ടൻ വന്നോ... ? ഞാനൊന്നുമയങ്ങിപോയി.., ഒത്തിരിനേരമായോ വന്നിട്ട്.. ?"
ദീപ തിടുക്കപ്പെട്ടെഴുന്നേറ്റു.. !
"ഏയ്.. ഇപ്പോ വന്നെതെയുള്ളു.. !"
"ഈ മുറിയാകെ നന്നാക്കിയിട്ടുണ്ടല്ലോ.. ആരാ ചെയ്‌തേ.. ?"
" ഞാനാ.. ഏട്ടാ.. ! ഇഷ്‌ടപ്പെട്ടോ... ?"
"ങും.. നന്നായിടുണ്ട്... !"
അവനവളെ ചേർത്തുപിടിച്ചു. അപ്പോൾ അവളുടെകണ്ണുകൾ തിളങ്ങി.
അമ്മപറഞ്ഞ കാര്യം അവനവളോട് പറയാൻ തോന്നിയില്ല.. !
പിറ്റെന്നൊരു ഞാറാഴ്ചയാരുന്നു. അമ്മയും, അച്ഛനും വിനോദിന്റെ അനിയത്തി വിദ്യയും കൂടി കുറച്ചുദൂരെയുള്ള ഒരു ബന്ധുവിന്റെ കല്യാണം കൂടാൻ പുലർച്ചയ്ക്കേ പോയി. കുറച്ചുകഴിഞ്ഞു വിനോദും എന്തോ ആവശ്യത്തിന് പുറത്തേയ്ക്കുപോയി.
ദീപ ഒറ്റയ്ക്കായി.. അവൾ വീടിനുള്ളിലും മുറ്റത്തുമായി മൂന്നാലാവർത്തി നടന്നുകണ്ടു. പിന്നെ മടിച്ചില്ല പണിതുടങ്ങി. ആദ്യം വീടുവൃത്തിയാക്കി.. പൊടിയുംമാറാലയും തൂത്തുതുടച്ചു. ഫർണ്ണിച്ചറുകളെല്ലാം സ്ഥാനംമാറ്റിയിട്ട് ഭംഗിയായി ക്രമീകരിച്ചു. നിരന്നുകിടന്നസാധനങ്ങളെല്ലാം അടുക്കുംചിട്ടയുമാക്കി. കിടക്കവിരിയും ജനൽകാർട്ടനുമെല്ലാം അലക്കിയുണക്കി. പത്രങ്ങളായ പത്രം മുഴുവൻ തേച്ചുകഴുകി തിളക്കംവരുത്തി. പിന്നെ ഏറെനേരത്തെ പരിശ്രമംകൊണ്ട് മുറ്റത്തെ കളയെല്ലാം പറിച്ചു അടിച്ചുവൃത്തിയാക്കി.
അങ്ങനെ ഒരുപകലത്തെ കഠിനാധ്വാനം കൊണ്ട് അവളാ വീടിനെ വൃത്തിയുംവെടിപ്പുമുള്ള മനോഹരമായ ഒരു വീടാക്കിമാറ്റി.. !
സ്വന്തം വീടുകണ്ട്‌ അന്തംവിട്ട അച്ഛനേം അമ്മയേം വിദ്യയേം ദീപാ നിറഞ്ഞചിരിയോടെ വരവേറ്റു.
" അമ്മേ..."
" മോളേ നീ.. വല്ലാതെ കഷ്‌ടപ്പെട്ടല്ലോ."
ചെറിയൊരു ചമ്മലോടെ കാർത്തു പറഞ്ഞു. വിദ്യ തലകുനിച്ചു. തങ്ങളുടെ വൃത്തിയില്ലായ്മ്മയെ ഓർത്ത്.. !
ദീപയുടെ പ്രശ്നവും ഇതുതന്നെയായിരുന്നു. അവളുടെവീട് വൃത്തിയുംവെടിപ്പും ഉള്ളതായിരുന്നു.
എവിടെവന്നപ്പോഴോ ഈച്ചയാർക്കുന്ന മുറ്റവുംഅടുക്കളയും.അറപ്പുതോന്നി. എന്തെങ്കിലും ചെയ്താൽ ഇഷ്‌ടപ്പെട്ടില്ലങ്കിലോ എന്ന ആശങ്ക. അതിനാൽ മുറിയിൽത്തന്നെ കഴിച്ചുകൂട്ടി.
ഇന്നിപ്പോ അവൾ വീട്ടിലെ മരുമകളല്ല മകളാണ്. നാട്ടുകാർക്ക് പ്രിയപെട്ടവളും.. അവളിലൂടെ വീട്ടിലുള്ളവരും വൃത്തിയുള്ളവരായി.. !
വൃത്തിയുള്ള വീട്ടിലെ സ്നേഹം തെളിച്ചമുള്ളതാരിക്കും. അതല്ലെങ്കിലോ പൊടിയുംമാറാലയും നിറഞ്ഞ അവസ്ഥയായിരിക്കും. എപ്പോഴും കലഹിക്കാനേ നേരം കാണൂ.. !
രാത്രിയിൽ വിനോദിന്റെ മാറോടുചേർന്ന് അവൾക്കിടന്നു.
" ദീപേ... !"
"ങും...വിനോദേട്ടാ... !"
" നീയെന്റെ ഭാഗ്യമാണ്.. !!"
അവൾ അവനെനോക്കി സ്നേഹപർവ്വം ചിരിച്ചു... !
അവനവളെ പൊതിഞ്ഞുപിടിച്ചു നെറുകയിൽ ചുംബിച്ചു.. !!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot