Slider

സമയം

0
Image may contain: 1 person

ഒരു വിത്തിനെ നുള്ളിമാറ്റുന്നതു പോലെ എളുപ്പമല്ല 
ഒരു വൃക്ഷത്തെ വെട്ടിമാറ്റുന്നത്..
എനിക്കു വേണ്ടത് സമയമാണ്;
മണ്ണിന്റെ ഹൃദയത്തിലേക്ക്
ആഴ്ന്നിറങ്ങിപ്പോയ നിന്റെ വേരുകളെയെല്ലാം
അറുത്തു കളയാൻ വേണ്ടത്ര സമയം...
നിന്റെ ചില്ലകളിലെ കുഞ്ഞു കൂട്ടിൽ
ഞാൻ ഇട്ടു വച്ച സ്വപ്നങ്ങളുടെ മുട്ടകളെല്ലാം
നിലത്തെറിഞ്ഞ് ഉടക്കുവാൻ വേണ്ടത്ര സമയം.
കരുത്തുള്ള നെഞ്ചകം എന്നു വിശ്വസിച്ച്
നിന്നിലേക്ക് പടർന്നു കയറിയ
മോഹങ്ങളുടെ മുന്തിരിവള്ളികളെയെല്ലാം
പൊട്ടിച്ചെറിയാൻ വേണ്ടത്ര സമയം.
പഴുക്കുന്നതിനു മുമ്പേ കിളി കൊത്തിയ
പ്രണയത്തിന്റെ പഴത്തിന്റെ
കയ്പും ചവർപ്പും
അവസാനമായി നുണയുവാൻ
വേണ്ടത്ര സമയം.
പഴുത്തില വീണപ്പോൾ കളിയാക്കി ചിരിച്ച
പച്ചിലകളുടെ അഹങ്കാരങ്ങളെയെല്ലാം ദയയില്ലാതെ
ഉയരത്തിൽ നിന്നും താഴേയ്ക്കു
തള്ളിയിടുവാൻ വേണ്ടത്ര സമയം.
ഒടുവിൽ നീ മറിഞ്ഞു വീഴുമ്പോൾ
ആ വേദന താങ്ങുവാൻ
മണ്ണിന്റെ ഹൃദയത്തിനു തയ്യാറെടുക്കുവാൻ
വേണ്ടത്ര സമയം..
അത്രയും മതി...
അതു കഴിഞ്ഞു ഞാൻ സമയം ചോദിക്കില്ല.
കാരണം പിന്നെ എത്ര നാൾ കഴിഞ്ഞാലും
നീ എന്നിലുണ്ടാക്കുന്ന ശൂന്യത എനിക്ക് നികത്തുവാനാവുകയില്ല.
ഒരിക്കൽ നീ നിലനിന്നിരുന്നു എന്ന ഓർമ്മകൾ
അപ്പോഴും എന്നിൽ ബാക്കിയാവുകയും ചെയ്യും.
പ്രണയത്തോടൊപ്പം
ആ ഓർമ്മകളെക്കൂടി വേരറുത്തു കളയാൻ
എനിക്കു ഒരു ജീവിതം മുഴുവൻ തികയുകയില്ലായിരിക്കും!!
...........................
മുൻ അനുഭവങ്ങൾ വച്ച് ചെറിയ ഒരു അപേക്ഷ..എഴുത്തിൽ എഴുത്തുകാരുടെ ജീവിതം തിരയുന്ന ഒരു പ്രവണതയുണ്ട്'. അത് സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും എഴുത്തിനുള്ള വിഷങ്ങയങ്ങളെ പരിമിതപ്പെടുത്തുകയും ആണ് പതിവ്. വെറും ഒരു രചന മാത്രമായി കണ്ട് ആസ്വദിക്കുക

By: ResmiAnuraj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo