നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്ര

Image may contain: 1 person, tree, sky, outdoor and nature

"മോളേ മാളവികേ.... എത്ര കാലാന്ന് വച്ചാ കുട്ടി കാത്തിരിക്ക്യാ.... നിന്റെ കാര്യോർക്കുമ്പം ഉറക്കില്യാ ഈ മുത്തശ്ശിക്ക്...".
"ഹും മൂത്ത് നരച്ച് ആരും വേണ്ടാണ്ടാകുമ്പം പഠിച്ചോളും...". കലി തുള്ളിക്കൊണ്ട് കൃഷ്ണമ്മാവൻ.
"നല്ല ആലോചനയാവന്നത്... പ്ളസ് ടു അദ്ധ്യാപകൻ, നല്ല തറവാടിത്തമുള്ള കുടുംബം.
നീ ഈ ആലോചന വേണ്ടാന്ന് വെച്ചാ... ഞങ്ങളെ മൂന്നിനെയും കൂടി കൊന്നു തരുവോ... നീ",
"ഇങ്ങനെ മൂത്തു നരച്ചു നിന്നാ ഇളയതുങ്ങളുടെ കാര്യോർക്കുമ്പം... ഈ അച്ഛന് ഒരു തിരുപാടും കിട്ടുന്നില്ല മോളേ... രാമകൃഷ്ണകൈമൾ.
**********************
മാളവികയും ശ്രീനിവാസനും കുട്ടേട്ടനും പാണപ്പുഴഗ്രാമത്തിലെ പാടവരമ്പത്തുകൂടി ഓടികളിച്ചു വളർന്നവർ... പച്ചപാടത്തുകൂടി ഓണത്തിന് കാക്കപ്പൂവും അരിപ്പൂവും തേടി പൂക്കുട്ടയുമായി നടന്ന കാലം...
മാളവികയുടെ അച്ഛൻ രാമകൃഷ്ണകൈമൾക്ക് സ്വന്തമായി റൈസ് മില്ലുണ്ട്.
കുഞ്ഞിരാമേട്ടൻആ പ്രദേശത്തെ അറിയപ്പെടുന്ന കർഷകനാണ്. പത്തേക്കറോളം നെൽക്കൃഷിയും കൂടാതെ നാളികേര കൃഷിയും ഉണ്ട്.
അദ്ദേഹത്തിന്റെ ഭാര്യ ലീലാമണി നല്ല ക്ഷീരകർഷകയാണ്. എട്ട് കറവപശുക്കളുണ്ട്.
അവർക്ക് രണ്ടാൺ മക്കളാണ് ഇരട്ടക്കുട്ടികളായ ശ്രീനിവാസനും കുട്ടനും.
രാമകൃഷ്ണ കൈമളിന്റെ വീടിന്റെ കിഴക്കുഭാഗത്തു തന്നെയാണ് കുഞ്ഞിരാമേട്ടന്റെ വീട്.
പാടത്തിലെ ചേറിൽ വീണ മാളവികയെ നോക്കി കളിയാക്കിയ ശ്രീനിയോടും കുട്ടേട്ടനോടും കുറുമ്പുകാട്ടിയ പെണ്ണ്...
ചുവന്ന ചേലയുംചുറ്റി വാളുമുയർത്തി പാടവരമ്പ ത്തു കൂടി ഉറഞ്ഞുതുള്ളി വരുന്ന കോമരത്തെ കാണുമ്പോൾ മാളവിക പേടിച്ചരണ്ട മാൻപേടയെപ്പോലെ വയൽ വരമ്പത്തുകൂടി ഓടി വീട്ടിലെ തെക്കേഭാഗത്തെ ഇരുട്ടുമുറിയിൽക്കയറി ഒളിച്ചിരിക്കും.
"അയ്യേ... മാളു പേടിച്ചേ.... " ,ശ്രീനിയും കുട്ടേട്ടനും അവളെ കളിയാക്കി ചിരിക്കും.
മുറത്തിൽനിന്നും കോമരത്തിന് നെല്ല് പാത്രത്തിലേക്കിട്ടു കൊടുക്കുമ്പോൾ മാളവികയുടെ കൈകൾ വിറയ്ക്കും.
പ്ളസ് ടുപഠനത്തിനു ശേഷം ശ്രീനിവാസന്റെ അഭിപ്രായപ്രകാരമാണ് മാളവികയും ശ്രീനിവാസനും ബി.എസ്.സി.അഗ്രികൾച്ചർ കോഴ്സിനു ചേർന്നത്.
കുട്ടേട്ടൻ പ്രൈവറ്റ് ഐടിസിയിൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിനുമാണ് ചേർന്നത്.
പിലിക്കോട് കാർഷിക കോളേജിലേക്കുള്ള ഒരുമിച്ചുള്ള യാത്രകൾ !
"മാളവിക ശ്രീനിക്കുള്ള പെണ്ണു തന്നെ". തൊണ്ണൂറു വയസ്സായ മാതുവമ്മ മുറുക്കി തുപ്പിക്കൊണ്ട് പറഞ്ഞു.
"പച്ചപനംതത്തകൾ കൊയ്തു മാറ്റിയ ഈ പാടത്ത് ഇനിയും വരണം.. ഇവിടെ നൂറു മേനി വിളയിക്കണം. നീ കൃഷി ആഫീസറായി വരട്ടെ, നമുക്ക് ഉഷാറാക്കണം".
തരിശായിക്കിടക്കുന്ന പാടവരമ്പത്തേക്ക് നോക്കി തന്റെ മടിയിൽ തല ചായ്ച്ചു കിടക്കുന്ന മാളവികയോട് ശ്രീനി പറഞ്ഞു.
"മാളവികേ,നിങ്ങടെ കറക്കം കുറച്ചു കൂടുന്നുണ്ട് കെട്ടോ, നാട്ടുകാരെക്കൊണ്ട് വെറുതെ അതുമിതും പറയിക്കണ്ട".
"കുടുംബശ്രീയിലെ മന്ദാകിനി പറഞ്ഞല്ലോടീ, നിങ്ങ രണ്ടാളേം കൂൾബാറിൽ കണ്ടിനീന്ന്".
"മന്ദാകിനിയേച്ചി വേറൊന്നും പറഞ്ഞില്ലേ...,
ങ്ങ്ഹാ... പറയില്ലല്ലോ.. കുടുംബശ്രീയിലെ ആഫീസർ ഭാർഗവേട്ടന്റെ കൂടെ ഞങ്ങളും കണ്ടല്ലോ മന്ദാകിനിയേച്ചിയെ..".
"നാട്ടാരെക്കൊണ്ട് അതും ഇതും പറയിക്കേണ്ട മോളേ..".
"ഇല്ലെന്റെ കല്യാണിയമ്മേ". മാളവിക അമ്മയെ ചേർത്തു പിടിച്ചു.
"ശ്രീനിയേട്ടനെങ്ങോട്ടാ.."
"ഞാൻ മാർക്കറ്റ് വരെയൊന്നു കറങ്ങീട്ട് വരാം,
കുട്ടന്റെയടുത്ത് റിപ്പേറിങ്ങിന് ആരോ കൊടുത്ത ബൈക്കാ..."
"ശ്രീനിയേട്ടാ.സൂക്ഷിച്ചു പോകണേ.... സമയത്ര നല്ലതല്ല". മാളവിക തന്റെ ശ്രീനിയേട്ടൻ പോകുന്നത് നോക്കി നിന്നു.
"മോളേ...മാളൂ...", അയൽപക്കത്തെ വാസൂട്ടൻ ഓടിക്കിതച്ചു വരുന്നുണ്ട്.
" നമ്മുടെ ശ്രീനി.. സർക്കാരു വണ്ടിയുമായി കൂട്ടിയിടിച്ച്.. " വാസുമുഴുമിപ്പിച്ചില്ല..മാളു ബോധരഹിതയായി.
മംഗലാപുരത്ത് ആശുപത്രിഐസിയുവിന് പുറത്ത് ശ്രീനിയേട്ടനെയും നോക്കി കൊണ്ടിരുന്ന ദിവസങ്ങൾ മാളവികയോർത്തു.
"നാലഞ്ചു കുപ്പിരക്തം വേണ്ടിവന്നു,ഒ നെഗറ്റീവ് രക്തത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു". കുട്ടേട്ടന്റെ വാക്കുകൾ.
ശ്രീനിയേട്ടൻ കണ്ണുതുറന്നപ്പോൾ സ്വർഗ്ഗം തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു മാളവികയ്ക്ക്.
അവസാന വർഷത്തെ റിസൽട്ട് വന്നപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു രാമകൃഷ്ണകൈമൾക്കും കുഞ്ഞിരാമേട്ടനും.
"മക്കളു ആഫീസർമാരായിട്ടു വേണം നമുക്കീ പാടമൊക്കെ പച്ചപുതപ്പിക്കാൻ".
കുഞ്ഞിരാമേട്ടൻ പ്രതീക്ഷയോടെ പാടവരമ്പത്തിരുന്നു കൊണ്ട് പറഞ്ഞു.
പി എസ് സി വഴി പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് ശ്രീനിക്ക് നിയമനം കിട്ടിയത്.
"പാലക്കാടൻ മണ്ണിന്റെമാറിൽ ഒരുകൊച്ചു കൂര കെട്ടി താമസിച്ചാലോ മാളൂ".
പച്ചവിരിച്ച പാടവരമ്പത്തുകൂടി ഓടിനടക്കുന്ന കുഞ്ഞുങ്ങളെ മാളവിക മനസ്സിൽ താലോലിച്ചു.ആ കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻതിളക്കം.
"അല്ല,കൈമളേ,നിന്റെ മോള് ആഫീസറായല്ലേ".
അയൽപക്കത്തെ കുഞ്ഞിക്കണ്ണൻ ചോദിച്ചപ്പോൾ രാമകൃഷ്ണകൈമൾ അഭിമാനത്തോടെ തലയുയർത്തി നിന്നു.
കാഞ്ഞങ്ങാടാണ്‌ കൃഷി ഓഫീസറായി മാളവികയ്ക്ക് ജോലികിട്ടിയത്.
കൃഷിയുടെ നവീനരീതികൾ മാളവികയും ശ്രീനിവാസനും ജന്മഗ്രാമത്തിലെ കൃഷിക്കാരെ പഠിപ്പിച്ചു.
പച്ച വിരിച്ച പട്ടുമെത്ത പോലെ വിശാലമായ നെൽപ്പാടങ്ങൾ !
കൊയ്ത്ത് കഴിഞ്ഞ പാടത്ത് പച്ചപനം തത്തകളും കൊക്കുകളും നെൽമണിക്കു വേണ്ടി മത്സരിച്ചു !
കച്ച മെതിക്കുന്നതിന്റെ താളം !വീണ്ടും മുഴങ്ങിക്കേട്ടു.
ഉഴുതുമറിച്ച പാടത്തിലെ ചെളിമണ്ണിൽ കെട്ടി മറിഞ്ഞുകളിക്കുന്ന കുട്ടികൾ.
അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ ആ ഗ്രാമത്തിന്റെ വിശുദ്ധിയുടെ തിളക്കം കൂട്ടി സന്ധ്യ മയങ്ങി.
അന്തിക്കള്ളു കുടിച്ച് സന്തോഷത്തോടെ നാടൻ പാട്ടുംപാടി രാമകൃഷ്ണകൈമളും കുഞ്ഞിരാമേട്ടനും.
"നിങ്ങ ,രണ്ടാളുടേം വക ഒരിലച്ചോറെപ്പാ കിട്ടുവാ".
വടക്കേവീട്ടിലെ നളിനിയേച്ചിയുടെ ചോദ്യത്തിനു മുന്നിൽ കാലിലെ പെരുവിരലുകൊണ്ട് മണ്ണിൽ മാളവിക വൃത്തംവരച്ചു. ആ നുണക്കുഴി കവിളുകൾ വിടർന്നു.
"എന്താ ,ശ്രീനിയേട്ടാ പനിക്കുന്നുണ്ടോ".
"മേലാകെ വേദന മാളു, എന്താണെന്നറിയില്ല വല്ലാത്ത ക്ഷീണം".
"ഡോക്ടറെയൊന്നു കാണിച്ചിട്ടു വരാം".
********************
"ഇതെന്താ, ശ്രീനിയേട്ടാ.... പതിവില്ലാതെയൊരു കത്ത്, ഇപ്പോഴാണോ ലൗ ലെറ്റർ തരാൻ തോന്നണെ".
മാളവിക കുലുങ്ങിച്ചിരിച്ചു കൊണ്ടു ചോദിച്ചു.
നടന്നുനീങ്ങുന്ന ശ്രീനിയേട്ടനെ മാളവിക നോക്കി നിന്നു.
ഇടയ്ക്കൊന്നു തിരിഞ്ഞു മാളവികയെ ശ്രീനിവാസൻ നോക്കി.
ഒരായുസു മുഴുവനുമുള്ള നോട്ടം പോലെ തോന്നിച്ചു മാളവികയ്ക്ക്.
പ്രതീക്ഷയോടെ മടക്കി വെച്ച വെള്ള പേപ്പർ മാളവിക നിവർത്തിവായിച്ചു.
'സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കി വച്ച് ഞാനൊരു യാത്ര പോകുന്നു. എന്നെ നീ കാത്തിരിക്കരുത്. നമ്മുടെ ഹരിതസ്വപ്നങ്ങൾ നീ സാക്ഷാൽക്കരിക്കണം'.
നിന്റെ സ്വന്തം ശ്രീനിയേട്ടൻ....
ശരീരംമരവിച്ച് ശിലാവിഗ്രഹം പോലെ മാളവിക ഭിത്തിയിൽ ചാരി നിന്നു.
**************************
ശ്രീനിയേട്ടൻ വരും വരാതിരിക്കില്ല. എട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
കരിഞ്ഞുണങ്ങിയ പാടത്തെ നോക്കി മാളവിക തേങ്ങിക്കരഞ്ഞു.
ഉണങ്ങി വറ്റിയ നീരുറവകൾ! മാളവികയുടെ കണ്ണുനീരുറവ വറ്റിയിരുന്നില്ല. ഒഴുകിക്കൊണ്ടേ യിരുന്നു.
തന്റെയും ശ്രീനിയേട്ടന്റെയും സ്വപ്നങ്ങൾ ആ പാടത്തിൽഎരിഞ്ഞൊടുങ്ങുന്നതായി മാളവികയ്ക്കു തോന്നി.
അതിവേഗത്തിൽ പാടത്തോടുചേർന്ന ചെമ്മൺ റോഡിലൂടെ ബൈക്കോടിച്ചുവരുന്ന കുട്ടേട്ടൻ..
തൊട്ടുപുറകെ സൈറൺ മുഴക്കി കൊണ്ട് വരുന്ന ആംബുലൻസ്‌..ആളുകൾ തടിച്ചുകൂടി.
"ഇത് ദിവാകരൻ സാർ
ബാംഗ്ളൂർസായി സെന്ററിലെ അഡ്മിനിസ്ട്രേറ്റർ".
ആംബുലൻസിൽ നിന്നിറങ്ങിയ കാഷായ വസ്ത്രം ധരിച്ചയാളെ കുട്ടേട്ടൻ കുഞ്ഞിരാമേട്ടനെയും രാമകൃഷ്ണകൈമളെയും പരിചയപ്പെടുത്തി.
"എട്ടുവർഷത്തോളമായി ബാംഗ്ളൂർസായി സെന്ററിലെ അന്തേവാസിയായിരുന്നു ശ്രീനിവാസൻ, കുട്ടനോട് കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട്".
"എന്റെ മോനെന്താ, പറ്റിയേ ".
കുഞ്ഞിരാമേട്ടൻ കാഷായ വസ്ത്രത്തിൽ പിടിച്ചു വലിച്ചു ഹൃദയം പൊട്ടുമാറുച്ചത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു.
ചേതനയറ്റ ശ്രീനിവാസന്റെ ശരീരം ആംബുലൻസിൽ നിന്നും പുറത്തേക്കെടുത്തു.
"അവിടെ നിൽക്ക,് എന്റെ മോനെന്താണ് പറ്റിയത്? നിങ്ങൾ കൊന്നോ ? ".
"ശ്രീനിവാസന്എയ്ഡ്സായിരുന്നു പോലും".
ആൾക്കൂട്ടത്തിൽ നിന്നാരോപിറുപിറുത്തു.
പൊട്ടിക്കരഞ്ഞുകൊണ്ട് മാളവിക ആ നിശ്ചല ശരീരത്തിൽ തലയമർത്തിക്കിടന്നു.
"ഈ പറമ്പിലടക്കേണ്ട...". കുഞ്ഞിരാമേട്ടന്റെ വാക്കുകൾ. "നാടുവിട്ട് പോയത് ഇതിനാണോ? ഇതെന്റെ മോനല്ല".
"ഈ മണ്ണിലുവേണമെന്റെ ശ്രീനിയേട്ടൻ ഉറങ്ങാൻ".മാളവിക കുഞ്ഞിരാമേട്ടന്റെ കാലു പിടിച്ചു കരഞ്ഞുകൊണ്ട്പറഞ്ഞു.
രാമകൃഷ്ണകൈമൾ പോയ്ക്കോണമെന്നു പറഞ്ഞ് മാളവികയെ ചവിട്ടി വീഴ്ത്തി.ഹരിത സ്വപ്നഭൂമിയിൽ അവൾ മുഖമടിച്ചുവീണു കിടന്നു.
അനാഥശവങ്ങളെ സംസ്ക്കരിക്കുന്ന ശ്മശാനത്തിൽ ശ്രീനിവാസന്റെശരീരം കത്തിയമർന്നു.
കരിഞ്ഞുണങ്ങിയ പാടവരമ്പത്ത് ഭ്രാന്തിയെപ്പോലെ ഇരുന്നു കരയുന്ന മാളവികയെ കുട്ടേട്ടൻ പിടിച്ചുയർത്തി.
പ്രതീക്ഷയോടെ പച്ചപനംതത്തകൾ കവുങ്ങുമരത്തിലെ പൊത്തിൽ നിന്നും തല പുറത്തേക്കിട്ടു നോക്കി.
മംഗലാപുരത്തെ ആശുപത്രിയിലെഒനെഗറ്റീവ് രക്തംതകർത്ത ഹരിതസ്വപ്നങ്ങൾ വീണ്ടും തളിരിടട്ടെ.
Written bySaji Saji Varghese
This script is secured with international copyright act.Do not copy this creation without prior permission.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot