
**********†************* വർഷം2009.മെയ് മാസം 20 .രാവിലെ 9_9.30.മുറ്റത്തു കൂടെ നിറ വയറുമായി ..ചിന്താ നിമഗ്നയായി ഒരു ഗർഭിണി ഉലാത്തുന്നു...സംശയിക്കേണ്ട.. ഈയുള്ളവൾ തന്നെ.. കുറച്ചു ദിവസമായി എന്റെ ഈ ഉലാത്തൽ നിരീക്ഷിച്ചു കൊണ്ട് കുറേ ജോഡി കണ്ണുകളുണ്ടാവും.... അമ്മ. സുഗേഷേട്ടൻ.. ഇളയമ്മ.. അടുത്ത വീട്ടിലെ ഉഷച്ചേച്ചി..എന്നിവരുടേതാണ് ആ കണ്ണുകൾ...ഡോക്ടർ പറഞ്ഞ തീയതി 23 ആയതുകൊണ്ടും എനിക്ക് നേരത്തെ പ്രസവമുണ്ടാകുമെന്നുള്ള അവരുടെ കണക്കുകൂട്ടൽ കൊണ്ടുമാണ് ഈ നിരീക്ഷണം... എന്നിട്ട് ആകാംക്ഷ യോടെ ചോദിക്കും.. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ...ഇല്ലെന്ന് കേൾക്കുമ്പോൾ നിരാശ രാവും... ഏകദേശം ഒരാഴ്ചയായി ഈ കലാപരിപാടി തുടരുന്നുണ്ട്.. അന്ന് ഇങ്ങനെ നടന്നപ്പോൾ നോമിന് ഒരു വെളിപാട്"കടുക്ക തിന്നണം"ഉടനെ അമ്മയോട് പറഞ്ഞു. അമ്മ ജോലിക്ക് പോകാനിറങ്ങിയ സുഗേഷേട്ടനോട് പറഞ്ഞു"സുഗേഷേ.. നീ എവിടു ന്നെങ്കിലും കുറച്ചു കടുക്ക വാങ്ങി വാ"ഗർഭാവസ്ഥയിലെ ആഗ്രഹം സാധിക്കാതെ പ്രസവിച്ചു പോയാൽ കുഞ്ഞിന് ദോഷമാണത്രെ(എന്ത് മനോഹരമായ വിശ്വാസങ്ങൾ അല്ലേ)അമ്മ പറഞ്ഞത് കേട്ടപാടെ ബഷീറിന്റെ പൂവമ്പഴ ത്തിലെ അബ്ദുൽ ഖാദർ സാഹിബിന്റെ അതേ ആത്മാർഥതയോടെ സുഗേഷേട്ടൻ ഇറങ്ങി.. പോകുമ്പോൾ ,പ്രസവിക്കാറായപ്പോൾ ആണോ നിനക്ക് ഗർഭ പൂതി എന്ന മട്ടിൽ എന്നെ ഒന്ന് നോക്കിയോ എന്നൊരു സംശയം... ഏയ്.. എനിക്ക് തോന്നിയതാവും.. അല്ലെങ്കിലും ഞാൻ മസാലദോശ വേണം എന്ന് പറഞ്ഞു മൂപ്പരെ പതിരാത്രിക്ക് ഓടിക്കുകയോ... പച്ചമാങ്ങ വേണമെന്ന് പറഞ് ഞ് ഇതുവരെ മാവിൽ കയറ്റുകയോ ചെയ്തിട്ടില്ലല്ലോ... അമ്മ ഉണ്ടാക്കി തരുന്നതും സുഗേഷേട്ടൻ വാങ്ങി തരുന്നതും ഒരു പരാതിയുമില്ലാതെ കഴിച്ച് ഞാൻ 82കിലോ ആയി എന്നതാണ് സത്യം.. അങ്ങനെ ഒരു മണിക്കൂറിനുള്ളിൽ സുഗേഷേട്ടൻ പൂവമ്പഴത്തിലെ ഭർത്താവിനെ പോലെ തോറ്റുപോകാതെ വിജയശ്രീലാളിതനായി തന്നെ തിരിച്ചെത്തി.. അമ്മ യുദ്ധ കാലടിസ്‌ഥാനത്തിൽ തന്നെ കറിവെക്കൽ പൂർത്തിയാക്കി..കാരണം ഇന്നത്തെ തിയ്യതി 20...പ്രസവതീയതി23...കടുക്ക കറി കൂട്ടാതെ ഞാൻ പ്രസവിച്ചുപോയാൽ.... പിന്നെ അന്നത്തെ എന്റെ നടത്തത്തിൽ അമ്മക്ക് എന്തോ ഒരു പന്തികേട് തോന്നിയിരുന്നു എന്ന് തോന്നുന്നു... അത് ശരിയുമായിരുന്നു..രണ്ടു മക്കളെ പ്രസവിച്ചു വളർത്തിയ അവരുടെ അനുഭവജ്ഞാനത്തിനോളം വരില്ലല്ലോ നമ്മുടെ നഴ്സിംഗ് പരിജ്ഞാനം... എനിക്ക് ചെറുതായി വേദന തോന്നിതുടങ്ങി.. പക്ഷെ ആരോടും പറഞ്ഞില്ല... primi ക്ക്(കടിഞ്ഞൂൽ പ്രസവം)വേദന തുടങ്ങി12 മണിക്കൂർ എങ്കിലും ആവണം പ്രസവത്തിന് എന്ന് പഠി ച്ചതിന്റെ ബലത്തിൽ ഞാൻ പൂർവാധികം വേഗത യിൽ ഉലാത്തിക്കൊണ്ടുരുന്നു...12 മണിയായപ്പോൾ 'അമ്മ ചോറ് തന്നു... വെച്ച കടുക്കയുടെ പകുതി എങ്കിലും എന്റെ ചോ റിലുണ്ട്..ഞാൻ പരാ തിയൊന്നും പറഞ്ഞില്ല... അതും കഴിച്ച് കുറച്ചു കിടന്നു.. വേദന കൂടി വരുന്നു...ഇത് തന്നെ ആ വേദന..ഉറപ്പിച്ചു.. പക്ഷേ പറഞ്ഞാൽ ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോകേണ്ടിവരും.വേണ്ട 12 മണിക്കൂറിന്റെ കണക്ക് മനസ്സിൽ ഊട്ടിയുറ പ്പിച്ച് വീണ്ടും എഴുന്നേറ്റ് നടക്കാൻ തുടങ്ങി..അങ്ങനെ വൈകുന്നേരം6 മണിയായപ്പോൾ 'അമ്മ വീണ്ടും പറഞ്ഞു.. സ്മിതേ.. കുറച്ചുകൂടി ചോറുതിന്നോ.. ഓ.. ശരി.. ഞാൻ പറഞ്ഞല്ലോ... എനിക്ക് ആ കാര്യത്തിൽ പരാതി ഒന്നുമില്ല... അങ്ങനെ ബാക്കിയുള്ള കടുക്കയും ,ഞാൻ...അല്ല എന്റെ വയറ്റിലെ കുറുമ്പൻ തന്നെ തിന്നു..അല്ലെങ്കിലും എനിക്ക്‌കൊതിയൊന്നുമില്ലല്ലോ... അവസാനം രാത്രി പത്തുമണിക്ക് അവശേഷിച്ച കടുക്കകറിയും കൂട്ടി ചോറ് തിന്ന ശേഷം ഞാൻ പറഞ്ഞു.. എനിക്ക് നല്ല വേദന... ഹോ. ഇപ്പോഴെങ്കിലും ഇത് കേട്ടല്ലോ എന്ന മട്ടിൽ എല്ലാവരും എന്നെ നോക്കി... അങ്ങനെ11.30ന് ഞാൻ ലേബർ റൂമിൽ കയറി...എന്നിട്ടും അവൻ വന്നത് പുലർച്ചെ 4മണിക്കാണ് ട്ടോ...പറഞ് ഞ് വന്നത് ഈ അവസാന നിമിഷത്തിലെ കടുക്ക തീറ്റ കാരണം.. അത് വരെ കഴിച്ചതെല്ലാം അവൻ മറന്ന മട്ടാണ്... കടുക്കയെയും ,അവന്റെ അനിയൻ കക്ക(ചില സ്‌ഥലത്തു ഇരുന്ത് എന്ന് പറയും)യെപ്പോലും എവിടെ കണ്ടാലും അവൻ വെറുതെ വിടില്ല...
By Smitha Sugesh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക