നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആലമ്മ

Image may contain: 1 person, smiling, closeup

നേർത്ത മഴ പെയ്യുന്ന പ്രഭാതങ്ങൾ എനിക്കിഷ്ടമാണ്.. സുഖദമായ ചില ഓർമ്മകൾ അതു സമ്മാനിക്കും.. ചെറിയ തുള്ളികൾ ചെയ്ത് ഇലയനങ്ങുന്നതും മണ്ണ് നനയുന്നതും നോക്കി വെറുതേയങ്ങനെയിരിക്കാൻ ഞാൻ കൊതിക്കും... പക്ഷേ വൈകുന്നേരങ്ങളിൽ മഴ ആർത്തലച്ചു പെയ്യണം. മനസ്സിന്റെ കാണാക്കോണുകൾ കുളിരും വരെ നനയാൻ..
അതുപോലെ മഴയുടെ കുഞ്ഞിക്കിളികൾ കുളിരിന്റെ കൂട് തുറന്നെത്തിയ ഒരു പ്രഭാതത്തിലാണ് മഞ്ചാടിയും വാകപ്പൂക്കളും ഇടകലർന്നു കിടക്കുന്ന എന്റെ പഴയ പള്ളിക്കൂടമുറ്റം കടന്ന് പ്രസരിപ്പോടെ അവളെന്റെ മനസിലേക്ക് ഓടിക്കയറി വന്നത്. കാലമൊരുപാട് കടന്നു പോയെങ്കിലും അവളുടെ നെറ്റിയിലെ വക്കടർന്ന ചന്ദനക്കുറി പോലും ഓർമ്മ വന്നപ്പോൾ ആകെയൊന്നുലഞ്ഞു പോയി ഞാൻ..
രാവിലെ ഒരു കപ്പ് ചായയുമായി പൂമുഖത്തേയ്ക്ക് വന്നതാ.ണ് .. റോഡിനപ്പുറം ഇലകൾ കൂമ്പി കുളിർന്നു വിറച്ചു നിൽക്കുന്ന മരങ്ങൾ കാണാൻ നല്ല ചേലായിരുന്നു.. രാത്രി മുഴുവൻ മഴ പെയ്തിട്ടുണ്ടാവണം! പോർച്ചിലെ തൂണിൽ ചാരി പരിക്ഷീണയായ ഒരു സ്ത്രീ നിൽക്കുന്നത് പിന്നീടേ ഞാൻ കണ്ടുള്ളൂ.. അപ്പോഴേക്കും പിച്ചിപ്പടർപ്പിനപ്പുറത്തു നിന്ന് ഒരാൾ മുന്നോട്ട് നീങ്ങി നിന്നു.." വക്കീലദ്ദേഹത്തെ ഒന്നു കാണണമായിരുന്നു.. "_ വളരെമെല്ലിച്ച അയാളുടെ കൈകാലുകൾക്ക് സാമാന്യത്തിലധികം നീളം തോന്നിച്ചു.. അവരുടെയടുത്തേക്ക് നടന്നപ്പോൾ കഴുത്തറ്റം നീണ്ട, മുക്കാലും നരച്ച നീണ്ട മുടിച്ചുരുളുകൾ താളത്തിലിളകുന്നത് കൗതുകമുണർത്തി.. അമ്മയെ കാണാനാണ്.. സൗജന്യ നിയമോപദേശങ്ങളും സഹായങ്ങളും ആവശ്യക്കാർക്ക് ഇഷ്ടം പോലെയാണ് .. ഹ്രസ്വമായ ചില അന്വേഷണങ്ങൾക്കൊടുവിൽ അമ്മയെ വിളിക്കാൻ ഞാൻ പിന്തിരിഞ്ഞു .. പക്ഷേ... തേടിയെത്തുന്ന പലരേയും പോലെ ആ മനുഷ്യൻ എന്തുകൊണ്ടോ ഒറ്റക്കാഴ്ചയിൽ മായുന്നില്ല. എവിടെയോ കണ്ട് മറന്ന പോലെ.
അടുക്കളത്തിരക്കുകളിൽ ഒന്നൊന്നായി മുഴുകുമ്പോഴും മനസ് അന്വേഷിച്ചു കൊണ്ടേയിരുന്നു.. തിരിച്ചറിയാനാവാത്ത ഏതൊക്കെയോ ചിന്താക്കുഴപ്പങ്ങൾക്കൊടുവിൽ മനസ്സിന്റെ ആഴങ്ങളിലെവിടെയോ നിന്ന് അഴുക്കും പൊടിയും പിടിച്ച്, അവിടവിടെ വെളുത്ത പാടുകൾ പടർന്ന് നിറം മങ്ങിയ ഒരു ചിത്രം ഓർമകളുടെ മുകൾപ്പരപ്പിലേയ്ക്ക് പതിയെ പൊന്തി വന്നു..! ആലമ്മ..
അതെ. അവളുടെ അച്ഛനാണത്.നിർവ്വചിക്കാനാവാത്ത ഒരാനന്ദം മനസിലങ്ങനെ പതഞ്ഞൊഴുകി. അവളിപ്പോ എവിടായി രി ക്കും..? എത്ര കുട്ടികളുണ്ടാവും..? വിക്യതികളുടെ ആഴമോർത്താൽ കാക്കത്തൊള്ളായിരം..! ഞാൻ ചിരിച്ചു പോയി..
ആലമ്മ എന്റെ സഹപാഠിയായിരുന്നു.. അക്ഷര നക്ഷത്രങ്ങൾ കുഞ്ഞു മനസ്സിന്റെ അതിശയാകാശങ്ങളിൽ തിളങ്ങിത്തുളുമ്പി നിൽക്കുന്ന കാലം.. കുറുമ്പുംകുന്നായ്മയും നിഷ്ക്കളങ്കതയുടെ കുഞ്ഞുടുപ്പുകളിട്ട് " ഒത്തിരി--തോനെ - കളിയ്ക്കുകയും, ഇത്തിരി-- ഇമ്മിണി " പഠിയ്ക്കുകയും ചെയ്യുന്ന സുന്ദരകാലം.. മനസ്സിൽ തീ പടർത്തുന്ന ഒരു സാന്നിദ്ധ്യമായിരുന്നു എനിക്കവൾ.. ക്ലാസിന്റെ ഏറ്റവും പിറകിൽ തറയിലായി ഭിത്തിയിൽ ചാരിയാണ് അവളിരിക്കുന്നത്.. തറയടർന്ന ചെറിയ സിമന്റു കഷണങ്ങൾ, കല്ലുകൾ, മുറിഞ്ഞ സ്ലേറ്റു പെൻസിൽ, വളമുറി തുടങ്ങി കൊണ്ടാലറിയുന്ന പല വിധ സാധനങ്ങളും മുൻനിരയിൽ നിരന്നിരിക്കുന്ന ഞങ്ങളുടെ കുഞ്ഞിത്തലകളെ നോവിച്ചു.. സാറില്ലാ നേരത്തെ ഇത്തിരിയിടവേളകളിൽ കുട്ടികളുടെയിടയിലൂടെ വലിഞ്ഞിഴത്തെത്തി കയ്യെത്തുന്നിടത്ത് ആവുന്നത്ര അമർത്തിനുള്ളി വന്നതിലും വേഗത്തിൽ തിരിച്ചിഴയും. ആരേയും അവൾ ഭയന്നില്ല .. കട്ടി മീശക്കാരൻ അറബി സാറിനെപ്പോലും... മറ്റൊരു മഹാ കുരുത്തം കെട്ട കൂട്ടുകാരനായ ലാലിന്റെ മുന്നിൽ മാത്രമേ അവൾ ചിലപ്പോഴെങ്കിലും ഒന്ന് പതറിക്കണ്ടിട്ടുള്ളൂ..
മിക്ക കുട്ടികളും ഭയന്നിട്ടെന്നവണ്ണം പാരിതോഷികങ്ങൾ നൽകി അവളുടെ ആജ്ഞാനുവർത്തികളായപ്പോൾ കുറേപ്പേർ അതേ കാരണം കൊണ്ടു തന്നെ അടുക്കാന റച്ചു നിന്നു. നിർഭാഗ്യവശാൽ ഞാൻ രണ്ടാമതു പറഞ്ഞ കൂട്ടത്തിലായിരുന്നു.. " അപ്പാ അണ്ണാച്ചിയുടെ കടയിൽ നിന്ന് ആട്ടുകല്ല് മിഠായി ,സിഗരറ്റ് മിഠായി- ( ചോക്കു കഷണത്തിന്റെ വലിപ്പമുള്ള , നിറങ്ങൾ വരയിട്ട മിഠായി-- ഞങ്ങൾ സിഗരട്ട് വലിക്കും പോലെ അഭിനയിച്ചാണ് തിന്നുതീർക്കുന്നത്..) -തുടങ്ങി ഞങ്ങൾക്കിടയിൽ അൽപം ഡിമാന്റുള്ള സാധനങ്ങളുമായി ഞാനും കുഞ്ഞുമോളും ഐഷയും കൂടി നാലഞ്ചാവർത്തി അവളെ സമീപിച്ചതാണ്. എല്ലാത്തവണയും ഏതാനും വാര ഇപ്പുറം വെച്ച് മിഠായികൾ ഞങ്ങൾ തന്നെ തിന്നു മടങ്ങി.. എന്റെ കണ്ണുകളിലെ പേടിയും, അമർഷവും തിരിച്ചറിഞ്ഞതുകൊണ്ടോ, കൊച്ചു കുട്ടിയായ് തോന്നിച്ചതുകൊണ്ടോ എന്താണെന്നറിയില്ല അവളുടെ അന്തമില്ലാത്ത കുസൃതികളുടെ ഏറ്റവും വലിയ ഇര ഞാനായിരുന്നു..
തലമുടി രണ്ടായി മെടഞ്ഞിട്ട കരിയെഴുതി വികൃതമാക്കിയ വലിയ കണ്ണും ഉരുണ്ട കവിളുമുള്ള ഒരു പ്ലാസ്റ്റിക് പാവക്കുട്ടി അവൾക്കുണ്ടായിരുന്നു.. ആരെയും തൊടാനനുവദിക്കാത്ത ലേശം ചളുങ്ങിയ ഒരു പാവ.. കുഞ്ഞു പാവാടത്തുമ്പുയർത്തി, തലയനക്കിക്കൊണ്ടേയിരിക്കുന്ന ആ പാവക്കുട്ടീടെ കണ്ണിലെ കരി അവൾ കൂടെക്കൂടെ തുടയ്ക്കും..
സ്കൂൾ വളപ്പിലെ വാകമരത്തണലിൽ, വലിയ വട്ടികൾ നിറയെ കാരയ്ക്ക, അമ്പഴങ്ങ, ചാമ്പക്ക, തുടങ്ങി "പിള്ളാരെ മയക്കിപ്പഴം " വിൽക്കാൻ ഒരമ്മൂമ്മ എന്നും വരാറുണ്ടായിരുന്നു. സീസണനുസരിച്ച് പല തരം പഴങ്ങൾ മാറി മാറി നിറയുന്ന മാന്ത്രിക വട്ടിയും, കുറ്റിച്ചൂലും, കറുത്ത് നീണ്ട ഒരു വടിയും ഞങ്ങളിൽ പേടി കലർന്ന അത്ഭുതം നിറച്ചു...! പൂമ്പാറ്റക്കഥകളിലെ മന്ത്രവാദിനിയമ്മൂമ്മയുടെ മുഖമായിരുന്നു അവർക്ക് !കാലും നീട്ടിയിരുന്ന്, മുറുക്കിത്തുപ്പി, വെറുതേ ചുറ്റും കൂടി കലമ്പുന്ന കുട്ടികളെ ചറു പിറുങ്ങനെ ശകാരിച്ചുകൊണ്ട് വടി വീശി - കാക്കയെ എന്നവണ്ണം അവർ ഓടിച്ചു കളയുമായിരുന്നു..
അഴുക്ക് പിടിച്ച വട്ടിക്കുള്ളിലെ പഴങ്ങളുടെ രുചി ഒന്നു മാത്രമാണ് പേടിച്ചിട്ടാണെങ്കിലും ഞങ്ങളെ അവരുടെ മുന്നിലെത്തിച്ചതെങ്കിൽ മാന്ത്രിക വട്ടിയിൽ നിന്നും കിട്ടാവുന്നത്ര കയ്യിട്ടുവാരി കുതിച്ചോടി ഞങ്ങളെ ഒന്നടങ്കം ഞെട്ടിക്കുന്നതിലെ ഹരമാണ് ആലമ്മയെ ദിവസവും അവരുടെ മുന്നിലെത്തിച്ചത്.. അവളോടിയ വഴിയിലേയ്ക്ക് കല്ലും മണ്ണും വാരിയെറിഞ്ഞ് വിറച്ചു തുള്ളുന്ന അമ്മൂമ്മയുടെ പ്രകടനം കാണുന്നതിനേക്കാളും ഞങ്ങൾക്കിഷ്ടം, കട്ടുവാരിയത് ഇഷ്ടക്കാർക്കു മാത്രം വിളമ്പി ബാക്കി വായിലിട്ടു ചവച്ച് ഞങ്ങളുടെ മുന്നിലൂടെ, ചരിഞ്ഞൊരു നോട്ടവും നോക്കി, ഒരു മാന്ത്രിക പരിവേഷത്തോടെ തലങ്ങും വിലങ്ങും നടക്കുന്ന ആലമ്മയുടെ പ്രകടനം കാണാനായിരുന്നു...
അങ്ങനെ കട്ടെടുത്ത അമ്പഴങ്ങാക്കുരു ഞങ്ങടെ തലയിലേക്ക് ഉന്നം തെറ്റാതെറിയുന്ന ഒരമ്പഴങ്ങാക്കാലത്താണ് കുഞ്ഞോളുടെ കുഞ്ഞിത്തലയിൽ ഒരു ബുദ്ധിയുദിച്ചത്.. ഈ മോഷണക്കഥ ടീച്ചറിനോട് പറയുക... പേടിയുണ്ടെങ്കിലും, വള്ളിയും പുള്ളിയും കുനുപ്പും ചുനുപ്പുമൊക്കെ വേണ്ടതിലേറെ ഉപയോഗിച്ച് എണീറ്റു നിന്ന് ഒരു വിധം നന്നായി ഞാൻ പറഞ്ഞൊപ്പിച്ചു. ചൂരൽ ചൂണ്ടി ദേഷ്യത്തോടെ ടീച്ചറവളെ അടുത്തേയ്ക്ക് വിളിച്ചു.. മടിച്ചും പതറിയും ആലമ്മ പതിയെനടന്നു വരുന്നത് കണ്ടപ്പോൾ കുഞ്ഞുമോളെന്നെ ആരും കാണാതെ യൊന്നു നു ളളി.. ചോദ്യം ചെയ്യലിനൊടുവിൽ കണ്ണട ഒന്നമർത്തിവെച്ച് " ആങ്ഹാ... നീ ട്ടെ ടീ കൈ... " എന്ന് ടീച്ചർ.പറഞ്ഞതും എന്റെയുള്ളിൽ ആലിപ്പഴം പൊഴിഞ്ഞു....!
"അതെന്റെ അമ്മൂമ്മയാ... അദേ... ഞങ്ങടെ വട്ടിയാ..."-- ആലമ്മ അലറി... ഞങ്ങൾക്ക് കാര്യം പിടികിട്ടാൻ നിമിഷങ്ങളെടുത്തു...
അന്നുച്ചയായപ്പോഴേയ്ക്കും വെള്ളയും കറുപ്പും പ്ലാസ്റ്റിക് വരിഞ്ഞ എന്റെ ബാഗിനുള്ളിലിരുന്ന് ക്ലാസിലെ ഏറ്റവും സുന്ദരമായ സ്ലേറ്റിന്റെ നുറുങ്ങിയ കഷണങ്ങൾ എന്നെ കൊഞ്ഞനം കുത്തി... അങ്ങനെ അവളുടെ ടാർജറ്റ് ഏറെക്കുറെ ഞാൻ മാത്രമായി .. എന്റെ പകലുകളിലെ തീപാറുന്ന സാന്നിദ്ധ്യമായി അവൾ മാറി.. സ്ക്കൂൾ വിട്ടു കഴിഞ്ഞാൽ വഴി പിരിയും മുമ്പ് അവളെന്നെ ഉപദ്രവിക്കുന്നത് പതിവാക്കിയപ്പോഴാണ് ഞങ്ങളവളുടെ അച്ഛനെ കാണാൻ തീരുമാനിച്ചത്..
സ്കൂളിനടുത്തെവിടെയോ അയാളുണ്ടെന്നു ഞങ്ങൾക്കറിയാം..ഐഷ യാണ് കണ്ടു പിടിച്ചത്.സ്കൂളിന് കുറേ താഴെയായി റോഡരുകിൽ ഒരു ഓലഷെഡ്...! അടുക്കി വെച്ച ടയറുകൾക്ക് മേലേ ഒരു മഹാറാണിയെപ്പോലെ തലയുയർത്തിപ്പിടിച്ചിരിയ്ക്കുന്ന ആലമ്മയെ റോഡിനിപ്പുറം നിന്ന് ഞങ്ങൾ കണ്ടു... അഴുക്കും കരിയും പുരണ്ട ശരീരവുമായി കുറേ ആളുകളും, അവിടെ നിന്നുയരുന്ന ഒച്ചയുമെല്ലാം ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. " എന്റഛനാ ഇതിലേ പോന്ന വണ്ടിയെല്ലാം ഒണ്ടാക്കുന്നത് " എന്ന അവളുടെ വാക്കുകൾ ഞാനോർത്തു.... അവളുടെയടുത്ത് തലയിലും, ചുമലിലും തഴുകിക്കൊണ്ട്, കഴുത്തറ്റം ഇളകുന്ന മുടിയുമായി അവളുടെ അച്ഛനും നില്പുണ്ടായിരുന്നു.... പെട്ടെന്ന് ആലമ്മ ഞങ്ങളെ കണ്ടു. അവൾ കുനിഞ്ഞ് ചെവിയിലേക്കെന്തോ പറഞ്ഞതും അയാൾ വെട്ടിത്തിരിഞ്ഞു നോക്കി... പിന്നെ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് വിരൽ ചൂണ്ടി ഞങ്ങളെ വിളിച്ചു... "ഇബടെ വാടികളെ......" - അത് മുഴുവനും കേട്ടോ എന്ന് സംശയമാണ്... വിറളി പിടിച്ചോടി ബസിൽ കയറിയപ്പോൾ കണ്ടു -കണ്ണാടി ചില്ലിനോട് ചേർന്ന പെട്ടിപ്പുറത്തിരുന്ന് കുഞ്ഞുമോൾ കിതപ്പാറ്റുന്നു...! ഐഷ അന്നെങ്ങനെ വീട് പറ്റിയെന്നത് ഇന്നും എനിക്കറിഞ്ഞൂടാത്ത രഹസ്യമാണ്..
അങ്ങനെ സ്കൂളിലെ നാലു മണിയൊച്ച യേക്കാൾ ഉച്ചത്തിൽ ഹൃദയമിടിപ്പ് മുഴങ്ങുന്ന ദിനങ്ങളിലൊന്നിലാണ് അത് സംഭവിച്ചത്..!!
ആ വൈകുന്നേരം സ്കൂൾ വിട്ട് - കുട്ടികൾക്കിടയിലൂടെ തിരക്കിട്ട് ഓടുകയായിരുന്ന ഞങ്ങളുടെ മുന്നിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ആലമ്മ എന്റെ നേർക്കാഞ്ഞതും കയ്യിലിരുന്ന കുട കൊണ്ട് മുഖത്തു തന്നെ ഞാൻ ആഞ്ഞൊരടി കൊടുത്തതും ഒപ്പമായിരുന്നു.. അവൾ നന്നായി ഒന്ന് മോങ്ങിയെന്നാണെന്റെ ഓർമ്മ... ബസിറങ്ങി വീട്ടിലേയ്ക്കോ ടുമ്പോഴും എന്നെ വിറയ്ക്കുന്നുണ്ടായിരുന്നു...
പിറ്റേന്ന് വയറ് വേദനയെന്ന് എത്ര കരഞ്ഞുപറഞ്ഞിട്ടും, എനിക്കും കുഞ്ഞുമോൾക്കും പലതരം വേദനകൾ ഒന്നിച്ചു വരാറുള്ളത് പതിവായതിനാൽ സ്കൂളിൽ വരാതെ തരമില്ലായിരുന്നു.. ക്ലാസിൽ ആലമ്മയുണ്ടായിരുന്നില്ല... ഞാനും കുഞ്ഞോളും ഇടയ്ക്കിടെ അർത്ഥഗർഭങ്ങളായ നോട്ടങ്ങൾ കൈമാറി... ക്ളാസ് പകുതിയായിക്കാണും.. എന്നെ ഓഫീസിൽ വിളിക്കുന്നുവെന്ന് പറഞ്ഞ് പ്യൂൺ കൈ പിടിച്ച് നടത്തുമ്പോൾ എനിക്ക് ജീവനുണ്ടായിരുന്നില്ല....
ഹെഡ്മിസ്ട്രസ് ഏലിയാമ്മ ടീച്ചറുടെ മുറിയിൽ പുസ്തക സഞ്ചിയുമായി ആലമ്മയും അവളുടെ നീണ്ടഅച്ഛനും നിൽക്കുന്നു.. പതറിപ്പതറി നോക്കിയ എന്നെ ടീച്ചർ ചൂരൽ കൊണ്ട് ഒരു സൈഡിലേക്ക്‌ നീക്കി നിർത്തി.. ലോകത്തെ സകല ദയനീയതയും കണ്ണുകളിലാവാഹിച്ചാവണം ഞാൻ ആലമ്മയുടെ അച്ഛനെ നോക്കിയത്.. എന്നെ അമ്പരപ്പിച്ചു കൊണ്ട് അയാൾ ചുണ്ടുകടിച്ച് തലയാട്ടി ഉറക്കെയുറക്കെ ചിരിച്ചു...
"എന്റെ അയ്യപ്പാ... ഈ കുന്നിക്കുരുവാണോ ഇവടെ മൂക്കാം മണ്ടയടിച്ചു പൊളിച്ചത്...?" അയാളെന്റെ മൂക്കിൽ പിടിച്ചൊന്നു ലച്ചു. എന്നിട്ട് പറഞ്ഞു് "വേണ്ട... വിട്ടേക്ക് ടീച്ചറേ... ദാ... എവളുണ്ടല്ലോ -ആലമ്മ... എവളും ചില്ലറക്കാരിയല്ല.. അതുകൊണ്ടാ ഞാനീ മിടുക്കത്തിയെ ഒന്ന് കണ്ടു കളയാംന്ന് വച്ചത്.." അയാളെന്റെ തോളിൽ പതിയെ തട്ടി.. ഒരു ദീർഘനിശ്വാസത്തോടൊപ്പം എന്റെ മിഴികളും തൂവിപ്പോയി.... അങ്ങനെ ചെറിയൊരു വിചാരണ യ്ക്കൊടുവിൽ രണ്ടാൾക്കും താക്കീത് നൽകി ടീച്ചർ എന്നെ സ്വതന്ത്രയാക്കി..
പ്രതിഷേധിച്ചാണോ നാണിച്ചിട്ടാണോ ആലമ്മ ക്ളാസിലേക്ക് വന്നില്ല...
പിന്നീട് സ്കൂളിൽ ഞാൻ സ്ഥിരമായി കുട കൊണ്ട് പോയി.. വെറുതെ ... ആലമ്മയുടെ പ്രതികാരം വല്ലപ്പോഴും തലയ്ക്കു വന്നുകൊള്ളുന്ന, കാരക്കാക്കുരു വായോ കണ്ണിമാങ്ങയായോ ചുരുങ്ങി ചെറുതായി..
അവസാന പരീക്ഷയുടെ അന്ന് കല്ലുപെൻസിലും ചോക്കു കഷണവും കൈമാറി സ്നേഹത്തോടെ പിരിയുന്ന വേളയിലാണ് പൊട്ടിവീണതുപോലെ ആലമ്മ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.. ഞാൻ നടുങ്ങി... എന്റെ കയ്യിൽ കുടയില്ലാരുന്നു.. പെറ്റിക്കോട്ടിനുള്ളിൽ നിന്ന് വിയർപ്പിൽ കുതിർന്ന് ഒട്ടിപ്പിടിയ്ക്കുന്ന ഏതാനും നാരങ്ങാ മിഠായികൾ അവളെ നിക്കു നീട്ടി.. പകരം എന്റെ പെറ്റിക്കോട്ടിനുള്ളിൽ ശേഷിച്ച രണ്ട് മൂന്ന് ചുട്ട പുളിങ്കുരു ഞാനവൾക്ക് കൊടുത്തു. അത് മതിയാകാഞ്ഞ് ബാഗിനുള്ളിൽ പരതി, സ്വകാര്യ അഹങ്കാരമായി ഞാൻ കൊണ്ടു നടന്നിരുന്ന ഒരു കന്യാകുമാരി പെൻസിൽ കൂടി അവൾക്ക് കൊടുത്തു. ആ മുഖം വിടർന്നു.' അത് വരെ കാണാത്ത ഒരു ചിരിയെനിക്കു തന്ന് അവളോടിപ്പോയി... പിന്നെ ഞാനവളെ കണ്ടിട്ടേയില്ല. വീടിനടുത്തുള്ള സ്കൂളുകളിലായി പിന്നീടെന്റെ പഠിത്തം.. ഹൈസ്കൂളിലെത്തിയപ്പോൾ അവളുടെ വിവാഹം കഴിഞ്ഞുവെന്നും കുട്ടിത്തം മാറാത്തതിനാൽ അങ്ങനെ തന്നെ അവൾ പ്രതിഷേധിച്ചുവെന്നും കേട്ടു .അവളെക്കുറിച്ചുള്ള എന്റെ ഒടുവിലത്തെ ഓർമ്മ.. അവളെ ഓർമ്മിപ്പിയ്ക്കുന്ന ആരും -- ഒന്നും - പിന്നീടെന്റെ മുന്നിലെത്തിയില്ല .... മറവിയുടെ ആഴങ്ങളിലേയ്ക്ക് അവളാണ്ടുപോയി...
ഞാൻ പൂമുഖത്തേയ്ക്കോടി... അപ്പോഴേക്കും അവർ ഗേറ്റു കടന്ന് നടന്നിരുന്നു.. പിന്നാലെയോടി അവർക്കു മുന്നിൽ ഞാനെന്നെ ഹൃദ്യമായി പരിചയപ്പെടുത്തി... ഏതാനും നിമിഷങ്ങൾ ആലമ്മയുടെ അച്ഛനെന്നെ ഉറ്റുനോക്കി നിന്നു...
". അഞ്ചുമാസം മുമ്പ് അവൾ ഗൾഫിലേക്ക് പറന്നു... രണ്ട് കുരുന്നുകളെ ഞങ്ങളെ ഏല്പിച്ചിട്ട്....... "__കിതച്ചിട്ടെന്നവണ്ണം അയാളൊന്നു നിർത്തി.... എന്തോ ചോദിക്കാനാഞ്ഞ എന്നെ കയ്യെടുത്ത് വിലക്കി ...." ആക്സിഡന്റാരുന്നു പോലും... അവടെ മക്കളെ എങ്ങനൊക്കെ വളർത്തണമെന്ന് വാരിവലിച്ചെഴുതിയ ഒടുവിലത്തെ കത്ത് ഞങ്ങള് വായിക്കുമ്പോ ....ഒരനാഥ ശവം കണക്ക്... അവിടെ.. " അയാൾ നെഞ്ചിൽ തല്ലി....
" ഈ നെഞ്ചിലിട്ട് ഞാൻ വളർത്തിയിട്ട്... ഏതോ നാട്ടിൽ..എങ്ങനെയൊക്കെയോ .... "
ഇടറിയും മുറിഞ്ഞും വീണ വാക്കുകളിൽ ബാക്കിയെന്തെങ്കിലുമുണ്ടായിരുന്നോ എന്നു ഞാൻ കേട്ടില്ല ... വീണ്ടും എനിക്ക് കാഴ്ചയുണ്ടാകുമ്പോൾ ദൂരെ ,തളർന്ന ഒരു സ്ത്രീ രൂപത്തെ താങ്ങിപ്പിടിച്ച് അയാൾ ഇടറിയിടറിപ്പോകുന്നുണ്ടായിരുന്നു...
മാഞ്ഞു പോയ ഓർമ്മകൾക്ക് പിന്നിലെവിടെയോ സ്വർണ്ണത്തലമുടി പിന്നിയിട്ട, കരി പടർന്ന വലിയ കണ്ണും വീർത്ത കവിളുമുള്ള ഒരു പാവക്കുട്ടി തലയിളക്കി ചിരിച്ചു കൊണ്ടിരുന്നു....
---സുനിതാ ഉമ്മർ--

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot