Slider

ഉമ്മാ

0

ഒരലർച്ചയോടെ ഞാൻ ബെഡിലേക്ക് മറിഞ്ഞു വീണു..
അബോധാവസ്ഥയിലും ആരൊക്കെയൊ ഓടിവരുന്ന ശബ്ദം കേൾക്കുന്നുണ്ട്..
വീഴ്ചക്കിടയിൽ കയ്യിലുണ്ടായിരുന്ന മൊബൈലെവിടെക്കോ തെറിച്ചു പോയിരുന്നു..
അല്ലാഹ് എനിക്കെന്താണ് സംഭവിക്കുന്നത്..
ഇക്കായെന്ന് വിളിച്ചു അരികിലേക്കു വന്നെന്റെ മുഖം കുലുക്കി വിളിക്കുന്നതവളല്ലേ..
എന്റെ പ്രിയപ്പെട്ട ഭാര്യ..
കണ്ണു തുറന്നു അവളോടെന്തൊക്കെയോ പറയണമെന്നുണ്ട്..
നാവു ചലിക്കുന്നില്ല..
കൈ ഉയർത്തിയവളെ തൊട്ടാശ്വസിപ്പിക്കണമെന്നുണ്ട്..
അല്ലാഹ് മരവിച്ചിരിക്കയാണല്ലോ എന്റെ കൈവിരലുകൾ..
ആരൊക്കെയൊ വന്നവളേ പിടിച്ചു മാറ്റുന്നുണ്ട്..
കുതറിമാറിയവൾ വീണ്ടുമെന്നിലേക്കു തന്നെ വീഴുന്നു..
എനിക്കൊന്നു ചേർത്തു പിടിക്കാൻ പോലും കഴിയുന്നില്ലാലോ റബ്ബേ..
ആളുകൾ കൂടിക്കൂടി വരികയാണു..
അതിനിടയിൽ ഒന്നുരണ്ടുപേർ ചേർന്നവളെ എന്നിൽനിന്നടർത്തി മാറ്റി..
ഡോക്ടറെന്നു തോന്നിക്കുന്ന ഒരാൾ വന്നെന്റെ കയ് ഉയർത്തി നിരാശയോടെ ചുറ്റും കൂടിനിന്നവരെ നോക്കുന്നു..
അവസാന ശ്രമമെന്ന നിലക്കു സ്റ്റെതസ്ക്കോപ്പ് കൊണ്ടു നെഞ്ചിലമർത്തി നോക്കി മുഖം കുനിച്ചു തിരികെ നടക്കുന്നു..
എവിടെനിന്നോ കൂട്ടക്കരച്ചിലുകൾ കേൾക്കുന്നുണ്ട്‌..
അതിലൊന്നെന്റെ ഉമ്മയുടേതാണല്ലോ..
അടുത്തേക്കു ചെന്നു "കരയാതെ ഉമ്മാ എനിക്കൊന്നും സംഭവിച്ചില്ലാ"ന്നു പറയണമെന്നുണ്ട്..
പക്ഷെ..
അതിനിടയിലാരോ വന്നു രണ്ടു പഞ്ഞിക്കഷ്ണമെടുത്തു എന്റെ മൂക്കിലേക്ക് വെച്ചു..
കാൽവിരൽ തുമ്പ് ചേർത്ത് കെട്ടുന്നയാളുടെ കണ്ണിൽ നിന്നൊരു തള്ളി കണ്ണീരടർന്നു കാൽക്കലിലേക്കു വീണുവോ..
ആരാണത്..
യാ റബ്ബേ..
എന്റെ പൊന്നിക്കാക്ക..
അവനെന്തിനാ കരയുന്നത്..
എനിക്കൊന്നും സംഭവിച്ചിട്ടില്ലാലോ..
കൂടിനിന്നവരൊക്കെ എന്തിനാണെന്നേ നോക്കി അടക്കം പറയുന്നത്..
കട്ടിലിനടിയിൽ നിന്നു മൊബൈൽ റിങ് ചെയ്യുന്ന ശബ്ദമല്ലേ കേൾക്കുന്നത്..
അതെന്റെ മൊബൈലാണല്ലോ..
ആരോ കുനിഞ്ഞതെടുക്കുന്നുണ്ട്..
അരുതേയെന്നു പറയാൻ കൊതിച്ചു നാവുയർത്തി..
എനിക്കു കഴിയുന്നില്ല..
ആ മൊബൈൽ..
അല്ലാഹ്..
അതിലായിരുന്നു എന്റെ ലോകം..
അവൾപോലുമറിയാതെ എത്രയെത്ര പേർ വന്നുപോയിരിക്കുന്നു അതിലേക്കു..
എത്ര പേരോട് മനസ്സു പങ്കിട്ടിരിക്കുന്നു..
വീഡിയോ കാളിലൂടെ പ്രണയം കൈമാറിയിരിക്കുന്നു..
അതൊക്കെ പിടിക്കപ്പെടാൻ പോവുകയാണിപ്പോ..
മൊബൈൽ കയ്യിലെടുത്തു നോക്കുന്നതാരാണ്..
എന്റെ മകനല്ലേ അതു..
കരഞ്ഞു തളർന്ന കണ്ണുകളോടെയവനാ കാൾ നോക്കുന്നത് തടയാൻ എനിക്കാവില്ല..
എത്രതവണ സമർത്ഥമായി അവരെയൊക്കെ പറ്റിച്ചിരിക്കുന്നു..
ഇന്നിതാ എല്ലാമവസാനിക്കാൻ പോവുകയാ..
അല്ല !! അവസാനിച്ചു കഴിഞ്ഞിരിക്കുന്നു..
മൊബൈലിലെ കാഴ്ചകളിലേക്ക് കണ്ണോടിക്കുന്തോറും ആ കണ്ണുകളിൽ തീപടരുന്നതും ദേഷ്യത്തോടെ അതിലുപരി വെറുപ്പോടെയെന്നെ നോക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു..
അവനതുമായി എങ്ങോട്ടേക്കാണ് പോവുന്നത്..
ഭാര്യയുടേ അടുത്തേക്കോ..
എന്താണവൻ ചെയുന്നത്..
"മോനെ വേണ്ടാടാ...
ഈ വാപ്പാനോട് പൊറുക്കു മോനെ.."
ഇല്ല അവനതു കേൾക്കാനാവില്ല..
തളർന്നിരിക്കുന്ന അവൾക്കരികിൽ ചെന്നിരുന്നു അവനെന്തൊക്കെയോ പറയുന്നുണ്ടല്ലോ..
എനിക്കു കേൾക്കാനാവുന്നില്ല..
പതിയെ അവളിരുന്നിടത്തുന്നു എഴുന്നേറ്റു മോന്റെ കയ്യും പിടിച്ചു അകത്തേക്ക് പോവുകയാ..
ഇപ്പൊഴാ മുഖത്ത് ദുഃഖമല്ല..
നിർവികാരതയാണ്..
വിശ്വസിച്ചവളെ ചതിച്ചവന് വേണ്ടി ഒരുപെണ്ണും കരയില്ല..
കരയേണ്ട കാര്യവുമില്ല..
പോവല്ലെന്നു ഉറക്കെ വിളിച്ചു പറയണോന്നുണ്ട്..
കഴിയുന്നില്ല..
അപ്പൊഴേക്കും ആരൊക്കെയൊ എന്നെ എടുത്തുയർത്തി..
കുളിപ്പിക്കാനുള്ള തയാറെടുപ്പാവണം..
തണുത്തു മരവിച്ച ശരീരത്തിലേക്ക് വെള്ളമൊഴിച്ചപ്പോൾ കരിങ്കൽച്ചീളുകൾ വന്നു പതിക്കുന്നതുപോലെ തോന്നി..
അസഹ്യമായ വേദനയാൽ ഞാൻ പുളയുന്നത് ഇവരാരും കാണുന്നില്ലേ..
വെള്ളപുതപ്പിച്ചു മയ്യത്തു കട്ടിലിലേക്ക് മാറ്റും മുമ്പെ അവസാന ചുംബനത്തിനായൊരു കാത്തുനിൽപ്പ്..
പക്ഷെയാരും വന്നീല..
ഉമ്മപോലും..
എല്ലാമെല്ലാം എന്റെ തെറ്റായിരുന്നല്ലോ..
പടച്ചവനെ ഇനിയൊന്നു മാപ്പുചോദിക്കാൻ പോലും കഴിയില്ലെനിക്ക്..
"എന്നാ എടുക്കല്ലേ.."?
ആരോ ശബ്ദമുയർത്തി ചോദിക്കുന്നുണ്ട്..
സമ്മതമെന്നോണം ചുറ്റിനും കനംപിടിച്ച മൗനം മാത്രം..
കട്ടിലുയർത്തുമ്പോ ഞാനുറക്കെ നിലവിളിക്കാൻ ശ്രമിച്ചു ..
ശബ്ദം വരുന്നില്ല..
ഒന്നുടെ ഉറക്കെ ഉറക്കേ...
"ഉമ്മാ..."
○●
"എന്താ എന്തെലും കണ്ടുപേടിച്ചോ.."?
പരിഭ്രമത്തോടെ എന്റെ നെറ്റിയിൽ തൊട്ടുനോക്കുന്ന അവളുടെ കൈകളെടുത്തു ഞാൻ കണ്ണുകളോട് ചേർത്ത് വെച്ചു..
നിറഞ്ഞൊഴുകുന്ന കണ്ണുകൾക്കൊപ്പം ചുണ്ടുകളും മന്ത്രിക്കുന്നുണ്ടായിരുന്നു..
"പെണ്ണേ എന്നോടു പൊറുക്കണേ.."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo