നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒടുവിലത്തെ ചോദ്യം

Image may contain: 1 person, eyeglasses and closeup

കഥ
രാഖി റാസ്
🌻 🌻
നേരത്തോട് നേരമായി ചിന്തയിൽ ആണ്ടു നിന്ന വൃദ്ധനെ കാപ്പിയുടെ മണം വിളിച്ചുണർത്തി. കാപ്പി അയാളുടെ ദുർബലതയാണ്. മണിക്കൂറിൽ ഒരു കാപ്പി എന്ന നിലയ്ക്ക് പോലും അയാൾ കാപ്പി കുടിക്കും. നാല് ദിവസമായി താൻ കാപ്പി കുടിച്ചിട്ടില്ലെന്ന് മാത്രമല്ല, നാലാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങുക പോലും ചെയ്തില്ല എന്ന് അയാൾ ഒരു നിമിഷം ഓർത്തു.
ഓരോ നേരവും അദിതി വീട്ടിൽ നിന്ന് കൊണ്ടുവരുന്നതെന്തോ അതായിരുന്നു അയാളുടെ ഭക്ഷണം. കാപ്പി കുടിക്കണമെന്ന് തോന്നിയപ്പോഴൊക്കെ വരാന്തയുടെ ഒരു കോണിൽ മലർത്തിയും കമഴ്ത്തിയും ചേർത്തു വച്ചിരുന്ന കുടിവെള്ള കമ്പനിയുടെ വെള്ളം കുടിച്ചു. കുടിവെള്ള കമ്പനിയുടെ , തമ്മിൽ മേലും കീഴുമായി ചേർത്തു വച്ച പാത്രം കമലത്തോട് ഒട്ടിപ്പിടിച്ചു കിടന്ന രാത്രികളെക്കുറിച്ച് അയാളെ ഓർമ്മിപ്പിച്ചു.
ആശുപത്രിയിലെ മിനി റെസ്റ്റോറന്റിന് മുന്നിൽ നിന്നാണ് അയാൾ ഇത്രയും ഓർത്തത്. അയാളുടെനോട്ടം കാപ്പിയന്ത്രത്തിലേക്ക് നീണ്ടു. പേപ്പർ കപ്പിലേക്ക് നുരഞ്ഞു നിറയുന്ന ആവി പറക്കുന്ന കാപ്പി. വാങ്ങി പത്ത് മിനുട്ട് കഴിഞ്ഞാലും വായ് പൊള്ളിക്കുന്ന യന്ത്രകാപ്പി അയാൾക്ക് ഇഷ്ടമല്ല. എങ്കിലും കാപ്പിയുടെ മണത്തിന്റെ പ്രലോഭനത്തിൽ പെട്ട് അയാൾ കണ്ട് അയാൾ ഒരു കാപ്പി കുടിക്കാൻ തീരുമാനിച്ചു. പിന്നെ വേണ്ടന്ന് വച്ചു.ഇത്രയേറെ വില ഉള്ള കാപ്പി അയാൾക്ക് ദഹിക്കുമായിരുന്നില്ല.
അല്ലെങ്കിലും കമലം ഇട്ടു തരുന്ന കാപ്പിയോളം സ്വാദ് മറ്റൊരിടത്ത് നിന്ന്‌ കാപ്പി കുടിച്ചിട്ടുള്ളപ്പോഴും അയാൾക്ക് തോന്നിയിട്ടില്ല. കമലത്തിന്റെ ഒരു കാപ്പി കിട്ടിയിട്ട് ഇപ്പോൾ അഞ്ച് ദിവസം ആയി.
അവളുടെ ഒരു കാപ്പിക്കായി ഇനിയെത്ര നാൾ കാത്തിരിക്കണം ?
ഇന്നത്തെ ബില്ല് അടച്ചോ അച്ചാ.. എന്ന ചോദ്യം പല തവണ കേൾക്കുകയും മകളോളം പ്രായമുള്ള ഒരു കുട്ടിയോട് ഇപ്പൊ അടയ്ക്കാം എന്ന മറുപടി പറഞ്ഞ് മടുക്കുകയും ചെയ്തതു കൊണ്ടാണ് അയാൾ താഴേക്ക് ഇറങ്ങിയത് .
കുമാരേട്ടനെന്താ ഇവിടെ ?
പരിചിതമായ ഒരു മുഖം തിരക്കി.
ഓ.. കമലത്തിന് ലേശം വയ്യായ..
അയ്യോ..കമലേടത്തിക്ക് എന്ത് പറ്റി..?
ഓ..ഒന്നുമില്ല..
ഇവിടെയും ഒരു പരിചയക്കാരൻ !
അദിതി എന്താണ് ഇത്രയും വൈകുന്നത്..കൃത്രിമ ശ്വസന യന്ത്രം ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കമലത്തിന് നല്ല ബോധം ഉണ്ട്. ഇപ്പോൾ അവൾ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും.. വൃദ്ധൻ അസ്വസ്ഥനായി. പണം സംഘടിപ്പിക്കാൻ മറ്റുള്ളവരോട് ചോദിക്കേണ്ട അവസ്ഥ അദിതിക്ക് ഇല്ല. അമേരിക്കയിൽ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്നവരാണ് അദിതിയും ഭർത്താവ് ആദിത്യനും. കുഞ്ഞു ഇതറിഞ്ഞാൽ സഹിക്കില്ല അയാൾക്ക് അതറിയാം. ഈ വിളി അവൾ ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ.മറക്കാൻ വഴിയില്ല. കുഞ്ഞുവല്ല, ഞങ്ങളാണ് അവളെ മറന്നത്.ഒരു സ്വർണപണിക്കാരനെ വിവാഹം കഴിക്കുന്നത് ഒരു തെറ്റാണോ ? അല്ല. എനിക്കും കമലത്തിനും അതറിയാമായിരുന്നു. എങ്കിലും കൂട്ടക്കാരോട് കലഹിക്കാൻ കെൽപ്പ് ഇല്ലാത്തതിനാൽ കുഞ്ഞുവിനെ മറന്നു.
കമലം ആശുപത്രിയിലാണെന്ന് അറിഞ്ഞാൽ സ്വാതി– അതാണ് ഇളയ മകളുടെ പേര്– വരാതിരിക്കില്ല. പക്ഷെ അദിതി അത് അനുവദിച്ചില്ല. ചികിത്സ ചിലവ് വഹിക്കുന്നത് അവൾ ആകുമ്പോൾ എന്തു പറയാൻ.. കുഞ്ഞു വന്നു അമ്മയുടെ ഈ അവസ്ഥ കാണുന്നതിനെക്കാൾ പ്രധാനം കമലത്തെ സുഖപ്പെടുത്തുകയാണ്.
എങ്ങിനെയാണ് കമലത്തിന് ഈ അസുഖം ബാധിച്ചത് എന്ന്‌ അയാൾ വീണ്ടും ആശ്ചര്യപ്പെട്ടു. സ്വന്തം പ്രതിരോധ ശേഷി തന്നെ ശരീരത്തെ അപകടത്തിൽ ആക്കുക എന്നാൽ വിശ്വസിക്കുന്നവരെ ചതിക്കുന്നതിനു തുല്യം അല്ലേ. സ്വന്തം ശരീരം പോലും അത് ചെയ്യുമ്പോൾ മറ്റുള്ളവരെ പഴിക്കുന്നതിൽ എന്ത് കാര്യം.
കമലത്തിന് പ്രമേഹം ഉണ്ടായിരുന്നു.. പക്ഷെ അത് അയാൾ നല്ലവണ്ണം നിയന്ത്രിച്ചിരുന്നു. പ്രമേഹം കമലത്തിന് തന്നിൽ നിന്നും അടർത്തിയെടുക്കരുത് എന്നു അയാൾക്ക് നിർബന്ധം ഉണ്ടായിരുന്നു.മധുരത്തിന് വേണ്ടി കമലം കെഞ്ചുന്നത് ഓർത്തു അയാൾക്ക് ചിരി വന്നു.
അവൾ മധുരമുള്ള ആഹാര സാധനങ്ങൾ കഴിക്കണമെന്ന് വാശി പിടിക്കുമ്പോൾ അയാൾ പതിവായി ചെയ്യുക കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കുകയാണ്.
‘‘ ഇപ്പൊ ആവശ്യത്തിനു മധുരം ആയില്ലേ .. ’’ അയാൾ ചോദിക്കും.
ഇതൊക്കെ പിള്ളേര് കണ്ടാൽ അവർ നമ്മളെക്കുറിച് എന്തു വിചാരിക്കും.
എന്തു വിചാരിക്കാൻ നമ്മൾ ഇപ്പോഴും പ്രേമിക്കുന്നു എന്ന് അവർക്ക് മനസിലാകും അത്ര തന്നെ.
നിങ്ങൾക്ക് അറിയാഞ്ഞിട്ടാ അദിതിക്ക് നമ്മുടെ കൂടെ കിടപ്പ് അത്ര പിടുത്തം അല്ല കേട്ടോ. ഒക്കെതിനും ഓരോരോ കാലം ഉണ്ട് എന്നാ അവളുടെ മനസില്. അവൾ അത് തുറന്നു പറയുന്നില്ലന്നെ ഉള്ളു. കമലം രഹസ്യം പറയും.അപ്പോൾ അയാൾ കമലത്തെ മടിയിൽ പിടിച്ചിരുത്തിയിട്ടു പറയും.
‘‘ആ വിവരക്കേട് അവൾക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടല്ലേടീ അവൾക്ക് ദൈവം അമേരിക്കയിൽ ജോലി വാങ്ങി കൊടുത്തത്.’’
‘‘ എന്തിനു നിങ്ങൾക്ക് വയസ്സാൻ കാലത്ത് പ്രേമിക്കാനോ..?’’
‘‘അതെന്ന്.. ’’ അയാൾ പൊട്ടിച്ചിരിക്കും.
നിലാവ് ഉള്ള രാത്രി വീടിന്റെ വാർപ്പിന് മുകളിൽ കമലവും ഒന്നിച്ചു നക്ഷത്രം കണ്ടു കിടക്കുന്നത് അയാൾ ഓർത്തു. രണ്ട് പേരും അധ്യാപക ജോലിയിൽ നിന്നും പിരിഞ്ഞശേഷം തുടങ്ങിയ പതിവാണത്. നിലാവ് അയാളെ പൊള്ളിക്കുമ്പോൾ അയാൾ കമലത്തെ മാറോട് ചേർക്കും.. ശ്വാസഗതി അപ്പോൾ വല്ലാതെ കൂടും. പക്ഷേ എഴുന്നേൽക്കാൻ ശേഷിയില്ലാതെ അയാളുടെ പുരുഷത്വം തളർന്നു കിടക്കും. എഴുന്നേൽക്കാൻ വയ്യാത്തവരൊക്കെ അവിടെ കിടക്കട്ടേ എന്ന പറഞ്ഞ് ചിരിച്ച് അവർ പുലരുവോളം ആ കിടപ്പ് തുടരും.
അദിതി അവധിക്ക് മക്കളുമായി എത്തിയാൽ പിന്നെ ഇതൊന്നും നടക്കില്ല. അപ്പോൾ നീലുവിന്റെയും നോനുവിന്റെയും പുറകെ നടക്കുകയായിരിക്കും അവൾ. അവളുടെ പൊടിപിടിച്ചുകിടന്ന പാചക മികവ് മുഴുവൻ പുറത്തു വരുന്നത് അപ്പോഴാണ്. എത്ര തിരക്കയാലും അയാൾ ചിന്തിക്കുമ്പോഴേക്ക് അവൾ കാപ്പിയുമായി എത്തുന്നതിലാണ് അയാൾക്ക് അതിശയം.
അദിതി വന്നതിന്റെ പിറ്റേന്നാണ്‌ കമലം കയ്യും കാലും തളരുന്നു എന്നു പറഞ്ഞത്. അന്ന് തന്നെ വെന്റിലേറ്ററിൽ കിടത്തി. സ്വന്തം പ്രതിരോധശേഷി തന്നെ ശരീരത്തെ ആക്രമിക്കുന്നതിന്റെ ഫലമായി പേശികൾ തളർന്നു പോകുകയാണത്രേ ചെയ്യുന്നത്. ചിലപ്പോൾ നാല് ദിവസം ചിലപ്പോ പത്ത് ചിലപ്പോ ഒരു മാസം കഴിഞ്ഞു സുഖപ്പെടാം... സുഖപ്പെടാതെയും ഇരിക്കാം.. ഡോക്ടർ പറഞ്ഞത് അങ്ങനെയാണ്.
അദിതി പണം അടച്ചു കഴിഞ്ഞു. ദിവസം ലക്ഷം രൂപ അടയ്ക്കാനുള്ള കഴിവ് അവർക്കുണ്ട്. പക്ഷെ എത്ര ദിവസം അതായിരുന്നു അതായിരുന്നു അദിതിയുടെ ചോദ്യം.
മുറിയിൽ കമലം ഉണർന്നു കിടക്കുകയാവും. ചില്ലു വാതിലിലൂടെ ഈ ചോദ്യങ്ങൾ ചോരുന്നുണ്ടാകുമോ ? അവൾ കേൾക്കുന്നുണ്ടാകുമോ ? മുറിയിലേക്ക് കയറിയപ്പോൾ അയാൾക്ക് ആശ്വാസം തോന്നി. കമലം ഒന്നും കേട്ടിട്ടില്ല. എന്നാണ് വീട്ടിലേക്ക് കൊണ്ടു പോകുന്നത് എന്നു ആംഗ്യത്തിലൂടെ ചോദിച്ചു.
‘‘ നാളെ ’’ അയാൾ മറുപടി പറഞ്ഞു.
കമലം.. നമ്മുടെ അക്കൗണ്ടിൽ എത്ര പണം ഉണ്ടാകും ?
രണ്ട് എന്ന് അവൾ പറഞ്ഞതു പോലെ തോന്നി. വെന്റിലേറ്ററിന്റെ കുഴൽ തൊണ്ട മുറിച്ച് കടത്തി വച്ചിരിക്കുന്നതിനാൽ അവൾക്ക് ചുണ്ടനക്കാനേ പറ്റിയിരുന്നുള്ളു.
ഇപ്പൊ വരാം എന്ന് ആംഗ്യം കാട്ടി അയാൾ പുറത്തിറങ്ങി.
ഒരു രണ്ടു ലക്ഷം രൂപയും അമ്മയുടെ കുറച്ച് സ്വർണവും കാണും. പിന്നെ ചില കൂട്ടുകാരോട് ചോദിക്കാം. രണ്ട് മൂന്ന് ദിവസത്തേക്ക് അത് മതിയാകില്ലേ..? അയാൾ ചോദിച്ചു
അതുകൊണ്ടു പ്രയോജനം ഉണ്ടാകും എന്ന് ഉറപ്പുണ്ടോ..? ആശുപത്രിയിൽ വെന്റിലേറ്ററിൽ കിടന്നു കൊണ്ട് ഒരാൾക്ക് മരിക്കുവോളം ജീവിക്കാൻ പറ്റില്ല. വേറെയും എന്തൊക്കെയോ അദിതി ചോദിക്കുകയും പറയുകയും ചെയ്തെങ്കിലും അയാൾ ഒന്നും കേട്ടില്ല.
ഒന്നൊഴികെ. നാളെ മാറ്റാൻ ഡോക്ടറോട് ഞാൻ പറയാൻ പോകുകയാണ്. അച്ഛൻ പ്രശ്നം ഉണ്ടാക്കരുത്.
നടക്കാൻ തീരെ സാധ്യത ഇല്ല എന്നു അറിഞ്ഞുകൊണ്ട് അയാൾ അപ്പോൾ വെറുതെ ഒരു ചോദ്യം ഭിക്ഷാടകനെ പോലെ മകളുടെ മുന്നിലേക്ക് നീട്ടി.
അമ്മയ്ക്ക് വേണ്ടി ഒരു വെന്റിലേറ്റർ വാങ്ങാൻ പറ്റുമോ മോളെ.. ?
കോപം കൊണ്ട് എരിയുന്ന അവളുടെ മുഖത്തേക്ക് കണ്ണയക്കാതെ അയാൾ നടകൾ ഇറങ്ങി നടന്നു തുടങ്ങി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot