Showing posts with label YoosufValayath. Show all posts
Showing posts with label YoosufValayath. Show all posts

പെരുമഴക്കാലം

Image may contain: 1 person, eyeglasses and outdoor

" കിണറുകളൊക്കെ എങ്ങനേ വറ്റാണ്ടിരിക്ക്യാ..........?? 
വർഷകാലത്ത് ആവശ്യത്തിന് മഴയുണ്ടാക്ണ് ല്ലല്ലോ.....??"
"പണ്ടൊക്കെ ആറ് മാസവും മഴയോട് മഴയായിരുന്നു......!!
പുഴയും തോടും കുളവുമൊക്കെ നെറഞ്ഞ് ദുന്യാവ് മൊത്തം ഒര് കടല് പോലേയാവും !!
ആള് കളൊക്കെ തണുത്ത് വെറച്ച്............
തൊപ്പി ക്കൊട വെച്ചാലും നനഞ്ഞൊലിച്ച് ........
കടയില് ചായക്ക് വന്നവരൊക്കെ കൂടി ഇത്തിരി ചൂട് കായാൻ സമോവറിന്റെ ചുറ്റും കൂടും..........!!"
ചാരുകസേരയിലിരുന്ന് ഉപ്പ പഴങ്കഥകളുടെ കെട്ടഴിച്ചു !!!
ഉപ്പ അങ്ങിനെയാണ് എന്നും അനുഭവങ്ങളുടെ ചൂരും, ചൂടുമുള്ള കഥകൾ മക്കളോടും മരുമക്കളോടും പറഞ്ഞ് കൊണ്ടിരിക്കും !!!
*പലതവണ പറഞ്ഞതാണങ്കിലും ആദ്യമായി പറയുന്ന താളബോധത്തോടെ ഉപ്പയും*
*ആദ്യ കൗതുകത്തോടെ ചെവികൾ കൂർപ്പിച്ച് ഞങ്ങളും !!!*
"മഴയത്ത് പുറത്തിറങ്ങാനാവാതെ.........
പണിയും കൂലിയുമില്ലാതെ.......
ആളുകള് മുഴുവനും പട്ടിണിയാവും.......
ഉള്ള കൃഷിയൊക്കെ വെള്ളം മൂടിയും തളിർത്ത് തുടങ്ങിയ കതിരുകൾ മീൻ വെട്ടിയും നശിക്കും........"
*"തറവാട്ടിലെ കൊയ്തെടുക്കാറായ കൃഷിയൊക്കെ വെള്ളം വന്ന് മൂടിയപ്പൊ........ തോരാമഴയത്ത് ഉപ്പാപ്പ വാഴകൾ വെട്ടി പാടികെട്ടിയ ചങ്ങാടത്തിൽ കട്ടില് വെച്ച് മുള കൊണ്ട് തുഴഞ്ഞ് വെള്ളത്തിൽ മുങ്ങി കൊയ്തെടുത്തിട്ടാണ് ................................................."*
ഉപ്പ കഥ തുടരുകയാണ് പട്ടിണിയുടേയും വറുതിയുടേയും കണ്ണുനീരിൽ കുറുക്കിയെടുത്ത കഥകൾ.....
എങ്കിലും.............
വിയർത്തൊലിക്കുന്ന ഈ തൊലി പൊള്ളിയടരുന്ന വേനൽ ചൂടിൽ..........
മഴയുടെ നനവുള്ള, കുളിരുള്ള മഴക്കഥ അവസാനിക്കരുതേയെന്ന് പ്രാർത്ഥിച്ച്..........
ഉപ്പയുടെ കഥയിലെ മഴയിൽ നനഞ്ഞ് കുതിർന്ന്..... ഞാൻ......!!!
യൂസഫ് വളയത്ത്
9072 34 34 34

സു... സു ....

Image may contain: 1 person, eyeglasses and outdoor

സുധി വാത്മീകം എന്ന സിനിമയിൽ വിക്കനായ ജയസൂര്യ പറയുന്ന ചില വാചകങ്ങൾ മനസ്സിൽ ആഴത്തിൽ കൊണ്ടു "വിക്കായിരുന്നു എന്റെ പ്രശ്നം ....... കുറെക്കാലം ഞാനതിനെ ഒളിപ്പിച്ച് വെക്കാൻ ശ്രമിച്ചു..... അതായിരുന്നു ഏറ്റവും വലിയ കുഴപ്പം.... "
"നമ്മുടെ കുറവുകളെ Accept ചെയ്ത് ജീവിക്കുകയാണ് വേണ്ടത്.........
 കഴിയൂച്ചാ അതിനെ നോക്കി ചിരിക്കാൻ പഠിക്കുകയാണ് വേണ്ടത്................
നമുക്കൊരു കുറവുണ്ടന്ന തോന്നലാണ് ഏറ്റവും വലിയ കുറവ്. "
ഈ വാക്കുകൾ വളരെ ശരിയാണ് എന്നാൽ ശാരീരിക വൈകല്ല്യങ്ങളെ അവഗണിച്ച് മനസ്സിനെ പാകപ്പെടുത്താൻ ആ വ്യക്തിയുടെ ശ്രമo കൊണ്ട് മാത്രമാവില്ല...........
അവന്റെ ചുറ്റുവട്ടങ്ങളുടെ പിന്തുണയും കൂടി ആവശ്യമാണന്ന് ഞാൻ പറയും
കാരണം 30% വൈകല്യമുണ്ടന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുള്ള ഒരാളാണ് ഞാൻ....... (ഡോക്ടർക്ക് 500 രൂപ കൈക്കൂലി കൊടുത്തിരുന്നേൽ വൈകല്യം 50 % ആക്കുമായിരുന്നു!!! )
എന്റെ കാലുകളെ, അത് വെച്ചുള്ള നടത്തത്തെ ചിലപ്പോൾ പരിഹാസത്തിന്റെ ചിരികളായി........,
മറ്റു ചിലപ്പോൾ സഹതാപത്തിന്റെ നോട്ടങ്ങളായി.........
 വേറെ ചിലപ്പോൾ മാറ്റി നിർത്തപ്പെടലുകളായി.........
അതല്ലങ്കിൽ അനാവശ്യമായ പരിഗണനകളായി........... അങ്ങിനെയങ്ങിനെ............
എന്റെ കുറവുകളെ നികത്താനാവാത്ത കുറവുകളാക്കി മനസ്സിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കിയിരുന്നു.......................... .
വളരെവൈകിയാണെങ്കിലും ഒഴുക്കിനെതിരിൽ തുഴഞ്ഞേ മതിയാകൂ എന്ന തിരിച്ചറിവിൽ ഞാനെന്റെ വീട്ടുകാരോട് പറഞ്ഞു " നമ്മളെല്ലാവരും കൂടി നല്ല വഴുക്കലുള്ള സ്ഥലത്ത് കൂടി നടക്കുമ്പോൾ എന്നെ കുറിച്ചുള്ള സ്നേഹത്താൽ, പ്രത്യേക പരിഗണനയാൽ ഞാൻ വീഴുമോ എന്ന ഭയം നിങ്ങൾക്കുണ്ടാവാം.......
 പക്ഷേ ...........
ഒരിക്കലും "മോനേ ........ നീ സൂക്ഷിക്ക് ട്ടൊ ..... വീഴും " എന്ന് എന്നോട് പറയരുതെന്ന് ................
 ഞാൻ പറഞ്ഞതിന്റെ അർത്ഥവും ആശയവും ശരിക്കും മനസ്സിലായത് എന്റെ ഉമ്മാക്കായിരുന്നു !!!.............
 കൂട്ടുകാർ ക്കൊപ്പം നടന്നെത്താൻ കഷ്ടപ്പെടുന്ന എന്നോട് ഉമ്മ പറഞ്ഞു
" ഉമ്മാന്റെ കുട്ടി സൈക്കിൾ ചവിട്ടാൻ പഠിക്ക് "
 സൈക്കിളിന്റെ പെഡലുകൾ ചവിട്ടിമറിക്കാൻ എനിക്കാവില്ലായിരുന്നിട്ടും ഉമ്മയുടെ വാക്കുകൾ എനിക്ക് വലിയ പ്രചോ ദനമായി........... !!!
 സൈക്കിളിനെ മെരുക്കിയെടുക്കേ പലതവണ വീണും ഉരുണ്ടും ഉമ്മയുടെ അടുത്തെത്തുമ്പോൾ ഉമ്മ ചിരി വരുത്തി പറയും "ചെറുപ്പത്തിൽ ഇയ്യ് കൊറേ കയിഞ്ഞിട്ടാ നടത്തം തൊടങ്ങ്യത്......... എല്ലാരേക്കാട്ടിലും വീണതും ഇയ്യാ.............. അവസാന വരികളിൽ ഉമ്മയുടെ ചിരി മായുന്നതും ശബ്ദമിടറുന്നതും ഞാൻ കണ്ടു .................. കണ്ണ് തുടക്കുന്നത് ഞാൻ കാണാതിരിക്കാൻ ഉമ്മ പാടുപെടുന്നതും ഞാൻ കണ്ടു...........
 3 വർഷത്തോളം ഞാൻ സൈക്കിൾ ഉപയോഗിച്ചിരുന്നു .
നേർത്ത കാൽപാദങ്ങൾ പെഡലുകളെ ചവിട്ടിമറിക്കുമ്പോൾ ഉമ്മാക്ക് വേദനിച്ചിരിക്കാം .........
" ഉമ്മാന്റെ കുട്ടിക്ക് മോട്ടർസൈക്കിള് ഓടിക്കാൻ പഠിച്ചൂടേ..? അതാകുമ്പോ ഇയ്യ് ചൗട്ടണ്ടാലോ......!!
 അങ്ങിനെ ഞാനൊരു
" കൈ നെറ്റിക് ഹോണ്ട " ബൈക്കിലേറി കുറെ നാൾ...............
എന്നെ കുറിച്ചുള്ള ഉമ്മയുടെ സ്വപ്നങ്ങൾ പിന്നേയും ...!!!
 " ഉമ്മാന്റെ കുട്ടിക്ക് ഇവരൊക്കെ ഓടിക്കണ പോലത്തെ ബൈക്ക് പഠിച്ചൂടേ ??"
അത് എനിക്ക് പേടിയായിരുന്നു ...... ഗിയറും ബ്രേക്കും കാല് കൊണ്ട് .......... എങ്ങാനും ചെരിഞ്ഞ് വീഴാൻ പോയാൽ താങ്ങാൻ എന്റെ കാലുകൾക്കാവുമോ .......?
 ആശങ്ക ഉമ്മയോട് പറഞ്ഞില്ലെങ്കിലും ഉമ്മ വായിച്ചിരിക്കാം ശരീരത്തിന്റെ കുറവുകളിൽ നിന്ന് മനസ്സിനെ മോചിപ്പിച്ച് തന്റെ പൊന്നുമോനെ കൂടപ്പിറപ്പുകളോടൊപ്പം നടത്താൻ അവർ തീരുമാനിച്ചിരിക്കാo......
 "ഇയ്യ് ഇപ്പൊ ഓടിക്ക്ണ വണ്ടി പെണ്ണ് ങ്ങള് ഓടിക്ക്ണ വണ്ടിയാടാ... ഇയ്യ് ഒരാങ്കുട്ട്യല്ലേ ........ " ഉമ്മയുടെ ഓരോ പ്രോത്സാഹനവും എന്നിൽ പുതിയ പുതിയ ഉണർവ്വു കളുണ്ടാക്കി കൊണ്ടിരുന്നു !! അങ്ങിനെ ഞാൻ ഗിയറുള്ള 100 cc ബൈക്കിലേറി !!!
 ഉമ്മയുടെ പുഞ്ചിരി കണ്ട് ബൈക്കിന്റെ കുതിപ്പിനേക്കാൾ എന്റെ മനസ്സുo കുതികുതിച്ചു !!!
 " ഉമ്മാ ഞാനിനി കാറോഡിക്കാൻ പഠിച്ചാലോ......?! എന്റെ ചോദ്യം പ്രതീക്ഷിച്ചിരിക്കുന്ന പോലെ ചിരിച്ച് കൊണ്ട് ഉമ്മ പറഞ്ഞു "ഞാനത് അന്നോട് പറയാൻ നിൽക്കായിരുന്നു!! ഇയ്യ് പഠിക്ക് ഉമ്മാടെ കുട്ടീനെ പടച്ചോൻ സഹായിക്കും"
 "ഉമ്മ പറഞ്ഞത് ശരിയായിരുന്നു പടച്ചോൻ എന്നെ കാത്തു "
അല്ലെങ്കിൽ നിരാശകളുടെ പടുകുഴിയിൽ നിന്ന് ഞാനെങ്ങിനെയാണ് ആത്മവിശ്വാസത്തിന്റെ ചിറകിലേറി ഉയരങ്ങൾ കീഴടക്കിയത്..........??!!
അല്ലെങ്കിൽ വീട്ടിലെത്തുന്ന അതിഥികൾക്ക് പോലും മുഖം കൊടുക്കാത്ത എന്നിലെ അപകർഷതയെ തച്ച് തകർത്ത് ഞാനെങ്ങിനെയാണ് നന്മയുടെ പ്രവർത്തനങ്ങളിൽ നേതൃനിരയിലേക്ക് ഉയർന്ന് വന്നത്.......??! ..................................................
എന്നെ വായിച്ച പ്രിയ സുഹൃത്തേ ....... നിങ്ങളൊരു പക്ഷേ ഒരു മാതാവായിരിക്കാം അല്ലെങ്കിൽ പിതാവ് അതുമല്ലെങ്കിൽ ജേഷ്ഠനോ, സുഹൃത്തോ ,അദ്ധ്യാപകനോ , ആരുമാവട്ടെ നിങ്ങളുടെ കൺവെട്ടത്ത് അംഗവൈകല്യം കൊണ്ടോ മറ്റോ മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്ന ഒരാളുണ്ടങ്കിൽ നിങ്ങളുടെ നയപരമായ ഒരിടപെടൽ, ഒരു വാക്ക് , അത് ആ വ്യക്തിയെ ജീവിതത്തിലേക്കുള്ള ഒരു തിരിച്ച് നടത്തത്തിന് പ്രേരിപ്പിച്ചാൽ അത് നിങ്ങൾ നിങ്ങളുടെ ജീവിതം കൊണ്ട് ചെയ്ത ഏറ്റവും നല്ല പുണ്യമായി ദൈവസന്നിധിയിൽ കോറിയിടും......... തീർച്ച
 നന്നേ ചുരുങ്ങിയത് ഈ Message share ചെയ്യാനെങ്കിലും മറക്കാതിരിക്കുക .......................................................... സ്നേഹപൂർവ്വം........
യൂസഫ് വളയത്ത്
9072 34 34 34

അനുഭവം

Image may contain: 1 person, eyeglasses and outdoor

മരണക്കിണറിന് മുകളിലേക്ക് കയറി വരുന്ന ആ ഉമ്മയേയും മകനേയും കണ്ടപ്പോൾ ഞാൻ അത്ഭുതത്താൽ മിഴിച്ച് നിന്നു.......
75 വയസ്സുള്ള എന്റെ ഉമ്മയേക്കാൾ പ്രായക്കൂടുതലുണ്ട് ആ ഉമ്മക്ക്
ഏകദേശം ഇരുപതിൽ കൂടുതൽ പടികളുള്ള ആ കോണി കയറാൻ അവർ നന്നേ വിഷമിക്കുന്നുണ്ടങ്കിലും യുവാവായ മകൻ അവരെ കഴിയുംവിധം സഹായിക്കുന്നുണ്ട്
ഷൊർണൂരിൽ നടക്കുന്ന ജ്വാല ഫെസ്റ്റിൽ ഇന്നലെ കുടുംബത്തോടൊപ്പം പങ്കെടുക്കേ മകൻ മരണക്കിണറിലെ അഭ്യാസം കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഞാനും അവനോടൊപ്പം കൂടി
ഉമ്മയും മകനും എന്റെ അടുത്താണ് നിന്നത് വാർദ്ധക്യം ചുളിവീഴ്ത്തിയ കണ്ണുകൾ വിടർത്തി അവർ കിണറ്റിലേക്ക് നോക്കി
" ഉമ്മാ നോക്ക് ആ മൂന്ന് മോട്ടോർ സൈക്കിളും രണ്ട് കാറും ഒന്നിച്ച് ഇതിക്കൂടെ ചെരിഞ്ഞ് ഒന്നിച്ച്ഓടും......"
മകന്റെ വാക്കുകൾ കേട്ട് ഉമ്മ പേടിയോടെ.... അതിശയത്തോടെ മകനെ നോക്കി.......
"അപ്പൊ ഒറ്റീങ്ങള് വീഴൂലേ മോനേ......"
"ഇല്ലമ്മാ അവര് അഭ്യാസം പഠിച്ചോരല്ലേ..?"
മകന്റെ മറുപടിയിൽ ഉമ്മ മൗനിയായി
ബൈക്കുകളും കാറുകളും മരണം കൊണ്ട് അമ്മാനമാടാൻ തുടങ്ങിയപ്പോൾ ഞാൻ ഉമ്മയെ തന്നെ നോക്കി നിന്നു......
അവർ പേടിയോടെ മകനെ ഇറുകെ പുണർന്ന് ചേർന്ന് നിന്നു.....
മകൻ കൊച്ച് കുഞ്ഞിനെയെന്ന പോലെ ഉമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു
മരപ്പലകയിലൂടെ അഭ്യാസം ചീറിക്കറങ്ങുമ്പോൾ ഞങ്ങൾ നിൽക്കുന്ന ഫ്ലാറ്റ്ഫോം കുലുങ്ങി വിറച്ചു....
ഉമ്മ കാലിടറി മകന്റെ ദേഹത്ത് തൂങ്ങിനിൽക്കേ ഒരു കൈ കൊണ്ട് ഞാനും ഉമ്മയെ താങ്ങി........
കളി കഴിഞ്ഞ് ആശ്വാസം കൊള്ളുന്ന ഉമ്മയെ നോക്കി ഞാൻ ചോദിച്ചു
"എങ്ങിനെയുണ്ടായിരുന്നുമ്മാ... നിങ്ങക്ക് ഇഷ്ടായോ..?"
മകന്റെ പിടിവിട്ട് എന്റെ കയ്യിൽ പിടിച്ച് ഇനിയും വിട്ട് മാറാത്ത ഭയം മറച്ച് ചിരിച്ച് കൊണ്ടവർ പറഞ്ഞു......
*"ഇഷ്ടായി മാനേ......... പക്ഷേങ്കില് കുഞ്ഞു മക്കൾക്ക് അരി വാങ്ങാനും വേണ്ടീട്ടല്ലേ ഈ മക്കള് ആയുസ്സ് കളഞ്ഞ് ഇമ്മാതിരി കാട്ടിക്കൂട്ടണത്......... അതോർക്കുമ്പോ.........."*
ഒന്ന് നിർത്തിയിട്ട് ആകാശത്തേക്ക് കണ്ണുയർത്തി നെഞ്ചത്ത് കൈ വെച്ച് അവർ തുടർന്നു.......
*"പടച്ചോനെ ഒറ്റീങ്ങളെ കുഞ്ഞുമക്കളെ നീയ്യ് യത്തീമീങ്ങളാക്കല്ല*
*വീട്ടില് കാത്തിരിക്കണെ കുടുംബത്തില് കണ്ണീര് ചാടിക്കല്ലെ......"*
വാദ്യമേളങ്ങളും ആർപ്പുവിളികളും കൊണ്ട് നിറഞ്ഞ ആ പറമ്പിൽ നെഞ്ച് പിടക്കുന്ന ഒരുമ്മയുടെ പ്രാർത്ഥന ആകാശത്തേക്കുയരുമ്പോൾ ഞാനോർത്തു
*ഏതോ നാട്ടിലെ ദാരിദ്ര്യത്തിന്റെ അടുക്കള പുറത്ത് മണ്ണ് വാരിക്കളിക്കുന്ന മനുഷ്യ മക്കളെ അവരുടെ ദേശവും, ഭാഷയും, വർണ്ണവും, വിശ്വാസവും നോക്കാതെ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരമ്മ മനസ്സിനേ കഴിയൂ........*
ഇത്തരം അമ്മ മനസ്സ് എല്ലാ മനുഷ്യരിലുമുണ്ടായിരുന്നെങ്കിൽ..............

By: യൂസഫ് വളയത്ത്

നിഴൽപ്പൂക്കൾ

Image may contain: 1 person, eyeglasses and outdoor

പ്രിയ സുഹൃത്തുക്കളേ...
എന്റെ "നിഴൽപ്പൂക്കൾ " എന്ന ഇച്ചിരി നീണ്ട കഥ വായനയിൽ താൽപ്പര്യമുള്ള വർക്കായി സമർപ്പിക്കുന്നു.
വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ച് കൊണ്ട് യൂസഫ് വളയത്ത്

എന്റെ ഭാര്യ................... സൈന.... ബയുടെ ........... ത്വലാഖ്...............
ഇടറിയിടറി അത്രയും പറഞ്ഞ് മജീദ് തന്റെ പനിക്കിടക്കയിലേക്ക് ചുരുണ്ട് വീണു.........
മുഷിഞ്ഞ തലയിണയിൽ മുഖമമർത്തി അവൻ തേങ്ങലടക്കി.........
മനസ്സിൽ സങ്കടക്കടലിരമ്പുകയാണ്..........
ഓരോരുത്തരായി ആ മുറി വിട്ട് പുറത്ത് പോകുന്നത് അവനറിഞ്ഞു.........
എല്ലാവരും പോട്ടെ
ഒറ്റക്കിത്തിരി നേരം വിങ്ങി വീർത്ത ചങ്കിന്റെ കെട്ടഴിച്ച് ചുരുണ്ട് കിടക്കണo.........
"മജീദേ....... ഞാൻ പോവാണ്......
പടച്ചോൻ അന്നെ തുണക്കും മജീദേ......"
അത്രയും നന്ദിയോടെ പറഞ്ഞ് സൈനൂന്റെ ഉപ്പയും മുറിവിട്ട് പോയപ്പോൾ മജീദിന് എന്ത് കൊണ്ടോ ഒരാശ്വാസംതോന്നി......
മജീദ്കണ്ണുകളടച്ച് കമിഴ്ന്ന് തന്നെ കിടന്നു....
നാഥാ..... ജീവിച്ച് കൊതിതീരാത്ത എത്രയെത്ര മനുഷ്യരെയാണ്
നീ സമയമെത്തും മുമ്പ് തിരിച്ച് വിളിക്കുന്നത്.......
ഇവിടെയിതാ ഞാൻ സകലതും നഷ്ടപ്പെട്ട് ഒരു പുഴുവിനെപ്പോലെ നിലത്തിഴഞ്ഞ് മരണം കൊതിച്ച് കിടക്കുന്നു.............
ചുമലിൽ ഒരു തണുത്ത കൈത്തലം സ്പർശിച്ചപ്പോൾ അവൻ തലയുയർത്തി
നിറകണ്ണുമായി ഉമ്മ....!!!
"മ്മാന്റെ കുട്ടി കരയണ്ട......
ആരൂല്ലോത്തോർക്ക് പടച്ചോനില്ലെടാ......
ഇക്ക് മാണം ന്റെ കുട്ടീനെ..........
ഞാൻ നോക്കുo ന്റെ കുട്ടീനെ.........."
മജീദേ...... മ്മാന്റെ കുട്ടി സൈനൂനെ മനസ്സ് കൊണ്ട് ഒട്ടുംബെർക്കര്ത്..........
ഓള്പാവാ................ ഇതൊന്നും
ഓളായിട്ട് തീരുമാനിച്ചതാവൂല
ഓളെ ഉപ്പീം കുടുംബക്കാരും കൂടി നിർബന്ധിച്ചപ്പൊ മൂളീ താവും..........
എന്ത് ചെയ്യാനാ ഓളൊര് പെണ്ണല്ലേ........
എതിർത്ത് നിക്കാൻ കയ്യൂലല്ലോ.....
ഉമ്മാന്റെ കുട്ടി ഒന്നുറങ്ങ്........... ഒറങ്ങിണീക്കുമ്പോ ഒക്കെ മറക്കാമ്പറ്റും......
ഉമ്മ പോയപ്പോൾ മജീദ് സൈനുവിനെ കുറിച്ചോർത്തു............. പാവം ഇന്നൊരു പക്ഷേ എന്നേക്കാൾ കരയുക അവളായിരിക്കും..........
എത്ര പെട്ടെന്നാണ് ഇങ്ങിനെയൊക്കെ സംഭവിച്ചത്.......
ഖത്തറിൽ നിന്ന് നാൽപ്പത് ദിവസത്തെ ലീവിന് വരുന്നെന്ന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞപ്പോഴേക്കും ഉമ്മ ഓടിനടന്ന് പെണ്ണ് തിരഞ്ഞു.
ചെക്കനും പെണ്ണും കണ്ട് ഇഷ്ടപ്പെട്ടാ ഉടൻ നിക്കാഹ് നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തി
കണ്ട് വെച്ചത് എന്റെ സൈനൂനെ...
കല്യാണം കഴിഞ്ഞ് ഇരുപത്തെട്ടാംനാൾ തിരിച്ച് പോകുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് ആ ചെവിയിൽ മന്ത്രിച്ചു
" മോളൂ...... ഇക്ക വേഗം വരും...... നീ യില്ലാതെ എനിക്കതികമൊന്നും............"
സമയം കഴിയുന്നു എന്നോർമ്മിപ്പിച്ച് കാറിന്റെ ഹോൺ തുടരെ തുടരെ മുഴങ്ങി തുടങ്ങിയപ്പോൾ...... ഇറുകി വരിഞ്ഞ കൈകളിൽ നിന്ന് പിടഞ്ഞ് മാറി........
വണ്ടി വളപ്പിന്റെ പടിഞ്ഞാറേ മൂല തിരിയും വരേയും ജനൽ കമ്പികൾക്കപ്പുറത്തെ നനഞ്ഞ് ചുവന്ന കണ്ണുകളെ നോക്കി കൈ വീശിയകന്നു....
പിന്നീട് നിറുത്താതെയുള്ള ഫോൺ വിളികളും ഇടവിട്ട് കത്തുകളും
കത്തെഴുത്തിനെ കളിയാക്കുന്ന കൂട്ടുകാരുടെ ശല്യവുo എഴുതാനുള്ള സമയക്കുറവും കാരണം ഒരിക്കൽ അവളോട് ചോദിച്ചു
" സൈനൂ...... ദിവസവും ഫോൺ ചെയ്യണില്ലേ പിന്നെന്തിനാ നീ കത്തെഴുതാൻ വാശി പിടിക്കണത്............. ?"
"കത്തെഴുതുന്നത് നിർത്തരിത്ക്കാ.........
സമയക്കുറവാണങ്കിൽ ഒരു കടലാസിൽ സൈനൂ........ ന്ന് ഒരു വിളി മാത്രo...... അത് മതി..........
മരുഭൂമിയും, കടലും, നാടുകളും കടന്ന് ആ കത്ത്എന്റെ കയ്യിലെത്തി പൊട്ടിക്കുമ്പൊ അതിനകത്തെ കടലാസിന് നിങ്ങടെ
നെഞ്ചിന്റെ ചൂ രാ.........................................
അത് മതി ഇക്കാ ഈ സൈനൂന് രണ്ട് ദിവസത്തേക്കെങ്കിലും കാത്തിരിപ്പിന്റെ മുശിപ്പ് മാറ്റാൻ..........
നമുക്ക് ഓരോ കത്ത് കിട്ടുമ്പളും അതിനടുത്ത കത്ത് നമ്മളേയും തേടി
അങ്ങോട്ടുമിങ്ങോട്ടും പറന്ന് കൊണ്ടിരിക്കണം........ രണ്ട് വിമാനങ്ങളിലാണേലും ആകാശത്തൂടെ നമ്മുടെ ചുംബനങ്ങൾ.......... എന്ത് രസാ ല്ലേ ഇക്കാ.......?
അവളുടെ ഇത്തരം വർത്തമാനങ്ങൾ കേൾക്കുമ്പോൾ മജീദ് ചിരിക്കും.....
ചിലപ്പോൾ അവൻ അത്ഭുതത്തോടെ ഓർക്കും " ഈ പെണ്ണുങ്ങൾ വല്ലാത്തൊരു പടപ്പുകളാ....... പെണ്ണിനെ പടക്കുമ്പോ തന്നെ പടച്ചോൻ ആ ഖൽബില് നിറച്ചും മുഹബ്ബത്ത് നിറക്കുന്നുണ്ടാവുമോ....?"
ഒരിക്കൽ ഷോപ്പിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ്
റൂമിലേക്ക് നടക്കുമ്പോൾ അവൾ വിളിച്ചു
നാട്ടിൽ പാതിരയായിക്കാണും........ ഈ അസമയത്ത് വല്ല പ്രശ്നവും...........?
പകപ്പോടെ മജീദ് ഫോണെടുത്തു......
"മോളൂ.......... എന്ത് പറ്റി.....? ഉറങ്ങീലേ.....?"
"ഉറക്കം വരണില്ല ഇക്കാ.............
ഇക്കാ ..... അവിടെ ഖിബ് ല നുജൂമ്ണ്ടോ ?
അതെന്താ സൈനൂ ഖിബ് ലനുജൂമ്..?!!
ആകാശത്ത് ഖിബ് ലയുടെ നേർക്ക് വരിവരിയായി മൂന്ന് നക്ഷത്രങ്ങൾ കണ്ടിട്ടില്ലേ.....?
"ഓ... അതോ..... ? അതെന്തിനാ സൈനൂ....?"
"ഇക്കാ നമ്മുടെ മുറിയിലെ പിറക് വശത്തെ ജനൽ തുറന്നിട്ടാൽ ആ നക്ഷത്രങ്ങൾ എനിക്ക് കാണാം....... ഇക്ക കുറച്ച് നേരം ആ നക്ഷത്രം നോക്കി നിക്വോ.......?
ഞാനി വിടുന്നും നോക്കാം........
ഇത്തിരി നേരം നമ്മടെ കണ്ണുകൾ ഒരേ സമയം......... ഒരേസ്ഥലത്ത്.................
കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ കൊതിയാവിണ് ഇക്കാ.......... അതോണ്ടാ......
സൈനൂ...... എന്നൊരു വിളിയോടെ മജീദ് സങ്കടക്കടലിലേക്ക് ഒരുൽക്കയായി വീണു......
ഒരു വ്യാഴാഴ്ച രാത്രി അന്നാണ് മജീദിന്റെ ജീവിതത്തെ ആകെ തകർത്തെറിഞ്ഞ ആ
സംഭവം നടന്നത്.............
സമയം 9 മണി കഴിഞ്ഞു കാണും മജീദിന്റെ ഫോൺ ശബ്ദിച്ചു... കമ്പനിയുടെ മാനേജരാണ്...
ഈ രാത്രിയിൽ എന്തെങ്കിലും സ്പെഷ്യൽ ജോലി ഏൽപ്പിക്കാനാവും നീരസത്തോടെ പിറുപിറുത്തു കൊണ്ട് അവൻ ഫോണെടുത്തു
കമ്പനിയുടെ പുതിയതായി തുറക്കുന്ന ഫുജൈറയിലെ ഷോറൂമിൽ എത്രയും പെട്ടെന്ന് എത്തണം...... വിശദീകരണങ്ങൾ ഇവിടെ എത്തിയിട്ടു പറയാo............
റൂമിൽ പോകാൻ സമയമില്ലാത്തതിനാൽ
തൊട്ടടുത്ത കഫ്തീരിയയിൽ നിന്ന് ഒരു ജ്യൂസും സാൻറ് വിച്ചും കഴിച്ച് മജീദ് വണ്ടി സ്റ്റാർട്ട് ചെയ്തു.
നിയോൺ ബൾബുകൾ കൊണ്ടലങ്കരിച്ച നഗരവും റോഡുകളും പിന്നിട്ട് വണ്ടി പതിയെ മരുഭൂമിയെ പിളർന്ന് നീണ്ട് കിടക്കുന്ന വഴിയിലേക്ക് പ്രവേശിച്ചു.
മരുഭൂമി ശൂന്യമാണങ്കിലും വളരെ മനോഹരിയാണന്ന് മജീദിന് തോന്നാറുണ്ട്
"ഛിട്ടീ.... ആയി ഹേ..... ഛിട്ടീ.... ആയീ ഹേ...."
സ്റ്റീരിയോയിൽ നിന്ന് പങ്കജ് ഉദാസ് നേർത്ത മഴയായി ഒഴുകിപ്പരന്നു..!!!
മജീദ് സൈനൂനെ ഓർത്തു..... അവളിപ്പൊ എന്തു ചെയ്യാവും.....?
ഉറങ്ങാൻ മുറിയിലെത്തിക്കാണും ജനലിലൂടെ ആകാശത്ത് നക്ഷത്രം തിരയുന്നുണ്ടാവുമോ......?
ഒരു നിമിഷം മജീദ് ആകാശത്തേക്ക് നോക്കി
സൈനൂന്റെ ഖിബ് ലനുജൂമ് ദൂരെ തിളങ്ങുന്നത് അവൻ കണ്ടു......... ഒരു നിമിഷം അവനതിലൊരു നുജൂമായി......!!!
പെട്ടെന്നാണത് സംഭവിച്ചത്.....!!!!
എതിരെ വന്ന ഒരുകൂറ്റൻവാഹനത്തിന്റെ മഞ്ഞ വെളിച്ചം കണ്ണുകളെ ഇരുട്ടിലാക്കിയതും വണ്ടി എന്തിലോ ശക്തമായി ഇടിച്ചു.........
എല്ലുകൾ നുറുങ്ങുന്ന വേദനകൾക്കിടയിൽ മജീദ് ഒന്നുറക്കെ അലറി.............
കണ്ണ് തുറക്കുമ്പോൾ കണ്ണുകളിൽ വീണ്ടും മഞ്ഞ വെളിച്ചം....... അവ്യക്ത രൂപങ്ങൾ ചുറ്റിലും നിൽക്കുന്നു...... ഉണർന്നും ഉറങ്ങിയും പിന്നെയും ഉണർന്നും മജീദ് മെല്ലെ യാഥാർത്ഥ്യത്തി ലേക്ക് വന്നു..........
ശരീരത്തിൽ പലയിടത്തും ബാൻഡേജുകൾ............
അരക്ക് താഴെ പൂർണ്ണമായും മൂടിയിരിക്കുന്നു..........
കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളാണ് പറഞ്ഞത് "മജീദേ........ ഒന്നര മാസായി നീ ഈ കിടപ്പ് തുടങ്ങീട്ട്.............
നിൻറുമ്മാൻറേയും പെണ്ണിന്റെ പ്രാർത്ഥനോണ്ടാ നീയ്യിപ്പോ..........
നമുക്ക് നാട്ടിൽ പോയി ചികിത്സിക്ക മജീദേ... ഇവര് പറയണത് നട്ടെല്ല് പൊട്ടിയതിനാൽ നടക്കാൻ കയ്യൂലാന്നാ..... പക്ഷേ നമ്മടെ നാട്ടിൽ ചെന്ന ഇതിലും നല്ല ചികിത്സ കിട്ടും....... നിയ്യ് ഒട്ടും പേടിക്കണ്ട നിന്റെ കൂടെ ഞങ്ങളൊക്കെണ്ട്.........
ഒന്നര മാസം......... മരണത്തിനും ജീവിതത്തിനുമിടക്ക്........ യാ ..... റബ്ബീ..... എന്റെ ഉമ്മയും സൈനുവും....... എനിക്കായ് നനഞ്ഞ കണ്ണുകൾ.......... മജീദ് പൊട്ടിക്കരഞ്ഞു.......... എത്രയും വേഗം നാട്ടിലെത്താൻ അവൻ കൊതിച്ചു..........
നാട്ടിലെത്തി നേരെ ഹോസ്പിറ്റലിലേക്ക് ......
സന്ദർശകരുടെ തിരക്കുകൾക്കിടയിൽ സൈനു............. ഒന്നാശ്വസിപ്പിക്കാനാവാതെ....... ഒന്നര മാസത്തെ അവൾസഹിച്ച വേവലാതികൾ അവളുടെ ശരീരത്തെ ആകെ ഉടച്ചിരുന്നു....
എങ്കിലും ആ കണ്ണുകളിലെ പ്രതീക്ഷ മജീദിന് ഏറെ ഉണർവ്വ് പകർന്നു.........
രാത്രിയിൽ സന്ദർശകരോരുത്തരായി പിരിഞ്ഞു പോയപ്പോൾ സൈനു അരികിലെത്തി.......... ഇക്കാ........... അവള ത്രയുംനേരം അടക്കിവെച്ച തേങ്ങലുകളൊക്കെയും മജീദിന്റെ മാറിൽ വീണ് ചിതറി........അവനുംഒന്നുപൊട്ടിക്കരയാൻ വെമ്പി നിൽക്കുകയായിരുന്നു..........
ആ രാത്രിയിൽ ഇരുവരും മനസ്സിലൊതുക്കി വെച്ചിരുന്ന സങ്കടത്തിന്റെ കരിമേഘങ്ങൾ നിലക്കാത്ത തുലാമഴയായ് പുലരുവോളം പെയ്തിറങ്ങി............
ഇക്കാ.......... എല്ലാ അസുഖങ്ങളും മാറും ഇങ്ങള് തളരര്ത്...... ഞാനുണ്ട് ഇക്കാന്റെ കൂടെ....... പടച്ചോൻ ഞമ്മളെ കൈവിടൂല
ഒക്കെ മാറി ഇങ്ങള് വേഗം നടക്കും എനിക്ക് ഉറപ്പാ........ പടച്ചോ നോട് ഞാനത്രക്കും ചോയിച്ച് ക്ക്ണ്.......... രോഗക്കെമാറി നടക്കാൻ തൊടങ്ങ്യ ഇങ്ങളെ ഇനി ഒരു ഗൾഫിക്കും ഞാൻ വിടൂല്ല.......
സൈനു കൊച്ചു കുട്ടിയെപ്പോലെ തേങ്ങി കൊണ്ടിരുന്നു.........
പക്ഷേ....... ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിഞ്ഞിട്ടും മജീദിന് ഒരു മാറ്റവും കണ്ടില്ല........ അരക്ക് താഴെ നാൾക്കുനാൾ ശോശിച്ച് കൊണ്ടിരുന്നു........
പതിയെ ഡോക്ടർമാരും കയ്യൊഴിയാൻ തുടങ്ങിയപ്പോൾ ആശുപത്രി വിട്ടു.........
പിന്നീട് ആയുർവേദ ചികിത്സകൾ ഉഴിച്ചിലുo പിഴിച്ചിലും നവരക്കിഴിയും
ഒടുവിലിത്തിരി തൈലവും കഷായങ്ങളുമായി മജീദ് വീടിന്റെ ഇത്തിരിപ്പോന്ന മുറിയിലേക്ക്...........
കയ്യിലുള്ള പണമെല്ലാം തീർന്നു........ പരന്ന് കിടന്നിരുന്ന വീട്ടുവളപ്പിന്റെ അതിരുകൾ ചുരുങ്ങിച്ചുരുങ്ങി വീടിന്റെ അരി കോളമെത്തി........... ഇനി വിൽക്കാനും ഒന്നുമില്ലാണ്ടായി.........
ചികിത്സയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു........ അരക്ക് താഴെ ഒരു പഴന്തുണി ക്കെട്ട് പോലെ അയാൾ അയഞ്ഞ് തൂങ്ങിയാടി.............
പക്ഷേ......... സൈനു....... അവൾമാത്രം സ്വപ്നങ്ങളസ്തമിക്കാതെ ഓടിനടന്നു......
മജീദ് അവൾ കാണാതെ വിങ്ങിപ്പൊട്ടി....
ഇരുപത്തിയെട്ട് ദിവസത്തെ സന്തോഷകരമായ ജീവിതം കഴിഞ്ഞിട്ടിപ്പോൾ മൂന്ന് വർഷത്തിലതികമായി............ പിന്നീട് ഇന്ന് വരേയും സൈനൂന് കണ്ണീര് മാത്രമാണ് താൻ നൽകിയത്......... കഷായത്തിനും തൈലത്തിനും ഇടയിലെ രൂക്ഷഗന്ധത്തിനിടക്ക് പുരുഷഗന്ധം അവൾ തിരയുന്നുണ്ടാവില്ലേ.......?
ശരീരമാസകലം തൈലം പുരട്ടിത്തന്ന് സൈനു ചേർന്നു നിൽക്കുമ്പോഴും...... അവളിലെ സ്ത്രീ സുഗന്ധം മനസ്സിൽ ധ്രുതതാളം മീട്ടുമ്പോഴും നനഞ്ഞ തുണിയായ് തന്നിലെ പുരുഷൻ തളർന്നവശനായെന്ന തിരിച്ചറിവിൽ മജീദ് കൂടുതൽ തളർന്നു.........
യാ..... ഇലാഹീ....... ഒരർത്ഥത്തിൽ സൈനു വിനോട് ഞാൻ ചെയ്യുന്നത് ക്രൂരതയല്ലേ.....
അവൾക്കൊരു ജീവിതം നൽകാൻ ഇനി തനിക്കാവില്ല........ അവൾ ചെറുപ്പമാണ്
ജീവിതത്തിലെ ഏറ്റവും സുഗന്ധമുള്ള പ്രായം
തളിരായ്, പൂവായ്, കായായ് നിറഞ്ഞാടേണ്ടവൾ............ അവളീമരുന്നുകളുടെ പുളിച്ച് നാറ്റത്തിൽ കിടന്ന് ജഡത്തോടൊപ്പം മറ്റൊരു സഞ്ചരിക്കുന്ന ജഡമായ്................
വയ്യ.......... അവൾ രക്ഷപ്പെടണം.......
ഈ വീട് വിട്ട് ഒരു നിമിഷം പോലും അവൾ പുറത്ത് പോവുന്നില്ല...
കഴിഞ്ഞയാഴ്ച അയൽവാസി സ്ത്രീകൾ ഇവിടെ വന്നപ്പോൾ അവളെ കളിയാക്കിയിരുന്നു.....
"എന്താ സൈനു ഇയ്യ് പൊറത്ത്ക്കൊന്നും എറങ്ങ്ണില്ലലോ........? ഇങ്ങനെ ഒരു ജീവി ഇതിന്റെ ഉള്ളില് ണ്ടന്ന് ഞങ്ങളൊക്കെ മറന്ന് ക്ക്ണ്......... എടക്കൊക്കെ പൊറത്തൊന്നറങ്ങിക്കള ല്ലാച്ചാ അനക്കും വാതം പുടിച്ചും........"
ആ തമാശ കേട്ട് എല്ലാവരും ചിരിച്ചു സൈനു ഒഴികെ.........
രണ്ട് ദിവസമായി മജീദ് ശ്രദ്ധിക്കുന്നു ദിവസവും ഉമ്മപുറത്ത് പോവുന്നു തിരിച്ചെത്തുമ്പോൾ ഏറെ വൈകും
സന്ധ്യക്ക് തന്റെ കട്ടിലിൽ വന്നിര്ന്ന് ഒന്നോ രണ്ടോ വർത്തമാനം പറഞ്ഞിരുന്ന് മെല്ലെ ഖുർആനെടുത്ത് പതുക്കെ ഓതും.......
ഉമ്മയുടെ ഓത്തിന് ഒരു സങ്കടത്തിന്റെ ഈണമാണ്.........
പാവം നന്നേ ചെറുപ്രായത്തിൽ എന്നേയും ഏൽപ്പിച്ച് ഉപ്പ പോയതിൽ പിന്നെ ഉമ്മാക്ക് എന്നും സങ്കടങ്ങൾ മാത്രമായിരുന്നു കൂട്ടിന്.................
ഹൈദ്രു ഹാജിയുടെ വീട്ടിലെ അടുക്കളയിൽ നിന്ന് നിത്യവൃത്തിക്കുള്ള വക കണ്ടെത്തി തന്നെ വളർത്തി വലുതാക്കുമ്പോൾ അവർക്കെന്തല്ലാം സ്വപ്നങ്ങളുണ്ടായിക്കാണും......?
എല്ലാം വെറുതെയായെന്ന് ഉമ്മക്കിപ്പോൾ തോന്നുന്നുണ്ടാവുമോ .......?
"സൈനൂ.... ഉമ്മ എങ്ങോട്ടാണ് ദിവസവുംപോവുന്നത്.......?"
അവൾ എന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ ധൃതിയിൽ അടുക്കളയിലേക്കോടി .........
കുറച്ച് കൂടി ഉച്ചത്തിൽ ചോദ്യം ആവർത്തിച്ചപ്പോൾ അവഗണിക്കാനവൾക്കായില്ല.........
"എനിക്കറിയൂലിക്കാ....... ഇവിടിരുന്ന് മുഷിയണ്ടാച്ചിട്ടാവും...... "
" നിനക്കറിയ സൈനൂ........ എന്നോട് നുണപറയാൻ നിനക്ക് കഴിയോ.....?"
"ഇക്കാ...... ഞാൻ പറയാം പക്ഷേ....... ഉമ്മാനോട് ചോയിക്കര്ത്.......
ഉമ്മ മുമ്പ്പോയിരുന്ന ഹൈദ്രു ഹാജീ ന്റെ വീട്ടിലേക്കാ..............
ങ്ങളോട് പറയരത്ന്ന് ഉമ്മ പറഞ്ഞതാ.......
അല്ലാണ്ടെന്താ ചെയ്യാ......... മൂന്ന് പള്ളനെറയണ്ടേ............ ഞാൻ പോകാന്ന് ഉമ്മാനോട് പറഞ്ഞതാ........ ഉമ്മ സമ്മതിച്ചില്ല.........
സൈനു പിന്നേയും എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു മജീദ് ഒന്നും കേട്ടില്ല.......
അയാളാകെ തകർന്നിരിക്കുകയായിരുന്നു....
ജീവിതത്തിന് മുന്നിൽ തോറ്റ് പോയവന്റെ നിസ്സഹായത അവനെ ശരീരത്തേക്കാൾ കൂടുതൽ തളർത്തിയിരിക്കുന്നു........
പതിവ് പോലെ രാത്രിഉമ്മ മജീദിന്റെ കട്ടിലിൽ വന്നിരുന്നപ്പോൾ അവൻ സങ്കടം ഉള്ളിലൊതുക്കി അല്പംശാസനാ സ്വരത്തിൽ ചോദിച്ചു.
" ഉമ്മാ........ നിങ്ങള് പിന്നേം പണിക്ക് പോയി തുടങ്ങ്യോ......?"
"മോനേ..... അത്....... അത് പിന്നെ.......
അതൊന്നും സാരല്ലടാ .......... ഉമ്മാക്ക് ഇതൊക്കെ ശീലള്ളതല്ലേ.............?
ഇന്റെ റൂഹ് പിരിയണ വരെ ന്റെ മക്കളെ ഞാൻ പട്ടിണിക്കിടൂല.................
അത് കയിഞ്ഞാ പിന്നെ............. റബ്ബുൽ ആലമീനായ തമ്പുരാനേ........... ഇന്റെ കുട്ടീനെ ഇയ്യ് കാത്തോളണേ........."
കണ്ണുകൾ തുടച്ച് ഉമ്മ ഖുർആനിലേക്ക് മുഖം കുനിച്ചു...........
"അസ്സലാമു അലൈക്കും"
സൈനൂന്റെ ഉപ്പയാണ് ഇടയ്ക്കിടെ വരും വർത്തമാനങ്ങളന്വേഷിക്കും....... സൈനൂനെ അവളറിയാതെ ഇമവെട്ടാതെ നോക്കിയിരിക്കും............. പിന്നെ
ഒരു ദീർഘനിശ്വാസംവിട്ട് ഇറങ്ങിപ്പോവും........... പാവം മകളുടെ ദുർവിധിയോർത്ത് ചങ്ക് തകരുന്നുണ്ടാവും ആ പിതാവിന്....... അതോർക്കുമ്പോൾ വല്ലാത്ത കുറ്റബോധം തോന്നും മജീദിന് ...........
മജീദേ...... ഞാൻ സൈനൂനെ ഒന്ന് കൂട്ടികൊണ്ടോവാൻ വന്നതാ.......
ഓള് പോന്നാ നിനക്ക് ബുദ്ധിമുട്ടാന്ന് അറിയാം പക്ഷേങ്കില് എത്ര കാലായി ഓള് സ്വന്തം വീടുംകുടുംബും കണ്ടിട്ട്........
കഴിഞ്ഞ തവണ ഞങ്ങള് വന്ന് പോയിട്ട് ഓളെ കോലും ചേലുംകണ്ടിട്ട് ഉമ്മ കരച്ചിലോട് കരച്ചിലാ.........
പെറ്റ തള്ളക്ക് സഹിക്കൂലലോ...... ഒരാഴ്ച ഓള് അവിടെ വന്ന് നിക്കട്ടെ "
സൈനൂന് മജീദിനെ തനിച്ചാക്കി പോവാൻ ഒട്ടും ഇഷ്ടമായിരുന്നില്ല.......... ഉമ്മയും അവനും നിർബന്ധിച്ചപ്പോൾ അവൾ പുറപ്പെട്ടു.
ഉപ്പയോടൊപ്പം പടിയിറങ്ങിപ്പോവുമ്പോൾ അവൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി...
അവർ കണ്ണിൽ നിന്ന് മറയുവോളം മജീദ് ജനലഴികളിൽ കൂടി ഇമവെട്ടാതെ നോക്കി നിന്നു........... വിജനമായ മരുഭൂമിയിൽ അവൻ ഒറ്റപ്പെട്ടത് പോലെ............ എവിടേക്ക് നോക്കിയാലും ശൂന്യത..........
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി............
കട്ടിലിന്റെ മുകളിലെ അയയിൽ അവളിന്നലെ ഇട്ടിരുന്ന തട്ടം അവൻ കയ്യെത്തിപ്പി ടിച്ചു........ അപ്പോഴവന് സൈനു അടുത്തുള്ളത് പോലെ തോന്നി...........
ദിവസങ്ങൾ ഇഴഞ്ഞിഴഞ്ഞ് നീങ്ങി മജീദിന്റെ ജീവിതവും.......... സൈനു പോയിട്ട് ഒരാഴ്ച കഴിഞ്ഞു......... അവളുടെ അസാന്നിദ്ധ്യം ഓരോ നിമിഷത്തിലും അവനെ വീർപ്പുമുട്ടിച്ചു........
രാവിലെ ഉമ്മ പോ കുമ്പോൾ അവന് കുടിക്കാനുള്ള വെള്ളവും ഭക്ഷണവും മുറിയിൽ കൊണ്ട് വെക്കും........
വീട്ടിനുള്ളിൽ തനിച്ചാവുന്ന പകലിൽ അവനാ വീടിനകത്തു കൂടി ഒച്ചിനെപ്പോലെ ഇഴഞ്ഞ് നടക്കും.........
കൂട്ടുകാരോടൊത്ത് പുഴയിൽ ഗുസ്തി പിടിച്ചതും അമ്പലപ്പറമ്പിൽ പന്ത് കളിച്ച് ഓടി തിമർത്തിരുന്നതും ഓർത്ത് അവൻ കിതക്കും...........
പിന്നെ നനഞ്ഞ പഴന്തുണി പോലെ നിലത്തിഴയുന്ന കാലുകളെ ചുരുട്ടിപ്പിടിച്ച് ജനനിൽ കൂടി പുറത്തേക്ക് നോക്കി മരങ്ങൾക്കിടയിലൂടെ കാണുന്ന ഇത്തിരി ആകാശം നോക്കിയിരിക്കും..........
ഒരു വൈകുന്നേരം സൈനുവിന്റെ ഉപ്പ വന്നു....... കൂടെ സൈനു ഉണ്ടായിരുന്നില്ല......... അദ്ധേഹത്തിന്റെ മുഖത്തെ ഗൗരവം മജീദിനെ എന്തൊക്കെയോ അശുഭ ചിന്തകൾ വേട്ടയാടി...............
"മജീദേ...... ഞാൻ പറയുന്ന കാര്യം നീ ക്ഷമയോടെ കേൾക്കണം........
സൈനു...... ഇന്റെ കുട്ടി ചെറുപ്പാണ്..... ഓള് ഒട്ടും ജീവിച്ചിട്ടില്ല......... എന്നും കണ്ണീരും ആവലാതികളുമായി അവളെങ്ങിനേ മുന്നോട്ട് പോക്വാ.......?
ഓള്ക്ക് ഒരു ജീവിതം വേണം......
അതിന് ഇയ്യ് സഹായിക്കണം..........
ഞാൻ പറഞ്ഞത് അനക്ക് മനസ്സിലാവും.......
ഇയ്യ് ബുദ്ധിള്ളോനാ.............
ഓള് ചെറിയ കുട്ട്യല്ലേ .......... നിന്നെ പിരിയാൻ ഓള്ക്ക് സമ്മതണ്ടാവൂല........
സാരല്ല........... ഓളെഞാൻ പറഞ്ഞ് മനസ്സിലാക്കാ........
മജീദ് ഒന്നും മിണ്ടാതെ എല്ലാം കേട്ട് തല കുനിച്ച് ഇരുന്നു........... ഒന്നും മിണ്ടാൻ അവന് കഴിയുമായിരുന്നില്ല...... തൊണ്ടയിൽ സങ്കടത്തിന്റെ ഒരു വലിയ മുള്ളുണ്ട കനത്ത വിങ്ങലുണ്ടാക്കി കൊണ്ടിരുന്നു.........
"സൈനു........ അവൾ സുഖായിട്ട് ഇരിക്കണം...... അതിന് വേണ്ടി ഞാനെന്തിനും തയ്യാറാണുപ്പാ..........
എപ്പഴാ......... ആരുടേക്കെ മുന്നിലാ ഞാൻ പറയണ്ടത് എന്ന് വെച്ച ഉപ്പതന്നെ തീരുമാനിച്ചോളിൻ.............."
സ്വന്തം വിധിയോടുള്ള അടങ്ങാത്ത അമർഷം വാക്കുകളിൽ ചാലിച്ച് കരള് പിളർക്കുന്ന സങ്കടം കടിച്ച്പിടിച്ച് അവനത്രയും പറഞ്ഞപ്പോൾ....... ഉപ്പ അവന്റ തോളിൽ ആശ്വാസത്തോടെ പിടിച്ചു.
മോനേ..... അനക്ക് ഇന്നോട് ദേഷ്യം തോന്ന്ണ് ണ്ടാവും............ എന്നോട് പൊറുക്കണം മോനേ.......... ഞാൻ ഓളെ ഉപ്പയല്ലേടാ.......
ഓളെ ചൊല്ലി എന്തൊക്കെ കിനാവ് കണ്ടതാ ഞങ്ങള്..........? കണ്ണു കൾ തുടച്ച് കൊണ്ട് അയാൾ പടിയിറങ്ങിപ്പോയി..........
പിറ്റേന്ന് തന്നെ മൂന്നാല് ആളുകളേയും കൂട്ടി അദ്ധേഹം വന്നു.......
അവർക്ക് മുന്നിൽ മിടിക്കുന്ന കരൾ അറുത്തിട്ട് മജീദ് ചുരുണ്ട് കിടന്നു.............
"പടച്ചോനേ..!!! ആരാണീ വന്നിരിക്ക്ണ് !!!
മോനേ..... മജീദേ..... നോക്ക്..... "
ഉമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് മജീദ് ചിന്തയിൽ നിന്നുണർന്നത്........
എന്താണ് സംഭവിക്കുന്നതെന്നറിയാതെ മജീദ് പുറത്തേക്ക് എത്തിനോക്കെ സൈനു ഓടി വന്ന് അവന്റെ മാറിലേക്ക്.........
അവളെന്തൊക്കെയോ പറയുന്നുണ്ട് തേങ്ങലുകളിൽ നിന്ന് വാക്കുകൾ വ്യക്തമാവുന്നില്ല....... മജീദ് ഒരു പ്രതിമകണക്കെ ഇരുന്നു.......
"മോളേ..... ഓൻ മൊഴിചൊല്ലിയ പെണ്ണാ ഇയ്യ്........ ഇങ്ങള് അന്യരാ...... "
ഉമ്മ സൈനൂനെ പിടിച്ച് മാറ്റാൻ ശ്രമിച്ചു....
ഏറെ നേരത്തെ മൗനത്തിന് ശേഷം അവൾ ഉമ്മയുടെ ചുമലിലേക്ക് തലവെച്ച് കൊച്ച് കുഞ്ഞിനെപ്പോലെ വിതുമ്പി..........
" നിക്കാഹും. ത്വലാഖും ഒന്നും ഇക്കറിയൂലമ്മാ......... അരയ്ക്ക് താഴെ മാത്രേ ഇക്കാക്ക് കൊഴഞ്ഞിട്ടുള്ളൂ......
ആ നെഞ്ചിൻ കൂടി നകത്ത് മിടിക്ക്ണ ഖൽബില് നെറച്ചുംഞാനാ.............
ഇന്റെ സ്വർഗ്ഗാ.... അത്........ അത് വിട്ട് വേറൊരു സ്വർഗ്ഗം തേടിപ്പോകാൻ ഈ സൈനൂനാവൂല ഉമ്മാ.........."
പുറത്ത് വെയില് മാഞ്ഞതും ഇരുൾ പരക്കുന്നതും ഒന്നും അവർ മൂന്ന് പേരും അറിഞ്ഞില്ല........
കനത്ത മൗനം തളം കെട്ടിയ ആ വീട്ടിനുളളിൽ നിന്ന് ഇടയക്കിടെ ഓരോ ദീർഘനിശ്വാസങ്ങളുയർന്നു

യൂസഫ് വളയത്ത്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo