നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൃഗമെന്ന് മുദ്രകുത്തപ്പെട്ട പെൺകുട്ടി


[Short story Inspired from a real incident]

ഔദ്യോഗികജീവിതം ഇവിടെ വീണ്ടും ആരംഭിക്കുകയാണെന്നെനിക്കു തോന്നി. പോലീസ് ഡിപാർട്മെൻ്റിൽ പ്രവർത്തിച്ച ഇരുപത് വർഷങ്ങളിൽ ഒരിക്കൽപ്പോലും കൃത്യനിർവഹണസമയത്ത് ഇത്രയധികം വികാരാധീനനായിട്ടില്ല ഞാൻ .നിയമം മൃഗമെന്ന് മുദ്രകുത്തിയ പെൺകുട്ടിയെ കാണുവാനായി ആളുകൾ വഴിയരുകിൽ തടിച്ചുകൂടിയിരിക്കുന്നു. അത്തരമൊരു സംഭവം ആദ്യമായായിരുന്നു . ആൾക്കൂട്ടത്തിനിടയിൽ ആ പിഞ്ചുബാലികയെ മുമ്പോട്ട് എത്തിക്കുവാൻ വളരെ കഷ്ടപ്പെട്ടു. തിക്കും ,തിരക്കിനുമിടയിലും കറുത്ത സൺഗ്ലാസിനിടയിലൂടെ കണ്ണീർത്തുള്ളികൾ പുറത്തുവരാതിരിക്കുവാനായി ചുറ്റും കൂടിനിന്നവരോട് ഞാൻ ആക്രോശിച്ചുകൊണ്ടിരുന്നു.
കൂടെയുള്ള പോലീസുകാർ വാഹനം കുറേക്കൂടെ അടുത്തേക്ക് കൊണ്ടുവന്നു. എത്രയും വേഗം പെൺകുട്ടിയെ പോലീസ് വാഹനത്തിനകത്ത് എത്തിച്ചു.സൺഗ്ലാസിനകത്തുനിന്നു വരുന്ന നീർത്തുള്ളികൾ പോലീസുകാർ കണ്ടില്ല എന്ന് നടിച്ചു.നിയമം മൃഗമെന്ന് പ്രഖ്യാപിച്ച മനുഷ്യക്കുട്ടിയെ കാണുവാനായി പത്രവാർത്തകൾ വായിച്ചറിഞ്ഞ് ഒഴുകിയെത്തിയ ആളുകൾ അപ്പോഴും പോലീസ് -വാഹനത്തിനു ചുറ്റും കൂടിനിന്നു.
ആൾക്കൂട്ടത്തെ രണ്ടായി പകുത്തുകൊണ്ട് പോലീസ് വാഹനം കോടതി ലക്ഷ്യമാക്കി പാഞ്ഞു.കോടതിയിൽ വിസ്താരത്തീയതി നിശ്ചയിക്കപ്പെട്ട ശേഷം പെൺകുട്ടിയെ അടുത്തുള്ള അനാഥാലയത്തിലാക്കിയ ശേഷം വീട്ടിലെത്തി .എട്ടുവയസ്സുകാരി മകളുടെ കളികൾ കണ്ടുനിൽക്കുമ്പോഴും എൻ്റെ ചിന്തകളിൽ ഇന്ന് കണ്ട പെൺകുട്ടിയായിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു മിനിഷനറിപ്രവർത്തക കാണാൻ വന്നിരിക്കുന്നുവെന്ന് കീഴുദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ഇത്ര സങ്കീർണ്ണപ്രശ്നമായിരിക്കുമതെന്ന് കരുതിയിരുന്നില്ല .
താൻ പ്രവർത്തിക്കുന്ന പ്രദേശത്തെ ഒരു വീട്ടിൽ ഒരു പെൺകുട്ടിയെ വീട്ടുകാർ ക്രൂരമായി മർദ്ദിക്കുന്നുണ്ടോയെന്ന സംശയം ചില അയൽവാസികൾ പറഞ്ഞതിൻ പ്രകാരം അവർ അതിനുപിന്നാലെ കുറേദിവസങ്ങൾ നടന്നുവെന്നും ,ആരും നേരിൽക്കണ്ടിട്ടില്ലാത്തതിനാൽ നിജസ്ഥിതി ഉറപ്പാക്കുവാനാകാതെ കുഴങ്ങിയെന്നുമായിരുന്നു ആ സ്ത്രീ പറഞ്ഞത്. ഏതാനും ദിവസങ്ങൾക്കുശേഷം അയൽവീട്ടിലെ രോഗിണിയായ വൃദ്ധയ്ക്ക് സഹായം വേണമെന്ന വ്യാജേന ആ വീട്ടിൽ കയറാനായെന്നും പെൺകുട്ടിയെ കാണാനായെന്നുമവർ പറഞ്ഞു.
" എൻ്റെ സാറേ, ഞാൻ ഇത്തരമൊരു കാഴ്ച എൻ്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല .അഞ്ചുവയസ്മാത്രമുള്ള പെൺകൊച്ച്‌ .കൈയിലും ,കാലിലും എന്നു മാത്രമല്ല മുഖത്തുവരെ മുറിവേറ്റ പാടുകൾ. മുഖത്ത് വലിയ ഒരു മുറിവ് .കൈകാലുകൾ അടിയേറ്റ് നീലിച്ചുകിടക്കുന്നു.സംഗതി കണ്ടില്ലായെന്നു നടിച്ച് ഞാൻ വീട്ടിൽനിന്നു പുറത്തുകടന്നു. ഇതിൽ എന്തെങ്കിലും സഹായം പോലീസ് ചെയ്തു തരണം .ഭൂരിഭാഗം സമയത്തും ക്ലോസറ്റിലെ ഇരുട്ടിലാണവൾ കഴിയുന്നത് . മരം കോച്ചുന്ന തണുപ്പിലും ഒരു ചെരുപ്പ് പോലും ധരിക്കാത്ത അവസ്ഥയിലാണവളെ കണ്ടത് "
"നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽക്കൂടെ കുട്ടികളുടെ രക്ഷിതാക്കളിൽനിന്നു അവരെ മാറ്റാൻ നിയമമനുവദിക്കുന്നില്ല" എന്നിലെ നിയമജ്ഞൻ ഉണർന്നു.
" അപ്പോൾ ആ കുട്ടി നരകിച്ചു മരിക്കട്ടേയെന്നാണോ നിങ്ങൾ പറയുന്നത്?"
" ഇക്കാര്യത്തിൽ എൻ്റെ സുഹൃത്തായ വക്കീലിനോട് അഭിപ്രായം തേടൂ. എന്നിട്ട് എന്നെ വന്നു കാണൂ. " ഞാൻ അന്നവർക്ക് നൽകിയ മറുപടി അവരെ തൃപ്തരാക്കിയില്ലെന്നെനിക്കു തോന്നി.എങ്കിലും ആ സ്ത്രീ പിന്നോട്ട് പോകുവാൻ ഒതക്കമല്ലായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അവർ വീണ്ടും എൻ്റെ മുൻപിലെത്തി.
"കുട്ടികളെ ഉപദ്രവിക്കുന്നത് തടയുവാൻ നിയമമില്ലായിരിക്കാം ,എന്നാൽ മൃഗങ്ങളെ ഉപദ്രവിക്കുന്നത് തടയുവാൻ നിയമമുണ്ടെന്നറിയാമോ?''
"ഉവ്വ്. അതിന്?"
" അതിൻപ്രകാരം പെൺകുട്ടിയെ നിങ്ങൾ നിയമപരമായി ആ വീട്ടിൽനിന്നു മാറ്റി കോടതിയിലെത്തിക്കണം"
" എന്തസംബന്ധമാണീ പറയുന്നത് ,മനുഷ്യർ മൃഗങ്ങളല്ല. ഇതൊക്കെ പറയുവാൻ ഇതു മൃഗാശുപത്രിയുമല്ല "
"മൃഗങ്ങളേക്കാൾ മോശമായ മനുഷ്യരുമുണ്ട് സാറേ ,താങ്കളുടെ സുഹൃത്തായ വക്കീലിനെ ഞാൻ കണ്ടിരുന്നു. മനുഷ്യരെല്ലാവരും ജീവശാസ്ത്രപരമായി മൃഗങ്ങളാണ് .സസ്യങ്ങളോ ,അചേതനവസ്തുക്കളോ അല്ല. അതിനാൽ സാങ്കേതികപരമായി ആ പെൺകുട്ടിയെ മൃഗമായി കരുതി മൃഗസംരക്ഷണനിയമപ്രകാരം അവിടെനിന്നു രക്ഷിക്കുവാനുള്ള അനുമതി ഞാൻ മേടിച്ചിട്ടുണ്ട്. അതു നിയമപരമായി നടപ്പിലാക്കുക മാത്രമേ വേണ്ടൂ." ഇത്രയും പറഞ്ഞ് ഒരു കടലാസ് അവർ എനിക്കു നേരേ നീട്ടി .എൻ്റെ മനുഷ്യത്വത്തിനു നേരേയാണവർ ആ കടലാസ് ചൂണ്ടി വെല്ലുവിളിച്ചതെന്ന് തോന്നി. ആ കടലാസ് വാങ്ങാതെ തന്നെ ഞാൻ അവരുടെ കൂടെ പുറപ്പെട്ടു.
അങ്ങനെ വീട്ടിൽനിന്നു രക്ഷിച്ച് കോടതിയിലെത്തിച്ച പെൺകുട്ടിയുടെ വിസ്താരം ഏതാനും ദിവസങ്ങൾക്കു ശേഷം തുടങ്ങി. ഇതിനോടകം അഞ്ചു വയസുകാരിയെന്നുകരുതിയ പെൺകുട്ടി യഥാർത്ഥത്തിൽ ഒൻപതുവയസുകാരിയാണെന്നും ഭക്ഷണക്കുറവും ,നേരിട്ട പീഡനങ്ങൾക്കൊണ്ടും വളർച്ച മുരടിച്ചതാണെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തി .ശരീരം മുഴുനീളെ പാടുകളുമായി കോടതിയുടെ വിസ്താരക്കൂട്ടിലേക്ക് ആ പെൺകുട്ടി കയറ്റിനിറുത്തപ്പെട്ടു. അവളുടെ
പേര്, വയസ് , അച്ഛൻ, അമ്മ ,താമസസ്ഥലം, ദേഹത്ത് പാടുകളെങ്ങനെയുണ്ടായി തുടങ്ങിയ ചോദ്യങ്ങളൊക്കെ വക്കീൽ ചോദിച്ചിട്ടും പേടിച്ചരണ്ട പെൺകുട്ടി ഒന്നും മിണ്ടിയില്ല.
സൗമ്യമായ ശബ്ദത്തിൽ ജഡ്ജി ആ പെൺകുട്ടിയോട് അവളുടെ അനുഭവം വിവരിക്കുവാനാവശ്യപ്പെട്ടു. ആൾക്കൂട്ടത്തെ കണ്ട പരിഭ്രമത്തിൽ വിതുമ്പുന്ന ചുണ്ടുകൾ അനങ്ങിത്തുടങ്ങി.
" എൻ്റെ അപ്പനും ,അമ്മയും മരിച്ചു പോയി. എനിക്കെത്ര വയസ്സുണ്ടെന്നെനിക്കറിയില്ല. ഇപ്പോൾ താമസിക്കുന്നയിടത്തല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചതിൻ്റെ ഓർമ്മ എനിക്കില്ല.എല്ലാ ദിവസവും മമ്മ എന്നെ ചാട്ടവാറിനടിയ്ക്കും. എൻ്റെ ശരീരം നിറയെ നീലിച്ചതും ,കറുത്തതുമായ പാടുകളാണ് "
"മുഖത്തെ പാട് എങ്ങനെയുണ്ടായി?" ജഡ്ജി ചോദിച്ചു,
"മമ്മ കത്രികകൊണ്ട് മുറിച്ചതാണ് ." കോടതിയിലാകെ നെടുവീർപ്പിൻ ശബ്ദമുയർന്നു. ചില സ്ത്രീകൾ വിതുമ്പിക്കരഞ്ഞു.
"മോൾക്ക് ഇത് പറയുവാൻ ആരുമില്ലേ?"
" എന്നെയാരെങ്കിലും സ്നേഹിച്ചതോ,ഉമ്മവച്ചതോ ആയ ഓർമ്മകൾ എനിക്കില്ല .ആരോടും മിണ്ടുവാൻ ഞാൻ ധൈര്യപ്പെട്ടില്ല. മമ്മ എന്നെ ചാട്ടയ്ക്കടിക്കുവാൻ അതുമതി. എന്തിനാണെന്നെ അടിക്കുന്നതെന്ന് മമ്മ പറയാറില്ല. ഞാൻ ആദ്യമായാണ് മുറിക്കു പുറത്തിറങ്ങുന്നത് .എനിക്കിനി അങ്ങോട്ട് തിരിച്ചുപോകണ്ടാ" ഇത്രയും പറഞ്ഞുകൊണ്ടവളുടെ നാവുകൾ കുഴഞ്ഞു പൊട്ടിക്കരയുവാൻ തുടങ്ങി.
കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ്റെ പേഴ്സണൽ ഡയറിയിൽനിന്നു കണ്ടെടുത്ത് കൂട്ടിച്ചേർക്കപ്പെട്ടത് എന്ന വാചകത്തോടെ കടലാസ്‌ താൾ അവസാനിക്കുകയാണ്‌ .പിന്നീട്‌ എന്തുണ്ടായെന്നറിയാൻ ആ യുവപോലീസുദ്ദ്യോഗസ്ഥ
അടുത്ത പേജിലേക്ക്‌ നോക്കി...അവിടെ കേസിന്റെ പരിണിതഫലം അനുബന്‌ഡമായി പോലീസ്‌ കേസ്‌ ഡയറിയിൽ കണ്ടെത്തിയ അവൾ വായന തുടർന്നു.
...ഒരു വർഷത്തെ നിയമനടപ ടികൾക്കുശേഷം മിഷനറിപ്രവർത്തക ആ പെൺകുട്ടിയെ ദത്തെടുക്കുകയും ,അവൾ പിന്നീട് വിവാഹിതയാവുകയും മറ്റൊരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തു .92 വയസ് വരെ ജീവിച്ച ആ പെൺകുട്ടിയുടെ ബാല്യകാലദുരനുഭവങ്ങൾ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമനിർമ്മാണത്തിന് ഭരണകൂടത്തിനെ പ്രേരിപ്പിക്കുകയും പിറ്റേവർഷം നിയമമായി വരികയും ചെയ്തു .
കേസ് ഡയറിയിലെ വിവരണങ്ങൾ അവസാനിക്കുകയാണ് ....
ഡയറിലെ മഞ്ഞക്കടലാസിനെ നനച്ചുകൊണ്ട് ഒരുതുള്ളി കണ്ണുനീർ തൻ്റെ മാതൃത്വം പൊഴിക്കുന്നതായി ആ യുവപോലീസുദ്യോഗസ്ഥയ്ക്കുതോന്നി.നൂറുവർഷത്തോളം പഴക്കമുള്ള കേസിൻ്റെ വിവരണങ്ങളടങ്ങുന്ന കേസ് ഫയൽ തിരികെവച്ചുകൊണ്ടവൾ തൻ്റെ ഓഫീസിലേക്കു നടന്നകന്നു ,പുതിയ മനുഷ്യമൃഗങ്ങളേയും തേടി...
::ധനിഷ്‌ ആന്റണി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot