
റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ആ പുതുതായി പണി കഴിച്ച ഐ .ആർ .സി ടി. സി ഉടമസ്ഥതയിലുള്ള വലിയ ഹോട്ടലിന്റെ മുൻപിൽ എത്തിയപ്പോൾ ഡ്രൈവർ കാർ ചവിട്ടി നിർത്തി. ഹോട്ടലിന്റെ മുൻപിൽ വലിയൊരാൾക്കൂട്ടം. ഒരു പോലീസ് ജീപ്പും ചില പോലീസ് കാരും പിന്നെ ഫോട്ടോ ഗ്രാഫർമാരും. ആ സ്ഥലത്തു സ്ഥിരം ചെറുതും വലുതുമായ വാഹനാപകടങ്ങൾ നാടക്കാറുണ്ട്. ഡ്രൈവർ വെളിയിലേക്കിറങ്ങി. ഞാൻ കൈയ്യിലുരുന്ന പത്രം വായിച്ചുകൊണ്ടിരുന്ന. ഏതാനും മിനിറ്റുകൾ കഴിഞ്ഞ് ഡ്രൈവർ തിരിച്ചു വന്നു. എവിടെ ആൾ കൂടി നിന്നാലും വണ്ടി നിർത്തി പോയിനോക്കുന്നത് അവന്റെ ഒരു ശീലമാണ്. ഞാൻ പലപ്പോഴും വഴക്കുപറയുമായിരുന്നു എങ്കിലും അവനു യാതൊരു കൂസലും ഇല്ലായിരുന്നു. പിന്നീട് വഴക്കുപറച്ചിൽ ഞാനും നിർത്തി. അവൻ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ആത്മഹത്യ , തൂങ്ങി മരണം എന്ന് പറയുന്നുണ്ടായിരുന്നു. അതുകേട്ട ഞാൻ എന്താണെന്ന് ചോദിച്ചു. ആ ഹോട്ടലിലെ ഏതോ ഒരു മുറിയിൽ ഒരു സ്ത്രീ തൂങ്ങി മരിച്ചെന്നും ഇപ്പോഴും ശവം ഇറക്കിയിട്ടില്ലെന്നും അവൻ പറഞ്ഞു.
എന്നെ സ്റ്റേഷനിൽ ഇറക്കി ഡ്രൈവർ പോയി. ഞാൻ ടിക്കറ്റ് കൗണ്ടറിന്റെ അടുത്തുള്ള വിവരങ്ങൾ അറിയാനുള്ള മുറിയിൽ വച്ചിരുന്ന ഡിജിറ്റൽ ഡിസ്പ്ലേ നോക്കി. എനിക്കു പോകാനുള്ള ട്രെയിൻ രണ്ടര മണിക്കൂർ വൈകിയേ വരികയുള്ളൂ. ട്രെയിനിന്റെ സ്ഥിതി ഇന്റർനെറ്റിൽ നോക്കിയിട്ടിറങ്ങാൻ ഭാര്യ പറയുമെങ്കിലും ഞാനതു ചെയ്യുന്ന ശീലമില്ല. അടുത്തുതന്നെയുള്ള കോഫി ഹൗസിൽ പോയി ഒരു കാപ്പി കുടിച്ച് കുറെ സമയം കളയാം എന്ന് വിചാരിച്ചു. അതിനായി വെളിയിലേക്കു നടന്ന ഞാൻ ആ ഹോട്ടലിനു മുൻപിൽ എത്തിയപ്പോൾ ഭാര്യ മുൻപ് പഠിപ്പിച്ചുകൊണ്ടിരുന്ന സ്കൂളിലെ ഒരു അദ്ധ്യാപകൻ എന്നെ കണ്ട് അടുത്തേക്ക് വന്ന് നമസ്കാരം പറഞ്ഞു. തിരിച്ച് നമസ്കാരം പറഞ്ഞ എന്നോട് ഞാൻ ചോദിക്കാതെ തന്നെ ആ മരണത്തെകുറിച്ചു പറയാൻ തുടങ്ങി. ആ മരിച്ച സ്ത്രി ആ സ്കൂളിലെ അക്കൗണ്ടന്റ് ആയിരുന്നു വെന്നും തലേ ദിവസം അതായതു ശനിയാഴ്ച ബോംബെയിൽ പോകാനായി ഒരാഴ്ചത്തെ അവധി അപേക്ഷ കൊടുത്തു പോയതാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ പഴയ സഹപ്രവർത്തകൻ എന്നതിലുപരി അദ്ദേഹം എന്റെ പഴയ ഒരു സുഹൃത്തുകൂടിയായതിനാൽ ഞാൻ അദ്ദേഹത്തെയും കാപ്പികുടിക്കാൻ വിളിച്ചു. ഞങ്ങൾ ഒരുമിച്ചു കാപ്പികുടിച്ചുകൊണ്ടിരിക്കെ ഒരു ഫോൺ വരികയും ആംബുലൻസ് വന്നതായി അദ്ദേഹം എന്നോട് പറയുകയും ചെയ്തു. ട്രെയിൻ വരാൻ സമയമുള്ളതുകൊണ്ടു ഞാനും അദ്ദേഹത്തോടൊപ്പം കൂടി. അപ്പോൾ കൂടുതൽ പോലീസ് വണ്ടികൾ എത്തിയിരുന്നു. ചില ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥൻ മാരും. ജനങ്ങളെ അകത്തേക്ക് കയറ്റി വിടുന്നില്ല. അവിടത്തെ ഒരു ചെറിയ രാഷ്ട്രീയ നേതാവിനെപോലെ തോന്നുന്ന ജൂബയും പൈജാമയും ഇട്ട ഒരു പ്രമാണി പോലീസ് വലയം ഭേദിച്ച് അകത്തേക്കും പുറത്തേക്കും പോയിയും വന്നും നിൽക്കുന്നു. തന്റെ മേൽക്കോയ്മ കാട്ടാൻ അദ്ദേഹം ഇടക്കിടക്കു പോലീസ് ഉദ്യോഗസ്ഥന്മാരോട് എന്തോ സംസാരിക്കുന്നുണ്ട്. അങ്ങനെ പുറത്തുവരുന്ന അദ്ദേഹം ചില വിവരങ്ങൾ കൂടിനിൽക്കുന്ന ജനങ്ങൾക്ക് കൊടുക്കുന്നുമുണ്ട്. ശവ ശരീരം അഴിച്ചിറക്കി കൊണ്ടിരിക്കുകയാണെന്നും ഒരു ആത്മഹത്യാക്കുറിപ്പ് കിട്ടിയതായും അദ്ദേഹം അറിയിച്ചു. കൂടെ ആ സ്ത്രീ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആണെന്നും ഇപ്പോൾ മഹാരാഷ്ട്രയിലുള്ള ഭർത്താവിനോടും കുട്ടിയോടും അകന്നു ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്നും. ഇതിനിടയിൽ ജനക്കുട്ടത്തിനിടയിൽ ഒരനക്കം. എല്ലാവരും പുറത്തു നിന്ന് കാണാവുന്ന ലിഫ്ടിന്റെ വാതിലിലേക്കു തുറിച്ചു നോക്കുന്നു. വാതിൽ തുറന്നു. ഒരു ബെഡ് ഷീറ്റിൽ തൂക്കി കൊണ്ടുവന്ന മൃതദേഹം ഒരു സ്ട്രറ്റ്ച്ചറിലേക്കു മാറ്റി. പുറത്തേക്കു കൊണ്ടുവന്ന മൃതദേഹത്തിന്റെ മുട്ടിനു താഴെവരെ ഒരു വെളുത്ത ബെഡ് ഷീറ്റുകൊണ്ട് പൊതിഞ്ഞിരുന്നെങ്കിലും വെളുത്തു വിറങ്ങിലിച്ച കാൽപാദങ്ങൾ ആരോ നീട്ടി വലിച്ചതുമാതിരി. ശ്വാസം കിട്ടാതെ വന്ന വെപ്രാളത്തിൽ നീണ്ടുവലിഞ്ഞ പാദങ്ങൾ. ആ മൃതദേഹം കയറ്റിയ ആംബുലൻസ് പ്രതേകിച്ചൊന്നും സംഭവിച്ചില്ല , എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തോടെ ഇരമ്പലോടെ പാഞ്ഞു പോയി.
അടുത്ത ദിവസം വൈകിട്ട് ഞാൻ വീട്ടിൽ തിരികെ എത്തി. ആ മൃതദേഹത്തിന്റെ വലിഞ്ഞു നിന്ന കാല്പാദങ്ങൾ എന്റെ മനസ്സിൽ മായാതെ നിന്നു. വീട്ടിൽ വന്ന ഭാര്യയോട് ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞു. പത്രത്തിൽ വന്ന കൂടുതൽ വിവരങ്ങൾ അവൾ പറഞ്ഞു. ആ സ്ത്രീ വിവാഹ മോചനത്തിന് ശേഷം രണ്ടു വർഷമായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. അവരുടെ ആത്‍മഹത്യാ കുറിപ്പിൽ താമസിച്ച വീട്ടിലെ ഉടമയുടെ ഭാര്യയും, അയാളുടെ സഹോദരിയും തന്നെ സ്വവർഗരതിക്കു പ്രേരിപ്പിച്ചുവെന്നും അതുകാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും എഴുതിയിരുന്നു. അതിനു പുറമെ ആ സ്ത്രീ മൂന്നുമാസം ഗർഭിണിയായിരുന്നുവെന്നുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ടും. സ്വവർഗ്ഗരതിയിലൂടെ എങ്ങനെ ഗർഭം ധരിച്ചു എന്ന് എനിക്ക് മനസ്സിലായില്ല.
ആ സംഭവം ഞാൻ മറന്നു. ഒരുദിവസം ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ രണ്ടാമത്തെ നിലയുടെ ബാൽക്കണിയിൽ അവനോട് സംസാരിച്ചിരിക്കുകയായിരുന്നു. ശൈത്യകാലമായതിനാൽ രാവിലത്തെ സൂര്യന്റെ കിരണങ്ങൾ എറ്റിരിക്കാൻ നല്ല സുഖം തോന്നി. ഇടക്ക് അകത്തു ഫോൺ ബെൽ അടിച്ചു. സുഹൃത്ത് ഫോൺ എടുക്കാൻ അകത്തെക്കുപോയി. അടുത്ത വീടിന്റെ ബാൽക്കണിയിൽ ഒരു സ്ത്രീ കൈയിൽ തൂക്കിയ പ്ലാസ്റ്റിക് തൊടിയിൽ ചില വസ്ത്രങ്ങളുമായി വന്ന് ബാൽകണിയിലുള്ള അയക്കയറിൽ വിരിക്കാൻ തുടങ്ങി. കാണാൻ നല്ല ഒരു സ്ത്രീ. അവരുടെ വടിവൊത്ത മേനിയുടെ നിമ്നോന്നതങ്ങൾ സുതാര്യമായ സാരിയിലൂടെ ആരെയോ ഒളിഞ്ഞു നോക്കുന്നു. ചിലപ്പോൾ ഒളിഞ്ഞു നോക്കുന്നവരെ ആക്കാം. അപ്പോൾ എന്റെ സുഹൃത്ത് പുറത്തേക്കു വന്നു. അങ്ങോട്ട് അധികം നോക്കണ്ട എന്ന് അവൻ എന്നോട് പറഞ്ഞു. കൂടെ നാലുമാസം മുൻപ് ഇവിടെ താമസിച്ചിരുന്ന ഒരു സ്‌ത്രീ റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഹോട്ടലിൽ തൂങ്ങി മരിച്ചെന്നും. എന്റെ ആകാംഷ കൂടി. അവൻ തുടർന്നു. അവരൊക്കെ ഒരു സെക്സ് റാക്കറ്റ് ആണെന്നും , സ്വവർഗ രതിയിലൂടെ വശത്താക്കിയ ആ സ്ത്രീയെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പലരുമായും ലൈംഗിയ വേഴ്ചക്ക് പ്രലോഭനപ്പെടുത്തിയെന്നും. എന്നിട്ടു അവരെ പിടിച്ചില്ലേ എന്ന എന്റെ ചോദ്യത്തിന് ആ പോലീസ് കാരൊക്കെ ഇവിടുത്തെ പതിവുകാരാണെന്നായിരുന്നു അവന്റെ മറുപടി. അവളിലെ മാംസ പുഷ്പങ്ങളിൽ നിന്ന് തേൻകുടിച്ച ഏതോ വണ്ടിന്റെയോ , അല്ലങ്കിൽ അവളെ മാംസ പിണ്ഡമായി കണ്ട് കൊത്തിപ്പറിച്ച ഏതോ കഴുകന്റെയോ ബീജത്താൽ രൂപമെടുത്ത ഒരു കുഞ്ഞാണല്ലോ അവളോടൊപ്പം ഈ കഴുകന്മാരുടെ ലോകം കാണാതെ പോയത് എന്നോർത്തിരുന്ന എന്റെ കണ്ണുകൾ ആ വീടിന്റെ മുന്നിൽ വന്നുനിന്ന ഒരു വിലകൂടിയ വാഹനത്തിൽ പതിഞ്ഞു. അതിൽ നിന്ന് ജൂബയും പൈജാമായും ധരിച്ച ആ രാഷ്ട്രീയക്കാരൻ ഇറങ്ങി. ബാൽക്കണിയിൽ കണ്ട ആ സ്ത്രീ ഗേറ്റ് തുറന്നിറങ്ങി അയാളെ അകത്തേക്ക് സ്വീകരിച്ചാനയിക്കുന്നു.
...................................ഷാജു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക