Slider

അനുഭവം

0
Image may contain: 1 person, eyeglasses and outdoor

മരണക്കിണറിന് മുകളിലേക്ക് കയറി വരുന്ന ആ ഉമ്മയേയും മകനേയും കണ്ടപ്പോൾ ഞാൻ അത്ഭുതത്താൽ മിഴിച്ച് നിന്നു.......
75 വയസ്സുള്ള എന്റെ ഉമ്മയേക്കാൾ പ്രായക്കൂടുതലുണ്ട് ആ ഉമ്മക്ക്
ഏകദേശം ഇരുപതിൽ കൂടുതൽ പടികളുള്ള ആ കോണി കയറാൻ അവർ നന്നേ വിഷമിക്കുന്നുണ്ടങ്കിലും യുവാവായ മകൻ അവരെ കഴിയുംവിധം സഹായിക്കുന്നുണ്ട്
ഷൊർണൂരിൽ നടക്കുന്ന ജ്വാല ഫെസ്റ്റിൽ ഇന്നലെ കുടുംബത്തോടൊപ്പം പങ്കെടുക്കേ മകൻ മരണക്കിണറിലെ അഭ്യാസം കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഞാനും അവനോടൊപ്പം കൂടി
ഉമ്മയും മകനും എന്റെ അടുത്താണ് നിന്നത് വാർദ്ധക്യം ചുളിവീഴ്ത്തിയ കണ്ണുകൾ വിടർത്തി അവർ കിണറ്റിലേക്ക് നോക്കി
" ഉമ്മാ നോക്ക് ആ മൂന്ന് മോട്ടോർ സൈക്കിളും രണ്ട് കാറും ഒന്നിച്ച് ഇതിക്കൂടെ ചെരിഞ്ഞ് ഒന്നിച്ച്ഓടും......"
മകന്റെ വാക്കുകൾ കേട്ട് ഉമ്മ പേടിയോടെ.... അതിശയത്തോടെ മകനെ നോക്കി.......
"അപ്പൊ ഒറ്റീങ്ങള് വീഴൂലേ മോനേ......"
"ഇല്ലമ്മാ അവര് അഭ്യാസം പഠിച്ചോരല്ലേ..?"
മകന്റെ മറുപടിയിൽ ഉമ്മ മൗനിയായി
ബൈക്കുകളും കാറുകളും മരണം കൊണ്ട് അമ്മാനമാടാൻ തുടങ്ങിയപ്പോൾ ഞാൻ ഉമ്മയെ തന്നെ നോക്കി നിന്നു......
അവർ പേടിയോടെ മകനെ ഇറുകെ പുണർന്ന് ചേർന്ന് നിന്നു.....
മകൻ കൊച്ച് കുഞ്ഞിനെയെന്ന പോലെ ഉമ്മയെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു
മരപ്പലകയിലൂടെ അഭ്യാസം ചീറിക്കറങ്ങുമ്പോൾ ഞങ്ങൾ നിൽക്കുന്ന ഫ്ലാറ്റ്ഫോം കുലുങ്ങി വിറച്ചു....
ഉമ്മ കാലിടറി മകന്റെ ദേഹത്ത് തൂങ്ങിനിൽക്കേ ഒരു കൈ കൊണ്ട് ഞാനും ഉമ്മയെ താങ്ങി........
കളി കഴിഞ്ഞ് ആശ്വാസം കൊള്ളുന്ന ഉമ്മയെ നോക്കി ഞാൻ ചോദിച്ചു
"എങ്ങിനെയുണ്ടായിരുന്നുമ്മാ... നിങ്ങക്ക് ഇഷ്ടായോ..?"
മകന്റെ പിടിവിട്ട് എന്റെ കയ്യിൽ പിടിച്ച് ഇനിയും വിട്ട് മാറാത്ത ഭയം മറച്ച് ചിരിച്ച് കൊണ്ടവർ പറഞ്ഞു......
*"ഇഷ്ടായി മാനേ......... പക്ഷേങ്കില് കുഞ്ഞു മക്കൾക്ക് അരി വാങ്ങാനും വേണ്ടീട്ടല്ലേ ഈ മക്കള് ആയുസ്സ് കളഞ്ഞ് ഇമ്മാതിരി കാട്ടിക്കൂട്ടണത്......... അതോർക്കുമ്പോ.........."*
ഒന്ന് നിർത്തിയിട്ട് ആകാശത്തേക്ക് കണ്ണുയർത്തി നെഞ്ചത്ത് കൈ വെച്ച് അവർ തുടർന്നു.......
*"പടച്ചോനെ ഒറ്റീങ്ങളെ കുഞ്ഞുമക്കളെ നീയ്യ് യത്തീമീങ്ങളാക്കല്ല*
*വീട്ടില് കാത്തിരിക്കണെ കുടുംബത്തില് കണ്ണീര് ചാടിക്കല്ലെ......"*
വാദ്യമേളങ്ങളും ആർപ്പുവിളികളും കൊണ്ട് നിറഞ്ഞ ആ പറമ്പിൽ നെഞ്ച് പിടക്കുന്ന ഒരുമ്മയുടെ പ്രാർത്ഥന ആകാശത്തേക്കുയരുമ്പോൾ ഞാനോർത്തു
*ഏതോ നാട്ടിലെ ദാരിദ്ര്യത്തിന്റെ അടുക്കള പുറത്ത് മണ്ണ് വാരിക്കളിക്കുന്ന മനുഷ്യ മക്കളെ അവരുടെ ദേശവും, ഭാഷയും, വർണ്ണവും, വിശ്വാസവും നോക്കാതെ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരമ്മ മനസ്സിനേ കഴിയൂ........*
ഇത്തരം അമ്മ മനസ്സ് എല്ലാ മനുഷ്യരിലുമുണ്ടായിരുന്നെങ്കിൽ..............

By: യൂസഫ് വളയത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo