Slider

ഞാൻ മതി.... ഞാൻ മാത്രം.

0
Image may contain: 1 person, eyeglasses and closeup

"ദൈവമേ..... അങ്ങ് ചത്താ മതിയാരുന്നു "
ഞങ്ങളിരുവരും മാത്രമുള്ള ഒരു പകലിന്റെ പകുതിയിലവൾ മൊഴിഞ്ഞു.
ആര്.... എന്റെ ഓൾ.
ഗ്യാസുതീർന്ന കാരണത്താൽ രാവിലെ പാലിന് പോയിവരുമ്പോൾ വാലേത്തയ്യത്ത് വീണ്കിടന്ന് കിട്ടിയ ഓലമടൽ വെട്ടിക്കീറുകയാണവൾ.
ഓലക്കാല് വേറേ.... മടല് വേറേ....
വാക്കുകളിലേ അരിശം അവൾ മടലിനോട് തീർക്കുകയാണ്.
രാവിലെ അവള് തന്ന കട്ടൻ ചായയ്ക്ക് കടുപ്പമില്ലാരുന്നെന്നും പറഞ്ഞ് രണ്ടാമതൊന്നുകൂടി അവളേക്കൊണ്ടിടീപ്പിച്ച് അത് തിണ്ണയ്ക്കിരുന്ന് ഊതിയൂതിക്കുടിച്ച് പത്രം വായിക്കുകയാണ് ഞാനും.
" നീ.... വെറുതേ മനുഷ്യരെ കൊതിപ്പിക്കല്ലേടി പെമ്പറന്നോത്തി....
കഴിഞ്ഞ പത്ത് പന്ത്രണ്ട് കൊല്ലമായി ഞാനിത് കേക്കണ്....
ഇപ്പം അങ്ങനെ ഒരു മോഹം എന്റെ മനസ്സിപ്പോലുമില്ല"....
" അതല്ലേലുമെനിക്കറിയാം നിങ്ങക്കെന്നോട് ഒരു തരി സ്നേഹമില്ലെന്ന്..... "
" ആഹാ.... അത് കൊളളാമെല്ലോടീ ഉവ്വേ..... ഇത്ര കൃത്യമായി എന്റെ മനസ്സ് എങ്ങനെ വായിച്ചെടുത്തു നീയ്...."
" ആട്ടേ..... നിനക്കിപ്പം ഇങ്ങനെ തോന്നാൻ എന്താ കാരണം...? ചത്താ മതീന്ന്....?"
"ഓ..... ഇതുപോലൊരു പൊട്ടൻ..... ചാവനൊന്നുമല്ല മനുഷ്യാ ഈ പറേന്നത്.... ഒരു കുട്ടിയൊക്കെ ആയിക്കഴിയുമ്പം എല്ലാ പെണ്ണുങ്ങൾക്കും തോന്നിത്തുടങ്ങും ഭർത്താവിന് തങ്ങളോട് പഴയതുപോലെ സ്നേഹമില്ലെന്നും തന്നേ... പഴയതുപോലെ ശ്രദ്ധിക്കുന്നില്ലെന്നും ഒക്കെ...."
"അപ്പം.... ഇങ്ങനെ ഒരു നമ്പര് കാച്ചിയാ ചിലപ്പോ.. ഓടിവന്ന് അയ്യോ.... അങ്ങനെയൊന്നും പറയല്ലേ മോളേ... നീയില്ലെങ്കിൽ പിന്നെ എനിക്കെന്ത് ജീവിതം....? ഞാൻ ചത്തു കഴിഞ്ഞേ നീ ചാകാവു എന്നാ എന്റെ പ്രാർത്ഥന പോലും...."
"ഇങ്ങനൊക്കെ പറയും എന്നു കരുതിയാ ഞങ്ങളീ... തന്ത്രം പയറ്റുന്നത്... അപ്പോ.... സ്നേഹം കാണിക്കാൻ പിശുക്ക് കാണിക്കുന്ന ആണുങ്ങള് അത് കേൾക്കാത്ത മട്ടിലിരിക്കും... "
"പക്ഷേ.... മനസ്സിപ്പറയുന്നുണ്ടാവും.... ഞാനീപ്പറഞ്ഞതൊക്കെ... കൊന്നാലും അത് കേക്കെപ്പറയില്ല..."
"നമ്മുടെ കാര്യം തന്നെയെടുക്ക്.... എന്നേ കൊണ്ടുവന്നന്ന് രാത്രി ഓർമ്മയുണ്ടോ നിങ്ങൾക്ക്.... നമ്മുടെ ആദ്യരാത്രി..."
"അന്ന് എന്റെ അരികിലിരുന്ന് എന്നോട് പറഞ്ഞതിൽ ഒന്നെങ്കിലും ഓർമ്മയുണ്ടോ നിങ്ങൾക്ക്...?"
ഞാൻ മൗനം പാലിച്ചു....
"എവിടെ.... ഓർക്കാൻ....
എന്നാൽ ഞാൻ പറയാം എനിക്ക് മറക്കാൻ പറ്റില്ലല്ലോ പിന്നീട് ഒരിക്കൽക്കൂടി ഞാൻ കേൾക്കാൻ കൊതിച്ച ആ വാക്കുകൾ..."
"പറയട്ടെ... ഞാൻ പറയട്ടേന്ന്... കേൾക്കണോ മനുഷ്യാ നിങ്ങൾക്ക്....?"
കോൾക്കാമെന്നായി ഞാൻ.....
"എന്റെ പൊന്നേ....നിന്നേപ്പോലൊരു പെണ്ണിനേ കിട്ടിയത് എന്റെ ഭാഗ്യമാ..... എന്ത് അഴകാടോ.... തന്നേക്കാണാൻ... ദൈവം എനിക്കായി കരുതിവച്ചിരുന്ന പോലെ...."
"മ്മള്... ഒന്നിച്ച് റോഡിക്കൂടി നടക്കുമ്പം ന്റെ ചങ്ങായികള് കൊതിക്കും... അവനേതയാലും കോളടിച്ചെന്ന് അടക്കത്തിപ്പറയും... അതിന് പകരം മ്മടങ്ങുമുണ്ടൊരെണ്ണം എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളെരുതാത്ത ഒന്ന്.... "
" അവരുടെ ആ പറച്ചില് കേൾക്കുമ്പോൾ അഭിമാനത്തോടെ ഞാൻ നെഞ്ചും വിരിച്ച് നിന്റെ കൈയ്യും പിടിച്ച് നടന്നു പോകും"
"മനുഷ്യാ.... അന്ന് ലൈറ്റണയും മുമ്പേ നിങ്ങടെ വായീന്ന് വീണ ആ ഒലിപ്പീര് പിന്നെന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല.... അത് ഒരു വട്ടം കൂടിയൊന്ന് കേൾക്കാൻ ഞാനെത്ര കൊതിച്ചെന്നറിയാമോ..."
"ടീ.... പോത്തേ നീ ആദ്യം ഗർഭിണിയായിട്ടിരുന്നപ്പം മസാലദോശ തിന്നണമെന്ന് കൊതിപറഞ്ഞ നിനക്ക് ഞാൻ രണ്ട് മസാലദോശ ആ... സാമിയണ്ണന്റെ കടേന്ന് ചൂടോടെ വാങ്ങിച്ചോണ്ടു വന്നതോർമ്മയുണ്ടോ....?"
"അന്ന്... നീ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെ ആക്രാന്തമെടുത്തത് തിന്നുന്നത് കണ്ട് അന്തംവിട്ടിരുന്ന എന്നോട് നീ പറഞ്ഞത്
എന്ത്... രുചിയായേട്ടാ ഇതിന്... ഇതെങ്ങനെയാ ഇത്ര ടേസ്റ്റിയായി ഉണ്ടാക്കുന്നത്.... അടിപൊളി.. എന്നൊക്കെയല്ലേ...."
"ആ.... വാക്കും കേട്ട് പിറ്റേന്നും ഞാൻ വാങ്ങിവന്ന രണ്ട് മസാലദോശകളിൽ ഒന്ന് തിന്നത് എന്റെ അമ്മയാ.മറ്റേത് നീ... തിന്നുമ്പോൾ ഇന്നലത്തെ ആർത്തിയോ... പുകഴ്ത്തലുകളോ ഒന്നും കേട്ടതുമില്ല കണ്ടതുമില്ല..."
"പിറ്റേന്ന്... ഒന്ന് വാങ്ങി വന്നപ്പോൾ നീയതിന്റെ പകുതി തിന്നു ബാക്കി എന്നേക്കൊണ്ട് തീറ്റിച്ചു... "
"അതിന്റെ പിറ്റേന്ന് ഞാൻ മസാലദോശയുമായി വന്നപ്പോൾ നീ പറഞ്ഞത് എന്നുമിതേയുള്ളോ... ആദ്യമത് കൊള്ളാമെന്നൊന്ന് പറഞ്ഞു പോയി അതിനിപ്പം ദേ.... എന്നുമതുതന്നെ... ഇനിയീ കുന്തം ഇവിടെങ്ങും കൊണ്ടു വന്നേക്കരുത്..."
"അതുപോലാടീ... പൊട്ടിക്കാളി എല്ലാക്കാര്യങ്ങളും കണ്ടിട്ടില്ലാത്തതിനോടും കൊണ്ടിട്ടില്ലാത്തതിനോടും ആദ്യമൊക്കെ ഭയങ്കര ആർത്തിയായിരിക്കും.... "
"അതിപ്പം.. ആഹാരമായാലും... സിനിമാ ആയാലും..... പെണ്ണായാലും.... പ്രണയമായാലും...."
"അപ്പം.... ഞാൻ പറഞ്ഞുവന്നതെന്താന്നു വച്ചാൽ..... "
"മതി.... മതി.... ഇനീം നിങ്ങളൊരു കുന്തോം പറയേണ്ടാ ..."
കയ്യിലിരുന്ന വെട്ടോത്തിയെടുത്തൊരേറു കൊടുത്തേച്ച് അവളടുക്കളേലോട്ട് കേറിപ്പോയി .
ഞാൻ പത്രത്തിലേക്ക് വീണ്ടും കണ്ണെറിഞ്ഞു.
"ഇന്നാ..... ഇത് കുടി.... ഒത്തിരി വായിട്ടലച്ചതല്ലേ.... ക്ഷീണം കാണും... "
തലയുയർത്തി നോക്കിയപ്പം കയ്യിലൊരു മൊന്തയുമായി അവള്.
മൊന്തയിൽ നല്ല ഒന്നാന്തരം മോരും വെള്ളം....
അത് വാങ്ങിക്കുടിച്ചോണ്ടിരിക്കുമ്പം അവളുടെ അടുത്ത ചോദ്യം.
"ഞാനെങ്ങാനും ചത്തുപോയാ.... നിങ്ങള് വേറേ കെട്ടുമോ മനുഷ്യാ.... ?"
ഞാനൊരൊറ്റച്ചുമ..... മോരും വെള്ളത്തിൽ ഞെരടിയ കാന്താരിയുടെ എരി എന്റെ നെറുകയിൽ കയറിയതാണേ... ആ ചോദ്യം കേട്ട്.
ഉച്ചിയിൽ ചെറുതായി തട്ടിക്കൊണ്ടവൾ തുടർന്നു. അതെന്ത് ചോദ്യമാ ഞാൻ ചോദിച്ചത്... നിങ്ങള് നൂറ് വട്ടം കെട്ടും.."
"എന്റെ... നെഞ്ചത്തേ മണ്ണുണങ്ങുന്നേന് മുന്നേ നിങ്ങള് കെട്ടും അതെനിക്കറിയാം.... "
" അപ്പം... ഞാൻ വേറേ കെട്ടരുതെന്നാണോ നീയീ പറയുന്നത്...." ഞാൻ ചോദിച്ചു.
"വേണ്ടാ..... നിങ്ങടെ മനസ്സിൽ ഞാനല്ലാതെ മറ്റാരും കാണരുത് അത് ഞാൻ ചത്താലും ഇല്ലേലും...."
" അപ്പം നമ്മുടെ ഇത്തിരിപ്പോരാത്ത മക്കളെ ആര് വളർത്തും.... " ഞാൻ
" നിങ്ങള് വളർത്തണം... " അവൾ
"എടീ... അവര് രണ്ട് പെൺകുഞ്ഞുങ്ങളല്ലേ...? അവരേ അമ്മമാര് തന്നെ വളർത്തണം... അതാ അതിന്റെ ശരി.... " ഞാൻ
" അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അത് അടയ്ക്കാമരമായാലോ....?"
ഞാൻ വിട്ടില്ല.
"അതെന്താ.... പെൺകുട്ടികളേ അച്ഛൻ വളർത്തിയാൽ വളരില്ലേ...?" അവൾ
"എടീ.... അതല്ല പറഞ്ഞത്.. അമ്മയുടെ കൂടെ നിന്ന് വളരാത്ത പെൺകുഞ്ഞുങ്ങൾക്ക് പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും....."
"കണ്ടില്ലേ.... നമ്മുടെ കിഴക്കേലേ... രവിയുടെ മോൾ അവളും വളർന്നു അമ്മയില്ലാതെ... ന്നാലും എന്തോ ഒരു അപാകതയില്ലേ... ആ കുട്ടിക്ക്....?"
" ആ.... ഇത്തിരി അപാകത ഉണ്ടായിക്കോട്ടെ എന്നാലും നിങ്ങള് രണ്ടാമത് കെട്ടരുത്...."
" അത്... ശെരി പിളേളര് എങ്ങനെ ആണേലും വേണ്ടില്ല ഞാൻ കെട്ടുന്നതിലാ നിനക്ക് പ്രശ്നം.. അല്ലേ....?"
" അതേ.... അതു തന്നാ എന്റെ പ്രശ്നം....വേണ്ടാ അങ്ങനിപ്പം നിങ്ങള് സുഹിക്കേണ്ടാ.... "
"എടീ.... അതിനിപ്പം നീ ചത്തില്ലല്ലോ.... പിന്നെന്തിനാ അതിനേപ്പറ്റിപ്പറഞ്ഞ് നീ.. ബഹളമിടുന്നത്...."
"നിങ്ങടെ ഈ മനസ്സിലിരുപ്പ് കാരണം എനിക്ക് മനസ്സമാധാനമായി ചാവാനൊക്കൊമോ..? ഇനി ചത്താലും എനിക്ക് സ്വസ്ഥത കിട്ടുമോ..?
എന്തോന്ന് സ്വസ്ഥത അതെന്നേ പോയതല്ലേ..... "
പിറുപിറുത്തു കൊണ്ടവൾ മോര്മൊന്തയും പിടിച്ചു വാങ്ങി അകത്തേയ്ക്ക് പോയി.
ഞാനാ പത്രത്തിലെ വായിച്ചതിന്റെ ബാക്കി ഭാഗത്തേയ്ക്ക് കണ്ണ് പായിച്ചു.
തന്റേതല്ലാത്ത കാരണത്താൽ ബന്ധം വേർപെടുത്തിയ ബാധ്യതകളില്ലാത്ത മുപ്പത്തിരണ്ട് കാരിക്ക് പങ്കാളിയേ ആവശ്യമുണ്ട്.... ബാധ്യതയുള്ളവരേയും പരിഗണിക്കും....
നൂറനാട് ജയപ്രകാശ്.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo